ഉമര്‍(റ) : വിനയാന്വിതനായ ധീരന്‍

ആനക്കലഹ സംഭവത്തിന്റെ പതിമൂന്ന് വര്‍ഷത്തിനു ശേഷമാണ് ഉമര്‍(റ) ജനിക്കുന്നത്. തടിച്ച് നീളം കൂടിയ ശരീരപ്രകൃതിയായിരുന്നു അദ്ദേഹത്തിന്. തലയുടെ മുന്‍ഭാഗത്ത് മുടിയില്ലാതെ കാണാമായിരുന്നു. കവിള്‍ത്തടം ചുവന്നു തുടുത്തും താടിയുടെ മുന്‍വശം നീളം കൂടിയുമായിരുന്നു (താരീഖുല്‍ ഖുലഫാഅ്/105).
നുബുവ്വത്തിന്റെ ആറാം വര്‍ഷം 27ാം വയസ്സിലാണ് ഉമര്‍(റ) ഇസ്ലാം സ്വീകരിച്ചത്. നാല്‍പത് പുരുഷന്മാരുടെയും പതിനൊന്ന് സ്ത്രീകളുടെയും ഇസ്ലാമാശ്ലേഷണത്തിന് ശേഷമായിരുന്നു ഇത്. ഉമര്‍(റ)ന്റെ ഇസ്ലാം സ്വീകരണത്തോടെ മുസ്ലിംകള്‍ക്ക് ആഹ്ലാദവും അതോടൊപ്പം ധ്യൈവും കൈവന്നു. തിരുനബി(സ്വ)യുടെ പ്രാര്‍ത്ഥന ഫലമായിട്ടാണ് അദ്ദേഹത്തിന് ഹിദായത്തിന്റെ വെളിച്ചം ലഭിച്ചത്.
ഉമര്‍(റ) തന്റെ ഇസ്ലാം ആഗമനത്തെക്കുറിച്ച് ഇങ്ങനെ വിശദീകരിച്ചു:
തിരുനബി(സ്വ) അന്ന് എന്റെ കൊടിയ ശത്രുവായിരുന്നു. ശക്തമായ ചൂടുള്ള ഒരു നാള്‍ ഞാന്‍ മക്കയുടെ പ്രാന്തപ്രദേശങ്ങളിലൂടെ നടക്കുകയാണ്. വഴിയില്‍ ഒരാളെ കണ്ടുമുട്ടി.
‘ഇബ്നു ഖത്താബ്, നിങ്ങള്‍ ഖുറൈശികളുടെ നേതാവല്ലേ. നിങ്ങള്‍ അറിയാതെ നിങ്ങളുടെ വീട്ടില്‍ മുഹമ്മദിന്റെ മതം കയറിപ്പാര്‍ത്തിരിക്കുന്നു’ കണ്ടമാത്രയില്‍ അയാള്‍ എന്നോട് പറഞ്ഞു.
എന്താ സുഹൃത്തേ നിങ്ങള്‍ പറയുന്നത്?
‘നിങ്ങളുടെ സഹോദരി മുഹമ്മദിന്റെ മതം സ്വീകരിച്ചിരിക്കുന്നു.’
ഞാന്‍ ഉടനെ കോപാകുലനായി സഹോദരിയുടെ വീട്ടിലേക്ക് ഓടി. വാതിലിനു കൊട്ടി.
ആരാണ്? സഹോദരിയുടെ ചോദ്യം.
‘ഞാനാണ്, ഉമര്‍’
തദവസരത്തില്‍ എന്റെ സഹോദരി ഖുര്‍ആന്‍ പാരായണത്തിലായിരുന്നു. എന്റെ ശബ്ദം കേട്ടപ്പോള്‍ ഖുര്‍ആന്‍ എവിടെയോ പൂഴ്ത്തി. ശേഷം കതക് തുറന്നു.
‘എടീ, നീ മുഹമ്മദിന്റെ മതത്തില്‍ അംഗമായോ?’ ഇതു ചോദിച്ച് എന്റെ കൈയിലുണ്ടായിരുന്ന ഒരു വടികൊണ്ട് ഞാനവളുടെ തലക്കടിച്ചു. തലയില്‍ നിന്നും രക്തം ചാലിട്ടൊഴുകി.
‘നിങ്ങള്‍ ഉദ്ദേശിച്ചത് എല്ലാം ചെയ്തോളൂ’ സഹോദരിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
നീ പാരായണം നടത്തിയ ഗ്രന്ഥം എവിടെ?
‘ശുദ്ധിയില്ലാത്തവര്‍ക്ക് അതില്‍ സ്പര്‍ശനാനുമതി ഇല്ല. നിങ്ങള്‍ ശുദ്ധിയാക്കി വരിക’
ഞാന്‍ ശുദ്ധിയായതിന് ശേഷം അവള്‍ എനിക്ക് ആ ഗ്രന്ഥഭാഗം കൈമാറി. ഞാന്‍ അത് തുറന്നു. അല്ലാഹുവിന്റെ ചില നാമങ്ങളെല്ലാം പ്രസ്തുത ഗ്രന്ഥത്തില്‍ നിന്ന് പരിചയപ്പെട്ടു. ശേഷം സൂറത്ത് സ്വഫ് ഒന്നു മുതല്‍ പതിനൊന്നു വരെയുള്ള സൂക്തങ്ങള്‍ പാരായണം നടത്തി. അതോടെ എന്റെ ഹൃദയം ഇസ്ലാമിലേക്ക് ചാഞ്ഞു. അവിടെ വെച്ച് ശഹാദത്ത് പ്രഖ്യാപിച്ചു തിരുസവിധത്തിലേക്ക് കുതിച്ചു. സ്വഫാ കുന്നിന് താഴ്ഭാഗത്തുള്ള തിരുനബി(സ്വ) താമസിക്കുന്ന വീട്ടിലേക്ക് കയറി തിരുസവിധത്തില്‍ വെച്ച് ശഹാദത്ത് കലിമ ആവര്‍ത്തിച്ചു. ഈ വാര്‍ത്തയറിഞ്ഞ മുസ്ലിംകള്‍ അത്യുച്ചത്തില്‍ തക്ബീര്‍ മുഴക്കി. ശേഷം നബി(സ്വ)ക്ക് പരസ്യപ്രബോധനത്തിന് ഞാന്‍ ധ്യൈം നല്‍കി (ബൈഹഖി).
തിരുവചനങ്ങളില്‍
തിരുനബി(സ്വ)യുടെ വചനങ്ങളില്‍ ഉമര്‍(റ)ന്റെ സ്ഥാനവും മഹത്ത്വവും അനവധി വായിക്കാനാവും. ചിലതു കാണുക:
സഈദുബ്നു അബീ വഖാസ്(റ) ഉദ്ധരിക്കുന്നു: ‘നബി(സ്വ) ഇങ്ങനെ പറഞ്ഞു; ഖത്താബിന്റെ മകനേ, എന്റെ ആത്മാവിനെ നിയന്ത്രിക്കുന്ന അല്ലാഹു സാക്ഷി. നീ ഒരു വഴിയില്‍ പ്രവേശിച്ചാല്‍ ആ വഴിയില്‍ നിന്നും മാറി പിശാച് മറ്റൊരു വഴിയിലൂടെ പോകുന്നതാണ്’ (ബുഖാരി).
ഇബ്നു ഉമര്‍(റ)ല്‍ നിന്ന് നിവേദനം, നബി(സ്വ) അരുള്‍ചെയ്തു: ‘സത്യത്തെ ഉമര്‍(റ)ന്റെ നാവിലും ഹൃദയത്തിലും അല്ലാഹു പ്രതിഷ്ഠിച്ചിരിക്കുന്നു’ (തിര്‍മുദി).
ഉഖ്ബത്തുബ്നു ആമിര്‍(റ)ല്‍ നിന്ന് നിവേദനം: ‘എനിക്ക് ശേഷം മറ്റൊരു പ്രവാചകന്‍ ഉണ്ടാകുമായിരുന്നെങ്കില്‍ അത് ഉമര്‍(റ) ആകുമായിരുന്നു’ (തിര്‍മുദി).
നബി(സ്വ) പറഞ്ഞു: ‘ഉമര്‍(റ) സ്വര്‍ഗവാസികളുടെ വിളക്കാണ്’ (ഇബ്നുഅസാകിര്‍).
അബൂഹുറൈറ(റ)ല്‍ നിന്ന് നിവേദനം, നബി(സ്വ) പറഞ്ഞു: ‘ഞാന്‍ സ്വര്‍ഗം കണ്ടു. ഒരു സ്ത്രീ സ്വര്‍ഗത്തിലെ കൊട്ടാരത്തിന്റെ ചാരത്തുവെച്ച് വുളൂഅ് ചെയ്യുന്നു. ഞാന്‍ ചോദിച്ചു: ഈ കൊട്ടാരം ആര്‍ക്കുള്ളതാണ്? അപ്പോള്‍ അത് ഉമറിന്റെ കൊട്ടാരമാണെന്ന് മറുപടി ലഭിച്ചു’ (ബുഖാരി, മുസ്ലിം).
ഇബ്നു ഉമര്‍(റ)ല്‍ നിന്ന് ഉദ്ധരണം, നബി(സ്വ) പറഞ്ഞു: ‘ഞാന്‍ ഉറക്കത്തില്‍ പാല്‍ കുടിക്കുന്നതായി കണ്ടു. അതില്‍ നിന്ന് അല്‍പം എന്റെ നഖങ്ങള്‍ക്ക് കീഴ്ഭാഗത്തു കൂടി ഒലിച്ചു. അത് ഉമര്‍(റ) കുടിച്ചു.’ ഇത് നബി(സ്വ) അനുചരരുമായി പങ്കുവെച്ചപ്പോള്‍ അവര്‍ ചോദിച്ചു: പ്രസ്തുത സംഭവത്തിന്റെ വ്യാഖ്യാനമെന്താണ് നബിയേ? ‘ഉമറിന്റെ അറിവാണത്’ അവിടുന്ന് പറഞ്ഞു (ബുഖാരി).
അബൂസഈദില്‍ ഖുദ്രി(റ) നബി(സ്വ)യില്‍ നിന്ന്, ‘ഉമറിനെ ആരെങ്കിലും കോപിപ്പിച്ചാല്‍ അവന്‍ എന്നെ കോപിപ്പിച്ചവനാണ്. ഉമറിനെ ആരെങ്കിലും സ്നേഹിച്ചാല്‍ അവന്‍ എന്നെ സ്നേഹിച്ചവനാണ്’ (ത്വബ്റാനി).
മഹാന്മാരുടെ വചനങ്ങളില്‍
നബി(സ്വ)ക്ക് ശേഷം ഉമറിനേക്കാള്‍ എനിക്ക് ഇഷ്ടപ്പെട്ട മറ്റൊരാള്‍ ഭൂമിയിലില്ലസിദ്ദീഖ്(റ).
തിരുനബി(സ്വ)ക്കു ശേഷം ഉമര്‍(റ)നേക്കാള്‍ ധര്‍മിഷ്ഠനായ മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ലഇബ്നു ഉമര്‍(റ).
ഞങ്ങളില്‍ ഖുര്‍ആനും കര്‍മശാസ്ത്രവും ഏറ്റവും അറിവുള്ളയാള്‍ ഉമര്‍(റ) ആയിരുന്നുഇബ്നു മസ്ഊദ്(റ).
അബൂബക്കര്‍(റ), ഉമര്‍(റ) എന്നിവര്‍ ഇസ്ലാമിന്റെ മാതാപിതാക്കളാണ്അബൂ ഉസാമത്ത്(റ).
ഇങ്ങനെ ഉമര്‍(റ)നെ കുറിച്ച് മുന്‍ഗാമികള്‍ പലവിധത്തില്‍ പ്രശംസിച്ചിട്ടുണ്ട്. ഇസ്ലാമിക ചരിത്രവും ഖലീഫയുടെ ഭരണനീതിയും വായിച്ച് അവിശ്വാസികള്‍ പോലും മഹാനെ വാഴ്ത്തി പറഞ്ഞു കാണാം.
ധീരത
ശത്രുക്കളുടെ ശ്രദ്ധയില്‍ പെടാതെ ഒളിഞ്ഞായിരുന്നല്ലോ മിക്ക മുസ്ലിംകളും മദീനയിലേക്ക് ഹിജ്റ പോയിരുന്നത്. ആ ഘട്ടത്തില്‍ അവലെ വെല്ലുവിളിച്ച് പരസ്യമായായിരുന്നു ഉമര്‍(റ)ന്റെ യാത്ര.
അലി(റ) പറയുന്നു: ‘ഉമര്‍(റ) ഹിജ്റ ഉദ്ദേശിച്ചപ്പോള്‍ തന്റെ വാളും അന്പും വില്ലും കൈയില്‍ കരുതി കഅ്ബയുടെ ചാരത്തുചെന്നു. അവിടെ ഖുറൈശി പ്രമുഖരുണ്ടായിരുന്നു. മഹാന്‍ കഅ്ബയെ ഏഴു തവണ പ്രദക്ഷിണം നടത്തി. മഖാമു ഇബ്റാഹീമിന്റെ പിന്നില്‍ വെച്ച് രണ്ടു റക്ത്ത് നിസ്കരിച്ചു. ശേഷം ഖുറൈശികളോട് ഇങ്ങനെ പറഞ്ഞു: ഞാന്‍ യസ്രിബിലേക്ക് പോവുകയാണ്. ഭാര്യ വിധവയാകുന്നതും മക്കള്‍ അനാഥരാക്കുന്നതും ഭയമില്ലാത്തവരുണ്ടെങ്കില്‍ ഞാനുമായി ഏറ്റുമുട്ടാന്‍ തയ്യാറായി ഈ മലക്ക് പിന്നിലേക്ക് വരൂ. പക്ഷേ, ഒരാള്‍ക്കും ഉമര്‍(റ)നോട് പോരടിക്കാന്‍ ധ്യൈം വന്നില്ല’ (ഇബ്നു അസാകിര്‍).
അദ്ദേഹത്തിന്റെ ശക്തിയും ധ്യൈവും ഈ സംഭവം തെളിയിക്കുന്നു.
ബര്‍റാഅ്(റ) പറയുന്നു: മുഹാജിറുകളില്‍ ആദ്യമായി ഞങ്ങളില്‍ വന്നത് മിസ്അബുബ്നു ഉമൈര്‍(റ) ആണ്. പിന്നീട് വന്നത് ഇബ്നു ഉമ്മിമഖ്തൂം(റ) ആണ്. മൂന്നാമതായി വന്നത് ഇരുപത് ആളുകളുമായി ഉമര്‍(റ)വാണ് (താരീഖുല്‍ ഖുലഫാഅ്/94).
നബി(സ്വ)യോടൊപ്പം എല്ലാ പോരാട്ടങ്ങളിലും പങ്കെടുത്തു അദ്ദേഹം. ഉഹ്ദ് യുദ്ധ വേളയിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ തിരുനബി(സ്വ)യോടൊപ്പം ഉറച്ചുനിന്നു പൊരുതുകയുമുണ്ടായി.
കറാമത്തുകള്‍
ഇബ്നു ഉമര്‍(റ) പറയുന്നു: ഒരു ദിവസം ഖുതുബ നിര്‍വഹിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉമര്‍(റ) വിളിച്ചുപറഞ്ഞു: ‘സാരിയാ, പര്‍വതഭാഗം ശ്രദ്ധിക്കുക.’
നിസ്കാരം കഴിഞ്ഞ് ജനങ്ങള്‍ ഉമര്‍(റ)നോട് ഈ പ്രഖ്യാപനത്തെ കുറിച്ച് ആരാഞ്ഞു. മഹാന്‍ പറഞ്ഞു: നവാഹന്ദില്‍ യുദ്ധം ചെയ്യുകയാണല്ലോ സാരിയ? സാരിയയുടെ പിന്‍ഭാഗത്ത് ഒരു മലയുണ്ട്. അതിലൂടെ ശത്രുക്കള്‍ ഇരച്ചുകയറിയത് സാരിയ ശ്രദ്ധിച്ചില്ല. എന്നാല്‍ ഖുതുബ നിര്‍വഹിക്കുന്ന എനിക്കത് അല്ലാഹു കാണിച്ചു. ഉടനെ ഞാന്‍ സാരിയക്ക് നിര്‍ദേശം നല്‍കിയതായിരുന്നു നിങ്ങള്‍ കേട്ട ശബ്ദം. തല്‍ഫലമായി സാരിയ മല ശ്രദ്ധിക്കുകയും ശത്രുക്കളെ തുരത്തുകയും വിജയം കൈവരിക്കുകയും ചെയ്തിരിക്കുന്നു (താരീഖുല്‍ ഖുലഫാഅ്/102). മുസ്ലിം സൈന്യം തിരിച്ചെത്തിയപ്പോള്‍ അവര്‍ ആ അത്ഭുതം പങ്കുവെക്കുകയുണ്ടായി.
മറ്റൊരു സംഭവം കാണുക: ഇബ്നു ഉമര്‍(റ)ല്‍ നിന്ന് നിവേദനം, ഒരിക്കല്‍ ഉമര്‍(റ) ഒരാളോട് ചോദിച്ചു:
നിന്റെ പേരെന്താണ്?
‘ജംറ’
നീ ആരുടെ മകനാണ്?
‘ശിഹാബിന്റെ മകന്‍’
‘കൊള്ളാം, ശിഹാബ് ആരുടെ മകനാണ്?
‘ഹര്‍ഖയുടെ മകന്‍’
നിന്റെ താമസം എവിടെയാണ്?
‘ഞാന്‍ ഹര്‍റയിലാണ്’
‘എന്നാല്‍ നീ വേഗം നാട്ടിലെത്തുക നിന്റെ കുടുംബം തീ കത്തി നശിച്ചതായി നിനക്കു കാണാം.’
അയാള്‍ ഉടനെ തന്റെ കുടുംബത്തിലേക്ക് ഓടി. അപ്പോള്‍ അയാള്‍ കണ്ട കാഴ്ച ഭീകരമായിരുന്നു. ഖലീഫ അറിയിച്ചതുപോലെ കുടുംബം തീപ്പിടുത്തത്തിലകപ്പെട്ടിരുന്നു (മുവത്വ).
നൈല്‍നദി വര്‍ഷത്തിലൊരിക്കല്‍ ഒഴുക്ക് നിലച്ചുപോകും. ഒഴുക്ക് പുനരാരംഭിക്കണമെങ്കില്‍ ഒരു തരുണിയെ നൈലിലേക്ക് എറിയണം. ഉമര്‍(റ)ന്റെ ഭരണകാലത്തും ഇതാവര്‍ത്തിച്ചു. ആ വാര്‍ത്ത ഉമര്‍(റ)ന്റെ അടുത്തെത്തി. തദവസരത്തില്‍ അദ്ദേഹം ഒരു കത്തെഴുതി. കത്തിന്റെ സംക്ഷിപ്തം ഇങ്ങനെ: ‘ഈ കത്ത് ഉമറില്‍ നിന്നും നൈല്‍ നദിയിലേക്ക്. പ്രാരംഭമുറകള്‍ക്കു ശേഷം; നൈല്‍, നീ ഒഴുകുന്നത് നിന്റെ ഇഷ്ടപ്രകാരമാണെങ്കില്‍ ഇനി നീ ഒഴുകേണ്ടതില്ല. മറിച്ച്, അല്ലാഹുവാണ് നിന്നെ ഒഴുക്കുന്നതെങ്കില്‍ ഇനിയും ഒഴുകുക.’ കത്ത് നദിയിലേക്കെറിഞ്ഞു. പ്രഭാതമായപ്പോഴേക്കും നൈല്‍ നദി ഒഴുകി വെള്ളം കുറയാന്‍ തുടങ്ങി. പിന്നീട് ഇങ്ങനെയൊരു പ്രതിഭാസം നൈല്‍ പ്രകടിപ്പിച്ചിട്ടില്ല (താരീഖുല്‍ ഖുലഫാഅ്/102,103).
ഇങ്ങനെ ധാരാളം അസാധാരണ സംഭവങ്ങള്‍ വെളിപ്പെട്ടിട്ടുണ്ട് ഉമര്‍(റ)ല്‍ നിന്ന്. ഭരണനേതൃത്വം വഹിച്ചു വന്‍ വിജയങ്ങള്‍ നേടിയെടുക്കുമ്പോഴും ഏറെ ലളിത ജീവിതമായിരുന്നു അദ്ദേഹം നടത്തിയിരുന്നത്.
അനസ്(റ)ല്‍ നിന്ന് നിവേദനം, ഉമര്‍(റ)ന്റെ രണ്ടു തോളുകള്‍ക്കിടയില്‍ തന്റെ കുപ്പായം നാല് കഷ്ണങ്ങളായി തുന്നിപ്പിടിപ്പിച്ചത് ഞാന്‍ കണ്ടു.
അബ്ദുല്ലാഹിബ്നു ഈസ(റ) പറയുന്നു: ഉമര്‍(റ)ന്റെ കവിള്‍തടത്തില്‍ കണ്ണുനീര് ഒലിച്ചതുമൂലം രണ്ടു പാടുകള്‍ ഉണ്ടായിരുന്നു.
ആമിറുബ്നു റബീഅത്ത്(റ) ഉദ്ധരിക്കുന്നു: ‘ഒരിക്കല്‍ ഉമര്‍(റ) ഒരു സസ്യത്തിന്റെ വിത്ത് കൈയിലെടുത്തു. ശേഷം കരഞ്ഞുകൊണ്ട് പറഞ്ഞു: ഞാന്‍ ഈ വിത്തായിരുന്നെങ്കില്‍… എന്നെ എന്റെ ഉമ്മ പ്രസവിച്ചിട്ടില്ലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.’
ഹസന്‍(റ) പറയുന്നു: ഒരിക്കല്‍ ഉമര്‍(റ) തന്റെ മകന്റെയടുക്കല്‍ ചെന്നു. അപ്പോള്‍ അവന്‍ മാംസം ഭക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
മകനേ ഇതെന്താ? ഉമര്‍(റ)ന്റെ ചോദ്യം.
‘മാംസം കഴിക്കാന്‍ വല്ലാതെ ആഗ്രഹിച്ചുപോയി ഉപ്പാ’
‘ആഗ്രഹിക്കുന്നതെല്ലാം കഴിക്കല്‍ ദുര്‍വിനിയോഗമാണ്’ ഉമര്‍(റ) മകനെ ഉപദേശിച്ചു (ത്വബഖാത്).
ഇന്നത്തെ പുതു തലമുറ അധ്വാനിച്ച് കിട്ടിയ പണം വൈകുന്നേരങ്ങളില്‍ കൂട്ടുകാരോടൊന്നിച്ച് ചൈനീസ്, പാശ്ചാത്യന്‍ ഭക്ഷണങ്ങള്‍ കഴിച്ചു തുലക്കുകയാണ്. അതേ സമയം അവന്റെ കുടുംബമോ ജീവിതത്തിന്റെ പുറംപോക്കില്‍ പാടുപെടുകയുമായിരിക്കും. ഇവിടെയാണ് ഉമര്‍(റ)ന്റെ ഈ വചനം പ്രസക്തമാകുന്നത്.
ഭരണ പ്രവര്‍ത്തനങ്ങള്‍
അബൂബക്കര്‍(റ)ന്റെ വഫാത്തോടെ രണ്ടാം ഖലീഫയായി ഉമര്‍(റ) തെരഞ്ഞെടുക്കപ്പെട്ടു. ഹിജ്റ പതിമൂന്ന് ജമാദുല്‍ ആഖിര്‍ എട്ടിനാണ് ഉമര്‍(റ) ഭരണം ഏറ്റെടുത്തത്. നീതിയുടെ ആള്‍രൂപവും ഇസ്ലാമിക വിജയങ്ങളുടെ ശില്‍പിയുമായിരുന്നു മഹാന്‍. ലോകം കണ്ട ധിഷണാശാലികളില്‍ പലരും ഉമര്‍(റ)ന്റെ ഭരണത്തെ വാഴ്ത്തിയതു വെറുതെയല്ല.
തന്റെ ഭരണ കാലങ്ങളില്‍ പല പ്രദേശങ്ങളെയും ഇസ്ലാമിന്റെ കീഴില്‍ കൊണ്ടുവന്നു അദ്ദേഹം. ഹിജ്റ പതിനാലാം വര്‍ഷം ദിമശ്ഖ് മുസ്ലിം രാഷ്ട്രത്തിന്റെ ഭാഗമായി. ഹിജ്റ പതിനഞ്ചില്‍ ജോര്‍ദാനും പതിനാറില്‍ ഇറാഖും. അക്കാലത്തെ വന്‍ ശക്തികളായ കിസ്റയും കൈസറും നിലംപൊത്തുകയും ചെയ്തു.
ഉമര്‍(റ) ഭരണം ഏറ്റെടുത്ത് മിമ്പറില്‍ കയറിയുള്ള പ്രഥമ പ്രസംഗത്തില്‍ പറഞ്ഞു: ‘അല്ലാഹുവേ, ഞാന്‍ പരുഷ സ്വഭാവക്കാരനാണ്. എനിക്ക് നീ മയം നല്‍കണേ. ഞാന്‍ ബലഹീനനാണ്, എനിക്ക് ദൃഢത നല്‍കേണമേ’ (താരീഖുല്‍ ഖുലഫാഅ്/111).
അസ്ലം(റ) പറയുന്നു: ‘ഉമര്‍(റ)ന്റെ പ്രാര്‍ത്ഥന ഇങ്ങനെയായിരുന്നു: അല്ലാഹുവേ, എനിക്ക് നീ രക്തസാക്ഷിത്വം നല്‍കണേ. എന്റെ അന്ത്യം തിരുനബി(സ്വ)യുടെ നാട്ടിലാക്കുകയും ചെയ്യേണമേ’ (ബുഖാരി). തൗറാത്തില്‍ വലിയ പാണ്ഡിത്യമുള്ള കഅ്ബുല്‍ അഹ്ബാര്‍(റ) ഒരിക്കല്‍ ഉമര്‍(റ)നോട് പറഞ്ഞു: നിങ്ങള്‍ ശഹീദാകുമെന്ന് തൗറാത്തില്‍ ഞാന്‍ കണ്ടിരിക്കുന്നു (താരീഖുല്‍ ഖുലഫാഅ്/107).
അബൂലുഅ്ലുഅ് എന്ന അഗ്നിയാരാധകന്‍ ഇരുതല മൂര്‍ച്ചയുള്ള കഠാരകൊണ്ട് നിസ്കാരത്തിലായിരിക്കെ ഉമര്‍(റ)നെ കുത്തുകയും മഹാനവര്‍കള്‍ രക്തസാക്ഷിയാവുകയും ചെയ്തു. വഫാതാകുമ്പോള്‍ തന്റെ ഭരണപരമായ കാര്യങ്ങള്‍ പലരെയും ഏല്‍പിച്ചിരുന്നു. അദ്ദേഹത്തിന്റെ മോതിരക്കല്ലില്‍ ‘ഉമര്‍, മരണം ഒരാള്‍ക്ക് ഉപദേശകനാണെ’ന്ന് കൊത്തിവെച്ചിരുന്നുവെന്ന് ചരിത്രം.
വഫാതാകുമ്പോള്‍ മഹാന് അറുപത്തിമൂന്ന് വയസ്സായിരുന്നു. ദുല്‍ഹിജ്ജ നാലാം ദിവസം ബുധനാഴ്ചയായിരുന്നു വിയോഗം. ശേഷം ഉസ്മാന്‍(റ) മൂന്നാം ഖലീഫയായി സ്ഥാനമേറ്റു. തിരുനബി(സ്വ)യുടെ റൗളാശരീഫില്‍ തന്നെ മഹാന്‍ അന്ത്യവിശ്രമം കൊള്ളുന്നു.

മുസ്തഫല്‍ ഫാളിലി കരീറ്റിപ്പറമ്പ്

Exit mobile version