ചാലിയം കേന്ദ്രീകരിച്ച് ഇസ്‌ലാമിക പ്രബോധന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഹസനുത്താബിഇയുടെ പൗത്രൻ ഉമർ എന്നവരുടെ പൗത്രനാണ് വെളിയങ്കോട് ഉമർ ഖാളി(റ). പിതാവ് ആലി മുസ്‌ലിയാരും മാതാവ് കാക്കത്തറ മുഹമ്മദിന്റെ മകൾ ആമിനയുമാണ്. ആലി മുസ്‌ലിയാർ തന്റെ പിതാവിന് ശേഷം വെളിയങ്കോട് ഖാളിയായി. അവിടെ നിന്നു തന്നെയാണ് വിവാഹം കഴിച്ചതും. കാക്കത്തറ തറവാട്ടിൽ ആലി മുസ്‌ലിയാരുടെ കുടുംബം ഖാസിയാരകം കാക്കത്തറവാട് എന്ന പേരിൽ പിൽക്കാലത്തറിയപ്പെടുകയുണ്ടായി.
ആലി മുസ്‌ലിയാർക്ക് ശൈഖ് ജിഫ്‌രി തങ്ങളുടെയും മമ്മിക്കുട്ടി ഖാളിയാരുടെയും ശിഷ്യത്വ സൗഭാഗ്യമുണ്ടായിട്ടുണ്ട്. അവരുടെ ആത്മീയ പരിചരണം അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു. അദ്ദേഹത്തിന്റെ പുത്രനായാണ് ഉമർ ഖാളി(റ) ജാതനാവുന്നത്. വെളിയങ്കോട്ടെ വൈജ്ഞാനിക കേന്ദ്രമായ ഖാസിയാരകം തറവാട്ടിൽ ജനിച്ച ഉമർ ഖാളിക്ക് വീട്ടിന്റെയും കുടുംബത്തിന്റെയും സാഹചര്യം തന്നെ ആത്മികോന്നതിക്ക് വലിയൊരു മുതൽക്കൂട്ടായിരുന്നു.
പ്രാഥമിക വിദ്യാഭ്യാസം പിതാവിൽ നിന്ന് തന്നെയാണ് നേടിയത്. ഖുർആൻ പാരായണശാസ്ത്രവും പൊന്നാനിയിൽ നിന്നു പ്രകാശിതമായ കർമശാസ്ത്ര-ആത്മീയ ഗ്രന്ഥങ്ങളും പിതാവിൽ നിന്ന് സ്വായത്തമാക്കി. പതിനൊന്ന് വയസ്സുള്ളപ്പോൾ താനൂരിലേക്ക് ഓതാൻ പോയി. മഖ്ദൂം കുടുംബത്തിലെ തുന്നം വീട്ടിൽ അഹ്മദ് മുസ്‌ലിയാരായിരുന്നു അവിടെ അന്നു മുദരിസ്. മമ്പുറം തങ്ങളുടെ ശിഷ്യൻ ഔക്കോയ മുസ്‌ലിയാർ താനൂരിൽ ഖാസിയുടെ സഹപാഠിയായിരുന്നു. താനൂരിലെ ദർസ് ജീവിതത്തെ മഹാനവർകൾ അഭിമാനപൂർവം അനുസ്മരിക്കുമായിരുന്നു. ഗുരുനാഥനും സതീർത്ഥ്യരും നാട്ടുകാരും ഒരുപോലെ ഇഷ്ടപ്പെട്ട നല്ല മുതഅല്ലിമായി മാറാൻ അദ്ദേഹത്തിനായി.
ആയിടക്കാണ് മതാപിതാക്കളുടെ വിയോഗം. എങ്കിലും അവർ നടത്തിയ വഴിയെ അടിയുറച്ച് തന്നെ ഉസ്താദുമാരുടെ മാർഗദർശനത്തിലൂടെ സഞ്ചരിച്ചു. അമ്മാവന്മാരുടെ പിന്തുണയും സഹായവും കരുത്താവുകയും ചെയ്തു.
ഉപരിപഠനം
കേരളത്തിന്റെ വൈജ്ഞാനിക ഭൂമികയിൽ പൊന്നാനിയുടെ പ്രാധാന്യം പ്രത്യേകം പരാമർശിക്കേണ്ടതില്ല. കേരളീയ ഇസ്‌ലാം പൈതൃകത്തിന് ഒരു പൊന്നാനി ബന്ധം സ്വാഭാവികമാണല്ലോ. മഖ്ദൂമുമാരുടെ സേവനപ്രവർത്തനങ്ങൾ പൊന്നാനിയുടെ കീർത്തിയും മഹത്ത്വവും വർധിപ്പിച്ചു. ഉമർ ഖാസിയും പതിനാലാം വയസ്സിൽ ഉപരിപഠനത്തിന് പൊന്നാനിയിലേക്ക് വന്നു. മമ്മിക്കുട്ടി ഖാളി എന്ന മഹാനാണ് അന്നവിടെ മുദരിസ്. പുതിയ വിദ്യാർത്ഥിയെ നന്നായി നിരീക്ഷിച്ച് തന്റെ ശിഷ്യഗണത്തിൽ ചേർത്തു. പുതിയ ശിഷ്യൻ വെളിയങ്കോട് ഖാളിയുടെ മകനാണെന്ന് അറിയുന്നതിനാൽ ചെറിയ വിദ്യാർത്ഥിയായിട്ടും ഉസ്താദ് തന്നെ നേരിട്ട് കിതാബുകൾ പലതും ഓതിക്കൊടുത്തു.
വിവിധ വിഷയങ്ങളിലെ വ്യത്യസ്ത ഗ്രന്ഥങ്ങൾ പലതും അവിടെ നിന്ന് ഓതിപ്പഠിച്ചു. ഖാദിരിയ്യ ത്വരീഖത്തിന്റെ ഖലീഫ കൂടിയായിരുന്ന ഗുരുവര്യനിൽ നിന്ന് ത്യാഗപൂർണമായ കാത്തിരിപ്പിന് ശേഷം ഖാദിരിയ്യയുടെ ഇജാസത്തും നേടി. ജീവിതത്തിലെ വലിയ വഴിത്തിരിവുകൾക്ക് ഇത് അടിത്തറയായി. ഉസ്താദുമായി ഉറ്റ ബന്ധം പുലർത്തിയിരുന്ന ഖാളി അദ്ദേഹം രോഗബാധിതനായപ്പോൾ നന്നായി പരിചരിച്ചു. അത് കൂടുതൽ ഗുരുത്വവും ആശീർവാദവും ലഭിക്കാൻ അവസരമൊരുക്കി.
ഉന്നത ബന്ധങ്ങളും സേവനങ്ങളും
ഉമർ ഖാളിയുടെ ജീവിതത്തെ സ്വാധീനിച്ച ആത്മീയ താരകം ഖുതുബുസ്സമാൻ മമ്പുറം സയ്യിദ് അലവി തങ്ങളാണ്. മക്കയിലും മദീനയിലുമുള്ള സഞ്ചാരത്തിനിടയിൽ ലോകപ്രശസ്തരായ പണ്ഡിത മഹത്തുക്കളുമായി ബന്ധം സ്ഥാപിക്കാനും പലരുടെയും ശിഷ്യത്വം സമ്പാദിക്കാനുമായി. ശൈഖ് അഹ്മദുസ്സ്വാവി(മരണം ഹിജ്‌റ 1241), ശൈഖ് അബ്ദുല്ലാഹിശ്ശർഖാവി(1227), ശൈഖ് ഇബ്‌റാഹീമുൽ ബാജൂരി(1276), ശൈഖ് സുലൈമാനുൽ ബുജൈരിമി(1221) തുടങ്ങിയവർ ഈ ശൃംഖലയിൽ വരുന്നു.
നമ്മുടെ നാട്ടിൽ ആത്മീയ പ്രകാശം പരത്തിയ സാത്വിക നായകരായ ശൈഖ് മുഹമ്മദുൽ ജിഫ്‌രി കോഴിക്കോട് (1222), ശൈഖ് മുഹമ്മദ് മൗലൽ ബുഖാരി കണ്ണൂർ(1207), ശൈഖ് അലിയ്യുൽ ഐദറൂസി വെളിയങ്കോട്, ശൈഖ് മുഹമ്മദ് ജമലുല്ലൈലി കടലുണ്ടി(1230), ഖാളി മുഹ്‌യിദ്ദീൻ കോഴിക്കോട്(1265), ശൈഖ് ഉമറുൽ ഖാഹിരി കായൽപട്ടണം(1216), ശൈഖ് അബ്ദുൽ അസീസ് അദ്ദഹ്‌ലവി(1247) എന്നിവരുമായും ബന്ധം സ്ഥാപിച്ചു.
പൊന്നാനിയിൽ പഠിക്കുന്ന കാലത്ത് തന്നെ അവിടെ മുദരിസുമായിരുന്നു. ഉസ്താദിന്റെ വിയോഗ ശേഷം നാട്ടിലേക്ക് തിരിച്ചുവന്നു. നീണ്ട 20 വർഷക്കാലം വെളിയങ്കോട് കേന്ദ്രമായി പ്രവർത്തിച്ചു. പിന്നീട് താനൂരിലെത്തി. 20 വർഷം അവിടെയും തുടർന്നു. ശേഷം പൊന്നാനിക്കാരുടെ നിർബന്ധത്തിനു വഴങ്ങി അവിടേക്കു ചെന്നു. എട്ടു വർഷത്തെ സേവനത്തിനു ശേഷം വെളിയങ്കോട്ടേക്കു തന്നെ മടങ്ങി. പിന്നീട് മരണം വരെ അവിടെ മതനേതൃത്വം വഹിച്ചു.
ഓതിപ്പഠിച്ച സ്ഥലങ്ങളിലെല്ലാം ദീർഘകാലം സേവനം ചെയ്തുവെന്ന പ്രത്യേകതകൂടി മഹാന്റെ ജീവിതത്തിൽ കാണാം. പൊന്നാനിയുടെ പ്രഭാവത്തിന് മമ്മിക്കുട്ടി ഖാളിക്ക് ശേഷം പ്രധാന കാരണം ഉമർ ഖാളിയുടെ ആഗമനമായിരുന്നു. നീണ്ട ദശാബ്ദങ്ങളുടെ അധ്യാപനവും പരിചരണവും വഴി അനേക ശിഷ്യസമ്പത്തിനുടമയായി മഹാൻ. മമ്പുറം തങ്ങളുടെ പ്രധാന മുരീദായ ഔക്കോയ മുസ്‌ലിയാർ സതീർത്ഥ്യനും സഹമുദരിസും ആയതോടൊപ്പം തന്നെ ഉമർ ഖാളിയുടെ ശിഷ്യത്വം നേടുകയും ചെയ്തിരുന്നു.
ഇരുപത്തിനാലാമത്തെ മഖ്ദൂം സൈനുദ്ദീൻ മഖ്ദൂം ആഖിർ, ഖാളി സഈദ് മുസ്‌ലിയാർ കാസർകോട്, ഫരീദ് മുസ്‌ലിയാർ പയ്യോളി, ശൈഖ് സൈനുദ്ദീൻ പറയങ്ങാട്, ശൈഖ് സൈനുദ്ദീൻ റംലി പെരുമ്പടപ്പ്, കമ്മുക്കുട്ടി മുസ്‌ലിയാർ പൊന്നാനി, ഇരുപത്തിയഞ്ചാമത്തെ മഖ്ദൂം മുഹമ്മദ് മഖ്ദൂം തുടങ്ങി നിരവധി പണ്ഡിതരും ഖാളിമാരും ശിഷ്യഗണങ്ങളിൽപെടുന്നു. അദ്ദേഹത്തിന്റെ പരിചരണവും ശിക്ഷണവും നേടി സാത്വികജീവിതം നയിച്ച സാധാരണക്കാർ വേറെയും. സാധാരണക്കാർക്ക് വേണ്ടി അദ്ദേഹം പ്രത്യേകം വിജ്ഞാന സദസ്സുകൾ സംഘടിപ്പിച്ചിരുന്നു. ഖസ്വീദതുൽ വിത്‌രിയ്യയുടെ ക്ലാസ് റമളാനിലാണ് നടത്തിയിരുന്നത്. ഇതിൽ പങ്കെടുത്തവർക്കും ശിഷ്യത്വം ലഭിച്ചു. ജീവിതത്തിൽ അതിന്റെ ആത്മീയ ഗുണങ്ങൾ അവരിൽ പ്രകടമാവുകയുണ്ടായി.
കവിതകൾ
താനൂർ ദർസിൽ പഠിക്കുന്ന കാലത്ത് തന്നെ മനോഹരവും അർത്ഥഗർഭവുമായ കവിതകൾ മഹാൻ രചിച്ചിരുന്നു. സരസവും മധുരതരവുമായ ആദ്യകാല കവിതകൾ പലതും ഇന്നു ലഭ്യമല്ല. അദ്ദേഹത്തിന്റെ കവിതകൾ മുഖ്യമായും പ്രവാചകാനുരാഗത്തിൽ ചാലിച്ചെടുത്തവയാണ്. നബിസ്‌നേഹപ്പൂന്തോപ്പിൽ വിരിയുന്ന പുഷ്പങ്ങളാണ് പ്രകീർത്തന കാവ്യങ്ങൾ. പ്രവാചകാനുരാഗികളിൽ പലരും നിത്യസ്മരണീയരായത് അവരുടെ നബിസ്‌നേഹ കാവ്യശിൽപങ്ങൾകൊണ്ടാണ്. ഉമർ ഖാളി(റ)യുടെ ‘സ്വല്ലൽ ഇലാഹു’ കേരള മുസ്‌ലിംകൾ പാടി പുണ്യം നേടുന്ന കവിതയാണ്. ‘സ്വല്ലാ അലൈക’ എന്നു തുടങ്ങുന്ന മറ്റോരു കവിത ആശയത്തിലും ശൈലിയിലും ലക്ഷ്യത്തിലും സ്വല്ലൽ ഇലാഹുവിനോട് കിടപിടിക്കുന്നു. അനുരാഗവും ഇടതേട്ടവും വർണനയും കീർത്തനവും സ്വലാത്തും ഇഴപിരിഞ്ഞുകിടക്കുന്ന കാവ്യമാണിത്.
‘ലമ്മാ ളഹറ’ എന്നു തുടങ്ങുന്ന 38 വരികളുള്ള കവിത മഞ്ചൽ രീതിയിൽ രചിച്ചതാണ്. നബി(സ്വ)യുടെ ജനനം മുതൽ ശഫാഅത്ത് വരെയുള്ള പ്രവാചകചരിത്രവും സാന്നിധ്യങ്ങളും ഇതിൽ മനോഹരമായി കോർത്തിണക്കിയിരിക്കുന്നു.
പുള്ളിയില്ലാത്ത അക്ഷരങ്ങൾ മാത്രം ഉപയോഗിച്ച് രചിച്ച 25 വരികളുള്ള കവിതയാണ് ‘യാഹൽ ഹിലാലു.’ അദ്ദേഹത്തിന്റെ ഭാഷാ വഴക്കത്തിന്റെയും രചനാകൗശലത്തിന്റെയും മികച്ച അടയാളമാണിത്.
പുള്ളിയുള്ള അക്ഷരങ്ങൾ മാത്രം ഉപയോഗിച്ച് രചിച്ച കവിതയാണ് ‘ജഫത്‌നീ ഫദബ്ബത്‌നീ.’ അഞ്ചു വരികൾ മാത്രമുള്ള ഈ കവിതയിൽ പ്രവാചകാനുരാഗവും ഇടതേട്ടവും കവിയുടെ പ്രതീക്ഷയുമാണ് പ്രമേയവൽകരിച്ചിട്ടുള്ളത്.
അല്ലഫൽ അലിഫ് എന്ന ഉമറുൽ ഖാഹിരി(റ)യുടെ കവിതക്ക് രചിച്ച മുആറള(പാരഡി)യാണ് അല്ലഫൽ ആസ്വീ. 34 വരികളുള്ള ഈ കവിത പ്രകീർത്തനവും ഇടതേട്ടവുമാണ് പ്രതിപാദ്യമാക്കിയിട്ടുള്ളത്. അറബി അക്ഷരമാലയിലെ ഓരോ അക്ഷരം കൊണ്ടും തുടങ്ങിയ ഈരടികൾ ഇതിൽ ക്രമനിബദ്ധമായി കോർത്തിണക്കിയിരിക്കുന്നു.
ഉമർ ഖാളി(റ)യുടെ വൈജ്ഞാനിക-കാവ്യ ഗ്രന്ഥങ്ങളിൽ പ്രധാനപ്പെട്ടതാണ് ‘നഫാഇസുദ്ദുറർ.’ അദ്ദേഹത്തോട് ഉന്നയിക്കപ്പെട്ട ആദർശപരമായ ഒമ്പത് ചോദ്യങ്ങൾക്ക് കാവ്യത്തിലൂടെ മറുപടി നൽകിയ ശേഷം അവസാന ഭാഗം പകുതിയിലധികം നബി(സ്വ)യെ വർണിക്കുകയും അവിടത്തെ മുൻനിർത്തി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
മഖാസിദുന്നികാഹ് കർമശാസ്ത്രപരമായ കവിതകളാണ്. ഇബ്‌നുഹജർ(റ)ന്റെ തുഹ്ഫതുൽ മുഹ്താജിലെ നികാഹിന്റെ അധ്യായത്തിന്റെ കാവ്യാവിഷ്‌കാരമാണിത്. ആയിരത്തിലധികം വരികളുള്ള ദീർഘ കവിതയിൽ നികാഹ് സംബന്ധമായ നിയമങ്ങളെല്ലാം വളരെ മനോഹരമായി ക്രമീകരിച്ചിരിക്കുന്നു.
തുഹ്ഫത്തുൽ മുഹ്താജിലെ അറവ് മസ്അലകളുടെ കാവ്യാവിഷ്‌കാരം ‘അറവ് മസ്അലകൾ’ എന്ന പേരിൽ ഉമർ ഖാളി(റ) നടത്തിയിട്ടുണ്ട്. മമ്പുറം തങ്ങൾ, മുഹ്‌യിദ്ദീൻ ഖാളി എന്നിവരുടെ അനുശോചന കാവ്യങ്ങൾ(മർസിയ്യത്ത്), ഖാളി മുഹ്‌യിദ്ദീനെതിരെ ഉന്നയിക്കപ്പെട്ട കള്ളക്കേസിൽ നിന്നും രക്ഷപ്പെട്ടപ്പോൾ എഴുതിയ അനുമോദന കാവ്യം, കോഴിക്കോട് ജയിലിൽ നിന്നും മമ്പുറം തങ്ങൾക്കയച്ച കവിത എന്നിവയും ശ്രദ്ധേയ രചനകളാണ്.
ഒന്നും രണ്ടും മൂന്നും അഞ്ചും വരികളിൽ അറബിയിലും അറബിമലയാളത്തിലുമുള്ള കവിതകൾ, സരസ കവിതകൾ പലതും അനുശ്രാവികം കൈമാറി വരുന്നതും ലിഖിതമാക്കപ്പെട്ടതുമുണ്ട്. കൊടുങ്ങല്ലൂരിലെയും അഴീക്കോട്ടെയും പള്ളിച്ചുമരുകളിൽ ചേരമാൻ പെരുമാളിന്റെ മഹാഭാഗ്യത്തെ കുറിക്കുന്ന കവിതകളെഴുതിയിരുന്നു. പല പള്ളികളിലും അദ്ദേഹത്തിന് ഹൃദ്യമായി തോന്നിയ അനുഭവങ്ങളും മറ്റു വാക്യങ്ങളും ചുരുങ്ങിയ വരികളിൽ കവിതയായി ചൊല്ലുകയോ ചുമരുകളിൽ എഴുതുകയോ ചെയ്തു അദ്ദേഹം.
ആദർശ പ്രതിബദ്ധത
അഹ്‌ലുസ്സുന്നത്തി വൽജമാഅത്തിന്റെ രണ്ട് ആദർശസരണികളിലൊന്നായ അശ്അരിയ്യയിൽ അടിയുറച്ച് ജീവിക്കുന്നവരാണ് കേരളത്തിലെ മുസ്‌ലിംകൾ. ഉമർ ഖാളി(റ)വിന്റെ ആദർശകണിശതയും ഈ പശ്ചാത്തലത്തിൽ വേരൂന്നിയതാണ്. നഫാഇസുദ്ദുററിലെ മറുപടികളിൽ ആദർശപരമായ പിഴച്ചവാദങ്ങൾക്കെതിരെയുള്ള തിരുത്തുകളാണുള്ളത്. വ്യാജ ആത്മീയവാദികളായ കള്ളത്വരീഖത്തുകാർക്കും പുണ്യപുരുഷവാദക്കാർക്കുമുള്ള താക്കീതാണ് 7-9 ചോദ്യങ്ങൾക്കുള്ള മറുപടി. ഒരിക്കൽ തറാവീഹ് നിസ്‌കാരത്തിനിടയിലെ സ്വലാത്തിനെതിരെ ഒരാൾ വിരുദ്ധവാദമുന്നയിച്ചു നിറുത്താനാവശ്യപ്പെട്ടപ്പോൾ ഖാളിയുടെ ഭാവം മാറി. വിരുദ്ധവാദികളുടെ ഇരിപ്പിടം കത്തുന്നതാണ് പിന്നീട് കണ്ടത്.
സാമ്രാജ്യത്വ വിരോധം
ഉമർ ഖാളി(റ)യുടെ കാലഘട്ടം മാപ്പിള സമരങ്ങളുടെ കാലമായിരുന്നു. ബ്രിട്ടീഷാധിപത്യത്തിൽ അമർന്നതു മുതൽ മലബാറിലെ മുസ്‌ലിംകളുടെ ദുരിതപർവം ആരംഭിക്കുകയായി. വൈദേശിക ശക്തികളേർപ്പെടുത്തിയ അധികനികുതിയും ബാധ്യതകളും മുസ്‌ലിംകളടക്കമുള്ള കർഷകരെ പ്രയാസത്തിലാക്കി. അതോടൊപ്പം മലബാറിലെ നാണയത്തിന്റെ വിനിമയ മൂല്യം കുറച്ച് നാട്ടിൽ അതിക്രമവും ദാരിദ്ര്യവും സ്വാതന്ത്ര്യരാഹിത്യവും അടിച്ചേൽപിച്ചു. ഇതിനെതിരെ സ്വാഭാവികമായും സമരനിരയുയർന്നുവന്നു.
ബ്രിട്ടീഷുകാരേർപ്പെടുത്തിയ നികുതി നൽകില്ലെന്ന് ധീരമായി പറഞ്ഞതിന്റെ പേരിൽ അദ്ദേഹം ജയിലിലടക്കപ്പെട്ടു. സാമ്രാജ്യത്വവിരുദ്ധ വികാരം സമുദായത്തിൽ ആളിക്കത്തിക്കുന്നതിന് ഉമർ ഖാളിയുടെ അറസ്റ്റ് ഹേതുവായി. അവസാനം ബ്രിട്ടീഷുകാർ പരാജയം സമ്മതിക്കുകയായിരുന്നു. മമ്പുറം തങ്ങളിൽനിന്നും മഖ്ദൂമുമാരുടെ ശേഷിപ്പിൽനിന്നും ആവാഹിച്ചെടുത്ത സ്വാതന്ത്ര്യവാഞ്ഛയും സമരാവേശവും ജീവിതത്തിൽ നിസ്തുല മാതൃക തീർക്കാൻ ഖാളി(റ)യെ സഹായിച്ചു.
ബ്രിട്ടീഷ്‌വിരുദ്ധ സമരങ്ങളിൽ ഉമർ ഖാളിയടക്കമുള്ള പണ്ഡിതർ നടത്തിയ നേതൃപരമായ പങ്ക് പൊതുവെ അംഗീകരിക്കപ്പെട്ടതാണ്. ഫോട്ടോവച്ചും കോളം നിറച്ചും അദ്ദേഹത്തെയും മറ്റ് സുന്നിനേതാക്കളായ സമരസേനാനികളെയും തങ്ങളുടേതാക്കുന്ന ബിദഈ കക്ഷികളുടെ രാഷ്ട്രീയഗിമ്മിക്കും കണ്ടുവരുന്നു.
കറാമത്തുകൾ
കറകളഞ്ഞ ആത്മജ്ഞാനിയും സാത്വികനുമായിരുന്ന ഉമർ ഖാളിയിൽനിന്ന് ധാരാളം കറാമത്തുകൾ പ്രകടമായിട്ടുണ്ട്. എന്നാൽ കറാമത്ത് പ്രകടിപ്പിക്കൽ മഹാന്മാരുടെ ശീലമല്ല. ചില ഘട്ടങ്ങളിൽ അനിവാര്യമായ കാരണങ്ങളാൽ അല്ലാഹുവിന്റെ അനുമതി പ്രകാരം അവരത് പ്രത്യക്ഷപ്പെടുത്തുന്നു. തുക്കിടി സായ്‌വിന്റെ ജയിലിൽനിന്ന് പുറത്തുകടന്ന സംഭവം അതിലൊന്നാണ്. പാറാവുകാരൻ കാവലിരുന്നിട്ടും വാതിലിന്റെ അഴി തുറക്കാതെയായിരുന്നു ഖാളി പുറത്തെത്തിയത്. തനിക്ക് അല്ലാഹു നൽകിയ ആദരം(കറാമത്ത്) പ്രകടമാകുകയായിരുന്നു അവിടെ. ഇതുപോലെ മഴ ചോദിച്ചുവാങ്ങിയത്, ഹജ്ജ് വേളയിൽ കാണാതായയാൾ തിരിച്ചുവരുമെന്നും നാട്ടിൽ പള്ളി നിർമിക്കുമെന്നുമുള്ള പ്രവചനപ്പുലർച്ച, അലകടലിൽ കാണാതായ വഞ്ചി തിരിച്ചു വരുമെന്ന പ്രഖ്യാപനം എല്ലാം യാഥാർത്ഥ്യമായി. പലതും അനുശ്രാവികം കൈമാറി വരുന്നതും ചിലതു രേഖപ്പെടുത്തപ്പെട്ടതുമാണ്.
വിയോഗം
ഹിജ്‌റ 1273 റമളാൻ ഇരുപത്തിയൊന്നാം രാവിന് തറാവീഹ് നിസ്‌കാരത്തിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹം പുറത്തിറങ്ങി ഛർദിച്ചു. തുടർന്ന് മൂന്നു മാസക്കാലം രോഗശയ്യയിൽ കഴിഞ്ഞു. ദുൽഹജ്ജ് മാസം രണ്ടാം പകുതിയിലെ ആദ്യത്തെ ആഴ്ച അദ്ദേഹത്തെ ചികിത്സിക്കാനെത്തിയ വൈദ്യൻ അടുത്ത വെള്ളിയാഴ്ച ഖാളിയാർക്ക് കുളിക്കാനാകുമെന്ന് പറയുകയുണ്ടായി. പരിചയ സമ്പന്നനായ വൈദ്യരുടെ കണക്ക് കൂട്ടൽ പിഴച്ചില്ല. 1273 ദുൽഹജ്ജ് 23 വെള്ളിയാഴ്ച മഹാൻ ഈ ലോകത്തോട് യാത്ര പറഞ്ഞു. ശിഷ്യൻ കാക്കത്തറയിൽ മുഹമ്മദ് മുസ്‌ലിയാരുടെ നേതൃത്വത്തിൽ മയ്യിത്ത് നിസ്‌കാരവും സംസ്‌കരണവും നടന്നു. നേരത്തെ തന്നെ ഖാളി കുഴിപ്പിച്ചുവച്ചിരുന്ന ഖബറിൽ വെളിയങ്കോട് ജുമുഅത്ത് പള്ളിയുടെ മുൻവശത്തായി മറവുചെയ്തു.