ആരോഗ്യപ്പതിപ്പ്

മനുഷ്യരുടെ വിലപ്പെട്ട സമ്പത്തുകളില്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ് ആരോഗ്യം. ആരാധനകളായാലും ജീവിത സന്ധാരണ മാര്‍ഗങ്ങളായാലും അവയിലെല്ലാം പൂര്‍ണമായി വിജയിക്കാന്‍ ആരോഗ്യം കൂടിയേ തീരൂ. അതുകൊണ്ടുതന്നെ വിശുദ്ധമതം ആരോഗ്യസംരക്ഷണത്തെ ഏറെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. രോഗ ചികിത്സ സമഗ്രമായി പ്രതിപാദിക്കുന്ന പ്രവാചക വൈദ്യമെന്ന ചികിത്സാ ശാഖ തന്നെ ഇസ്‌ലാമിനു സ്വന്തമായുണ്ട്. രോഗം ബാധിക്കാത്ത വിധത്തിലുള്ള ജീവിത രീതിയാണ് മതം വിഭാവനം ചെയ്യുന്നത്. ശുദ്ധി, മിതാഹാരം, ഇടക്കിടെയുള്ള ഉപവാസം, മാനസികാരോഗ്യത്തിന്റെ പ്രധാനകാരണമായ ഏകാഗ്രതക്കായുള്ള ആരാധനാകര്‍മങ്ങള്‍, പ്രകൃതിക്കു വിരുദ്ധമാവാതെയുള്ള നിവാസം, മദ്യം, മയക്കുമരുന്ന്, വ്യഭിചാരം പോലുള്ള ദുഷ്പ്രവര്‍ത്തികള്‍ക്ക് ശക്തമായ വിലക്ക് ഇങ്ങനെ തുടങ്ങി ആരോഗ്യപൂര്‍ണജീവിതത്തിന്റെ ശരിയായ രീതിയാണ് മത ദര്‍ശനം. ഇതില്‍ നിന്ന് അകലുന്നത് ആത്മീയമായും ഭൗതികമായും മനുഷ്യനെ തകര്‍ക്കുകതന്നെ ചെയ്യും.
ധാര്‍മിക യുവജന പ്രസ്ഥാനം കേരളത്തിനു സമ്മാനിച്ച വിവിധ കാമ്പയിനുകളും അവ മുന്നോട്ടു വെക്കുന്ന സന്ദേശങ്ങളും ഒന്നിനൊന്ന് മികച്ചുനില്‍ക്കുന്നതായിരുന്നു. പൊതു സമൂഹം ഏറെ പ്രതീക്ഷയോടെ അവ ഏറ്റെടുക്കുന്നതാണ് അനുഭവം. “യുവത്വം നാടിനെ നിര്‍മിക്കുന്നു’ എന്ന പ്രമേയം മുന്‍ നിറുത്തിയുള്ള കാമ്പയിനുമായി പ്രസ്ഥാനം വീണ്ടും ചരിത്രം സൃഷ്ടിക്കുകയാണ്. ഹെല്‍ത്ത് സ്കൂള്‍ അടക്കം ആരോഗ്യ സംരക്ഷണത്തിനായുള്ള വിവിധ പദ്ധതികള്‍ ഇതിന്റെ ഭാഗമായുണ്ട്. നാടിന്റെ നാനാദിക്കുകളിലും സേവനനിരതരായ പ്രവര്‍ത്തകര്‍ അക്ഷീണം കാമ്പയിന്‍ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിക്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ പ്രസ്ഥാന മുഖപത്രം വ്യത്യസ്തമായൊരു ആരോഗ്യപതിപ്പുമായി കൂടെ വരുന്നു. ഇതൊരു തുടക്കമാണെന്ന് ഓര്‍മപ്പെടുത്തി ഈ ആരോഗ്യ ഉപഹാരം സാദരം സമര്‍പ്പിക്കട്ടെ.

Exit mobile version