ഭക്ഷിക്കാനുള്ള മാംസം കഴുകിയതിന് ശേഷം ഇറച്ചിയില്‍ അവശേഷിക്കുന്ന രക്തത്തിന് വിട്ടുവീഴ്ചയുണ്ടോ?
മാംസം കഴുകിയതിനു ശേഷം അതില്‍ അവശേഷിക്കുന്ന രക്തത്തെ തൊട്ട് വിട്ടുവീഴ്ചയുണ്ടെന്നാണ് മതവിധി. ഖതീബു ശിര്‍ബീനി(റ) പറയുന്നു: ‘കഴുകിയതിനു ശേഷം എല്ലിലും ഇറച്ചിയിലും ബാക്കിയാകുന്ന രക്തം ശുദ്ധിയുള്ളതാണ്. ഇമാം നവവി(റ)യുടെ മജ്മൂഅ് എന്ന ഗ്രന്ഥത്തില്‍ പറഞ്ഞ വാചകത്തിന്‍റെ ഉദ്ദേശ്യവും അതുതന്നെ.’
കഴുകിയ ശേഷം മാംസത്തിലും എല്ലിലും അവശേഷിക്കുന്ന രക്തം ത്വാഹിറാണെന്നതിന് ആഇശ(റ)യുടെ ഹദീസുകള്‍ തെളിവാണെന്ന് ഇമാം സുബ്കി(റ) പ്രസ്താവിച്ചതും മേല്‍ അഭിപ്രായത്തെ സാധൂകരിക്കുന്നു. മഹതി പറഞ്ഞു: ഞങ്ങള്‍ നബി(സ്വ)യുടെ കാലത്ത് അലീസ(ബുര്‍മത്) വേവിക്കാറുണ്ടായിരുന്നു. രക്തത്താലുള്ള ഒരു മഞ്ഞ നിറം അലീസയില്‍ ഉയര്‍ന്നുവരും. അത് ഞങ്ങള്‍ ഭക്ഷിക്കാറുണ്ടായിരുന്നു. അത് ഭക്ഷിക്കുന്നതിനെ തൊട്ട് നബി(സ്വ) വിലക്കാറുണ്ടായിരുന്നില്ല. ഇമാം ഹലീമി(റ)യുടെയും ഒരു കൂട്ടം പണ്ഡിതന്മാരുടെയും പ്രസ്താവനകളുടെ പ്രത്യക്ഷ സാരം, അത് നജസാണെങ്കിലും വിട്ടുവീഴ്ച ചെയ്യപ്പെടുമെന്നത്രെ (മുഗ്നില്‍ മുഹ്താജ്: 1/79).
സുലൈമാനുല്‍ ജമല്‍(റ) രേഖപ്പെടുത്തി: കൂടുതലായി സംഭവിക്കുന്ന ഒരു വിഷയത്തെ സംബന്ധിച്ച് ദര്‍സില്‍ ചോദ്യമുയര്‍ന്നു. മാംസം ധാരാളം തവണ കഴുകിയിട്ടും വൃത്തിയാകാതെ അതേ രൂപത്തില്‍ വേവിച്ചു. കറിയില്‍ രക്തത്തിന്‍റെ നിറം വെളിവാകുകയും ചെയ്തു. ഈ രക്തത്തെ തൊട്ട് ഇളവുണ്ടോ എന്നതാണ് ചോദ്യം. ഇവിടെ വിട്ടുവീഴ്ചയുണ്ടെന്നാണ് മനസ്സിലാകുന്നത്. ആ രക്തത്തെ തൊട്ട് സൂക്ഷിക്കാന്‍ പ്രയാസമായതാണ് കാരണം (ഹാശിയതുല്‍ ജമല്‍: 1/193).
ഖിബ്’ല മാറ്റം
ഖിബ്’ലയുടെ വിഷയത്തില്‍ അല്ലാഹുവിന്‍റെ കല്‍പന വന്നപ്പോള്‍ നിസ്കരിക്കുകയായിരുന്ന നബി(സ്വ)യും സ്വഹാബിമാരും മസ്ജിദുല്‍ അഖ്സയില്‍ നിന്ന് കഅ്ബയിലേക്ക് തിരിഞ്ഞല്ലോ. ചലനങ്ങള്‍ നിസ്കാരത്തെ ബാത്വിലാക്കുമല്ലോ. എന്നാല്‍ ഈ വിഷയത്തില്‍ കഅ്ബയിലേക്ക് തിരിഞ്ഞത് നിസ്കാരത്തിലായിട്ടും പ്രസ്തുത നിസ്കാരം ബാത്വിലാകാതിരുന്നത് എന്തുകൊണ്ടാണ്?
ചലനങ്ങള്‍ കാരണം നിസ്കാരം ബാത്വിലാകുമെന്ന് പറഞ്ഞത്; പ്രസ്തുത ചലനം നിസ്കാരത്തിന്‍റെ പ്രവര്‍ത്തനങ്ങളല്ലാതിരിക്കുമ്പോഴാണ്. ചോദ്യത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ചലനം, അഥവാ ഖിബ്ല മാറിയ സന്ദര്‍ഭത്തില്‍ കഅ്ബയുടെ ഭാഗത്തേക്ക് തിരിഞ്ഞത് നിസ്കാരത്തിന്‍റെ പ്രവര്‍ത്തനം തന്നെയാണ്. അതിനാല്‍ ആ ചലനം കൊണ്ട് നിസ്കാരം ബാത്വിലാവുകയില്ല (തുഹ്ഫതുല്‍ മുഹ്താജ്: 2/163).
ഖിബ്ലയിലേക്ക് കാല്‍ നീട്ടല്‍
ഖിബ്ലയിലേക്ക് കാല്‍ നീട്ടുമ്പോള്‍ ഹനഫീ മദ്ഹബുകാരായ സുഹൃത്തുകള്‍ ശക്തമായി എതിര്‍ക്കുന്നു. ശാഫിഈ-ഹനഫീ മദ്ഹബുകളുടെ പ്രമാണങ്ങളനുസരിച്ച് ഖിബ്ലയിലേക്ക് കാല്‍ നീട്ടുന്നതിന്‍റെ വിധിയെന്താണെന്ന് വിശദീകരിക്കാമോ?
ഹനഫീ മദ്ഹബനുസരിച്ച് ഖിബ്ലയുടെ ഭാഗത്തേക്ക് കാല്‍ നീട്ടല്‍ കറാഹത്താണ്. എന്നാല്‍ ശാഫിഈ മദ്ഹബില്‍ ഇത് കറാഹത്തില്ല. ശൈഖ് സാദ എന്നറിയപ്പെടുന്ന ഹനഫീ മദ്ഹബിലെ പ്രമുഖ പണ്ഡിതനായ മുഹമ്മദുബ്നു സുലൈമാനുല്‍ കലാബൂലി(റ) പറയുന്നു: ഖിബ്ലയുടേയും മുസ്വ്ഹഫിന്‍റേയും ഫിഖ്ഹ് കിതാബുകളുടേയും ഭാഗത്തേക്ക് കാല്‍ നീട്ടല്‍ കറാഹത്താണ്. എന്നാല്‍ നമ്മള്‍ കാല്‍ നീട്ടുന്ന ഭാഗത്ത് ഖുര്‍ആന്‍ ഉള്‍പ്പെടെയുള്ള ഗ്രന്ഥങ്ങള്‍ ഉയരത്തിലാണെങ്കില്‍ പറയപ്പെട്ട കറാഹത്ത് വരുന്നില്ല (മജ്മഉ ഫീ ശറഹി മുല്‍തഖില്‍ അബ്ഹുര്‍: 1/ 100).
ഇബ്നു ആബിദീന്‍(റ) അദ്ദേഹത്തിന്‍റെ ഹാശിയയില്‍ പറയുന്നു: ഇമാം റഹ്മത്തി(റ), കിതാബു ശഹാദാത്തില്‍ ഖിബ്ലയിലേക്ക് കാല്‍ നീട്ടിയ ആളുടെ ശഹാദത്ത് തള്ളപ്പെടുമെന്ന് പറഞ്ഞതായി കാണാം. ഇത് തേടുന്നത് ഖിബ്ലയിലേക്ക് കാല്‍ നീട്ടല്‍ ഹറാമാണെന്നാണ് (ഹാശിയതു ഇബ്നു ആബിദീന്‍: 1/ 342).
ശാഫിഈ മദ്ഹബിലെ ഗ്രന്ഥമായ നിഹായതുല്‍ മുഹ്താജിന്‍റെ ഹാശിയയില്‍ അലിയ്യു ശിബ്റാ മുല്ലസി(റ) പറയുന്നു: നിസ്കാരത്തില്‍ കാല്‍ നീട്ടി ഇരിക്കല്‍ കറാഹത്താണ്. എന്നാല്‍ നിസ്കാരത്തിലല്ലാത്ത അവസരത്തില്‍ കറാഹത്തില്ല. എങ്കിലും ഖിബ്ലക്ക് നേരെ കാല്‍ നീട്ടല്‍ മോശമായി കാണുന്ന ആളുടെ അടുത്ത് വച്ച് ഖിബ്ലയിലേക്ക് കാല്‍ നീട്ടല്‍ കറാഹത്താണ്. ഖിബ്ലയിലേക്ക് കാല്‍ നീട്ടല്‍ അത്യാവശ്യമാകാത്ത(ളറൂറത്ത്) സാഹചര്യത്തിലാണിത് (ഹാശിയതു അലിയ്യുശിബ്റാ മുല്ലസി അലാ നിഹായതില്‍ മുഹ്താജ്: 1/548).
ഇമാം ഖല്‍യൂബി(റ) പറയുന്നു: മൂത്രമൊഴിക്കലും വിസര്‍ജിക്കലും ഖിബ്ലക്ക് മുന്നിട്ടും പിന്നിട്ടും ചെയ്യാന്‍ പാടില്ല എന്ന് പറഞ്ഞത് കൊണ്ട് സംയോഗം ചെയ്യുക, കൊമ്പ് വെക്കുക(ഹിജാമ), ചലം പുറത്തെടുക്കുക, നജസായ വസ്തുക്കള്‍ ഖിബ്ലക്ക് നേരെ ഇടുക മുതലായവ ഒഴിവാകും. ഖിബ്ലക്ക് മുന്നിട്ടോ പിന്നിട്ടോ അവ ചെയ്യുന്നതില്‍ കറാഹത്തോ ഹറാമോ വരില്ല (ഹാശിയതുല്‍ ഖല്‍യൂബി: 1/45).
ചില പള്ളികളില്‍ മാത്രം വാങ്ക് കൊടുത്ത് മറ്റെല്ലാ പള്ളികളിലും ആധുനിക രീതികള്‍ ഉപയോഗിച്ച് അതേ വാങ്ക് തന്നെ എത്തിക്കുന്ന രീതി പല നാടുകളിലും കണ്ടുവരുന്നു. ഇങ്ങനെ ചില പള്ളികളില്‍ മാത്രം വാങ്ക് കൊടുത്താല്‍ മതിയാകുമോ?
മതിയാകില്ല. ഇമാം നവവി(റ) പറയുന്നു: അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന പള്ളികളില്‍ ചിലതിലെ വാങ്ക് കൊണ്ട് മറ്റുള്ളവര്‍ മതിയാക്കാതിരിക്കല്‍ സുന്നത്താണ്. മറിച്ച്, എല്ലാ ഓരോ പള്ളിയിലും വാങ്ക് കൊടുക്കണം. ഈ വിഷയം സ്വാഹിബുല്‍ ഉദ്ദയും മറ്റു പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ട് (ശറഹുല്‍ മുഹദ്ദബ്: 3/128).
ഇബ്നു ഹജര്‍(റ) എഴുതി: ഒരു നാടിന്‍റെ അറ്റത്തുനിന്ന് വാങ്ക് കൊടുത്താല്‍ കൊടുത്ത നാട്ടുകാര്‍ക്കാണ് സുന്നത്ത് ലഭിക്കുക. മറ്റുള്ളവര്‍ക്കല്ല-മറ്റ് നാട്ടുകാര്‍ വാങ്ക് കേട്ടാലും ശരി (തുഹ്ഫതുല്‍ മുഹ്താജ്: 1/ 491).
‘സമയമറിയിക്കുക’ എന്ന വാങ്കിന്‍റെ പ്രധാന ഉദ്ദേശ്യവും ഇത്തരം ആധുനിക സംവിധാനങ്ങള്‍ കൊണ്ട് കൃത്യമായി ലഭിക്കണമെന്നില്ല. കാരണം നാടിന്‍റെ സൂര്യോദയ സമയം മാറുന്നതനുസരിച്ച് വാങ്കിന്‍റെ സമയവും മാറും. കിഴക്കന്‍ നാടുകളില്‍ നിസ്കാര സമയം പ്രവേശിച്ചത് കൊണ്ട് പടിഞ്ഞാറന്‍ നാടുകളില്‍ സമയമാകണമെന്നില്ല. അപ്പോള്‍ സമയമറിയിക്കുക എന്ന ലക്ഷ്യവും ഇല്ലാതാകും.
മൊഴിമാറ്റം: ഇഖ്ബാല്‍ സഖാഫി മുണ്ടക്കുളം, യൂനുസ് സഖാഫി