ആഗോള രാഷ്ട്രീയ മണ്ഡലത്തിലെ സലഫീ ധാരകൾ

നിലനിൽക്കുന്ന രാഷ്ട്രീയ, അക്കാദമിക, നയരൂപീകരണ മണ്ഡലങ്ങളിൽ സലഫിസത്തിന് ഏകകണ്ഠമായ ഒരു നിർവചനം നൽകപ്പെട്ടിട്ടില്ല. സലഫികൾ എന്നു സ്വയം വിശേഷിപ്പിക്കുകയോ Actur’s agency)നിരീക്ഷകരാലും പഠിതാക്കളാലും സലഫികൾ എന്ന് വിളിക്കപ്പെടുകയോ ചെയ്യുന്ന വിഭാഗം (Analytical category) വിഭിന്ന ചിന്താധാരകൾ വെച്ചുപുലർത്തുന്ന സംഘങ്ങളുടെ പൊതുനാമമായി മനസ്സിലാക്കാം. ‘സലഫികൾ’ എന്ന പൊതുസംജ്ഞ വഹിക്കുന്ന വിഭാഗങ്ങൾ ചില കർമശാസ്ത്ര വീക്ഷണങ്ങൾ, രാഷ്ട്രീയ നിലപാടുകൾ, സംഘടന -പ്രവർത്തന രീതികൾ എന്നിവയിലെല്ലാം വ്യത്യസ്ത നിലപാടുകളുള്ളവരാണെന്നും മനസ്സിലാക്കാം. എന്നാൽ ഈ വിഭാഗങ്ങളെയെല്ലാം സലഫികളല്ലാത്ത മുസ്‌ലിം വിഭാഗങ്ങളിൽ നിന്നും വ്യത്യസ്തരാക്കുന്ന ചില പൊതുഘടകങ്ങളുണ്ടുതാനും. നിലനിൽക്കുന്ന ആഗോള രാഷ്ട്രീയ വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന വിവിധ തരം സലഫീ പ്രസ്ഥാനങ്ങളെ കുറിച്ചും അവർ മുസ്‌ലിം-മുസ്‌ലിമേതര വിഭാഗങ്ങളുമായി വെച്ചുപുലർത്തുന്ന ബന്ധങ്ങളുടെ സ്വഭാവത്തെ കുറിച്ചും വിലയിരുത്തേണ്ടതനിവാര്യമാണ്.
സമകാലിക ലോകക്രമത്തിന്റെ പശ്ചാത്തലത്തിൽ ‘സലഫി’ എന്ന സാങ്കേതിക പദത്തിന് ഒരു രീതിശാസ്ത്രം എന്ന അർഥം കൈവന്നിട്ടുണ്ട്. പ്രവാചക ജീവിതത്തിന്റെ സമഗ്രത ആദ്യ മൂന്ന് നൂറ്റാണ്ടുകളിലെ മുസ്‌ലിം ജീവിതം മുൻനിർത്തി സ്വജീവിതത്തിൽ പകർത്തുക എന്നതാണ് അതിന്റെ ശരിയായ വിവക്ഷ. സലഫുകളെ പിൻപറ്റുന്നവർ എന്നതാണീ രീതിശാസ്ത്രത്തിന്റെ അടിസ്ഥാന രീതി. ഇസ്‌ലാമിക ചരിത്രത്തിൽ ഏറെ ബഹുമാനിക്കപ്പെടുന്ന, പ്രവാചകജീവിതത്തിന്റെ സമഗ്രമായ ആവിഷ്‌കാരങ്ങൾ സ്വജീവിതത്തിൽ അനുവർത്തിച്ച ആദ്യ മൂന്നു ശതകങ്ങളിലെ മഹാത്മാക്കളാണ് ശരിയായ സലഫ്. അവരെ പിൻതുടരുന്നവർ സലഫികളും. എന്നാൽ ‘സലഫികൾ’ എന്ന പേരിൽ സലഫുകളുമായി ഒരു ബന്ധവുമില്ലെങ്കിൽ തന്നെയും – ഒരു പ്രത്യേക സാമൂഹിക-മത പ്രസ്ഥാനം 18-ാം നൂറ്റാണ്ടിൽ അറേബ്യയിലെ നജ്ദ് പ്രദേശത്ത് ഉത്ഭവിച്ചത് ചരിത്രം വ്യക്തമാക്കുന്നുണ്ട്. മുഹമ്മദ്ബ്‌നു അബ്ദുൽ വഹാബ് എന്ന നജ്ദ് ദേശക്കാരനാണ് ഇതിന് തുടക്കം കുറിച്ചത്.
ഏകദൈവ വിശ്വാസം എന്ന ഇസ്‌ലാമിന്റെ അടിസ്ഥാന ആശയത്തിന് അന്നോളം നിലനിന്നിരുന്ന വീക്ഷണങ്ങളിൽ നിന്നും വ്യത്യസ്തമായൊരർഥ കൽപന അദ്ദേഹം സൃഷ്ടിച്ചു. പ്രവാചകർ(സ്വ)യുടെ പ്രബോധന കാലത്തെ ബഹുദൈവാരാധകരുടെ വിശ്വാസങ്ങളിൽ ‘അല്ലാഹു’ എന്ന പേരിലൊരു സ്രഷ്ടാവും ദൈനംദിന ആവശ്യങ്ങൾ നിവർത്തിക്കാൻ സ്വയം നിർണയാവകാശമുള്ള മറ്റു ദൈവങ്ങളും ഉണ്ടായിരുന്നു. സ്രഷ്ടാവല്ലാത്ത മറ്റു ദൈവങ്ങളും ആരാധനാപാത്രങ്ങളായിരുന്നു അവർക്ക്. മക്കയിലെ ബഹുദൈവാരാധകർ സ്രഷ്ടാവ്-ആരാധനാപാത്രം എന്നീ രണ്ടുതരം ദൈവസങ്കൽപമുള്ളവരായിരുന്നു എന്നും ഈ വർഗീകരണവും ചെറുദൈവങ്ങളെ ആരാധിക്കലും വഴി സ്രഷ്ടാവായ ദൈവത്തിന്റെ ദൈവികതയിൽ പങ്കുകാരാക്കുകയുമായിരുന്നു എന്നദ്ദേഹം പ്രചരിപ്പിച്ചു. പിന്നീടദ്ദേഹം മക്കയിലെ ചെറുദൈവാരാധന പോലെ തന്നെയാണ് മുസ്‌ലിംകൾക്കിടയിലെ ഖബർ സന്ദർശനം, ഇസ്തിഗാസ തുടങ്ങിയ പ്രവർത്തനങ്ങൾ എന്നും വാദിച്ചു. ഇപ്രകാരം തന്റെ സമകാലികരായ മുസ്‌ലിംകളെല്ലാം മുശ്‌രിക്കുകളാണെന്നും അന്നത്തെ മുസ്‌ലിം ഭരണകൂടങ്ങളെല്ലാം (ഓട്ടോമൻ സാമ്രാജ്യം ഉൾപ്പെടെ) ബഹുദൈവാരാധകരുടെ രാഷ്ട്രീയ സംവിധാനങ്ങളാണെന്നും വിധിച്ചു. ബഹുദൈവാരാധകർ എന്നും സത്യനിഷേധികൾ എന്നും അദ്ദേഹം വിശേഷിപ്പിച്ച ആളുകൾ അങ്ങനെയല്ലെന്ന് സംശയിച്ചാൽ അവരും മതനിഷേധികളാകുമെന്നും അദ്ദേഹം വിധിച്ചു. തുടർന്ന് അദ്ദേഹം അമീർ മുഹമ്മദ് ബിൻ സഈദ് എന്ന നജ്ദിലെ ഗോത്ര നേതാവുമായി കരാറിലേർപ്പെടുകയും ദിരിയൻ സാമ്രാജ്യം’ The great emperor of doriyah സ്ഥാപിക്കുകയും ചെയ്തു. 1744ൽ രൂപീകൃതമായ ഈ ഭരണകൂടം 1816 വരെ നിലനിന്നു. തന്റെ ദൈവശാസ്ത്ര സിദ്ധാന്ത പ്രകാരം ബഹുദൈവാരാധകരായ എല്ലാ മുസ്‌ലിം ഭരണാധിപരെയും രാഷ്ട്രീയമായി അക്രമിക്കുകയും അവരുടെ ഭരണ പ്രദേശങ്ങളെല്ലാം ദിരിയാ സാമ്രാജ്യത്തിന് കീഴിൽ വരുത്തുകയും ചെയ്യുക എന്നതു രാജാവിന്റെ കടമയും അതിനാവശ്യമായ മതപരമായ ന്യായീകരണങ്ങൾ രൂപപ്പെടുത്തൽ ഇബ്‌നു അബ്ദുൽ വഹാബിന്റെ കടമയുമാണെന്ന് ഇരുവരും കരാറിലെത്തുകയുണ്ടായി. ഇബ്‌നു അബ്ദുൽ വഹാബിന്റെ കാഴ്ചപ്പാടിൽ ഓട്ടോമൻ സാമ്രാജ്യം അടക്കം നിലവിലുണ്ടായിരുന്ന എല്ലാ മുസ്‌ലിം ഭരണകൂടങ്ങളും ബഹുദൈവാരാധനാ കേന്ദ്രങ്ങളായിരുന്നു. തൽഫലമായി അവർക്കെതിരെ ജിഹാദ് നടത്തുക എന്നത് അമീർ മുഹമ്മദ് ബ്‌നു സഈദിന്റെ കടമയായി മാറി. ദിരിയൻ സാമ്രാജ്യത്തിനകത്ത് മുഹമ്മദ്ബ്‌നു അബ്ദുൽ വഹാബിന് കീഴിൽ ഉയർന്നുവന്ന മതപുരോഹിത വിഭാഗമാണ് ആധുനിക സലഫിസത്തിന്റെ തുടക്കക്കാരായ നജ്ദിയൻ വഹാബി പ്രസ്ഥാനം.
നജ്ദിയൻ ദഅ്‌വാ വിഭാഗവും ദിരിയൻ സാമ്രാജ്യത്തിന് ശേഷമുണ്ടായ നജ്ദി ഇമാമത്ത്/രണ്ടാം സഊദി രാഷ്ട്രം (1824-1891), 1932 മുതൽ നിലനിൽക്കുന്ന സഊദി അറേബ്യ (സഊദ് കുടുംബത്തിന്റെ കീഴിലുള്ള ഭരണ പ്രദേശങ്ങൾ) എന്ന രാഷ്ട്രവുമാണ് വഹാബി പ്രസ്ഥാനത്തിനും അതിന്റെ തന്നെ ഉപവിഭാഗങ്ങളായ അനവധി സലഫീ ധാരകൾക്കും രാഷ്ട്രീയവും മതപരവുമായ പിന്തുണയും പരിലാളനയും നൽകിയത്. ഇന്നത്തെ മുഖ്യധാരാ സലഫിസം സഊദി സലഫിസമാണ്. അവരുടെ നേതൃത്വം സഊദി പണ്ഡിതരും, ആശയധാരയുടെ അടിത്തറ മദീന യൂണിവേഴ്‌സിറ്റി അടക്കമുള്ള സഊദി രാഷ്ട്രം പരിപാലിക്കുന്ന മതപഠന കേന്ദ്രങ്ങളുമാണ്.

വ്യത്യസ്ത സലഫീ ധാരകൾ:
അക്കാദമികാന്വേഷണങ്ങൾ

സെപ്തംബർ 11-ന് ശേഷം യൂറോപ്യൻ-നോർത്ത് അമേരിക്കൻ നയരൂപീകരണ കേന്ദ്രങ്ങളും യൂണിവേഴ്‌സിറ്റികളിലെ വിവിധ പഠനവിഭാഗങ്ങളും ലോകത്തെ സലഫീ പ്രസ്ഥാനങ്ങളെയും അവരുടെ രാഷ്ട്രീയ-ആശയ പ്രചാരണ രീതികളെയും കുറിച്ച് നിരന്തര പഠനവിധേയമാക്കുന്നുണ്ട്. ക്വിന്റൺ വികറ്ററോവിച്ച് ജോർദാനിയൻ സലഫികൾക്കിടയിൽ നടത്തിയ പഠനത്തെ അടിസ്ഥാനപ്പെടുത്തി സലഫി ധാരയെ ശുദ്ധീകരണ വാദികൾ (purist), രാഷ്ട്രീയ സലഫികൾ (politico salafist), ജിഹാദ് വാദികൾ (jihadists) എന്നിങ്ങനെ മൂന്നായി തരംതിരിച്ചിരിക്കുന്നു.
ശുദ്ധീകരണവാദികൾ രാഷ്ട്രീയ കാര്യങ്ങളിൽ താൽപര്യമില്ലാത്തവരും ആശയപ്രചാരണം (ദഅ്‌വ), ശുദ്ധീകരണം (തസ്‌കിയ), മതവിദ്യാഭ്യാസവും സംസ്‌കരണവും (തർബിയ) എന്നിവയിൽ ശ്രദ്ധിക്കുന്നവരുമാണെന്ന് അദ്ദേഹം പറയുന്നു. മുഖ്യധാരാ സഊദി സലഫിസവും നാസിറുദ്ദീൻ അൽബാനിയുടെ പിന്തുണക്കാരായ ജോർദാനിയൻ സലഫികളും സഊദി സലഫിസത്തിന്റെ തന്നെ അവാന്തര വിഭാഗമായ മദ്ഖലി സലഫികളും ശുദ്ധീകരണ വാദികളായി അദ്ദേഹം കണക്കാക്കുന്നു.
സഊദി അറേബ്യയിലെ പരമോന്നത പണ്ഡിത സഭയിലടക്കം ശുദ്ധീകരണവാദികൾക്കുണ്ടായിരുന്ന മേധാവിത്വം 1980-90കളിൽ ഉയർന്നുവന്ന ഒരുകൂട്ടം യുവ സലഫീ പണ്ഡിതന്മാർ ചോദ്യം ചെയ്യുകയുണ്ടായി. രാഷ്ട്രീയമായ വീക്ഷണങ്ങളുള്ള അവർ സമകാലിക വിഷയങ്ങളിൽ തങ്ങൾക്ക് മെച്ചപ്പെട്ട ധാരണയുണ്ടെന്ന് വാദിച്ചു. ആധുനിക സാഹചര്യത്തിൽ സലഫീ വിശ്വാസത്തെ എങ്ങനെ പ്രായോഗിക വൽക്കരിക്കാമെന്നതിൽ തങ്ങൾക്ക് നൈപുണ്യമുണ്ടെന്നവർ അവകാശപ്പെട്ടു. അവർ നിലവിലുള്ള ഭരണാധികാരികളോടും അവരുടെ നയങ്ങളോടും ശക്തമായി വിയോജിപ്പുള്ളവരാണ്. എങ്കിലും ഈ വിഭാഗം തങ്ങളുടെ വിമർശനങ്ങളും പ്രവർത്തനങ്ങളും രാഷ്ട്രീയ വിപ്ലവങ്ങളിലേക്ക് നയിക്കാതിരിക്കാൻ ശ്രമിക്കാറുണ്ടെന്ന് വിക്ടറോവിച്ച് നിരീക്ഷിക്കുന്നു. 2005-06 കാലത്തോടെ ശുദ്ധീകരണ വാദികളായ മുതിർന്ന തലമുറയെ രാഷ്ട്രീയ വാദികൾ അരികുവൽകരിച്ചു എന്നും രാഷ്ട്രീയവാദികൾ സലഫീ ധാരയുടെ ഏറ്റവും വലിയ സ്വാധീന ശക്തിയായി മാറിയെന്നും അദ്ദേഹം വാദിക്കുന്നുണ്ട്. 1960കളിൽ ജമാൽ അബ്ദുൽ നാസറിന്റെ ഈജിപ്തിൽ നിന്നും സൗദിയിൽ അഭയം തേടിയ മുസ്‌ലിം ബ്രദർഹുഡിന്റെ പ്രവർത്തകരെ സഊദി അറേബ്യ സ്വീകരിച്ചിരുന്നു. ഈ ബ്രദർഹുഡ് പ്രവർത്തകർ സലഫികളോടൊന്നിച്ച് പ്രവർത്തിക്കുകയും 1970-80കളിൽ അവർ യൂണിവേഴ്‌സിറ്റികളിലടക്കം നേടിയ സ്വാധീനമാണ് രാഷ്ട്രീയ സലഫികളുടെ ഉത്ഭവത്തിനും ഉയർച്ചക്കും കാരണമെന്നും വിക്ടറോവിച്ച് കൂട്ടിച്ചേർക്കുന്നു. രാഷ്ട്രീയ സലഫിസത്തിന്റെ വക്താക്കളായി മാറിയ സഫർ അൽ ഹലാവി, സൽമാൻ അൽ ഔദഹ് തുടങ്ങിയവർ മുസ്‌ലിം ബ്രദർഹുഡിന്റെ നേതാക്കളായ മുഹമ്മദ് ഖുതുബ് (സയ്യിദ് ഖുതുബിന്റെ സഹോദരൻ), മുഹമ്മദ് സൊറൂർ എന്നിവരുടെ ശിഷ്യന്മാരാണെന്നതും ശ്രദ്ധേയമാണ്.
തുടക്കകാലങ്ങളിൽ രാഷ്ട്രീയ സലഫികൾ മുതിർന്നവരായ ശുദ്ധീകരണ സലഫികളുമായി പ്രത്യക്ഷത്തിൽ അഭിപ്രായ ഭിന്നതകൾ പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ 1991ലെ ഗൾഫ് യുദ്ധ സമയത്ത് സഊദി അറേബ്യയിൽ അമേരിക്കൻ പട്ടാളത്തെ അനുവദിച്ചുകൊണ്ട് മുതിർന്ന പണ്ഡിതന്മാർ ഫത്‌വ ഇറക്കിയപ്പോൾ സഫർ അൽ ഹലാവി അടക്കമുള്ള രാഷ്ട്രീയ വാദികൾ പൊതുജനമധ്യത്തിൽ വരികയും ശുദ്ധീകരണവാദികളെയും അവരുടെ ഫത്‌വകളെയും ശക്തിയുക്തം എതിർക്കുകയും ചെയ്തു. മുതിർന്ന പണ്ഡിതന്മാർക്ക് നിലനിൽക്കുന്ന രാഷ്ട്രീയ സംഭവങ്ങളെ കുറിച്ച് വ്യക്തത കുറവാണെന്നും പുതിയകാല സാഹചര്യങ്ങളിൽ മതവിധി പുറപ്പെടുവിക്കാൻ രാഷ്ട്രീയ ജ്ഞാനം അനിവാര്യമാണെന്നും രാഷ്ട്രീയ സലഫികൾ വാദിച്ചു. ഈ സംവാദങ്ങളുടെ മൂർത്തീഭാവമായിരുന്നു നാസിറുദ്ദീൻ അൽബാനിയുടെ ഫലസ്തീനുമായി ബന്ധപ്പെട്ട ഫത്‌വ. അൽബാനിയുടെ യുക്തി പ്രകാരം ഇസ്രയേലി അധിനിവേശത്തോടെ ഫലസ്തീൻ ദാറുൽ ഇസ്‌ലാം പദവി നഷ്ടപ്പെട്ട നാടായി മാറി. ഫലസ്തീനികൾ മറ്റു മുസ്‌ലിം രാഷ്ട്രങ്ങളിലേക്ക് കുടിയേറണ(ഹിജ്‌റ)മെന്ന് അദ്ദേഹം വിധിച്ചു. ഈ ഫത്‌വ അൽബാനിയുടെ പ്രശസ്തിയിലും മതകീയ ആധികാരികതയിലും ഗണ്യമായ ഇടിവുണ്ടാക്കുകയും രാഷ്ട്രീയ സലഫികളുടെ ശക്തമായ എതിർപ്പിനു വിധേയമാവുകയും ചെയ്തു. അമേരിക്കൻ അധിനിവേശം, കശ്മീരിലെ മുസ്‌ലിം യാതനകൾ, കസാകിസ്താനിലെയും ചെച്‌നിയയിലെയും റഷ്യൻ മേധാവിത്വം തുടങ്ങിയ സമകാലിക രാഷ്ട്രീയ വിഷയങ്ങളിൽ മൗനം പാലിച്ചിരുന്ന മുതിർന്ന സലഫീ പണ്ഡിതന്മാരെ ‘ആർത്തവ പണ്ഡിതർ’ (ആർത്തവ കാലത്ത് ലൈംഗിക ബന്ധത്തിന്റെ സാധുതയെ കുറിച്ചുള്ള ഫത്‌വകളെ സൂചിപ്പിച്ചു കൊണ്ട്), ‘നിസ്സാര കാര്യങ്ങളുടെ പണ്ഡിതന്മാർ’ ‘ശൗചാലയ മര്യാദകളുടെ പണ്ഡിതന്മാർ’ എന്നിങ്ങനെയെല്ലാം എതിർ വിഭാഗം സലഫികൾ പരിഹസിച്ചു. കുവൈത്തിലെ തുറാത്ത് പ്രസ്ഥാനത്തിന്റെ നേതാവായ അബ്ദുറഹ്‌മാൻ അബ്ദുൽ ഖാലിഖ് ഇവരെ വിശേഷിപ്പിച്ചത് ‘ഉമ്മത്തിന് വിധിവിലക്കുകൾ നൽകുന്ന കാര്യത്തിൽ നേതാക്കളായി സ്വയം അവരോധിച്ച അന്ധരായ ഒരു കൂട്ടം ആളുകൾ’ എന്നും ‘മമ്മിവൽക്കരിക്കപ്പെട്ടവർ’ എന്നുമാണ്.
ഇസ്‌ലാമിക രാഷ്ട്ര സംസ്ഥാപനം ലക്ഷ്യം വെച്ച് പ്രവർത്തിക്കുകയും ലക്ഷ്യസാധൂകരണത്തിനായി ഹിംസയുടെ/അക്രമത്തിന്റെ പാത അനുവദിക്കുകയും ചെയ്യുന്നവരാണ് ജിഹാദികൾ. അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് വിരുദ്ധ യുദ്ധകാലത്താണ് ഇവരുടെ ഉയർച്ച. ഈ യുദ്ധസമയത്താണ് ഇസ്‌ലാമിക് ജിഹാദ്, ഇസ്‌ലാമിക് സംഘം തുടങ്ങിയ ഈജിപ്ഷ്യൻ മുസ്‌ലിം ബ്രദർഹുഡിന്റെ അവാന്തര സംഘങ്ങളുടെ സായുധ പരിശീലനങ്ങൾ സമകാലിക സഊദി സലഫികൾ അടുത്തറിയുന്നതും പലരും അതിൽ ആകൃഷ്ടരാവുന്നതും. രാഷ്ട്രീയ സലഫികൾ ഇഖ്‌വാനീ രാഷ്ട്രീയ വിശകലനം പഠിച്ചത് യൂണിവേഴ്‌സിറ്റികളിലായിരുന്നുവെങ്കിൽ, ജിഹാദി സലഫികൾക്ക് രാഷ്ട്രീയ പരിശീലനം ലഭിച്ചത് യുദ്ധക്കളത്തിലായിരുന്നു. അതുകൊണ്ട് തന്നെ അവരുടെ ഊന്നൽ എപ്പോഴും രാഷ്ട്രീയം = യുദ്ധം എന്നായിത്തീർന്നു. അഫ്ഗാനിസ്ഥാനിൽ നിന്നു സോവിയറ്റ് സേന പിൻവാങ്ങിയപ്പോൾ പല ജിഹാദികളും സ്വന്തം നാടുകളിലേക്ക് സലഫിസത്തിന്റെ പുതിയ രാഷ്ട്രീയ രൂപം ഇറക്കുമതി ചെയ്തു. 1990കളുടെ തുടക്കത്തിൽ ജിഹാദികൾ സലഫികൾക്കിടയിൽ വളരെ ചെറിയൊരു വിഭാഗം മാത്രമായിരുന്നു. അവർ രാഷ്ട്രീയ ധാരയുമായി വളരെയധികം ഇഴയടുപ്പം കാത്തുസൂക്ഷിച്ചിരുന്നു ഇക്കാലത്ത്. എന്നാൽ 90കളുടെ മധ്യത്തിൽ സഊദി ഭരണകൂടം രാഷ്ട്രീയ സലഫികളെ ശക്തമായി അടിച്ചമർത്തുകയും രാഷ്ട്രീയ വിമർശകർ പ്രവർത്തിച്ചിരുന്ന മണ്ഡലത്തിലെ ശൂന്യത ജിഹാദികൾ പൂരിപ്പിക്കുകയുമുണ്ടായി. Committee for the defence of legitimate rights എന്ന ഉന്നത സമിതി രൂപീകരിക്കുകയും ഭരണകൂടം രാഷ്ട്രീയ സലഫികളെ ശക്തമായി അടിച്ചമർത്തുകയും ചെയ്തു. നിരവധി പേർ ലണ്ടനിൽ അഭയം തേടുകയും ഒട്ടനവധി പേർ തുറങ്കലിലാവുകയും ചെയ്തു. അക്രമണോത്സുകസലഫിസത്തിൽ നിന്നും ഉടലെടുത്ത ഒരു രാഷ്ട്രം അതേ ആശയത്തിന്റെ തന്നെ പുനരാവിഷ്‌കാരങ്ങളെ അടിച്ചമർത്തുന്ന വിരോധാഭാസമാണ് ഹവാലിയെയും അവദിനെയുമെല്ലാം നിശ്ശബ്ദമാക്കുക വഴി സഊദി അറേബ്യ ചെയ്തത്.
രാഷ്ട്രീയ സലഫികളെ അടിച്ചമർത്തിയപ്പോൾ സലഫികൾക്കിടയിൽ രൂക്ഷമായ വിഭാഗീയത ഉടലെടുത്തു. ഇബ്‌നുബാസ് ഹവാലിയെയും അവദിനെയും പൊതുപരിപാടികളിൽ നിന്നും അധ്യാപനത്തിൽ നിന്നും കാസറ്റുകൾ ഇറക്കുന്നതിൽ നിന്നും വിലക്കണമെന്ന് ആഹ്വാനം ചെയ്തപ്പോൾ ‘സത്യസന്ധരായ’ പണ്ഡിതന്മാരെ ഭരണകൂടത്തോട് ഒന്നിച്ചുനിന്ന് അടിച്ചമർത്തുകയാണ് ശുദ്ധീകരണവാദികളെന്ന് പുതുതലമുറ സലഫികൾ വ്യാകുലപ്പെട്ടു. ജിഹാദീ സലഫികളുടെ വളർച്ചയിൽ ആലു സഊദ് രാജകുടുംബവും ശുദ്ധീകരണ വാദികളും തമ്മിലുള്ള ബന്ധം ഉപോദ്ബലകമായിവർത്തിച്ചു. ജിഹാദികൾക്ക് ശുദ്ധീകരണവാദികളുമായുള്ള എതിർപ്പ് വിശ്വാസപരമായിരുന്നില്ല (രാഷ്ട്രീയവാദികളും ശുദ്ധീകരണവാദികളും തമ്മിലും വിശ്വാസപരമായി ഒരേ ധാരയിൽ തന്നെയായിരുന്നു). മറിച്ച് ശുദ്ധീകരണവാദികൾക്ക് സമകാലിക രാഷ്ട്രീയ സാഹചര്യം മനസ്സിലാകുന്നില്ല, അല്ലെങ്കിൽ അവർ ജനങ്ങളിൽ നിന്നും രാഷ്ട്രീയമായ വിഷയങ്ങളെ മന:പൂർവം മറച്ചുവെക്കുന്നു എന്നതായിരുന്നു ജിഹാദികളുടെയും രാഷ്ട്രീയവാദികളുടെയും നിലപാട്.

സലഫികൾ ഒരുമിക്കുന്നയിടം

രാഷ്ട്രീയ വിഷയങ്ങളിൽ വ്യത്യസ്ത നിലപാടും ആ നിലപാടുകൾ പ്രാവർത്തികമാക്കുന്നതിൽ വ്യതിരിക്തമായ കാഴ്ചപ്പാടുകളുമാണ് ആധുനിക സലഫികളെ വ്യത്യസ്തരാക്കുന്നത്. എന്നാൽ വിശ്വാസത്തിന്റെ തലത്തിൽ, (ചിലപ്പോഴൊക്കെയും പ്രവർത്തനമണ്ഡലത്തിലും) ശുദ്ധീകരണ-രാഷ്ട്രീയ-ജിഹാദീ ധാരകൾ തമ്മിലുള്ള അകലം കുറഞ്ഞുവന്ന് അവരൊന്നായിത്തീരുന്നതു കാണാം.
ഉദാഹരണത്തിന് 1996-ലെ ഉസാമ ബിൻലാദന്റെ ‘യുദ്ധപ്രഖ്യാപന വിളംബരം’ ശ്രദ്ധിച്ചാൽ വ്യത്യസ്ത ധാരകൾ തമ്മിലുള്ള പരസ്പരാദരവും ശുഭചിന്തകളും കാണാം. രാഷ്ട്രീയ വാദികളെയും ശുദ്ധീകരണവാദികളെയും കുറ്റവിമുക്തരാക്കുംവിധം ബിൻലാദൻ പറഞ്ഞു: ‘ഭരണകൂടം സമുന്നതരായ പണ്ഡിതരെ (ശുദ്ധീകരണവാദക്കാർ) കൗശലം വഴി വശീകരിക്കുകയും രണ്ട് പരിശുദ്ധ നഗരങ്ങളും ക്രിസ്ത്യൻ സൈന്യത്തിന് തുറന്നുകൊടുക്കാനും അൽഅഖ്‌സ പള്ളി സയണിസ്റ്റുകൾക്ക് കൈമാറാനുമുതകുന്ന ഫത്‌വകൾ പുറപ്പെടീക്കുകയും ചെയ്ത സന്ദർഭത്തിൽ അവർ (രാഷ്ട്രീയ സലഫികൾ) നിവർന്നുനിന്ന് മതത്തെ പ്രതിരോധിച്ചവരാണ്.’
മറ്റൊരിടത്ത് ബിൻലാദൻ പറഞ്ഞത് ഇങ്ങനെ: ‘പരിശുദ്ധ നഗരങ്ങളുടെ നാട്ടിലേക്ക് കുരിശുയുദ്ധ ശക്തികളുടെ കടന്നുവരവിനെ ഇസ്‌ലാമികലോകം ഒന്നടങ്കം എതിർത്തപ്പോൾ രാജാവ് പണ്ഡിതന്മാരെ (അമേരിക്കൻ സൈന്യത്തിന് അനുമതി നൽകുന്ന ഫത്‌വ നൽകിയ ശുദ്ധീകരണ സലഫി പണ്ഡിതന്മാർ) കളവ് പറഞ്ഞു കബളിപ്പിച്ചു. രാജാവിന്റെ കളവു വിശ്വസിച്ചാണ് മക്കയിലെ റാബിത കോൺഫറൻസിലേക്ക് ഇസ്‌ലാമിക നേതാക്കൾ (പണ്ഡിതന്മാർ) ഒരുമിച്ചു കൂടിയത്. അമേരിക്കയും സഖ്യശക്തികളും ഏതാനും മാസങ്ങൾക്കുള്ളിൽ സഊദിയിൽ നിന്നും പിൻവാങ്ങുമെന്ന കളവാണ് രാജാവ് പറഞ്ഞത്.’
ബിൻലാദന്റെ ഈ പ്രസ്താവനകൾ സൂചിപ്പിക്കുന്നത് വിശ്വാസപരമായ കാര്യങ്ങളിൽ വ്യത്യസ്ത സലഫീ ധാരകൾ വെച്ചുപുലർത്തുന്ന പരസ്പര ബഹുമാനത്തെയാണ്.
2009 ഡിസംബർ 25ന് അമേരിക്കയിലെ ഡെട്രോയിറ്റിലേക്ക് പറക്കുകയായിരുന്ന വിമാനത്തിൽ തന്റെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച സ്‌ഫോടക വസ്തുക്കളുമായി ചാവേർ ബോംബാക്രമണത്തിന് ശ്രമിച്ച നൈജീരിയക്കാരൻ ഉമർ ഫാറൂഖ് അബ്ദുൽ മുത്തലിബ് അമേരിക്കയിലെ മുഖ്യധാരാ സലഫി സ്ഥാപനമായ അൽമഗ്‌രിബ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിയായിരുന്നു. ഈ സ്ഥാപനത്തിലെ അധ്യാപകരാവട്ടെ മുഖ്യധാരാ സഊദി സലഫീ പണ്ഡിതരുടെ ശിഷ്യന്മാരും മദീനാ യൂണിവേഴ്‌സിറ്റിയിലെ പൂർവവിദ്യാർഥികളുമാണ്.
തീവ്രവാദ വിരുദ്ധ യുദ്ധം (war on terror)മുസ്‌ലിം നാടുകളിൽ നാശം വിതക്കുന്ന കാലത്ത് അൽമഗ്‌രിബ് ഇൻസ്റ്റിറ്റ്യൂട്ടിലെ അനവധി വിദ്യാർഥികൾ ജിഹാദിസത്തിലേക്ക് ആകൃഷ്ടരാവുകയോ ജിഹാദികളെ പിന്തുണക്കുകയോ ചെയ്യുന്നവരായിരുന്നെന്നും അത്തരം വിദ്യാർഥികളുടെ ജിഹാദീ ആഭിമുഖ്യം നിറഞ്ഞ ചോദ്യങ്ങൾ തനിക്ക് കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും യാസിർ ഖാദി എന്ന അക്കാലത്തെ സലഫി പണ്ഡിതൻ (പിന്നീടദ്ദേഹം സലഫിസം ഉപേക്ഷിച്ചു എന്ന് പരസ്യ പ്രഖ്യാപനം നടത്തി) ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞത് ആന്ദ്രയാ എലിയട്ട് ഉദ്ധരിച്ചിട്ടുണ്ട്.
നജ്ദിയൻ തൗഹീദിന്റെ ഒരു യുക്ത്യാനുസൃത പരിണതിയാണ് സമകാലിക ജിഹാദി സലഫിസമെന്നും ഇടക്കാലത്തുണ്ടായ സലഫീ സമാധാന-അരാഷ്ട്രീയ ധാരകൾ, അവകൾ നിലനിന്നിരുന്ന രാഷ്ട്രീയ പശ്ചാത്തലങ്ങളുടെ പരിണതി മാത്രമാണെന്നും നജ്ദിയൻ വിപ്ലവ ചരിത്രം വിശദീകരിച്ചുകൊണ്ട് അക്കാദമിക വിദഗ്ധർ സൂചിപ്പിക്കുന്നുണ്ട്. താരതമ്യേന സമാധാനപരമായിരിക്കുന്ന സലഫീ ധാരകൾ പോലും വ്യത്യസ്തങ്ങളായ രാഷ്ട്രീയ സാഹചര്യങ്ങളിൽ സായുധ പോരാട്ടങ്ങളും പരസ്പര സംഘട്ടനങ്ങളും നടത്തുന്നതായും നമുക്ക് കാണാവുന്നതാണ്. ഇത്തരം പോരാട്ടങ്ങളുടെ അടിസ്ഥാന സാധൂകരണം നജ്ദിയൻ ദഅ്‌വയുടെ അന്തസത്തയായ കാടടച്ച തക്ഫീർ വാദമാണെന്ന് യാസിർ ഖാദി സുദീർഘമായൊരു പ്രഭാഷണത്തിൽ പ്രഖ്യാപിക്കുന്നു. മുസ്‌ലിം ഭരണാധികാരികളും ഇസ്‌ലാമിക പൈതൃകങ്ങളുമെല്ലാം തന്നെ ബഹുദൈവാരാധനയുടെ കേന്ദ്രങ്ങളാണെന്ന വാദം എല്ലാതരം സലഫികളെയും ഒരുമിപ്പിക്കുന്ന വിഷയമാണ്. ഈ പശ്ചാത്തലത്തിലാണ് ലോക പ്രശസ്ത സുന്നീ പണ്ഡിതനായ അലവി മാലികി അൽ മക്കക്ക് മസ്ജിദുൽ ഹറമിലെ ദർസ് നിർത്തിവെക്കുകയും പിന്നീട് സ്വഗൃഹത്തിൽ അത് തുടരേണ്ടി വരികയും ചെയ്തത്.
നജ്ദിയൻ ദഅ്‌വയുടെ ഊർജസ്രോതസ്സുകളിൽ നിന്നാണ് സമാധാനവാദിയായ സലഫിയെന്നറിയപ്പെടുന്ന അബൂഅബ്ദുറഹ്‌മാൻ മുഖ്ബിൽ ബിൻ ഹാദി അൽവാദിഈ തന്റെ പഠന കാലത്ത് പ്രവാചക തിരുമേനി(സ്വ)യുടെ പുണ്യഖബ്‌റിനു മുകളിലെ ഹരിത മകുടം പൊളിച്ചു കളയണമെന്നും മസ്ജിദുന്നബവിക്ക് പുറത്താണ് നബിയുടെ ഖബർ വേണ്ടതെന്നും അല്ലാത്ത കാലത്തോളം ഖൂബൂരികൾ അവരുടെ ഖബർ ആരാധനക്ക് ഹരിതമകുടത്തെ തെളിവാക്കുമെന്നും വാദിച്ചത്. മദീന യൂണിവേഴ്‌സിറ്റിയിലെ ഫാക്കൽറ്റി ഓഫ് ശരീഅയിൽ ഹമദ് അൽഅൻസാരിയുടെ മേൽനോട്ടത്തിൽ മുഖ്ബിൽ ബിൻ ഹാദി എഴുതി സമർപിച്ച ഗവേഷണ പ്രബന്ധത്തിലാണീ വാദം ഉന്നയിച്ചിട്ടുള്ളത്. ഇതേ വാദം പിന്നീടൊരിക്കൽ രാഷ്ട്രീയ-ജിഹാദി സലഫിസത്തിൽ നിന്നും അകലം പാലിക്കുന്നുവെന്നു വാദിക്കുന്ന കേരളത്തിലെ സലഫികളിൽ നിന്നും നാം കേൾക്കുകയുണ്ടായി.

‘സമാധാനപ്രിയരെന്ന’ ജിഹാദികൾ

സമാധാനപ്രിയരും അരാഷ്ട്രീയ വാദക്കാരുമെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു വിഭാഗമാണ് മുഖ്യധാരാ സഊദി സലഫികളിലെ ചെറുവിഭാഗമായ മദ്ഖലികൾ. റബീഅ് അൽ മദ്ഖലി എന്ന സഊദി പണ്ഡിതന്റെ കീഴിൽ ഉയർന്നുവന്ന ഈ പ്രസ്ഥാനം 1990-2000 കാലത്ത് സഊദി അറേബ്യയുടെ പരിലാളന കിട്ടുകയും ജോർദാൻ, സിറിയ അടക്കമുള്ള നാടുകളിൽ പ്രചരിക്കുകയും ചെയ്തു. വിപ്ലവ പ്രവർത്തനങ്ങളും ഭരണാധികാരികളെ വിമർശിക്കുന്നതും പാടെ മാറ്റിനിർത്തിയിരുന്ന മദ്ഖലികൾ സഊദി ഭരണകർത്താക്കളുടെ ഉദാരമായ സഹായങ്ങൾ ഏറ്റുവാങ്ങിയിരുന്നു. എന്നാൽ ഒരൊറ്റ ദശാബ്ദം കൊണ്ട് തന്നെ മദ്ഖലികളും സായുധ പോരാട്ടത്തിന്റെ വഴിയിൽ എത്തിച്ചേരുന്നതാണ് ലോക സമൂഹം കാണുന്നത്. കറകളഞ്ഞ സഊദി രാഷ്ട്രാനുകൂലികൾ എന്ന നിലയിൽ മധ്യപൗരസ്ത്യ ദേശത്ത് ആലു സഊദ് ഭരണകൂടത്തിന്റെ ജിയോപൊളിറ്റിക്കൽ തന്ത്രങ്ങളുടെ വക്താക്കളായാണ് ഇവർ ഇന്ന് പ്രവർത്തിക്കുന്നത്. സഊദി അറേബ്യക്കകത്ത് അഹിംസാവാദികളും ഭരണകൂടത്തിന്റെ ആജ്ഞാനുവർത്തികളുമായ മദ്ഖലികൾ സഊദിക്കും അതിന്റെ ഉപഗ്രഹ രാഷ്ട്രങ്ങൾക്കും പുറത്ത് (മധ്യപൗരാസ്ത്യ ദേശത്ത് വിശേഷിച്ചും) അക്രമണ-സായുധ രാഷ്ട്രീയത്തിൽ പങ്കെടുക്കുന്നവരാണ്. 2011ൽ മുഅമ്മർ ഗദ്ദാഫിയുടെ പതനത്തിനു ശേഷം ഉടലെടുത്ത ആഭ്യന്തര യുദ്ധങ്ങളിൽ മദ്ഖലികളുടെ പങ്ക് പ്രസ്താവ്യമാണ്. സായുധ വിപ്ലവം പാടില്ലെന്ന പ്രാരംഭകാലത്തെ പഴയ ഫത്‌വ പിൻപറ്റി നിക്ഷ്പക്ഷരായി നിന്നു ഒരുപറ്റം മദ്ഖലികൾ. മറ്റു ചിലരാകട്ടെ ഗദ്ദാഫിയുടെ ഭരണത്തെ പിന്തുണച്ചു. ജനാധിപത്യ ഇലക്ഷൻ മതവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് ഗദ്ദാഫിക്കു ശേഷമുണ്ടായ തിരഞ്ഞെടുപ്പ് ജനാധിപത്യ തിരഞ്ഞെടുപ്പ് ഇവർ ബഹിഷ്‌കരിച്ചു. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം ഉടലെടുത്ത കാലുഷ്യത്തിൽ ദേശീയ അനുരഞ്ജന ഭരണകൂടവും (Governmet of national award) (യുഎൻ പിന്തുണക്കുന്ന ട്രിപ്പോളി കേന്ദ്രീകരിച്ച ഭരണകൂടം) കിഴക്കൻ ലിബിയ കേന്ദ്രീകരിച്ചുള്ള ഖലീഫ ഹഫ്‌റാറിന്റെ നേതൃത്വത്തിലുള്ള താൽകാലിക ഭരണകൂടവും തമ്മിലുണ്ടായ സായുധ യുദ്ധത്തിൽ മദ്ഖലികൾ നിർണായകമായ പങ്കുവഹിച്ചു. സഊദി ഭരണകൂടം ഹഫ്തറിനെ പിന്തുണക്കുമ്പോഴും ബഹുഭൂരിപക്ഷം മദ്ഖലികളും കിഴക്കൻ ലിബിയൻ ഭരണകൂടത്തെയാണ് പിന്തുണച്ചത്. എന്നാൽ വിരോധാഭാസമെന്നോണം ഒരു വിഭാഗം മദ്ഖലികൾ യുഎൻ പിന്തുണക്കുന്ന അനുരഞ്ജന ഭരണകൂടത്തിന് കീഴിൽ സായുധ പോരാട്ടം നടത്തി. രണ്ട് വ്യത്യസ്ത ചേരികളിൽ നിന്നു പോരാടിയെങ്കിലും മദ്ഖലികൾ പരസ്പരം സംഘട്ടനങ്ങൾ ഒഴിവാക്കിയിരുന്നു. ബ്രദർഹുഡ്, ജിഹാദി സലഫികൾ, മത ന്യൂനപക്ഷ വിഭാഗങ്ങൾ തുടങ്ങിയവരമായി മദ്ഖലികൾ നിരന്തരം ഏറ്റുമുട്ടി. ആഭ്യന്തര യുദ്ധത്തിൽ ഏതു ചേരിയിൽ നിൽക്കുന്നു എന്നതിനേക്കാൾ പ്രത്യയശാസ്ത്ര ശത്രുക്കളെയും സഊദി ഭരണകൂടത്തിനെതിരിൽ നിൽക്കുന്നവരെയും പോരാടി തോൽപ്പിക്കുക എന്നതാണ് ലിബിയയിൽ മദ്ഖലികൾ നടത്തുന്ന പ്രധാന രാഷ്ട്രീയ പ്രവർത്തനം എന്ന് നിരീക്ഷകർ വാദിക്കുന്നുണ്ട്.
ആശയപരമായും പ്രവർത്തനരീതിയിലും സലഫികൾ വ്യത്യസ്തരായ നിരവധി വിഭാഗങ്ങളുണ്ട് എന്നും അതിൽ ജിഹാദീ സലഫികളാണ് ആഗോള സമാധാനത്തിന് ഭീഷണിയെന്നും പൊതുവെ വാദിക്കാറുണ്ട്. ക്വിന്റൺ വിക്ടറോവിച്ചന്റേതടക്കമുള്ള സലഫീ വിഭാഗങ്ങളുടെ വർഗീകരണം സൂചിപ്പിക്കുന്നതും അതാണ്. എന്നാൽ വ്യത്യസ്ത സലഫീ വിഭാഗങ്ങളുടെ പ്രവർത്തനരീതിയും രാഷ്ട്രീയ ഇടപെടലുകളും പരിശോധിക്കുമ്പോൾ വിവിധ ധാരകൾ തമ്മിൽ ആശയതലത്തിലും പ്രവർത്തനതലത്തിലും വ്യക്തമായ ചില സാമ്യതകളും പൊരുത്തങ്ങളും കാണാം. ഈ ഒരു പാരസ്പര്യത്തിന്റെ തായ്‌വേര് കിടക്കുന്നത് നജ്ദിയൻ സലഫിസത്തിന്റെ അടിത്തറയായ വഹാബിയൻ തൗഹീദിലും മുസ്‌ലിംകളെ കാഫിറുകളാക്കുന്നതിലുമാണെന്ന് വ്യക്തം.

മുഹമ്മദലി ജർമനി

Exit mobile version