ആത്മാവിനെ പ്രോജ്ജ്വലിപ്പിക്കുന്ന പ്രഭയാണ് അറിവ്

ജ്ഞാനമാണ് മനുഷ്യനിലെ ഏറ്റവും ഉൽകൃഷ്ട മൂല്യം. അവനെ ധാർമികവും അധ്യാത്മികവുമായ പുരോഗതിയിലേക്ക് നയിക്കുന്നതും വിജ്ഞാനം തന്നെ. അത് മനുഷ്യനിൽ നന്മതിന്മകളെ കുറിച്ചുള്ള ഉണർവുണ്ടാക്കുന്നു. ജീവിതത്തിന്റെ അസ്തിത്വത്തെ അർത്ഥമുള്ളതാക്കിത്തീർക്കുന്നു. ജീവിതം ലക്ഷ്യോന്മുഖമാക്കുന്നു. പരിമിതികളെ ഉല്ലംഘിച്ചു വർത്തിക്കാൻ പ്രാപ്തനാക്കുകയും സാംസ്‌കാരികവും നാഗരികവുമായ പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യും. ആരാധനകളിൽ ഏറ്റവും ശ്രേഷ്ഠമായതും വിലപ്പെട്ട സമയം വിനിയോഗിക്കാൻ ഏറ്റവും അർഹതപ്പെട്ടതുമായ പുണ്യങ്ങളിലൊന്ന് അറിവന്വേഷണമാണെന്ന് ഇമാം നവവി(റ)വിനെ പോലുള്ള ജ്ഞാനികൾ പറഞ്ഞിട്ടുണ്ട്.
അറിവാണ് മനുഷ്യനെ ഔന്നത്യങ്ങളിലെത്തിക്കുന്നത്. അല്ലാഹു മലക്കുകളെക്കാൾ മനുഷ്യ പിതാവ് ആദം(അ)ന് ഔന്നത്യം നൽകാൻ കാരണം നബിക്കുണ്ടായിരുന്ന വൈജ്ഞാനിക മികവായിരുന്നു. നാഥൻ നൽകുന്ന മഹത്തായ അനുഗ്രഹങ്ങളിലൊന്നായാണ് വിജ്ഞാനത്തെ വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നത്. തിരുനബി(സ്വ)ക്കു നൽകിയ വിജ്ഞാനത്തെ പറ്റി ഖുർആൻ പറയുന്നതിങ്ങനെ: ‘അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവുമുണ്ടായിരുന്നില്ലെങ്കിൽ അവരിൽ നിന്നൊരു വിഭാഗം അങ്ങയെ വഴിതെറ്റിക്കാൻ തുനിഞ്ഞേനെ, യഥാർത്ഥത്തിൽ അവർ അവരെ തന്നെയാണ് വഴി പിഴപ്പിക്കുന്നത്. അങ്ങേക്ക് അവർ യാതൊരു ദ്രോഹവും ചെയ്യുന്നില്ല. അല്ലാഹു അങ്ങേക്ക് ഗ്രന്ഥവും വിജ്ഞാനവും ഇറക്കിത്തരികയും അറിയാത്ത കാര്യങ്ങൾ പഠിപ്പിച്ചുതരികയും ചെയ്തിരിക്കുന്നു. മഹത്തായ അനുഗ്രഹമാണ് അല്ലാഹു അങ്ങേക്ക് നൽകിയിരിക്കുന്നത് (നിസാഅ് 113).
ജനങ്ങൾക്ക് അറിയാത്ത കാര്യങ്ങൾ പഠിപ്പിക്കുന്നതിനായി ദൂതനെ (റസൂൽ) അയച്ചതിനെ അനുഗ്രഹ പൂർത്തീകരണമായാണ് ഖുർആൻ വിശേഷിപ്പിച്ചിരിക്കുന്നത്. ‘വിശുദ്ധ ഗ്രന്ഥം ഓതിക്കേൾപിക്കുകയും നിങ്ങളെ സംസ്‌കരിക്കുകയും ചെയ്യുന്ന, നിങ്ങൾക്ക് ഗ്രന്ഥവും ജ്ഞാനവും പഠിപ്പിച്ചുതരുന്ന, അറിയാത്ത കാര്യങ്ങൾ അറിയിച്ചുതരുന്ന നിങ്ങളിൽ നിന്നു തന്നെയുള്ള ഒരു ദൂതനെ നിങ്ങളിലേക്ക് നിയോഗിക്കുക വഴി നിങ്ങൾക്ക് നാം അനുഗ്രഹം നൽകിയിരിക്കുന്നു (അൽബഖറ 151).
‘സത്യവിശ്വാസികളെയും ജ്ഞാനം നൽകപ്പെട്ടവരെയും അല്ലാഹു ഉന്നതങ്ങളിലേക്കുയർത്തും (മുജാദില 11).
‘അല്ലാഹു അവനുദ്ദേശിച്ചവർക്ക് വിജ്ഞാനം നൽകുന്നു. ഏതൊരാൾക്ക് വിജ്ഞാനം നൽകപ്പെട്ടുവോ അവന് അത്യധികം നന്മകൾ നൽകപ്പെട്ടു. ബുദ്ധിശാലികളല്ലാതെ ചിന്തിച്ചു മനസ്സിലാക്കുകയില്ല (അൽബഖറ 269). ഇവയടക്കം അനേകം വചനങ്ങളിൽ അറിവിന്റെ മഹത്ത്വത്തെ പറ്റിയും അറിവുള്ളവർക്ക് ലഭിക്കുന്ന ഔന്നത്യത്തെ സംബന്ധിച്ചും വിവരിച്ചിട്ടുണ്ട്.
ഐഹിക ലോകത്തെ ഏറ്റവും മൂല്യമുള്ള കാര്യമായി നബി(സ്വ) പരിചയപ്പെടുത്തിയതും വിജ്ഞാനത്തെയാണ്. അവിടന്ന് പറഞ്ഞു: ‘അല്ലാഹുവിന്റെ സ്മരണ, അതിന് സഹായകമായ കാര്യങ്ങൾ, ജ്ഞാനി, വിദ്യാർത്ഥി എന്നിവ അല്ലാത്ത ഐഹിക ലോകവും അതിലുള്ള മുഴുവൻ വസ്തുക്കളും നിന്ദ്യമാണ് (തുർമുദി). ഒരാൾക്ക് മതവിജ്ഞാനം നൽകുകയെന്നത് അദ്ദേഹത്തിൽ അല്ലാഹു വലിയ നന്മ ഉദ്ദേശിച്ചിട്ടുണ്ടെന്നതിന്റെ തെളിവാണെന്നും റസൂൽ(സ്വ) പഠിപ്പിച്ചു. സാധകരെക്കാൾ ജ്ഞാനികൾക്കുള്ള ഔന്നത്യത്തെ പൗർണമി നാളിലെ ചന്ദ്രികയോടും നക്ഷത്രങ്ങളോടുമാണ് തിരുനബി(സ്വ) ഉപമിച്ചത്. ‘ജനങ്ങളിൽ ഏറ്റവും താഴെക്കിടയിലുള്ള വ്യക്തിയെക്കാൾ നബി(സ്വ)ക്കുള്ള ഔന്നത്യത്തോടും ജ്ഞാനിക്ക് സാധകനെക്കാളുള്ള മഹത്ത്വത്തെ റസൂൽ(സ്വ) ഉപമിച്ചിട്ടുണ്ട്. ‘അറിവ് പഠിക്കാൻ പുറപ്പെട്ടതു കാരണമായി അല്ലാഹു അവന് സ്വർഗത്തിലേക്കുള്ള വഴി ആയാസരഹിതമാക്കിക്കൊടുക്കും’ (മുസ്‌ലിം), വിദ്യാത്ഥിയോടുള്ള ഇഷ്ടം മൂലം മലക്കുകൾ അവർക്ക് സംരക്ഷണം നൽകും (ബൈഹഖി), ‘ജനങ്ങൾക്ക് നന്മ പഠിപ്പിച്ചു കൊടുക്കുന്നവരെ അല്ലാഹു അനുഗ്രഹിക്കും. അവന്റെ മലക്കുകളും ഭുവന വാന വാസികളും മാളത്തിലുള്ള ഉറുമ്പും സമുദ്രത്തിനകത്തെ മത്സ്യങ്ങളും വരെ അവർക്കു വേണ്ടി പ്രാർത്ഥിക്കും (തിർമിദി), ഒരധ്യായം (ബാബ്) പഠിക്കുന്നതാണ് ആയിരം റക്അത്ത് സുന്നത്ത് നിസ്‌കരിക്കുന്നതിലേറെ ഗുണകരം (ഇബ്‌നുമാജ) തുടങ്ങി അനേകം വചനങ്ങളിലൂടെയും അറിവിന്റെ മാഹാത്മ്യം തിരുനബി(സ്വ) സമൂഹത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
മുആദുബ്‌നു ജബൽ(റ) പറഞ്ഞു: നിങ്ങൾ അറിവ് നേടുക. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് അറിവ് പഠിക്കുന്നത് അവനെ ഭയപ്പെടലാണ്. അറിവന്വേഷണം ആരാധനയാണ്. പാരായണം കീർത്തനമാണ്. വൈജ്ഞാനിക ചർച്ച ധർമസമരമാണ്. അറിവ് പഠിക്കുന്നവർക്ക് വേണ്ടി ധനം വിനിയോഗിക്കൽ പുണ്യകർമമാണ്. അറിവാണ് ഏകാന്തതയിൽ നിനക്ക് സഹവാസത്തിനുണ്ടാവുക. ഒറ്റപ്പെടുമ്പോൾ കൂട്ടിനുണ്ടാകുന്നതും അതുതന്നെ. മതകാര്യങ്ങളിൽ നിനക്കത് വഴികാട്ടിയാണ്. സന്തോഷാവസരങ്ങളിലും ആപത്ഘട്ടങ്ങളിലും നിനക്കത് പിന്തുണയാകും. കൂട്ടുകാർക്കിടയിൽ നിനക്ക് നായകത്വം നൽകുന്നതും വിദേശികളെ നിന്നിലേക്ക് അടുപ്പിക്കുന്നതും അറിവാണ്. സ്വർഗവഴിയിലെ ഗോപുരമാണത്. ഒരു വിഭാഗം ആളുകൾക്ക് അതിലൂടെ നാഥൻ ഔന്നത്യം നൽകും. അവരെ അവൻ നന്മയിലേക്ക് വഴിനടത്തുന്നവരാക്കും. അവർ ജനങ്ങൾക്ക് നന്മ അറിയിച്ചുകൊടുക്കും. നീ അവരുടെ കാൽപാടുകൾ പിന്തുടരുക. എങ്കിൽ അവർ നിന്നെ മലക്കുകളുടെ കൂടെ ചേർക്കും. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും നിന്നെ പുകഴ്ത്തും. സമുദ്രത്തിനകത്തെ മത്സ്യങ്ങളും കാടിനത്തെ ഹിംസ്ര ജന്തുക്കളും നിനക്ക് വേണ്ടി പാപമോചനം തേടും. അല്ലാഹുവിനെ വേണ്ടവിധം അനുസരിക്കാനാകുന്നത് അറിവ് നേടുമ്പോഴാണ്. റബ്ബിന്റെ എകത്വം അംഗീകരിക്കാനാകുന്നതും അവനെ മഹത്ത്വപ്പെടുത്താൻ സാധിക്കുന്നതും അറിവ് നേടുമ്പോഴാണ്. അറിവുണ്ടങ്കിൽ മാത്രമേ സൂക്ഷ്മതയോടെ ജീവിക്കാനാകൂ. കുടുംബബന്ധം പുലർത്താനാകുന്നതും അനുവദിക്കപ്പെട്ടവയും വിലക്കപ്പെട്ടവയും അറിയാനാകുന്നതും അറിവുണ്ടാകുമ്പോഴാണ്. നിങ്ങളുടെ ഓരോ പ്രവർത്തനവും നിയന്ത്രിക്കുന്നത് അറിവാണ്. ഭാഗ്യശാലികൾക്കേ അറിവ് പഠിക്കാനുള്ള ഉൾവിളി ലഭിക്കൂ. പരാജിതർക്ക് അറിവ് നൽകപ്പെടുകയില്ല (ഇഹ്‌യ ഉലൂമുദ്ദീൻ).
അറിവുള്ളവരുടെ ഔന്നത്യത്തെ ഇമാം ശാഫിഈ(റ) കവിതയിൽ മനോഹരമായി ആവിഷ്‌കരിച്ചിട്ടുണ്ട്. ‘അറിവുള്ളവരെ ആദരണീയരായി ഞാൻ കണ്ടു. അവർ നികൃഷ്ടരായ മാതാപിതാക്കളിൽ പിറന്നവരാണെങ്കിൽ പോലും. സമൂഹത്തിലെ ഉന്നത ശീർഷരായ ആളുകൾ അവരെ ബഹുമാനിക്കുന്നിടത്തേക്കും, ആടിന് വില പറഞ്ഞുകൊണ്ട് കച്ചവടക്കാർ ആട്ടിടയനെ പിന്തുടരുന്നതു പോലെ എല്ലായ്‌പ്പോഴും ജനങ്ങൾ അവരെ പിന്തുടരുന്നേടത്തേക്കും കാര്യങ്ങളെത്തുന്നു. അറിവില്ലായിരുന്നുവെങ്കിൽ സമൂഹം ആദരവു കൽപിക്കുന്ന പല വ്യക്തികൾക്കും വിജയിക്കാനാകുമായിരുന്നില്ല. നിയമാനുസൃത കാര്യമേതെന്നും നിഷിദ്ധമേതെന്നും തിരിച്ച റിയാനുമാകുമായിരുന്നില്ല’ (ദീവാനുശ്ശാഫിഈ).

എന്താണ് അറിവ്?

മനുഷ്യ മനസ്സിനെ സൂക്ഷ്മവും സമഗ്രവുമായി സ്വാധീനിക്കുന്ന അമൂർത്തമായ ഒരനുഭൂതിയാണ് അറിവ്. അതിന്റെ സ്വത്വം പൂർണാർത്ഥത്തിൽ ആവിഷ്‌കരിക്കാനാവില്ല. അറിവിനെ പല വിധത്തിൽ നിർവചിച്ചിട്ടുണ്ടെങ്കിലും അതിന്റെ യാഥാർത്ഥ്യം പൂർണാർത്ഥത്തിൽ ആവിഷ്‌കരിക്കുന്നതിൽ അവയൊന്നും തന്നെ യഥാതഥം വിജയിച്ചിട്ടില്ല. അത്രയ്ക്കും സങ്കീർണമായൊരു പ്രതിഭാസമാണ് അറിവെന്നർത്ഥം.
അപരിമേയമായ ഒരു യാഥാർത്ഥ്യമാണ് അറിവ്. അതിന് അനേകം ഉൾപിരിവുകളുണ്ട്. ശാഖകളും ഉപശാഖകളുമുണ്ട്. ഐഹിക ലോകത്ത് ഉപകരിക്കുന്നവയും പരലോക വിജയം നേടിത്തരുന്നവയുമുണ്ട്. സത്യവിശ്വാസിയുടെ ആത്യന്തിക ലക്ഷ്യം പരലോക വിജയമായതിനാൽ അതിന് പര്യാപ്തമായ അറിവിനാണ് അവൻ പ്രാമുഖ്യം നൽകേണ്ടത്. അത്തരം അറിവുകളെയാണ് വിശുദ്ധ ഖുർആനും തിരുനബി(സ്വ)യും മഹത്ത്വപ്പെടുത്തിയിട്ടുള്ളത്. നന്മയുടെയും ഔന്നത്യത്തിന്റെയും നിദാനവും അതത്രെ.
‘വിമല മനസ്സുകളിൽ അല്ലാഹു ചൊരിഞ്ഞുകൊടുക്കുന്ന പ്രഭ’ എന്ന് ആത്മജ്ഞാനികൾ വിശേഷിപ്പിച്ചതും അത്തരം അറിവുകളെക്കുറിച്ചാണ്. അഥവാ അറിവ് മനസ്സുകളെ വിമലീകരിക്കുന്നതാവണം. അല്ലാഹുവിന്റെ ശിക്ഷയെ കുറിച്ചും അവന്റെ കോപത്തെക്കുറിച്ചും ശ്രദ്ധയുണ്ടാക്കുന്നതായിരിക്കണം. ‘തീർച്ച, അല്ലാഹുവിന്റെ ദാസന്മാരിൽ അവനെ ഭയപ്പെടുന്നത് ജ്ഞാനികൾ മാത്രമാണ് (സൂറത്തുൽ ഫാത്വിർ 28).
പ്രപഞ്ച പ്രതിഭാസങ്ങളെ കുറിച്ച് പറഞ്ഞ ശേഷമാണ് ഖുർആൻ ഇക്കാര്യം വിവരിക്കുന്നത്. ദൃശ്യവും അദൃശ്യവുമായ പ്രകൃതി പ്രതിഭാസങ്ങളെ വിശകലനം നടത്തി സ്രഷ്ടാവിനെ കണ്ടെത്താനും അവനിൽ വിശ്വസിക്കാനും അറിവുള്ളവർക്ക് മാത്രമാണ് സാധിക്കുക. ജ്ഞാനതൃഷ്ണ കൊണ്ടാർജിച്ച അഗാധജ്ഞാനമാണ് യഥാർത്ഥത്തിൽ റബ്ബിനെ ഭയപ്പെടുന്നവരാക്കുന്നത്. വിദ്യ വർധിക്കുംതോറും നാഥന്റെ ശിക്ഷയെക്കുറിച്ചുള്ള ഭയം കൂടിക്കൊണ്ടിരിക്കും.
അറിവിന്റെ അർത്ഥവും വ്യാപ്തിയും വളരെ വലുതാണ്. ജീവിതകാലം മുഴുവൻ വിനിയോഗിച്ചാലും വളരെ പരിമിതമായ ജ്ഞാനം മാത്രമാണ് മനുഷ്യന് ലഭിക്കുക. അറിവ് നേടുന്നതിനനുസരിച്ചാണ് അജ്ഞതയുടെ ആഴം മനസ്സിലാവുക. അതിനാൽ ഏറ്റവും അനിവാര്യവും ഉപകാരപ്രദവുമായ അറിവ് നേടിയെടുക്കുന്നതിനാണ് പ്രാമുഖ്യം നൽകേണ്ടത്. പരലോകത്ത് ഉപകരിക്കുന്ന അറിവുകളാണ് ശ്രേഷ്ഠം. മതപരമായ അറിവുകളാണ് പരലോകത്ത് ഉപകരിക്കുക. മതപരമായ അറിവുകളെ ജ്ഞാനികൾ മൂന്നായി വർഗീകരിച്ചിട്ടുണ്ട്. ആരാധനാ കർമങ്ങൾ, സാമ്പത്തിക ഇടപാടുകൾ, വൈവാഹിക ജീവിതം എന്നിവയിലെ ശരിതെറ്റുകളെ കുറിച്ച് പറയുന്ന കർമശാസ്ത്രമാണ് അതിലൊന്ന്. വിശ്വാസ കാര്യങ്ങളെക്കുറിച്ച് കുറ്റമറ്റ രീതിയിൽ മനസ്സിലാക്കാനും ശരിയായ വിശ്വാസധാര പിന്തുടരാനും സഹായകമായ വിശ്വാസ സംബന്ധമായ അറിവുകളാണ് രണ്ടാമത്തേത്. അഹങ്കാരം, അസൂയ, ആർത്തി, പൊങ്ങച്ചം, കാപട്യം തുടങ്ങിയ സ്വഭാവദൂഷ്യങ്ങളിൽ നിന്നും മാനസിക വൈകൃതങ്ങളിൽ നിന്നും മനസ്സിനെ സംസ്‌കരിക്കുന്ന ആത്മജ്ഞാനമാണ് മൂന്നാമത്തേത്. ഈ മൂന്ന് വിജ്ഞാന ശാഖകൾക്കാണ് മറ്റെല്ലാത്തിനെക്കാളും പ്രാധാന്യമേകേണ്ടത്.

പ്രവാചകന്മാരുടെ അനന്തര ഗാമികൾ

പ്രവാചകന്മാരുടെ അനന്തര ഗാമികൾ പണ്ഡിതന്മാരാണ്. അറിവാണ് പ്രവാചകന്മാർ അനന്തരമായി നൽകുന്നത്. നബി(സ്വ) പറഞ്ഞു: പണ്ഡിതർ പ്രവാചകന്മാരുടെ അനന്തരാവകാശികളാകുന്നു. നബിമാർ ദീനാറുകളോ ദിർഹമുകളോ ഉപേക്ഷിച്ചു പോകാറില്ല. വിജ്ഞാനമാണ് അവരുടെ അനന്തരസ്വത്ത്. ആരെങ്കിലും അത് ശേഖരിച്ചുവെച്ചാൽ പൂർണമായ ഒരു വിഹിതം അവൻ നേടി (അബൂദാവൂദ്, തിർമിദി).
നബിമാരുടെ അനന്തര സ്വത്ത് നേടുന്ന പണ്ഡിതന്മാർ പ്രവാചകന്മാരുടെ സ്വഭാവ ഗുണങ്ങൾ സ്വാംശീകരിച്ചവരായിരിക്കും. മറ്റാരെക്കാളും ബൗദ്ധിക നിലവാരമുള്ളവരായിരുന്നല്ലോ നബിമാർ. മാതൃകാപരമായിരുന്നു അവരുടെ ജീവിതം. അപക്വമായ ഒരു പെരുമാറ്റവും അവരിൽ നിന്നുണ്ടായിട്ടില്ല. ജ്ഞാനികളും ആ വിധം ഉയർന്ന ബൗദ്ധിക നിലവാരമുള്ളവരായിരിക്കണം. അപക്വമായ പെരുമാറ്റമോ ധനത്തോടുള്ള ആർത്തിയോ പാടില്ല. മാതൃകാപരമായിരിക്കണം അവരുടെ ജീവിതം. ജീവിത വിശുദ്ധിയും വ്യക്തിത്വവും കാത്തുസൂക്ഷിക്കണം. ഇത്തരം കാര്യങ്ങൾക്കായിരിക്കണം മറ്റെന്തിനെക്കാളും പ്രാധാന്യം കൽപിക്കുന്നത്. അവർ സമൂഹത്തോട് ഗുണകാംക്ഷയുള്ളവരും കരുണയുള്ളവരുമായിരിക്കണം. പണ്ഡിതന്മാരാണ് മാതാപിതാക്കളെക്കാൾ സമൂഹത്തോട് കരുണയുള്ളവരെന്ന് ജ്ഞാനികൾ പറഞ്ഞിട്ടുണ്ട്. മാതാപിതാക്കൾ തങ്ങളുടെ മക്കൾക്ക് രോഗം വരുന്നതും അപകടത്തിൽ പെടുന്നതും ദാരിദ്ര്യത്തിൽ അകപ്പെടുന്നതുമാണ് ഭയക്കുന്നത്. എന്നാൽ പണ്ഡിതന്മാർ നരകാഗ്നിയിൽ നിന്നു സമൂഹത്തെ കാത്തുസൂക്ഷിക്കുന്നവരാണ്. സമൂഹത്തെ സമുദ്ധരിക്കാനും നേർവഴി നടത്താനും പര്യാപ്തമായ ജീവിതചിട്ട, വൈജ്ഞാനിക മികവ്, തഖ്‌വ എന്നിവ ജ്ഞാനികളുടെ സ്വഭാവ ഗുണങ്ങളാണ്.

അറിവും തഖ്‌വയും

അറിവും തഖ്‌വയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. അറിവിന്റെ കാണ്ഡമാണ് തഖ്‌വ. അറിവുള്ളവർക്കാണ് ഭയഭക്തിയും വിനയവുമുണ്ടാവുക. വിശുദ്ധ ഖുർആൻ പറയുന്നു: ‘തീർച്ച, പൂർവ ജ്ഞാനികൾക്ക് ഈ വിശുദ്ധ ഗ്രന്ഥം പാരായണം ചെയ്ത് കേൾപിച്ചാൽ അവർ സാഷ്ടാംഗം ചെയ്തുകൊണ്ട് മുഖം കുത്തി വീഴുന്നതാണ്. അവർ പറയും; ഞങ്ങളുടെ നാഥൻ എത്ര പരിശുദ്ധൻ! തീർച്ചയായും ഞങ്ങളുടെ നാഥന്റെ വാഗ്ദാനം നടപ്പിലാകുന്നതു തന്നെയാകുന്നു. അവർ കരഞ്ഞുകൊണ്ട് മുഖം കുത്തി വീഴും. അതവർക്ക് വിനയമല്ലാതെ വർധിപ്പിക്കുകയില്ല (അൽഇസ്‌റാഅ് 107-109). ജ്ഞാനവും തഖ്‌വയും തമ്മിലുള്ള ബന്ധവും ജ്ഞാനികളുടെ സ്വഭാവ ഗുണങ്ങളും ഈ വചനത്തിൽ നിന്ന് വ്യക്തമാകും.
പ്രതാപശാലിയായ അല്ലാഹുവിനെ അനുസരിക്കുന്നതിലുള്ള വീഴ്ചകളെ ഭയപ്പെടുക, വിശുദ്ധ ഗ്രന്ഥത്തിന്റെ താൽപര്യത്തിനനുസരിച്ച് ജീവിക്കുക, കുറഞ്ഞ വിഭവങ്ങൾ കൊണ്ട് തൃപ്തിപ്പെടുക, പരലോക യാത്രാ ദിവസത്തിന് വേണ്ടി തയ്യാറാകുക’ എന്നാണ് തഖ്‌വയെ ആത്മജ്ഞാനികൾ നിർവചിച്ചിട്ടുള്ളത്. വിശുദ്ധ ഗ്രന്ഥത്തെ കുറിച്ചോ അല്ലാഹുവിന്റെ ആജ്ഞകൾ/ വിലക്കുകൾ എന്നിവയെ സംബന്ധിച്ചോ അറിയാത്തവന് ഭയഭക്തിയുള്ളവനാകാൻ കഴിയില്ല.
ജ്ഞാനികൾ എക്കാലവും ഭയഭക്തിയുള്ളവരും വിനയാന്വിതരുമായിരുന്നു. ചരിത്രത്തിൽ അതിന് എമ്പാടും ഉദാഹരണങ്ങളുണ്ട്. ആധുനിക കാലത്ത് ജീവിച്ച ബഹ്‌റുൽ ഉലൂം ഒകെ ഉസ്താദിൽ തഖ്‌വയുടെയും വിനയത്തിന്റെയും ഉത്തമ മാതൃകകൾ എമ്പാടും കണ്ടു ശീലിച്ചവരാണ് നമ്മിൽ പലരും. ഖുർആൻ പാരായണം ചെയ്തുകൊണ്ട് കണ്ണുനീർ വാർക്കുന്നത് അദ്ദേഹത്തിന്റെ ദിനചര്യയായിരുന്നു. ഉസ്താദിന്റെ അത്തരം ഓർമകൾ ശിഷ്യഗണങ്ങൾക്കിടയിലും പ്രോജ്ജ്വലിച്ചു നിൽക്കുന്നുണ്ട്. റഈസുൽ ഉലമ അതിന് ഉചിതമായ ഉദാഹരണമാണ്. പണത്തോടും സ്ഥാനമാനങ്ങളോടും ആ മഹാഗുരുവിന് ഒട്ടും താൽപര്യമുണ്ടായിരുന്നില്ല. മുന്നൂറ് രൂപ ശമ്പളമുള്ള കാലത്ത് ആയിരം തരാം, ഞങ്ങളുടെ പള്ളിയിലേക്ക് പോരൂ എന്ന് ക്ഷണിച്ചവരെ മടക്കി അയക്കാൻ തക്ക ദൃഢവിശ്വാസവും ഐഹിക വിരക്തിയുമുണ്ടായിരുന്നു അദ്ദേഹത്തിന്. ദീനിനോടുള്ള പ്രതിബദ്ധത ഒന്നു മാത്രയിരുന്നു പഠനത്തിലും പാഠനത്തിലും അവരെയൊക്കെ നയിച്ചത്. അവർക്ക് ദാരിദ്ര്യവും അരിഷ്ടതകളും ഏറെയുണ്ടായിരുന്നു. അവയൊന്നും വകവെക്കാതെ വിജ്ഞാനത്തിനായി ജീവിതം സമർപിക്കാനും രോഗപീഡകൾ പോലും വകവെക്കാതെ അത് സമൂഹത്തിന് പകർന്ന് നൽകാനും അവർക്കായത് അതുകൊണ്ടാണ്. അല്ലാഹുവേ, നീ ഞങ്ങളെ ഐഹിക വിരക്തരാക്കേണമേ; പരലോകത്തിൽ അത്യാഗ്രഹികളും. സ്വന്തം പോരായ്മകളെ കുറിച്ച് ഞങ്ങൾക്ക് നീ ഉൾക്കാഴ്ച നൽകേണമേ എന്നായിരുന്നു ശൈഖുനാ പലപ്പോഴും പ്രാർത്ഥിച്ചിരുന്നത്. ഐഹിക വിരക്തിയും പരലോക കാര്യങ്ങളിലുള്ള അത്യാഗ്രഹവും സർവ കാര്യങ്ങളും അല്ലാഹുവിൽ അർപിക്കലുമാണ് രക്ഷയുടെ മാർഗമെന്ന് ഇമാം ശാഫിഈ(റ) പറഞ്ഞതു കാണാം. അറിവ് ഒരാളെ എത്രകണ്ട് തഖ്‌വയുള്ളവരും വിനയാന്വിതരുമാക്കുമെന്ന് ആ മഹത് ജീവിതം പഠിച്ചാൽ ബോധ്യപ്പെടും.

അറിവും സംസ്‌കാരവും

സംസ്‌കാരത്തിന്റെ മൂശയായും നിയാമക തത്ത്വമായും വർത്തിക്കേണ്ടത് അറിവാണ്. അറിവ് ഉത്തമ സംസ്‌കാരത്തിന്റെ മാനദണ്ഡമായി വർത്തിക്കുന്നില്ലെങ്കിൽ ജ്ഞാനം കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. അറിവുള്ളവർ അതില്ലാത്തവരുടെ അതേ സാംസ്‌കാരിക നിലവാരത്തിൽ തുടരുകയാണെങ്കിൽ അറിവ് ഫലപ്രദമായിട്ടില്ല എന്നാണർത്ഥം. ‘അറിവുള്ളവരും ഇല്ലാത്തവരും സമമാകുമോ’ എന്ന് ഖുർആൻ ചോദിക്കുന്നുണ്ട്. വേഷവിധാനങ്ങളിലും ശരീരഭാഷയിലും ഒതുങ്ങി നിൽക്കുന്ന ഒന്നല്ല സംസ്‌കാരം. ജീവിതത്തെ സമൂലമായി പരിവർത്തിപ്പിക്കേണ്ട ശ്രേഷ്ഠഗുണമാണത്. മഹാജ്ഞാനികളെല്ലാം സംസ്‌കാരികമായ ഔന്നത്യം പുലർത്തുന്നവരായിരുന്നു. അവരുടെ സാംസ്‌കാരവും സ്വഭാവ മഹിമയുമാണ് ജനങ്ങളെ ആകർഷിച്ചത്. സാമൂഹിക നവോത്ഥാനത്തിന് ആക്കം കൂട്ടിയതും വൈജ്ഞാനിക വിപ്ലവത്തിന് അവർക്ക് സാധിച്ചതും ഈ സ്വഭാവ മഹിമയും സാംസ്‌കാരിക ഔന്നത്യവും കൊണ്ടത്രെ. പുതു അധ്യയന വർഷത്തിലേക്ക് കാലെടുത്തുവെക്കുന്നവരും ഈ പാഠമാണ് ഉൾകൊള്ളേണ്ടത്.

 

ഇസ്ഹാഖ് അഹ്‌സനി

Exit mobile version