ബീവി ഫാത്വിമതു സഹ്റാഅ്(റ) വളരെ സന്തോഷത്തോടെ പിതാവിനെ കാണാനിറങ്ങി. അതു പതിവുള്ളതാണ്. ഉപ്പാക്കും മകൾക്കും ഇടക്കിടെ കാണണം. ഫാത്വിമ(റ) വരുന്നതറിഞ്ഞാൽ തിരുനബി(സ്വ) വാതിൽക്കൽ ചെന്ന് സ്വീകരിക്കും. കെട്ടിപ്പിടിച്ചു മുത്തം നൽകും. സ്വന്തം വിരിപ്പിൽ കൊണ്ടുപോയി ഇരുത്തും. പിന്നീട് കുശലാന്വേഷണങ്ങളാണ്. പക്ഷേ ഇന്ന് തിരുനബി(സ്വ)യുടെ മുഖത്തെ പ്രസന്നത അധിക സമയം നീണ്ടുനിന്നില്ല. കയറിവന്നപ്പോൾ പുഞ്ചിരിയോടെ സ്വീകരിച്ച തിരുനബി(സ്വ) മകളുടെ കഴുത്തിൽ കിടക്കുന്ന സ്വർണമാല ശ്രദ്ധിച്ചു. ഇതുവരെ കാണാത്തതാണ്. ആരോ സമ്മാനം നൽകിയതാകാം. അതു കണ്ടതിൽ പിന്നെയാണ് അവിടത്തെ മുഖം വിവർണമായത്. പതിവു സംസാരങ്ങളൊന്നുമില്ല. അധികം ആലോചിക്കാതെ തന്നെ ഫാത്വിമ(റ)ക്ക് കാര്യം മനസ്സിലായി. താൻ സ്വർണമാല ധരിച്ചു വന്നത് ഉപ്പക്ക് ഇഷ്ടപ്പെട്ടിട്ടില്ല. സ്വർണാഭരണങ്ങൾ അണിയുന്നത് സ്ത്രീകൾക്ക് നിഷിദ്ധമൊന്നുമല്ല. പക്ഷേ ലോകർക്ക് മുഴുവൻ അനുധാവനം ചെയ്യേണ്ട മാതൃകയാണല്ലോ റസൂലിന്റെ ജീവിതം. നിഴലുപോലെ തന്നോടു കൂടെയുള്ള പ്രിയമകളുടെ ജീവിതവും ലാളിത്യം നിറഞ്ഞതാവണമെന്ന് പിതാവ് ആഗ്രഹിച്ചിരിക്കാം. സ്വർഗീയ വനിതകളുടെ നായിക എന്ന സ്ഥാനം ലഭിച്ച മഹതി ദുൻയാവിന്റെ ബാഹ്യചമയങ്ങളിൽ വഞ്ചിതയാവരുതെന്ന് ലോകഗുരുവായ പിതാവ് ശഠിക്കുന്നതിൽ തെല്ലും അതിശയമില്ലതാനും.
കാര്യമായൊന്നും സംസാരിക്കാതെ ഫാത്വിമ(റ) അപ്പോൾ തന്നെ വീട്ടിൽ നിന്നിറങ്ങി. സ്നേഹവത്സലനായ പിതാവിൽ നിന്ന് ഇങ്ങനെയൊരു അനുഭവമില്ല. ഉപ്പയുടെ മനസ്സ് വേദനിപ്പിച്ചതിലുള്ള സങ്കടം അടക്കാൻ പാടുപെട്ട് ദുഃഖം തളംകെട്ടിയ മുഖം കുനിച്ച് ബീവി നടന്നു. പിതാവിനെ സന്തോഷിപ്പിച്ച് ഇതിന് പ്രായശ്ചിത്തം ചെയ്യണം. അതായിരുന്നു ഫാത്വിമതുൽബതൂലി(റ)ന്റെ ചിന്ത. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. സ്വർണമാല വിറ്റ് കിട്ടിയ പണം കൊണ്ട് ഒരടിമയെ വാങ്ങി സ്വതന്ത്രനാക്കി. അടിമ മോചനം തിരുനബി(സ്വ)ക്ക് ഏറെ ഇഷ്ടപ്പെട്ട പ്രവൃത്തിയാണ്. എപ്പോഴും പ്രോത്സാഹനം നൽകാറുള്ളതുമാണ്. ഇതറിയുമ്പോൾ ഉപ്പയുടെ മുഖം തെളിയുമെന്ന ഉറപ്പിൽ ബീവി വീണ്ടും തിരുസവിധത്തിലേക്ക് ചെന്നു. മാല എന്തുചെയ്തുവെന്ന് തിരുദൂതർ അന്വേഷിച്ചു. വിവരങ്ങളറിഞ്ഞ് സന്തോഷം പ്രകടിപ്പിച്ച് ഫാത്വിമതുൽ ബതൂലിനെ ചേർത്തുപിടിച്ചു.
മഞ്ഞലോഹമാണ് എല്ലാം എന്നു കരുതി ജീവിക്കുന്ന സ്ത്രീകൾക്കിതൊരു പാഠമാണ്. ദുരഭിമാനവും അനാവശ്യ സൗന്ദര്യഭ്രാന്തും പ്രദർശനപരതയും കൊണ്ട് സ്വർണാഭരണങ്ങൾ വാങ്ങിക്കൂട്ടാൻ മത്സരിക്കുന്നവരുണ്ട്. പല പെൺകുട്ടികളുടെയും വിവാഹ സ്വപ്നങ്ങൾ മണ്ണിട്ടുമൂടിയത് സമൂഹത്തിൽ മഞ്ഞലോഹത്തോടുള്ള പ്രതിപത്തിയാണ്. നമ്മുടെ സൗന്ദര്യസങ്കൽപങ്ങൾ മാറേണ്ടതുണ്ട്. ഫാത്വിമ ബീവി(റ) ഇവിടെ കാണിച്ച ധീരമായ തീരുമാനമാണ് ശ്രദ്ധേയം.
നബി(സ്വ)യുടെ മുപ്പത്തിയഞ്ചാം വയസ്സിലാണ് നാലാമത്തെ മകളായ ഫാത്വിമ(റ)യുടെ ജനനം. റസൂലിന്റെ ജീവിതത്തിൽ നടന്ന സുപ്രധാന സംഭവങ്ങളെല്ലാം തൊട്ടടുത്ത് നിന്ന് അനുഭവിച്ച പ്രിയ മകൾ എന്ന നിലയിൽ ഇസ്ലാമിക ചരിത്രത്തിൽ ബീവി നിറഞ്ഞുനിൽക്കുന്നു. തിരുനബിയുടെ വിലാസം ലോകത്തിന് മുന്നിൽ പ്രകാശിപ്പിക്കുന്ന അഹ്ലുബൈത്തിന്റെ മാതാവ് എന്ന സ്ഥാനവും ഏറെ പ്രധാനപ്പെട്ടതാണ്. ഒരു മകളും പിതാവും എങ്ങനെയായിരിക്കണം എന്നതിന്റെ കൂടി ഉദാത്ത മാതൃകയായിരുന്നു ഇരുവരുടെയും ജീവിതം.
പിതാവിന്റെ അതൃപ്തി സമ്പാദിക്കുന്ന ഒന്നും ചെയ്യാതിരിക്കാൻ ബീവി നന്നായി ശ്രദ്ധിച്ചിരുന്നു. സ്വർണമാല വിറ്റ് അടിമ വിമോചനം നടത്തിയ സംഭവം സൂചിപ്പിക്കുന്നതിതാണ്. പിതാവിന് വേണ്ടി ജീവിച്ച മകളെയാണ് ഫാത്വിമ ബീവി(റ)യുടെ ജീവിതം പരിശോധിക്കുമ്പോൾ നമുക്കു കാണാനാവുന്നത്. ബീവിയുടെ പതിനഞ്ചാം വയസ്സിലാണ് മാതാവ് ഖദീജ(റ)യുടെ വിയോഗം. അവർ വഫാത്താകുന്നത് വരെ തിരുനബി(സ്വ) ഖദീജ(റ)യെ അല്ലാതെ മറ്റാരെയും കല്യാണം കഴിച്ചിട്ടില്ല. ഉമ്മയുടെയും ഉപ്പയുടെയും സ്നേഹസമൃദ്ധമായ ജീവിതം ഫാതിമ(റ) നേരിട്ട് അറിഞ്ഞതാണ്. മാതാവിന്റെ വിയോഗം ഉപ്പക്ക് താങ്ങാവുന്നതിലും അധികമാണെന്ന് മകൾ തിരിച്ചറിഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ തിരുദൂതരുടെ സംരക്ഷകനായിരുന്ന പിതൃവ്യൻ അബൂത്വാലിബും മരണപ്പെട്ടതോടെ വിരഹദുഖം ഇരട്ടിയായി. ദുഃഖ വർഷം(ആമുൽ ഹുസ്ൻ) എന്നാണ് ആ വർഷം ചരിത്രത്തിൽ അറിയപ്പെട്ടത്.
ഫാത്വിമ(റ) സന്ദർഭം മനസ്സിലാക്കി ഉയർന്നു. ഉമ്മയുടെ വിടവ് പിതാവിനുണ്ടാക്കിയ ആഘാതം ആ കൗമാരക്കാരി ഉൾക്കൊണ്ടു. സാന്ത്വനിപ്പിക്കാൻ മാതാവോ സഹോദരിമാരോ ഭാര്യയോ പിതാവിനില്ല. ഉമ്മയുടെ ശൂന്യത പരമാവധി അറിയിക്കാതെ ബീവി പിതാവിനെ പരിപാലിച്ചു. ഇക്കാരണത്താലാണ് മഹതിക്ക് ഉമ്മു അബീഹാ (തന്റെ പിതാവിന്റെ ഉമ്മ) എന്ന സ്ഥാനപ്പേര് ലഭിച്ചത്.
ചെറുപ്പം മുതൽ തന്നെ പിതാവിനോടൊപ്പമായിരുന്നു മിക്ക സമയത്തും. ഒരിക്കൽ കഅ്ബയുടെ പരിസരത്ത് സുജൂദ് ചെയ്യുന്ന തിരുനബി(സ്വ)യുടെ പിരടിയിൽ ചീഞ്ഞ് ദുർഗന്ധം വമിക്കുന്ന ഒട്ടകത്തിന്റെ കുടൽമാല ശത്രുക്കൾ കൊണ്ടുവന്നിട്ട സമയത്ത് രക്ഷകയായി ഓടിവന്നത് മഹതിയാണ്. കൊച്ചുകുട്ടിയായിരുന്ന അവർ സർവ ശക്തിയുമുപയോഗിച്ച് വളരെ സാഹസപ്പെട്ടാണ് പിതാവിനെ രക്ഷിച്ചത്. മറ്റൊരിക്കൽ പ്രവാചകരുടെ തലയിലേക്ക് ശത്രുക്കൾ മണ്ണ് വാരിയിട്ട സമയത്ത് കരഞ്ഞുകൊണ്ടാണ് ബീവി ശിരസ്സ് കഴുകിക്കൊടുത്തത്. സത്യസന്ദേശം പ്രചരിപ്പിക്കുന്നതിന്റെ പേരിൽ പ്രിയപ്പെട്ട പിതാവിനെ വിടാതെ പിന്തുടർന്ന് ഉപദ്രവിക്കുന്ന ശത്രുക്കൾക്കെതിരെ കുഞ്ഞുഫാത്വിമ നാഥനോട് പ്രാർഥിച്ചു.
ഒരു ഭാര്യയുടെ തുണ പിതാവിന് വേണമെന്ന് മനസ്സിലാക്കി സൗദ ബീവി(റ)യെയും അതേ വർഷം തന്നെ ആഇശ ബീവി(റ)യെയും തിരുനബിയുടെ ജീവിതത്തിലേക്ക് കൊണ്ടുവന്നത് ഫാത്വിമ(റ)യുടെ കൂടി താൽപര്യപ്രകാരമായിരുന്നു. പിതാവിന്റെ സന്തോഷം മനസ്സിലാക്കി നബിപത്നിമാരോടെല്ലാം ഏറ്റവും നന്നായി പെരുമാറിയതും ഫാത്വിമ(റ) തന്നെ. നബിയുടെ പൊന്നുമോളുടെ മഹത്ത്വങ്ങളും സ്വഭാവ മഹിമയും സൗന്ദര്യവുമെല്ലാം ആഇശ ബീവി(റ) ഉൾപ്പെടെയുള്ള നബിപത്നിമാരിലൂടെയാണ് വിശ്വാസിലോകമറിഞ്ഞതും.
വിവാഹത്തിന് സമയമായപ്പോൾ പ്രമുഖ സ്വഹാബിമാരെല്ലാം ഫാത്വിമ(റ)ക്ക് വിവാഹാലോചനയുമായി വന്നു. തിരുനബി(സ്വ) അല്ലാഹുവിന്റെ തീരുമാനത്തിന് കാത്തു. അങ്ങനെയാണ് പിതൃവ്യപുത്രൻ അലി(റ)വിനെ മരുമകനായി തിരഞ്ഞെടുക്കുന്നത്. എന്തുകൊണ്ടും പരസ്പരം യോജിക്കുന്നവരായിരുന്നു ഇരുവരും. പ്രിയമകൾ അലി(റ)യുടെ വീട്ടിലേക്ക് താമസം മാറുകയാണ്. അധികം ദൂരെയൊന്നുമല്ലെങ്കിലും കുറച്ചപ്പുറത്താണ് അലി(റ)യുടെ വീട്. മകളെ വീടിനടുത്ത് താമസിപ്പിക്കാൻ സാധിച്ചിരുന്നെങ്കിലെന്ന് അവിടന്ന് ആഗ്രഹിച്ചു. മസ്ജിദുന്നബവിയോട് ചേർന്നുള്ള തിരുനബി(സ്വ)യുടെ വീടിന് സമീപമാണ് ഭാര്യമാരുടെ താമസസ്ഥലങ്ങൾ. ഹാരിസതു ബിൻ നുഅ്മാൻ(റ)വിന്റെ വീടാണ് ഇതിനോട് ചേർന്നുള്ളത്. മകൾക്ക് വേണ്ടി വീട് മാറിത്തരുമോ എന്ന് ഹാരിസയോട് ചോദിക്കാൻ പലരും പറഞ്ഞെങ്കിലും തിരുനബി(സ്വ) മടിച്ചു. റസൂലിന്റെ ജീവിതത്തിലേക്ക് ഓരോ ഭാര്യമാർ കടന്നുവന്നപ്പോഴും അവർക്ക് വേണ്ടി പലതവണ വീട് ഒഴിഞ്ഞുകൊടുത്താണ് ഹാരിസ ഇപ്പോഴുള്ള സ്ഥലത്തെത്തിയത്. ഇനി മകൾക്ക് വേണ്ടി കൂടി ആവശ്യപ്പെടാൻ അവിടത്തേക്ക് ലജ്ജയായി. പറഞ്ഞില്ലെങ്കിലും തിരുറസൂലി(സ്വ)ന് ഇങ്ങനെയൊരാഗ്രഹമുള്ളത് മനസ്സിലാക്കി ഹാരിസ(റ) ഉടനെത്തന്നെ വീടൊഴിഞ്ഞുകൊടുത്തു. അങ്ങനെ നവദമ്പതികൾ നബി(സ്വ)യുടെ വീടിനടുത്ത് താമസം തുടങ്ങി.
മകളുടെ ജീവിതത്തിൽ നന്നായി ശ്രദ്ധിച്ചും ഇടപെട്ടും തിരുനബി(സ്വ) മുന്നോട്ടുപോകുന്നതാണ് പിന്നീട് ചരിത്രത്തിൽ നാം കാണുന്നത്. ദമ്പതികൾക്കിടയിലുണ്ടാകുന്ന ചെറിയ സൗന്ദര്യപ്പിണക്കങ്ങൾ നബി(സ്വ) പരിഹരിച്ചുകൊടുത്തു. ഫാത്വിമ(റ)ക്ക് മക്കൾ ജനിച്ചപ്പോൾ അവരെ തൊട്ടും തലോടിയും റസൂൽ(സ്വ) സ്നേഹനിധിയായ പിതാമഹനായി. ഒരു ദിവസം ചെന്നു നോക്കുമ്പോൾ മകളും മരുമകനും ഉച്ചമയക്കത്തിലാണ്. ഹസൻ(റ) ഉറക്കമുണർന്ന് കരയുന്നു. ഈ രംഗം കണ്ട് വന്ന അവിടന്ന് മകളെ ഉണർത്താതെ ഒരു പാത്രവുമെടുത്തു ചെന്ന് ആടിനെ കറന്ന് കുടിപ്പിച്ച് കുട്ടിയുടെ കരച്ചിലടക്കി. പേരമക്കളെ തീറ്റിക്കാനും കുളിപ്പിക്കാനും ഉറക്കാനുമെല്ലാം നബി(സ്വ) മകളെ സഹായിച്ചു. തിരുനബി(സ്വ) വല്ല യാത്രയും ഉദ്ദേശിച്ചിറങ്ങുകയാണെങ്കിൽ എല്ലാ ഭാര്യമാരുടെയും മക്കളുടെയും അടുത്തുചെന്ന് യാത്ര പറയും. ഏറ്റവും അവസാനമാണ് ഫാത്വിമ(റ)യോട് യാത്ര പറയുക. യാത്ര കഴിഞ്ഞുവന്നാൽ പള്ളിയിൽ കയറി രണ്ട് റക്അത്ത് നിസ്കരിച്ചയുടനെ ആദ്യം സന്ദർശിക്കുന്നത് ഫാത്വിമതുൽ ബതൂലി(റ)നെയായിരിക്കും. ഉഹുദ് യുദ്ധത്തിൽ പിതാവിനോടൊപ്പം ഫാത്വിമ(റ)യും ഉണ്ടായിരുന്നു. ഭക്ഷണകാര്യങ്ങളിൽ സഹായിക്കാനും പരിക്കേൽക്കുന്നവരെ ശുശ്രൂഷിക്കാനുമാണ് സ്ത്രീകൾ വരുന്നത്. ഫാത്വിമ(റ)യുടെ ജീവിതത്തിൽ ഏറെ ഭീതി നിറഞ്ഞ ഓർമകളാണ് ഉഹുദ് സമ്മാനിച്ചത്. പ്രവാചകർ(സ്വ)കൊല്ലപ്പെട്ടുവെന്ന കിംവദന്തി പരന്ന സാഹചര്യം. പരിക്കേറ്റ് രക്തമൊലിക്കുന്ന മുഖവുമായാണ് മഹതി പിതാവിനെ കാണുന്നത്. മുൻപല്ല് പൊട്ടിയിട്ടുണ്ട്. മുഖത്ത് ചെറിയ പരിക്കുമുണ്ട്. രക്തം നിൽക്കാതെ വന്നുകൊണ്ടിരിക്കുകയാണ്. ആത്മനിയന്ത്രണം നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട് ബീവി വേണ്ട ശുശ്രൂഷകൾ ചെയ്തു. രക്തം നിൽക്കാതായപ്പോൾ ഒരു പായ എടുത്ത് കത്തിച്ച് അതിന്റെ ചാരം മുറിവിൽ വെച്ചുകെട്ടി. ആ ചികിത്സ ഫലിച്ചു. രക്തം നിന്നു. കൂടെയുണ്ടായതുകൊണ്ട് വിഷമസന്ധിയിൽ പിതാവിന് ആശ്വാസം നൽകാനായ സംതൃപ്തിയായിരുന്നു മകൾക്ക്.
ജീവിതയാത്രയിൽ മുഴുസമയം ഒപ്പമുണ്ടായിരുന്ന മകൾ വിയോഗത്തിലും പിതാവിനോടൊപ്പം ചേരുന്നതാണ് നാം കാണുന്നത്. മരണാസന്നനായി ആഇശ ബീവി(റ)യുടെ വീട്ടിൽ തിരുനബി(സ്വ) കഴിയുന്ന സമയം. ഫാത്വിമ(റ)യെ അടുത്തു വിളിച്ച് കാതിലെന്തോ മന്ത്രിച്ചു. ഉടനെ ബീവി കരഞ്ഞു. പിന്നെയും പിതാവ് മകളുടെ കാതിലെന്തോ പറഞ്ഞു. അതോടെ അവരുടെ മുഖം തെളിഞ്ഞു. പുഞ്ചിരി വിടർന്നു. നബി(സ്വ)യുടെ വിയോഗത്തിന് ശേഷം ഇതേകുറിച്ച് ആഇശ ബീവി(റ) ചോദിച്ചപ്പോൾ ആ രഹസ്യം ഫാത്വിമ(റ) വെളിപ്പെടുത്തി: തന്റെ അവധിയടുത്തിരിക്കുന്നു. അധികം വൈകാതെ മരണം സംഭവിക്കുമെന്നാണ് ആദ്യം പറഞ്ഞത്. അപ്പോഴാണ് താൻ കരഞ്ഞത്. എന്നാൽ തന്റെ വിയോഗ ശേഷം താമസിയാതെ ഈ കുടുംബത്തിൽ നിന്ന് തന്നോട് ചേരുന്നത് ഫാത്വിമയായിരിക്കുമെന്നാണ് രണ്ടാമത് പറഞ്ഞത്. ഇതു കേട്ടാണ് താൻ സന്തോഷിച്ചത്- ബീവി അറിയിച്ചു.
പ്രവചനം പോലെ തന്നെ സംഭവിച്ചു. പിതാവിന്റെ വിയോഗം മകളെ തളർത്തിക്കളഞ്ഞു. മറവ് ചെയ്തുവന്ന അനസ്(റ)വിനോട് തിരുശരീരത്തിലേക്ക് മണ്ണ് വാരിയിട്ട് മടങ്ങിപ്പോരാൻ നിങ്ങൾക്കെങ്ങനെ സാധിച്ചു എന്ന് കണ്ഠമിടറികൊണ്ട് ഫാത്വിമ(റ) ചോദിച്ചു. ഇതറിഞ്ഞ സ്വഹാബികളെല്ലാം കരഞ്ഞു. ദു:ഖിതയായി കഴിഞ്ഞ അവരുടെ ആരോഗ്യം ക്രമേണ ക്ഷയിച്ചു. പിന്നീട് ആറുമാസമേ മഹതി ജീവിച്ചുള്ളൂ. ഇരുപത്തി ഒമ്പത് വയസ്സ് പൂർത്തിയാവും മുമ്പ് ഹിജ്റ 11 റമളാൻ മൂന്നിന് വഫാത്തായി.
ഒരു പിതാവും മകളും തമ്മിലുള്ള പാരസ്പര്യം എങ്ങനെയായിരിക്കണം എന്നതിന്റെ മകുടോദാഹരണമായിരുന്നു ബീവിയുടെ ജീവിതം. സ്വർഗീയ വനിതകളുടെ ജീവിതം മാതൃകയാക്കി സ്വർഗസ്ഥകളായിത്തീരാനാണ് ഓരോ വനിതയും ശ്രമിക്കേണ്ടത്.
നിശാദ് സിദ്ദീഖി രണ്ടത്താണി