ആട്ടിയോടിക്കല്‍ അത്ര എളുപ്പമാകില്ല

#CAA #NRC #NPR

പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും പാസ്സാക്കുകയും രാഷ്ട്രപതി ഒപ്പുവെക്കുകയും ചെയ്തതോടെ നിയമമായി മാറിയിരിക്കുന്നു. ഇന്ത്യന്‍ പൗരത്വത്തിന്‍റെ നിര്‍വചനത്തില്‍ വന്‍ അട്ടിമറിയാണ് ഈ നിയമം ഉണ്ടാക്കിയിരിക്കുന്നത്. ആരായിരിക്കണം പൗരന്‍ എന്നത് രാജ്യത്തിനകത്ത് തീരുമാനിക്കേണ്ട ഒന്നായിരുന്നു. സ്വാഭാവികമായി വന്നുചേരുന്ന പൗരത്വമായാലും രജിസ്ട്രേഷന്‍ വഴി നേടിയെടുക്കുന്നതായാലും അതിന്‍റെ മാനദണ്ഡം രാഷ്ട്രീയ അതിര്‍ത്തിക്കകത്തുള്ള ഘടകങ്ങളായിരുന്നു. എന്നാല്‍ ഇന്ത്യന്‍ പൗരത്വത്തിന്‍റെ വ്യാപ്തി അതിര്‍ത്തിക്ക് പുറത്തേക്ക് സഞ്ചരിക്കുന്നു എന്നതാണ് പൗരത്വ ഭേദഗതി ബില്ലിന്‍റെ വിശേഷം. ഉദാഹരണത്തിന് ബംഗ്ലാദേശില്‍ ഒന്നരക്കോടി ഹിന്ദുക്കളുണ്ട്. ഞങ്ങള്‍ മതപരമായ വിവേചനം അനുഭവിക്കുന്നുവെന്നവര്‍ മുറവിളി കൂട്ടുകയും ഇന്ത്യയിലേക്ക് കുടിയേറുകയും ബിജെപി സര്‍ക്കാര്‍ പാസ്സാക്കിയ നിയമപ്രകാരം ഇന്ത്യന്‍ പൗരത്വത്തിന് ഞങ്ങള്‍ക്കര്‍ഹതയുണ്ടെന്ന് വാദിക്കുകയും ചെയ്താല്‍ സ്വീകരിക്കുകയല്ലാതെ വഴിയില്ലാതായി മാറി.

1955-ലെ പൗരത്വ നിയമം അനുസരിച്ച് 26-01-1950ന് ശേഷവും 01-07-1987ന് മുമ്പും ഇന്ത്യയില്‍ ജനിച്ച എല്ലാവരും ഇന്ത്യന്‍ പൗരന്മാരാണ്. ഇവിടെ രക്ഷിതാക്കളുടെ പൗരത്വം എന്തായാലും ഇക്കാലയളവിലെ ജന്മം കൊണ്ട് പൗരത്വം ലഭിക്കും. 01-07-1987 മുതല്‍ 02-12-2004 കാലയളവില്‍ ഇന്ത്യയില്‍ ജനിച്ചവരുടെ രക്ഷിതാക്കളിലൊരാള്‍ ജനന സമയത്ത് ഇന്ത്യന്‍ പൗരനാണെങ്കില്‍ ഇക്കാലയളവില്‍ ജനിച്ചവര്‍ക്കും സ്വാഭാവിക പൗരത്വം ലഭിക്കും. 03-12-2004നും അതിന് ശേഷവും ജനിച്ചവരുടെ മാതാപിതാക്കള്‍ രണ്ട് പേരും ഇന്ത്യന്‍ പൗരന്മാരായിരിക്കുകയോ മാതാപിതാക്കളില്‍ ഒരാള്‍ ഇന്ത്യന്‍ പൗരനും മറ്റേയാള്‍ ജനന സമയത്ത് അനധികൃത കുടിയേറ്റക്കാരന്‍ അല്ലാതിരിക്കുകയും വേണം.

ഇന്ത്യയില്‍ ഏഴ് വര്‍ഷം താമസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ വംശജനായ ആള്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാം. ഇന്ത്യന്‍ പൗരനെ/പൗരയെ വിവാഹം കഴിച്ചവര്‍ക്കും അപേക്ഷിക്കാം. ഇന്ത്യന്‍ വംശജന്‍ അല്ലെങ്കിലും ഏഴ് വര്‍ഷം താമസിക്കുന്നവര്‍ക്കും അല്ലെങ്കില്‍ മാതാപിതാക്കള്‍ രണ്ട് പേരും ഇന്ത്യന്‍ പൗരന്മാരായ ആള്‍ക്കും പൗരത്വത്തിന് അപേക്ഷിക്കാം. അപേക്ഷയില്‍ ജില്ലാ മജിസ്ട്രേറ്റാണ് തീരുമാനം കൈക്കൊള്ളുക. ഇപ്പറഞ്ഞ ചട്ടങ്ങള്‍ വിശകലനം ചെയ്താല്‍ പൗരത്വം ടെറിട്ടറി (രാജ്യത്തിന്‍റെ രാഷ്ട്രീയ അതിര്‍ത്തി)യുമായി ബന്ധപ്പെട്ടതാണെന്ന് കാണാനാകും. ഈ അതിര്‍വരമ്പ് ഭേദിച്ച് മതത്തെ പൗരത്വത്തിന്‍റെ അടിസ്ഥാനമാക്കി മാറ്റുകയാണ് ബില്ല് ചെയ്തത്.  ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ അഞ്ച് മുതല്‍ 11 വരെയുള്ള വകുപ്പുകള്‍ പൗരത്വവുമായി ബന്ധപ്പെട്ടവയാണ്. അനുഛേദം അഞ്ച് പ്രകാരം മൂന്ന് വിഭാഗങ്ങള്‍ക്കാണ് ഇന്ത്യന്‍ പൗരത്വത്തിന് അര്‍ഹത.

1) ഇന്ത്യന്‍ അധീനതയിലുള്ള ഭൂപ്രദേശത്ത് ജനിച്ചവര്‍.

2) മാതാപിതാക്കളിലാരെങ്കിലും ഇന്ത്യന്‍ അധീനതയിലുള്ള ഭൂപ്രദേശത്ത് ജനിച്ചവര്‍.

3) കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലുമായി ഇന്ത്യയില്‍ ജീവിക്കുന്നവര്‍.

വിഭജനത്തിന്‍റെ പ്രത്യേക സാഹചര്യത്തില്‍ ഉയര്‍ന്നുവന്ന പൗരത്വ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതാണ് 5-11  വകുപ്പുകള്‍.  ഇന്ത്യന്‍ ഭാഗത്ത് നിന്ന് പാക്കിസ്താനിലേക്ക് പോയ വ്യക്തിയുടെ പൗരത്വത്തിന് എന്ത് സംഭവിക്കും? പാക് ഭാഗത്ത് നിന്ന് ഇന്ത്യയിലേക്ക് വന്നയാള്‍ക്ക് പൗരത്വം സിദ്ധിക്കുന്നത് എങ്ങനെ? പാക് ഭാഗത്തേക്ക് പോയി മടങ്ങി വന്നയാള്‍ക്ക് എങ്ങനെ പൗരത്വം  നിശ്ചയിക്കപ്പെടും? വിദേശത്ത് താമസിക്കുന്നു, ജനിച്ചത് ഇന്ത്യയിലാണ്. അയാളുടെ പൗരത്വം എങ്ങനെയായിരിക്കും? ഈ ചോദ്യങ്ങളെയെല്ലാം ഭരണഘടന അഭിസംബോധന ചെയ്യുന്നു. ഈ ആര്‍ട്ടിക്കിളുകളെ അടിസ്ഥാനപ്പെടുത്തി രൂപം കൊണ്ട 1955-ലെ പൗരത്വ നിയമമടക്കമുള്ള നിയമങ്ങളും ചട്ടങ്ങളും  പൗരത്വത്തെ നിര്‍വചിക്കുകയും അപ്പപ്പോള്‍ വരാനിടയുള്ള തര്‍ക്കങ്ങള്‍ക്കുള്ള പരിഹാരം കൃത്യമായി മുന്നോട്ട് വെക്കുകയും ചെയ്യുന്നുണ്ട്. പിന്നെ, എന്തിനായിരുന്നു ഒരു ഭേദഗതി?

രണ്ട് തരത്തില്‍ ഈ ചോദ്യത്തിന് ഉത്തരം നല്‍കാം. ഒന്ന് തികച്ചും കുടുസ്സായ ഉത്തരമാണ്. അസമില്‍ അനധികൃത കുടിയേറ്റം ആരോപിച്ച് പതിറ്റാണ്ടുകള്‍ തുടര്‍ന്ന അക്രമാസക്ത പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തില്‍ രൂപപ്പെട്ട അസം അക്കോര്‍ഡിലെ വ്യവസ്ഥകള്‍ പാലിക്കുന്നതിന്‍റെ ഭാഗമായി ഒരു ദേശീയ പൗരത്വ രജിസ്റ്റര്‍ ഉണ്ടാക്കുന്നു. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലാണ് അത് രൂപപ്പെടുത്തിയത്. രജിസ്റ്റര്‍ പുറത്തു വന്നപ്പോള്‍  ബംഗാളി ഭാഷ സംസാരിക്കുന്ന ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ പുറത്തായി. ഇങ്ങനെ പുറത്തായവരാരും പുറത്തുനില്‍ക്കേണ്ടി വരില്ലെന്ന് ആഭ്യന്തര മന്ത്രി പ്രഖ്യാപിക്കുന്നു. ഈ വാഗ്ദാനം പാലിക്കാനുള്ള വഴിയെന്ന നിലയില്‍ ഭേദഗതി കൊണ്ടുവരുന്നു. ഇതാണ് സംഭവിച്ചത്. കള്ളപ്പണം പിടിക്കാന്‍ നോട്ട് നിരോധിച്ചത് പോലുള്ള വിഡ്ഢിത്തമാണിത്. ഏതാനും ലക്ഷം പേരെ അകത്ത് കയറ്റാന്‍ പൗരത്വത്തിന്‍റെ ഘടനതന്നെ പൊളിച്ചുകളഞ്ഞു.

രണ്ടാമത്തേത് വിശാലമായ, സങ്കീര്‍ണമായ ഉത്തരമാണ്. ആ ഉത്തരം ഹിന്ദുത്വ ആശയ അടിത്തറയില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. ഗോള്‍വാള്‍ക്കറുടെ വിചാരധാരയും സവര്‍ക്കറുടെ ഹിന്ദുത്വയും മുന്നോട്ടുവെക്കുന്ന മതരാഷ്ട്രത്തിലേക്കുള്ള ചുവടുവെപ്പാണ് ഈ ഭേദഗതി. ഉടനടി ആരുടേയും പൗരത്വം റദ്ദാകാന്‍ പോകുന്നില്ലെങ്കിലും സര്‍വ കുഴിക്കൂറ് അവകാശങ്ങളുമുള്ള പൗരത്വമല്ല നിങ്ങളുടേത് എന്ന കൃത്യമായ സന്ദേശം ഈ നിയമം തരുന്നുണ്ട്. രണ്ടു തരം പൗരത്വം സൃഷ്ടിക്കുന്നു. ഒരു കൂട്ടര്‍ക്ക് ആത്മവിശ്വാസം കൂട്ടുന്നു. മറ്റൊരു കൂട്ടര്‍ക്ക് അപകര്‍ഷതയും. ഒരു കൂട്ടര്‍ക്ക് അംഗീകാരം. മറ്റുള്ളവര്‍ക്ക് തിരസ്കാരം.

 

നഷ്ടക്കച്ചവടം

അഫ്ഗാനിസ്താന്‍, പാക്കിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മതപരമായ അടിച്ചമര്‍ത്തല്‍ അനുഭവിക്കുന്ന ഹിന്ദു, സിഖ്, ജൈന, ബുദ്ധ, ക്രിസ്ത്യന്‍, പാഴ്സി വിഭാഗത്തില്‍ പെട്ടവര്‍ക്ക് മാത്രമേ ഭേദഗതി നിയമം ഈ പ്രകാരം ഇന്ത്യന്‍ പൗരത്വം നല്‍കുന്നുള്ളൂ. ശ്രീലങ്കയില്‍ നിന്നുള്ള തമിഴ് വംശജര്‍ക്കോ മ്യാന്‍മറില്‍ നിന്നുള്ള റോഹിംഗ്യന്‍ മുസ്ലിംകള്‍ക്കോ ചൈനീസ് അതിര്‍ത്തിയിലെ ഉയ്ഗൂര്‍ മുസ്ലിംകള്‍ക്കോ ഒന്നും ആനുകൂല്യമില്ല. മ്യാന്‍മര്‍, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളെ ഒഴിവാക്കുക വഴി മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ മാത്രമേ മതപരമായ അടിച്ചമര്‍ത്തല്‍ നിലനില്‍ക്കുന്നുള്ളൂ എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട് അമിത് ഷാ.

അഭയാര്‍ത്ഥിത്വത്തെ വര്‍ഗീയവല്‍കരിക്കുകയാണ് ചെയ്തിരിക്കുന്നത്. അഭയാര്‍ത്ഥികളെ സ്വീകരിക്കുകയെന്നത്  കുടിയേറ്റവിരുദ്ധത കത്തി നില്‍ക്കുന്ന വര്‍ത്തമാനകാല ലോകക്രമത്തില്‍ ഏറ്റവും വിപ്ലവകരമായ കാര്യമാണ്.  ഇന്ത്യന്‍ ദേശീയത സംബന്ധിച്ച് ഗാന്ധിജിയുടെ കാഴ്ചപ്പാട് തന്നെ അതായിരുന്നു. അതിര്‍ത്തി ഭേദിച്ച് സഞ്ചരിക്കുന്ന മാനവികതയെ അദ്ദേഹം എന്നും ഉയര്‍ത്തിപ്പറഞ്ഞു. ആ അര്‍ത്ഥത്തില്‍ ഇന്ത്യയുടെ യശസ്സ് ലോകത്തിന് മേല്‍ ഉയര്‍ന്നുനില്‍ക്കാനുതകുന്ന തരത്തില്‍ മാറ്റമായിരുന്ന ഒന്നായിരുന്നു പീഡനമനുഭവിക്കുന്നവര്‍ക്ക് പൗരത്വത്തിന്‍റെ വാതില്‍ തുറന്ന് കൊടുക്കുക എന്നത്. എന്നാല്‍ മുസ്ലിംകളെ തിരസ്കരിക്കുക വഴി ആ അവസരം തുലക്കുകയാണ് അമിത് ഷാ ചെയ്തത്.

വടക്കു കിഴക്കന്‍ മേഖലയില്‍  എണ്‍പതുകളിലുണ്ടായത് പോലുള്ള സംഘര്‍ഷത്തിന് വഴിമരുന്നിട്ടതിലൂടെ പ്രശ്നങ്ങളുടെ പണ്ടോരപ്പെട്ടി തുറന്നിരിക്കുകയാണ് കേന്ദ്രം. അവിടെ നടക്കുന്ന പ്രക്ഷോഭം കൃത്യമായി വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. പലരും തെറ്റിദ്ധരിക്കുന്നത് പോലെ,   പൗരത്വ ഭേദഗതി ബില്ലിന്‍റെ വിഭജന രാഷ്ട്രീയത്തെയോ മുസ്ലിംകളോടുള്ള വിവേചനത്തെയോ അല്ല അവര്‍ എതിര്‍ക്കുന്നത്. അമിത് ഷാ ആനയിച്ച് കൊണ്ടുവരുന്ന ഹിന്ദുക്കളെ സ്വീകരിക്കാനാകില്ലെന്നാണ് പ്രക്ഷോഭകര്‍ പറയുന്നത്. എന്നുവച്ചാല്‍ ശുദ്ധ വംശീയത. ആര്‍എസ്എസ് മുന്നോട്ടു വെക്കുന്നതിനേക്കാള്‍ പത്തരമാറ്റ് കുടിയേറ്റ വിരുദ്ധത. ഇത് ചരിത്രത്തിന്‍റെ മനോഹരമായ പകരം വീട്ടലാണ്. എണ്‍പതുകളിലെ നെല്ലി കലാപത്തില്‍ മരിച്ചുവീണത് ആയിരങ്ങളാണ്. ബ്രിട്ടീഷ് രാജില്‍ ഇന്ത്യയും പാക്കിസ്താനും അഫ്ഗാനും ബംഗ്ലാദേശുമെല്ലാം ഒറ്റ ഭൂവിഭാഗമായിരുന്നുവല്ലോ. അത്കൊണ്ട് ഈ പ്രദേശങ്ങളില്‍ നിന്ന് അസമിലെ ചായത്തോട്ടങ്ങളിലേക്ക് ബ്രിട്ടീഷുകാര്‍ തൊഴിലാളികളെ കൊണ്ടുവന്നു. ആദ്യം പുരുഷന്‍മാരും പിന്നീട് സ്ത്രീകളും വന്നു. പിന്നെ കുടുംബങ്ങളും. അവര്‍ ഇവിടെ താമസിച്ചു. ജീവിതം പടുത്തുയര്‍ത്തി. പതിറ്റാണ്ടുകള്‍ക്ക് ശേഷം ഈ മനുഷ്യര്‍ അന്യരാണെന്ന് ആക്രോശിച്ച് അസം മേഖലയിലെ തദ്ദേശീയരെന്ന് അവകാശപ്പെടുന്നവര്‍ കലാപം തുടങ്ങിയപ്പോള്‍ ആ തീയിലേക്ക് എണ്ണയൊഴിച്ചവരാണ് സംഘപരിവാറുകാര്‍. അന്ന് ആളെക്കൊല്ലാനിറങ്ങിയ അതേ ആസു (ആള്‍ അസം സ്റ്റുഡന്‍റ്സ് യുനിയന്‍)വാണ് ഇന്ന് ബിജെപിയുടെ ഓഫീസ് കത്തിക്കുന്നത്, പോലീസിനെ ആക്രമിക്കുന്നത്.

ഇനി അന്താരാഷ്ട്രതലത്തില്‍ എന്താണ് സ്ഥിതി? ഇന്ത്യയുടെ പാരമ്പര്യത്തിന്‍റെയും ഭരണഘടനാ മൂല്യങ്ങളുടെയും അടിത്തറ ഭദ്രമായത് കൊണ്ടു മാത്രമാണ് നരേന്ദ്ര മോദിക്ക് ലോകതലത്തില്‍ അംഗീകാരങ്ങള്‍ ലഭിക്കുന്നത്. അത് കാലങ്ങളായി ഈ രാജ്യം പടുത്തുയര്‍ത്തിയ പ്രതിച്ഛായയുടെ ഗുണമാണ്. ആ പ്രതിച്ഛായയാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെയും പൗരത്വ പ്രതിസന്ധി സൃഷ്ടിച്ചതിലൂടെയും ഇവര്‍ ഇല്ലാതാക്കിയിരിക്കുന്നത്. ആഗോള തലത്തില്‍ മാധ്യമങ്ങള്‍ എങ്ങനെയാണ് ഈ നിയമനിര്‍മാണത്തെ കണ്ടത് എന്നു മാത്രം നോക്കിയാല്‍ ഇത് വ്യക്തമാകും. യുഎന്‍ സെക്രട്ടറി ജനറല്‍ ആശങ്ക പ്രകടിപ്പിച്ചു കഴിഞ്ഞു. ആത്യന്തിക മതവിവേചനമാണ് പൗരത്വ ഭേദഗതി നിയമമെന്ന് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ പ്രസ്താവനയിറക്കിയിരിക്കുന്നു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ ഇന്ത്യന്‍ സന്ദര്‍ശനം ഉപേക്ഷിച്ചു. കൂടുതല്‍ പ്രതികരണങ്ങള്‍ വരാനിരിക്കുന്നു. അത്കൊണ്ട് ആഭ്യന്തരമായും അന്താരാഷ്ട്രീയമായും വമ്പന്‍ വിഡ്ഢിത്തമാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തെടുത്തിരിക്കുന്നത്. ബുദ്ധിശൂന്യരില്‍ നിന്ന് ബുദ്ധിശൂന്യതയല്ലേ ഉണ്ടാകുകയുള്ളൂ.

 

ഭരണഘടനാ വിരുദ്ധം

ഭരണഘടനയുടെ ആര്‍ട്ടിക്കള്‍ 14, 15, 21,  25 വകുപ്പുകളുടെ നഗ്നമായ ലംഘനമാണ് പൗരത്വ ഭേദഗതി നിയമം. നിയമത്തിന് മുന്നിലെ  സമത്വമാണ് ആര്‍ട്ടിക്കില്‍ 14 ഉറപ്പ് നല്‍കുന്നത്. മത, ജാതി, ലിംഗം, വംശം, ജനന സ്ഥലം തുടങ്ങി ഒരു ഘടകവും നിയമത്തിനുള്ള പ്രത്യേക പരിഗണനയോ അവഗണനയോ അനുഭവിക്കുന്നതിന് കാരണമാകാന്‍ പാടില്ല. ഇവിടെ മുസ്ലിംകളായ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നിഷേധിക്കുന്നതിന്‍റെ അടിസ്ഥാനം അവരുടെ മതം മാത്രമാണ്. ഈ അനുച്ഛേദം രാജ്യത്തിനകത്തുള്ളവര്‍ക്ക്  മാത്രമല്ലേ ബാധകമാവുകയുള്ളൂ, ഇവിടെ തീരുമാനമെടുത്തിരിക്കുന്നത് പുറത്തുള്ളവര്‍ക്ക് വേണ്ടിയല്ലേ എന്ന് ചോദിക്കുന്നവരുണ്ട്. എന്നാല്‍ ഇന്ത്യന്‍ ഭരണഘടന മുന്നോട്ട് വെക്കുന്ന തുല്യതാ അവകാശം വിദേശിയെന്നോ സ്വദേശിയെന്നോ വ്യത്യാസമില്ലാതെ നിലനില്‍ക്കുന്നതാണ്. എന്‍റിക്ക ലക്സി കേസില്‍ ഇറ്റാലിയന്‍ നാവികരെ വിചാരണ ചെയ്യുമ്പോള്‍ നിയമപരമായ പരിഹാരത്തിന് അവര്‍ക്ക് അവകാശമുണ്ട്. അജ്മല്‍ കസബിനും അതുണ്ട്. ഇവര്‍ വിദേശികളായത് കൊണ്ട് ലോ ഓഫ് ലാന്‍ഡ് അവര്‍ക്ക് കടുത്തതാകുന്നില്ല. എതിര്‍ കക്ഷി സ്വദേശിയാണെങ്കില്‍ ഇളവുമില്ല. കൊളോണിയല്‍ കാലത്ത് ഈ വിവേചനം ഈ ജനത അനുഭവിച്ചത് നേരിട്ട് കണ്ടവരാണ് ഇന്ത്യന്‍ നിയമവ്യവസ്ഥക്ക് ആധാരമായ ഭരണഘടനാ അനുഛേദങ്ങള്‍ ഉണ്ടാക്കിയത്.

ആര്‍ട്ടിക്കിള്‍ 14-നെ മറികടന്ന് റീസണബിള്‍ ക്ലാസിഫിക്കേഷന്‍ നടത്താന്‍ എക്സിക്യൂട്ടീവിന് അധികാരമുണ്ടെന്ന വാദമാണ് അമിത് ഷാ ഉയര്‍ത്തുന്നത്. പക്ഷേ, യുക്തിസഹമായ ചില ലക്ഷ്യങ്ങള്‍ നേടാന്‍ വേണ്ടിയായിരിക്കണം ഈ മറികടക്കല്‍. മതപരമായ അടിച്ചമര്‍ത്തല്‍ അനുഭവിക്കുന്നവരെ സ്വീകരിക്കുന്നു എന്നത് മാത്രമാണ് ഇവിടെയുള്ള യുക്തി. അങ്ങനെയെങ്കില്‍ റോഹിംഗ്യന്‍ മുസ്ലിംകളെ എന്തിന് ഒഴിവാക്കി? അഹ്മദിയാക്കളെ ഒഴിവാക്കിയതിന് എന്താണ് ന്യായം? സിംഹളരുടെ അടിച്ചമര്‍ത്തല്‍ അനുഭവിച്ച് ഓടിപ്പോന്ന ശ്രീലങ്കന്‍ തമിഴര്‍ക്ക് എന്താണ് അയോഗ്യത?

ആര്‍ട്ടിക്കിള്‍ 15 വിവേചനങ്ങള്‍ക്കെതിരെ പൗരന്‍മാര്‍ക്ക് സംരക്ഷണം നല്‍കുന്നതാണ്. അത് പൗരന്‍മാരുടെ കാര്യത്തില്‍ മാത്രമാണ് നിലനില്‍ക്കുന്നത് എന്ന് വാദിക്കാവുന്നതാണ്. എന്നാല്‍ ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും ഒരുമിക്കുമ്പോള്‍ വിവേചനത്തിന്‍റെ കടുത്ത വിഷലായനി രൂപപ്പെടും. എന്‍ആര്‍സി രാജ്യവ്യാപകമാക്കുമ്പോള്‍ രേഖകളുടെ അപര്യാപ്തകള്‍ മൂലം നിരവധി പൗരന്‍മാര്‍ പട്ടികയില്‍ നിന്നു പുറത്താക്കപ്പെടും. അപ്പോള്‍ മുസ്ലിമേതരരെല്ലാം ഭേദഗതി നിയമത്തിന്‍റെ ബലത്തില്‍ തിരിച്ച് കടന്നുകൂടും. മുസ്ലിംകള്‍ മാത്രം പുറത്താകും. ഇതാണ് സംഭവിക്കാന്‍ പോകുന്ന വിവേചനം.

ആര്‍ട്ടിക്കിള്‍ 21 ജീവിക്കാനുള്ള അവകാശം അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. ഈ വകുപ്പിന് സുപ്രീം കോടതി നല്‍കിയ വ്യാഖ്യാനത്തില്‍ പറയുന്നത് മാന്യമായി ജീവിക്കാനുള്ള അവകാശമെന്നാണ്. അത് പൗരനെന്നോ അല്ലെന്നോ വ്യത്യാസമില്ലാതെ ഇന്ത്യന്‍ ഭരണഘടന എല്ലാവര്‍ക്കും ഉറപ്പ് നല്‍കുന്നുണ്ട്. ഇവിടെ ദീര്‍ഘകാലം ജീവിച്ച മനുഷ്യര്‍ക്ക് അല്ലെങ്കില്‍ അഭയം തേടിയെത്തുന്ന മനുഷ്യര്‍ക്ക് അവര്‍ ഒരു പ്രത്യേക മതത്തില്‍ പെട്ടവരാണ് എന്നതിനാല്‍ മാന്യമായി ജീവിക്കാനുള്ള അവകാശം നിഷേധിക്കാനാകില്ല. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വേഴ്സസ് സ്റ്റേറ്റ് ഓഫ് അരുണാചല്‍ പ്രദേശ് (1996) കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ഇക്കാര്യത്തില്‍ പ്രധാനമാണ്. ബംഗ്ലാദേശില്‍ നിന്നുള്ള ചക്മ അഭയാര്‍ത്ഥികളുമായി ബന്ധപ്പെട്ടായിരുന്നു കേസ്. രേഖകളൊന്നുമില്ലാത്ത അവര്‍ക്ക് ഒരു അവകാശവുമില്ലെന്നായിരുന്നു വാദം. എന്നാല്‍ കോടതി വിധിച്ചു,  ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള അവകാശം ചക്മകള്‍ക്കുണ്ട്,  അവര്‍ ഇന്ത്യന്‍ പൗരന്‍മാരല്ലെങ്കില്‍ കൂടിയും. പൗരത്വ ഭേദഗതി നിയമവും എന്‍ആര്‍സിയും നടപ്പാകുമ്പോള്‍ പൗരത്വത്തിനായി അലയുന്ന എല്ലാ മനുഷ്യരും സ്വസ്ഥമായ ജീവിതത്തിനുള്ള അവകാശം അടിയറവെക്കുകയാണ് ചെയ്യുന്നത്.

ആര്‍ട്ടിക്കിള്‍ 25 മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സുപ്രധാന വകുപ്പാണല്ലോ. ഇഷ്ടമുള്ള മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും ഭരണഘടന അവകാശം നല്‍കുന്നു. മതം പൗരത്വത്തിന്‍റെ മാനദണ്ഡമായി മാറുമ്പോള്‍ ഇപ്പോള്‍ ഭേദഗതി നിയമത്തില്‍ പറഞ്ഞിരിക്കുന്ന മതങ്ങള്‍ ‘ഔദ്യോഗികമായി’ മാറുന്നുണ്ട്. മുസ്ലിംകള്‍ അങ്ങനെയല്ലാതായി മാറുകയും ചെയ്യുന്നു. അപ്പോള്‍  ഈ മതത്തില്‍ നിലകൊള്ളുകയെന്നത് ഭരണഘടന ഉറപ്പ് നല്‍കുന്നത് പോലെ നിയമത്താല്‍ പരിരക്ഷിക്കപ്പെട്ടതല്ലാതായിത്തീരുന്നു. 1982-ല്‍ മ്യാന്‍മറില്‍ പൗരത്വ നിയമം പാസ്സാക്കുകയും റോഹിംഗ്യന്‍ മുസ്ലിംകള്‍ക്ക് പൗരത്വം നിഷേധിക്കുകയും ചെയ്തപ്പോള്‍ ആയിരക്കണക്കിനാളുകളാണ് മതം ഉപേക്ഷിച്ചത്. അവരുടെ വിശ്വാസദാര്‍ഢ്യത്തിന്‍റെ പ്രശ്നമായി മാത്രം ഇതിനെ കാണാനാകില്ല. പൗരത്വ ഭേദഗതി ബില്ലിന്‍റെ ബുദ്ധി കേന്ദ്രങ്ങള്‍ തീര്‍ച്ചയായും ഘര്‍വാപസി പ്രതീക്ഷിക്കുന്നുണ്ട്.

ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ഭരണഘടനയുടെ അടിസ്ഥാന ഘടനയെ (ബേസിക് സ്ട്രക്ചര്‍) പൊളിക്കുന്ന ഏത് ഭേദഗതിയെയും അസാധുവാക്കാന്‍ സുപ്രീം കോടതിക്ക് അധികാരമുണ്ട് എന്നതാണ്. കേശവാനന്ദ ഭാരതി/ കേരള സര്‍ക്കാര്‍ കേസില്‍ 1973-ല്‍ ജസ്റ്റിസ് ഹന്‍സ് രാജ് ഖന്ന പുറപ്പെടുവിച്ച വിധിന്യായമാണ് ഇക്കാര്യത്തില്‍ ഏറ്റവും ആധികാരികമായി നിലകൊള്ളുന്നത്. പാര്‍ലമെന്‍റിന് അപരിമിതമായ അധികാരങ്ങളുണ്ടെങ്കിലും അത് പുറപ്പെടുവിക്കുന്ന നിയമങ്ങളും ഭേദഗതികളും ബേസിക് സ്ട്രക്ചറിന് ഭംഗം വരുത്തിക്കൂടാ. ഭരണഘടനയുടെ മൗലിക ഘടകങ്ങളില്‍ കൈവെക്കരുതെന്നര്‍ത്ഥം. പൗരത്വ ഭേദഗതിയിലൂടെ പൗരത്വത്തിന്‍റെ അടിസ്ഥാനം മതമായി വരുന്നത് ബേസിക് സ്ട്രക്ചറിന് എതിരാണെന്ന നിലപാടാണ് മുന്‍ സുപ്രീം കോടതി ന്യായാധിപനായ ജസ്റ്റിസ് മദന്‍ ബി ലോകൂറും മുന്‍ ചീഫ് ജസ്റ്റിസ് ആര്‍എം ലോധയും അടക്കമുള്ള നിയമജ്ഞര്‍ മുന്നോട്ട് വെക്കുന്നത്. ആര്‍ട്ടിക്കിള്‍ 13, 32 അനുരിച്ചുള്ള ഇടപെടലിന് പരമോന്നത നീതിപീഠം തയ്യാറാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കേണ്ടത്. രാജീവ് ഗാന്ധിയുടെ കാലത്ത് ഒപ്പുവച്ചതും ഇപ്പോഴത്തെ അസം ദേശീയ പൗരത്വ രജിസ്റ്ററിന് ആധാരവുമായ അസം അക്കോര്‍ഡിന്‍റെ ലംഘനമാണ് ഭേദഗതി നിയമമെന്ന വിലയിരുത്തലും ഉയര്‍ന്നുവരുന്നുണ്ട്. അസമിന്‍റെ സാംസ്കാരിക സ്വത്വം നിലനിര്‍ത്താനുള്ള വ്യവസ്ഥകളുടെ ലംഘനമാണ് അമിത് ഷാ നടത്തിയിരിക്കുന്നത്. ഈ നിലയില്‍ കോടതിയില്‍ പോയാലും കേന്ദ്ര സര്‍ക്കാര്‍ കുടുങ്ങും.

എന്നാല്‍ സുപ്രീം കോടതിയുടെ സമീപകാല വിധികള്‍ ചില തെറ്റായ പ്രവണതകള്‍ കാണിക്കുന്നുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. ഭരണകൂടം ഉല്‍പാദിപ്പിക്കുന്ന പൊതുബോധത്തിന് കോടതികള്‍ അടിമപ്പെടുന്നുവെന്ന ആശങ്ക ശക്തമാണ്. അതൊക്കെയുണ്ടെങ്കിലും എല്ലാ പ്രതീക്ഷയും അസ്തമിച്ചുവെന്ന തരത്തിലുള്ള ഭീതിയുടെ ആവശ്യമില്ല. രാജ്യത്തിന്‍റെ നാനാകോണില്‍ നിന്ന് ഉയരുന്ന പ്രതിരോധത്തില്‍ വിശ്വാസമര്‍പ്പിക്കണം. ഇതൊരു മുസ്ലിം പ്രശ്നമേയല്ല. പൗരാവകാശ പ്രശ്നമാണ്. ജനങ്ങളെ വിഭജിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണ്. നിങ്ങള്‍ സാമ്പത്തിക മാന്ദ്യത്തെ കുറിച്ചോ വികസന രാഹിത്യത്തെ കുറിച്ചോ സംസാരിക്കരുതെന്ന ലക്ഷ്യം കൂടി ഇതില്‍ അടങ്ങിയിട്ടുണ്ട്. ഭയം സൃഷ്ടിക്കുന്നവരെ കരുതിയിരിക്കണം. അത് രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടിയുള്ളതാണ്. തല്‍കാലം ഉപ്പാപ്പാന്‍റെ രേഖ കാണിക്കേണ്ട കാര്യമൊന്നുമില്ല. എന്‍ആര്‍സിക്ക് ദേശീയ മാനദണ്ഡമൊന്നും വന്നിട്ടില്ല. അസമിലെ മാനദണ്ഡം  ഇന്ത്യക്കാകെ ബാധകമാക്കാന്‍ സാധിക്കില്ല. ജാഗ്രതയാകാം, ഭയം വേണ്ട.

Exit mobile version