ഇബ്നുഹജര്‍(റ): ഹദീസ് വിശാരദരിലെ അതികായന്‍

ഹിജ്റ 773 ശഅ്ബാന്‍ 22-ന് പുരാതന ഈജിപ്തിലെ നൈല്‍ നദീതീരത്ത് ഒരു സാത്വിക കുടുംബത്തിലാണ് സുപ്രസിദ്ധ ദാര്‍ശനികനും ഹദീസ് വിശദീകരണ ശാസ്ത്രത്തില്‍ നിപുണനുമായ അല്‍ഹാഫിള് ഇബ്നുഹജറുല്‍ അസ്ഖലാനി(റ) ജനിച്ചത്. കിനാനി ഗോത്രക്കാരനായ മഹാന്‍ അദ്ദേഹത്തിന്‍റെ പൂര്‍വികര്‍ വസിച്ചിരുന്ന ഫലസ്തീനിലെ തീരപ്രദേശ പട്ടണമായ അസ്ഖലാനിലേക്ക് ചേര്‍ത്താണറിയപ്പെടുന്നത്. ജനനവും ബാല്യകാലം ചെലവഴിച്ചതുമെല്ലാം ഈജിപ്തില്‍ തന്നെയായിരുന്നു. ശിഹാബുദ്ദീന്‍ എന്ന സ്ഥാനപ്പേരിലും അബുല്‍ഫള്ല്‍ എന്ന ഓമനപ്പേരിലും മഹാന്‍ അറിയപ്പെടുന്നു.

ജനിക്കുന്നതിനു മുമ്പുതന്നെ പിതാവിന് പുത്രനെക്കുറിച്ച് സുവിശേഷ വാര്‍ത്തയറിയിക്കപ്പെടുകയുണ്ടായി. ഇബ്നുഹജര്‍(റ) തന്നെ ഇതു വ്യക്തമാക്കുന്നുണ്ട്: കര്‍മശാസ്ത്രത്തില്‍ അവഗാഹം നേടിയ ഒരു സഹോദരനെനിക്കുണ്ടായിരുന്നു. ഇമാം നവവി(റ)യുടെ മിന്‍ഹാജ് അദ്ദേഹത്തിന് മനഃപാഠമായിരുന്നു. പക്ഷേ, ചെറുപ്രായത്തില്‍ തന്നെ അദ്ദേഹം മരണപ്പെട്ടു. ഇതോര്‍ത്തു ദുഃഖിതനായ പിതാവിനോട് യഹ്യസ്സ്വനാഫീരി എന്ന മഹാന്‍റെ സമീപം ചെന്ന് പരിഹാരം ആരായാന്‍ നിര്‍ദേശിക്കപ്പെട്ടു. ഇതുപ്രകാരം ചെന്ന പിതാവിനോട് യഹ്യസ്സ്വനാഫീരി(റ) താങ്കളുടെ മരണപ്പെട്ട പുത്രന് പകരം മറ്റൊരു കുഞ്ഞ് ജനിക്കുകയും ദീര്‍ഘകാലം ജീവിക്കുകയും ചെയ്യും എന്ന സന്തോഷവാര്‍ത്ത അറിയിച്ചു (അല്‍ ജവാഹിറു വദ്ദുറര്‍).

ശരീര പ്രകൃതിയും സ്വഭാവ സംശുദ്ധിയും

ഒത്തഉയരമുള്ള മെലിഞ്ഞ ശരീരപ്രകൃതിയായിരുന്നു മഹാന്‍റേത്. പ്രസന്നവദനം. ഗാംഭീര്യമുള്ള ശബ്ദവും സാഹിത്യ സമ്പുഷ്ടമായ ഭാഷയും അദ്ദേഹത്തിന്‍റെ പ്രത്യേകതയാണ്. ബുദ്ധികൂര്‍മതയില്‍ സഹപാഠികളെക്കാള്‍ മികച്ചുനിന്ന അദ്ദേഹത്തിന്‍റെ സംവാദവേദികളിലെ തിളക്കം ആരെയും അമ്പരപ്പിക്കുന്നതായിരുന്നു (ശദറാത്തുദ്ദഹബ്- ഇബ്നു അമ്മാദ് 7-273)

തന്നെ ബുദ്ധിമുട്ടിക്കുന്നവരോടുപോലും വളരെ സ്നേഹത്തിലും മയത്തിലുമായിരുന്നു മഹാന്‍ വര്‍ത്തിച്ചിരുന്നത്. വളരെ തന്ത്രപൂര്‍വം ജനങ്ങളോടിടപഴകി അവരെ സംസ്കരിച്ചെടുക്കാന്‍ അദ്ദേഹത്തിന് പ്രത്യേക മിടുക്കുണ്ടായിരുന്നു (അല്‍ മന്‍ഹലുസ്സ്വാഫി 3-87).

ചിട്ടയൊത്ത ജീവിതമായിരുന്നു മഹാന്‍ നയിച്ചിരുന്നത്. തിരുചര്യകളെല്ലാം കഴിയും വിധം ജീവിത്തില്‍ പകര്‍ത്താന്‍ ബദ്ധശ്രദ്ധാലുവായി. രാത്രി ഉറക്കമൊഴിവാക്കി ദീര്‍ഘസമയം നിന്ന് നിസ്കരിക്കുകയും പകല്‍ സമയം നോമ്പനുഷ്ഠിക്കുകയും ചെയ്യും. അവസാനകാലത്തെ ശാരീരിക ക്ഷീണാവസ്ഥയില്‍പോലും ഒന്നിടവിട്ട ദിവസങ്ങളിലെല്ലാം നോമ്പനുഷ്ഠിച്ചു. ളുഹാനിസ്കാരം പതിവുചര്യയായിരുന്നു. മുതഅല്ലിമുകള്‍ക്കും പാവങ്ങള്‍ക്കും തന്നെക്കൊണ്ട് സാധിക്കുന്ന രൂപത്തിലെല്ലാം നന്മചെയ്തു (അള്ളൗഉല്ലാമിഅ് 2-39).

ഭക്ഷണ വസ്ത്ര താമസ സൗകര്യങ്ങളിലെല്ലാം മിതത്വം പുലര്‍ത്തി തീര്‍ത്തും ഒരു പരിത്യാഗിയുടെ ജീവിതമായിരുന്നു അദ്ദേഹം നയിച്ചത്. സംസാരിക്കുന്ന വാക്കുകളില്‍ പോലും ഈ മിതത്വം തെളിഞ്ഞു കാണാമായിരുന്നു (അല്‍ മുലഖ്ഖസ്വാത്തു മിനല്‍ ജവാഹിരി വദ്ദുറര്‍).

പഠനവും ഹദീസ് ശേഖരണവും

ദീനീ വിജ്ഞാന സമ്പാദനത്തിനും ഹദീസ് ശേഖരണത്തിനും അനേകം ദേശങ്ങളില്‍ അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. ജനിച്ചുവളര്‍ന്ന മിസ്റില്‍ വെച്ചുതന്നെ ധാരാളം ഹദീസുകള്‍ ശേഖരിച്ചു. ശേഷം ഖാഹിറയിലേക്ക് യാത്രതിരിച്ച മഹാന്‍ സിറാജുല്‍ ബുല്‍ഖൈനി, ഹാഫിള് ഇബ്നുല്‍ മുലഖിന്‍, ഹാഫിള് അബ്ദുറഹീമുബ്നുല്‍ ഹുസൈന്‍ എന്നിവരില്‍ നിന്ന് ഹദീസിനോടു കൂടെ കര്‍മശാസ്ത്ര വിജ്ഞാനവും കരസ്ഥമാക്കി. ബുര്‍ഹാനുദ്ദീന്‍ ഇബ്റാഹീമുത്തനൂവിയില്‍ നിന്നാണ് ഖിറാഅത്ത് പഠനം പൂര്‍ത്തീകരിച്ചത്. ഇസ്സുദ്ദീന്‍ മുഹമ്മദുബ്നു അബീബക്കര്‍(റ)വില്‍ നിന്നും നിദാനശാസ്ത്രത്തിലും മുഹമ്മദുബ്നു യഅ്ബുശ്ശീറാസി, ശംസുദ്ദീന്‍ മുഹമ്മദുല്‍ ഗമാരി, മുഹമ്മദുബ്നു ഇബ്റാഹീമുദ്ദിമശ്ഖി എന്നിവരില്‍ നിന്ന് അറബിഭാഷാസാഹിത്യത്തിലും പ്രാവീണ്യം നേടി. ഹദീസ് ശേഖരണത്തിനുവേണ്ടി സര്‍യാഖൂസ്, ഗസ്സ, റംല, ഖലീല്‍, ബൈത്തുല്‍ മുഖദ്ദസ്, ഡമസ്കസ്, മിന, യമന്‍ തുടങ്ങി നിരവധി പ്രദേശങ്ങളില്‍ മഹാന്‍ യാത്ര ചെയ്തിട്ടുണ്ട്.

ദീനീവിജ്ഞാനശാഖകളിലെല്ലാം അഗാധ പാണ്ഡിത്യം നേടിയ ശേഷം യബറുസ്സിലെ ഖാന്‍ഖാഹില്‍ (പര്‍ണശാല) ഇരുപത് വര്‍ഷത്തോളം തന്നെതേടിയെത്തുന്ന വിശ്വാസികള്‍ക്ക് ഹദീസ് പകര്‍ന്നു നല്‍കി. ഹദീസ് സമ്പാദന-വിജ്ഞാനശേഖരണാവശ്യാര്‍ത്ഥം വിദൂര ദിക്കുകളില്‍ നിന്നുപോലും ഈ കാലത്ത് ആളുകള്‍ യബറുസ്സിലേക്ക് നിലക്കാതെ പ്രവഹിച്ചിരുന്നു. തുടര്‍ന്ന് ബഹ്റൈനിയുടെ മധ്യത്തിലുള്ള ദാറുല്‍ ഹദീസില്‍ കാമിലിയ്യയിലേക്ക് സേവനം മാറ്റി. വര്‍ഷങ്ങളോളം അവിടെ ഹദീസ്ക്ലാസുകളും  പ്രബോധന പ്രവര്‍ത്തനങ്ങളുമായി കഴിച്ചുകൂട്ടി. പിന്നീട് ഹിജ്റ 827 മുഹര്‍റം 27-ന് അന്നത്തെ ഈജിപ്ത് ഭരണാധികാരി മഹാനെ രാജ്യത്തെ ശാഫിഈ ഗ്രാന്‍റ് ഖാളിയായി അവരോധിച്ചു. പല സുപ്രധാന വിധികളും സങ്കീര്‍ണ വിഷയങ്ങളും കൈകാര്യം ചെയ്തതിനു ശേഷം വഫാത്തിന്‍റെ ആറുമാസം മുമ്പ് (ജമാദുല്‍ ആഖിര്‍-27ന്) സ്വയം ഖാളിസ്ഥാനം വിട്ടൊഴിയുകയും രചനകളും ആരാധനാ കര്‍മങ്ങളുമായി വീട്ടില്‍ തന്നെ കഴിഞ്ഞ് നാഥനോട് കൂടുതലടുക്കാന്‍ പരിശ്രമിക്കുകയുണ്ടായി.

ശിഷ്യഗണങ്ങള്‍

ഹ്രസ്വമായ ഈ ജീവിതത്തിനിടെ ഒട്ടേറെ പ്രഗല്‍ഭരും പ്രശസ്തരുമായ ശിഷ്യഗണങ്ങളെ വാര്‍ത്തെടുക്കാന്‍ മാഹാന് സാധിച്ചിട്ടുണ്ട്. ഹദീസ് വിശാരദന്‍മാരില്‍ അഗ്രഗണ്യനായ മുഹമ്മദുബ്നു അബ്ദുറഹ്മാന്‍ ശംസുദ്ദീനുസ്സഖാവീ(റ), കര്‍മശാസ്ത്രത്തിലും നിദാനശാസ്ത്രത്തിലും ധാരാളം വിലപ്പെട്ട ഗ്രന്ഥങ്ങള്‍ രചിച്ച അബൂയഹ്യാ സകരിയ്യല്‍ അന്‍സ്വാരി(റ), മറ്റൊരു ഫിഖ്ഹീ പണ്ഡിതനായ ബുര്‍ഹാനുദ്ദീന്‍ ഇബ്റാഹീമുബ്നു ഉമറബ്നി അബീബകരില്‍ ബിഖാഈ, മുഹമ്മദുബ്നു മുഹമ്മദിബ്നി അബ്ദില്ലാഹിദ്ദിമശ്ഖി തുടങ്ങിയവര്‍ അവരില്‍ പ്രമുഖരാണ്. പ്രസിദ്ധമായ അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റിയടക്കമുള്ള വിവിധ കലാലയങ്ങളിലും റംല, ഖുബ്ബത്തുല്‍ മന്‍സ്വൂരിയ്യ തുടങ്ങിയ വ്യത്യസ്ത പ്രദേശങ്ങളിലും തഫ്സീര്‍, ഹദീസ്, ഫിഖ്ഹ് തുടങ്ങിയ ഒട്ടുമിക്ക വിജ്ഞാനശാഖകളും ദര്‍സ് നടത്തിയ ഇബ്നുഹജര്‍(റ)വിന് അവിടെയെല്ലാം എണ്ണമറ്റ വിദ്യര്‍ത്ഥികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കാന്‍ സാധിച്ചിട്ടുണ്ട്.

അല്‍ ഇംലാഅ്

ഹദീസ് പ്രചാരണ കൈമാറ്റ ശൃംഖലയിലെ പ്രധാന ഇനമായ അല്‍ ഇംലാഇന് (ഹദീസ് കേട്ടെഴുത്ത്) ധാരാളം പ്രാവശ്യം മഹാന്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. ഹി.888-ലാണ് ഇംലാഇന് നേതൃത്വം നല്‍കിത്തുടങ്ങിയത്. അശ്രാന്തപരിശ്രമവും വശ്യസുന്ദരമായ അവതരണശൈലിയും കൊണ്ട് 1150-ഓളം ഇംലാഅ് സദസ്സുകള്‍ക്ക് നേതൃത്വം നല്‍കാന്‍ അദ്ദേഹത്തിന് ഇക്കാലയളവില്‍ സാധിച്ചു (അല്‍ ജവാഹിറു വദ്ദുറര്‍).

ഗ്രന്ഥങ്ങള്‍

ഒരായുഷ്കാലം കൊണ്ട് പഠിച്ചുതീര്‍ക്കാന്‍ പോലും സാധിക്കാത്തത്ര ഗ്രന്ഥങ്ങള്‍ ചുരുങ്ങിയ ജീവിതത്തിനിടെ ഇബ്നുഹജര്‍(റ)ന്‍റെ തൂലികയിലൂടെ വിരചിതമായിട്ടുണ്ട്. ഖുര്‍ആനിന്‍റെ ശ്രേഷ്ഠതകള്‍ വിവരിക്കുന്ന അല്‍ ഇത്ഖാന്‍, ഖുര്‍ആന്‍ അവതരണ പശ്ചാതലങ്ങള്‍ വിവരിക്കുന്ന അല്‍ ഇഅ്ജാസു ഫീ ബയാനില്‍ അഹ്സാബ്, വിശ്വപ്രസിദ്ധ ഹദീസ്ഗ്രന്ഥം സ്വഹീഹുല്‍ ബുഖാരിയുടെ വ്യാഖ്യാനമായ ഫത്ഹുല്‍ ബാരി, സ്വഹീഹുല്‍ ബുഖാരിയുടെത്തന്നെ അനുബന്ധങ്ങളെ സംബന്ധിച്ചുള്ള തഅ്ലീഖുത്തഅ്ലീഖ്, ബുഖാരിയുമായി തന്നെ ബന്ധപ്പെട്ട ഫവാഇദുല്‍ ഇഹ്തിഫാല്‍, അഖീദയിലെ അല്‍ ഗുന്യ ഫീ മസാഇലി അര്‍റുഅ്യ, അല്‍ ആയാത്തുന്നീറാത്തി ഫീ മഅ്രിഫതി ഖവാരിഖില്‍ ആദാത്ത്, കര്‍മശാസ്ത്രത്തിലെ അല്‍ ബുലൂഗുല്‍ മറാം മിന്‍ അദില്ലത്തില്‍ അഹ്കാം, മനാസികുല്‍ ഹജ്ജ്, താരീഖിലെ അല്‍ ഇസ്വാബതു ഫീ തമ്മീസിസ്സ്വഹാബ, ഇമ്പാഉല്‍ ഗുംരി ബി അമ്പാഇല്‍ ഉംര്‍, തബ്സ്വീറുല്‍ മുന്‍തബിഹി ബിതഹ്രീറില്‍ മുശ്തബിഹ് അവയില്‍ പ്രധാനമാണ്.

പണ്ഡിതാഭിപ്രായം

ഇബ്നുഹജര്‍(റ)വിനെക്കുറിച്ച് അദ്ദേഹത്തിന്‍റെ ഉസ്താദുമാരും ശിഷ്യന്മാരും സമകാലപണ്ഡിതന്മാരുമെല്ലാം ധാരാളം പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. പഠനകാലത്തുതന്നെ ബുദ്ധിശക്തിയിലും ഉസ്താദുമാരോടും സഹപാഠികളോടുമുള്ള പെരുമാറ്റത്തിലുമെല്ലാം മഹാന്‍ മികച്ചുനിന്നു. അദ്ദേഹത്തിന്‍റെ പ്രധാന ഉസ്താദുമാരിലൊരാളായ അല്‍ഇറാഖിയോട് വഫാത്ത് സമയത്ത് ചോദിച്ചു: ഹാഫിളുകളില്‍ (മൂന്ന്ലക്ഷം ഹദീസ് മനപ്പാഠമുള്ളവര്‍) ഇനിയാരാണ് ബാക്കിയുള്ളത്? ഉടനെ അദ്ദേഹം ഒന്നാമതായി ഇബ്നുഹജര്‍(റ)വിനെയും രണ്ടാമതായി തന്‍റെ മകനെയും മൂന്നാമതായി നൂറുദ്ദീനുല്‍ ഹൈസമിയെയുമാണ് എണ്ണിയത് (അല്‍ ജവാഹിറു വദ്ദുറര്‍).

വഫാത്ത്

ഹി. 852 ദുല്‍ഖഅ്ദില്‍ മഹാന്‍ രോഗബാധിതനായി. മുസ്ലിം ലോകത്തെ മുഴുക്കെ സങ്കടത്തിലാഴ്ത്തി ദുല്‍ഹിജ്ജ 18 ശനിയാഴ്ചരാവില്‍ ഇശാഇന് ശേഷം അദ്ദേഹം വിടപറഞ്ഞു (ശദറാത്തുദ്ദഹബ്).

മരണത്തിന് ആറുമാസം മുമ്പുതന്നെ എല്ലാ ഉത്തരവാദിത്തങ്ങളില്‍ നിന്നും രാജിവെച്ച് ജനങ്ങളില്‍നിന്നെല്ലാം അകന്ന് അല്ലാഹുവില്‍നിന്നുള്ള വിളിയും പ്രതീക്ഷിച്ചു കൈറോയിലെ വീട്ടില്‍ നാഥനോടുള്ള മുനാജാത്തില്‍ ലയിച്ചിരിക്കുകയായിരുന്നു അദ്ദേഹം. ശനിയാഴ്ച പകലാണ് അദ്ദേഹത്തെ മറമാടിയത്. മഹാന്‍റെ വേര്‍പാടില്‍ രാജ്യമൊന്നാകെ കണ്ണീരൊഴുക്കി. മരണവാര്‍ത്തയറിഞ്ഞ് ശിഷ്യരും സ്നേഹജനങ്ങളും ഭരണാധികാരികളുമെല്ലാം കൈറോയിലെ വീട്ടിലേക്കൊഴുകി. ജനബാഹുല്യം കൊണ്ട് നഗരവും പ്രാന്തപ്രദേശങ്ങളുമെല്ലാം നിറഞ്ഞുകവിഞ്ഞു.

മന്‍സൂര്‍ പി പുവ്വത്തിക്കല്‍

 

Exit mobile version