ഈ വിചാര വിപ്ലവം നെഞ്ചേറ്റെടുക്കുക

ധാര്‍മിക വിപ്ലവ പോരാട്ട രംഗത്തെ നിറസാന്നിധ്യമായ ചാരിതാര്‍ത്ഥ്യത്തോടെ സുന്നി യുവജന സംഘം അറുപതാം വാര്‍ഷികമാഘോഷിക്കുകയാണ്. മഹാ സംഗമത്തിന് ഇനി ദിവസങ്ങള്‍ മാത്രം. അതു മറ്റൊരു ചരിത്രമാവുമെന്നതില്‍ എസ്.വൈ.എസിനെ അറിഞ്ഞനുഭവിച്ചവര്‍ക്ക് സന്ദേഹമേതുമില്ല.
വെറുതെയൊരു സംഘടന, അതിനു ചില നേതാക്കള്‍ഇങ്ങനെയായിരുന്നില്ല സുന്നി യുവജന പ്രസ്ഥാനത്തിന്റെ പിറവി. ഏതോ ഒരു നിമിഷത്തെ പ്രേരണയില്‍ ജനിച്ചുണ്ടായതുമല്ല. മറിച്ച് ഉന്നതശീര്‍ഷരായ ഭക്തപണ്ഡിതരുടെ വര്‍ഷങ്ങളുടെ ചിന്തക്കും ചര്‍ച്ചകള്‍ക്കും ശേഷം, മാതൃസംഘമായ സമസ്തയുടെ നയനിലപാടുകള്‍ സമൂഹത്തിലേക്കെത്തിക്കാന്‍ തികച്ചും അനിവാര്യമായൊരു ഘട്ടത്തില്‍ എസ്.വൈ.എസ് ഉദയം കൊണ്ടു. പിന്നീടിതുവരെ കേരള ചരിത്രം നമ്മുടേതുകൂടിയായി. വേണ്ടിടത്ത് തിരുത്തിയും ആവശ്യമെങ്കില്‍ ശാസിച്ചും ധര്‍മ സമര രംഗത്ത് നിര്‍മാണാത്മകമായി ജ്വലിച്ചു നിന്നും ആദര്‍ശ കേരളത്തിനു പുതിയ ദിശാബോധം നല്‍കാന്‍ ഈ സാര്‍ഥവാഹക സംഘത്തിനായി. കേവലം അവകാശവാദമല്ല; ആര്‍ക്കുമറിയാവുന്ന വസ്തുത മാത്രമാണിത്.
അറുപതാണ്ടിന്റെ മുഖപ്പില്‍ നിന്നും തിരിഞ്ഞു നോക്കുമ്പോള്‍ അഭിമാനിക്കാനേറെയുണ്ട്. രാഷ്ട്രീയത്തിന്റെ ചിറകിനടിയില്‍ സുരക്ഷിതരായിരുന്ന് യഥാര്‍ത്ഥ മതത്തെ വെട്ടിമുറിച്ചും വികൃതമാക്കിയും നശിപ്പിക്കാന്‍ ശ്രമിച്ച ബിദ്അത്തുകാരെ മുസ്‌ലിം കേരളത്തിന്റെ പുറംപോക്കിലെ അനധികൃത വിഭാഗമായി പരിചയപ്പെടുത്താനായത് തന്നെ വലിയ കാര്യം. സാന്ത്വന, സഹായ, വിദ്യാഭ്യാസ, ആത്മീയ, ആദര്‍ശ രംഗത്തെ സമാനതകളില്ലാത്ത മുന്നേറ്റങ്ങള്‍ വേറെയും. സാത്വികനേതൃത്വം കൈമാറി തന്ന ഈ ദിവ്യ പ്രകാശം കെടാതെ സൂക്ഷിക്കേണ്ടത് മതത്തിനും രാജ്യത്തിനും ആവശ്യമാണ്. നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്ത് നല്ലതിലേക്ക് ക്ഷണിക്കുന്ന ഒരു സംഘം നിങ്ങളില്‍ ഉണ്ടായിരിക്കട്ടെ, അവരാണ് വിജയികള്‍ എന്ന വിശുദ്ധ വേദത്തിന്റെ വചനപ്പൊരുളായി കേരളത്തെ ധര്‍മത്തിന്റെ ഓരം ചേര്‍ത്തുനിര്‍ത്തിയ ആദര്‍ശ ശക്തിയാണ് എസ് വൈ എസ്. കൂടുതല്‍ ഊര്‍ജസ്വലതയോടെ, വിപുലമായ പദ്ധതികളുമായി പ്രസ്ഥാനം അറുപതാം വാര്‍ഷികമാഘോഷിക്കുമ്പോള്‍ ഈ വിചാരവിപ്ലവത്തിന് ഭാവുകങ്ങളര്‍പ്പിക്കുക; ഓരോരുത്തരും ഈ സന്ദേശം നെഞ്ചേറ്റെടുക്കുക. നാഥന്‍ തുണക്കട്ടെ.

Exit mobile version