ഇൽമുൽ കലാമിന്റെ കാലിക പ്രസക്തി

ഇസ്‌ലാമിക വിശ്വാസ കാര്യങ്ങൾ വിശദീകരിക്കുന്ന പഠനശാഖയാണ് ഇൽമുൽ കലാം അഥവാ വചന ശാസ്ത്രം. ഇൽമു തൗഹീദി വസ്വിഫാത്ത്, അൽഫിഖ്ഹുൽ അക്ബർ, ഇൽമുൽ അഖാഇദ, ഉസൂലുദ്ദീൻ തുടങ്ങിയ വ്യത്യസ്ത പേരുകളിൽ ഈ വിജ്ഞാനശാഖ അറിയപ്പെടുന്നു. അനിവാര്യതകൾ തിരിച്ചറിഞ്ഞ് വിവിധ കാലഘട്ടങ്ങളിൽ വ്യത്യസ്ത വിജ്ഞാന ശാഖകൾ രൂപപ്പെട്ടിട്ടുണ്ടല്ലോ. അപ്രകാരം പിൽക്കാലത്താണ് ഇൽമുൽ കലാമും ഒരു സ്വതന്ത്ര ജ്ഞാനശാഖയായി രൂപപ്പെടുന്നത്.
അവാന്തര വിഭാഗങ്ങളുടെ കടന്നുവരവോടെയുണ്ടായ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളാണ് ഇത്തരമൊരു വിജ്ഞാന ശാഖ രൂപപ്പെടുത്താൻ മുസ്‌ലിം പണ്ഡിതന്മാരെ പ്രേരിപ്പിച്ചത്. ഇൽമുൽ കലാമിന് നേരെ വിമർശനമുന്നയിക്കുന്നവർ പലപ്പോഴും ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട്; ഇൽമുൽ കലാം ഇത്രമേൽ അനിവാര്യതയുള്ളതാണെങ്കിൽ എന്തുകൊണ്ടാണ് മുഹമ്മദ് നബി(സ്വ)യുടെയോ സച്ചരിതരായ സ്വഹാബികളുടെയോ കാലത്ത് ഇതൊരു പ്രത്യേക ജ്ഞാനശാഖയായി രൂപപ്പെടാതിരുന്നത്?

ഈ ചോദ്യത്തിന് ഇമാം സഅ്ദുദ്ദീൻ തഫ്താസാനി(റ) ശറഹുൽ അഖാഇദിന്റെ ആമുഖത്തിൽ മറുപടി നൽകുന്നത് കാണാം: ‘സ്വഹാബിമാർക്ക് നബി(സ്വ)യുമായുള്ള സഹവാസം കാരണമായും താബിഉകൾക്ക് പ്രവാചകരുടെ തൊട്ടടുത്ത കാലഘട്ടത്തിൽ ജീവിക്കാൻ അവസരം ലഭിച്ചത് മൂലവും ഉണ്ടായിത്തീർന്ന വിശ്വാസത്തെളിമകൊണ്ടും, പ്രശ്‌നങ്ങളും വീക്ഷണ വൈജാത്യങ്ങളും അന്ന് കുറവായതുകൊണ്ടും, വിശ്വസ്തരായ പണ്ഡിതന്മാരെ സംശയനിവാരണത്തിന് സമീപിക്കാൻ അവസരമുണ്ടായതുകൊണ്ടും ഇത്തരമൊരു വിജ്ഞാന ശാഖയുടെ ക്രോഡീകരണം അവർക്കാവശ്യമില്ലായിരുന്നു (പേ. 22).

പഠന ലക്ഷ്യങ്ങൾ

പ്രധാനമായും രണ്ട് ഭാഗങ്ങളുടെ സങ്കലനമാണ് ഇൽമുൽ കലാം. ഇസ്‌ലാമിക വിശ്വാസ സംഹിതയെ പ്രമാണബന്ധിതമായി സമർഥിക്കുകയെന്നതാണ് അതിന്റെ ഒരു ഭാഗമെങ്കിൽ, ഇസ്‌ലാമിന് നേരെ വരുന്ന വിമർശനങ്ങൾക്കും സന്ദേഹങ്ങൾക്കും യുക്തിയുക്തമായി മറുപടി നൽകുക എന്നതാണ് മറ്റൊരു ഭാഗം. വിശ്വാസ സംഹിതയെ പ്രമാണബന്ധിതമായി സമർഥിക്കുക എന്ന ഇൽമുൽ കലാം മുന്നോട്ടുവെക്കുന്ന ലക്ഷ്യത്തോട് എതിർപ്പ് പ്രകടിപ്പിച്ച പണ്ഡിതന്മാരെ ഇസ്‌ലാമിക ലോകത്ത് കാണാൻ കഴിയില്ല. എന്നാൽ ഉന്നയിക്കപ്പെടാൻ സാധ്യതയുള്ള സന്ദേഹങ്ങൾ അവതരിപ്പിക്കുകയും അവക്ക് നിവാരണം കണ്ടെത്തുകയും ചെയ്യുന്ന രീതി പൗരാണികരായ പല പണ്ഡിതരും വിമർശിച്ചിട്ടുണ്ട്.
രണ്ടാം ഭാഗം അനിവാര്യതകളാൽ മാത്രം അനുവദിക്കപ്പെടുന്നതണെന്ന് പൂർവകാല പണ്ഡിത നിലപാടുകളിൽ നിന്ന് വായിച്ചെടുക്കാവുന്നതാണ്. അതുകൊണ്ട് തന്നെ സമൂഹത്തിൽ എല്ലാവരും അനിവാര്യമായി പഠിക്കേണ്ട വിജ്ഞാനമായിട്ടല്ല ഇൽമുൽ കലാമിനെ പണ്ഡിതന്മാർ പരിചയപ്പെടുത്തുന്നത്. സാധരണക്കാരെ ഇൽമുൽ കലാമിൽ നിന്ന് അകറ്റി നിർത്താൻ സ്വതന്ത്ര രചനകൾ പോലും അവർ നടത്തിയിട്ടുണ്ട്. ഇമാം ഗസ്സാലി(റ)യുടെ ‘ഇൽജാമുൽ അവാം അൻ ഇൽമിൽ കലാം’ ഉദാഹരണം.

സാമൂഹിക ബാധ്യതയാണ്

ഇമാം നവവി(റ)യുടെ മിൻഹാജിനെ വിശദീകരിച്ചുകൊണ്ട് ഇബ്‌നുഹജർ(റ) ഇങ്ങനെ പ്രസ്താവിച്ചു: ‘പ്രപഞ്ച നാഥന്റെ ആസ്തിക്യവും സ്രഷ്ടാവിന് അനിവാര്യമായി ഉണ്ടാവേണ്ടതും ഉണ്ടാവാൻ പാടില്ലാത്തതുമായ വിശേഷണങ്ങളും, പ്രവാചകത്വവും പ്രവാചകന്മാരുടെ സത്യസന്ധതയും അവരുടെ നിയോഗത്തിന്റെ അനിവാര്യതയും ധൈഷണികമായും പ്രാമാണികമായും സമർഥിക്കൽ മുസ്‌ലിം സമൂഹത്തിന്റെ പൊതു ബാധ്യതകളിൽ പെട്ടതാണ് (തുഹ്ഫ 9/212). തുടർന്ന്, പുതിയ ചിന്താഗതിക്കാരും ദൈവനിഷേധികളും ഉന്നയിക്കുന്ന ആരോപണത്തിന് മറുപടി നൽകേണ്ടതിന്റെ അനിവാര്യത വിശദീകരിച്ചുകൊണ്ട് ഇമാമുൽ ഹറമൈനി(റ)യുടെ ഒരു വാചകം ഉദ്ധരിക്കുന്നു: ‘ജനങ്ങൾ ഇസ്‌ലാമിന്റെ സത്ത ചോർന്നു പോകാത്ത അവസ്ഥയിലായിരുന്നുവെങ്കിൽ കലാമിൽ വ്യാപൃതരാവാൻ നാം അവരെ നിർബന്ധിക്കുമായിരുന്നില്ല, ഒരുപക്ഷേ അതിൽ നിന്ന് വിലക്കിയേനേ.’

ശാഫിഈ(റ)യും ഇൽമുൽ കലാമും

ഇൽമുൽ കലാം പഠിക്കൽ നിരുപാധികം നിരുത്സാഹപ്പെടുത്തിയയാളാണ് ഇമാം ശാഫിഈ(റ) എന്ന ആരോപണത്തിന് ഇമാം ബൈഹഖി(റ) മനാഖിബു ശഫാഇയ്യയിൽ മറുപടി നൽകുന്നുണ്ട്. ഹഫ്‌സുൽ ഫർദ് എന്ന മുഅ്തസിലി നേതാവിനോട് സംവാദം നടത്തിയ ശേഷം ഇമാം ശാഫിഈ(റ) പറഞ്ഞു: ‘ബഹുദൈവാരാധനയല്ലാത്ത മുഴുവൻ തിന്മകളാലും ഒരു മനുഷ്യൻ പരീക്ഷിക്കപ്പെടുന്നതാണ് ഇൽമുൽ കലാമിനാൽ പരീക്ഷിക്കപ്പെടുന്നതിനെക്കാൾ നല്ലത്.’ ശേഷം ബൈഹഖി(റ) കൂട്ടിച്ചേർത്തു: ‘ഈ വാക്കുകൾകൊണ്ട് ശാഫിഈ(റ) ഉദ്ദേശിച്ചത് ഹഫ്‌സുൽ ഫർദിനെയും അദ്ദേഹത്തെ പോലെ പിഴച്ച ആശയമുള്ള കലാമികളെയുമാണ്.’
ഇൽമുൽ കലാമിനെതിരെ ഇമാം ശാഫിഈ(റ)യുടേതായി ഉദ്ധരിക്കപ്പെട്ട മുഴുവൻ വചനങ്ങളുടെയും ഉദ്ദേശ്യം ഇത്തരം പിഴച്ച വിഭാഗങ്ങളുടെ വാദങ്ങളാണ്. അബുൽ വലീദ് ബ്‌നു ജാറൂദ് പറയുന്നു: ‘ഹഫ്‌സുൽ ഫർദ് ഇമാം ശാഫിഈ(റ)യുടെ അടുത്ത് വരികയും അദ്ദേഹത്തോട് സംവദിക്കുകയും ചെയ്തു. പിന്നീട് ഞങ്ങളിലേക്ക് ഇറങ്ങിവന്ന ശാഫിഈ(റ) ഇപ്രകാരം പറഞ്ഞു: ‘തിഹാമയിലെ പർവതം കണക്കെ തിന്മയുമായി ഒരാൾ പാരത്രിക ലോകത്ത് അല്ലാഹുവിനെ കണ്ടുമുട്ടലാണ് ഇദ്ദേഹത്തിന്റെയും (ഹഫ്‌സുൽ ഫർദ്) അനുയായികളുടെയും ആദർശവുമായി അല്ലാഹുവിനെ സന്ധിക്കുന്നതിനേക്കാൾ നല്ലത്’ (മനാഖിബുശ്ശാഫിഈ 1/453-454). മേൽ പറഞ്ഞ സംഭവങ്ങളിൽ നിന്ന് ഇമാം ശാഫിഈ(റ)യുടെ കലാമികളോടുള്ള നിലപാട് കൃത്യമായി മനസ്സിലാക്കാം.
യഥാർഥ വിശ്വാസത്തിന് വിഗ്നം വരുത്തുന്ന മുഅ്തസിലികളുടെ കലാമിനെയാണ് ശാഫിഈ(റ) എതിർത്തതെന്ന് ഇമാം ബൈഹഖി(റ) തന്നെ തുറന്നെഴുതിയതാണ് നാം വായിച്ചത്. ഈ ഇമാം ശാഫിഈ എങ്ങനെയാണ് യഥാർഥ ഇൽമുൽ കലാമിനെ എതിർക്കുക!? അദ്ദേഹം സ്വന്തമായി തന്നെ എതിരാളികളോട് സംവാദങ്ങൾ നടത്തിയത് ചരിത്ര പ്രസിദ്ധമാണല്ലോ!

ഹമ്പലീ, മുഹാസിബീ നിലപാടുകൾ

അഹ്‌മദ് ബിൻ ഹമ്പൽ(റ)യും ഹാരിസുൽ മുഹാസിബി(റ)യും തമ്മിൽ ഇൽമുൽ കലാമിന്റെ വിഷയത്തിൽ ഭിന്നാഭിപ്രായം നിലനിന്നിരുന്നത് ചരിത്ര പ്രസിദ്ധം. ഇരുവരും മഹാജ്ഞാനികളും സൂഫികളും കർമശാസ്ത്ര പണ്ഡിതരുമായിരുന്നു. ഇവിടെ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. അഹ്‌മദ് ബിൻ ഹമ്പൽ(റ) എതിർത്തത് ഇൽമുൽ കലാമിന്റെ ഒന്നാം ഭാഗമായി നാം പരിചയപ്പെടുത്തിയ വിശ്വാസ സംഹിതയെ പ്രമാണബന്ധിതമായി സമർഥിക്കുക എന്ന വിഷയത്തെയല്ല. പ്രത്യുത, സന്ദേഹങ്ങളോട് യുക്തിപരമായി പ്രതികരിക്കുക എന്ന മുതകല്ലിമീങ്ങളുടെ നിലപാടിനെയായിരുന്നു. ഇത് അഹ്‌മദ് ബ്‌നു ഹമ്പൽ(റ)വിന്റെ വാക്കുകളിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്.

ഇമാം ഗസ്സാലി(റ) ഈ അഭിപ്രായ ഭിന്നതയെ അൽമുൻഖിദു മിനള്ളലാൽ എന്ന പ്രസിദ്ധ ഗ്രന്ഥത്തിൽ ഇപ്രകാരം രേഖപ്പെടുത്തുന്നത് കാണാം: ‘മുഅ്തസിലിയ്യത്തിനെതിരെ ഹാരിസുൽ മുഹാസിബി(റ) ഖണ്ഡനമെഴുതിയപ്പോൾ അഹ്‌മദ് ബിൻ ഹമ്പൽ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു. തുടർന്ന് ബിദ്അത്തിനെ ഖണ്ഡിക്കൽ നിർബന്ധമാണെന്ന് ഹാരിസുൽ മുഹാസിബി മറുപടി പറഞ്ഞപ്പോൾ അഹ്‌മദ് ബിൻ ഹമ്പൽ(റ) ഇപ്രകാരം പറഞ്ഞു: ‘താങ്കൾ പറഞ്ഞത് ശരിയാണ്, എങ്കിലും അവരുടെ സംശയങ്ങൾ ഉദ്ധരിക്കുകയും പിന്നീട് അതിനു മറുപടി പറയുകയും ചെയ്യുമ്പോൾ സംശയങ്ങൾ മാത്രം വായിക്കുകയും മറുപടി ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്ന, അല്ലെങ്കിൽ മറുപടി വായിക്കുകയും അതിനെ കൃത്യമായി മനസ്സിലാക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥ വന്നേക്കാം.’ ഈ ആകുലതയാണ് ഇമാം അഹ്‌മദ്(റ)നെ ഹാരിസുൽ മുഹാസിബിയോടുള്ള വിയോജിപ്പിന് പ്രേരിപ്പിച്ചത്.

തുടർന്ന് ഗസ്സാലി(റ) ഇരു വാദങ്ങളെയും നിരൂപിച്ചു: ‘അഹ്‌മദ്(റ) പറഞ്ഞത് സത്യമാണ്, പക്ഷേ ഈ നിലപാട് സമൂഹത്തിൽ വ്യാപിക്കുകയോ പ്രചണ്ഡപ്രചാരണം നേടുകയോ ചെയ്യാത്ത സന്ദേഹങ്ങളുടെ കാര്യത്തിൽ മാത്രം സാധ്യമായതാണ്. എന്നാൽ സന്ദേഹങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിൽ മറുപടി നൽകൽ നിർബന്ധ ബാധ്യതയത്രെ. മറുപടി നൽകാൻ വിമർശനങ്ങൾ ഉദ്ധരിക്കാതെ സാധ്യമല്ലതാനും (അൽമുൻഖിദു മിന ള്ളലാൽ, പേ. 160).
തുടർന്ന് അനിവാര്യതയനുസരിച്ച് പ്രതികരിക്കേണ്ട രീതിശാസ്ത്രം മനോഹരമായി ഗസ്സാലി(റ) വിശദീകരിക്കുകയുണ്ടായി.
സമാനമായ ഒരു വിശദീകരണം ഗസ്സാലി(റ) തന്നെ ഇഹ്‌യാഉലൂമുദ്ദീനിൽ നടത്തിയത് ഇവിടെ ചേർത്തു വായിക്കാം: ‘യഥാർഥത്തിൽ ഇൽമുൽ കലാം എല്ലാ അവസരത്തിലും ഉപകാരമാണെന്നോ ഉപദ്രവമാണെന്നോ പറഞ്ഞുകൂടാ. ഇൽമുൽ കലാമിൽ ഉപകാരവും ഉപദ്രവവുമുണ്ട്. അതിന്റെ ഉപകാരത്തെ പരിഗണിച്ചും സന്ദർഭങ്ങൾക്കനുസരിച്ചും നിർബന്ധം, ഐച്ഛികം, അനുവദനീയം എന്നിവയാകുകയും ഉപദ്രവകാരിയാകുന്ന ഘട്ടത്തിൽ നിഷിദ്ധമാകുകയും ചെയ്യും (ഇഹ്‌യ 1/97).

ഇൽമുൽ കലാമും ആധുനികതയും

സമൂഹത്തിൽ സന്ദേഹങ്ങൾ വ്യാപിക്കുന്ന അനിവാര്യ ഘട്ടത്തിൽ മാത്രമേ കലാമിയ്യായ ചർച്ചകൾക്ക് വഴിയൊരുക്കേണ്ടതുള്ളൂ എന്ന് മുകളിലെ വിശദീകരണങ്ങളിൽ നിന്ന് നാം മനസ്സിലാക്കി. ആധുനിക സമൂഹത്തിൽ ദൈവാസ്തിക്യപരമായും പ്രവാചകത്വ സംബന്ധിയായുമുള്ള വിമർശനങ്ങളും സംശയങ്ങളും നാസ്തികരും ശാസ്ത്രമാത്രവാദികളും പ്രചരിപ്പിക്കുന്നുണ്ട് എന്നത് യാഥാർഥ്യമാണ്. അതുകൊണ്ടുതന്നെ തീർത്തും അനിവാര്യമായ ഘട്ടത്തിലാണ് നാം ഇൽമുൽ കലാമിനെ ചർച്ചക്ക് എടുക്കുന്നത്.

ആധുനിക കാലത്ത് ഇൽമുൽ കലാം എത്രമാത്രം പ്രസക്തമാണെന്ന് നൂഹ് കെല്ലർ കലാം ആന്റ് ഇസ്‌ലാം എന്ന ഗ്രന്ഥത്തിൽ പറയുന്നുണ്ട്. പ്രധാനപ്പെട്ട മൂന്ന് ലക്ഷ്യങ്ങളാണ് അദ്ദേഹം പരിചയപ്പെടുത്തിയത്.
1. യാഥാർഥ വിശ്വാസ ശാസ്ത്രത്തെ വിശദീകരിക്കുക.
2. യഥാർഥ വിശ്വാസം യുക്തിക്കോ അനുഭവങ്ങൾക്കോ വിരുദ്ധമല്ല എന്ന് സ്ഥാപിക്കുക.
3. ഈ ബോധ്യങ്ങളിൽ എത്തിച്ചേരാനാവശ്യമായ അടിസ്ഥാനങ്ങൾ പകർന്നുനൽകുക.
ഈ ലക്ഷ്യങ്ങൾ പൂർത്തീകരിക്കപ്പെടുന്നതിലൂടെ യഥാർഥ വിശ്വാസത്തിന്റെ വക്താക്കളായ സമൂഹത്തെ സൃഷ്ടിച്ചെടുക്കുക എന്ന പ്രബോധന ദൗത്യം നമുക്ക് പൂർത്തീകരിക്കാൻ കഴിയും. പക്ഷേ ഖേദകരമെന്ന് പറയട്ടെ, ആധുനിക അക്കാദമിക ലോകത്തെ ദൈവാസ്തിക്യ ചർച്ചകളിൽ മുസ്‌ലിം സാന്നിധ്യം താരതമ്യേന കുറവാണ്. എന്നാൽ നാസ്തികർക്കെതിരെയുള്ള ക്രൈസ്തവ ചിന്തകരുടെ ധാരാളം രചനകൾ പുറത്ത് വരുന്നുമുണ്ട്, പ്രത്യേകിച്ച് ഇംഗ്ലീഷ് ഭാഷയിൽ. മുസ്‌ലിം അക്കാദമിക മേഖലയിൽ ഇത്തരം ചർച്ചകളിൽ ഇടപെടുന്നവർ ക്രൈസ്തവ അടിസ്ഥാന തത്ത്വങ്ങളിൽ അധിഷ്ഠിതമായി എഴുതപ്പെട്ട രചനകൾ വായിക്കുന്നതിലൂടെ മറ്റു ചില അപകടങ്ങൾ പതിയിരിക്കുന്നുണ്ട്. ലിബറലിസത്തെ ചുമലിലേറ്റി നവനാസ്തികത സമൂഹത്തിൽ സ്വാധീനമുറപ്പിക്കാൻ കുതന്ത്രങ്ങൾ മെനയുന്ന ഈ കാലത്ത് ഇൽമുൽ കലാം പൊടിതട്ടിയെടുത്ത് പ്രതിരോധം തീർക്കേണ്ടതിന്റെ അനിവാര്യത തിരിച്ചറിയാതെ പോകരുത്.

ബദ്‌റുദ്ദീൻ അഹ്‌സനി മുത്തനൂർ

Exit mobile version