ഇനിയും ഉറങ്ങാതിരിക്കുക

പുണ്യദിനങ്ങള്‍ തീര്‍ന്നുകൊണ്ടിരിക്കുന്നു. റമളാനിന്റെ തുടക്കത്തിലുണ്ടായിരുന്ന ആവേശവും ആരാധനാ താല്‍പര്യവും കുറഞ്ഞുതുടങ്ങിയെങ്കില്‍ ഒന്നുകൂടി ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ സമയമായി. വിവിധ സമ്മര്‍ദങ്ങള്‍ മനുഷ്യനെ പിടിച്ചുലക്കുന്നത് സ്വാഭാവികം. ഈ റമളാനില്‍ ലോകകപ്പ് ഫുട്ബോള്‍ കൂടി സജീവമായുണ്ട്. ഇതിനിടയില്‍ തീര്‍ന്നുകൊണ്ടിരിക്കുന്നത് തിരിച്ചെടുക്കാനും ഒരു വിധത്തിലും പരിഹരിക്കാനുമാവാത്ത അനുഗ്രഹങ്ങളാണെന്ന തിരിച്ചറിവു നേടിയവര്‍ ഭാഗ്യവാന്‍മാര്‍അവരാണ് സ്വര്‍ഗം അവകാശമാക്കുന്നവര്‍.

അടുത്ത റമളാനില്‍ എത്ര പേര്‍ ശേഷിച്ചിരിക്കും, അന്ന് ആര്‍ക്കൊക്കെ ആരോഗ്യമുണ്ടാവും? നമുക്കറിയില്ല, എന്നിട്ടും പാപം പൊറുക്കാനായി നാഥന്‍ തയ്യാറാക്കിയ സന്ദര്‍ഭങ്ങള്‍ നഷ്ടപ്പെടുത്തുന്നത് എത്ര അപരാധമാണ്. പത്ര പാരായണവും ഭൗതിക വ്യവഹാരങ്ങളും കൊണ്ട് എരിഞ്ഞു തീരേണ്ടതാണോ റമളാന്‍ മാസം? ഗൗരവത്തോടെ നാം ആലോചിക്കുക. ഖുര്‍ആന്‍ പാരായണത്തിന്റെ കണക്കെടുപ്പിനുള്ള അവസാന സമയവുമാണിത്. രണ്ടു പ്രാവശ്യമെങ്കിലും അവതരണമാസത്തില്‍ അത് ഓതി തീര്‍ക്കാനായില്ലെങ്കില്‍ ബാധ്യതാ നിര്‍വഹണത്തിലെ വന്‍ വീഴ്ച്ചയാണെന്ന് മനസ്സിലാക്കി ശേഷിക്കുന്ന ദിവസങ്ങളില്‍ പരിഹാരശ്രമങ്ങളില്‍ മുഴുകണം.

ദിവസവും യാസീനും സ്വലാത്തും ദിക്റുകളും ഉപേക്ഷിക്കാതിരിക്കാനും പുരുഷന്‍മാര്‍ പള്ളി ജമാഅത്തുകള്‍ മുടക്കാതിരിക്കാനും ഏറെ ശ്രദ്ധ വെക്കണം. സംഘടനയുടെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ സക്രിയമാക്കി അശരണരുടെ കണ്ണീരൊപ്പാനും സമയം കാണുക. ആരാധനക്കായാണല്ലോ മനുഷ്യജന്‍മം.

Exit mobile version