ആത്മീയ ചികിത്സയിലെ കതിരും പതിരും

അല്ലാഹു നമുക്ക് നൽകിയ അനുഗ്രഹമാണ് ജീവിതം. നശ്വരമായ ഭൗതിക ലോകത്തെ അൽപകാല ജീവിതം ശാശ്വതമായ പരലോകത്ത് വിജയം നേടാൻ വേണ്ടിയാണ്. ജീവിതത്തിൽ പല പരീക്ഷണങ്ങളും നേരിട്ടേക്കാം. ദുരന്തങ്ങളിൽ പതറാതെ സംയമനത്തോടെ നേരിടുകയും നൽകപ്പെട്ട അനുഗ്രഹങ്ങളിൽ കൃതജ്ഞതാ മനോഭാവത്തോടെ ജീവിക്കുകയും ചെയ്യുക എന്നതാണ് പരീക്ഷണത്തിൽ വിജയിക്കാനുള്ള മാർഗം.
പരീക്ഷണങ്ങളിൽ പ്രധാനമാണ് ആരോഗ്യത്തെ ബാധിക്കുന്ന അസ്വസ്ഥതകളും ശരീരത്തെയും മനസ്സിനെയും അവശതയിലാക്കുന്ന രോഗങ്ങളും. രോഗങ്ങൾ വരാൻ പല കാരണങ്ങളുണ്ട്.

1. പരീക്ഷണം

ഭൗതികലോക ജീവിതവും മരണവും പരീക്ഷണത്തിന് വേണ്ടിയാണ് (ഖുർആൻ 67:2, 76:2). ആ പരീക്ഷണങ്ങളിൽ രോഗങ്ങളും മരണവും സാമ്പത്തിക പരാധീനതകളുമെല്ലാം ഉൾപ്പെടും (ഖുർആൻ 2:155).
അനസുബ്ൻ മാലിക്(റ)വിൽ നിന്ന് നിവേദനം. തിരുനബി(സ്വ) പറയുന്നു: നിശ്ചയം അയ്യൂബ്(അ) പതിനെട്ട് വർഷമാണ് പരീക്ഷണം നേരിട്ടത്. ഉറ്റവരുടെ പാർശ്വവൽക്കരണവും ഉടയവരുടെ അവഗണനയും കൂടിയപ്പോൾ പരീക്ഷണത്തിന്റെ കാഠിന്യം വർധിച്ചു. അത് പാപം ചെയ്തതിന്റെ പേരിലോ മറ്റോ ആയിരുന്നില്ല. പരീക്ഷണത്തിൽ പതറാതെ അല്ലാഹുവിൽ ഭരമേൽപ്പിച്ച് പ്രാർത്ഥിച്ചപ്പോൾ അതിന് പരിഹാരമായി (സ്വഹീഹു ഇബ്‌നു ഹിബ്ബാൻ 2898).

2. പാപമോചനം

കൽപ്പിച്ചത് പ്രവർത്തിക്കാത്തതിന്റെ പേരിലോ വിരോധിച്ചത് കയ്യൊഴിക്കാത്തതിനാലോ സംഭവിച്ച പാപങ്ങൾ മൂലം ജീവിതത്തിൽ അനർത്ഥങ്ങളും പരീക്ഷണങ്ങളും വന്നേക്കാം (ഖുർആൻ 42:30).
നബി(സ്വ) പറഞ്ഞു: നിശ്ചയം ഒരു വിശ്വാസിക്ക് രോഗം വരികയും പിന്നീട് സൗഖ്യം നേടുകയും ചെയ്യുമ്പോൾ ചെയ്ത പാപം പൊറുക്കപ്പെടുകയും ഭാവിയിൽ അരുതായ്മകളിൽ അകപ്പെടാതെ കാത്തുസൂക്ഷിക്കാൻ സഹായകമാവുകയും ചെയ്യുന്നു (അബൂദാവൂദ് 3091).

3. പൈശാചികം

പിശാച് രോഗം പരത്താറുണ്ട്. പല മാനസിക രോഗങ്ങൾക്കും അവശതക്കും പൈശാചിക സ്വാധീനം കാരണമായേക്കാം. അയ്യൂബ്(അ)നെ ബാധിച്ച രോഗത്തിൽ ഇബ്‌ലീസിന്റെ സ്വാധീനവുമുണ്ടായിരുന്നു (തഫ്‌സീറുൽ കബീർ 26:215).

4. സിഹ്ർ

ചില ആഭിചാരങ്ങളിലൂടെയും മാരണ പ്രവർത്തനങ്ങളിലൂടെയും രോഗങ്ങൾ ബാധിച്ചേക്കാം. ഹാഫിള് ഇബ്‌നു ഹജർ അൽഅസ്ഖലാനി(റ) വിവരിക്കുന്നു: ചില സിഹ്‌റുകൾക്ക് മനസ്സിനെ സ്വാധീനിച്ച് പല അവസ്ഥകളിലൂടെ അസ്വസ്ഥതയും മറ്റും സൃഷ്ടിക്കാനും ശരീരത്തിന് രോഗമുണ്ടാക്കാനും കഴിയും (ഫത്ഹുൽ ബാരി 10:223).

5. കണ്ണേറ് (ദൃഷ്ടി ദോഷം)

കണ്ണേറിലൂടെയും രോഗം വരാം. റസൂൽ(സ്വ) പറയുന്നു: കണ്ണേറ് സത്യമാണ് (ബുഖാരി 5944).
ഒരു പെൺകുട്ടിയുടെ മുഖത്തൊരു ന്യൂനത പ്രത്യക്ഷപ്പെട്ടപ്പോൾ കണ്ണേറ് പറ്റിയതാണെന്നും മന്ത്രിച്ച് ചികിത്സിക്കണമെന്നും നബി(സ്വ)നിർദേശിക്കുകയുണ്ടായി (ബുഖാരി 5739).
രോഗങ്ങൾ ശാരീരിക വൃത്തിഹീനത മൂലവും പരിസര ശുചിത്വത്തിന്റെ അഭാവം കാരണവും ജലത്തിലൂടെയും വായുവിലൂടെയുമൊക്കെ ഉണ്ടാകാറുണ്ട്. ചില അസുഖങ്ങൾ ഗർഭകാലത്തെ മാതാവിന്റെ വ്യത്യസ്ത അവസ്ഥകളാലും സംഭവിച്ചേക്കാം. ഭക്ഷണത്തിലൂടെയും മറ്റും വിഷാംശങ്ങൾ അകത്ത് ചെന്നതിന്റെ പേരിലും രോഗബാധയുണ്ടാകാറുണ്ട്. ഇങ്ങനെ പത്തിലധികം ഹേതുകങ്ങൾ രോഗാതുരത സൃഷ്ടിക്കാം. എന്നാൽ അതിനുള്ള കൃത്യമായ പരിഹാരങ്ങൾ ഇസ്‌ലാം നിർദേശിക്കുന്നുണ്ട്.
അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ)വിൽ നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: അല്ലാഹു രോഗത്തെ ഇറക്കിയിട്ടുണ്ടെങ്കിൽ അതിന് മരുന്നും ഇറക്കിയിട്ടുണ്ട്. അറിയുന്നവർക്കറിയാം (മുസ്‌നദ്, അഹ്‌മദ് 3578).
അടിമകളേ, നിങ്ങൾ ചികിത്സിക്കുവീൻ. കാരണം അല്ലാഹു ശമനിയോട് കൂടിയല്ലാതെ ഒരു രോഗവും ഇറക്കിയിട്ടില്ല. മരണവും വാർധക്യവുമൊഴികെ (മുസ്‌നദ് അഹ്‌മദ് 18455).
ചുരുക്കത്തിൽ, രോഗങ്ങൾ വന്നാൽ ചികിത്സിക്കണമെന്നും അതിന് പരിഹാരം കാണണമെന്നും ഇസ്‌ലാം നിർദേശിക്കുന്നു. പ്രവാചകർ(സ്വ)യുടെ കാലത്ത് തിരുസവിധത്തിൽ തന്നെ അമുസ്‌ലിമായ വൈദ്യന്മാർ വരെ ചികിത്സിച്ചിരുന്നത് ഹദീസ് ഗ്രന്ഥങ്ങളിലുണ്ട്.

 

അബ്ദുറശീദ് സഖാഫി ഏലംകുളം

Exit mobile version