ഇഖ്‌ലാസിന്റെ ആനന്ദം

ഇഖ്‌ലാസാണ് വിജയത്തിന്റെ നിദാനം. എല്ലാം അല്ലാഹുവിന്റെ തൃപ്തി ലഭിക്കാൻ വേണ്ടി മാത്രമാവുന്ന ഹൃദയത്തിന്റെ കളങ്കരഹിതമായ പരിശുദ്ധിയാണത്. കർമങ്ങളെല്ലാം അല്ലാഹുവിന് വേണ്ടിയാവണം. ജനപ്രീതി നേടാനോ ഭൗതിക സുഖങ്ങൾ സമ്പാദിക്കാനോ സൽപേര് ലഭിക്കാനോ ആകരുത്. പുക്‌ഴത്തപ്പെടാനും ആദരിക്കപ്പെടാനും മരണശേഷം സ്മരിക്കപ്പെടാനും വേണ്ടി നാം ചെയ്യുന്ന ഏതൊരു കർമവും പാഴ്‌വേലയാണ്. പരലോകത്ത് പ്രതിഫലം ലഭിക്കില്ലെന്ന് മാത്രമല്ല, അല്ലാഹുവിന്റെ കോപത്തിന് കാരണമാകുന്ന വൻപാപവുമാണ്.
വൻദോഷങ്ങങ്ങളുടെ കൂട്ടത്തിൽ പ്രഥമമായി ഗണിക്കപ്പെടുന്ന മഹാപാപങ്ങളാണ് ബഹുദൈവാരാധനയും ലോകമാന്യവും. ശിർക്കിന്റെ അംശമുള്ള മാരകദോഷമാണ് രിയാഅ്. നന്മകളുടെ പേരിൽ നമ്മൾ വാഴ്ത്തപ്പെടുകയും പുകഴ്ത്തപ്പെടുകയും ചെയ്യുമ്പോൾ നമ്മുടെ ഖൽബിലുണ്ടാകുന്ന ചെറിയൊരു ആനന്ദം പോലും പരലോകശിക്ഷ ലഭിക്കുന്ന രിയാആണെന്ന് തിരിച്ചറിയണം. തിന്മകളുടെ പേരിൽ ആക്ഷേപിക്കപ്പെടുമ്പോൾ സങ്കടവും സദ്പ്രവർത്തികൾ കാരണമായി ജനങ്ങൾ നമ്മെ പ്രശംസിക്കുമ്പോൾ സന്തോഷവും ഉണ്ടാവുന്നുവെങ്കിൽ നമ്മുടെ ഹൃദയത്തിൽ ലോകമാന്യത്തിന്റെ കറകളുണ്ടെന്നുറപ്പ്.
പ്രശംസകളും ആക്ഷേപങ്ങളും പ്രവർത്തനങ്ങളെ സ്വാധീനിക്കാതിരിക്കുകയും അല്ലാഹുവിന്റെ പ്രീതി മാത്രം നമ്മുടെ ലക്ഷ്യമാവുകയും ചെയ്യുമ്പോൾ മാത്രമേ ഇബാദതുകൾ സ്വീകരിക്കപ്പെടുകയുള്ളൂ. ഇബാദത്തിന്റെ മധുരവും ഇലാഹീ സ്മരണയുടെ അതുല്യമായ പരമാനന്ദവും അപ്പോഴാണ് അനുഭവിക്കാനാവുക.
അല്ലാഹു നമ്മെ കാണുന്നുണ്ടെന്ന ബോധത്തോടെയാണ് നാം ജീവിക്കേണ്ടത്. അതാണ് ഇഹ്‌സാനിന്റെ കാതലെന്ന് റസൂൽ(സ്വ) അരുളിയിട്ടുണ്ട്. ഹൃദയത്തിന്റെയും അല്ലാഹുവിന്റെ വിശുദ്ധ ഹള്‌റത്തിൽ നിന്നും ബഹിർഗമിക്കുന്ന മഅ്‌രിഫത്തിന്റെ പ്രകാശത്തിന്റെയും ഇടയിലുള്ള മതിലുകൾ ഇല്ലാതാവുമ്പോൾ മാത്രമാണ് നമുക്ക് ഇഖ്‌ലാസിന്റെ മധുരം ആസ്വദിക്കാൻ കഴിയുക. കോടിക്കണക്കിന് ഹിജാബുകൾ നമ്മിലുണ്ടെന്ന് സൂഫി ഗുരുക്കൾ.
ലോകമാന്യത്തെ കൊടുംപാപമായിട്ടാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഈമാനില്ലാത്തവരുടെ അടയാളമാണ് രിയാഅ്. ശിർക്കിന്റെ അംശമുള്ള വൻദോഷമാണിത്. ലോകമാന്യക്കാരെ കടുത്ത ഭാഷയിൽ ഖുർആൻ വിമർശിച്ചിട്ടുണ്ട്. അവർക്ക് കഠോരമായ ശിക്ഷയുണ്ടെന്നും വിശുദ്ധ വേദം.
മനുഷ്യരിൽ നിന്നു തിരുനബി(സ്വ) ഏറ്റവുമധികം ഭയക്കുന്ന പാപം ബഹുദൈവാരാധനയുടെ അംശമുള്ള ലോകമാന്യമാണെന്ന് തിരുമൊഴികളിൽ വന്നിട്ടുണ്ട്. ജനങ്ങൾക്കിടയിൽ സൽപേരും പ്രീതിയും ലഭിക്കാൻ വേണ്ടി പ്രവർത്തിക്കുന്ന ലോകമാന്യക്കാരെ പരലോകത്തെത്തുമ്പോൾ ആട്ടിയോടിക്കുമെന്നും അവരുടെ കർമങ്ങളെല്ലാം നിഷ്ഫലമായിരിക്കുമെന്നും ഹദീസുകളിൽ കാണാം. ലോകമാന്യക്കാരോട് അല്ലാഹുവിന് വെറുപ്പാണെന്നും അതീവ രഹസ്യമായി, അല്ലാഹുവിന്റെ തൃപ്തി മാത്രം മോഹിച്ച് സൽകർമം ചെയ്യുന്ന മുഖ്‌ലിസീങ്ങളെ അവന് പെരുത്തിഷ്ടമാണെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. കറുത്തിരുണ്ട ലോകത്തിൽ പ്രകാശം പരത്തുന്ന വിളക്കുമാടങ്ങളാണവരെന്ന് ഇമാം അഹ്‌മദ്(റ) നിവേദനം ചെയ്ത ഹദീസിലുണ്ട്.
നബി(സ്വ) പറയുന്നു: ‘എന്റെ സമുദായം സൂര്യനെയോ ചന്ദ്രനെയോ വിഗ്രഹത്തെയോ ആരാധിക്കുമെന്ന് ഞാൻ ഭയക്കുന്നില്ല. മറിച്ച് അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടിയല്ലാതെ അവർ ചെയ്യുന്ന കർമങ്ങളെയാണ് ഞാൻ പേടിക്കുന്നത്’.
കൂരിരുട്ടിൽ ഇരുണ്ട പാറയിലൂടെ കറുത്ത ഉറുമ്പരിക്കുന്നതിനേക്കാൾ അതീവ രഹസ്യമായി നമ്മുടെ ഹൃദയങ്ങളിൽ രിയാഇന്റെ അംശങ്ങളുണ്ടെന്ന് തിരുദൂതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇമാം ബൈഹഖി(റ) റിപ്പോർട്ട് ചെയ്ത തിരുവചനമിങ്ങിനെ: ‘നിങ്ങൾ രഹസ്യമായ ശിർക്കിനെ ഭയക്കണം’. ജനങ്ങൾ കാണാൻ വേണ്ടി നിസ്‌കാരം ഭംഗിയാക്കുന്നവരാണ് രഹസ്യ ബഹുദൈവാരാധനയുടെ ആളുകളെന്നാണ് വിശദീകരണം.
നബി(സ്വ)യുടെ സേവകനായിരുന്ന സൗബാൻ(റ) പറഞ്ഞു: ഞാൻ ഒരു ദിവസം നബി(സ്വ)യുടെ സദസ്സിൽ പങ്കെടുത്തപ്പോൾ അവിടന്ന് അരുളി: ‘നിഷ്‌കളങ്കർക്ക് വിജയം! അവർ പ്രകാശദീപങ്ങളാണ്. ഏത് ഇരുണ്ട തിന്മകളും അവരാൽ അകന്നുപോകും’. നവജാഹിലിയ്യത്തിന്റെ പൈശാചിക പേക്കൂത്തുകളുടെ ഇരുട്ടിൽ കറങ്ങിത്തിരിയുന്ന ലോകത്തിന്റെ മോചനം ഇഖ്‌ലാസിലൂടെ മാത്രമേ സാധ്യമാകൂ.
ആരാണ് മുഖ്‌ലിസീങ്ങളെന്ന് ശിഷ്യർ ചോദിച്ചപ്പോൾ, പ്രശംസകളൊന്നും മോഹിക്കാതെ കർമം ചെയ്യുന്നവരാണെന്നായിരുന്നു ഈസാ നബി(അ) പ്രതിവചിച്ചത്. അല്ലാഹുവിനെ മാത്രം ലക്ഷ്യമാക്കി ആരാധനാ കർമങ്ങൾ ചെയ്യുന്നവരാണ് ഭക്തരെന്ന് അലി(റ).
നേത്രങ്ങളെ കുളിരണിയിപ്പിക്കാനോ കാതുകളെ പുളകിതമാക്കാനോ ഹൃദയത്തെ ആനന്ദത്തിലാക്കാനോ അല്ലാതെ, ഏകാരാധ്യനായ റബ്ബിന്റെ പ്രീതി മാത്രം തേടി വാക്കുകളും പ്രവർത്തികളും മൗനങ്ങളും നിലപാടുകളും ആലോചനകളും മാറുമ്പോൾ മാത്രമാണ് ഒരാൾ യഥാർഥ ദാസനാവുന്നത്; യജമാനന്റെ പ്രിയ അടിമയാകുന്നത്.
മറ്റുള്ളവരുടെ അനുഗ്രഹങ്ങൾ നോക്കി വേദനിക്കാതെ, തനിക്കുള്ളതിൽ സംതൃപ്തനായി, നാഥന്റെ തീരുമാനങ്ങളെ ആനന്ദത്തോടെ സ്വീകരിച്ച്, അപരന്റെ വേദനകളെ സ്വന്തം മുറിവുകളായി കാണുന്ന ഹൃദയം നമ്മിലുണ്ടെങ്കിൽ വിജയം ഉറപ്പാണ്.
കർമങ്ങളുടെ ആധിക്യമല്ല, ഇഖ്‌ലാസാണ് പ്രധാനം. പൂർണ ഹൃദയസാന്നിധ്യത്തോടെ റബ്ബിന്റെ തൃപ്തി മാത്രം മോഹിച്ച് നാം ചെയ്യുന്ന ഒരു നിമിഷത്തെ നിസ്സാര പ്രവർത്തികൾക്ക് ലഭിക്കുന്ന സ്വീകാര്യത, ഇഖ്‌ലാസില്ലാതെ നൂറ്റാണ്ടുകൾ അധ്വാനിച്ചാലും ലഭിക്കില്ലെന്നു മാത്രമല്ല, ഓരോ കർമവും നമ്മെ അല്ലാഹുവിൽ നിന്നകറ്റും. പ്രവർത്തികളേക്കാൾ അവയുടെ സ്വീകാര്യതയെ പറ്റി നിങ്ങൾ ജാഗ്രതയുള്ളവരാകണമെന്ന് അലി(റ) ഉപദേശിക്കുമായിരുന്നു. ഭക്തന്മാരുടെ കർമങ്ങൾ മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂവെന്ന് ഖുർആൻ ഉണർത്തിയിട്ടുണ്ടല്ലോ.
ഇഖ്‌ലാസില്ലാത്ത സുകൃതങ്ങൾ ചെയ്താൽ ദുൻയാവിലും ആഖിറത്തിലും പരിഹാസ്യരാവും. പ്രശംസിച്ചവർ തന്നെ ആക്ഷേപിക്കും, പരിഹസിക്കും. അന്ത്യനിമിഷം മുതൽ നാശവും നാണക്കേടും തുടങ്ങും. നിഷ്‌കളങ്കമായി ചെയ്യുന്ന ഏതൊരു കർമവും ആദ്യം വിമർശിക്കപ്പെട്ടാലും സജ്ജനങ്ങൾക്കിടയിൽ വാഴ്ത്തപ്പെടും, പരലോകത്ത് പരമാനന്ദം ലഭിക്കുകയും ചെയ്യും.
മലക്കുകൾ പോലും സൽകർമമെന്ന് വിധിയെഴുതിയ പ്രവർത്തികളെ, അതീവ രഹസ്യമായ രിയാഇന്റെ കാരണത്താൽ അല്ലാഹു തള്ളിക്കളയുന്ന ഭീദിതമായ അവസ്ഥയോർത്ത് കരഞ്ഞു ജീവിച്ച നിരവധി സൂഫികളെ ചരിത്രത്തിൽ കാണാം.
ഈ ലോകം മുഴുവൻ എന്റേതാവുന്നതിനേക്കാൾ എനിക്കിഷ്ടം ഏതെങ്കിലുമൊരു കർമം അല്ലാഹു സ്വീകരിച്ചു എന്നറിയലാണെന്ന് പറഞ്ഞ മഹാന്മാർ ധാരാളം. ഇബാദത്തുകൾ നിയമാനുസൃതമായാൽ മാത്രം പോരാ, അല്ലാഹുവിന്റെയടുക്കൽ മഖ്ബൂലുമാകണം. ഒരു വിശ്വാസിയുടെ ഏറ്റവും വലിയ ഭയം ഈമാൻ നഷ്ടപ്പെടുമോയെന്നതും കർമങ്ങൾ തള്ളപ്പെടുമോ എന്നതുമാണ്.
ഒരാളുടെ രഹസ്യ ജീവിതവും പരസ്യ ജീവിതവും ഒരുപോലെ നന്മ നിറഞ്ഞതായാൽ അവൻ വിജയിക്കും. എന്നാൽ പരസ്യജീവിതത്തേക്കാൾ രഹസ്യ ജീവിതം മികച്ചതായാൽ അവരാണ് ഏറ്റവും ഉന്നതരെന്ന് സൂഫി ഗുരുക്കൾ. നമ്മുടെ പുറം സംശുദ്ധമാകണം, അകം അതിനേക്കാൾ പരിശുദ്ധമാകണം. നബി(സ്വ)യുടെ പ്രാർഥനയിൽ ഇക്കാര്യമുണ്ടായിരുന്നു.
കൂടെക്കിടക്കുന്ന ഭാര്യ പോലുമറിയാതെ മണിയറയിൽ വെച്ച് ലക്ഷക്കണക്കിന് ദിക്‌റുകളും സ്വലാത്തുകളും ചൊല്ലിയിരുന്ന, സുന്നത്ത് നോമ്പനുഷ്ഠിച്ചത് അപരററിയാതിരിക്കാൻ ചുണ്ടുകളിൽ എണ്ണ പുരട്ടിയിരുന്ന, ആരാരുമറിയാതെ അല്ലാഹുവിനെയോർത്ത് കരഞ്ഞിരുന്ന ഔലിയാക്കളാണ് നമ്മുടെ മുൻഗാമികൾ. ഇഖ്‌ലാസിന്റെ വെളിച്ചം നിറഞ്ഞ അവരുടെ ജീവിതം നമുക്കെല്ലാം മാതൃകയാവണം.

അബ്ദുൽബാരി സിദ്ദീഖി കടുങ്ങപുരം

Exit mobile version