അശുദ്ധിക്കാരിയുടെ റമളാൻ

സ്ത്രീസമൂഹത്തിന് പ്രകൃത്യാ നാഥൻ സംവിധാനിച്ചതാണ് ആർത്തവ(ഹൈള്)വും പ്രസവരക്ത(നിഫാസ്)വും. മനുഷ്യബുദ്ധിക്ക് അപ്രാപ്യമായ രഹസ്യങ്ങൾ സ്രഷ്ടാവിന്റെ ഓരോ സൃഷ്ടിപ്പിലുമുള്ളതുപോലെ ഇതിലും കാണാം. ഹൈളുകാരിയും നിഫാസുകാരിയും റമളാൻ നോമ്പിനെ സമീപിക്കേണ്ടതെങ്ങനെയെന്ന് മതം വിശദീകരിച്ചിട്ടുണ്ട്. കർമശാസ്ത്ര പണ്ഡിതർ ഗ്രന്ഥങ്ങളിൽ അത് രേഖപ്പെടുത്തിയതു കാണാം.

വ്രതാനുഷ്ഠാനം

ആർത്തവക്കാരിക്കും പ്രസവ രക്തമുള്ളവൾക്കും വ്രതം നിഷിദ്ധമാണെന്നും അനുഷ്ഠിക്കുന്നപക്ഷം അത് അസാധുവാണെന്നുമാണ് പണ്ഡിതരുടെ ഏകാഭിപ്രായം (ഇജ്മാഅ്). ഇക്കാര്യം ഇബ്‌നു ജരീറും മറ്റും ഉദ്ധരിച്ചിട്ടുണ്ട്. ‘ശുദ്ധി നോമ്പിന്റെ നിബന്ധനയല്ലെന്നിരിക്കെ നോമ്പ് അവളിൽ നിന്ന് സാധുവാകാത്തതിന്റെ സാംഗത്യമെന്തെന്ന് മനസ്സിലാകുന്നില്ല’ എന്ന് ഇമാമുൽ ഹറമൈനി(റ) പ്രസ്താവിക്കുന്നുണ്ട് (മജ്മൂഅ് 6/259, മുഗ്‌നി 1/109). ഇലാഹീ കൽപ്പന എന്ന നിലക്കാണ് അതനുസരിക്കേണ്ടതെന്ന് സാരം. എന്നാൽ ഇമാം ബുജൈരിമി(റ) നൽകുന്ന വിശദീകരണം ഇപ്രകാരമാണ്: അതിന്റെ സാംഗത്യം ബൗദ്ധികമായി മനസ്സിലാകും. ആർത്തവവും നോമ്പും ശരീരത്തെ ദുർബലപ്പെടുത്തുന്നവയായതിനാൽ ഇവ രണ്ടും സംഗമിക്കൽ വനിതകൾക്ക് ശക്തമായ പ്രയാസമുണ്ടാക്കും. അല്ലാഹു ശരീര സംരക്ഷണം നിഷ്‌കർഷിച്ചതിനാൽ വ്രതം നിഷിദ്ധമാക്കി (ഹാശിയതുൽ ബുജൈരിമി 3/116). നമുക്ക് ഗ്രാഹ്യമാകുന്നൊരു യുക്തി മാത്രമാണിത്. അതിനാൽ ഹൈള്-നിഫാസോടെ നോമ്പനുഷ്ഠിക്കാൻ ശാരീരിക ശേഷിയുള്ളവൾക്ക് നോമ്പ് അനുവദനീയമാണെന്ന് വരില്ല. അവൾക്കും നിഷിദ്ധം തന്നെ. എന്നാൽ നോമ്പിന്റെ നിയ്യത്ത് കൂടാതെ ഉപവസിച്ചാൽ അവൾ കുറ്റക്കാരിയല്ല. നോമ്പിനെ കരുതുമ്പോഴാണ് (സാധുവാകുന്നില്ലെങ്കിലും) അവൾ കുറ്റക്കാരിയാകുന്നത് (മജ്മൂഅ് 6/263).
‘നോമ്പ് ഖളാഅ് വീട്ടാൻ ഞങ്ങൾ കൽപ്പിക്കപ്പെട്ടിരുന്നു, നിസ്‌കാരം വീട്ടാൻ കൽപ്പിക്കപ്പെട്ടിരുന്നില്ല’ എന്ന ഇമാം മുസ്‌ലിമും മറ്റും റിപ്പോർട്ട് ചെയ്ത ആഇശാ(റ)യുടെ ഹദീസാണ് നോമ്പ് നിഷിദ്ധമാണെന്നതിന്റെ ഒരു തെളിവ്. അബൂദാവൂദ്, തുർമുദി, നസാഈ എന്നിവരുടെ റിപ്പോർട്ടിൽ: ഞങ്ങൾക്ക് ഹൈളുണ്ടാകാറുണ്ടായിരുന്നു. നബി(സ്വ) ഞങ്ങളോട് നോമ്പ് ഖളാഅ് വീട്ടാൻ കൽപ്പിച്ചിരുന്നു. നിസ്‌കാരം ഖളാഅ് വീട്ടാൻ കൽപ്പിച്ചിരുന്നില്ല’ എന്ന് കാണാം.
സ്വഹാബീ വനിതകൾ ഋതുമതികളായപ്പോൾ നോമ്പനുഷ്ഠിച്ചിരുന്നില്ലെന്ന് ഈ ഹദീസ് അറിയിക്കുന്നു. വ്രതം ഹറാമാണെന്നതിന് പ്രസ്തുത ഹദീസിൽ തെളിവില്ല. മറിച്ച് യാത്രക്കാരെ പോലെ ഹൈളുകാരിക്കും നോമ്പ് നിർബന്ധമില്ല, ജാഇസാണ് എന്ന അഭിപ്രായം ബാലിശമാണ്. കാരണം സ്വഹാബീ വനിതകളുടെ ഇബാദത്തിലുള്ള കാർക്കശ്യവും സാധ്യമായ ആരാധനയെല്ലാം നിർവഹിക്കാനുള്ള അവരുടെ ഉത്സാഹവും സ്ഥിരപ്പെട്ടതാണെന്നിരിക്കെ നോമ്പ് അവർക്ക് ജാഇസായിരുന്നെങ്കിൽ അവരിൽ ചിലരെങ്കിലും നോമ്പനുഷ്ഠിക്കുമായിരുന്നു. പക്ഷേ, ആരും നോമ്പെടുത്തില്ല.
ഇമാം ബുഖാരിയും മുസ്‌ലിമും അബൂസഈദുൽ ഖുദ്‌രി(റ)യിൽ നിന്ന് റിപ്പോർട്ട് ചെയ്ത ഹദീസും നോമ്പ് ഹറാമാണെന്ന് പഠിപ്പിക്കുന്നു. തിരുനബി(സ്വ) അരുളി: അവർ (ആർത്തവ വേളയിൽ) രാത്രികളിൽ നിസ്‌കരിക്കാതെ കഴിയുകയും റമളാൻ നോമ്പ് ഉപേക്ഷിക്കുകയും ചെയ്യുന്നു. അവർക്ക് ദീൻ കുറവായതിന്റെ അടയാളമാണത്.’ ഇമാം ബുഖാരി(റ)യുടെ റിപ്പോർട്ടിൽ നബി(സ്വ) പറയുന്നു: ‘ഋതുമതിയായാൽ സ്ത്രീകൾ രാത്രിയിലെ നിസ്‌കാരവും നോമ്പും ഉപേക്ഷിക്കുന്നില്ലേ?’ (മജ്മൂഅ് 2/356).
രാത്രി ആർത്തവത്തിൽ നിന്ന് ശുദ്ധിയായാൽ, അഥവാ പഞ്ഞി വെച്ചാൽ രക്തത്തിന്റെ നിറം കാണും വിധം പോലും രക്തമില്ലെങ്കിൽ കുളിക്കുന്നതിനു മുമ്പ് അവൾക്ക് രാത്രി നിയ്യത്ത് ചെയ്ത് നോമ്പെടുക്കാവുന്നതാണ് (തുഹ്ഫ 1-392). എങ്കിലും സ്വുബ്ഹിയുടെ മുമ്പ് കുളിക്കലാണ് ഉത്തമം. രക്തം നിലച്ചുവെന്ന ധാരണയിൽ വ്രതമനുഷ്ഠിക്കുകയും പിന്നീട് രക്തം കാണുകയും ചെയ്താൽ ഹൈളാണെന്ന് അറിയാതെ പ്രവർത്തിച്ചതു മൂലം അവൾ കുറ്റക്കാരിയല്ല.

ആർത്തവക്കാരിയുടെ നിയ്യത്ത്

ഋതുമതിയായിരിക്കെ നോമ്പ് സ്വീകാര്യമല്ല എന്ന് വിവരിച്ചല്ലോ. എന്നാൽ അധികരിച്ച ആർത്തവം മുതൽ (ആർത്തവാരംഭം മുതൽ പതിനഞ്ച് ദിവസങ്ങൾ പൂർത്തിയായ രാത്രി) രക്തം മുറിയുന്നതിനു മുമ്പുതന്നെ നിയ്യത്ത് ചെയ്ത് നോമ്പെടുക്കാവുന്നതാണ്. കാരണം പിറ്റേന്ന് പൂർണമായും ശുദ്ധിയായിരിക്കുമെന്ന് അവൾക്ക് ഉറപ്പാണ്. മാത്രമല്ല, അധികരിച്ച ഹൈള് കഴിഞ്ഞിട്ടും രക്തം തുടർന്നാൽ അത് രോഗരക്തമായതിനാൽ നോമ്പിനെ ബാധിക്കുകയുമില്ല.
ഇപ്രകാരം, അവൾക്ക് സാധാരണ ആർത്തവമുണ്ടാകുന്ന അത്രയും ദിവസങ്ങൾ (ഉദാ: എല്ലാ മാസവും ഏഴു ദിവസം) പ്രസ്തുത രാത്രിയിൽ പൂർത്തിയാകുമെങ്കിലും നോമ്പിന് നിയ്യത്ത് വെക്കാവുന്നതാണ്. അതുപോലെ, പതിവ് ആർത്തവം കൃത്യമായ ഘടനയോടു കൂടി വ്യത്യസ്തമാവുകയും (ഉദാ: ഒന്നാം മാസവും മൂന്നാം മാസവും 8 ദിവസം, രണ്ടാം മാസവും നാലാം മാസവും 11 ദിവസം) ആ ഘടന മറക്കാതിരിക്കുകയും അതനുസരിച്ച് പ്രസ്തുത രാത്രിയിൽ ആർത്തവം അവസാനിക്കുമെങ്കിലും രക്തം നിലക്കുന്നതിന് മുമ്പുതന്നെ നിയ്യത്ത് ചെയ്യലും സ്വുബ്ഹിക്കു മുമ്പ് രക്തം നിന്നാൽ ആ നിയ്യത്തനുസരിച്ച് നോമ്പനുഷ്ഠിക്കലും അനുവദനീയമാണെന്നാണ് പ്രബലം. കാരണം പതിവ് (ആദത്ത്) തുടരലാണ് പ്രത്യക്ഷ സാധ്യത. എന്നാൽ ആർത്തവ ദിവസങ്ങൾ ചില മാസങ്ങളിൽ കൂടിയും ചില മാസങ്ങളിൽ കുറഞ്ഞും കാണപ്പെടുന്നവൾക്ക് ആർത്തവമുണ്ടാകാറുള്ള ഏറ്റവും കൂടിയ ദിവസങ്ങൾ പ്രസ്തുത രാത്രിയിൽ പൂർത്തിയായെങ്കിലേ രക്തം നിലക്കുന്നതിന് മുമ്പുള്ള നിയ്യത്ത് സ്വീകരിക്കപ്പെടുകയുള്ളൂ.
അതേസമയം അധികരിച്ച ദിവസം, അല്ലെങ്കിൽ അവളുടെ പതിവ് ആർത്തവ ദിവസങ്ങൾ, അതുമല്ലെങ്കിൽ ആർത്തവ ദിവസങ്ങളുടെ എണ്ണം വ്യത്യാസപ്പെടാറുണ്ടെങ്കിൽ ഏറ്റവും കൂടിയ ദിവസങ്ങൾ പ്രസ്തുത രാത്രിയിൽ പൂർത്തിയാവുകയില്ലെങ്കിൽ രക്തം നിലക്കുന്നതിന് മുമ്പുള്ള നിയ്യത്ത് പരിഗണനീയമല്ല. കാരണം പിറ്റേന്ന് ശുദ്ധിയുണ്ടാകുമെന്ന ഉറപ്പില്ലാതെയും ഒരു അടിസ്ഥാനവും തെളിവുമില്ലാതെയുമാണ് അവൾ നിയ്യത്ത് ചെയ്തിരിക്കുന്നത്. ഇനി സ്വുബ്ഹിയുടെ മുമ്പായി രക്തം മുറിഞ്ഞാൽ അവൾ നിയ്യത്ത് ചെയ്ത് നോമ്പനുഷ്ഠിക്കേണ്ടതാണ്. ഈ പറയപ്പെട്ട കാര്യങ്ങളിലെല്ലാം നിഫാസും ഹൈള് പോലെയാണ് പരിഗണിക്കുക (തുഹ്ഫ 3/397, മുഗ്‌നി 1/427, നിഹായ 9/ 343).

ഇംസാക്

റമളാൻ പകലിനിടക്ക് ഹൈള്, നിഫാസ് ശുദ്ധിയായാൽ അവൾക്ക് ഇംസാക് (നോമ്പ് മുറിയുന്ന കാര്യങ്ങൾ വർജിക്കൽ) സുന്നത്താണ്, നിർബന്ധമില്ല (ഫത്ഹുൽ മുഈൻ 270, മജ്മൂഅ് 6/259). അബൂഇസ്ഹാഖു ശീറാസി(റ) ഈ വീക്ഷണമാണ് പ്രബലപ്പെടുത്തിയിട്ടുള്ളത്. ഭൂരിപക്ഷം പണ്ഡിതരും അതംഗീകരിക്കുകയും ഇമാമുൽ ഹറമൈനി(റ)യും മറ്റും അതിൽ അസ്വ്ഹാബിന്റെ യോജിപ്പ് ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ട്.
ഇമാം അബൂഹനീഫ, ഔസാഈ, സൗരി(റ) എന്നിവരിൽ നിന്ന് ഇംസാക് നിർബന്ധമാണെന്ന അഭിപ്രായം നവവി(റ)യുടെ അസ്വ്ഹാബ് രേഖപ്പെടുത്തിയിട്ടുണ്ട് (മജ്മൂഅ് 6/ 260).

മരുന്നുപയോഗിക്കൽ

സ്‌ത്രൈണ പ്രകൃതിയിൽ സ്രഷ്ടാവ് സംവിധാനിച്ച മാസമുറ തടയാൻ മരുന്നുകൾ കഴിക്കാതിരിക്കലാണ് ഉത്തമം. കൃത്രിമമായി ആർത്തവം നിയന്ത്രിച്ച് റമളാൻ മാസം മുഴുവൻ നോമ്പനുഷ്ഠിക്കുന്നതിന് പകരം അല്ലാഹു നിശ്ചയിച്ചുതന്ന പരിധികളും ഇളവുകളും സന്തോഷപൂർവം സ്വീകരിക്കുകയാണ് സഹോദരിമാർ ചെയ്യേണ്ടതെന്നാണ് പണ്ഡിത നിർദേശം. ഋതുമതിയായ സ്ത്രീക്ക് അവളുടെ ആർത്തവ കാലം പ്രായശ്ചിത്തമാണെന്ന് ആഇശ(റ) ഉദ്ധരിക്കുന്ന ഹദീസിൽ കാണാം. മരുന്നുപയോഗിച്ചും മറ്റുമുള്ള ആർത്തവ നിയന്ത്രണവും നിർമാണവും ശരീരത്തിന് ഹാനികരമല്ലെന്ന് നീതിമാനും വിശ്വസ്തനുമായ വൈദ്യവിദഗ്ധൻ ഉറപ്പുനൽകിയാൽ മാത്രമേ അതനുവദനീയമാകൂ. ഹാനികരമാകുന്ന പക്ഷം അതു നിഷിദ്ധമാണ് (ഗായതു തൽഖീസിൽ മുറാദ് 14, കശ്ശാഫുൽ ഖനാഅ് 1/218).
എന്നാൽ, ആർത്തവ വിമുക്തിക്കായി മരുന്ന് കഴിക്കാനുദ്ദേശിച്ച സ്ത്രീക്ക് ഇബ്‌നു ഉമർ(റ) മരുന്നായി അറാക്കിന്റെ നീര് നിർദേശിച്ചതു കാണാം (മുസ്വന്നഫ് അബ്ദുറസാഖ് 1/318). ഹജ്ജ്-ഉംറ വേളകളിൽ ഏറെ ആശ്വാസമേകുന്ന ഈ രീതി ഉപയോഗിച്ച് ആർത്തവം നിറുത്തിയവളെ ശുദ്ധിയുള്ളവളായാണ് ഗണിക്കുക. അതിനാൽ അവൾക്ക് നോമ്പ് നിർബന്ധമായിത്തീരും. ഇപ്രകാരം, മരുന്നുപയോഗിച്ച് മാസമുറ നേരത്തെ ഉണ്ടാക്കിയാലും സ്വാഭാവിക ആർത്തവത്തിന്റെ എല്ലാ വിധികളും ബാധകമാക്കുകയും വ്രതം നിഷിദ്ധമാവുകയും ചെയ്യും.

ഖളാഅ് വീട്ടൽ

ആർത്തവക്കാരിക്കും പ്രസവരക്തമുള്ളവൾക്കും ശുദ്ധിയായാൽ നഷ്ടപ്പെട്ട നോമ്പ് ഖളാഅ് വീട്ടൽ നിർബന്ധമാണെന്നതിൽ പണ്ഡിതർക്ക് ഏകാഭിപ്രായമാണ്. തിർമുദി, ഇബ്‌നുൽ മുൻദിർ, ഇബ്‌നു ജരീർ തുടങ്ങിയവരും ഇമാം നവവി(റ)യുടെ അസ്വ്ഹാബും മറ്റും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.
ഹൈളുമായി ബന്ധപ്പെട്ട ഹദീസിൽ ആഇശ(റ) പറഞ്ഞു: ‘നോമ്പ് ഖളാഅ് വീട്ടാൻ ഞങ്ങൾ കൽപ്പിക്കപ്പെട്ടിരുന്നു, നിസ്‌കാരം ഖളാഅ് വീട്ടാൻ ഞങ്ങൾ കൽപ്പിക്കപ്പെട്ടിരുന്നില്ല’ (ബുഖാരി, മുസ്‌ലിം). ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ ഹൈളുകാരിക്ക് നോമ്പ് ഖളാഅ് വീട്ടൽ നിർബന്ധമായി. നിഫാസുകാരി ഹൈളുകാരിയുടെ വ്യാപ്തിയിൽ പെടുമെന്നതിനാൽ അവളോട് തുലനപ്പെടുത്തുകയും ചെയ്തു (മജ്മൂഅ് 6/257259).
ഹൈള്-നിഫാസ് കാലയളവിലെ നിസ്‌കാരം ഖളാഅ് വീട്ടാൻ പാടില്ലെന്നിരിക്കെ നോമ്പ് ഖളാഅ് വീട്ടൽ നിർബന്ധമാക്കിയതിന്റെ രഹസ്യം കൃത്യമായി അല്ലാഹുവിനേ അറിയൂ. എന്നാൽ മഹാന്മാർ ഇതിനെ ബൗദ്ധികമായി വിശകലനം ചെയ്തിട്ടുണ്ട്: വർഷത്തിൽ ഒരു മാസമാണ് നോമ്പ് നിർബന്ധമുള്ളത്. സാധാരണ മിക്ക സ്ത്രീകളുടെയും ആർത്തവ തോത് മാസത്തിൽ ഏഴ് ദിവസമാണുതാനും. പതിനൊന്ന് മാസത്തിനിടെ ഏഴു നോമ്പ് വീട്ടുക എന്നത് ക്ലേശകരമല്ല. എന്നാൽ നിസ്‌കാരത്തിന്റെ കാര്യം അങ്ങനെയല്ലല്ലോ. അധികമായതു നിമിത്തം നിസ്‌കാരം ഖളാഅ് വീട്ടൽ ക്ലേശകരമാണ് (മുഗ്‌നി 1/109).
അടുത്ത റമളാൻ വരെ വിശാലമായ സമയമുണ്ടെങ്കിലും തടസ്സം നീങ്ങിയ ഉടൻ കഴിയുന്നത്ര വേഗം നോമ്പുകൾ ഖളാഅ് വീട്ടാൻ ശ്രദ്ധിക്കണം. ന്യായമായ കാരണമില്ലാതെ അടുത്ത റമളാൻ വരെ നോറ്റുവീട്ടാതെ പിന്തിക്കുന്നത് കുറ്റകരമാണ്. അങ്ങനെ പിന്തിക്കുന്നപക്ഷം, ഓരോ നോമ്പിനും ഓരോ മുദ്ദ് വീതം ഭക്ഷ്യധാന്യം പ്രായശ്ചിത്തമായി ഫഖീർ, മിസ്‌കീൻ എന്നിവർക്ക് നൽകണം. വർഷങ്ങൾ പിന്തിച്ചാൽ പ്രബല വീക്ഷണപ്രകാരം വർഷങ്ങളുടെ കണക്കനുസരിച്ച് മുദ്ദും വർധിപ്പിക്കണം (തുഹ്ഫ 3/445 ). കൂടാതെ, ചെയ്തുപോയ തെറ്റിന് അല്ലാഹുവിനോട് ആത്മാർത്ഥമായി പശ്ചാത്തപിക്കുകയും വേണം.

 

ഹുസ്‌നുൽ ജമാൽ കിഴിശ്ശേരി

 

Exit mobile version