ഇമാം ബുഖാരി(റ) : ശവ്വാലിന്റെ ഉദയാസ്തമയം

റഷ്യയിലെ ബുഖാറ പട്ടണത്തിലാണ് ഇമാം ബുഖാരി(റ)യുടെ ജനനം. പത്താം വയസ്സില്‍ വിശുദ്ധ ഖുര്‍ആനും പതിനഞ്ചു വയസ്സിനു മുന്പായി എഴുപതിനായിരം ഹദീസുകളും മനഃപാഠമാക്കിയാണ് മഹാനവര്‍കളുടെ വിജ്ഞാന ലോകത്തേക്കുള്ള ആഗമനം. ചെറുപ്പം മുതല്‍ തന്നെ നിരീക്ഷണ പാടവം, ഓര്‍മശക്തി, അന്വേഷണ തൃഷ്ണ തുടങ്ങിയവയിലെല്ലാം അദ്ദേഹം മറ്റുള്ളവരെ പിറകിലാക്കിയിരുന്നു. ഹദീസ് ശേഖരണത്തിലും വിജ്ഞാന സന്പാദനത്തിലും ഏറെ ശ്രദ്ധ ചെലുത്തിയ അദ്ദേഹം ആയിരത്തിയെണ്ണൂറ് മുഹദ്ദിസുകളില്‍ നിന്ന് ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹദീസ് സന്പാദനത്തിലെന്ന പോലെ അവയുടെ പ്രമാണികത ഉറപ്പുവരുത്തുന്നതിലും ഇമാമിന് ഏറെ നിര്‍ബന്ധമുണ്ടായിരുന്നു.

ഹദീസന്വേഷിച്ച് യാത്ര നടത്തുക ബുഖാരി ഇമാമി(റ)ന്റെ പതിവായിരുന്നു. മഹാനവര്‍കള്‍ ഇങ്ങനെ പറയുകയുണ്ടായി. “ഹദീസുകളന്വേഷിച്ച് കൊണ്ട് ഞാന്‍ മിസ്വ്റിലേക്കും ശാമിലേക്കും രണ്ട് തവണ വീതവും ബസ്വറയിലേക്ക് നാലു തവണയും യാത്ര ചെയ്തിട്ടുണ്ട്. ഞാന്‍ ബഗ്ദാദിലെയും കൂഫയിലെയും ഹദീസ് പണ്ഡിതരെ എത്ര തവണ സമീപിച്ചുവെന്നത് എനിക്കുതന്നെ തിട്ടമില്ല. ഹിജാസില്‍ മാത്രം ഹദീസിനു വേണ്ടി ആറ് വര്‍ഷം ഞാന്‍ തങ്ങിയിട്ടുണ്ട് (മിര്‍ഖാതുല്‍ മഫാതീഹ് 1/13).

എന്തു ത്യാഗം സഹിച്ചും എത്ര പണം ചെലവഴിച്ചും ഹദീസ് ശേഖരണത്തില്‍ വ്യാപൃതനായിരുന്നു മഹാനവര്‍കള്‍. ഓരോ മാസവും ഹദീസന്വേഷണത്തിനുവേണ്ടി അഞ്ഞൂറ് ദിര്‍ഹമായിരുന്നത്രെ ബുഖാരി ഇമാം ചെലവഴിച്ചിരുന്നത്. പലപ്പോഴും കഴിക്കാന്‍ ആഹാരവും ധരിക്കാന്‍ വസ്ത്രവുമില്ലാത്ത ദുരവസ്ഥയുണ്ടായിട്ടുമുണ്ട്.

ഉമറുബ്നു ഹഫ്സ്(റ) പറയുന്നു: “ഞങ്ങള്‍ ബുഖാരി ഇമാമിനോട് കൂടെ ബസ്വറയില്‍ ഹദീസ് എഴുതുന്ന കാലം. ഒരു ദിവസം അദ്ദേഹത്തെ കാണാതായി. അന്വേഷിച്ച് ചെന്നപ്പോള്‍ വസ്ത്രങ്ങളില്ലാത്തതു കൊണ്ടാണ് വരാതിരുന്നതെന്ന് മനസ്സിലായി. അദ്ദേഹത്തിന്റെ കയ്യിലുള്ള ധനമെല്ലാം തീര്‍ന്നിരുന്നു. പിന്നീട് ഞങ്ങള്‍ ഏതാനും ദിര്‍ഹമുകള്‍ ശേഖരിച്ച് അദ്ദേഹത്തിന് വസ്ത്രം വാങ്ങി നല്‍കുകയാണ് ചെയ്തത് (താരീഖു ബാഗ്ദാദ് 2/13).

ബുഖാരി ഇമാം(റ) തന്നെ തന്റെ ഒരനുഭവം കുറിക്കുന്നത് കാണുക: “ഒരുദിവസം ഞാന്‍ ആദമുബ്നു അബീഇയാസിന്റെ അടുത്തേക്ക് പോയതായിരുന്നു. അവിടുന്ന് എന്റെ ചെലവിനുള്ള കാശെല്ലാം തീര്‍ന്നു. ഞാന്‍ പുല്ല് തിന്ന് ജീവിതം കഴിച്ചുകൂട്ടാന്‍ തുടങ്ങി. ഇക്കാര്യം ആരോടും പറഞ്ഞതുമില്ല. രണ്ട് ദിവസം പിന്നിട്ടു. മൂന്നാമത്തെ ദിവസമായപ്പോള്‍ എനിക്ക് പരിചയമില്ലാത്ത ഒരാള്‍ എന്റെ അടുത്തേക്ക് വന്നു. അദ്ദേഹം ദീനാറുകളുടെ ഒരു കിഴി എനിക്ക് നല്‍കിയ ശേഷം പറഞ്ഞു: നിന്റെ ആവശ്യങ്ങള്‍ക്ക് നീ ഇത് ചിലവഴിച്ച് കൊള്‍ക’ (ത്വബകാത്തുസുബകി 2/227).

പഠന വിഷയത്തില്‍ ഏറെ കഠിനാധ്വാനിയും സ്ഥിരോത്സാഹിയുമായിരുന്നു ഇമാം ബുഖാരി (റ). ഹദീസ് ശേഖരണത്തിലും വിശകലനത്തിലും വിശേഷിച്ചും. മുഹമ്മദ് അബീ ഹാതിം(റ) പറയുന്നു: “ഞാനും ബുഖാരി ഇമാമും യാത്രയിലാകുമ്പോള്‍ മിക്കപ്പോഴും ഒരു മുറിയിലാണ് താമസിക്കാറുള്ളത്. ഒരു രാത്രി തന്നെ മുഹമ്മദ്ബ്നു ഇസ്മാഈലുല്‍ ബുഖാരി(റ) പതിനഞ്ച് മുതല്‍ ഇരുപത് തവണ വരെ എഴുന്നേല്‍ക്കുന്നതും വിളക്കു കത്തിച്ച് ഹദീസ് എഴുതി വെക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. കൂടാതെ അത്താഴ സമയത്ത് സ്ഥിരമായി പതിമൂന്ന് റക്അത്ത് നിസ്കരിക്കാറുമുണ്ടായിരുന്നു (സുബ്കി ത്വബകാത്ത് 2/220).

ഹദീസുകളെല്ലാം അവയുടെ നിവേദക പരമ്പരയോട് കൂടിയാണ് മഹാനവര്‍കള്‍ ഹൃദ്യസ്ഥമാക്കിയിരുന്നത്. സ്വഹീഹായ ഹദീസുകള്‍ ഒരു ലക്ഷവും അല്ലാത്തവ രണ്ട് ലക്ഷവും മഹാനവര്‍കള്‍ക്ക് മനഃപാഠമുണ്ടായിരുന്നു. ഹദീസുകളുടെ ബലാബലം നിര്‍ണയിക്കുന്നത് അവയുടെ റിപ്പോര്‍ട്ടര്‍മാരുടെ നിലവാരമനുസരിച്ചായതു കൊണ്ട് ഇമാം ബുഖാരി(റ) അതിനെ വളരെ ഗൗരവമായാണ് കണക്കിലെടുത്തത്. ഹദീസ് നിവേദകരുടെ ജനനം, മരണം, ഓര്‍മശക്തി, സത്യസന്ധത, നീതിബോധം, വിശ്വസ്ഥത തുടങ്ങിയവയെല്ലാം പഠനവിധേയമാക്കിയാണ് അദ്ദേഹം ഹദീസ് ലോകത്തെ ആധികാരിക ശബ്ദമായി മാറിയത്. ഒരു ലക്ഷം ഹദീസ് പണ്ഡിതര്‍ അദ്ദേഹത്തില്‍ നിന്ന് ഹദീസ് സ്വീകരിച്ചിട്ടുണ്ടെന്നതാണ് ചരിത്ര സത്യം (മിര്‍ഖാതുല്‍ മഫാതീഹ് 1/16).

ഒരിക്കല്‍ പരീക്ഷണാര്‍ത്ഥം സമര്‍ഖന്ധിലെ ഏതാനും പണ്ഡിതന്മാര്‍ ചേര്‍ന്ന് ഒമ്പത് ദിവസം ഒന്നിച്ചിരുന്ന് പല ഹദീസുകളുടെയും സനദുകള്‍ പരസ്പരം കൂട്ടിക്കലര്‍ത്തിയ ശേഷം അവര്‍ ബുഖാരി ഇമാമിനു മുമ്പില്‍ സമര്‍പ്പിച്ചു. ക്ഷണ നേരം കൊണ്ട് മുഴുവന്‍ ഊരാക്കുടുക്കുകളഴിച്ച് ബുഖാരി ഇമാം ഹദീസുകളോരോന്നിന്റെയും സനദുകള്‍ കൃത്യമായി വേര്‍തിരിച്ചു നല്‍കുകയാണുണ്ടായത് (മിര്‍ഖാത്).

ഹദീസ് നിവേദക പരമ്പരയിലെ ഓരോ വ്യക്തിയേയും കുറിച്ച് സമഗ്രമായി പഠനം നടത്തിയ ഇമാം ബുഖാരി ഹദീസ് വിജ്ഞാനിയങ്ങളില്‍ ഏറെ മുന്നിലായിരുന്നു. അങ്ങനെ ഇമാമവര്‍കള്‍ പണ്ഡിതര്‍ക്കിടയില്‍ ആദരണിയരും പ്രധാനപ്പെട്ടവരുമായിത്തീര്‍ന്നു. “മുഹമ്മദ് ബ്നു ഇസ്മാഈലിനേക്കാള്‍ തിരുനബി(സ)യുടെ ഹദീസറിയുന്ന ഒരാളെയും ആകാശത്തിനു താഴെ ഞാന്‍ കണ്ടിട്ടില്ലെന്ന്’ മുഹമ്മദ് ബ്നു ഇസ്ഹാഖ്(റ). “മുഹമ്മദ് ബ്നു ഇസ്മാഈലിന് അറിയാത്ത ഹദീസ്, ഹദീസ് തന്നെയല്ലെന്ന്’ അംറ്ബ്നു അലിയ്യ്(റ). “ബുഖാരി ഇമാമിനെ പോലെ ഒരാളെ ഞാന്‍ കണ്ടതായി എനിക്കറിയില്ലെന്നും അദ്ദേഹം ഹദീസിന് വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതു പോലെയുണ്ടെന്നും’ അബൂ അമ്മാറുല്‍ ഹുസൈന്‍(റ). “ഭൗമോപരിതലത്തില്‍ നടക്കുന്ന അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ട ഒരു ദൃഷ്ടാന്തമാണ് മുഹമ്മദ് ബ്നു ഇസ്മാഈല്‍(റ) എന്ന്’ റജാഅ്ബ്നു റജാഅ്(റ). “ആധിക്യത്തിലും സൗന്ദര്യത്തിലും ബുഖാരി ഇമാമിന്റെ ഗ്രന്ഥ രചനയോട് സാദൃശ്യമായ ഒരു രചനയും ഞാന്‍ കണ്ടിട്ടില്ലെന്ന് പറഞ്ഞാല്‍ അത് സത്യമാകുമെന്നാണ് എന്റെ പ്രതീക്ഷ എന്ന്’ അബൂഅഹ്മദുല്‍ ഹാകിം(റ). “ചരിത്രത്തിലും ഹദീസ് ന്യൂനതകളിലും സനദുകളറിയുന്നതിലും മുഹമ്മദ് ബ്നു ഇസ്മാഈലിനെക്കാള്‍ വിവരമുള്ള ഒരാളെ ഇറാഖിലോ ഖുറാസാനിലോ ഞാന്‍ കണ്ടിട്ടില്ലെന്ന്’ അബൂ ഈസത്തുര്‍മുദി(റ). “എനിക്ക് ബുദ്ധി വെച്ചനാള്‍ മുതല്‍ മുഹമ്മദ്ബ്നു ഇസ്മാഈലിനെ പോലെ ഒരാളെയും ഞാന്‍ കണ്ടിട്ടില്ലെന്ന്’ കുതൈബത്ബ്നു സഈദ്(റ). “മുഹമ്മദ്ബ്നു ഇസ്മാഈലിനെക്കാള്‍ പണ്ഡിതനും സൂക്ഷ്മശാലിയും ഭൗതിക പരിത്യാഗിയുമായ ഒരാളെ അറുപത് വര്‍ഷത്തിനിടയില്‍ എന്റെ കണ്ണുകൊണ്ട് ഞാന്‍ കണ്ടിട്ടില്ലെന്ന്’ സുലൈമാനുബ്നു മുജാഹിദ്(റ). “ഹദീസ് പണ്ഡിതന്മാരുടെ നേതാവും ഹദീസ് ന്യുനതകളറിയുന്ന ഭിഷഗ്വരനും സര്‍വ്വ ഗുരുവര്യരുടെയും ഗുരുനാഥനുമായവരേ, അങ്ങയുടെ ഇരുപാദങ്ങളും ചുംബിക്കാന്‍ എന്നെ അനുവദിക്കണമെന്ന്’ പറഞ്ഞാണ് ഒരിക്കല്‍ ഇമാം മുസ്‌ലിം(റ) മഹാനവര്‍കളെ സമീപിച്ചത് (ഇമാമുല്‍ മുഹദ്ദിസീന്‍ മുഹമ്മദ്ബ്നു ഇസ്മാഈലുല്‍ ബുഖാരി, പേജ് 3840).

ഇമാം ബുഖാരി(റ)വിന്റെ സദസ്സുകളില്‍ ഇരുപതിനായിരത്തിലധികം ആളുകള്‍ പങ്കെടുക്കാറുണ്ടായിരുന്നുവത്രെ (തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത് 1/88). ഇമാം നൈസാബൂരിലെത്തിയപ്പോള്‍ നാലായിരം ആളുകളാണ് അദ്ദേഹത്തെ സ്വീകരിക്കാനായി കുതിരപ്പുറത്ത് മാത്രമെത്തിയത്. കഴുതപ്പുറത്തും കോവര്‍ കഴുതപ്പുറത്തും കാല്‍ നടയായും വന്നവര്‍ക്ക് പുറമെയുള്ള കണക്കാണിത്.

ഇമാം ബുഖാരിയുടെ അഹോരാത്ര പരിശ്രമത്തിന്റെയും ഉദ്ദ്യേശുദ്ധിയുടെയും ഫലമായി അല്ലാഹു നല്‍കിയ അഗീകാരമാണ് വിശ്വപ്രസിദ്ധമായ സ്വഹീഹുല്‍ ബുഖാരി എന്നഗ്രന്ഥം. അല്ലാഹുവിന്റെ ഗ്രന്ഥമായ ഖുര്‍ആനിനു ശേഷം ഏറ്റവും ആധികാരിക ഗ്രന്ഥം സ്വഹീഹുല്‍ ബുഖാരിയാണെന്നതാണ് പണ്ഡിത മതം. ആ ഗ്രന്ഥം രചിക്കുവാനുണ്ടായ പ്രേരകം മഹാനവര്‍കള്‍ പറയുന്നതിങ്ങനെ: “ഒരുദിനം ഞാന്‍ തിരുനബി(സ)യെ സ്വപ്നം കണ്ടു. ഞാന്‍ അവിടുത്തെ ചാരത്ത് നില്‍ക്കുകയാണ് .എന്റെ കയ്യിലുള്ള വിശറി കൊണ്ട് തിരുനബിക്ക് വീശിക്കൊടുക്കുന്ന രംഗമാണ് കണ്ടത്. ശേഷം ഞാന്‍ സ്വപ്ന വ്യാഖ്യാതാക്കളെ സന്ദര്‍ശിച്ചു. നീ തിരുനബിയെ കളവില്‍ നിന്ന് സംരക്ഷിക്കുമെന്നാണ് അതിന്റെ വ്യാഖ്യാനമെന്ന് അവര്‍ എന്നോട് പറഞ്ഞു. ഇതാണ് സ്വഹീഹായ ഹദീസുകള്‍ ക്രോഡീകരിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. ഈ കിതാബില്‍ സ്വഹീഹല്ലാത്ത ഒന്നും ഞാന്‍ കൊണ്ട് വന്നിട്ടില്ല. കുളിച്ച് രണ്ട് റക്അത്ത് നിസ്കരിച്ചിട്ടല്ലാതെ ഒരു ഹദീസും രേഖപ്പെടുത്തിയിട്ടുമില്ല (തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്ത് 1/92).

പണ്ഡിതന്മാര്‍ അത് വായിച്ചും ശ്രവിച്ചും ബറകത്തെടുത്തിരുന്നുവെന്ന് ചരിത്രത്തില്‍ കാണാം. അതു പാരായണം ചെയ്തു കൊണ്ട് ജനങ്ങള്‍ മഴയെ തേടിയിരുന്നുവെന്ന്് ഹാഫിള് ഇബ്നു കസീര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സയ്യിദ് അസീലുദ്ദീന്‍(റ) പറയുന്നു: “എനിക്കും മറ്റുള്ളവര്‍ക്കും വന്നുചേര്‍ന്ന വിപത്തുകള്‍ നീങ്ങാന്‍ നൂറ്റിയിരുപത് തവണ ഞാന്‍ സ്വഹീഹുല്‍ ബുഖാരി പാരായണം ചെയ്തിട്ടുണ്ട്. അതുനിമിത്തം ഉദ്ദ്യേങ്ങള്‍ നേടിയെടുക്കുകയും ആവശ്യങ്ങള്‍ നിറവേറുകയും ചെയ്തിട്ടുണ്ട് (മിര്‍ഖാതുല്‍ മഫാതീഹ്).

ഏഴായിരത്തി ഇരുനൂറ്റി എഴുപത്തിയഞ്ച് ഹദീസുകളാണ് അതിലുള്ളത്. ആവര്‍ത്തനമൊഴിവാക്കിയാല്‍ നാലായിരവും. സ്വഹീഹുല്‍ ബുഖാരിക്ക് പുറമെ അദ്ദേഹം രചിച്ച അല്‍ അദബുല്‍ മുഫ്റദ്, താരീഖു സഗീര്‍, താരീഖു കബീര്‍,താരീഖു ഔസത്വ,് അല്‍ ജാമിഉല്‍ കബീര്‍, അല്‍ മുസ്നദുല്‍ കബീര്‍, അത്തഫ്സീറുല്‍ കബീര്‍ തുടങ്ങിയ ഗ്രന്ഥങ്ങളും ഏറെ പ്രസിദ്ധമാണ്.

ഹദീസ് വിജ്ഞാനങ്ങളില്‍ വ്യാപൃതനാകുന്നതിനോടൊപ്പം മറ്റെല്ലാ ആരാധനകളിലും ഇമാമവര്‍കള്‍ മുമ്പന്തിയിലായിരുന്നു. എല്ലാ ദിവസവും പകലില്‍ ഖുര്‍ആന്‍ ഖത്മ് തീര്‍ക്കുകയും രാത്രിയില്‍ അത്താഴ സമയത്ത് ഖുര്‍ആനിന്റെ മൂന്നിലൊരു ഭാഗം ഓതുകയും പതിവായിരുന്നു. റമളാന്‍ ആഗതമായാല്‍ നിസ്കാരത്തിലെ ഓരോ റക്അത്തിലും ഇരുപത് സൂക്തങ്ങള്‍ വീതം ഓതി ഖര്‍ആന്‍ ഖത്മ് തീര്‍ക്കുകയും ചെയ്യുമായിരുന്നു.

അല്ലാഹുവിനോടുള്ള അഭിമുഖ സംഭാഷണമായ നിസ്കാരത്തില്‍ പ്രവേശിക്കുന്നതു തന്നെയായിരുന്നു മഹാനവര്‍കള്‍ക്ക് ഏറ്റവും ആനന്ദകരം. ഒരിക്കല്‍ കൂട്ടുകാര്‍ക്കൊപ്പം ഒരു തോട്ടത്തില്‍ വെച്ച് ഇമാമവര്‍കള്‍ ളുഹര്‍ നിസ്കാരം നിര്‍വഹിച്ചു. ശേഷം സുന്നത്ത് നിസ്കാരത്തിലേക്ക് തിരിഞ്ഞു. നിസ്കാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ തന്റെ നീളക്കുപ്പായത്തിന്റെ ഒരു ഭാഗം പൊക്കിക്കൊണ്ട് കൂടെയുള്ള ഒരാളോട് ചോദിച്ചു: എന്റെ നീളക്കുപ്പായത്തിനു താഴെ വല്ലതും കാണുന്നുണ്ടോ? നോക്കിയപ്പോള്‍ പതിനാറോ പതിനേഴോ സ്ഥലങ്ങളില്‍ കടന്നല്‍ കുത്തി ശരീരമാസകലം നീര്‍ കെട്ടിയിരിക്കുന്നു! അപ്പോള്‍ കൂട്ടത്തിലൊരാള്‍ ചോദിച്ചു: ആദ്യ തവണ കടന്നല്‍ കുത്തിയപ്പോള്‍ തന്നെ എന്ത് കൊണ്ട് നിസ്കാരം അങ്ങ് നിര്‍ത്തിയില്ല? അതിനു മഹാനവര്‍കള്‍ മറുപടി പറഞ്ഞതിങ്ങനെയാണ്: “അപ്പോള്‍ ഞാനൊരു സൂറത്ത് ഓതുകയായിരുന്നു അത് പൂര്‍ത്തിയാക്കലായിരുന്നു എനിക്കിഷ്ടം.’

ഭൗതിക വിരക്തിയും അതിസൂക്ഷ്മ ജീവിതവും മഹാനവര്‍കളുടെ മുഖമുദ്രയായിരുന്നു. ഒരിക്കല്‍ തന്റെ കൈവശമുള്ള ചരക്കിന് കച്ചവടക്കാര്‍ വന്ന് അയ്യായിരം രൂപ ലാഭം പറഞ്ഞു. മഹാനവര്‍കള്‍ അവരോട് പറഞ്ഞു: “ഏതായാലും രാത്രി നിങ്ങള്‍ പൊയ്ക്കോളൂ’. അങ്ങനെ അവര്‍ തിരിച്ചു പോയി. പിറ്റെ ദിവസം മറ്റുചില കച്ചവടക്കാര്‍ വന്ന് പതിനായിരം ദിര്‍ഹം ലാഭത്തിന് ചരക്കു ചോദിച്ചു. അവരോട് മഹാനവര്‍കള്‍ പ്രതികരിച്ചതിങ്ങനെ: “ഇന്നലെ രാത്രിവന്നവര്‍ക്കു വില്‍ക്കാനാണ് ഞാന്‍ ഇന്നലെ കരുതിയത്. ഇന്നലത്തെ എന്റെ നിയ്യത്തിനെ മാറ്റുവാന്‍ ഇന്ന് ഞാന്‍ ഇഷ്ടപ്പെടുന്നില്ല’ (ഹദ്യുസ്സാരി 480).

മതകാര്യങ്ങളില്‍ ഏറെ കാര്‍ക്കശ്യം പുലര്‍ത്തിയിരുന്ന ഇമാം അമ്പിയാക്കളുടെ അനന്തര സ്വത്തായ വിജ്ഞാനത്തെ ഭൗതിക നേട്ടങ്ങള്‍ക്ക് വേണ്ടി കാണിക്കയാക്കാന്‍ തയ്യാറായിരുന്നില്ല. ബുഖാറയിലെ ഭരണാധിപനായ ഖാലിദ് ബ്നു അഹ്മദ് സ്വഹീഹുല്‍ ബുഖാരിയും താരീഖുല്‍ കബീറും തനിക്കും സന്താനങ്ങള്‍ക്കും പഠിപ്പിക്കാന്‍ വേണ്ടി കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. വിജ്ഞാനത്തെ ഞാന്‍ നിന്ദിക്കുകയില്ലെന്നും ഭരണാധിപരുടെ പടിവാതില്‍ക്കല്‍ സമര്‍പ്പിക്കാനുള്ളതല്ല വിജ്ഞാനമെന്നും പ്രതികരിക്കുകയാണ് ഇമാം ചെയ്തത്. ഇതില്‍ കുപിതനായ ഭരണാധിപന്‍ ഇമാമിനെ ബുഖാറയില്‍ നിന്ന് നാടുകടത്തി. തന്റെ വിജ്ഞാന സദസ്സിനെയും അസംഖ്യം ശിഷ്യഗണങ്ങളെയും വിട്ടേച്ച് പോകുന്നതില്‍ ഇമാം ബുഖാരിയുടെ മനസ്സ് വിങ്ങിപ്പൊട്ടി. ഗത്യന്തരമില്ലാതെ കരഞ്ഞ് പ്രാര്‍ത്ഥിച്ച് കൊണ്ടാണ് ഇമാം നാടുവിട്ടത്. അധികം താമസിയാതെ ഇമാമിന്റെ പ്രാര്‍ത്ഥന ഫലം കണ്ടു. ഒരു മാസത്തിനകം ഖാലിദ് സ്ഥാന ഭൃഷ്ടനാവുകയും തടവറയില്‍ കിടന്ന് മരണപ്പെടുകയും ചെയ്തു. എന്നു മാത്രമല്ല, ഇതിന് കൂട്ടുനിന്ന എല്ലാവര്‍ക്കും കടുത്ത പരീക്ഷണങ്ങള്‍ നേരിടേണ്ടിവരികയും ചെയ്തു.

സമര്‍ഖന്ദിലെ ഖര്‍ദങ്കിലെത്തിയ ഇമാം ഒരു മാസത്തിനകം വഫാത്താവുകയാണുണ്ടായത്. മഹാനവര്‍കളുടെ ജനനവും മരണവും ശവ്വാല്‍ മാസത്തില്‍ തന്നെയായിരുന്നു. ഹിജ്റ 194 ശവ്വാല്‍ പതിമൂന്ന് വെള്ളിയാഴ്ച ജനനവും ഹിജ്റ 256 ശവ്വാല്‍ ഒന്ന് ശനിയാഴ്ച മരണവും. പത്താം വയസ്സില്‍ ഹദീസ് മനഃപാഠമാക്കിത്തുടങ്ങുകയും പതിനെട്ടാം വയസ്സില്‍ ഗ്രന്ഥ രചന നടത്തുകയും ചെയ്ത മഹാനവര്‍കള്‍ വഫാത്താകുമ്പോള്‍ അറുപത്തിരണ്ടു വയസ്സായിരുന്നു പ്രായം. അബ്ദുല്‍ വാഹിദ് ബ്നു ആദം(റ) പറയുന്നു: ഞാന്‍ ഒരു ദിവസം നബി(സ)യെ സ്വപ്നത്തില്‍ ദര്‍ശിച്ചു. കുടെ ഒരു കൂട്ടം സ്വഹാബിമാരുമുണ്ട്. ഞാന്‍ തിരുനബിയോട് സലാം പറഞ്ഞു. അവിടുന്ന് സലാം മടക്കി. ശേഷം ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, എന്താണിവിടെ നില്‍ക്കുന്നത്? “ഞാന്‍ മുഹമ്മദ്ബ്നു ഇസ്മാഈല്‍ ബുഖാരിയെ കാത്തുനില്‍ക്കുകയാണ്’തിരുനബി പ്രതിവചിച്ചു. കുറേദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഇമാം ബുഖാരിയുടെ മരണവാര്‍ത്ത ഞാനറിയുന്നത്. ശരിക്കും ചിന്തിച്ചു നോക്കുമ്പോള്‍ തിരുനബിയെ ഞാന്‍ സ്വപ്നത്തില്‍ കണ്ട അതേ സമയത്ത് തന്നെയാണ് ഇമാം ബുഖാരി(റ) വഫാത്തായതും! (സുബ്കിത്വബഖാത്ത് 2/232).

ജീവിതകാലത്തെന്ന പോലെ വഫാത്തിന് ശേഷവും ഇമാം ബുഖാരി(റ) മനുഷ്യ സമൂഹത്തിന്റെ അത്താണിയായി മാറുന്ന കാഴ്ചയാണ് പിന്നീട് ലോകം കണ്ടത്. സമര്‍ഖന്ദില്‍ ഒരിക്കല്‍ കനത്ത ജലക്ഷാമം അനുഭവപ്പെട്ടു. പല തവണ ജനങ്ങള്‍ പ്രാര്‍ത്ഥന നടത്തിയിട്ടും മഴലഭിച്ചില്ല. അവസാനം സമര്‍ഖന്ദിലെ ഖാളിയും ജനങ്ങളും കൂടി ഖര്‍ദങ്കിലെ ബുഖാരി ഇമാമിന്റെ ഖബറിനടുത്തെത്തി. അവര്‍ ഇമാമിനെ ഇടയാളനാക്കി മഴയാവശ്യപ്പെട്ടു പ്രാര്‍ത്ഥിച്ചു. ഖബ്റിന് സമീപം നിന്ന് അവര്‍ വിങ്ങിപ്പൊട്ടി. അപ്പോള്‍ കോരിച്ചൊരിയുന്ന മഴ അല്ലാഹു വര്‍ഷിപ്പിച്ചു. അതു നിമിത്തം അവര്‍ക്ക് ഏഴു പകലുകള്‍ ഖര്‍ദങ്കില്‍ തങ്ങേണ്ടി വരിക പോലുമുണ്ടായി (സിയാറുഅഅ് ലാമിന്നുബാഅ് 12/469).

സൈനുദ്ദീന്‍ ഇര്‍ഫാനി മാണൂര്‍

Exit mobile version