ഇസ്‌റാഅ്, മിഅ്‌റാജ് ശാരീരികം തന്നെ

നബി(സ്വ)യുടെ നേതൃത്വത്തിൽ മക്കയിൽ മതപ്രബോധനം തുടങ്ങിയ കാലം. സത്യപന്ഥാ വിലേക്ക് ജനങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ബഹുദൈവാരാധനയുടെ കൂരിരുട്ടിൽ നിന്ന് സത്യമതത്തിന്റെ നിത്യ വെളിച്ചത്തിലേക്കെത്തിച്ചേർന്ന ആത്മ നിർവൃതിയിലാണവർ. അതേ സമയം അപവാദപ്രചാരണവും സാമൂഹിക ബഹിഷ്‌കരണവും മാനസിക-ശാരീരിക പീഡനങ്ങളും ശത്രുക്കൾ നിരന്തരം നടത്തിക്കൊണ്ടിരുന്നു. മക്കക്കാരുടെ കിരീടം വെക്കാത്ത രാജാവായ അബൂത്വാലിബിന്റെ സഹകരണം മാത്രമായിരുന്നു  ക്രൂരമായ മർദനങ്ങൾക്കിടയിലും നബി(സ്വ)ക്ക് ആകെയുണ്ടായിരുന്ന ആശ്വാസം. ആജ്ഞാശക്തിയുള്ള ആ നേതാവിന്റെ വിയോഗം തിരുനബി(സ്വ)യെ ദുഃഖത്തിലാഴ്ത്തി. തൊട്ടടുത്തു തന്നെയുണ്ടായ സഹധർമിണി ഖദീജാ ബീവി(റ)യുടെ വഫാത് അവിടുത്തെ ദുഃഖഭാരം വർധിപ്പിച്ചു. ത്വാഇഫിലെത്തിയ അല്ലാഹുവിന്റെ റസൂലിനെ ഹൃദ്യമായി സ്വീകരിക്കുന്നതിനു പകരം ക്രൂരമായി മർദിക്കുകയും പരിഹസിക്കുകയുമാണ് ത്വാഇഫുകാർ ചെയ്തത്. ഇങ്ങനെ നിരന്തരമായി നബി(സ്വ)ക്ക് ഏൽക്കേണ്ടി വന്ന മനോവിഷമങ്ങൾ മുഴുവൻ പരിഹരിക്കാനുള്ള  തീർത്ഥാടനമായിരുന്നു ഇസ്‌റാഉം മിഅ്‌റാജും.

മക്കയിലുള്ളവർ മുഴുവൻ അവഗണിച്ചാലും നിരന്തരം അവഹേളിച്ചാലും എല്ലാ പ്രവാചകന്മാരും തിരുനബി(സ്വ)യെ വരവേൽക്കാനും ആദരിക്കാനും തയ്യാറാണെന്ന് നേരിട്ട് കാണിച്ചുകൊടുക്കുകയായിരുന്നു അല്ലാഹു. ‘ചുറ്റുപാടും നാം അനുഗ്രഹിച്ച മസ്ജിദുൽ അഖ്‌സ്വയിലേക്ക് ആദരണീയമായ പള്ളിയിൽ നിന്ന് തന്റെ അടിമയെ നമ്മുടെ ദൃഷ്ടാന്തങ്ങൾ കാണിച്ചു കൊടുക്കാനായി നിശാപ്രയാണം നടത്തിച്ചവൻ (അല്ലാഹു) എത്ര പരിശുദ്ധൻ! തീർച്ചയായും അവൻ എല്ലാം കേൾക്കുന്നവനും കാണുന്നവനുമാണ്’ (വിശുദ്ധ ഖുർആൻ 17/1).

മസ്ജിദുൽ ഹറാമിൽ നിന്ന് മസ്ജിദുൽ അഖ്‌സ്വയിലേക്കുള്ള യാത്രയാണ് ഇസ്‌റാഅ്. മസ്ജിദുൽ അഖ്‌സ്വയിൽ നിന്ന് ഏഴു ആകാശങ്ങൾക്ക് മുകളിൽ അല്ലാഹു ഉദ്ദേശിച്ച സ്ഥലങ്ങളിലേക്കുള്ള പ്രയാണമാണ് മിഅ്‌റാജ്.

തിരുനബി(സ്വ)യുടെ ജീവിതത്തിലുണ്ടായ അസംഖ്യം അമാനുഷികതകളിൽ അതി പ്രധാനമായ ഇസ്‌റാഅ്, മിഅ്‌റാജിന്റെ ചരിത്രം നാൽപത്തഞ്ച് സ്വഹാബികൾ വ്യക്തമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട് (ശർഹുൽ മവാഹിബ് 8/27).

റസൂൽ(സ്വ) ഉമ്മു ഹാനിഅ്(റ)ന്റെ വീട്ടിൽ ഉറങ്ങുമ്പോഴാണ് ജിബ്‌രീൽ(അ) ബുറാഖുമായി വന്ന് ബൈതുൽ മുഖദ്ദസിലേക്ക് കൊണ്ടു പോയത്. ആകാശ ഭൂമികൾക്കിടയിലുള്ള നിരവധി ദൃഷ്ടാന്തങ്ങൾ കണ്ട നബി(സ്വ) അമ്പിയാക്കൾക്ക് ഇമാമായി നിസ്‌കരിക്കുകയുണ്ടായി. ശേഷം നടന്ന ആകാശാരോഹണത്തിൽ ഓരോ ആകാശത്തിലും ഓരോ നബിമാരെ ദർശിക്കുകയുണ്ടായി.  ഏഴാം ആകാശത്തിൽ  ദിവസവും എഴുപതിനായിരം മലക്കുകൾ പ്രവേശിക്കുന്ന ബയ്തുൽ മഅ്മൂറും കണ്ടു. പിന്നീട് സിദ്‌റതുൽ മുൻതഹയിലെത്തി. അവിടെ വെച്ച് ജിബ്‌രീൽ(അ)നെ യഥാർത്ഥ രൂപത്തിൽ കണ്ടു. രണ്ടു തവണയാണ് നബി(സ്വ) ജിബ്‌രീൽ(അ)നെ  യഥാർത്ഥ രൂപത്തിൽ കണ്ടിട്ടുള്ളത്. ഒന്ന്, ഭൂമിയിൽ വെച്ച് അത്യുന്നത ചക്രവാളത്തിലും മറ്റൊന്ന്, മിഅ്‌റാജിന്റെ രാത്രിയിൽ സിദ്‌റതുൽ മുൻതഹക്കു സമീപവും. അവസാനം മലക്കുകളുടെ എഴുത്തിന്റെ ശബ്ദം കേൾക്കുന്നിടത്ത് വരെ നബി(സ്വ) എത്തി. അവിടെ വെച്ച് പ്രവാചകർ(സ്വ) അല്ലാഹുവിനെ ദർശിച്ചുവെന്നാണ് പ്രബലാഭിപ്രായം. അവിടെ നിന്നാണ് നബി(സ്വ)ക്ക് നൽകാനുള്ള ദിവ്യസന്ദേശങ്ങളെല്ലാം അല്ലാഹു നൽകിയത്.

അല്ലാഹു പറയുന്നു: ‘നക്ഷത്രം അസ്തമിക്കുമ്പോൾ അതു തന്നെ സത്യം. നിങ്ങളുടെ കൂട്ടുകാരൻ വഴിതെറ്റിയിട്ടില്ല. സത്യത്തിൽ നിന്നും വ്യതിചലിച്ചിട്ടുമില്ല. തന്നിഷ്ട പ്രകാരം   അവിടുന്ന് സംസാരിക്കുകയില്ല. അത് അവിടുത്തേക്ക് നൽകപ്പെടുന്ന വഹ്‌യ് മാത്രമാണ്. വലിയ കഴിവുകളുള്ള ഒരാളാണ് പഠിപ്പിച്ചിട്ടുള്ളത്. ബുദ്ധി ശക്തിയുള്ള ഒരാൾ. അദ്ദേഹം (യഥാർത്ഥ രൂപത്തിൽ) നിലകൊണ്ടു. അദ്ദേഹം അത്യുന്നത ചക്രവാളത്തിലായിരുന്നു. പിന്നെ അദ്ദേഹം അടുത്തു. കൂടുതൽ അടുത്തു വന്നു. രണ്ട് വില്ലുകളുടെ അകലത്തിലോ അതിനേക്കാൾ അടുത്തോ ആയിരുന്നു. അപ്പോൾ അല്ലാഹു അവന്റെ അടിമക്ക് സന്ദേശം നൽകിയതെല്ലാം സന്ദേശം നൽകി. അവിടുന്ന് കണ്ട കാഴ്ചയെ ഹൃദയം നിഷേധിച്ചിട്ടില്ല. എന്നിരിക്കെ താൻ കാണുന്നതിന്റെ പേരിൽ അവിടുത്തോട് നിങ്ങൾ തർക്കിക്കുകയാണോ. മറ്റൊരു തവണയും അവിടുന്ന് ആ മലക്കിനെ കണ്ടിട്ടുണ്ട്. അങ്ങേയറ്റത്തെ സിദ്‌റാ വൃക്ഷത്തിനടുത്തു വെച്ച്. അതിനു സമീപമാണ് സ്വർഗമുള്ളത്.  ആ വൃക്ഷത്തെ ആവരണം ചെയ്യുന്നതൊക്കെ ആവരണം ചെയ്തിരുന്നപ്പോൾ. നബിയുടെ കാഴ്ച തെറ്റിയിട്ടില്ല. അത് ക്രമം വിട്ടിട്ടുമില്ല. തീർച്ചയായും തന്റെ നാഥന്റെ അതി മഹത്തായ ദൃഷ്ടാന്തങ്ങളിൽ പലതും അവിടുന്ന് കാണുകയുണ്ടായി (വിശുദ്ധ ഖുർആൻ 53/1-18).

ഇസ്‌റാഉം മിഅ്‌റാജും ഉറക്കത്തിലാണോ ഉണർച്ചയിലാണോ ഉണ്ടായത്? ആത്മാവും ശരീരവും  കൂടിയുള്ള പ്രയാണമായിരുന്നോ അതോ ആത്മാവ് മാത്രമുള്ള യാത്രയായിരുന്നോ? എന്നീ കാര്യങ്ങളിൽ ചില വീക്ഷണ വ്യത്യാസങ്ങൾ കാണാമെങ്കിലും ഇസ്‌റാഉം മിഅ്‌റാജും ഒറ്റ രാത്രിയിൽ തിരുനബിയുടെ ഉണർച്ചയിൽ ശരീരത്തോടും ആത്മാവോടും കൂടെയാണുണ്ടായതെന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത് (ഫത്ഹുൽ ബാരി 7/198). മാത്രമല്ല, രണ്ടാം നൂറ്റാണ്ടിലെയും പിൽക്കാലത്തെയും ഇമാമുമാരെല്ലാം ഈ കാര്യത്തിൽ ഏകാഭിപ്രായക്കാരുമാണ് (ഹാശിയത്തുൽ ബാജൂരി അലാ ജൗഹറതിത്തൗഹീദ്/88). ഒന്നാം നൂറ്റാണ്ടിലുണ്ടായിരുന്ന അഭിപ്രായാന്തരങ്ങൾ പിൽക്കാലത്ത് പൂർണമായും ഇല്ലാതായെന്ന് ചുരുക്കം. മിഅ്‌റാജ് പല തവണ നടന്നിട്ടുണ്ടെന്നും ആത്മാവ് കൊണ്ടു മാത്രമാണ് നടന്നതെന്ന് പറയുന്നവർ ശരീരവും ആത്മാവും കൂടി നടന്ന വിശ്രുതമായ ഈ മിഅ്‌റാജ്  അല്ല ഉദ്ദേശിക്കുന്നതെന്നും ഇതു സംബന്ധമായ അഭിപ്രായങ്ങൾ സ്വരൂപിച്ചു കൊണ്ട് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുമുണ്ട് (ഫത്ഹുൽ ബാരി).

അല്ലാഹു ഖുർആനിൽ ‘തന്റെ അടിമയെ രാപ്രയാണം നടത്തിച്ചു’ എന്നു പരാമർശിച്ചതിൽ നിന്നു തന്നെ കേവലം ആത്മാവിന്റെ പ്രയാണമല്ല ഇസ്‌റാഉം മിഅ്‌റാജുമെന്ന് മനസ്സിലാക്കാവുന്നതാണ്. ‘തന്റെ അടിമയുടെ ആത്മാവിനെ രാപ്രയാണം നടത്തിച്ചു’ എന്നല്ല ഖുർആനിന്റെ പ്രയോഗം. മാത്രമല്ല, അടിമ എന്നർത്ഥമുള്ള ‘അബ്ദ്’ എന്ന പദം ഭൗതിക ശരീരവും ആത്മാവും കൂടിയതിനാണ് ഭാഷയിൽ പ്രയോഗിക്കുകയെന്ന് പണ്ഡിന്മാർ രേഖപ്പെടുത്തിയിട്ടുമുണ്ട്. അല്ലാമ ഇബ്‌നു കസീർ എഴുതുന്നു:’ശരീരവും ആത്മാവും ഉൾക്കൊള്ളുന്നതിനാണ് അബ്ദ് എന്ന പദം പ്രയോഗിക്കുക’ (തഫ്‌സീറു ഇബ്‌നു കസീർ 2/263).

വിശുദ്ധ ഖുർആനിൽ അബ്ദ് എന്ന പ്രയോഗം പല സ്ഥലങ്ങളിലുമുണ്ട്. അവിടെയെല്ലാം ഇതേ അർത്ഥം തന്നെയാണ്  വിവക്ഷയും. ‘അല്ലാഹുവിന്റെ അടിമ (നബി) അവനെ പ്രാർത്ഥിച്ചു കൊണ്ട് നിന്നപ്പോൾ നബിക്കു നേരെ ശത്രുക്കൾ കൂട്ടം കൂട്ടമായി നീങ്ങിക്കൊണ്ടിരിക്കാറായി’ (72/19). ‘ലോക ജനതയ്ക്ക് താക്കീത് നൽകുന്നവനാകാൻ വേണ്ടി തന്റെ അടിമക്ക്  സത്യാസത്യ വിവേചന ഗ്രന്ഥം ഇറക്കിക്കൊടുത്തവൻ അനുഗ്രഹീതനാണ്’ (25/1). ഒരു അടിമ നിസ്‌കരിക്കുമ്പോൾ അതു തടയുന്നവനെ നിങ്ങൾ കണ്ടുവോ? (96/9-10).

ശരീരമില്ലാതെ ആത്മാവ് മാത്രമാണ് ഇസ്‌റാഅ് നടത്തിയതെന്ന പരാമർശം ബുദ്ധിപരവുമല്ല. കാരണം അങ്ങനെയായിരുന്നുവെങ്കിൽ അതിൽ നുബുവ്വത്തിന്റേയോ രിസാലത്തിന്റേയോ യാതൊരു തെളിവുകളുമുണ്ടാവുമായിരുന്നില്ല. കൂടാതെ ആത്മാവിനു മാത്രം പോവാൻ ബുറാഖ് എന്ന വാഹനത്തിന്റെ ആവശ്യവുമില്ല. വാഹനങ്ങൾ ശരീരത്തെ വഹിക്കാനുള്ളതാണല്ലോ. മാത്രമല്ല, ഇതൊരു സ്വപ്ന കാര്യമാണെങ്കിൽ മക്കാ മുശ്‌രിക്കുകൾക്ക് നബി(സ്വ)യെ നിഷേധിക്കേണ്ട യാതൊരു കാര്യവുമില്ല. കാരണം സ്വപ്നത്തിൽ ഒരു വർഷത്തെ വഴി ദൂരമുള്ള സ്ഥലങ്ങളിൽ പോലും നിമിഷാർധത്തിൽ പോയി വരുന്നത് സ്വാഭാവികമാണ്. ഒരു മാസത്തെ വഴിദൂരമുള്ള സ്ഥലത്ത് ഒറ്റ രാത്രി കൊണ്ട് സ്വപ്നത്തിൽ പോയിവരുന്നതിൽ പിന്നെ എന്ത് അതിശയമാണുള്ളത്? ഇസ്‌റാഅ്, മിഅ്‌റാജ് സംഭവത്തെ ഖുർആൻ ജനങ്ങൾക്കുള്ളൊരു പരീക്ഷണമാണെന്ന് വിശേഷിപ്പിച്ചത് അത് സ്വപ്ന കാര്യമല്ലാത്തതു കൊണ്ടാണ്. നബി(സ്വ) കണ്ടത് സ്വപ്നമായിരുന്നുവെങ്കിൽ അതിൽ യാതൊരു പരീക്ഷണവുമില്ലല്ലോ? ”താങ്കളുടെ നാഥൻ മനുഷ്യരെ (ജ്ഞാനം കൊണ്ട്) വലയം ചെയ്തിട്ടുണ്ടെന്ന് നാം പറഞ്ഞ സന്ദർഭം ഓർക്കുക. താങ്കൾക്ക് നാം കാണിച്ചു തന്ന ആ ദർശനത്തെ ജനങ്ങൾക്കൊരു പരീക്ഷണമാക്കുക തന്നെയാണ് നാം ചെയ്തത്’ (ഖുർആൻ 17/60).

ഇസ്‌റാഅ്, മിഅ്‌റാജ് വാർത്ത ജനങ്ങൾക്കൊരു  പരീക്ഷണം തന്നെയായിരുന്നുവെന്നാണ് ചരിത്രം പറയുന്നതും. സംഭവം നടന്ന പിറ്റേ ദിവസം പ്രഭാതത്തിൽ നബി(സ്വ) ഈ വൃത്താന്തം  ജനങ്ങളോട് പറഞ്ഞപ്പോൾ അവരിൽ ഭൂരിഭാഗവും ഇങ്ങനെയാണു പറഞ്ഞത്: ‘ദൈവമാണേ സത്യം, ഇത് വല്ലാത്ത ഒരത്ഭുതം തന്നെ. മക്കയിൽ നിന്ന് ശാമിലേക്ക് ഒട്ടകപ്പുറത്ത് ഒരു മാസം  സഞ്ചരിക്കാനുള്ള വഴിദൂരമുണ്ട്. തിരിച്ച് ഒരു മാസവും. ഒറ്റ രാത്രി കൊണ്ട് മുഹമ്മദ് അവിടെ പോയി മക്കയിൽ തിരിച്ചെത്തിയെന്നതു അതിശയകരം തന്നെ! (ഇബ്‌നു ഹിശാം 2/4).

വാർത്ത കേട്ട പലരും പരിഹസിച്ചു തുടങ്ങി. പലരും നാശത്തിലകപ്പെട്ടു. അവർ അബൂബക്കർ(റ)ന്റെ സവിധത്തിലെത്തി. കാര്യം വിശദീകരിച്ച ഉടനെ അദ്ദേഹം ചോദിച്ചു: അവിടുന്ന് അങ്ങനെ പറഞ്ഞോ?

‘അതേ’ എന്നവർ മറുപടി പറഞ്ഞു.

സിദ്ദീഖ്(റ)വിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു: ‘അവിടുന്ന് അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് സത്യമാണ്. ഇതിനേക്കാൾ വിദൂരമായതും ഞാൻ വിശ്വസിക്കുന്നതാണ്’ (ദലാഇലുൽ ബൈഹഖി).

ശത്രുപക്ഷം മസ്ജിദുൽ അഖ്‌സ്വയെ കുറിച്ചുള്ള കാര്യങ്ങൾ ചോദിച്ചറിയുകയും നബി(സ്വ) ഇതിനു മുമ്പൊരിക്കലും കാണാത്ത പള്ളിയെ പറ്റി കൃത്യമായ മറുപടി നൽകുകയും ചെയ്തു (മുസ്‌നദു അഹ്മദ്).

ഇസ്‌റാഉം മിഅ്‌റാജും തിരുനബി(സ്വ)യുടെ ആത്മാവ് കൊണ്ട് മാത്രമാണെന്ന അഭിപ്രായമാണ് മുആവിയ(റ)വിനും ആഇശ ബീവി(റ)ക്കുമുണ്ടായിരുന്നതെന്ന് പറഞ്ഞ് ശാരീരിക പ്രയാണത്തെ നിഷേധിക്കുന്നവർക്ക് പണ്ഡിതർ മറുപടി നൽകിയിട്ടുണ്ട്. മുആവിയ(റ) ഇസ്‌റാഅ് നടക്കുമ്പോൾ ശത്രുപക്ഷത്തായിരുന്നുവെന്നതും ആഇശ ബീവി(റ) അക്കാലത്ത് നബി(സ്വ)യുടെ ഭാര്യയായിരുന്നില്ലെന്നതും വളരെ ചെറിയ കുട്ടി മാത്രമായിരുന്നുവെന്നതുമാണ് അത്. അതിനാൽ ഏതർത്ഥത്തിലും ഈ പ്രവാചക മുഅ്ജിസത്ത് നിഷേധിക്കാനോ ആത്മീയ പ്രയാണം മാത്രമാക്കി ലഘൂകരിക്കാനോ പഴുതില്ല.

Exit mobile version