ഗള്‍ഫുകാരന്റെ ഭാര്യയെ എങ്ങനെയൊക്കെ നിര്‍വചിക്കാനാവും? ലോകത്ത് ഏറ്റവും ക്ഷമയുള്ള സ്ത്രീവിഭാഗം, അമ്മായിഉമ്മപ്പോരും നാത്തൂന് പോരുമൊക്കെ കടിച്ചൊതുക്കി പലപ്പോഴും ഭര്‍ത്താവിനെയോ സ്വന്തം വീട്ടുകാരെപ്പോലുമോ അറിയിക്കാതെ കുടുംബബന്ധം അരക്കിട്ടുറപ്പിക്കുന്നവര്‍, ഭര്‍ത്താവ് വല്ലപ്പോഴും വന്ന് സംഭാവന ചെയ്യുന്ന സന്താനങ്ങളെ ആധുനിക ലോകത്തിന്റെ എല്ലാ പ്രതിസന്ധികളിലും പുരോഗതിയിലേക്കും നയിക്കുന്നവര്‍, സിനിമയും സീരിയലും ചുറ്റുപാടുകളും കത്തിച്ചുനിര്‍ത്തുന്ന ലൈംഗിക മോഹങ്ങളെ മലക്കല്ല; പെണ്ണാണെന്ന ബോധത്തോടെ തന്നെയും സഹിച്ചൊതുക്കുന്നവര്ഇങ്ങനെയൊക്കെയായി സ്വര്‍ഗത്തിലേക്ക് ഖുര്‍ആന്‍ ക്ഷണിക്കുന്ന ക്ഷമാശീലരാവുകയാണ് ഗള്‍ഫുകാരുടെ നല്ലപാതികള്‍. എന്തൊക്കെയായാലും അവര്‍ക്ക് ഇണകളോട് വിഷമമില്ലജീവിതം പ്രധാനമാണെന്നും അതിന് അങ്ങേരെ പോലെ താനും ചിലതൊക്കെ സഹിക്കേണ്ടതുണ്ടെന്നും മനസ്സിലാക്കിയ ബുദ്ധിമതികളാണവര്. അവര്‍ക്ക് പൊന്നിനോട് ഖല്‍ബു വേദനയില്ല; കെട്ടിപ്പൂട്ടിയിട്ട് ദൂരെ പോയതിനു പരിഭവവുമില്ല. എല്ലാം ജീവിതത്തിന്റെ അനിവാര്യതകളാണെന്നുള്ക്കൊണ്ട് പ്രാര്‍ത്ഥനയും കണ്ണീരുമായി ഇന്റര്‍നെറ്റില്‍ നിന്നുള്ള വിളിക്ക് കാത്തിരിക്കുന്നു.
ഇതിനു വിരുദ്ധരായ തീറ്റപണ്ടാറങ്ങളില്ലേ, ചാടിപ്പോകാറില്ലേ, എന്നും തലവേദന സൃഷ്ടിക്കുന്നവരില്ലേ എന്നൊക്കെ കേരളത്തിലിരുന്ന് പ്രസംഗിക്കുന്നവരുണ്ടാവാം. തകര്‍ത്തെഴുതി സമൂഹത്തിന്റെ നട്ടെല്ലുകളായ ഗള്ഫുസുഹൃത്തുക്കളുടെ മനം കെടുത്തുന്നവരുമുണ്ടാവും. ശരിയാണ്, കുറച്ചൊക്കെ അങ്ങനെയുണ്ട്. അതൊക്കെ അപവാദങ്ങള്‍ മാത്രം. ധര്മനിഷ്ഠരാണ് മഹാഭൂരിപക്ഷവും. മുന്‍പു പറഞ്ഞതുപൊലെയുള്ള അതിവിശുദ്ധരാണ് ഒട്ടുമിക്ക പേരും. പിന്നെ, പുഴുക്കുത്തുകള്‍ മാത്രം പര്‍വതീകരിക്കുന്നത് ദീനിയായോ സാമൂഹികമായോ ഒരു ഗുണവും ചെയ്യുന്ന കാര്യമല്ലല്ലോ?
ഒരു സാത്വിക ഗുരുവും ശിഷ്യരും നടന്നു പോവുമ്പോള്‍ ചത്തു ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന നായയുടെ ശവം കണ്ട കഥയുണ്ട്. ശിഷ്യര്‍ നാറ്റവും ദുസ്സഹമായ രൂപവും പുഴുവരിക്കുന്നതുമൊക്കെ പറഞ്ഞ് ആക്ഷേപം ചൊരിഞ്ഞു കൊണ്ടിരുന്നപ്പോള്‍ മന്ദസ്മിതം പൂകി ഗുരു പ്രതിവചിച്ചുവത്രെ: ഹായ്, എന്തു തിളക്കമുള്ള പല്ലുകള്‍? ആകെ ചീഞ്ഞു പോയിട്ടും അവയുടെ സൗന്ദര്യം നശിച്ചിട്ടില്ലല്ലോ? ഈ സമീപനമാണ് നമുക്ക് വേണ്ടത്. അന്ധകാരത്തിലും നന്മകാണുന്ന മനസ്സ്. ചില ലേഖനങ്ങള്‍ കണ്ടാല്‍ തോന്നും ചാടലും ഓടലും അന്യനൊപ്പം കിടപ്പറ പങ്കിടലുമൊക്കെ ഗള്‍ഫുകാരുടെ ഭാര്യമാരുടെ പ്രത്യേകതയാണെന്ന്! അല്ലെങ്കില്‍ ഗള്ഫുഭാര്യയാകാന് ഇങ്ങനെയൊക്കെ ആവണമെന്ന്!!
തീരെ നാടുവിടാത്ത എത്ര ഭര്ത്താക്കന്മാരുടെ പത്നിമാര്‍ ഇതിലേറെ മാരകമായത് ചെയ്തിട്ടുണ്ട്. ആഴ്ചയില്‍ വീട്ടിലെത്തുന്നവരുടെ ഭാര്യയും വേലിചാടിയ അനുഭവങ്ങളുണ്ട്. സ്ഥിരമായി ഒപ്പമുള്ള ഭര്‍ത്താവ് മരിച്ചതിന്റെ അടുത്തയാഴ്ച്ച തന്നെ കാമുകനൊപ്പം ജീവിതം തുടങ്ങിയവര്‍ പോലുമുണ്ട്. ഇതിന്റെയൊക്കെ കാരണം ദീന് കേട്ടുകേള്വിയാകുന്നതും ആത്മീയത ലോപം വരുന്നതുമാണ്. അല്ലാതെ ഭര്‍ത്താവ് ഫ്ളൈറ്റിനു ടിക്കറ്റെടുക്കുന്നതല്ല.
മുഹമ്മദ് മിന്‍ഹാജ്