അബ്ദുല്ല ഖുറൈശി അൽ അസ്ഹരി യാത്രയായ അവധൂതൻ

ധർമപുരി. 1989-ലെ എസ്എസ്എഫിന്റെ മലപ്പുറം ജില്ലാ സമ്മേളന നഗരി. പല സാഹചര്യങ്ങൾ കൊണ്ടും ശ്രദ്ധേയമായ മഹാ സമ്മേളനം. സ്റ്റേജിലേക്ക് മുഖ്യാതിഥിയായി കൃശഗാത്രനായ ഒരു പണ്ഡിതൻ കടന്നുവന്നു. ഹൈദരാബാദുകാരനായ ശൈഖ് അബ്ദുല്ല ഖുറൈശി അൽ അസ്ഹരി. വിശ്രുത ഖാരിഉം രാജ്യാന്തര പ്രശസ്ത പണ്ഡിതനുമായ അദ്ദേഹം വിശുദ്ധ ഗ്രന്ഥത്തിലെ ഏതാനും സൂക്തങ്ങൾ പാരായണം ചെയ്തത് ആ മഹാനഗരിയെ അക്ഷരാർത്ഥത്തിൽ കോൾമയിർ കൊള്ളിച്ചു. സമ്മേളനത്തിന്റെ ശ്രദ്ധേയ മുഹൂർത്തങ്ങളിലൊന്നായി പലരും ഇന്നുമത് ഓർക്കുന്നുണ്ടാവാം. കേരളവുമായും സംഘകുടുംബവുമായുമുള്ള അദ്ദേഹത്തിന്റെ സൗഹൃദം അന്നു തുടങ്ങിയതാണ്. ഈ ഡിസംബർ എട്ടിന് കാലത്ത് വഫാത്താകുന്നത് വരെ ഇതു നിലനിർത്താൻ അദ്ദേഹം ഉത്സാഹിച്ചിരുന്നു.

1935 സപ്തംബർ 19-ന് ആന്ധ്ര പ്രദേശിലെ രംഗറഢി ജില്ലയിൽ ഡണ്ടിഗലിലാണ് അബ്ദുല്ല ഖുറൈശിയുടെ ജനനം. പിതാവ് അൽഹാജ് അബ്ദുറഹീം ഖാരിഉം ഹൈദരാബാദിലെ പ്രസിദ്ധമായ മക്കാ മസ്ജിദ് ഇമാമുമായിരുന്നു. രണ്ടാമത്തെ പുത്രനായ അബ്ദുല്ല ഖുറൈശിയെ കൂടാതെ അബ്ദുൽ വഹാബ്, അലി, അബ്ദുൽ ഹയ്യ്, അബ്ദുൽ ഖയ്യൂം, അബ്ദുൽ അലീം എന്നീ സന്തതികൾ കൂടിയുണ്ട് അദ്ദേഹത്തിന്. പുത്രന്മാരെയെല്ലാം ഖുർആൻ പഠനത്തിനയക്കുകയും ഹാഫിളുമാരും തജ്‌വീദ് പണ്ഡിതരുമായി വളർത്തിയെടുക്കുകയും ചെയ്തു. എന്നാൽ പ്രശസ്തിയിലേക്കു വളർന്നത് അബ്ദുല്ലയാണ്.

പന്ത്രണ്ടാം വയസ്സിൽ അബ്ദുല്ല ഖുറൈശി ഖുർആൻ മനഃപാഠമാക്കി. മുഗൾ ചക്രവർത്തി ഔറംഗസീബ് പണികഴിപ്പിച്ച മക്കാ മസ്ജിദിൽ പിതാവിൽ നിന്നായിരുന്നു പ്രാഥമിക മതപഠനവും ഖിറാഅത്ത് പരിശീലനവും. പിതാവിനെ കൂടാതെ ഖാരിഅ് അബ്ദുൽബാരി, ഖാരിഅ് കലീമുല്ലാഹ് ഗുരുനാഥരാണ്. ശേഷം ചാർമിനാറിനടുത്ത ജാമിഅ നിസാമിയ്യ അറബിക് സർവകലാശാലയിൽ നിന്നു നിസാമി ബിരുദം നേടി. തുടർന്ന് അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിൽ മെട്രിക്കിനു ചേർന്നു. പിന്നീട് ഉസ്മാനിയ, നാഗ്പൂർ സർവകലാശാലകളിലും പഠനം നടത്തുകയുണ്ടായി. ദഅ്‌വതിൽ ഇസ്‌ലാമിയ്യ അൽ മആസിറ ഫിൽ ഹിന്ദ് എന്ന ഗവേഷണത്തിന് ഡോക്ടറേറ്റു നേടി. 1964-ൽ ഈജിപ്തിലെ അൽ അസ്ഹറിലെത്തി. എട്ടു വർഷം അവിടെ കഴിഞ്ഞു. സആദതുൽ ആലിയ, സആദതു തഖസ്സുസ് കോഴ്‌സുകൾ ഇക്കാലയളവിൽ പൂർത്തീകരിക്കുകയും സുപ്രസിദ്ധ ഖാരിഅ് ശൈഖ് ഇബ്‌റാഹിമിൽ നിന്നു ഖുർആൻ ശാസ്ത്രത്തിൽ വ്യുൽപത്തി നേടുകയും ചെയ്തു. ഖുർആൻ പാരായണത്തിൽ ഇന്ത്യൻ സമൂഹത്തിന്റെ യശസ്സുയർത്തി ഈജിപ്തിലെ വിവിധ വേദികളിൽ ശ്രദ്ധേയനാവാൻ അദ്ദേഹത്തിനായി.

73-ൽ ഇന്ത്യയിൽ തിരിച്ചെത്തിയ അബ്ദുല്ല ഖുറൈശിയുടെ ഖുർആൻ പാരായണത്തിലും പാണ്ഡിത്യത്തിലും ആകൃഷ്ടനായ നൈസാം രാജകുടുംബാംഗമായ നവാബ് മിർ ബറകാത്ത് അലി ഖാൻ (നൈസാം എട്ടാമൻ) അദ്ദേഹത്തെ മേധാവിയാക്കി പുരാണിഹവേലിയിൽ തജ്‌വീദ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. ഇദാറാ മുകർറം ഷാ ദാറുത്തജ്‌വീദി വൽ ഖിറാഅ എന്നാണത് അറിയപ്പെട്ടത്. 78-ൽ ജാമിഅ നിസാമിയ്യ അറബിക് യൂണിവേഴ്‌സിറ്റിയിൽ അറബി സാഹിത്യ വിഭാഗം ഹെഡായി (ശൈഖുൽ അദബ്) ചുമതലയേറ്റു. തുടർന്ന് വൈസ് ചാൻസലറുമായി. 74 മുതൽ 77 വരെ പുരാണി ഹവേലി, 77-2007 കാലത്ത് ചോമഹല്ല പാലസ്, 2007-09 മക്കാ മസ്ജിദ്, 2009 മുതൽ മരണം വരെ മുഗൾപുരയിലും ഖുർആൻ സേവനത്തിൽ മുഴുകി. ഇക്കാലയളവിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ അദ്ദേഹത്തിൽ നിന്ന് ഖിറാഅത്ത് പരിശീലനം നേടി. മരണത്തോടടുത്ത് രോഗഗ്രസ്തനായി ഏഴുദിവസം ആശുപത്രിയിൽ കഴിഞ്ഞപ്പോൾ മാത്രമാണ് വീട്ടിൽ അദ്ദേഹം നടത്തുന്ന ഖുർആൻ ദൗറക്ക് മുടക്കം വന്നത്. എങ്കിലും അൽപം ശമനം തോന്നി വീട്ടിൽ തിരിച്ചെത്തിയ ഡിസംബർ എട്ടിനു കാലത്തും ക്ലാസ് നടത്തി. ദൗറ കഴിഞ്ഞു ദുആ ചെയ്തു പിരിഞ്ഞ വിദ്യാർത്ഥികൾ അൽപസമയത്തിനു ശേഷം ഉസ്താദിന്റെ നിര്യാണ വാർത്തയാണു കേൾക്കുന്നത്.

ഖുർആൻ സേവനത്തിൽ അരനൂറ്റാണ്ട് തികച്ചതിനോടനുബന്ധിച്ച് 2012-ൽ ഹൈദരാബാദ് ജനത അബ്ദുല്ല ഖുറൈശിയെ ആദരിച്ചിരുന്നു. അന്ന് അദ്ദേഹത്തെ കുറിച്ച് ദ ഹിന്ദു എഴുതി: ചരിത്ര പ്രസിദ്ധമായ മക്കാ മസ്ജിദ് വിശ്വാസികൾ സന്ദർശിക്കുന്നത് രണ്ടു ലക്ഷ്യങ്ങളോടെയാണ്. ഒന്ന്, പള്ളിയുടെ രാജകീയ പ്രൗഢിയും നിർമാണ ചാരുതയും കാണുക. രണ്ടാമത്തേത്, അബ്ദുല്ല ഖുറൈശിയുടെ മാസ്മരികവും അത്യാകർഷകവുമായ ജുമുഅ ഖുതുബയും ഖുർആൻ പാരായണവും ശ്രവിക്കുക.’

ആ ശബ്ദസൗകുമാര്യത മക്കാമസ്ജിദിനെ 87 മുതൽ ധന്യമാക്കുന്നു. വിദൂര ദിക്കുകളിൽ നിന്ന് അദ്ദേഹത്തിന്റെ ഖുതുബ ലക്ഷ്യമാക്കി മക്കാ മസ്ജിദിലേക്ക് വിശ്വാസികൾ ഒഴുകുകയുണ്ടായി. ‘ശൈഖ് സാബിന്റെ വാർധക്യം മിമ്പറിനു താഴെവരെയാണ്. മിമ്പറിനു മുകളിലെത്തുമ്പോൾ യൗവന യുക്തനാണദ്ദേഹം.’ ജ്ഞാന-ശബ്ദഗാംഭീര്യത്തിന് ജനങ്ങളുടെ കയ്യൊപ്പ്. ‘ഖുതുബയും നിസ്‌കാരവും ഹറമൈനിയിലെത്തിയ പ്രതീതിയുണ്ടാക്കും’ എന്ന് മറ്റൊരാൾ. തലയെടുപ്പോടൊപ്പം വിനയവും അദ്ദേഹത്തെ ശ്രദ്ധേയനാക്കി. ‘അദബിനാണ് അഖ്‌ലിനേക്കാൾ ഉസ്താദ് പരിഗണന നൽകിയത്. തഫ്‌സീർ, ബൈളാവി, മഖാമതൽ ഹരരിയ്യ എന്നിവയായിരുന്നു ഉസതാദിന്റെ സബഖുകൾ. ക്ലാസിൽ എത്രയും സംശയങ്ങളുന്നയിക്കാം. പക്ഷേ, അദബിന്റെ സീമ ലംഘിക്കുന്നുവെന്നു തോന്നിയാൽ ചോദ്യകർത്താവ് കുഴങ്ങിയതു തന്നെ. ഇൽമ് അദബാണ് എന്ന് കണിശമായി ഓർമിപ്പിക്കും.’ നിസാമിയ്യയിലെ ഒരു പൂർവ വിദ്യാർത്ഥി അനുസ്മരിച്ചു. എൺപതു വയസ്സു പൂർത്തിയായ ശേഷമാണു നിര്യാണം. ഖുതുബക്കു കഴിയുമോ എന്നു ചോദിക്കുന്നവരോട് അദ്ദേഹം പറയുക; ആരോഗ്യമില്ലാതാവുന്ന നാൾ ഞാൻ വിരമിക്കുമെന്നാണ്. അദ്ദേഹത്തിന്റെ ഖുതുബകൾ ഓരോന്നും അറബി ഭാഷയുടെ സാഹിതീയതയും സൗന്ദര്യവും മേളിച്ചതായിരുന്നു.

അറബി ഭാഷാ പാണ്ഡിത്യത്തിനും ഖിറാഅത്തിനുമായി അന്താരാഷ്ട്ര തലത്തിൽ ഏറെ അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. രാജ്യത്തെ പ്രമുഖ മത്സരവേദികളിലും മലേഷ്യയിലും മിഡിൽ ഈസ്റ്റിലും പല തവണ ഖുർആൻ പാരായണ വിധിനിർണയത്തിന് അദ്ദേഹം നേതൃത്വം നൽകുകയുണ്ടായി. 79-81 കാലത്ത് യുഎസിലെ ചിക്കാഗോയിൽ തറാവീഹ് നിസ്‌കാരത്തിന് നേതൃത്വം നൽകി. 82 മുതൽ 93 വരെ ലത്വീഫിയ്യയിൽ പ്രിൻസിപ്പാൾ പദവി വഹിച്ചു.

അന്താരാഷ്ട്ര ഇസ്‌ലാമിക പണ്ഡിതരുമായി വ്യക്തിബന്ധം കാത്തുസൂക്ഷിച്ചിരുന്നു അദ്ദേഹം. ഡോ. ശൈഖ് ഹസൻ ഹീത്തു, സഊദി പെട്രോളിയം മന്ത്രി മർഹൂം അബ്ദുയമാനി പോലുള്ളവർ അദ്ദേഹത്തിന്റെ അതിഥികളായി ഹൈദരാബാദിൽ വരികയുണ്ടായി. 74-ൽ അബ്ദുയമാനി പുരാണിഹവേലിയിൽ വരികയും ഖുർആൻ ദൗറയിൽ സംബന്ധിക്കുകയും ചെയ്തു. കേരളത്തെയും മലയാളികളെയും ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം ധർമപുരിക്കു പുറമെ എറണാകുളത്തെ പ്രസിദ്ധമായ എസ്‌വൈഎസ് സമ്മേളനത്തിലും സംബന്ധിച്ചു. കാന്തപുരം ഉസ്താദുമായി അടുത്ത ബന്ധം പുലർത്തി. നിസാമിയ്യയിലെ മലയാളി വിദ്യാർത്ഥികളുടെ വിനയവും വിജ്ഞാന തൃഷ്ണയും ആ നേതൃഗുണത്തിന്റെ ഫലമാണെന്നായിരുന്നു നിലപാട്. ഹൈദരാബാദിലും ബാംഗ്ലൂരിലും ഏഴു വർഷം മുമ്പ് എസ്എസ്എഫ് നടത്തിയ സമ്മേളനങ്ങളിൽ ഉസ്താദിനൊപ്പം പങ്കെടുക്കുകയും സൗഹൃദം പുതുക്കുകയും ചെയ്തു. വെളിച്ചെണ്ണ, കായവറുത്തത് (ബനാന ചിപ്‌സ്) പോലുള്ളവ പ്രിയമായിരുന്നു. മലയാളി വിദ്യാർത്ഥികൾ നാട്ടിൽ നിന്നു വരുമ്പോൾ ഉസ്താദിന്റെ ഈ ഇഷ്ടം കണ്ടറിയും.

ആഗോളതലത്തിലെ മുസ്‌ലിം പ്രശ്‌നങ്ങളിൽ അദ്ദേഹം വ്യക്തമായ നിലപാട് പുലർത്തിയിരുന്നു. പശ്ചിമേഷ്യയിലെ അസമാധാനം സ്വന്തം നോവായി കണ്ടു. ഫലസ്തീൻ പോരാളികൾക്കു വേണ്ടി ഖുതുബകളിൽ പ്രാർത്ഥിക്കുമ്പോൾ മാസ്മരികമായ ആ ശബ്ദമുയരും. രണ്ടു വർഷം മുമ്പ് മക്കാ മസ്ജിദിൽ സ്‌ഫോടനമുണ്ടായപ്പോൾ ഇരു സമുദായങ്ങൾക്കിടയിൽ അദ്ദേഹം സമാധാനദൂതനായി. ഈ സേവനത്തിനുള്ള ആദര സൂചകമായെന്നോണം രോഗം സന്ദർശിക്കാൻ മുതിർന്ന പോലീസുദ്യോഗസ്ഥരും ആഭ്യന്തര വൃത്തങ്ങളും എത്തുകയുണ്ടായി. അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു പറഞ്ഞതു ശ്രദ്ധേയം: സംസ്ഥാനത്തിന്റെ നഷ്ടമാണിത്. മറയുന്നത് സമാധാനിയായ അവധൂതനാണ്.’

മക്കാ മസ്ജിദിൽ വിശ്വാസി സഹസ്രങ്ങൾ സംബന്ധിച്ച ജനാസ നിസ്‌കാരത്തിനു ശേഷം മർഹൂം മുഹദ്ദിസെ ദെക്കൻ അബ്ദുല്ല ശാഹ് നഖ്ശബന്ദി മഖാമിൽ മറമാടി. അദ്ദേഹത്തിന്റെ പരലോക പദവി അല്ലാഹു ഉയർത്തട്ടെ.

അബ്ദുൽഗഫൂർ നിസാമി

Exit mobile version