ഇസ്‌ലാമിന്റെ ആരോഗ്യ ദർശനം

ഏപ്രിൽ ഏഴിന് നാം ലോകാരോഗ്യ ദിനം ആചരിക്കുകയാണ്. പുതിയ ഭീഷണിയായ സിക വൈറസിന്റെ വ്യാപന ഭീതിയിലാണ് ഇത്തവണത്തെ ദിനാചരണം എന്ന പ്രത്യേകത കൂടിയുണ്ട്. ഏറെ ബോധവത്കരണവും ചർച്ചകളും സർക്കാർ-സ്വകാര്യ തലങ്ങളിൽ നടന്നുവരുന്ന ഈ സന്ദർഭത്തിൽ ഇസ്‌ലാമിന്റെ ആരോഗ്യ ദർശനത്തെക്കുറിച്ച് ചിലതു ചർച്ച ചെയ്യാം.
ഇസ്‌ലാം ഒരു സമ്പൂർണ ആദർശ വ്യവസ്ഥയാണ്. മനുഷ്യന്റെ ജീവിത ശാസ്ത്രമാണത്, സ്രഷ്ടാവും നിയന്താവുമായ നാഥന്റെ നിശ്ചയവും. ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായ സുസ്ഥിതിയാണ് ആരോഗ്യം. മാനുഷികമായ ദൗത്യം കൃത്യമായി നിർവഹിക്കാൻ ആരോഗ്യമുള്ളവനേ കഴിയൂ. അതിനാൽ അത് സുരക്ഷിതമായിരിക്കണമെന്ന് ഇസ്‌ലാം നിഷ്‌കർഷിക്കുന്നു. മനുഷ്യനും അവന്റെ മതവും സുരക്ഷിതമാവുന്നതിനുള്ള നിയമനിർദേശ വ്യവസ്ഥകളുടെ സംയുക്തമാണ് ഇസ്‌ലാമിന്റെ ആരോഗ്യദർശനമെന്ന് ചുരുക്കം.
അനാരോഗ്യകരമായ അവസ്ഥയെ അതിജയിക്കാൻ മനുഷ്യൻ ശ്രമിക്കും. തന്റെ പരിസരത്ത് നിന്നും ചിലതൊക്കെ വേർതിരിച്ചെടുത്ത് അവയുടെ ഗുണഫലമനുഭവിക്കുന്നതിൽ അവൻ വിജയിച്ചിട്ടുണ്ട്. ചില മുൻകരുതലുകൾ, പരിഹാര മാർഗങ്ങൾ, രോഗങ്ങൾക്കെതിരെ പരമ്പരാഗതമായി മനുഷ്യൻ സ്വീകരിച്ചു കൊണ്ടിരിക്കുന്നു. ആരോഗ്യത്തെ സംരക്ഷിക്കാനുള്ള ഉൾപ്രേരണ കൊണ്ടാണിത്. ഇത് പ്രകൃത്യാ അവനിലുണ്ടാകുന്ന ബോധമാണ്.
മനുഷ്യനാർജിച്ച നാഗരികമായ വളർച്ചയുടെ തോതനുസരിച്ച് ഈ പ്രകൃതി ഗുണവും അതിന്റെ പ്രയോഗ രീതികളും വികാസം നേടിയിട്ടുണ്ട്. ഭൂപ്രദേശങ്ങളുടെ സ്വഭാവവും വിഭവ ലഭ്യതയുമനുസരിച്ച് ആരോഗ്യ സംരക്ഷണ മേഖല പല കൈവഴികൾ സ്വീകരിച്ചതായി കാണാം. വിവിധ ചികിത്സാവിധികളും ജീവിത ക്രമീകരണ നിർദേശങ്ങളും ഉടലെടുത്തതിങ്ങനെയാണ്. ആരോഗ്യം നഷ്ടപ്പെടാതിരിക്കാനുള്ള കരുതലിനാണ് ഒന്നാം പരിഗണന. ചികിത്സയാണ് രണ്ടാമത്തേത്. രോഗം വന്നതിനുശേഷം ചികിത്സിച്ച് നേടുന്നതല്ല ആരോഗ്യം. വരാതെ കാക്കുന്നതാണ്.
ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളായി പഠിപ്പിക്കപ്പെട്ട അഞ്ചു കാര്യങ്ങളുണ്ട്. അവയുടെ സംരക്ഷണം ആരോഗ്യ ജീവിതം സാധ്യമാക്കും. മതം, ശരീരം, ബുദ്ധി, സന്താനം, സമ്പത്ത് എന്നിവയുടെ സംരക്ഷണം പ്രാഥമിക ബാധ്യതയാണ്. അവയുടെ പരിശുദ്ധിയും വളർച്ചയും ഗുണവും നിലനിൽപുമെല്ലാം മതനിയമങ്ങളുടെ ലക്ഷ്യമാണ്.
ആരോഗ്യസംബന്ധമായ ഇസ്‌ലാമിക പാഠങ്ങളെ ചേർത്ത് വെക്കുമ്പോൾ അതൊരു വിസ്മയം തന്നെയായിരിക്കും. മുകളിൽ സൂചിപ്പിച്ച് അഞ്ചു കാര്യങ്ങളെയും ബാധിക്കാത്ത വിധത്തിലാണ് അവയുടെ ക്രമീകരണവും പ്രയോഗ രീതികളും.
ആരോഗ്യ സംരക്ഷണം എന്ന നിലയിലായിരിക്കില്ല അത്തരം നിയമങ്ങളും നിർദേശങ്ങളും സമർപ്പിക്കപ്പെട്ടത്. മറിച്ച് മതശാസനകൾക്ക് വിധേയപ്പെടുമ്പോൾ അതിന്റെ പാലനം സ്വാഭാവികമായി ഉണ്ടാവുകയാണ്.
ശരീഅത്തിലെ വിധിവിലക്കുകൾ പാലിക്കുന്നത് മതപരമായ അനുഷ്ഠാനമാണ്. അതിന് പ്രതിഫലമുണ്ട്. വിശ്വാസിയെ സംബന്ധിച്ചിടത്തോളം അത് പ്രഥമമായി തന്റെ ബാധ്യതയുടെ നിർവഹണമാണ്. സത്യവിശ്വാസത്തിന്റെയും സദ്‌വിചാരത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും അവനത് ചെയ്യുന്നത്. അതിനാൽ ബാധ്യത ഒഴിവാകുകയും പുണ്യവും പ്രതിഫലവും ലഭിക്കുകയും ചെയ്യും.
ഉദാഹരണത്തിന് വായ വൃത്തിയാക്കൽ എന്ന കർമമെടുക്കാം. അത് വളരെ അനിവാര്യമായ ശീലമാണ്. ആരോഗ്യ ശാസ്ത്രത്തിലും സാമൂഹ്യ തലത്തിലും അതിന്റെ ഗുണഫലങ്ങൾ വ്യക്തമാണല്ലോ. വിശ്വാസി ഇത് നിർവഹിക്കുന്നത് ഇസ്‌ലാം നിർദേശിച്ച സദ്കർമം എന്ന നിലയിലാണ്. അതിൽ പാലിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ധാരാളം ചിട്ടകളുണ്ട്. അതൊക്കെ പാലിച്ച് നിർവഹിക്കുമ്പോൾ പ്രതിഫലം ലഭിക്കുക മാത്രമല്ല, അല്ലാഹുവിന്റെ പൊരുത്തം നേടാനുമാവുന്നു. വൃത്തിയുള്ള നാവ് കൊണ്ടും വായകൊണ്ടും മൊഴിയുന്ന മന്ത്രങ്ങളും ഖുർആനും കൂടുതൽ പുണ്യകരമാണ്. എന്നാൽ ആരോഗ്യ ശാസ്ത്രപ്രകാരം വിശ്വാസി ചെയ്താലും അവിശ്വാസി ചെയ്താലും ദന്തശുചീകരണത്തിന്റെ പ്രത്യക്ഷ ഗുണങ്ങൾ ഒരുപോലെയായിരിക്കും. ഇവിടെ വിശ്വാസിക്ക് അവന്റെ ആത്മീയതയും പ്രത്യക്ഷ ജീവിതവും ഒരുപോലെ ഗുണം നേടിക്കൊടുക്കുന്നു.
ശരീഅത്തിന്റെ വ്യവസ്ഥകൾ പാലിക്കുന്നതിലൂടെ ആരോഗ്യ സംരക്ഷണവും പോഷണവും ലഭിക്കുന്ന വേറെയും കാര്യങ്ങളുണ്ട്. പണ്ഡിതരും ചിന്തകന്മാരും ഇങ്ങനെയുള്ള ധാരാളം കാര്യങ്ങൾ സമർപ്പിച്ചിട്ടുണ്ട്. ഇസ്‌ലാമിക വ്യവസ്ഥയുടെ സാർവത്രിക ഗുണാത്മകതയെ എടുത്തു കാണിക്കുന്നു ഇതെല്ലാം. പക്ഷേ, ഇവയുടെ അടിസ്ഥാനത്തിൽ മതാനുഷ്ഠാനങ്ങളെ കേവലമായ ആരോഗ്യസംരക്ഷണ മാർഗമായി കണ്ടുകൂടാ.
പ്രകൃതി വസ്തുക്കളിലെ ഔഷധ വീര്യവും പോഷക ഗുണവും വിവരിച്ച ഹദീസുകൾ ധാരാളം കാണാം. ചികിത്സിക്കാൻ നിർദേശിച്ച് രോഗാവസ്ഥയെ മറികടക്കാനും ആരോഗ്യത്തിലേക്ക് തിരിച്ചുവരാനും ഇസ്‌ലാം പ്രേരിപ്പിക്കുന്നു. ചികിത്സയുടെ പേരിൽ നടമാടുന്ന ഹിതമല്ലാത്ത പ്രവണതകളെ നിരോധിക്കുകയും ചെയ്യുന്നു. അപായകരമായ പ്രവർത്തനങ്ങളും വസ്തുക്കളും രീതികളും ഒഴിവാക്കാനും ശുചിത്വവും പരിസ്ഥിതി സംരക്ഷണവും പാലിക്കാനും ഉപദേശിക്കുന്നു. ഇവയിൽ പലതും നിർബന്ധമായി അനുവർത്തിക്കേണ്ടതാണ്.
മനുഷ്യന്റെ ആരോഗ്യത്തിന് ഇസ്‌ലാം വലിയ പരിഗണന നൽകുന്നതു കൊണ്ടാണ് ഇത്തരം ശാസനകൾ മതത്തിന്റെ അന്തർധാരയായത്. ഉദാഹരണങ്ങൾ ഏറെയുണ്ട്. റമളാൻ മാസത്തിൽ നോമ്പനുഷ്ഠിക്കൽ സമയബന്ധിതമായ ഒരു ഇബാദത്താണ്. നോമ്പുകാരൻ അന്നപാനാദികൾ നിശ്ചിത സമയം വർജിക്കുന്നു. പക്ഷേ, ആരോഗ്യത്തിനും ശരീരത്തിനും അപകടമാകുമെന്നു കണ്ടാൽ അത് മറ്റു ദിവസങ്ങളിലേക്ക് നീട്ടിവെക്കാവുന്നതാണ്. നോമ്പിനെക്കുറിച്ച് നിർദേശമുള്ള ഖുർആൻ സൂക്തത്തിൽ ഇത് സൂചിപ്പിക്കുന്നു.
നിങ്ങളിലാരെങ്കിലും രോഗിയോ യാത്രയിലോ ആണെങ്കിൽ വേറെ ദിവസങ്ങളിൽ നിശ്ചിത എണ്ണം നോമ്പനുഷ്ഠിക്കണം (അൽബഖറ/184). ഇമാം റാസി(റ) പറയുന്നു: ‘ഈ ആയത്തിന്റെ വിവക്ഷ നിശ്ചിത ദിവസങ്ങളിൽ നോമ്പ് നിർബന്ധമാവുന്നത് ആരോഗ്യമുള്ളവരും നാട്ടിൽ താമസിക്കുന്നവരുമായവർക്കാണ്. പ്രസ്തുത ദിനങ്ങളിൽ ഒരാൾ രോഗിയോ യാത്രക്കാരനോ ആണെങ്കിൽ മറ്റു ദിവസങ്ങളിലേക്ക് പിന്തിക്കാം’ (തഫ്‌സീർ റാസി).
ഇമാം ഖഫ്ഫാൽ(റ) പറ യുന്നു: ‘നോമ്പ് നിർബന്ധമാക്കിയതിനാൽ ഉണ്ടാവുന്ന വിഷമം അല്ലാഹു നീക്കിയിരിക്കുന്നു. അങ്ങനെ രോഗി, യാത്രികൻ തുടങ്ങിയ വിഷമമുള്ളവർക്ക് രോഗം സുഖപ്പെടുന്നതു വരെയും യാത്ര കഴിഞ്ഞ് ആശ്വാസം ലഭിക്കുന്നത് വരെയും പിന്തിക്കാനനുവാദം നൽകിയിട്ടുണ്ട്. അല്ലാഹുവിന്റെ കാരുണ്യങ്ങളിൽ പെട്ടതാണിത്’ (തഫ്‌സീർ റാസി).
യാത്രയിൽ നോമ്പനുഷ്ഠിച്ചാലുണ്ടാവുന്ന വിഷമം ശാരീരികമായ സുഖക്കുറവായിരിക്കും. അത് നിർബന്ധപൂർവം ഏറ്റെടുത്താൽ ആരോഗ്യത്തിന് ഹാനി വരുത്തും. അത്തരം ഘട്ടങ്ങളിൽ രോഗിക്കുള്ള ഇളവ് ആരോഗ്യത്തിന് നാശം പറ്റാനിടയുള്ള യാത്രക്കാരനും നൽകിയിരിക്കുകയാണ് മതം. റമളാൻ മാസത്തിലെ നോമ്പിനെ റമളാനല്ലാത്ത കാലത്തേക്ക് നീട്ടിവെക്കാനുള്ള ഈ അനുമതി ആരോഗ്യസുരക്ഷക്ക് ഇസ്‌ലാം നൽകുന്ന പരിഗണനയുടെ തെളിവാണ്. ആരോഗ്യത്തിന് ഹാനികരമാകുന്ന കാര്യങ്ങളോടെല്ലാം പൊതുവെയുള്ള ഇസ്‌ലാമിക സമീപനവും ഇതുതന്നെ.
ശരീരത്തിനോ ബുദ്ധിക്കോ നാശം വരുത്തുന്ന ഭക്ഷണമോ പാനീയമോ ഉപയോഗിക്കുന്നത് വിലക്കപ്പെട്ടതാണ്. മദ്യം ഉദാഹരണം. അത് മനുഷ്യന്റെ ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്നു.
മണ്ണ് തിന്നുന്നതും പ്രവാചകർ നിരോധിച്ചു. അവിടുന്നു പറയുന്നു: ‘മണ്ണ് തിന്നുന്നവൻ സ്വന്തം ശരീരത്തെ കൊല്ലാൻ സഹായിക്കുകയാണ് ചെയ്യുന്നത്’ (ത്വബ്‌റാനി). അത് വൃത്തികെട്ട പ്രവർത്തനവും ഹാനികരവുമാണ്. ശാരീരിക പ്രവർത്തനങ്ങൾക്കും ഞരമ്പുകൾക്കും മറ്റും അത് നാശം വരുത്തും (ഫൈളുൽ ഖദീർ). വൈദ്യ ശാസ്ത്ര പണ്ഡിതന്മാർ മണ്ണും അതിന് സമാനമായതും കഴിക്കുന്നത് നിഷിദ്ധമാണെന്ന് വ്യക്തമാക്കിക്കാണാം.
‘ശുദ്ധിയുള്ളവ പൊതുവെ രണ്ടു വിധമാണ്. ഒന്ന്, വിഷമമുണ്ടാക്കുന്നത്, രണ്ട്, ഉണ്ടാക്കാത്തത്. വിഷമമുണ്ടാക്കുന്നത് കഴിക്കൽ അനുവദനീയമല്ല. വിഷപദാർത്ഥം, കുപ്പിച്ചില്ല്, മണ്ണ്, കല്ല് തുടങ്ങിയവ ഉദാഹരണം. നിങ്ങൾ നിങ്ങളെത്തന്നെ കൊല്ലരുത് (നിസാഅ്/29), നിങ്ങൾ നാശത്തിലേക്ക് കയ്യിടരുത് (അൽബഖറ/195) എന്നിവയാണതിന്റെ പ്രമാണം. ഈ വസ്തുക്കൾ തിന്നുന്നത് നാശകാരണമായതിനാൽ അനുവദനീയമാവാതിരിക്കുക എന്നതാണ് വ്യവസ്ഥ (ശർഹുൽ ൽമുഹദ്ദബ്).
അനാരോഗ്യകരമായ അവസ്ഥയുണ്ടെങ്കിൽ അതധികമാക്കുന്നതിന് കാരണമായേക്കാവുന്ന കാര്യങ്ങളിലും ജാഗ്രത പാലിക്കണമെന്നാണ് ഇസ്‌ലാമിക പാഠം. നിസ്‌കാരത്തിൽ ശുദ്ധീകരണം നിബന്ധനയാണല്ലോ. അതിൽ ഒന്നാം പരിഗണന വെള്ളം കൊണ്ടുള്ള ശുദ്ധീകരണത്തിനാണ്. വെള്ളം ലഭിക്കാത്തപക്ഷം മണ്ണ് കൊണ്ട് തയമ്മും ചെയ്ത് ശുദ്ധിവരുത്തണം. എന്നാൽ വെള്ളം ലഭ്യമാണെങ്കിലും രോഗംമൂലം വെള്ളം ഉപയോഗിക്കാൻ സാധിച്ചില്ലെങ്കിലും തയമ്മും മതിയാകും.
തയമ്മുമിനെക്കുറിച്ച് ഖുർആൻ പറയുന്നു: നിങ്ങൾ രോഗികളാവുകയോ യാത്രയിലാവുകയോ ചെയ്തു. അല്ലെങ്കിൽ നിങ്ങൾ വിസർജനം ചെയ്തുവന്നു. അതുമല്ലെങ്കിൽ നിങ്ങൾ സ്ത്രീകളെ സ്പർശിച്ചു. എന്നിട്ട് വെള്ളം ലഭിക്കാതെ വന്നാൽ നിങ്ങൾ ശുദ്ധിയുള്ള മണ്ണിനെ കരുതുക/മണ്ണുപയോഗിച്ച് തയമ്മും ചെയ്യുക (അന്നിസാഅ്/43). വെള്ളം ലഭ്യമാണെങ്കിലും ഉപയോഗം ശാരീരികമായ നാശത്തിനും വിഷമത്തിനും കാരണമായേക്കുമെങ്കിൽ വെള്ളം ഉപയോഗിക്കേണ്ടതില്ല എന്നർത്ഥം. ഈ സന്ദർഭങ്ങളിൽ വെള്ളം കൊണ്ടുള്ള ശുദ്ധീകരണത്തിന് ലഭിക്കുന്ന പുണ്യ സൗഭാഗ്യങ്ങളേക്കാൾ ആരോഗ്യത്തിനാണ് പരിഗണന.
തയമ്മും അനുവദനീയമാകുന്നതിനുള്ള നിബന്ധനകളിലൊന്ന് വെള്ളം ഉപയോഗിക്കുന്നതുമൂലം ബുദ്ധിമുട്ട് ഭയക്കുക എന്നതാണ്. ഇതുസംബന്ധമായി കർമശാസ്ത്ര വിശാരദർ രേഖപ്പെടുത്തുന്നു: രോഗമുണ്ടായിരിക്കെ വെള്ളം ഉപയോഗിക്കുന്നത് ശരീരമോ ഒരു അവയവമോ നശിക്കുന്നതിന് കാരണമാവുക, അല്ലെങ്കിൽ ശരീരമോ അവയവമോ ആപത്തിലാകുന്നതിനോ ഒരു അവയവത്തിന്റെ ശേഷിക്കുറവിനോ കാരണമാവുന്ന രോഗമുണ്ടായിത്തീരും എന്നു ഭയന്നാലും വെള്ളം ഉണ്ടെങ്കിൽ പോലും തയമ്മും ആകാവുന്നതാണ്. ഇപ്രകാരം രോഗം സുഖപ്പെടാൻ താമസിക്കുമെന്നോ രോഗം അധികരിക്കുമെന്നോ (അൽപസമയമാണെങ്കിലും) ഭയക്കുക, ശരീരം ശോഷിക്കുക, ബലക്ഷയം അനുഭവപ്പെടുക, പുറത്ത് കാണുന്ന അവയവങ്ങളിൽ മോശമായ വൈരൂപ്യം ഉണ്ടാവുകപോലുള്ളവ ഭയന്നാലും തയമ്മും അനുവദനീയമാണെന്നാണ് ഏറെ പ്രബലമായ അഭിപ്രായം (ശറഹുൽ മുഹദ്ദബ്).
രോഗം കഠിനമാകുന്നതിനെതിരെയുള്ള കരുതൽ മാത്രം പോരാ. രോഗത്തിൽ നിന്നും മുക്തനായി ആരോഗ്യം വീണ്ടെടുത്ത ശേഷവും ചിലപ്പോൾ ചികിത്സിക്കേണ്ടി വരും. രോഗാവസ്ഥയിൽ ശ്രദ്ധിക്കേണ്ടതാണിതും. നമ്മുടെ പ്രവർത്തനം കാരണം രോഗാവസ്ഥ കൂടുന്നതു പോലെ തന്നെ അശ്രദ്ധകൊണ്ടും അലംഭാവം കൊണ്ടും രോഗം വഷളാവരുത്. വിശ്വാസി എന്ന നിലയിൽ വിധിയിലുള്ള വിശ്വാസം രോഗത്തിൽ അക്ഷമനാവാതിരിക്കാൻ പ്രേരകമാണ്. നബി(സ്വ) ചികിത്സിക്കാൻ നിർദേശിച്ചിട്ടുള്ളതിനാൽ ചികിത്സ സുന്നത്താണെന്നാണ് അടിസ്ഥാന വിധി.
ഇമാം നവവി(റ) എഴുതി: ചികിത്സ നടത്തൽ സുന്നത്താണ്. ചികിത്സ സംബന്ധമായി വന്ന ഹദീസുകളാണ് അതിന് പ്രമാണം (ശറഹുൽ മുഹദ്ദബ്). എന്നാൽ അല്ലാഹുവിൽ ഭരമേൽപ്പിച്ചുകൊണ്ട് ചികിത്സിക്കാതിരിക്കുന്നത് പുണ്യമാണെന്നും ഇമാം നവവി(റ) പഠിപ്പിക്കുന്നുണ്ട്. രോഗശാന്തി നേടാനുള്ള ചികിത്സാമുറകളിൽ ചില ഇളവുകൾ കാണാം. നജസുകൾ, മാലിന്യങ്ങൾ കഴിക്കൽ അതനുവദനീയമല്ല. എന്നാൽ മറ്റു പോംവഴിയില്ലെങ്കിൽ ചികിത്സാർത്ഥം അനുവദനീയമാണ്. ഇമാം നവവി(റ)യെ ഉദ്ധരിക്കാം: മദ്യമല്ലാത്ത നജസുകൾ കൊണ്ട് ചികിത്സിക്കൽ അനുവദനീയമാണ് (ശറഹുൽ മുഹദ്ദബ്). ചികിത്സയിൽ പുരുഷൻ സ്വർണം, പട്ട് എന്നിവ ഉപയോഗിക്കൽ അനുവദനീയമാവുന്ന രംഗങ്ങളുണ്ട്. ചുരുക്കത്തിൽ രോഗാവസ്ഥയിൽ നിന്ന് ആരോഗ്യത്തിലേക്ക് തിരിച്ചുവരുന്നതിനുള്ള പ്രവർത്തനം പുണ്യമാണ്.
ഹജ്ജിനും ഉംറക്കും ഇഹ്‌റാം ചെയ്താൽ കർമങ്ങൾ പൂർത്തിയാക്കുന്നത് വരെ നിഷിദ്ധമായ ചില കാര്യങ്ങളുണ്ട്. തലയിലെയും ശരീരത്തിലെയും മുടി നീക്കൽ അതിൽ പെട്ടതാണ്. മറന്നു ചെയ്താൽ പോലും പ്രായശ്ചിത്തം നിർബന്ധമുള്ള കാര്യമാണിത്. എന്നാൽ തലയിൽ പേരൻ പെരുകിയോ മറ്റോ ബുദ്ധിമുട്ടനുഭവപ്പെടുകയാണെങ്കിൽ മുടി നീക്കാം. പ്രായശ്ചിത്തം നൽകണമെന്നു മാത്രം.
ഖുർആൻ പറയുന്നു: ‘നിങ്ങളിലാരെങ്കിലും രോഗിയാവുകയോ അല്ലെങ്കിൽ തലയിൽ വല്ല പ്രയാസവും ഉണ്ടാവുകയോ ചെയ്താൽ നിങ്ങൾ തലമുടി നീക്കിക്കൊള്ളൂ. അങ്ങനെ നിങ്ങൾ ചെയ്താൽ നോമ്പെടുത്തോ ദാനം ചെയ്‌തോ ബലി നടത്തിയോ പ്രായശ്ചിത്തം ചെയ്യുക’ (അൽബഖറ/196).
തലയിൽ പ്രയാസങ്ങളനുഭവപ്പെട്ട സ്വഹാബികൾക്ക് പ്രവാചകർ(സ്വ) നൽകിയ നിർദേശങ്ങൾ ഹദീസിൽ വന്നിട്ടുണ്ട്. തലമുടി നീക്കാനും പരിഹാരമായി ഫിദ്‌യ ചെയ്യാനുമായിരുന്നു അത്. ഇത്തരം നിർദേശങ്ങളടങ്ങിയ ഹദീസുകൾ ഇമാം നവവി(റ) വിവരിച്ചത് ഇങ്ങനെ: പേനുണ്ടായതിനാലോ മറ്റു രോഗങ്ങളാലോ പ്രയാസമനുഭവപ്പെട്ടതിനു പരിഹാരമായി തലമുടി കളയേണ്ടി വന്നാൽ ഇഹ്‌റാമിലായിരിക്കെ തന്നെ മുടി കളയുകയും പ്രതിവിധിയായി ഫിദ്‌യ നിർബന്ധമായി കൊടുക്കുകയും ചെയ്യുക (ശറഹുമുസ്‌ലിം).
ശരീരത്തിന്റെ സ്വാസ്ഥ്യവും സൗഖ്യവും നശിപ്പിക്കുന്ന ശല്യം മാറിക്കിട്ടാനും ഹജ്ജ് നിർവഹണത്തിലെ ഭക്തിയും ഏകാഗ്രതയും നഷ്ടപ്പെടാതിരിക്കാനുമാണ് ഈ അനുവാദം. ഈ അനുമതി ശരീരത്തിനിണങ്ങാത്ത അവസ്ഥകളെയും അനുഭവങ്ങളെയും പ്രകൃതിയുടെ സ്വാഭാവികതകളെയും വിശ്വാസികൾ എങ്ങനെ സമീപിക്കണമെന്ന് സൂചിപ്പിക്കുന്നുണ്ട്.

 

Exit mobile version