വിശ്വാസികളുടെ സംഗമസ്ഥാനമായ സഊദി അറേബ്യക്കിത് മഹാ നഷ്ടമാണ്. അബ്ദുല്ലാബ്നു അബ്ദില്‍ അസീസ് ആലു സഊദ് എന്ന ആറാം ഭരണാധികാരിയുടെ വിയോഗം. ഒരു രാഷ്ട്രത്തലവന്റെ വേര്‍പാട് എന്നതിലുപരി ജനക്ഷേമത്തിന്റെയും സമാധാന ശ്രമങ്ങളുടെയും വക്താവിന്റെ അസാന്നിധ്യമായാണ് 29 മില്ല്യനോളം വരുന്ന തദ്ദേശീയര്‍ക്കും ഒരു കോടിയോളം വരുന്ന വിദേശീയര്‍ക്കും അനുഭവപ്പെടുന്നത്. അധികാരമേറ്റെടുത്ത് ഒരു പതിറ്റാണ്ട് തികയുന്നതേയുള്ളൂവെങ്കിലും ആധുനിക സഊദി കണ്ട മികവുറ്റ ഭരണവും വികസന പ്രവര്‍ത്തനങ്ങളുമായിരുന്നു അദ്ദേഹം നടപ്പിലാക്കിയത്. സാധാരണക്കാരുടെ മനസ്സറിഞ്ഞ് രാജ്യത്തിന്റെ സഞ്ചാരപാത നിര്‍ണയിക്കാനാണ് അദ്ദേഹം ഏറെ ആഗ്രഹിച്ചത്. അധികാരമേറ്റെടുത്ത ഉടന്‍ തന്നെ രാജ്യത്തിന്റെ ഉള്‍ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് പാവപ്പെട്ടവരുടെ ജീവിതം നേരിട്ടറിയുകയും അവരുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു അദ്ദേഹം.
ഭരണരംഗത്തെ പൂര്വാനുഭവവും പരിജ്ഞാനവുമാണ് അദ്ദേഹത്തെ മികച്ച രാഷ്ട്രതലവന് എന്ന അലങ്കാരത്തിലേക്കുയര്ത്തിയത് എന്ന് പറയാം. കൗമാരം മുതലേ സഊദി അറേബ്യയുടെ രാഷ്ട്രീയസാമൂഹിക കാര്യങ്ങളില്‍ പങ്കാളിയാവാനും ഇതര മുസ്ലിം നാടുകളുമായി ബന്ധം സ്ഥാപിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. അബ്ദുല്‍ അസീസ് രാജാവിന്റെ ഭരണകാലത്ത് സഊദിയില്‍ സൈനിക ശക്തിയായി മാറിയ നാഷണല്‍ ഗാര്‍ഡ് സൈനിക സേവനങ്ങള്‍ക്ക് പുറമെ ആശുപത്രികളും, സ്കൂളുകലും ഭവനനിര്‍മാണ പദ്ധതികളും നടത്തുന്ന സാമൂഹികസാംസ്കാരിക പ്രസ്ഥാനമായി വളര്‍ച്ച പ്രാപിക്കുന്നത് അദ്ദേഹം കമന്ററായി നിയമിതനായതോടെയാണ്. അത്യാധുനിക സൗകര്യമുള്ള ജിദ്ദ:യിലെ കിംഗ് ഖാലിദ് ഹോസ്പിറ്റല്‍, റിയാദിലെ കിംഗ് ഫഹദ് ഹോസ്പിറ്റല്‍, രാജ്യത്തുടനീളമുള്ള സാക്ഷരതാ കേന്ദ്രങ്ങള്‍, ലൈബ്രറികള്‍, ഖുര്‍ആന്‍ മന:പാഠ ശാലകള്‍ എന്നിവ നടത്തുന്നത് നാഷണല്‍ ഗാര്‍ഡിന്റെ ചുമതലയിലാണ്.
രാജ്യത്തിന്റെ പൈതൃകങ്ങളും സംസ്കാരവും സംരക്ഷിക്കുന്നതിനുതകുന്ന നവീന പദ്ധതികളുമായി അബ്ദുല്ല രാജാവ് ഭരണകാലത്തിനു മുന്‍പുതന്നെ രംഗത്തെത്തിയിരുന്നു. പൂര്‍വികമായ സാംസ്കാരിക പൈതൃകങ്ങളും നാഗരിക നേട്ടങ്ങളും പുതിയ തലമുറക്കു മുന്നില്‍ അടയാളപ്പെടുത്തുന്നതിന് രാജ്യത്ത് വാര്‍ഷിക സാംസ്കാരിക മേളക്ക് അദ്ദേഹം തുടക്കം കുറിച്ചു. ഇതിനകം ജനകീയമായി തീര്‍ന്ന “”Al JanaderiyahNational Festival for Heritage and Culture’എന്ന നാമത്തിലുള്ള ഈ സാംസ്കാരിക സംഗമം സഊദിയുടെ പൈതൃകത്തെ പുറം ലോകവുമായി ബന്ധിപ്പിക്കുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്.
രാജ്യത്തെ അദ്ദേഹം നിര്‍ഭയത്വത്തോടെ മുന്നോട്ട് നയിച്ചു. അറബ് മേഖലയിലെ സങ്കീര്‍ണമായ രാഷ്ട്രീയ സാമ്പത്തിക തീവ്രവാദ പ്രശ്നങ്ങള്‍ക്കിടയിലും രാജ്യത്തെ ഏക സ്വരത്തില്‍ ചലിപ്പിക്കാന്‍ സാധിച്ചുവെന്നത് വലിയ നേട്ടമാണ്. മേഖലയില്‍ ശക്തി പ്രാപിച്ചിരുന്ന അറബ് വസന്തമെന്ന ശിഥിലീകരണവും സഊദിയില്‍ വളര്‍ന്നില്ലെന്നത് ഇത്തരം ക്രിയാത്മക ഭരണത്തിന്റെ പരിണതിയാണ്. വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം തുടങ്ങിയ അടിസ്ഥാന രംഗങ്ങളിലെ സഊദി കുതിപ്പ് സാധ്യമാകുന്നതും ഇദ്ദേഹത്തിന്റെ ഭരണ കാലയളവിലാണ്. അത്യാധുനിക സൗര്യങ്ങളുള്ള വന്‍കിട ആശുപത്രികള്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഇക്കാലയളവില്‍ സ്ഥാപിതമായി. കഴിഞ്ഞ രണ്ട് ബജറ്റുകളിലും നാലിലൊന്ന് തുക വിദ്യാഭ്യാസത്തിന് വേണ്ടി നീക്കിവെക്കുകയും ഉന്നത കലാലയങ്ങള്‍ ആരംഭിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. എണ്ണയുല്പാദനത്തില് സഊദിയെ പ്രഥമ സ്ഥാനത്തെത്തിച്ചതും അതുവഴി രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ അഭിവൃദ്ധിപ്പെടുത്തിയതും അബ്ദുല്ല രാജാവ് തന്നെ. പ്രധാന നഗരങ്ങളിലെ മെട്രോപദ്ധതികള്‍, കിംഗ് അബ്ദുള്ള സാമ്പത്തിക സോണുകള്‍ എന്നിവ വരുംകാലങ്ങളില്‍ സഊദിയുടെ മുഖം മാറ്റുന്ന സംരംഭങ്ങളാണെന്നതില് സന്ദേഹമില്ല.
1975-കളില്‍ ഉപപ്രധാനമന്ത്രിയായി നിയമിതനായ കാലത്തു തന്നെ ദേശീയഅന്തര്‍ദേശീയ രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. അറബ് രാഷ്ട്രങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ നടന്ന സമാധാന ശ്രമങ്ങള്‍ ഫലം കാണുകയുണ്ടായി. 2008ല്‍ മക്കയിലും സ്പെയിന് തലസ്ഥാനമായ മാസ്രിഡിലും 2009ല്‍ ജനീവയിലും അറബ് ലീഗിന്റെ നേതൃത്വത്തില്‍ അദ്ദേഹം സംവാദ വേദി ഒരുക്കി. പശ്ചിമേഷ്യയിലെ സംഘര്‍ഷഭരിതമായ സാഹചര്യങ്ങള്‍ക്കിടയിലും മുസ്ലിം താത്പര്യം സംരക്ഷിക്കാനും അബ്ദുള്ള രാജാവിന് കഴിഞ്ഞു. യമനിലെയും ഇറാഖിലെയും സംഘര്‍ഷം അതിര്‍ത്തി ഗ്രാമങ്ങളെ അലോസരപ്പെടുത്താതിരിക്കാന്‍ കൈകൊണ്ട നടപടികളും ശ്രദ്ധേയമാണ്.
പുണ്യനഗരങ്ങളുടെ കാവല്‍ക്കാരനായി ചരിത്രത്തില്‍ സ്വന്തം നാമം എഴുതിച്ചേര്‍ത്താണ് അദ്ദേഹം വിട വാങ്ങിയത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ മക്കയിലും മദീനയിലുമുണ്ടായ വികസനം വിസ്മയാവഹമാണ്. വര്‍ഷംപ്രതി 40 ലക്ഷത്തോളം ജനങ്ങള്‍ സംഗമിക്കുന്ന വിശുദ്ധ ഹജ്ജ് കര്‍മം അപകടങ്ങളില്ലാതെ പൂര്‍ണ സുരക്ഷിതമായിരിക്കാനുള്ള എല്ലാ സജ്ജീകരണവും ഒരുക്കുകയെന്നത് വലിയ നേട്ടം തന്നെയാണല്ലോ.
ചരിത്രത്തിലെ ഏറ്റവും വലിയ വികസനമാണ് മസ്ജിദുല്‍ ഹറാമിലും മസ്ജിദുന്നബവിയിലും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഒരേ സമയം 25 ലക്ഷം വിശ്വാസികള്‍ക്ക് നിസ്കരിക്കാന്‍ സൗകര്യമുള്ള മസ്ജിദുല്‍ ഹറം വികസനത്തിനും 16 ലക്ഷം പേര്‍ക്ക് ആരാധനാ സംവിധാനമുള്ള മസ്ജിദുന്നബവി വികസന പദ്ധതിക്കും തുടക്കം കുറിച്ചാണ് അബ്ദുള്ള രാജാവ് വിട ചൊല്ലിയത്. മിന, അറഫ, മുസ്ദലിഫ തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ബന്ധപ്പെടുത്തുന്ന ട്രെയിന്‍ സര്‍വീസ് സ്ഥല പരിചയമില്ലാത്ത വിദേശ രാഷ്ട്രങ്ങളിലെ തീര്‍ത്ഥാടകര്‍ക്ക് ഏറെ പ്രയോജനകരമാണ്. വകുപ്പുതല മേല്‍നോട്ടത്തിനു പുറമെ പുണ്യനഗരങ്ങളുടെ വികസന കാര്യത്തില്‍ രാജാവ് നേരിട്ടു തന്നെ ഇടപ്പെട്ടിരുന്നത് അദ്ദേഹത്തിന്റെ സേവന മനസ്ഥിതിയറിയുന്നു. തീര്‍ത്ഥാടനം സുഗമമാക്കാന്‍ “സുരക്ഷിത സേനക്ക്’ രൂപം നല്കിയതും ലോകത്തെ ഏറ്റവും ഉയരമുള്ള സമയ ഗോപുരം പണി കഴിപ്പിച്ചതും രാജാവിന്റെ ശ്രമങ്ങള്‍ തന്നെ. കൂടാതെ എപ്പോഴും സിയാറത്തിന് മദീനാ ശരീഫില്‍ സൗകര്യമൊരുക്കുകയും ജനങ്ങള്‍ ബഖീഅ് സന്ദര്‍ശിക്കാന്‍ വിപുലമായ അവസരം നല്‍കുകയും ചെയ്തത് ലോക വിശ്വാസികളെ ഏറെ ആകര്‍ഷിച്ച നടപടിയാണ്.
ലോക സമാധാനത്തിന് വിശേഷിച്ചും അറബ് മേഖലയിലെ സമാധാന ശ്രമങ്ങള്‍ക്ക് മുമ്പന്തിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ് അബ്ദുള്ള രാജാവ് മാതൃകയായത്. ഭീകര സംഘടനകളില്‍ പെട്ടുപോയ യുവാക്കളെ പിന്തിരിപ്പിച്ചും പുനരധിവാസ കേന്ദ്രങ്ങളില്‍ അയച്ചു ഉത്തമ പൗരന്മാരാക്കിയും തീവ്രവാദ ഉന്മൂലനത്തിന് പുതിയ മാനം രചിച്ചു രാജാവ്. ഫലസ്തീന് പ്രശ്നത്തില്‍ ഇസ്റാഈലിനെതിരെ ധീരമായ നിലപാടെടുത്ത അദ്ദേഹം ഫലസ്തീന് ജനതക്ക് വന്‍ സാമ്പത്തിക സഹായം ഉറപ്പുവരുത്തി. സാമുദായിക സംഘര്‍ഷത്തെ തുടര്‍ന്ന് നിരാലംബരായ റോഹിംഗ്യ മുസ്ലിംകള്ക്ക് അഞ്ചു കോടി ഡോളര്‍ ധനസഹായം കൈമാറുകയും പ്രശ്നം യു.എന്നില്‍ ഉന്നയിക്കുകയും ചെയ്തു. കത്രീന ചുഴലിക്കാറ്റ് തകര്‍ത്തെറിഞ്ഞ അമേരിക്കന്‍ നാടുകള്‍ക്കും പാകിസ്ഥാനിലെയും ചൈനയിലെയും ഭൂകമ്പ ബാധിത പ്രദേശങ്ങള്‍ക്കും അദ്ദേഹം വന്‍തോതില്‍ സഹായം ലഭ്യമാക്കി. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരതര്ക്കെതിരായ പോരാട്ടത്തില്‍ മുഖ്യ പങ്കാളിയായി.
രാഷ്ട്രത്തിന്റെ പുരോഗതിയില്‍ മുഖ്യപങ്ക് വഹിക്കുന്ന ഇന്ത്യക്കാരുള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിലും നിയമവിധേയമായി ജോലി ചെയ്യുന്നവര്‍ക്ക് പരിരക്ഷ ഉറപ്പുവരുത്തുന്നതിലും അദ്ദേഹത്തിന്റെ നയങ്ങള്‍ വേറിട്ടുനിന്നു.
ഇന്ത്യയുമായി മികച്ച നയതന്ത്രബന്ധം കാത്തുസൂക്ഷിച്ച സഊദി ഭരണാധികാരികളിലൊരാളായിരുന്നു അദ്ദേഹം. നയതന്ത്ര ബന്ധം എന്നതിനപ്പുറം സുഹൃദ് ബന്ധം തന്നെ ഇരുരാഷ്ട്രങ്ങള്ക്കിടയിലും സ്ഥാപിതമായി. 2006-ലെ റിപ്പബ്ലിക് ദിന വിശിഷ്ടാതിഥിയായി ഇന്ത്യയിലെത്തിയ അബ്ദുള്ള രാജാവ് 81 വര്‍ഷത്തിനിടെ ഇന്ത്യ സന്ദര്‍ശിക്കുന്ന ആദ്യ സഊദി ഭരണാധികാരിയെന്നാണ് വിശേഷിപ്പിക്കപ്പെട്ടത്.
ഇന്ത്യ എന്റെ രണ്ടാം വീടാണെന്ന പ്രഖ്യാപനത്തില്‍ നിന്നു ഈ നാടിനോടുള്ള അദ്ദേഹത്തിന്റെ താത്പര്യം ഗ്രഹിക്കാം. നിതാഖാത് പ്രശ്നം വന്‍ ഭയപ്പാട് സൃഷ്ടിച്ചപ്പോള്‍ ഇന്ത്യയുടെ അഭ്യര്‍ഥന പരിഗണിച്ച് രേഖ ശരിയാക്കാന്‍ മൂന്നു മാസത്തെ സാവകാശം നല്‍കിയത് സ്മരണീയമാണ്. 2006ലെ ഡല്‍ഹി ഉടമ്പടിയിലും 2010-ലെ റിയാദ് ഉടമ്പടിയിലും ഇന്ത്യയും സഊദിയും തമ്മില്‍ വിവിധ ധാരണകള്‍ നിലവില്‍ വരികയുണ്ടായി. ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്കുന്നതില് അദ്ദേഹം കൈകൊണ്ട ഉദാരത നിര്‍ണായകമാണ്.
ഭരണാധികാരി ജനമനസ്സുകളില്‍ ഇടംപിടിക്കുന്നത് ജനകീയവും ജനപക്ഷത്ത് നിന്നുമുള്ള ഭരണം കാഴ്ചവെക്കുമ്പോഴാണ്. അതുകൊണ്ടാണ് കിംഗ് അബ്ദുല്ല സ്വദേശികളും വിദേശികളുമായ സര്‍വ്വരുടെയും മനം കവരുന്നതും. ആ വലിയ തണല്‍ വേര്‍പിരിഞ്ഞതോടെ വിശ്വാസി സാഗരം ദുഃഖിക്കുകയാണ്. ഒരു രാഷ്ട്രത്തെ, ജനതയെ അഭിവൃദ്ധിയുടെ പുതുചക്രവാളത്തിലേക്ക് കൈപിടിച്ചു നയിച്ച അബ്ദുല്ല രാജാവിന്റെ അന്ത്യവിശ്രമ സ്ഥാനം അല്ലാഹു പ്രകാശപൂര്ണമാക്കട്ടെ..
മുബഷിര്‍ എളാട്