ഭൗമോപരിതലത്തിന് അടുത്തുള്ള വായുവിന്റെയും സമുദ്രങ്ങളുടെയും ശരാശരി താപനിലയില്‍ കഴിഞ്ഞ ഏതാനും ദശകങ്ങളായുള്ള വര്‍ധനവിനെയും ഇതിന്റെ തുടര്‍ച്ചയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങളെയുമാണ് ആഗോളതാപനം കൊണ്ട് ഉദ്ദേശിക്കുന്നത്.
മാനുഷികപ്രവര്‍ത്തനങ്ങള്‍ കൊണ്ടും മറ്റു പ്രകൃത്യാലുള്ള കാരണങ്ങള്‍ കൊണ്ടും ഹരിതഗൃഹവാതകങ്ങളായ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, മീഥേന്‍, നൈട്രസ് ഓക്‌സൈഡ് തുടങ്ങിയവയുടെ അന്തരീക്ഷത്തിലുള്ള അളവ് വര്‍ധിക്കുന്നു. സൂര്യനില്‍ നിന്നും ഭൂമിയിലേക്കെത്തുന്ന ചൂടിന്റെ പ്രതിഫലനത്തെ ഈ വാതകങ്ങള്‍ തടയുകയും ഭൂമിയിലെ താപനില വര്‍ധിക്കുകയും ചെയ്യുന്നു.
കഴിഞ്ഞ ദശകത്തില്‍ ഭൗമോപരിതലത്തിനോടു ചേര്‍ന്നുള്ള വായുപാളിയുടെ ശരാശരി താപനില 0.18 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ചു. ഇന്റര്‍ഗവണ്മെന്റല്‍ പാനെല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐ.പി.സി.സി) തയ്യാറാക്കിയ പഠനപ്രകാരം, ഇരുപതാം നൂറ്റാണ്ടിന്റെ മധ്യം മുതല്‍ ഉണ്ടായ ആഗോള താപവര്‍ധനവിന്റെ പ്രധാന കാരണം മനുഷ്യനിര്‍മിതമായ ഹരിതഗൃഹ വാതകങ്ങളുടെ വര്‍ധനവാണ്. ഇത് ഹരിതഗൃഹ പ്രഭാവം ചെലുത്തി അന്തരീക്ഷത്തിന്റെ പ്രതലപാളിയിലും താഴ്ന്ന പാളികളിലുമുള്ള താപനില ഉയര്‍ത്തുന്നു. പ്രകൃതിയിലെ സ്വാഭാവിക മാറ്റങ്ങളായ സൗര വ്യതിയാനം, അഗ്‌നിപര്‍വതങ്ങള്‍ തുടങ്ങിയവക്ക് വ്യാവസായിക കാലഘട്ടം തുടങ്ങുന്നതിനു മുമ്പു മുതല്‍ 1950 വരെ ആഗോളതാപനത്തില്‍ ഒരു ചെറിയ പങ്കുണ്ടെങ്കിലും, 1950 മുതല്‍ ഇവയ്ക്ക് ഒരു തണുപ്പിക്കല്‍ സ്വാധീനമാണ് അന്തരീക്ഷത്തിലുള്ളത്.
ഈ പ്രാഥമിക നിഗമനങ്ങള്‍ പ്രധാന വ്യാവസായിക രാജ്യങ്ങളിലെ ദേശീയ ശാസ്ത്ര അക്കാദമികളിലെ 30 ശാസ്ത്രജ്ഞന്മാരും വിദഗ്ധരുമെങ്കിലും അംഗീകരിച്ചിരിക്കുന്നു. ഈ നിഗമനങ്ങളെ നിരാകരിക്കുന്ന ഏക ശാസ്ത്രീയ സൊസൈറ്റി അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് പെട്രോളിയം ജിയോളജിസ്റ്റ്‌സ് ആണ്. ചുരുക്കം ചിലര്‍ ആഗോളതാപനത്തിന്റെ ഈ പഠനങ്ങളിലെ ചില ഭാഗങ്ങളുമായി വിയോജിക്കുന്നു.
മാനുഷികപ്രവര്‍ത്തനങ്ങള്‍ മൂലം 1750 മുതല്‍ അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ അളവില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗമാണ് കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ വര്‍ധനവിന് കാരണമായതെങ്കില്‍ കൃഷിയോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് മീഥേന്‍, നൈട്രസ് ഓക്‌സൈഡ് എന്നിവയുടെ വര്‍ധനവിന് പ്രധാനകാരണം. കൃഷിസ്ഥലങ്ങളില്‍ നിന്നും കന്നുകാലികളില്‍ നിന്നും മീഥേന്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്.
ഫലങ്ങള്‍
ആഗോളതാപനത്തിന്റെ ഫലമായി ഉയര്‍ന്ന ചൂടിന്റെ 80 ശതമാനവും ആഗിരണം ചെയ്യുന്നത് സമുദ്രങ്ങളാണ്. ഇതുമൂലം സമുദ്രജലം 3000 മീറ്റര്‍ ആഴത്തില്‍ വരെ ചൂടു പിടിക്കുന്നു. ഇങ്ങനെ ചൂടുപിടിച്ച് വ്യാപ്തം വര്‍ധിക്കുന്ന ജലം സമുദ്രനിരപ്പില്‍ കാര്യമായ ഉയര്‍ച്ചക്ക് കാരണമാകുന്നു. കൂടാതെ ധ്രുവങ്ങളില്‍ മഞ്ഞും ഹിമാനിയും (ഗ്ലേസിയര്‍) ഉരുകുന്നതിനും ഇത് കാരണമാകുന്നു.
1961 മുതല്‍ 2003 വരെയുള്ള കണക്കുകളനുസരിച്ച് ശരാശരി ഓരോ വര്‍ഷവും 1.8 മില്ലീമീറ്റര്‍ വീതം സമുദ്രജലനിരപ്പ് ഉയരുന്നുണ്ട്. 1993 മുതല്‍ 2003 വരെ ഇത് വളരെയധികമാണ്. മഴ, കാറ്റ്, സമുദ്രത്തിലെ ലവണാംശം എന്നിങ്ങനെ കാലാവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ ആഗോളതാപനം മൂലം വ്യാപകമായി കാണുന്നു. കൂടാതെ ഹീറ്റ് വേവ്‌സ്, വെള്ളപ്പൊക്കം, ട്രോപ്പിക്കല്‍ ചക്രവാതങ്ങളുടെ വര്‍ധിച്ച തീവ്രത, കനത്ത മഴ എന്നിങ്ങനെ അതിശക്തമായ കാലാവസ്ഥാവ്യതിയാനങ്ങളും കാണുന്നു.മനുഷ്യരടക്കമുള്ള മിക്ക ജീവജാലങ്ങള്‍ക്കും ഈ കാലാവസ്ഥാമാറ്റങ്ങള്‍ പ്രതികൂലമായാണ് ഭവിക്കുന്നത്. കാലാവസ്ഥയിലുള്ള അസ്ഥിരത മിക്ക കാര്‍ഷികവിളകളെയും ബാധിക്കുന്നു. സമുദ്രനിരപ്പിലുള്ള ഉയര്‍ച്ച തീരദേശനിവാസികളുടെ വാസസ്ഥലം അപഹരിക്കുന്നു.
ആഗോളതാപനത്തിന് കാരണമാകുന്ന എല്ലാ പ്രവര്‍ത്തനങ്ങളും മനുഷ്യന്‍ നിര്‍ത്തിവച്ചാല്‍പോലും ഓരോ ദശാബ്ദത്തിലും 0.1 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ച്ച അടുത്ത രണ്ടു ദശാബ്ദങ്ങളിലെ താപനിലയില്‍ ഉണ്ടാകുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ആഗോളതാപനത്തെത്തുടര്‍ന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം ദരിദ്രരില്‍ ദരിദ്രരെയായിരിക്കും ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്ന് അന്താരാഷ്ട്ര പാരിസ്ഥിതിക വിദഗ്ധരടങ്ങുന്ന ഇന്റര്‍ ഗവണ്മന്റല്‍ പാനല്‍ ഫോര്‍ ക്ലൈമെറ്റ് ചെയ്ഞ്ചിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വികസിത രാജ്യങ്ങളിലേതുള്‍പ്പെടെയുള്ള ദരിദ്രനാരായണന്മാരായിരിക്കും കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങള്‍ ഏറ്റവും അനുഭവിക്കുക.
കാലാവസ്ഥാ വ്യതിയാനം
നമുക്ക് വേനല്‍ക്കാലത്ത് ചൂടും ശീതകാലത്ത് തണുപ്പും അനുഭവപ്പെടുന്നു. ഈ രീതിയിലാണ് വ്യത്യസ്ത കാലാവസ്ഥകള്‍ അനുഭവപ്പെടുന്നത്. നിശ്ചിത കാലയളവില്‍ അനുഭവപ്പെടുന്ന ദൈനംദിന ശീതോഷ്ണത്തിന്റെ ശരാശരിയാണ് ആ പ്രദേശത്തിന്റെ കാലാവസ്ഥ. വൃഷ്ടി, സൂര്യപ്രകാശം, കാറ്റ്, നീരാവി, ഊഷ്മാവ് എന്നീ ഘടകങ്ങളാണ് ഒരു പ്രദേശത്തിന്റെ കാലാവസ്ഥയെ നിര്‍ണയിക്കുന്നത്. ഒരു ദിവസത്തിന്റെ ശീതോഷ്ണസ്ഥിതിയില്‍ പെട്ടെന്ന് വ്യക്തമായ വ്യത്യാസങ്ങള്‍ ദൃശ്യമാകാം. എന്നാല്‍ ഒരു പ്രദേശത്തിന്റെ കാലാവസ്ഥയില്‍ മാറ്റങ്ങളുണ്ടാകുന്നത് ക്രമേണയായിരിക്കും. സര്‍വജീവജാലങ്ങളും അങ്ങനെയുള്ള മാറ്റങ്ങളോട് ഇണങ്ങിച്ചേരുന്നുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളില്‍ അസാധാരണ വേഗതയിലാണ് കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നത്. ചില ജന്തുവര്‍ഗങ്ങള്‍ക്കും സസ്യവര്‍ഗങ്ങള്‍ക്കും ഇതുമായി യോജിക്കാന്‍ സാധിക്കാതെ വന്നിട്ടുണ്ട്. ഈ പ്രകടമായ ധ്രുതഗതിയിലുള്ള കാലാവസ്ഥാ വ്യതിയാനത്തിനു കാരണം പ്രകൃതിയിലുള്ള മനുഷ്യന്റെ ഇടപെടലുകളാണ്.
വ്യതിയാനം ബാധിക്കുന്നതെങ്ങനെ?
കാലാവസ്ഥാ വ്യതിയാനം മനുഷ്യരാശിക്ക് വന്‍ ഭീഷണിയാണ്. 19-ാം നൂറ്റാണ്ടിലേതിനെ അപേക്ഷിച്ച്, ഭൂമിയിലെ ഉപരിതല താപനില 0.30 മുതല്‍ 0.6 വരെയാണ് നിലവില്‍ വര്‍ധിച്ചിട്ടുള്ളത്. ഈ വര്‍ധന വളരെ കുറവാണല്ലോ എന്ന് നമുക്ക് തോന്നിയേക്കാം. എന്നാല്‍ പല ദുരന്തങ്ങളിലേക്കും ഇത് നയിച്ചേക്കാം.
കൃഷി
ജനസംഖ്യാവര്‍ധനവ് ഭക്ഷണ സാധനങ്ങളുടെ ആവശ്യത്തെയും വര്‍ധിപ്പിക്കുന്നു. ഇത് പ്രകൃതി വിഭവങ്ങളുടെ മേലുള്ള സമ്മര്‍ദം വര്‍ധിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനം കാര്‍ഷിക ഉല്‍പാദനത്തെയും ബാധിക്കുന്നുണ്ട്. താപനിലയിലും വര്‍ഷപാതത്തിലും ഉണ്ടാകുന്ന വ്യത്യാസങ്ങള്‍ കൃഷിയെ പ്രത്യക്ഷമായി ബാധിക്കുമ്പോള്‍ മണ്ണിന്റെ ഗുണം/വീര്യം, കീടങ്ങള്‍, സസ്യരോഗങ്ങള്‍, ഇവയിലൂടെ പരോക്ഷമായും കൃഷിയെ ബാധിക്കാവുന്നതാണ്. ഇന്ത്യയില്‍, ധാന്യവര്‍ഗങ്ങളുടെ ഉല്‍പാദനത്തില്‍ കുറവുണ്ടാകും എന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. വര്‍ധിച്ചു വരുന്ന താപനില, അതിവര്‍ഷവും വെള്ളപ്പൊക്കവും, വരള്‍ച്ച എന്നിവയും കാര്‍ഷികോല്‍പാദനത്തെ ബാധിക്കുന്നത് തന്നെയാണ്.
കാലാവസ്ഥ
താപനിലയുടെ ഉയര്‍ച്ച വര്‍ഷപാതത്തെ ബാധിക്കുന്നു. വരള്‍ച്ചയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമാകുന്നു. ഗ്ലേസിയര്‍ ധ്രുവ പ്രദേശത്തെ മഞ്ഞുപാളികള്‍ ഇവയെ ദ്രവീകരിക്കുകയും സമുദ്രത്തിലെ ജലനിരപ്പ് ഉയരുന്നതിന് ഇടയാക്കുകയും ചെയ്യുന്നു. സമീപ കാലത്ത് സൈക്ലോണുകളുടെയും കൊടുങ്കാറ്റുകളുടെ എണ്ണം വര്‍ധിച്ചുവരുന്നതായി നാം കാണുന്നു. അന്തരീക്ഷത്തിലെ താപനിലയുടെ വര്‍ധന ഇതിന് ഒരു പ്രധാന കാരണമാണ്.
സമുദ്ര ജലനിരപ്പിലെ ഉയര്‍ച്ച
സമുദ്രത്തിലെ ജലനിരപ്പ് ഉയരുന്നതാണ്, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഒരു പരിണതി. ഗ്ലേസിയറുകളും ധ്രുവപ്രദേശത്തെ മഞ്ഞുപാളികളും ഉരുകുന്നതിന്റെ ഫലമായി സമുദ്രനിരപ്പ് ആഗോള വ്യാപകമായി ശരാശരി അരമീറ്റര്‍ ഉയരും. ഒരു നൂറ്റാണ്ടിനുള്ളില്‍ ഇതുണ്ടാവുമെന്നാണ് ശാസ്ത്രലോകം ഭയപ്പെടുന്നത്. തീരപ്രദേശങ്ങളെ ഇത് അക്ഷരാര്‍ത്ഥത്തില്‍ ഭൗതികക്ഷതങ്ങളേല്‍പ്പിക്കും; ഭൂമി വെള്ളത്തിനടിയില്‍ അപ്രത്യക്ഷമാവുകയോ ഒലിച്ചു പോവുകയോ ചെയ്യാം, വെള്ളപ്പൊക്കം വ്യാപകമാകാം, എല്ലായിടത്തും ഉപ്പുവെള്ളം കടന്നു കയറാം. ഇത് തീരപ്രദേശങ്ങളിലെ കൃഷിയെ, കുടിവെള്ള സ്രോതസ്സുകളെ, മത്സ്യബന്ധനത്തെ, ആവാസ കേന്ദ്രങ്ങളെ, ആരോഗ്യത്തെ ഒക്കെ പാടേ നശിപ്പിക്കാന്‍ സാധ്യതയുണ്ട്.
ആരോഗ്യം
ആഗോളതാപവര്‍ധന മനുഷ്യന് പുതിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. മുഖ്യമായും ശരീരത്തിലെ ജലാംശം വാര്‍ന്നു പോകുന്ന ഈ അവസ്ഥ മരണകാരണമായി മാറുന്നു. പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കുക, പോഷകാഹാരങ്ങള്‍ ലഭ്യമാകാതെ വരിക, പൊതുജനാരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ദുര്‍ബലപ്പെടുക തുടങ്ങിയ അവസ്ഥയും ഉണ്ടാകാം.
വനം, വന്യജീവി
സസ്യങ്ങളും മൃഗങ്ങളും ഉള്‍പ്പെടുന്ന ജീവജാലങ്ങള്‍, പരിസ്ഥിതിയിലെ ഏറ്റവും ചെറിയ മാറ്റങ്ങളോടു പോലും പ്രതികരിക്കാറുണ്ട്. അത് അവരെ ബാധിക്കുന്നു. കാലാവസ്ഥാ വ്യതിയാനം വേഗതയില്‍ സംഭവിച്ചാല്‍, ജീവജാലങ്ങളിലെ പല ഇനങ്ങള്‍ക്കും വംശനാശം സംഭവിക്കുമെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
ശ്രദ്ധിക്കേണ്ടത്
ഫോസില്‍ ഇന്ധനങ്ങളുടെ (പുനര്‍ ലഭ്യതയില്ലാത്ത ഇന്ധനങ്ങള്‍) ഉപയോഗം കുറയ്ക്കുക.
സൗരോര്‍ജ്ജം, കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജം തുടങ്ങിയ പുനര്‍ലഭ്യതയുള്ള ഊര്‍ജ്ജസ്രോതസ്സുകള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തുക.
മരങ്ങള്‍ മുറിക്കാതിരിക്കുക, കൂടുതല്‍ മരങ്ങള്‍ വളര്‍ത്തുക.
പ്ലാസ്റ്റിക്ക് പോലുള്ള അജീര്‍ണ വസ്തുക്കളുടെ വിവേചനമില്ലാതെയുള്ള ഉപയോഗം ഒഴിവാക്കുക.