ഇസ്‌റാഈലിയ്യാത്തും കഅ്ബുല്‍ അഹ്‌ബാറും

malyalam article on moulid

ചോദ്യം: ആമിനാ ബീവി മുഹമ്മദ് നബി(സ്വ)യെ ഗര്‍ഭം ധരിക്കുന്ന ആദ്യ ദിവസമായ റജബ് മാസം ഒന്നിന് സ്വര്‍ഗത്തെ അലങ്കരിക്കാന്‍ അല്ലാഹു കല്‍പ്പിച്ചെന്നും അതു കാരണം സ്വര്‍ഗത്തിന്റെ കാവല്‍കാരനായ രിള്‌വാന്‍(അ) എന്ന മലക്കിന്റെ നേതൃത്വത്തില്‍ സ്വര്‍ഗത്തെ ഏറെ ചമയിച്ചൊരുക്കി എന്നും ഇക്കാര്യം ആകാശഭൂമികളില്‍ വിളിച്ചു പറഞ്ഞുവെന്നും മൗലിദുകളില്‍ കാണാം. ഇതിന് പ്രാമാണികമായി വല്ല പിന്‍ബലവുമുണ്ടോ?

  മറുപടി: ഉണ്ട്, ആമിനാ ബീവി ഗര്‍ഭവതിയായത് റജബ് മാസത്തിലെ വെള്ളിയാഴ്ചയായിരുന്നു. ആ രാത്രിയില്‍ സ്വര്‍ഗത്തിന്റെ കാവല്‍ക്കാരനായ മലക്കിനോട് സ്വര്‍ഗം അലങ്കരിക്കാന്‍ അല്ലാഹു കല്‍പ്പിക്കുകയും അതനുസരിച്ച് രിള്‌വാന്‍(അ) സ്വര്‍ഗം സജ്ജമാക്കുകയും ചെയ്തു. മനുഷ്യകുലത്തിന്റെ നേതാവിന്റെ പ്രകാശം ആമിനാബീവിയുടെ ഗര്‍ഭാശയത്തില്‍ നിക്ഷേപിച്ചിരിക്കുന്നു എന്ന് ആകാശത്തും ഭൂമിയിലും വിളിച്ചു പറയുകയുണ്ടായി. ഇതും ഇസ്‌ലാമിക ഗ്രന്ഥങ്ങളില്‍ രേഖപ്പെട്ടുകിടക്കുന്ന ചരിത്ര വസ്തുതകള്‍ തന്നെയാണ്.

വിശ്വപ്രവാചകരുടെ മഹത്ത്വം മനസ്സിലാക്കുന്നവര്‍, ഗര്‍ഭധാരണ സമയത്തു തന്നെ അല്ലാഹുവിന്റെ ഈ ആദരവ്  ഉണ്ടായതില്‍ അനൗചിത്യം കാണില്ല. ഇമാം ഖസ്തല്ലാനി(റ) പറയുന്നു: ‘ആമിനാ ബീവിയുടെ ഗര്‍ഭധാരണ രാത്രിയില്‍ ഇപ്രകാരമെല്ലാം സംഭവിച്ചിട്ടുണ്ട്. ഹാഫിള് ഖത്വീബുല്‍ ബഗ്ദാദി(റ), സഹ്‌ലൂബ് അബ്ദില്ലാഹി ബുസ്തരി(റ)യില്‍ നിന്ന് ഉദ്ധരിക്കുന്നു: ‘ആമിനാ ബീവിയുടെ ഗര്‍ഭാശയത്തില്‍ മുഹമ്മദ് നബി(സ്വ)യെ സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചത് റജബ് മാസം ഒന്നാം വെള്ളിയാഴ്ച രാവിലായിരുന്നു. അപ്പോള്‍ സ്വര്‍ഗ കാവല്‍ക്കാരായ രിള്‌വാന്‍(അ) എന്ന മലക്കിനോട് സ്വര്‍ഗലോകത്തെ ഏറ്റവും ഉയര്‍ന്ന സ്ഥാനമായ ഫിര്‍ദൗസ് തുറക്കുവാന്‍ അല്ലാഹു ആജ്ഞാപിച്ചു. ഒരാള്‍ ആകാശത്തും ഭൂമിയിലും ഇപ്രകാരം വിളിച്ച് പറയുകയും ചെയ്തു. സന്മാര്‍ഗിയാകുന്ന പ്രവാചകനെ നിക്ഷേപിക്കപ്പെട്ട പ്രകാശം ഈ രാത്രിയില്‍ ആമിനാ ബീവിയുടെ ഗര്‍ഭാശയത്തില്‍ എത്തിയിരിക്കുന്നു. കഅ്ബുല്‍ അഹ്ബാറില്‍ നിന്നും ഈ സംഭവം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് (അല്‍ കൗകബുല്‍ അന്‍വാര്‍ 130, അല്‍മവാഹിബുല്ലദുന്നിയ്യ 1/105).

   ചോദ്യം: ഇത്തരം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കഅ്ബുല്‍ അഹ്ബാര്‍(റ) അല്ലേ? അദ്ദേഹം സ്വഹാബിയല്ല. അതുകൊണ്ട് ഇതൊക്കെ പൂര്‍വ വേദങ്ങളില്‍ നിന്നുള്ള ഇസ്‌റാഈലിയ്യാത്ത് അല്ലേ?

മറുപടി: അല്ല. മഹാനെ കുറിച്ച് പഠിച്ച ശേഷമാണ് അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിക്കുന്നത്. മൗലിദുകളില്‍ കഅ്ബുല്‍ അഹ്ബാറില്‍ നിന്നും റിപ്പോര്‍ട്ടുകളുണ്ട്. അദ്ദേഹം കൊള്ളരുതാത്തവനാണെന്നും ഇസ്‌ലാമിലില്ലാത്ത ഇസ്‌റാഈലീ പുരാണേതിഹാസങ്ങള്‍ കടത്തിക്കൂട്ടുന്നതില്‍ പങ്കുവഹിച്ചവരിലെ പ്രമുഖനാണെന്നും അതിനാല്‍ മൗലിദുകളിലുള്ള സംഭവങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ബിദഇകള്‍ ആരോപിക്കാറുണ്ട്. സത്യം എന്താണെന്ന് നോക്കാം.

കഅ്ബ് ബ്‌നു മാതിഅ് അല്‍ ഹിംയരി(റ) എന്നാണ് അദ്ദേഹത്തിന്റെ പൂര്‍ണ നാമം. തിരുനബി(സ്വ)യുടെ കാലത്ത് തന്നെ ജീവിച്ച വ്യക്തിയാണെങ്കിലും പ്രവാചകരെ നേരില്‍ കണ്ട് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. സിദ്ദീഖ്(റ)വിന്റെ (മറ്റൊരു റിപ്പോര്‍ട്ടില്‍ ഉമര്‍-റ-വിന്റെ) ഭരണകാലത്താണ് അദ്ദേഹം ഇസ്‌ലാം ആശ്ലേഷിക്കുന്നത്. അതിനാല്‍ താബിഇയ്യാണ്. ഇദ്ദേഹം നിരവധി സ്വഹാബികളില്‍ നിന്ന് ഹദീസ് നേരിട്ട് പഠിച്ച വ്യക്തിയാണ്.

ഇദ്ദേഹത്തില്‍ നിന്ന് പ്രമുഖ സ്വഹാബികളായ ഇബ്‌നു ഉമര്‍(റ), ഇബ്‌നു സുബൈര്‍(റ), സഈദുബ്‌നുല്‍ മുസയ്യിബ്(റ), ഇബ്‌നു അബ്ബാസ്(റ), അബൂഹുറൈറ(റ), മുആവിയ(റ) തുടങ്ങിയവരും ഒട്ടേറെ താബിഉകളും നിരവധി ഹദീസുകള്‍ നിവേദനം ചെയ്തിട്ടുണ്ട്. വിശ്വപ്രസിദ്ധമായ സ്വഹീഹ് മുസ്‌ലിം 1/131-ല്‍ കഅ്ബുല്‍ അഹ്ബാറില്‍ നിന്ന് അബൂഹുറൈറ(റ) ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇമാം മുസ്‌ലിം ഉദ്ധരിച്ചിട്ടുണ്ട്. അതുപോലെ തിര്‍മുദി, നസാഈ, അബൂ ദാവൂദ്(റ.ഹും) തുടങ്ങിയവരുടെ ഹദീസ് ഗ്രന്ഥങ്ങളിലൊക്കെ കഅ്ബുല്‍ അഹ്ബാറില്‍ നിന്ന് ഹദീസുകള്‍ ഉദ്ധരിക്കുന്നുണ്ട്. വിജ്ഞാനത്തിന്റെ ഭാണ്ഡമായിരുന്ന അദ്ദേഹം ഹദീസ് പണ്ഡിതര്‍ക്കിടയില്‍ സ്വീകര്യനായ വ്യക്തിയാണ്. യമനില്‍ താമസമാക്കിയിരുന്ന ആദ്ദേഹം ഉസ്മാന്‍(റ)വിന്റെ ഭരണ കാലത്ത് ഹിജ്‌റ 32-ല്‍ വഫാത്താവുകയും ഹിംസില്‍ മറവ് ചെയ്യപ്പെടുകയും ചെയ്തു. തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത് 2/68, തദ്കിറത്തുല്‍ ഹുഫ്ഫാള് 1/52, കിതാബുല്‍ ജര്‍ഹി വത്തഹ്ദീല്‍ 7/161, തഹ്ദീബുത്തഹ്ദീബ് 8/393, അത്താരീഖുല്‍ കബീര്‍ 7/223, സിയറു അഅ്‌ലാമിന്നുബലാഅ് 3/489, ത്വബഖാത് ഇബ്‌നുസഅദ് 7/445, ഉസ്ദുല്‍ഗാബ 4/487, അല്‍ ഇസ്വാബ 3/315, ശദറാത്തുദ്ദഹബ് 1/40 എന്നിവയിലെല്ലാം കഅ്ബുല്‍ അഹ്ബാര്‍(റ)വിന്റെ ചരിത്രം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.ഗര്‍ഭധാരണയും സുവിശേഷവും

  ചോദ്യം: ആമിനാ ബീവി(റ) നബി(സ്വ)യെ ഗര്‍ഭം ചുമന്ന സമയത്ത് സാധാരണ സ്ത്രീകള്‍ക്കുണ്ടാവാറുള്ള വേദനയോ വിഷമമോ അനുഭവിച്ചിട്ടില്ലെന്നും ഗര്‍ഭ സമയത്ത് പൂര്‍വ പ്രവാചകന്മാര്‍ വന്ന് സുവിശേഷമറിയിച്ചിരുന്നുവെന്നുമുള്ള കഥകള്‍ക്ക് വല്ല അടിസ്ഥാനവുമുണ്ടോ?

മറുപടി: മൗലിദുകളില്‍ കാണുന്ന പ്രസ്തുത പരാമര്‍ശങ്ങള്‍ക്ക് ശരിയായ അടിസ്ഥാനവും പ്രമാണങ്ങളുടെ പിന്‍ബലവുമുണ്ട്. അവ കേവലം കഥകളല്ല.

ഹാഫിള് ഇബ്‌നു സഅദ്(റ) ത്വബഖാത്തില്‍ വഹബിന്റെ പൗത്രന്‍ യസീദ് തന്റെ പിതൃ സഹോദരിയില്‍ നിന്ന് ഉദ്ധരിക്കുന്നു: ‘വഹബിന്റെ പുത്രി ആമിനാ ബീവി തിരുനബി(സ്വ)യെ ഗര്‍ഭം ചുമന്ന സമയത്ത് ഇപ്രകാരം പറയുന്നത് ഞങ്ങള്‍ കേട്ടു. സാധാരണ സ്ത്രീകള്‍ക്കുണ്ടാകുന്ന വിഷമമോ ഭാരമോ എന്തെങ്കിലും ബുദ്ധിമുട്ടുകളോ എനിക്ക് അനുഭവപ്പെട്ടിട്ടില്ല. ഞാന്‍ ഉറക്കിന്റെയും ഉണര്‍ച്ചയുടെയുമിടയിലായിരിക്കെ എന്റെ അരികിലേക്ക് ഒരാള്‍ വന്ന് ചോദിച്ചു: നീ ഗര്‍ഭം ചുമന്നത് ആരെയാണെന്നറിയുമോ? അറിയില്ലെന്ന് ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ വന്നയാള്‍ പ്രത്യുത്തരം നല്‍കിയത് ഇപ്രകാരമായിരുന്നു. ഈ ഉമ്മത്തിന്റെ നേതാവും പ്രവാചകരുമായവരെയാണ് നീ ഗര്‍ഭം ചുമന്നിട്ടുള്ളത്. എന്റെ പ്രസവ സമയത്തും നേരത്തേ വന്നിരുന്നയാള്‍ നിരാശ്രയനായ ഏകനായവനോട് കാവല്‍ ചോദിക്കാന്‍ ആവശ്യപ്പെടുകയും അതിനുള്ള വചനങ്ങള്‍ എനിക്കു പഠിപ്പിച്ച് തരികയും അതിനനുസരിച്ച് പലവുരു പ്രസ്തുത വചനങ്ങള്‍ ആവര്‍ത്തിച്ചു പറയുകയും ചെയ്തിരുന്നു’ (ത്വബഖാതുല്‍ കുബ്‌റ 1/97).

പ്രസിദ്ധ ചരിത്രകാരനായ മുഹമ്മദ് ബ്‌നു ഇസ്ഹാഖും ഇപ്രകാരം ഉദ്ധരിച്ചതായി ഹാഫിള് ഇബ്‌നു കസീര്‍ അല്‍ ബിദായത്തു വന്നിഹായ 2/263, അസ്സീറത്തുന്നബവിയ്യ 1/206, ഹാഫിള് ഇബ്‌നു അസാക്കിര്‍(റ) താരീഖു ദിമശ്ഖില്‍ കബീര്‍ 3/83, ഹാഫിള് ഇബ്‌നു ജരീര്‍ ത്വബരി താരീഖുല്‍ ഉമമി വല്‍ മുലൂക്ക് 1/454,  ഹാഫിള് ജലാലുദ്ദീനിസ്സുയൂഥി(റ) ഖസാഇസുല്‍ കുബ്‌റ 1/46-ലും രേഖപ്പെടുത്തിയിട്ടുണ്ട്. വേറെയും നിരവധി ഹദീസ്-ചരിത്ര പണ്ഡിതര്‍ ഇതുദ്ധരിച്ചുചേര്‍ത്തിട്ടുണ്ട്.

 

തിരുപ്പിറവിയിലെ അത്ഭുതങ്ങള്‍

ഇനി റസൂല്‍(സ്വ)യെ പ്രസവിച്ചപ്പോഴുണ്ടായ ഏതാനും അത്ഭുതങ്ങളുടെ ഹ്രസ്വമായ പ്രാമാണിക വിശകലനം നടത്താം. നബി(സ്വ)യുടെ മാതാവ് ആമിനാ ബീവി(റ) പറയുന്നു: സാധാരണ കുഞ്ഞുങ്ങള്‍ ജനിക്കുന്നത് പോലെയായിരുന്നില്ല; പ്രത്യുത ആകാശത്തേക്ക് തല ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് കൈകള്‍ നിലത്ത് കുത്തിയാണ് എന്റെ മകന്‍ ഭൂജാതനായത് (സ്വഹീഹുബ്‌നു ഹിബ്ബാന്‍, അല്‍ കൗകബുല്‍ അന്‍വര്‍ 117).

നബി(സ്വ) ജനിച്ച ഉടനെ സുജൂദ് ചെയ്തുവെന്ന് അബൂ നുഐം(റ) ഇബ്‌നു അബ്ബാസില്‍(റ) നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് (അല്‍ മിനഹുല്‍ മക്കിയ്യ പേ: 37). കൈ കുത്തിനിന്ന് തല വാനിലേക്കുയര്‍ത്തിയ സംഭവം ഇബ്‌നു അബ്ബാസ്(റ), അത്വാഅ്(റ) എന്നിവരടങ്ങുന്ന നല്ലൊരു വിഭാഗം പണ്ഡിതരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നുവെന്ന് അല്‍ മിനഹില്‍ തന്നെ പറയുന്നുണ്ട്. ചൂണ്ടു വിരല്‍ കൊണ്ട് ചൂണ്ടിക്കാണിച്ചെന്നും മറ്റ് വിരലുകള്‍ മടക്കിപ്പിടിച്ചെന്നും ത്വബ്‌റാനി(റ)യുടെ റിപ്പോര്‍ട്ടിലുമുണ്ട്. ഇതെല്ലാം വെച്ച് ഇമാം ഹഫ്‌നി(റ) പറയുന്നു: ‘തങ്ങള്‍ ജനിച്ച് ഭൂമിയിലെത്തുന്ന സമയത്തിനിടക്കായി ഇവയെല്ലാം നടന്നെന്ന് മനസ്സിലാക്കേണ്ടതാണ് (ഹാശിയതുല്‍ ഹഫ്‌നി പേ. 38).

ആമിനാ ബീവി(റ) റസൂല്‍(സ്വ)യെ പ്രസവിച്ച സന്ദര്‍ഭത്തില്‍ ഒരു പ്രകാശവും അതിലൂടെ ശാമിലെ കൊട്ടാര മാളികകളും കണ്ടതാണ് മറ്റൊരു അത്ഭുതം. ഹദീസ്-ചരിത്ര ഗ്രന്ഥങ്ങള്‍ പരതിയാല്‍ നമുക്ക് ഇതും ബോധ്യപ്പെടും. ഇമാം ബൈഹഖി(റ) ഇര്‍ബാളുബ്‌നു സാരിയ(റ)യില്‍ നിന്നുദ്ധരിക്കുന്നു. നബി(സ്വ) പറഞ്ഞു: ഞാന്‍ അല്ലാഹുവിന്റെ അടിമയും ആദം നബി(അ)യെ സൃഷ്ടിക്കുന്നതിന് മുമ്പ് തന്നെ അന്ത്യപ്രവാചകനുമാണ്. എന്റെ പൂര്‍വ പിതാവ് ഇബ്‌റാഹീം നബി(അ)ന്റെ പ്രാര്‍ത്ഥനയുടെ ഫലവും ഈസാ നബി(അ)യുടെ സുവിശേഷവുമാണ് ഞാന്‍. നിശ്ചയം (എന്നെ) പ്രസവിച്ച സമയം മാതാവ് ഒരു പ്രകാശം കാണുകയും ശാമിലെ മണിമാളികകള്‍ അതിലൂടെ പ്രകാശിതമാവുകയും ചെയ്തു’ (ദലാഇലുന്നുബുവ്വ 1/80).

ഈ വിഷയം ഹാഫിള് ദഹബി അസ്സീറത്തുനബവിയ്യ 1/42-ലും ഇമാം അഹ്മദ്(റ) മുസ്‌നദ് 4/127,128-ലും ഇമാം ഹാകിം(റ) അല്‍ മുസ്തദ്‌റക് 2/600-ലും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഹദീസ് സ്വഹീഹാണെന്ന് ഹാകിം 2/600-ല്‍ പ്രസ്താവിക്കുകയും ഹാഫിള് ദഹബി തല്‍ഖീസ് 2/600-ല്‍ അതംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഇമാം നൂറുദ്ദീനുല്‍ ഹൈസമി(റ) മജ്മഉസ്സവാഇദ് 8/223-ല്‍ ഇതുദ്ധരിക്കുകയും ഇമാം അഹ്മദ്, ത്വബ്‌റാനി, ബസ്സാര്‍(റ) എന്നിവര്‍ റിപ്പോര്‍ട്ടു ചെയ്തതായി രേഖപ്പെടുത്തുകയും ചെയ്ത ശേഷം ഇപ്രകാരം പറഞ്ഞു: ‘ഇമാം അഹ്മദ്(റ)വിന്റെ സനദ് സ്വഹീഹും സ്വീകാര്യവുമാണ്’ (മജ്മഉസ്സവാഇദ് 8/223). ഈ ഹദീസ് ഇമാം ഖസ്തല്ലാനി(റ) ഉദ്ധരിച്ച ശേഷം ഇപ്രകാരം പറഞ്ഞു: ‘ഈ ഹദീസ് സ്വഹീഹാണെന്ന് ഹാകിമും ഇബ്‌നു ഹിബ്ബാനും പറഞ്ഞതായി ഹാഫിള് ഇബ്‌നു ഹജര്‍(റ) രേഖപ്പെടുത്തിയിട്ടുണ്ട്’ (അല്‍ മാവാഹിബുല്ലദുന്നിയ്യ 1/116).

തിരുനബി(സ്വ)യുടെ ജന്മദിനത്തോടനുബന്ധിച്ച് പേര്‍ഷ്യയിലെ കൊട്ടാരം വിറക്കുകയും അവര്‍ ആരാധിച്ചിരുന്ന തീ അണയുകയും സാവ തടാകം വറ്റിവരളുകയും ചെയ്തു. പ്രസിദ്ധമായ ഒരു ചരിത്ര വസ്തുതയാണിത്. ഒട്ടേറെ ഹദീസുകള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇമാം ബൈഹഖി(റ) ഹാനിഉല്‍ മഖ്‌സൂമി(റ)യില്‍ നിന്ന് ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു: നബി(സ്വ) ജനിച്ച രാത്രിയില്‍ പേര്‍ഷ്യയിലെ കിസ്‌റ രാജാവിന്റെ കൊട്ടാരം പ്രകമ്പനംകൊള്ളുകയും കൊട്ടാരത്തിന്റെ മുകളില്‍ സ്ഥാപിച്ച അലങ്കാര സ്തൂപങ്ങളില്‍ നിന്ന് പതിനാലെണ്ണം നിലംപതിക്കുകയും ചെയ്തു. ആയിരം വര്‍ഷമായി കെട്ടുപോകാതെ ആരാധിച്ചിരുന്ന പേര്‍ഷ്യക്കാരുടെ തീ അണഞ്ഞു പോയി. സാവ തടാകം വറ്റിവരളുകയുണ്ടായി (ദലാഇലുന്നുബുവ്വ 1/126).

അസാധാരണ സംഭവങ്ങളെല്ലാം ബൈഹഖി(റ) ദലാഇലുന്നുബുവ്വ 1/126-ലും ഇബ്‌നു കസീര്‍ അല്‍ബിദായത്തു വന്നിഹായ 2/268-ലും ഹാഫിള് ദഹബി താരീഖുല്‍ ഇസ്‌ലാം 1/35-ലും ഇബ്‌നു ജരീര്‍ താരീഖുല്‍ ഉമമി വല്‍ മുലൂക് 2/166-ലും ഹാഫിള് ഇബ്‌നുല്‍ ജൗസി അല്‍ വഫാ 1/97-ലും ഇമാം ഖസ്തല്ലാനി 1/23-ലും ഹാഫിള് സുയൂഥി(റ) അല്‍ ഖസ്വാഇസ് 1/51-ലും ഉദ്ധരിച്ചതായി കാണാം.

വിഗ്രഹങ്ങള്‍ തലകുത്തി വീണതാണ് മറ്റൊരത്ഭുതം. സത്യസന്ദേശത്തിന്റെ പ്രചാരകനും പ്രബോധകനുമായിട്ടാണ് പ്രവാചകര്‍(സ്വ) രംഗത്ത് വരികയെന്നത് കൊണ്ടുതന്നെ അസത്യത്തിന്റെ പ്രതീകങ്ങളായി പ്രതിഷ്ഠിക്കപ്പെടുന്ന വിഗ്രഹങ്ങള്‍ പുണ്യപ്രവാചകരുടെ പിറവിയോടെ കീഴ്‌മേല്‍ മറിയുകയെന്നത് ഒരു പക്ഷേ സ്വാഭാവികമാകാം. ഭാവിയില്‍ ഈ പ്രവാചകര്‍ നടത്തിയ സത്യത്തിന്റെ വ്യാപനവും അസത്യത്തിന്റെ വിപാടനവുമാണ് അത് സൂചിപ്പിക്കുന്നത്. ഈ സത്യം ഇസ്‌ലാമിക ചരിത്രം വിശദീകരിച്ചിട്ടുണ്ട്. ഹാഫിള് ഇബ്‌നു കസീര്‍ പറയുന്നു: ‘നബി(സ്വ)യുടെ പ്രസവ സമയത്ത് മുഴുവന്‍ വിഗ്രഹങ്ങളും തലകീഴായി മറിഞ്ഞുവീണു’ (അല്‍ ബിദായത്തു വന്നിഹായ 3/20). അല്ലാമ സൈനീ ദഹ്‌ലാന്‍(റ) ഉദ്ധരിക്കുന്നു: നബി(സ്വ)യുടെ ജനനത്തെ കുറിച്ച് അബ്ദുല്‍ മുത്ത്വലിബ് പറയുന്നു; ഞാന്‍ കഅ്ബയിലായിരുന്നു. അപ്പോള്‍ അവിടെയുണ്ടായിരുന്ന വിഗ്രഹങ്ങളെല്ലാം തല്‍സ്ഥാനത്തു നിന്ന് വീഴുന്നതും അവ സൂജൂദിലായി നിലംപൊത്തുന്നതും ഞാന്‍ കണ്ടു (അസ്സീറത്തുന്നബവിയ്യ വല്‍ ആസാറുല്‍ മുഹമ്മദിയ്യ 1/31).

ഹാഫിള് അബൂ നൂഐം, ഇമാം വാഖിദി എന്നിവര്‍ അബൂഹുറൈറ(റ)യില്‍ നിന്നും ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു: നബി(സ്വ)യെ അല്ലാഹു ഈ ലോകത്തേക്ക് നിയമിച്ചയച്ചപ്പോള്‍ എല്ലാ ബിംബങ്ങളും തല കീഴായി മറിഞ്ഞു. അപ്പോള്‍ എല്ലാ ശൈത്വാന്മാരും ഇബ്‌ലീസിനരികിലെത്തി വിവരം പറഞ്ഞു. തല്‍സമയം ഇബ്‌ലീസിന്റെ മറുപടി ഇപ്രകാരമായിരുന്നു; അവസാനത്തെ നബി പ്രത്യക്ഷപ്പെട്ടതിന്റെ അടയാളമാണിത്. നിങ്ങള്‍ അതെവിടെയാണെന്ന് കണ്ടുപിടിക്കുക. അവര്‍ പോയി അന്വേഷിച്ചുവെങ്കിലും കണ്ടില്ല. അവസാനം ഇബ്‌ലീസും അന്വേഷണവുമായി പുറപ്പെട്ടു. അപ്പോള്‍ മക്കയില്‍ ഈ പ്രവാചകന്‍ ജനിച്ചതായി കണ്ടെത്തി (അല്‍ ഖസ്വാഇസ് 1/110).

 

നബി(സ്വ)യുടെ ജനനത്തിന് മുമ്പ് ഖുര്‍ആന്‍?

ചോദ്യം: ശര്‍റഫല്‍ അനാം മൗലിദില്‍ ഇപ്രകാരം കാണാം:

أنت الذي سميت في القرآن

(ഖുര്‍ആനില്‍ അങ്ങേക്ക് പേര് നല്‍കപ്പെട്ടിരിക്കുന്നു) എന്ന് അബ്ദുല്‍ മുത്ത്വലിബ് ആലപിച്ചു. ഖുര്‍ആന്‍ അവതരിക്കുന്നത് പിന്നെയും നാല്‍പത് വര്‍ഷത്തിന് ശേഷമാണ് താനും. അപ്പോള്‍ മൗലിദിലെ ഈ വരികള്‍ ശുദ്ധഅസംബന്ധമല്ലേ എന്ന് ചിലര്‍ സംശയം ഉന്നയിക്കാറുണ്ട്.

ഖുര്‍ആന്‍ എന്ന വാക്കിന് പാരായണം ചെയ്യല്‍, വായനാഗ്രന്ഥം എന്നൊക്കെയാണ് അറബി ഭാഷയില്‍ അര്‍ത്ഥം. അറബി ഡിക്ഷ്ണറികള്‍ മുഴുവനും ഇതിന് സാക്ഷിയാണ്. ജനങ്ങള്‍ പാരായണം ചെയ്യുന്ന ഗ്രന്ഥത്തിലുണ്ടെന്ന് അബ്ദുല്‍ മുത്ത്വലിബ് പറഞ്ഞത് തന്റെ വൈജ്ഞാനിക കഴിവിനാലാണ്. അക്കാലത്ത് ‘നബി(സ്വ)യുടെ മേല്‍ ഇറങ്ങിയ വിശുദ്ധ വേദം’ എന്ന അര്‍ത്ഥത്തില്‍ ഖുര്‍ആന്‍ എന്ന പദമില്ല. അത് നാല്‍പത് കൊല്ലത്തിന് ശേഷമുള്ള സാങ്കേതിക പ്രയോഗമാണെന്ന് ചോദ്യത്തില്‍ തന്നെ സൂചിപ്പിക്കുന്നുണ്ടല്ലോ? പാരായണം ചെയ്യല്‍ എന്ന അര്‍ത്ഥത്തിന് ‘ഖുര്‍ആന്‍’ എന്ന പദം ഖുര്‍ആനില്‍ തന്നെ ഉപയോഗിച്ചിട്ടുണ്ട്:

فإذا قرأناه فاتبع قرآنه

ഉദാഹരണം. ഇതുപോലെ ഇമാം ബുഖാരി(റ) സ്വഹീഹില്‍ ഉദ്ധരിക്കുന്ന ഹദീസില്‍ ദാവൂദ് നബി(അ) സബൂറിനെ കുറിച്ച് ഖുര്‍ആന്‍ എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്:

روى البخاري: عن أبي هريرة عن النبي صلى الله عليه
وسلم قال: خفف على داود القرآن فكان يأمر بدوابه فتسرج
فيقرأ القرآن قبل أن تسرج دوابه ولا يأكل إلا من عمل
يديه، اهـــ (بخاري رقم الحديث: 4713) (باب قول الله
تعالى وآتينا داود زبورا، من كتاب أحاديث الأنبياء)

പ്രസ്തുത സംഭവം ഇതേ വരികളില്‍ ഇബ്‌നുകസീര്‍, മുഹമ്മദ് ബിന്‍ ഇസ്ഹാഖില്‍ നിന്ന് അല്‍ബിദായത്തു വന്നിഹായയില്‍ ഉദ്ധരിക്കുന്നുണ്ട്. മറ്റു ചരിത്ര കിതാബുകളിലും ഇതുണ്ട്. അപ്പോള്‍ മതഗ്രന്ഥങ്ങളിലെ അജ്ഞതയാണ് ഇത്തരം ചോദ്യങ്ങളുടെ പ്രേരകം. ശരിയാംവണ്ണം പഠിച്ചാല്‍ മൗലിദ് പരാമര്‍ശങ്ങള്‍ ഒന്നോഴിയാതെ പ്രാമാണികമാണെന്ന് ബോധ്യപ്പെടും.

Exit mobile version