ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍ കഴിവുള്ളവര്‍ക്ക് നിര്‍ബന്ധമാണ്. “നിങ്ങള്‍ ഹജ്ജും ഉംറയും സന്പൂര്‍ണമായി അനുഷ്ഠിക്കുക’ (ഖുര്‍ആന്‍ 2/196).

നബി(സ്വ) പ്രവാചകത്വ ലബ്ധിക്കുശേഷം ഒരു ഹജ്ജ് മാത്രമേ നിര്‍വഹിച്ചിട്ടുള്ളൂ. എന്നാല്‍ അവിടുന്ന് ഉംറ പല തവണ നിര്‍വഹിച്ചിട്ടുണ്ട്. ഖതാദ(റ) പറയുന്നു: “ഞാന്‍ അനസ്(റ)നോട് ചോദിച്ചു. നബി(സ്വ) എത്ര ഉംറകള്‍ നിര്‍വഹിച്ചിട്ടുണ്ട്. അനസ്(റ)ന്റെ മറുപടി “നാല്.’ നബി(സ്വ) എത്ര ഹജ്ജ് നിര്‍വഹിച്ചു? അനസ്(റ) പറഞ്ഞു: ഒന്ന്’ (ബുഖാരി/1778).

മഹത്ത്വം

സ്വഹാബീ പ്രമുഖനായ ഔഫ്(റ) പറയുന്നു: നബി(സ്വ) ഒരു മയ്യിത്തിനു മേല്‍ നിസ്കരിച്ചു. മയ്യിത്തിന്റെ പരലോക നന്മക്കുവേണ്ടി അവിടുന്ന് പ്രാര്‍ത്ഥിച്ചു. അപ്പോള്‍ ആ മയ്യിത്തിന്റെ സ്ഥാനത്ത് ഞാന്‍ ആയിരുന്നെങ്കില്‍ എന്നു ഞാന്‍ കൊതിച്ചുപോയി (മുസ്‌ലിം/963). നബി(സ്വ)യുടെ പ്രാര്‍ത്ഥന ഒരു വിശ്വാസി എന്തുമാത്രം കൊതിക്കുന്നു എന്ന് ഈ സംഭവം സൂചിപ്പിക്കുന്നു.

എന്നാല്‍ നമുക്ക് നബി(സ്വ)യുടെ പ്രാര്‍ത്ഥന നേടുവാന്‍ ഉംറയിലൂടെ സാധിക്കുന്നു. എങ്ങനെയെന്നല്ലേ? നബി(സ്വ) പ്രാര്‍ത്ഥിക്കുന്നതു കാണുക: “ഹജ്ജ് നിര്‍വഹിച്ചുകൊണ്ടോ ഉംറ ചെയ്തുകൊണ്ടോ കഅ്ബയെ മഹത്ത്വപ്പെടുത്തുന്നവര്‍ക്ക് അല്ലാഹുവേ നീ ആദരവും ശ്രേഷ്ഠതയും പവിത്രതയും പുണ്യവും വര്‍ധിപ്പിക്കേണമേ’ (ബൈഹഖി/8995).

അബൂഹുറൈറ(റ)യില്‍ നിവേദനം. നബി(സ്വ) അരുളി: ആരെങ്കിലും പാപം കലരാതെ കാമക്രീഡ കാണിക്കാതെ ഹജ്ജ് നിര്‍വഹിക്കുകയോ ഉംറ അനുഷ്ഠിക്കുകയോ ചെയ്താല്‍ പിറന്നുവീണ കുഞ്ഞിനെപ്പോലെ പാപവിമുക്തരായി (ദാറഖുത്നി/2688).

പഠിച്ചു ചെയ്യാം

ഉംറ ഒരു സുപ്രധാന പുണ്യകര്‍മമാണ്. അതിന്റെ നിയമങ്ങളും മര്യാദകളും പഠിക്കാതെ എങ്ങനെയെങ്കിലും ഉംറാ ചടങ്ങ് നടത്തുന്നതുകൊണ്ട് ബാധ്യത വീടില്ല. ഒന്നും പഠിക്കാതെ പലതും ചെയ്തുകൂട്ടുന്നവരുണ്ട്. ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്(റ) പറയുന്നു: “വിവരമില്ലാത്ത ഭക്തന്റെ കുഴപ്പവും ദുര്‍നടപ്പുകാരനായ ജ്ഞാനിയുടെ പതനവും നിങ്ങള്‍ കരുതിയിരിക്കുക’ (മുഅ്ജമുബിനില്‍ മുഖ്രീഹി 58/381). അതിനാല്‍ പഠിച്ചും ഭക്തിപുരസ്സരവും ഉംറയിലേക്ക് പ്രവേശിക്കാം. അതിന് ആദ്യം വേണ്ടത് തയ്യാറെടുപ്പാണ്.

ഉംറ ഉദ്ദേശിക്കുന്നവര്‍ മനസാ വാചാ കര്‍മണാ സംശുദ്ധിയാര്‍ജിക്കണം. മനസ്സറിഞ്ഞ് പശ്ചാതപിക്കണം. ഉംറ തീരുമാനിച്ചാല്‍ തയ്യാറെടുപ്പിന്റെ തുടക്കം തന്നെ തൗബയാണ്. പാപം പൊറുക്കണേ എന്ന കേവല പ്രാര്‍ത്ഥനയല്ല തൗബ. മറിച്ച്, സംഭവിച്ചുപോയ പാപങ്ങളോര്‍ത്ത് ഉള്‍ക്കിടിലമുണ്ടാകുന്ന ഖേദം സംജാതമാകണം. തൗബയെന്നാല്‍ ഖേദമാണെന്ന തിരുവചനമോര്‍ക്കുക.

മറ്റുള്ളവരോട് സമ്പത്തിലോ പെരുമാറ്റത്തിലോ അന്യായം വന്നുപോയെങ്കില്‍ അവരെ കണ്ട് മാപ്പപേക്ഷിച്ച് പ്രീതി സന്പാദിക്കണം. നബി(സ്വ) ഉദ്ബോധിപ്പിക്കുന്നു: “ആരെങ്കിലും ആരുടെയെങ്കിലും അഭിമാനത്തിലോ മറ്റു വല്ലതിലുമോ അന്യായം കാണിച്ചാല്‍ ഈ അവസരത്തിലത് പൊരുത്തപ്പെടീക്കേണ്ടതാണ്’ (ബുഖാരി/2449).

മാതാപിതാക്കള്‍, ഗുരുവര്യര്‍ മുതലായവരോട് പ്രത്യേകം പൊരുത്തം വാങ്ങണം. അതുപോലെ ഭാര്യ, സന്താനങ്ങള്‍, ശിഷ്യര്‍, കീഴ്ജോലിക്കാര്‍ തുടങ്ങിയവരോടും പൊരുത്തമഭ്യര്‍ത്ഥിക്കുക. അബൂദര്‍റ്(റ) വളര്‍ത്തു മൃഗങ്ങളോടു പോലും പൊരുത്തമഭ്യര്‍ത്ഥിച്ചിരുന്നുവെന്ന് ചരിത്രം. കൂടാതെ ശാരീരിക വൃത്തിയും സംശുദ്ധിയും പാലിക്കണം, മീശവെട്ടുക, കക്ഷഗുഹ്യ രോമങ്ങള്‍ നീക്കുക, നഖം വെട്ടുക, വെള്ളം ചേരാത്ത വിധമുള്ള ചായങ്ങള്‍ മുടിയില്‍ നിന്നും നഖത്തില്‍ നിന്നും നീക്കുക. വുളു, കുളി മുതലായ ശുദ്ധികള്‍ യഥാവിധി നിര്‍വഹിക്കുക.

യാത്രയിറങ്ങുന്നതിന് തൊട്ടുമുന്പായി രണ്ട് റക്അത്ത് സുന്നത്ത് നിസ്കരിക്കുക. യാത്രയുടെ സുന്നത്ത് ഞാന്‍ നിസ്കരിക്കുന്നു എന്നാണ് നിയ്യത്ത്. ആദ്യ റക്അത്തില്‍ ഫാതിഹക്കു ശേഷം കാഫിറൂന സൂറത്തും രണ്ടാം റക്അത്തില്‍ ഇഖ്ലാസ് സൂറത്തും ഓതണം. നിസ്കാരശേഷം ആയതുല്‍ കുര്‍സിയ്യ്, സൂറതുല്‍ ഖുറൈശ് എന്നിവ ഓതുക (ഈളാഹ്/62). വീട്ടില്‍ നിന്ന് പുറത്തേക്ക് ഇടതുകാല്‍ ആദ്യം വെച്ച് ഇറങ്ങുകയും വാഹനത്തിലേക്ക് വലതു കാല്‍ മുമ്പില്‍വെച്ച് കയറുകയും ചെയ്യുക.

ഉംറ

ഉംറയുടെ നിര്‍ബന്ധ ഘടകങ്ങള്‍ അഞ്ചാണ്.

ഒന്ന്: ഇഹ്റാം അഥവാ നിയ്യത്ത്.

രണ്ട്: ത്വവാഫ് (കഅ്ബയെ ഏഴു തവണ ചുറ്റല്‍).

മൂന്ന്: സഅ്യ് അതായത് സ്വഫാ മര്‍വ കുന്നുകള്‍ക്കിടയില്‍ ഏഴു തവണ നടക്കുക.

നാല്: തഹല്ലുല്‍ അഥവാ വിരാമം.

അഞ്ച്: ഈ ഘടകങ്ങള്‍ ഇതേ ക്രമത്തില്‍ അനുഷ്ഠിക്കുക.

ഇഹ്റാം അഥവാ നിയ്യത്ത് പറയല്‍ സുന്നത്തും മനസ്സില്‍ കരുതല്‍ നിര്‍ബന്ധവുമാണ്. മീഖാതില്‍ വെച്ചോ അതിനു മുന്പായോ ഇഹ്റാം ചെയ്യാം. ശേഷം ഇടമുറിയാത്ത ഭക്തി പാലിക്കണം. ഇഹ്റാം ചെയ്തുകഴിഞ്ഞാല്‍ സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കുക, നഖമോ മുടിയോ നീക്കുക, സ്ത്രീകള്‍ മുഖം മറക്കുക, കൈയുറ ധരിക്കുക എന്നിവ നിഷിദ്ധമാണ്. എന്നാല്‍ കൈയുറ കൊണ്ടല്ലാതെ മുന്‍കൈ മറക്കുന്നതിന് വിരോധമില്ല. പുരുഷര്‍ തുന്നിയ വസ്ത്രം ധരിക്കുകയുമരുത്. ഒരു ഉടുമുണ്ടും ഒരു മേല്‍മുണ്ടുമാണവരുടെ വേഷം. അടിവസ്ത്രങ്ങളും ഉപയോഗിക്കരുത്. എന്നാല്‍ ബെല്‍റ്റ്, മോതിരം, വാച്ച് മുതലായവ ഉപയോഗിക്കാം.

ത്വവാഫ്

മസ്ജിദുല്‍ ഹറമില്‍ വെച്ചാണ് ത്വവാഫ് നിര്‍വഹിക്കേണ്ടത്. മക്കയില്‍ എത്തിയാല്‍ ആവശ്യമെങ്കില്‍ കുളിക്കുകയും അലക്കുകയും ചെയ്യാം. പക്ഷേ, കുളിക്കുമ്പോള്‍ തലയില്‍ നിന്നോ മറ്റോ രോമങ്ങള്‍ പൊഴിക്കരുത്. പരിപൂര്‍ണമായ ഭക്ത്യാദരങ്ങളോടെയേ മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കാവൂ. ഹജറുല്‍ അസ്വദിനു മുന്നില്‍ വെച്ചാണ് ത്വവാഫ് ആരംഭിക്കേണ്ടത്. ഹജറുല്‍ അസ്വദിന് നേരെ അടയാളമായി പച്ച ലൈറ്റ് കാണാം. ത്വവാഫിനിടയില്‍ കഅ്ബയിലേക്ക് തിരിയരുത്. കഅ്ബയെ സ്പര്‍ശിക്കുകയുമരുത്. കഅ്ബ ഇടതുവശത്താകും വിധമാണ് നടക്കേണ്ടത്.

ഓരോ ചവിട്ടടിയും ത്വവാഫില്‍ നിന്ന് ശ്രദ്ധ തിരിയാതെ അനുഷ്ഠിക്കണം. കൂട്ടുകാരന്റെ കൂടെയെത്താനോ ഓടിയ കുട്ടിയെ പിടിക്കാനോ ഉദ്ദേശിച്ച് മുന്നോട്ടു നീങ്ങിയാല്‍ അത്രയും ചലനം ത്വവാഫായി പരിഗണിക്കപ്പെടില്ല. പുറകോട്ട് മാറിനടന്നോ ആ ചുറ്റ് പുനരാരംഭിച്ചോ അത് പരിഹരിക്കണം. സ്ത്രീകള്‍ ത്വവാഫ് ചെയ്യുമ്പോള്‍ മുഖവും മുന്‍കൈയും അല്ലാത്ത മുഴുവന്‍ ശരീര ഭാഗങ്ങളും നിര്‍ബന്ധമായും മറച്ചിരിക്കണം. കാലില്‍ സോക്സ് ധരിക്കുക. കൈതണ്ടയോ തലമുടിയോ പുറത്താവാതെ ശ്രദ്ധിക്കുകയും ചെയ്യുക.

ത്വവാഫിലെ ദിക്റുകള്‍ പതുക്കെയാണ് ചൊല്ലേണ്ടത്. സ്ത്രീകള്‍ പ്രത്യേകിച്ചും. മറ്റുള്ളവരുടെ ശ്രദ്ധ തിരിക്കുക, അവര്‍ക്ക് ശല്യമാവുക തുടങ്ങിയ സന്ദര്‍ഭത്തില്‍ ശബ്ദമുയര്‍ത്തുന്നത് ഹറാമാണ്. “ആളെ കാണിക്കാന്‍ ദിക്ര്‍, ദുആകള്‍ ഉച്ചത്തില്‍ ചൊല്ലുന്നത് അപലപനീയമാണ്’ (ശര്‍വാനീ 4/106).

ത്വവാഫില്‍ ഒച്ചവെച്ച് ദിക്റുകള്‍ ചൊല്ലിക്കൊടുക്കുന്ന അമീറുമാരും ഉറക്കെ അതേറ്റുചൊല്ലുന്ന സഹയാത്രികരും ഇതു ശ്രദ്ധിക്കണം. ത്വവാഫിലോ സഅ്യിലോ നിര്‍ബന്ധമായ പ്രത്യേക ദിക്ര്‍, ദുആകള്‍ ഇല്ല. ഏഴാം ചുറ്റലില്‍ ഹജറുല്‍ അസ്വദിന് മുമ്പിലെത്തിയാല്‍ മാത്രമേ ത്വവാഫ് പൂര്‍ണമാകൂ. അതിനു മുമ്പുതന്നെ ത്വവാഫ് നിര്‍ത്തിയാല്‍ ത്വവാഫോ ഉംറയോ ലഭിക്കില്ല. കഅ്ബയുടെ സമാന്തര പ്രതലത്തിലോ അതിനു മുകള്‍തട്ടിലോ അണ്ടര്‍ ഗ്രൗണ്ടിലോ ത്വവാഫ് ആകാം.

ത്വവാഫ് കഴിഞ്ഞാല്‍ രണ്ടു റക്അത്ത് സുന്നത്ത് നിസ്കാരം നിര്‍വഹിക്കുക. ആദ്യത്തെ റക്അത്തില്‍ ഫാതിഹക്കു ശേഷം കാഫിറൂന സൂറത്തും രണ്ടാം റക്അത്തില്‍ ഇഖ്ലാസ് സൂറത്തുമാണ് ഓതേണ്ടത്. ഇബ്റാഹിം നബിയുടെ പാദമുദ്രയുള്ള കല്ലിനു (മഖാം ഇബ്റാഹിം) പിറകിലാണ് അത് നിര്‍വഹിക്കാന്‍ ഏറ്റവും ഉത്തമം. അതിനു സൗകര്യപ്പെട്ടില്ലെങ്കില്‍ മത്വാഫിലോ മസ്ജിദുല്‍ ഹറാമിലോ മറ്റിടങ്ങളിലോ വെച്ച് നിര്‍വഹിക്കാം. അമ്പിയാക്കള്‍, ഔലിയാക്കള്‍ തുടങ്ങിയവരുടെ ചിഹ്നങ്ങള്‍ ആദരിക്കുന്നത് ശിര്‍കോ കുഫ്റോ അന്ധവിശ്വാസമോ അല്ല. ഇസ്‌ലാമിക സംസ്കാരമാണെന്ന് മഖാമു ഇബ്റാഹിം ഉദ്ഘോഷിക്കുന്നുണ്ട്. “നിങ്ങള്‍ മഖാമു ഇബ്റാഹീമിനെ നിസ്കാര വേദിയാക്കിക്കൊള്ളുക’ (ഖുര്‍ആന്‍ 2/125).

സംസം കുടിക്കല്‍ പുണ്യകര്‍മമാണ്. ത്വവാഫ് കഴിഞ്ഞാല്‍ പ്രത്യേകിച്ചും. ദാഹം തീരാന്‍ മാത്രം ഉദ്ദേശിച്ചാല്‍ പുണ്യമാവില്ല. “സംസം ബറകത്തുള്ള ജലമാണ്’ (ബൈഹഖി/9441). “എന്തു നിനച്ച് കുടിക്കുന്നുവോ അത് നേടിത്തരുന്നതാണ് സംസം’ (ഹാകിം/1739). സംസമില്‍ നിന്ന് ബറകത്തു കാംക്ഷിക്കലും ഉപയോഗിക്കലും ഇസ്‌ലാമികമാണെന്നു ചുരുക്കം.

സഅ്യ്

ത്വവാഫും അനുബന്ധ മുറകളും കഴിഞ്ഞവര്‍ സഅ്യ് നിര്‍വഹിക്കുക. നബി(സ്വ) അരുളി: “നിങ്ങള്‍ സഅ്യ് ചെയ്യുക, അല്ലാഹു അത് നിര്‍ബന്ധ കല്‍പനയാക്കിയിരിക്കുന്നു’ (അഹ്മദ്, അല്‍ബിദായ 4/239). കഅ്ബയുടെ കിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു കുന്നാണ് സ്വഫാ. അതില്‍ കയറി ദിക്ര്‍ ദുആക്ക് ശേഷമാണ് സഅ്യ് ആരംഭിക്കേണ്ടത് (ഫതാവാ ഇമാം സുബ്കീ 1/322). സഫയില്‍ നിന്ന് മര്‍വകുന്ന് വരെ എത്തിയാല്‍ ഒരു സഅ്യ് ആയി. തിരിച്ച് സ്വഫയിലെത്തിയാല്‍ രണ്ട്. ഏഴാം തവണ മര്‍വയില്‍ എത്തുന്നതോടെ സഅ്യ് കഴിഞ്ഞു.

തഹല്ലുല്‍

ഇനി മുടിയെടുത്താല്‍ ഉംറയുടെ കര്‍മങ്ങള്‍ തീര്‍ന്നു. തലയില്‍ നിന്ന് മൂന്ന് മുടി പൂര്‍ണമായോ ഭാഗികമായോ എടുക്കല്‍ നിര്‍ബന്ധമാണ്. സ്ത്രീക്കും പുരുഷനും ഇതാണ് നിയമം. പുരുഷന്‍ മുടി മുണ്ഡനം ചെയ്യലും സ്ത്രീ തലമുടിയറ്റം ഏതാണ്ട് ഒരിഞ്ച് നീളത്തില്‍ വെട്ടിക്കളയലും ഉത്തമം. എടുത്ത മുടി കുഴിച്ചിടല്‍ സ്ത്രീകള്‍ക്ക് നിര്‍ബന്ധവും പുരുഷന് സുന്നത്തുമാണ്. സ്ത്രീകള്‍ മര്‍വയില്‍ വെച്ച് അന്യരെ കാണിക്കും വിധം മുടി എടുക്കരുത്.

ഉംറകളും ത്വവാഫും പരമാവധി അധികരിപ്പിക്കല്‍ സുന്നത്തുണ്ട്. ഒരു വര്‍ഷത്തില്‍ ഒരു ഉംറ മാത്രമേ ആകാവൂ എന്ന പ്രചാരണം അബദ്ധമാണ്. “വര്‍ഷത്തില്‍ ഉംറകള്‍ ആവര്‍ത്തിക്കുന്നത് സുന്നത്താണ്’ (ശര്‍ഹുമുസ്‌ലിം 1/375). ഒരു വര്‍ഷത്തില്‍ അനേകം ഉംറകള്‍ എന്ന ശീര്‍ഷകത്തില്‍ ബൈഹഖീ ഇമാമിന്റെ ഹദീസ് സമാഹാരത്തില്‍ ഒരധ്യായം തന്നെ കാണാം (4/344). ആഇശ(റ)യെ ഒരു വര്‍ഷത്തില്‍ നബി(സ്വ) രണ്ടു തവണ ഉംറ ചെയ്യിപ്പിച്ചിട്ടുണ്ട്. ഉമര്‍, അലി, ആഇശ, ഇബ്നു ഉമര്‍, അബ്ദുല്ലാഹിബ്നു സുബൈര്‍, അനസ്(റ.ഹും) തുടങ്ങിയവര്‍ വര്‍ഷത്തില്‍ പല തവണ ഉംറ നിര്‍വഹിച്ചവരും അതിന് നിര്‍ദേശിച്ചവരുമാണ്. അലി(റ) ദിവസേനയും ഉംറകള്‍ ചെയ്തിട്ടുണ്ട് (ബൈഹഖി 4/344).

മരണപ്പെട്ടവര്‍ക്ക്

മരണപ്പെട്ടവര്‍ക്കുവേണ്ടി ഉംറകള്‍ നിര്‍വഹിക്കാം. സ്വന്തത്തിന് വേണ്ടി ആവര്‍ത്തിച്ച് ചെയ്യുന്നതിലേറെ പ്രതിഫലാര്‍ഹമാണത്. തന്റെ നിര്‍ബന്ധമായ ഉംറ കഴിഞ്ഞ ശേഷമേ അപരന് വേണ്ടി ഉംറ ചെയ്യാവൂ. “മരണപ്പെട്ടവര്‍ക്ക് വേണ്ടി ഒരാള്‍ ഉംറ നിര്‍വഹിച്ചാല്‍ പരേതന് ഒരു ഉംറയും അത് നിര്‍വഹിച്ചയാള്‍ക്ക് ഏഴ് ഉംറകളും രേഖപ്പെടു’മെന്ന് ഇബ്നു അബ്ബാസ്(റ) പറയുന്നു (ഈളാഹ്/55). മാതാപിതാക്കള്‍ക്ക് വേണ്ടിയാണെങ്കില്‍ പത്ത് ഉംറകളുടെ പ്രതിഫലം ലഭിക്കുമെന്ന് നബി(സ്വ) പഠിപ്പിക്കുന്നു (ദാറഖുത്നീ/112).

ഹജ്ജ്, ഉംറ നിര്‍വഹിച്ച ശേഷം മരിച്ചവര്‍ക്കു വേണ്ടി ഉംറ നിര്‍വഹിക്കണമെങ്കില്‍ അവര്‍ ജീവിതകാലത്ത് ഏല്‍പിച്ചിരിക്കണമെന്നാണ് നിയമം. ഉംറ നിര്‍വഹിക്കാതെ മരണപ്പെട്ടവര്‍ക്കു വേണ്ടി ബന്ധുക്കള്‍ക്കും മറ്റാര്‍ക്കും ഉംറ ചെയ്യാവുന്നതാണ്. അതിന് പ്രത്യേകമായി ഏല്‍പ്പിക്കേണ്ട ആവശ്യമില്ല (ശര്‍വാനി 4/36).

ഹറമും സ്ത്രീകളും

സ്ത്രീകള്‍ അഞ്ചുനേരത്തെ നിസ്കാരത്തിനോ അതിന്റെ ജമാഅത്തില്‍ പങ്കെടുക്കാനോ വേണ്ടി മസ്ജിദുല്‍ ഹറാമിലേക്ക് പോകണമെന്ന നിര്‍ബന്ധ കല്‍പനയോ സുന്നത്തോ പുണ്യമോ ഇല്ല. സ്ത്രീകള്‍ അവരുടെ വാസസ്ഥലത്തുവെച്ച് നിസ്കരിക്കണമെന്നാണ് ഖുര്‍ആനിന്റെ കല്‍പന (33/33).

സുബ്ഹ് നിസ്കാര സമയത്ത് കഅ്ബയുടെ അങ്കണത്തിലെത്തിയ ഉമ്മുസലമ(റ)യോട് നബി(സ്വ) നിര്‍ദേശിക്കുന്നു: “സുബ്ഹ് ജമാഅത്ത് തുടങ്ങിയാല്‍ നീ ത്വവാഫ് ചെയ്യുക’ (ബുഖാരി/1626).

വെള്ളിയാഴ്ച പള്ളിയില്‍ കണ്ട സ്ത്രീകളെ അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) ഉപദേശിച്ചതിങ്ങനെ: “നിങ്ങള്‍ സ്വഭവനങ്ങളിലേക്ക് പോകുവീന്‍, അതാണ് നിങ്ങള്‍ക്ക് പുണ്യം’ (മുസന്നഫ് അബ്ദിര്‍റസാഖ്/5201). ഉമ്മുസലമ(റ) പറയുന്നു: “നബിയരുളി: സ്ത്രീകള്‍ക്ക് ഉത്തമമായ നിസ്കാര സ്ഥലം അവരുടെ വാസ സ്ഥലത്തെ ഏറ്റവും മറയുള്ള ഭാഗമാണ്’ (അഹ്മദ്, ത്വബ്റാനി 33/314).

സുലൈമാന്‍ മദനി ചുണ്ടേല്‍

Exit mobile version