ഇതിഹാസം വിടവാങ്ങുന്നു

എല്ലാവരും നബി(സ്വ)യുടെ വീട്ടില്‍ ഉള്ള സൗകര്യമനുസരിച്ച് ഇരുന്നു. അവിടുന്ന് സൈദിനോടായി പറഞ്ഞു:
‘സൈദ്, ജനങ്ങള്‍ പ്രകീര്‍ത്തിക്കുന്ന പലരേയും ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ, ഞാന്‍ നിരീക്ഷിച്ചപ്പോള്‍ അവര്‍ അതിനു മാത്രമില്ലെന്ന് ബോധ്യപ്പെടാറുണ്ട്. എന്നാല്‍ താങ്കള്‍ നേരെ മറിച്ചാണ്.’
സൈദ് പുഞ്ചിരിയോടെ പ്രതിവചിച്ചു: ‘ഞാന്‍ നന്മയെയും അതിന്റെ വക്താക്കളെയും ഇഷ്ടപ്പെടുന്നു. ഞാനൊരു സല്‍കര്‍മം ചെയ്താല്‍ അതിന്റെ ഗുണം എനിക്കു തന്നെയാണെന്ന് വിശ്വസിക്കുന്നു. ഇനി സല്‍കര്‍മം നഷ്ടപ്പെട്ടാലോ, അതില്‍ ഞാന്‍ ദുഃഖിക്കുകയും ചെയ്യും.’
‘അല്ലാഹു അനുഗ്രഹിച്ചവരുടെ ലക്ഷണമാണിത്’ നബി(സ്വ) പ്രതികരിച്ചു.
‘അല്ലാഹുവും റസൂലും ഇഷ്ടപ്പെടുന്ന വിശേഷണങ്ങള്‍ അവന്‍ എനിക്കു നല്‍കിയല്ലോ, അല്‍ഹംദുലില്ലാഹ്…’
ശേഷം അദ്ദേഹം ദൃഢസ്വരത്തില്‍ പറഞ്ഞു:
‘അല്ലാഹുവിന്റെ ദൂതരേ, മുന്നൂറ് കുതിരപ്പടയാളികളെ എനിക്കു തരൂ. എങ്കില്‍ റോമാ സാമ്രാജ്യത്തെ കീഴ്പ്പെടുത്തിത്തരാമെന്ന് എന്റെ ഉറപ്പ്.’
എന്തൊരു മനക്കരുത്ത്!
തിരുദൂതര്‍(സ്വ)ക്ക് വലിയ മതിപ്പുതോന്നി.
സൈദുനില്‍ ഖൈര്‍(റ)ന്റെ കൂടെ വന്നവര്‍ക്കും സത്യം ബോധ്യമായി. അവരെല്ലാം സത്യവിശ്വാസികളായി. ഒടുക്കം സൈദ്(റ)വും കൂട്ടരും തങ്ങളുടെ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. യാത്രക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തി. നബി(സ്വ) അവര്‍ക്ക് യാത്രാമംഗളം നേര്‍ന്നു. ശേഷം അവിടുന്ന് ഒരു പ്രവചനം പോലെ മൊഴിഞ്ഞു:
‘വല്ലാത്തൊരു മനുഷ്യനാണദ്ദേഹം. മദീനയിലെ പകര്‍ച്ചവ്യാധിയില്‍ നിന്നും സൈദ് രക്ഷപ്പെട്ടിരുന്നെങ്കില്‍, തീര്‍ച്ചയായും അദ്ദേഹം ഇതിഹാസം രചിക്കും.’
മദീനയില്‍ പകര്‍ച്ചപ്പനി വ്യാപിച്ച സമയമായിരുന്നു അത്. പലരും മരണത്തിനു കീഴടങ്ങി.
മടക്കയാത്രക്കിടെ സൈദ്(റ)നും രോഗം പിടിപ്പെട്ടു. രോഗത്താല്‍ യാത്രയില്‍ അദ്ദേഹം നന്നേ പ്രയാസപ്പെട്ടു. രോഗം ക്രമേണ മൂര്‍ച്ഛിച്ചു വന്നു.
യാത്രാസംഘം നജ്ദിനോടടുത്തു. പനി വര്‍ധിച്ചുകൊണ്ടിരുന്നു. സപ്തനാഡികളും തളരുംവിധം അതു മഹാനെ വരിഞ്ഞുമുറുക്കി. അപ്പോഴെല്ലാം സൈദ്(റ)ന്റെ മനസ്സില്‍ വലിയൊരാഗ്രഹം തളംകെട്ടി നില്‍ക്കുകയായിരുന്നു.
തന്റെ ഗോത്രത്തെ കാണണം. അവരോട് ഇസ്ലാമിനെക്കുറിച്ച് സംസാരിക്കണം. തിരുനബി(സ്വ)യുടെ മഹത്ത്വങ്ങള്‍ പങ്കുവെക്കണം. അന്ധവിശ്വാസാനാചാരങ്ങളില്‍ നിന്ന് സമുദായത്തെ മുക്തമാക്കണം. അവര്‍ സത്യതീരമണയുന്നതിന് ഞാന്‍ ഹേതുവാകട്ടെ. ഇരുലോകത്തും അതു തനിക്ക് സമ്പാദ്യമാകും.
ഹൃദയം അഭിലാഷത്താല്‍ നിറഞ്ഞു.
പക്ഷേ, വിധി മറ്റൊന്നായിരുന്നു.
അദ്ദേഹത്തിന്റെ ബോധം പലപ്പോഴും മറഞ്ഞുകൊണ്ടിരുന്നു. യാത്ര ദുഷ്കരമായപ്പോള്‍ സഹയാത്രികര്‍ വിശ്രമം നിര്‍ദേശിച്ചു.
പനി വിടുന്ന ലക്ഷണമില്ല. അവര്‍ നേതാവിനെ തണലണഞ്ഞു കിടത്തി. ശുശ്രൂഷകള്‍ ചെയ്തു. ആസകലം തപം കൂടുക തന്നെയാണ്.
അധികം താമസിച്ചില്ല. അവിടെ വെച്ചുതന്നെ മഹാന്‍ മരണത്തിനു കീഴടങ്ങി. അവര്‍ മിഴികള്‍ അടച്ചുകൊടുത്തു. അവരുടെ നയനങ്ങള്‍ സജലങ്ങളായി.
മണല്‍ക്കാട്ടില്‍ വീരേതിഹാസം തീര്‍ത്ത ആ ഗോത്ര നേതാവിന്റെ ശരീരം നിശ്ചലമായി. വിശുദ്ധാത്മാവ് ഇലാഹീ സന്നിധിയിലേക്ക് ഉയര്‍ന്നു. അപ്പോള്‍ ഒരു ശോകഗാനം പോലെ മരുക്കാറ്റ് വീശിക്കൊണ്ടിരുന്നു.
(അവസാനിച്ചു)

വിസ്മയ വെട്ടങ്ങള്‍ 6

നൗഫല്‍ തൊട്ടിപ്പാലം

Exit mobile version