ഇമാം റാഫിഈ(റ).

eid night - malayalam

പതിവുപോലെ നിദ്രാവിഹീനനായി രാത്രിയിൽ ഗ്രന്ഥരചനയിൽ മുഴുകിയിരിക്കുകയാണ് ആ വിജ്ഞാന ഗോപുരം. രചനക്കിടെ എണ്ണ തീർന്നു വിളക്കണഞ്ഞു പോയി. നോക്കുമ്പോൾ വിളക്കിലൊഴിക്കാൻ എണ്ണയില്ല. അതു തീർന്ന് പോയിരിക്കുന്നു. രചന മുടങ്ങിപ്പോകുമല്ലോ എന്നോർത്തപ്പോൾ അദ്ദേഹത്തിന്റെ ഹൃത്തടം വേദനിച്ചു. അപ്പോഴൊരു മഹാത്ഭുതം അരങ്ങേറി. തൊട്ടടുത്തുണ്ടായിരുന്ന വൃക്ഷം അദ്ദേഹത്തിനു വേണ്ടി പ്രകാശിക്കുന്നു. അത്യമൂല്യമായ ദീനീ വിജ്ഞാനം പിൻതലമുറക്ക് കൈമാറുക എന്ന അതിമഹത്തായ ദൗത്യം അന്നദ്ദേഹം പൂർത്തിയാക്കിയത് ആ വെളിച്ചത്തിലാണ്.
പ്രകൃതി പോലും ആദരിക്കുന്ന ഈ ജ്ഞാ നഗോപുരം ഇമാം റാഫിഈ(റ). പരിശുദ്ധ ദീനിന്റെ സംരക്ഷണം അല്ലാഹു ഏറ്റടുത്തതാണ്. കൈ കടത്തലുകൾക്കോ മാറ്റത്തിരുത്തലുകൾ ക്കോ വിധേയമാക്കപ്പെടാത്ത വിധമുള്ള ഖുർആനിന്റെ സംരക്ഷണത്തിലൂടെയാണ് മതത്തിന്റെ സംരക്ഷണം സാധ്യമാകുന്നത്. ഖുർആനിക വിജ്ഞാനത്തിന്റെയും ദൃഢമായ വിശ്വാസത്തിന്റെയും പ്രബോധകരും പ്രചാരകരുമായ പണ്ഡിതന്മാരിലൂടെയാണ് ഈ സംരക്ഷണം അല്ലാഹു ഒരുക്കുന്നത്. നാലിലൊരു മദ്ഹബിൽ നിന്നുകൊണ്ട് പണ്ഡിത കേസരികൾ ആ ദൗത്യം ഇക്കാലമത്രയും നിർവഹിച്ച് പോന്നു. ഈ ഗണത്തിൽ ശാഫിഈ മദ്ഹബിന്റെ അടിസ്ഥാന ശിലകളായി വർത്തിച്ച പണ്ഡിതപ്രമുഖനാണ് ഇമാം റാഫിഈ(റ).
അബുൽ ഖാസിം ഇമാമുദ്ദീൻ അബ്ദുൽ കരീമുബ്‌നു മുഹമ്മദുബ്‌നു അബ്ദുൽ കരീമുബ്‌നുൽ ഫള്ൽ അർറാഫിഈ(റ) എന്നാണ് മുഴുവൻ നാമം. പ്രമുഖ സ്വഹാബി റാഫിഉബ്‌നു ഖദീജ്(റ)യിലേക്ക് ചേർത്താണ് ‘റാഫിഈ’ എന്നറിയപ്പെട്ടത്. ഖസ്‌വീനിലെ റാഫിആൻ എന്ന ഗ്രാമത്തിലേക്ക് ചേർത്തിയാണെന്നും അഭിപ്രായമുണ്ട്.
ആലിമുൽ അല്ലാമ, ഇമാമുൽ മില്ലത്തി വദ്ദീൻ, ഹുജ്ജത്തുൽ ഇസ്‌ലാമി വൽ മുസ്‌ലിമീൻ, ശൈഖു ശാഫിഇയ്യ, ആലിമുൽ അറബി വൽ അജം, സ്വാഹിബു ശർഹിൽ കബീർ എന്നീ സ്ഥാനനാമങ്ങൾ നൽകി ജ്ഞാനലോകം അദ്ദേഹത്തെ ആദരിച്ചു. ഹിജ്‌റ 557ൽ ഇസ്ബഹാനിലെ ഖസ്‌വീൻ പ്രവിശ്യയിലാണ് ജനനം. വൈജ്ഞാനികമായി വളരെ പ്രസിദ്ധമായ കുടുംബമായിരുന്നു ഇമാമിന്റേത്. പിതാവ് അബുൽ ഫള്ൽ മുഹമ്മദു ബ്‌നു അബ്ദിൽ കരീം(റ) പ്രമുഖ കർമശാസ്ത്ര പണ്ഡിതനും ശാഫിഈ മദ്ഹബിലെ മുഫ്തിയുമായിരുന്നു. പിതാവിന്റെ നിരവധി മഹത്ത്വങ്ങൾ ഇമാം തന്റെ ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്. പ്രസിദ്ധനായ അസ്അദു റുകാനി(റ)ന്റെ പുത്രി സ്വഫിയ്യയാണ് മാതാവ്. ഇസ്ബഹാൻ, നൈസാബൂർ, ബഗ്ദാദ് തുടങ്ങിയ സ്ഥലങ്ങളിൽ വെച്ച് നിരവധി ഗുരുനാഥന്മാരിൽ നിന്ന് ഹദീസ് പഠിച്ച നിപുണയാണ് മഹതി. ഈ പശ്ചാത്തലത്തിൽ വളർന്നതിനാൽ ചെറുപ്പം മുതലേ അറിവിന്റെ ശുദ്ധവായു ശ്വസിക്കാൻ അദ്ദേഹത്തിനായി.
നന്നേ ചെറുപ്പത്തിൽ തന്നെ ഇമാം കാണിച്ച അറിവന്വേഷണ തൃഷ്ണ അത്ഭുതാവഹമായിരുന്നു. അക്കാലത്ത് കുട്ടികൾക്ക് പ്രാഥമിക എഴുത്തും വായനയും അഭ്യസിക്കാൻ വേണ്ടി ‘കുത്താബ്’ എന്നു പേരായ സാമ്പ്രദായിക സംവിധാനമായിരുന്നു ഉണ്ടായിരുന്നത്. അവിടെ പഠിച്ച ശേഷമാണ് കുട്ടികളെ മറ്റു കലാലയങ്ങളിൽ ചേർക്കുക. എന്നാൽ ഇമാം വിവിധ വിജ്ഞാന ശാഖകളിൽ നിപുണനായ സ്വപിതാവിൽ നിന്നാണ് കൂടുതൽ കാലം പഠിച്ചത്. ചെറുപ്രായത്തിൽ തന്നെ സ്വപിതാവിന്റെ ഹദീസ് ക്ലാസിൽ പങ്കെടുക്കുകയും ഹദീസ് നിവേദനം നടത്തുകയും ചെയ്തിരുന്നു. ഹദീസിനു പുറമെ കർമശാസ്ത്രത്തിലും അദ്ദേഹം പിതാവിൽ നിന്ന് അവഗാഹം നേടി. ഖുർആൻ വ്യാഖ്യാനം, ഭാഷാശാസ്ത്രം, നിദാന ശാസ്ത്രം തുടങ്ങിയ വൈജ്ഞാനിക ശാഖയിലും ഇമാം വ്യുൽപത്തി നേടി. അബൂഹാമിദ് അബ്ദു ല്ലാഹിബ്‌നു അബിൽ ഫുതൂഹ്(റ), ഖത്വീബ് അബൂ നസ്വ്ർ ഹാമിദുബ്‌നു മഹ്‌മൂദ്(റ), അബൂബക്കർ അബ്ദുല്ലാഹിബ്‌നു ഇബ്‌റാഹീം(റ), അഹ്‌മദുബ്‌നു ഇസ്മാഈൽ(റ), അബുൽ ഹസൻ അലിയ്യുബ്‌നു ഉബൈദില്ലാഹി(റ), ഇമാം അബൂസുലൈമാൻ അഹ്‌മദുബ്‌നു ഹസ്‌നവയ്ഹി(റ), അബ്ദുൽ അസീസ് ബ്‌നുൽ ഖലീൽ(റ), അബൂബക്കർ മുഹമ്മദുബ്‌നു അബീത്വാലിബ്(റ), ഹാഫിള് അബുൽ അലാഉ ബ്‌നുൽ ഹസൻ(റ), അബുൽ ഫത്ഹ് മുഹമ്മദുബ്‌നു അബ്ദിൽ ബാഖി(റ) തുടങ്ങിയവരും അദ്ദേഹത്തിന്റെ ഗുരുനാഥന്മാരാണ്.
ശാഫിഈ മദ്ഹബിൽ ‘ശൈഖാനി’ എന്ന അപരനാമത്തിൽ അറിയപ്പെടുന്നവർ ഇമാം റാഫിഈ(റ)യും ഇമാം നവവി(റ)യുമാണ്. വിജ്ഞാനത്തിൽ സാഗര സമാനരായതോടൊപ്പം സ്വാലിഹും പ്രപഞ്ചത്യാഗിയും കറാമത്തിന്റെയും വിനയത്തിന്റെയും ഉടമയുമായിരുന്നു മഹാൻ. ഇബ്‌നു ഖാളീ ശുഹ്ബ(റ) പറയുന്നു: നമ്മുടെ അസ്ഹാബുകളിൽപെട്ട മിക്ക കർമശാസ്ത്ര പണ്ഡിതരും അധിക നാടുകളിലും അവലംബിക്കുന്നത് ഇമാം റാഫിഈ(റ)നെയാണ്. തനിക്ക് മുമ്പ് കഴിഞ്ഞുപോയ നിരവധി പണ്ഡിതരേക്കാൾ ഫിഖ്ഹിൽ മികവ് തെളിയിക്കുകയും പരീക്ഷണങ്ങളിൽ വിജയിക്കുകയും ചെയ്ത അദ്ദേഹം സമകാലികരിൽ തന്നെ മറികടക്കാൻ മറ്റൊരാൾ ഇല്ലാത്ത വിധം ഉയർച്ചയുടെ ഗിരി ശിഖിരങ്ങൾ കീഴടക്കുകയുണ്ടായി.
ഇമാം നവവി(റ)ന്റെ സാക്ഷ്യം: സ്ഥിരതയുള്ള സച്ചരിതരിൽ പെട്ടയാളായിരുന്നു റാഫിഈ(റ). സുവ്യക്തമായ പല കറാമത്തിന്റെയും ഉടമയുമായിരുന്നു മഹാൻ.

ശിഷ്യലോകം

അത്യധ്വാനത്തിലൂടെ വൈജ്ഞാനിക ലോകത്തെ ഓരോ പടവും കയറിയ മഹാൻ അറിവിന്റെ സാഗരമായി മാറി. തഫ്‌സീർ, ഹദീസ്, കർമശാസ്ത്രം തുടങ്ങി എല്ലാ വിജ്ഞാന ശാഖകളും പ്രത്യേകമായി തന്നെ ഖസ്‌വീനിൽ വെച്ച് അവിടുന്ന് ദർസ് നടത്തുകയുണ്ടായി അദ്ദേഹം. വിവിധ ദേശങ്ങളിൽ നിന്ന് അറിവ ന്വേഷകർ അങ്ങോട്ടൊഴുകി. പിൽക്കാലത്ത് ലോകത്തിന് ദിശ കാണിച്ച മഹാജ്ഞാനികൾ പലരും അവിടുത്തെ ശിഷ്യഗണങ്ങളത്രെ.
തന്റെ പുത്രനായ അബ്ദുൽ കരീം അസീസുദ്ദീൻ(റ), ഹാഫിള് സകിയുദ്ദീനുൽ മുൻദിരി(റ), അബുസ്സനാഉ ത്വൂസി മഹ്‌മൂദു ബ്‌നു അബീസഈദ്(റ), അബുൽ ഫതഹുൽ ഖൈസി അബ്ദിൽ ഹാദി(റ), ഇബ്‌നുസ്സുക്‌രി ഫഖ്‌റുദ്ദീനുബ്‌നു അബ്ദിൽ അസീസ്(റ), അബുൽ അബ്ബാസുൽ ഖൂബി അഹ്‌മദുബ്‌നുൽ ഖലീൽ(റ) തുടങ്ങിയവർ ഇമാമിന്റെ പ്രമുഖ ശിഷ്യരാണ്.

സ്വഭാവ മഹിമയും ആരാധനയും

ആരാധനയുടെ മാധുര്യമറിഞ്ഞ് അതിൽ മുഴുകിയിരുന്ന വിനയാന്വിത പണ്ഡിതനാണ് ഇമാം റാഫിഈ(റ). തഖ്‌വ, സൂക്ഷ്മത, പ്രപഞ്ചത്യാഗം എന്നിവ കൈമുതലാക്കി. ഇമാം സുബ്കി(റ) പറഞ്ഞു: ‘അതിസൂക്ഷ്മ ജീവിതത്തിനുടമയും, രഹസ്യവും പരസ്യവും ഒരുപോലെ സംശുദ്ധമായവരും നിരവധി കറാമത്തുകൾ പ്രകടമാക്കിയവരുമാണ് ഇമാം. അല്ലാഹുവി നോടുള്ള അവർണനീയ പ്രേമത്താൽ അവനിൽ ലയിച്ചിരുന്ന ഇമാം ഐഹിക ലോകത്തിന് യാതൊരു വിലയും കൽപ്പിച്ചില്ല. ശാശ്വതമായ പരലോക വിജയത്തിനാവശ്യമായവ സമ്പാദിക്കുന്നതിനിടയിൽ ഇഹലോകത്തെ അദ്ദേഹം പരിധിക്കപ്പുറം ഗൗനിച്ചതേയില്ല.
ഇബ്‌നുൽ മുൽഖിൻ(റ) പറയുന്നു: ‘ഇമാം റാഫിഈ(റ) വിശ്വപ്രസിദ്ധ ഗ്രന്ഥമായ ‘ശർഹ് സ്വഗീർ’ രചിക്കാനുണ്ടായ കാരണം ഇതാണ്, ഒരു പണ്ഡിതൻ ശർഹുൽ കബീറിനെ ചുരുക്കണമെന്ന് അഭിപ്രായപ്പെട്ടു. അതിനായി അദ്ദേഹം തയ്യാറെടുക്കുകയും ചെയ്തു. ഈ വിവരം ഇമാം റാഫിഈ(റ) അറിഞ്ഞു. രചനയിൽ വേണ്ടത്ര നൈപുണ്യമില്ലാത്ത അദ്ദേഹം അപ്രകാരം ചെയ്താൽ ശർഹുൽ കബീറിന്റെ ആശയത്തിന് ചോർച്ച സംഭവിക്കുമോ എന്ന് ഇമാം ഭയപ്പെട്ടു. അതിനാൽ ആ വ്യക്തിയോട് അദ്ദേഹം പറഞ്ഞു: ‘അത് ഞാൻ നിർവഹിച്ചു തരാം. പക്ഷേ എഴുതാനവശ്യമായ കടലാസുകൾ വാങ്ങാൻ എന്റെ പക്കൽ പണമില്ല. എന്നാൽ അദ്ദേഹവും ദരിദ്രനായിരുന്നു. പേപ്പർ സംഘടിപ്പിക്കാൻ ശ്രമിച്ച അദ്ദേഹത്തിന്, കച്ചവടക്കാർ സാധനങ്ങൾ പൊതിഞ്ഞു കൊടുത്തിരുന്ന നിറയെ എഴുത്തുകളുള്ള കടലാസുകളേ ലഭിച്ചുള്ളൂ. ഉചിതമായവ വേറെ തരപ്പെടുത്താൻ സാധിക്കാത്തതിനാൽ അവയുടെ മാർജിനിലും ഒഴിവുള്ള ഭാഗത്തുമെല്ലാമായി ശർഹു സ്വഗീർ എഴുതി പൂർത്തിയാക്കി ഇമാം. പിന്നീടിത് മാറ്റി പകർത്തി എഴുതപ്പെടുകയായിരുന്നു. കടലാസുകൾ വാങ്ങാനാവശ്യമായ പണം പോലും സമ്പാദ്യമില്ലാത്ത നിസ്വരായിരുന്നു പൂർവിക പണ്ഡിതരിൽ ഏറെ പേരും. ആഖിറത്തിനും വിജ്ഞാനത്തിനുമാണ് ഭൗതിക സമ്പാദ്യങ്ങളേക്കാൾ അവരെല്ലാം മൂല്യം കൽപിച്ചത്.
വിനയാന്വിതനായിരുന്ന അദ്ദേഹത്തിന്റെ എളിമയെ പ്രകാശിപ്പിക്കുന്ന ഒരു സംഭവം ഇമാം സുബ്കി(റ) ത്വബഖാത്തിൽ ഉദ്ധരിക്കുന്നു: ഭരണാധികാരിയായിരുന്ന ജലാലുദ്ദീൻ ഖവാറസ്മ് ഷാ ഒരിക്കൽ നാടിനെ നശിപ്പിക്കാൻ വന്ന അക്രമകാരികളെ അതിശക്തമായി നേരിട്ടു പരാജയപ്പെടുത്തുകയുണ്ടായി. സുൽത്താൻ തന്നെ നേരിട്ട് യുദ്ധത്തിനിറങ്ങുകയും സ്വന്തം കൈകൊണ്ട് നിരവധി ശത്രുക്കളെ വകവരുത്തുകയും ചെയ്തു. നാടിന്റെ രക്ഷക്കു വേണ്ടി എല്ലാം മറന്ന് പോരാടിയ സുൽത്താൻ പിന്നീടൊരിക്കൽ ഖസ്‌വീനിലൂടെ യാത്ര പോകുമ്പോൾ അദ്ദേഹത്തെ ഇമാമവർകൾ കാണാനിടയായി. സുൽത്താന്റെ ധീരതക്ക് ഒരാദരവും അഭിനന്ദനവുമെന്ന നിലക്ക് അദ്ദേഹത്തിന്റെ കൈ ചുംബിക്കാൻ ഇമാം ആഗ്രഹിച്ചു. പക്ഷേ ഇമാമിനെ കണ്ട സുൽത്താൻ അദ്ദേഹത്തെ അതിയായി ആദരിക്കുകയും മഹാന്റെ കൈ ചുംബിക്കുകയും ചെയ്തു. അതു കഴിഞ്ഞു ഇമാം തിരിച്ച് പോകുമ്പോൾ വാഹന പുറത്ത് നിന്നു വീണ് സുൽത്താൻ ചുംബിച്ച കൈക്ക് അപകടം പറ്റുകയുണ്ടായി. അപ്പോൾ വിനയാന്വിതനായി മഹാൻ പറഞ്ഞു: ‘സുൽത്വാൻ എന്റെ കൈ ചുംബിച്ചപ്പോൾ ഞാൻ മോശക്കാരനല്ല എന്നൊരു ധാരണ എന്റെ മനസ്സിൽ കടന്നുകൂടിയതിന് കിട്ടിയ ശിക്ഷയാണിത്!’

രചനകൾ
റാഫിഈ(റ)ക്ക് രചനാലോകത്ത് ഉന്നത സ്ഥാനമുണ്ട്. പ്രമുഖ ശാഫിഈ കർമശാസ്ത്ര പണ്ഡിതനായ അദ്ദേഹം രചിച്ച ‘അൽമുഹർറർ’ എന്ന ഗ്രന്ഥമാണ് ഇമാം നവവി(റ)ന്റെ മിൻഹാജിനടിസ്ഥാനം. വേറെയും നിരവധി ഗ്രന്ഥങ്ങൾ ജ്ഞാനലോകത്തിനു സമർപ്പിക്കാൻ അദ്ദേഹത്തിനായി. ഹദീസ് വിജ്ഞാനീയത്തിൽ രചിച്ച അഞ്ച് വാള്യങ്ങളുള്ള ഗ്രന്ഥമാണ് ‘ആമാലിശ്ശാരിഹ അലാ മുഫ്‌റദാത്തിൽ ഫാത്തിഹ.’ അൽഈജാസ് ഫീ അഖ്ത്വാരിൽ ഹിജാസ്, അത്തദ്‌വീൻ ഫീ അഖ്ബാരി ഖസ്‌വീൻ എന്നിവയും ഇമാമിന്റെ ശ്രദ്ധേയ രചനകളാണ്.
അത്തദ്‌നീബ് മിൻ മുതഅല്ലഖാത്തിൽ വജീസ്, റൗള, സവാദുൽ ഐനൈനി ഫീ മനാഖിബിൽ ഗൗസ് (12 വാള്യം), ഫത്ഹുൽ അസീസ് ശർഹുൽ വജീസ് (20 വാള്യം), അൽമുഹർറർ തുടങ്ങിയവ കർമശാസ്ത്രത്തിലെ സുപ്രധാന ഗ്രന്ഥങ്ങളാണ്.
ഇബ്‌നു സ്വലാഹ്(റ) എഴുതി: 12 വാള്യങ്ങ ളിലായി വജീസിന് അദ്ദേഹം വിശദീകരണമെഴുതി. അത് പോലുള്ളൊരു ശർഹ് വജീസിന് വേറെ എഴുതപ്പെട്ടിട്ടില്ല. അബൂ അബ്ദില്ലാഹ് മുഹമ്മദുബ്‌നു മുഹമ്മദുൽ ഇസ്ഫിറാഈനി(റ) പറയുന്നു: ഞങ്ങളുടെ ഗുരുവായ റാഫിഈ(റ) ദീനിന്റെ ഇമാമും സത്യമായി സുന്നത്തിനെ സഹായിക്കുന്നവരുമാണ്. നിദാന ശാസ്ത്രം, കർമശാസ്ത്രം തുടങ്ങി എല്ലാ വിജ്ഞാന ശാഖകളിലും അദ്ദേഹത്തെ മറികടക്കാൻ സമകാലത്ത് മറ്റൊരാളില്ലാത്ത വിധം ഔന്നത്യം നേടിയ വ്യക്തിയാണദ്ദേഹം. അക്കാലത്തെ മദ്ഹബിലെ മുജ്തഹിദും(ഗവേഷകൻ) തഫ്‌സീറിൽ പകരക്കാരനില്ലാത്തവരുമായിരുന്നു അദ്ദേഹം. ഹദീസ് കേൾപ്പിക്കുന്നതിനായി ഇമാം ശാഫിഈ(റ)യുടെ മുസ്‌നദിന് അദ്ദേഹം ശർഹ് എഴുതുകയുണ്ടായി.
സാഹിത്യ രംഗത്തും മഹാൻ വലിയ സംഭാവനയർപ്പിച്ചു. സാഹിത്യ സൗകുമാര്യവും ആശയ സമ്പന്നവുമായ നിരവധി കവിതകൾ ഇമാം രചിച്ചിട്ടുണ്ട്. ഇബ്‌നു ഹജറുൽ അസ്ഖലാനി(റ) പറയുന്നു: എന്റെ ഗുരു ശൈഖ് സ്വലാഹുദ്ദീൻ(റ) പറഞ്ഞു; ഡമസ്‌കസിൽ ഇമാം സുബ്കി(റ)ന്റെ അരികിൽ ഒരിക്കൽ അനറബിയായ ഒരു വനിത വന്നു. വലിയ സാഹിത്യകാരിയും പണ്ഡിതയുമായ അവർ റാഫിഈ(റ)ന്റെ സന്താന പരമ്പരയിൽ പെട്ടവരായിരുന്നു. വിശ്വാസ ശാസ്ത്രത്തിൽ അവരെഴുതിയ ഗ്രന്ഥം ഞാൻ വായിച്ചു. അഹ്‌ലുസ്സുന്നയുടെ വിശ്വാസം പ്രമാണബദ്ധമായി ഉന്നത സാഹിത്യ മൂല്യത്തോടെ അതിൽ സമർത്ഥിച്ചിരുന്നു. റാഫിഈ(റ)യുടെ അതേ ശൈലി തന്നെയാണ് അവരും രചനയിൽ പിന്തുടർന്നിരുന്നത്. തലമുറകളെ വരെ ആ രചനാ പാടവം സ്വാധീനിച്ചിരുന്നുവെന്നർത്ഥം.
ഹിജ്‌റ 623 ദുൽഖഅ്ദ് മാസത്തിൽ അറുപത്തി ആറാം വയസ്സിൽ ഖസ്‌വീനിൽ വെച്ച് ആ മഹാജ്ഞാനി നിത്യനിദ്ര പൂണ്ടു.
(അവലംബം: ശദറാത്ത്, തഹ്ദീബ്, ത്വബഖാത്ത്)

അസീസ് സഖാഫി വാളക്കുളം

Exit mobile version