ആദർശ യൗവനത്തിന് നവനേതൃത്വം

ത്യാഗ്യോജ്ജ്വല മുന്നേറ്റങ്ങൾക്ക് പ്രസ്ഥാനത്തെ മുന്നിൽ നിന്ന് നയിച്ച താജുൽ ഉലമയുടെയും നൂറുൽ ഉലമയുടെയും സയ്യിദ് ഉമറുൽ ഫാറൂഖ് തങ്ങളുടെയും ആത്മീയ സാന്നിധ്യം നിറഞ്ഞുനിന്ന നാടുകാണിയിലെ അൽ മഖർ കാമ്പസിൽ 2016 ജനുവരി 22, 23 തിയ്യതികളിൽ ചേർന്ന സംസ്ഥാന പ്രതിനിധി സമ്മേളനം കേരളത്തിലെ ഇസ്‌ലാമിക നവജാഗരണത്തിന് 2016-2019 വർഷത്തേക്കുള്ള എസ് വൈ എസിന്റെ പുതിയ സാരഥികളെ തെരഞ്ഞെടുത്തു.

സയ്യിദ് ത്വാഹാ സഖാഫി ചെയർമാനും എ മുഹമ്മദ് പറവൂർ ചീഫുമായുള്ള സംസ്ഥാന ഇലക്ഷൻ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ സമയബന്ധിതമായി പൂർത്തീകരിച്ച മെമ്പർഷിപ്പ് വർക്കുകൾക്കൊടുവിൽ ഘടകങ്ങളുടെ പുനഃസംഘടനകളിലൂടെ തെരഞ്ഞെടുത്ത നീലഗിരി ഉൾപ്പെടെ 15 ജില്ലകളിൽ നിന്നുള്ള 244 അംഗങ്ങളാണ് സമ്മേളനത്തിൽ സംഗമിച്ചത്. ജുമുഅ നിസ്‌കാരത്തിനു മുമ്പേ പ്രതിനിധികൾ അൽമഖർ കാമ്പസിലെത്തി പ്രത്യേകം സജ്ജമാക്കിയ കൗണ്ടറുകളിൽ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിച്ചു. എ, ബി, സി, ഡി, ഇ എന്നിങ്ങനെ അഞ്ച് ഗ്രൂപ്പുകളിലായാണ് പ്രതിനിധികൾക്ക് ഇരിപ്പിടങ്ങൾ ഒരുക്കിയിരുന്നത്.

ജനുവരി 22-ന് ഉച്ചക്ക് രണ്ട് മണിക്ക് നടപ്പ് സംഘടനാവർഷത്തിലെ അവസാനത്തെ സംസ്ഥാന എക്‌സിക്യൂട്ടീവ് ചേർന്ന് കൗൺസിലിൽ അവതരിപ്പിക്കേണ്ട പ്രവർത്തന-സാമ്പത്തിക റിപ്പോർട്ടുകൾ ക്രമപ്പെടുത്തിയാണ് കൗൺസിലിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയത്.

വൈകീട്ട് 5.55-ന് പട്ടുവം കെ പി അബൂബക്കർ മുസ്‌ലിയാർ നഗരിയിൽ പതാക ഉയർത്തിയതോടെ സമ്മേളനത്തിന് ഔപചാരിക തുടക്കമായി. മാട്ടൂൽ ളിയാഉൽ മുസ്ത്വഫ സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ പ്രാർത്ഥനകൊണ്ടനുഗ്രഹിച്ച സമ്മേളനം സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുൽഖാദിർ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശാവറ ട്രഷറർ കൻസുൽ ഉലമ ചിത്താരി ഹംസ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.

മഹാന്മാരായ ആലിമീങ്ങളും സാദാത്തീങ്ങളും ആരിഫീങ്ങളും നേതൃത്വം നൽകിയ സമസ്തയുടെ ധൈഷണികവും ആധികാരികവുമായ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിന് ചാലകശക്തിയായി വർത്തിച്ച എസ്‌വൈഎസ് യുവ നേതൃത്വത്തിൽ പുനഃക്രമീകരിക്കുന്നതിനുള്ള നിർണായക തീരുമാനം ഈ കൗൺസിലിന് ചരിത്രപ്രാധാന്യം വർധിപ്പിച്ചു. സമസ്തയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുന്നതിന് പ്രതിസന്ധികളിലും പ്രശ്‌നങ്ങളിലും കൂടെനിൽക്കാനും കരുത്ത് പകരാനും പുതുതായി നിലവിൽ വരുന്ന കേരള മുസ്‌ലിം ജമാഅത്തിന് സാധിക്കുമെന്ന് സ്വാഗത പ്രഭാഷണത്തിൽ സംസ്ഥാന സെക്രട്ടറി സി പി സൈതലവി മാസ്റ്റർ ചെങ്ങര സൂചിപ്പിച്ചു.

മഗ്‌രിബ് നിസ്‌കാരാനന്തരം നടന്ന ഉദ്ഘാടന വേദിയിലേക്ക് അനാരോഗ്യത്തിലും ആവേശത്തോടെ കടന്നുവന്ന ചിത്താരി ഹംസ ഉസ്താദിന്റെ സാന്നിധ്യം സദസ്സിനെ കൂടുതൽ ആവേശം കൊള്ളിച്ചു. ഏതു പ്രതിസന്ധിയിലും പ്രസ്ഥാനത്തെ നെഞ്ചേറ്റിയ കൻസുൽ ഉലമയുടെ പ്രഭാഷണം സാകൂതമാണ് സദസ്സ് ശ്രവിച്ചത്. അഹ്‌ലുസ്സുന്നയുടെ അജയ്യതക്ക് ആറ് പതിറ്റാണ്ടിലേറെ കാലം കേരളീയ സമൂഹത്തിൽ നിറഞ്ഞുനിന്ന പ്രസ്ഥാനത്തിനു നാം സ്വയം സമർപ്പിക്കണമെന്ന അദ്ദേഹത്തിന്റെ വാക്കുകൾ പ്രലോഭനങ്ങളെ അതിജയിക്കാൻ ഊർജ്ജം പകരുന്നതായിരുന്നു.

കാലികമായ പ്രതിസന്ധികൾ തരണം ചെയ്ത ആദർശ പ്രസ്ഥാനത്തിന്റെ നാൾവഴികളിലെ നിർണായക മുന്നേറ്റങ്ങൾ വിവരിച്ചപ്പോൾ നെഞ്ചുറപ്പ് കാട്ടിയ കഴിഞ്ഞകാലങ്ങളിലേക്ക് പ്രവർത്തകരുടെ ചിന്ത പ്രയാണം ചെയ്തു. പ്രാസ്ഥാനിക മുന്നേറ്റത്തിന് കാലം ആവശ്യപ്പെടുന്ന പേരാണ് കേരള മുസ്‌ലിം ജമാഅത്ത്. സത്യ സരണിയിൽ സാഹചര്യങ്ങൾക്കനുസൃതമായി സംഘടന ചില തീരുമാനങ്ങൾ എടുക്കുന്നത് ദഅ്‌വത്തിന്റെ സുതാര്യമായ പൂർത്തീകരണത്തിനാണ് എന്ന ചിന്തയിൽ കൂടെ നിൽക്കാൻ നമുക്കാകണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

എന്റെ പ്രസ്ഥാനത്തിന്റെ ചലനങ്ങൾ അറിയാൻ ഞാൻ ഇനിയും വരുമെന്നറിയിച്ച് അദ്ദേഹം ഉപസംഹരിച്ചപ്പോൾ അനാരോഗ്യം മനസ്സിനെ തളർത്തിയിട്ടില്ലാത്ത കൻസുൽ ഉലമയുടെ ആശീർവാദം കൗൺസിലിന്റെ അനുഗ്രഹമായി.

കർമോത്സുകതയുടെ അറുപതാണ്ട് പൂർത്തീകരിച്ച പ്രസ്ഥാനത്തിന്റെ കുതിപ്പിലും കിതപ്പിലും മുമ്പേ നടന്ന ത്യാഗികളുടെ സ്മരണകളാൽ ധന്യമായിരുന്നു അധ്യക്ഷന്റെ വാക്കുകൾ. കേരളീയ സമൂഹത്തിന്റെ ഇസ്‌ലാമിക സംസ്‌കൃതി രൂപപ്പെടുത്തുന്നതിൽ പണ്ഡിതന്മാരുടെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങളാണ് പ്രസ്ഥാനത്തിന്റെ അടിത്തറ രൂപപ്പെടുത്തിയത്. ആദർശാധിഷ്ഠിത പ്രസ്ഥാനത്തിന്റെ അസ്ഥിത്വം നിലനിർത്താൻ ത്യാഗമനുഭവിച്ച നിഷ്‌കാമികളായ പണ്ഡിതരും നേതാക്കളുമാണ് സംഘടനയുടെ ഊർജമെന്ന് പൊന്മള അബ്ദുൽഖാദിർ മുസ്‌ലിയാർ പരാമർശിച്ചപ്പോൾ മഹിതമായ ആത്മീയ നേതൃത്വത്തിന്റെ തണലിനിയുമേറെ അനുഭവിക്കാൻ ഭാഗ്യം കനിയണമെന്നായിരുന്നു സദസ്സിന്റെ മാനസം മന്ത്രിച്ചത്.

രാഷ്ട്രീയ ചിന്തകൾക്കതീതമായി ദീനീ ദഅ്‌വത്തിന് കരുത്തുറ്റ പണ്ഡിത നേതൃത്വം അനിവാര്യമായിടത്താണ് 25 വർഷം പ്രസിഡണ്ടായി താജുൽ ഉലമ നമ്മെ നയിച്ചത്. നിസ്വാർത്ഥരും നിഷ്‌കളങ്കരുമായ നൂറുൽ ഉലമയും ഖമറുൽ ഉലമയും റഈസുൽ ഉലമയും കൻസുൽ ഉലമയും കൂടെ നിന്നപ്പോൾ ഇൽമും പാരമ്പര്യവും സമുദായത്തിൽ ആഴത്തിൽ സ്വാധീനവുമുള്ള പണ്ഡിതസഭയായി നമ്മുടെ സമസ്ത മാറി. ആദർശ രംഗത്ത് അതിജയിക്കാനാകാത്ത പ്രസ്ഥാനമായി സമസ്തയെ വളർത്തിയതിൽ എസ് വൈ എസിന്റെ ഇടം പ്രശംസനീയമാണെന്ന് അധ്യക്ഷപ്രസംഗത്തിൽ പൊന്മള ഉസ്താദ് എടുത്തുപറഞ്ഞു. ജീവിത പരിസരങ്ങളിൽ വെളിച്ചം പകർന്ന് മറ്റുള്ളവർക്കും കൂടി ഫലമനുഭവിക്കാൻ കഴിയുന്ന ഇബാദത്തിൽ ഏറെ ശ്രേഷ്ഠതയുള്ളതാണ് ഇസ്‌ലാമിക ദഅ്‌വത്ത്. ആ മാർഗത്തിൽ കൂടുതൽ ആർജ്ജവത്തോടെ മുന്നിട്ടിറങ്ങാൻ പ്രവർത്തകർ തയ്യാറാകണമെന്ന് അദ്ദേഹം ഉണർത്തി.

തുടർന്ന് ആദർശം, സംഘന, നയനിലപാടുകൾ തുടങ്ങിയ പഠന സെഷനുകൾക്ക് പേരോട് അബ്ദുറഹ്മാൻ സഖാഫി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, കെകെ അഹ്മദ്കുട്ടി മുസ്‌ലിയാർ, മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി നേതൃത്വം നൽകി.

പ്രതിസന്ധികളിൽ തളരാതെ സർവസ്വവും ത്യജിച്ച തിരുസ്വഹാബത്താണ് ഈമാനിന്റെ പ്രചാരണത്തിന് നമുക്ക് വഴികാണിച്ചത്. അല്ലാഹു കനിഞ്ഞേകിയ സത്യവിശ്വാസത്തിന്റെ വ്യാപകമായ പ്രചാരണത്തിന് കഠിനാധ്വാനം ചെയ്യാൻ എസ് വൈ എസ് കൗൺസിലർമാർ കടപ്പെട്ടവരാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി ഓർമപ്പെടുത്തി.

സംഘടനയുടെ തുടക്കം മുതൽ പ്രവർത്തന വീഥിയിൽ പ്രതിസന്ധികൾ നേരിട്ട പൂർവികർ ഏൽപ്പിച്ച അമാനത്തായ പ്രസ്ഥാനത്തിന്റെ വളർച്ചയിലും മികവിലും അഹങ്കരിക്കാതെ മുൻഗാമികളുടെ സ്മരണയിലും പ്രാർത്ഥനയിലും ഉത്തരവാദിത്വ നിർവഹണത്തിന് കർമോത്സുകരാവുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.  നേതൃത്വമായി ചുമതല ഏൽപ്പിക്കപ്പെട്ട എസ് വൈ എസിന്റെ പരമോന്നത സഭയിലെ അംഗങ്ങളുടെ കർത്തവ്യബോധത്തെ തട്ടിയുണർത്തുന്നതായിരുന്നു സംസ്ഥാന സാരഥിയുടെ പ്രഭാഷണം.

ജനാധിപത്യ വ്യവസ്ഥിതിയിലും മതസഹിഷ്ണുതയിലും അധിഷ്ഠിതമായ രാജ്യത്തിന്റെ സാംസ്‌കാരിക തനിമയെ കളങ്കപ്പെടുത്തും വിധം കേരളത്തിന്റെ മണ്ണും മനസ്സും വരെ ഇന്ന് ഏറെ സംഘർഷഭരിതമാവുകയാണ്. ഇവിടെ ദുരിതമനുഭവിക്കുന്നവർക്ക് സാന്ത്വനമേകിയും രാജ്യത്തിന്റെ പുരോഗമനപരമായ വളർച്ചക്ക് സാധ്യതകൾ തേടിയും വിശ്വാസ-കർമാനുഷ്ഠാനങ്ങളിൽ മതത്തിന്റെ സത്തയെ പണയപ്പെടുത്താതെ നിലപാടുകൾ സ്വീകരിക്കാൻ പര്യാപ്തമാണ് നമ്മുടെ സംഘടനാരംഗം എന്ന് സംസ്ഥാന സംഘടനാകാര്യ സെക്രട്ടറി വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി പറഞ്ഞു.

മതം പഠിപ്പിച്ച സുന്ദര ജീവിത ശൈലിയും കാലോചിതമായ നയങ്ങളും ഉൾകൊള്ളാൻ പ്രവർത്തകനെ പാകപ്പെടുത്തിയ സംഘടന സർവതല സ്പർശിയായ ഇസ്‌ലാമിക ദഅ്‌വത്തിന് പുതിയ മാനങ്ങൾ തീർക്കുകയാണ്. സ്വയംസന്നദ്ധ പ്രവർത്തകരുടെ അച്ചടക്കവും കൃത്യമായ ആസൂത്രണവും പ്രസ്ഥാനത്തിന്റെ വളർച്ചയെ ത്വരിതപ്പെടുത്തിയെന്ന് 2016-19 വർഷത്തേക്കുള്ള മെമ്പർഷിപ്പ് കാമ്പയിൻ രേഖപ്പെടുത്തിയ 42 ശതമാനം വർധനവ് വ്യക്തമാക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സുലൈമാൻ സഖാഫി മാളിയേക്കൽ, മജീദ് കക്കാട്, മുഹമ്മദ് പറവൂർ, ഡോ. പിഎ മുഹമ്മദ്കുഞ്ഞി സഖാഫി എന്നിവർ അവതരിപ്പിച്ച റിപ്പോർട്ടുകൾക്ക് സഭ അംഗീകാരം നൽകിയപ്പോൾ അത് പ്രവർത്തനക്ഷമതയുടെ അടയാളവും ചരിത്രരേഖയുമായി മാറി. ഏറെ വൈകിയാണ് ഒന്നാം ദിവസം പിരിഞ്ഞത്.

രണ്ടാം ദിവസമായ ജനുവരി 23 രാവിലെ ഗ്രൂപ്പ് ചർച്ചകളോടെയാണ് പരിപാടി തുടങ്ങിയത്. കേരള മുസ്‌ലിം ജമാഅത്തിന്റെ രൂപീകരണത്തോടെ എസ് വൈ എസ് യുവത്വത്തിന്റെ ചാലകശക്തിയായി മാറുന്ന സാഹചര്യത്തിൽ സംഘടനയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും പുതിയ മാറ്റങ്ങളും കർമപദ്ധതികളിലെ മുൻഗണനാക്രമവും കാബിനറ്റിന്റെ രൂപഭാവങ്ങളും പുതിയ സാഹചര്യത്തിലെ നയനിലപാടുകളും അടിസ്ഥാനപ്പെടുത്തിയായിരുന്നു ചർച്ച.

സംഘടനാ പാടവവും യുവത്വത്തിന്റെ പ്രസരിപ്പും പ്രകടമായ ഗ്രൂപ്പ് ഡിസ്‌കഷനിൽ നവമുന്നേറ്റത്തിനുള്ള പദ്ധതികളുടെ കരട് രൂപപ്പെടുത്തി. അറുപതാം വാർഷികത്തോടനുബന്ധിച്ച് തുടങ്ങിവച്ച ഇസ്‌ലാമിക ദഅ്‌വത്തിന്റെ പുതിയ തലങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് പദ്ധതികൾ ക്രമീകരിക്കേണ്ടതിന്റെ അനിവാര്യതയിൽ ചർച്ച ഊന്നി.

ക്രോഡീകരിച്ച ഗ്രൂപ്പ് ചർച്ചാ കരടുകൾ ഡോ. പി എ മുഹമ്മദ്കുഞ്ഞി സഖാഫി, അബ്ദുല്ലത്തീഫ് സഅദി പഴശ്ശി, എംവി സദ്ദീഖ് സഖാഫി പാലക്കാട്, റഹ്മത്തുല്ലാഹ് സഖാഫി എളമരം, എം അബൂബക്കർ മാസ്റ്റർ പടിക്കൽ അവതരിപ്പിച്ചു. പദ്ധതികളോടുള്ള പ്രവർത്തകരുടെ കാഴ്ചപ്പാടിലെ ഏകോപനം പ്രകടമാക്കുന്നതായിരുന്നു അവതരണം.

ചർച്ചാവതരണത്തിനിടെ മുതിർന്ന നേതാക്കളുടെ സമാഗമം സദസ്സിനെ ഊർജ്ജസ്വലമാക്കി. സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി തങ്ങളും പൊന്മള ഉസ്താദും 11.5-നു വേദിയിലേക്ക് കടന്നുവന്നു. 11.25-ന് കൻസുൽ ഉലമയുടെ രണ്ടാം വരവ്. പുറകിലായി സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദും.

പൂർവകാലത്ത് ഇസ്‌ലാമിക പ്രവർത്തകർക്ക് നേതൃത്വം നൽകിയ ദാഇകളുടെ പ്രതിനിധികളാണ് സംഘടനാ കൗൺസിലേഴ്‌സ് എന്നതിനാൽ ഇക്കാലത്തെ പ്രവർത്തകരുടെ അനുകരണീയ മാതൃകകളായി മാറാൻ സംസ്ഥാന കൗൺസിലേഴ്‌സിനു കഴിയണമെന്ന് ഖലീൽ തങ്ങൾ ഉദ്‌ബോധിപ്പിച്ചു.

പക്വതയും പാണ്ഡിത്യവും മേളിച്ച മുതിർന്ന നേതാക്കൾ കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃനിരയിലേക്ക് മാറുമ്പോൾ പരിചയവും സംഘടനാ പാടവവും ഉള്ള കൂട്ടായ്മയിലാണ് എസ് വൈ എസിന്റെ പുതു നേതൃത്വത്തെ രൂപപ്പെടുത്തുക. ഏൽപ്പിക്കപ്പെടുന്ന ചുമതല മുൻഗാമികൾ അമാനത്തായി നൽകിയ ഇസ്‌ലാമിക ദഅ്‌വത്തിന്റേതാണെന്ന ചിന്ത നന്മയുടെ മാർഗത്തിൽ ചലിക്കാൻ കരുത്ത് പകരണമെന്ന് തെരഞ്ഞെടുപ്പ് നിയന്ത്രിച്ച കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഓർമിപ്പിച്ചു. 2016- 2019 പ്രവർത്തന കാലയളവിലേക്കുള്ള പുതിയ സാരഥികളെയും അദ്ദേഹം പ്രഖ്യാപിച്ചു.

പേരോട് അബ്ദുറഹിമാൻ സഖാഫി (പ്രസിഡന്റ്) അബ്ദുൽ മജീദ് കക്കാട് (ജനറൽ സെക്രട്ടറി), സി പി സൈതലവി മാസ്റ്റർ ചെങ്ങര (ഫൈനാൻസ് സെക്രട്ടറി) തെരഞ്ഞെടുക്കപ്പെട്ടു.

മറ്റു ഭാരവാഹികൾ : സയ്യിദ് ത്വാഹ സഖാഫി തളീക്കര, ഡോ. മുഹമ്മദ് കുഞ്ഞു സഖാഫി കൊല്ലം, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, അബ്ദുല്ലത്വീഫ് സഅദി പഴശ്ശി, അബ്ദുൽഖാദിർ മദനി പള്ളങ്കോട്, അബ്ദുൽജബ്ബാർ സഖാഫി പിഴക്കാപ്പിള്ളി (വൈസ് പ്രസിഡന്റുമാർ).

മുഹമ്മദ് പറവൂർ, സുലൈമാൻ സഖാഫി മാളിയേക്കൽ, ഡോ. മുഹമ്മദ് അബ്ദുൽഹക്കീം അസ്ഹരി, എം മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, എം. വി. സിദ്ദീഖ് സഖാഫി പാലക്കാട്, സി എച്ച് റഹ്മത്തുല്ലാഹ് സഖാഫി എളമരം (സെക്രട്ടറിമാർ), എസ് ശറഫുദ്ദീൻ അഞ്ചാംപീടിക (മീഡിയ സെക്രട്ടറി).

എക്‌സിക്യൂട്ടീവ് അംഗങ്ങൾ: ബശീർ പുളിക്കൂർ, മുഹമ്മദ് സഖാഫി പാത്തൂർ, അശ്‌റഫ് കരിപ്പോടി, എൻ അശ്‌റഫ് സഖാഫി കടവത്തൂർ, ആർ പി ഹുസൈൻ മാസ്റ്റർ ഇരിക്കൂർ, കെ ഇ ഉബ്രാഹിം മാസ്റ്റർ ഉളിയിൽ, പി പി അബ്ദുല്ലക്കുട്ടി ബാഖവി കണ്ണൂർ, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, മുഹമ്മദലി സഖാഫി വള്ളിയാട്, കെ അബ്ദുന്നാസർ ചെറുവാടി, കെ അബ്ദുൽ കലാം മാവൂർ, കെ എസ് മുഹമ്മദ് സഖാഫി, പി സി ഉമറലി, സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി, എം അബൂബക്കർ മാസ്റ്റർ പടിക്കൽ, പി അലവി സഖാഫി കൊളത്തൂർ, എൻ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി,  ടി അലവി ഹാജി പുതുപ്പറമ്പ്, വി പി എം ബശീർ പറവന്നൂർ, ഇബ്രാഹിം ബാഖവി മേൽമുറി, എം വി അബ്ദുറസാഖ് സഖാഫി, അബ്ദുൽഖാദിർ അഹ്‌സനി മമ്പീതി, സുലൈമാൻ ചുണ്ടമ്പറ്റ, യു എ മുബാറക് സഖാഫി പാലക്കാട്, സയ്യിദ് ഫസൽ വാടാനപ്പള്ളി, എം എം ഇബ്‌റാഹിം എരുമപ്പെട്ടി, പി കെ ജഅ്ഫർ എടക്കഴിയൂർ, സയ്യിദ് സി ടി ഹാശിം കൊച്ചി, സി എ അബ്ദുസ്സലാം സഖാഫി ഇടുക്കി, കെ എം അബ്ദുൽ ഗഫാർ സഖാഫി ഇടുക്കി, ടി കെ അബ്ദുൽ കരീം സഖാഫി തൊടുപുഴ, പി എം അനസ് മദനി കോട്ടയം, വി എച്ച് അബ്ദുർറശീദ് മുസ്‌ലിയാർ, സ്വലാഹുദ്ദീൻ മദനി പത്തനംതിട്ട, അനസ് പൂവാലൻപറമ്പ്, സയ്യിദ് മുഹമ്മദ് കോയ ആലപ്പുഴ, ഹാശിം സഖാഫി ആലപ്പുഴ, നൈസാം സഖാഫി ആലപ്പുഴ, ശിഹാബ് ക്ലാപ്പന, സിദ്ദീഖ് സഖാഫി നേമം, ശറഫുദ്ദീൻ പോത്തംകോട്, അബ്ദുസ്സലാം മുസ്‌ലിയാർ ദേവർഷോല, സി കെ കെ മദനി നീലഗിരി.

വൈവിധ്യങ്ങളുടെ സംഗമഭൂമികയിൽ വിഷലിപ്തമായ അജണ്ടകൾ പ്രയോഗവത്കരിച്ച് ഐക്യം തകർക്കാനും സാമുദായിക ധ്രുവീകരണമുണ്ടാക്കാനുമുള്ള ഹീനമായ ശ്രമങ്ങൾ മാനുഷിക മൂല്യങ്ങൾക്ക് വിലമതിക്കുന്ന മലയാള നാടിനോടുള്ള അപരാധമാണെന്ന് എസ് വൈ എസ് സംസ്ഥാന പ്രതിനിധി സമ്മേളനം മുന്നറിയിപ്പു നൽകി.

സാമൂഹിക-സാംസ്‌കാരിക വൈവിധ്യങ്ങൾ നിലനിർത്തി മത സമുദായങ്ങളുടെ പാരസ്പര്യവും  സ്‌നേഹാദരവുകളും കാത്തുസൂക്ഷിച്ചുപോരുന്ന കേരളീയ സവിശേഷ പാരമ്പര്യം അപകടപ്പെടുത്തുന്ന വിദ്വേഷവും അസഹിഷ്ണുതയും വളർത്താനുള്ള ഛിദ്രശക്തികളുടെ ശ്രമത്തിൽ സമ്മേളനം ഉത്കണ്ഠ രേഖപ്പെടുത്തി.

സമാപന സമ്മേളനം സയ്യിദ് ഇബ്‌റാഹിം ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്തു. സയ്യിദ് ത്വാഹ സഖാഫി അധ്യക്ഷത വഹിച്ചു.

കെ പി ഹംസ മുസ്‌ലിയാർ പട്ടുവം, മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, മുസ്തഫ ദാരിമി കടാങ്കോട് പ്രസംഗിച്ചു. പേരോട് അബ്ദുറഹ്മാൻ സഖാഫി സ്വാഗതവും മജീദ് കക്കാട് നന്ദിയും പറഞ്ഞു.

ഒരു പോറലുമേൽക്കാതെ പൂർവികർ ഏൽപ്പിച്ച ഉത്തരവാദിത്വമാണ് പുതുനേതൃത്വത്തിന് കൈമാറുന്നതെന്ന പൊന്മള ഉസ്താദിന്റെ ഉണർത്തൽ ഉത്തരവാദിത്വബോധത്താൽ സദസ്സിന്റെ കണ്ണുകളെ സജലമാക്കി. പ്രവാസജീവിതത്തിലും പ്രസ്ഥാനത്തോടൊട്ടി നിൽക്കുന്ന ഐ സി എഫ് പ്രതിനിധികൾ നവ സാരഥികൾക്ക് ആശീർവാദങ്ങളറിയിച്ചു.

കേരളത്തിന്റെ മണ്ണും മനസ്സും പൂർവോപരി ധർമവത്കരിക്കാനും ഇസ്‌ലാമിക ജാഗരണത്തിനുമുള്ള പ്രതിജ്ഞയോടെ ഉച്ചക്ക് 1.50-ന് സമ്മേളനം സമാപിച്ചു.

നൗഷാദ് മൂന്നുപീടിക

Exit mobile version