ഉരുൾ ദുരിതം: കൈകോർത്ത് നെയ്‌തെടുത്ത സ്വപ്നക്കൂടുകൾ

മേപ്പാടി മുക്കിലപ്പീടികയിലെ പൂത്തകൊല്ലി എസ്റ്റേറ്റിലെ ഹർഷം പുനരധിവാസ പദ്ധതിയിലെത്തുമ്പോൾ സമയം ഉച്ചയോടടുത്തിരുന്നു. അപ്പോഴുമവിടെ കോട കനത്തുനിന്നിരുന്നു. പുത്തുമലയിലെ ദുരിത പ്രകൃതി ദുരന്ത ബാധിതർക്കായി സർക്കാരും സന്നദ്ധ സംഘടനകളും ചേർന്ന് നിർമിക്കുന്ന ആ പുതിയ ഗ്രാമത്തിലേക്ക് കയറിച്ചെല്ലുമ്പോൾ പ്രതീക്ഷയുടെ, പുതുമയുടെ മുഖങ്ങളൊരുപാട് കാണാമായിരുന്നു. പലരും തങ്ങൾക്ക് അനുവദിച്ചുകിട്ടിയ ഭൂമിയിലും നിർമാണത്തിലിരിക്കുന്നതും പൂർത്തിയായതുമായ വീടുകളിലും ചുറ്റുവട്ടത്തുമൊക്കെയായി പലവിധ മരാമത്ത് പണികളിലാണ്. കുറച്ചുനാൾ കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പുള്ളതിനാൽ വെള്ളം ഒഴുകിപ്പോകാനുള്ള വഴിയുണ്ടാക്കുന്നവരെയും പെയിന്റ് പണി കഴിഞ്ഞ ചുവരിലേക്ക് മഴവെള്ളം തെറിക്കാതിരിക്കാൻ ഷീറ്റും മറ്റും വെച്ചു മറക്കുന്നവരെയും കാണാം.

മേപ്പാടി നെടുമ്പാല റോഡിലെ മുക്കിലെ പീടികയിൽ നിന്ന് ഇടത്തോട്ട് ചെറിയ കയറ്റം കയറി വേണം ഹർഷത്തിലെത്താൻ. എസ്‌വൈഎസ് മേപ്പാടി സർക്കിൾ വൈസ് പ്രസിഡന്റ് ബദ്‌റുദ്ദീൻ ഉസ്താദിനൊപ്പം ആ കയറ്റം നടന്നുകയറുമ്പോൾ ‘ എന്റെ വീടൊന്ന് കാണാൻ വാ’ എന്നു പറഞ്ഞ് തനിക്ക് പുതുതായി നിർമിച്ചു കിട്ടിയ വീട്ടിൽ നിന്നും സൈതലവ്യാക്ക ഞങ്ങളെ വിളിച്ചു. ആ വിളിയിലുണ്ടായിരുന്നു പുത്തൻ വീട് അയാൾക്ക് സമ്മാനിച്ച സന്തോഷം എത്രമേൽ തീവ്രമാണെന്നതിന്റെ എല്ലാ സൂചനകളും.
വീടിനു മുന്നിലെത്തിയപ്പോൾ അയാൾ തനിക്ക് ലഭിച്ച വലിയ സൗഭാഗ്യത്തെക്കുറിച്ച് പറഞ്ഞു. കൂടെ കിടപ്പാടം നഷ്ടപ്പെട്ട പലർക്കും ഇപ്പോഴും വീടായില്ലെന്ന പരിഭവത്തിനൊപ്പം തനിക്ക് നേരത്തെ പണി പൂർത്തിയായിക്കിട്ടിയെന്ന ആഹ്ലാദവും പങ്കുവെച്ചു. വാതിൽ തുറന്ന് വീടിന്റെ ഓരോ മുക്കും മൂലയും കാണിച്ചു. നിർമാണത്തിനുപയോഗിച്ച എല്ലാ വസ്തുക്കളും വലിയ ഗുണമേന്മയുള്ളവയാണെന്ന് ഓരോന്നും തൊട്ടുകാണിച്ച് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. അടുക്കളയിലെ സിങ്കിൽ ഉപയോഗിച്ച സ്റ്റീൽ പൈപ്പ് നല്ല കമ്പനിയുടേതാണ്, ബാത്‌റൂമും നിലത്തെ ഫ്‌ളോറിങ്ങുമെല്ലാം പ്രതീക്ഷിച്ചതിലേറെ നന്നായിട്ടുണ്ട്… ഇനി പുറത്ത് ചെറിയൊരു ഷെഡ് നിർമിച്ച് അടുപ്പ് അതിലൊരുക്കണം, പുത്തൻ വീട്ടിൽ ഇപ്പോഴേ കരിയും പുകയുമാക്കേണ്ടല്ലോ. കുഞ്ഞുപദ്ധതികൾ സൈതലവ്യാക്ക പങ്കുവെച്ചു.
സുന്നിപ്രസ്ഥാനം വീടിന്റെ താക്കോൽ കൈമാറിയ അന്നുതന്നെ, അംഗശുദ്ധി വരുത്തി പരിശുദ്ധ ഖുർആൻ കൈയിൽ പിടിച്ച് വീട്ടിൽ കയറിയതിന്റെ പൊലിവുകളും അയാൾ ഓർത്തെടുത്തു. എല്ലാം നഷ്ടമായ അവസ്ഥയിൽ നിന്ന് പുതിയൊരു ജീവിതം ആരംഭിക്കുന്നതിന്റെ മുഴുവൻ സന്തോഷങ്ങളും അയാളിലപ്പോൾ കാണാമായിരുന്നു.
2019ലെ വയനാട് പുത്തുമല ഉരുൾപൊട്ടലിലെ ദുരിതബാധിതരിൽ 13 പേർക്ക് ഐസിഎഫ് ഗൾഫ് കൗൺസിലിന്റെ സഹായത്തോടെ കേരള മുസ്‌ലിം ജമാഅത്ത് നിർമിച്ചു നൽകിയ വീടുകളിലൊന്നിന്റെ ഉടമസ്ഥനാണ് മുസ്‌ലിയാരകത്ത് സൈദലവി എന്ന ഈ കൂലിപ്പണിക്കാരൻ. ഇദ്ദേഹത്തെ പോലെ ഹർഷം പദ്ധതിയിൽ സ്ഥലം ലഭിച്ച 6 പേർക്കും കൊട്ടനാട്, കൊട്ടത്തറ വയൽ, പുത്തൂർ വയൽ എന്നിവിടങ്ങളിലായി സ്ഥലം ലഭിച്ച 7 പേർക്കുമാണ് സർക്കാരിനൊപ്പം ചേർന്ന് മുസ്‌ലിം ജമാഅത്ത് വീട് നിർമിച്ചു നൽകിയത്. എല്ലാവരും ശരാശരി വരുമാനം പോലുമില്ലാത്ത സാധാരണക്കാർ. അതിൽ മദ്‌റസാധ്യാപകനും കൂലിപ്പണിക്കാരും വിധവയും ഭർത്താവുപേക്ഷിച്ചുപോയവരുമെല്ലാമുണ്ട്. പുതിയൊരു നല്ല വീട് സ്വന്തമായി നിർമിക്കാൻ ഏറെ നാൾ കാത്തിരിക്കേണ്ടിവരുമായിരുന്ന, അതിനായി ലോണും കടങ്ങളും എടുക്കേണ്ടിവരുമായിരുന്നവരാണ് ഇവരെല്ലാം.
2021 നവംബർ 10 ബുധനാഴ്ച വൈകുന്നേരം നാലുമണിക്ക് കാന്തപുരം ഉസ്താദിന്റെ കൈയിൽ നിന്ന് പുതിയ വീടിന്റെ താക്കോൽ ഏറ്റുവാങ്ങിയപ്പോൾ, ഉസ്താദ് അവരുടെ വീട്ടിൽ വന്നുകയറിയപ്പോൾ അവർക്കുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. ആ സന്തോഷം സാധ്യമാക്കിയ പ്രസ്ഥാനത്തിനും പ്രവർത്തകർക്കും കൈത്താങ്ങേകിയവർക്കും അവർക്ക് നൽകാനുള്ളത് നിറഞ്ഞ നന്ദിയും പ്രാർഥനയും മാത്രം. എല്ലാം നഷ്ടപ്പെട്ട ദുരിത കാലവും പരിഭവങ്ങളുടെ വാടകവീട് വാസവും മറന്ന് മനം നിറവോടെ പുതിയ വീട്ടിലേക്ക് മാറാനുള്ള ഒരുക്കത്തിലാണ് എല്ലാവരും.

നഷ്ടങ്ങളുടെ നാളുകൾ

2019 ആഗസ്റ്റ് 08 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് നാടിനെയാകെ മണ്ണിൽ പുതച്ച് പച്ചക്കാടിന് മുകളിൽ നിന്ന് മണ്ണും വെള്ളവും മരങ്ങളും പാറക്കൂട്ടങ്ങളുമെല്ലാം ഇരമ്പിയെത്തുന്നത്. ഉരുൾപൊട്ടലാണോ സോയിൽ പൈപ്പിങ് ആണോ മേഘവിസ്‌ഫോടനമാണോ എന്നൊന്നും ഇപ്പോഴും തീർപ്പുകൽപിച്ചിട്ടില്ലാത്ത ആ ദുരിതത്തിൽ 17 മനുഷ്യരുടെ ജീവനാണ് പൊലിഞ്ഞത്. അതിൽ 5 പേരുടെ മൃതദേഹം ഇനിയും കണ്ടുകിട്ടിയിട്ടേയില്ല. ഒരു ഗ്രാമത്തിന്റെ രൂപമാകെ മാറിയ ആ കറുത്ത ദിവസം 57 വീടുകളാണ് പൂർണമായും തകർന്നത്. ആ വീടുകൾ നിലനിന്ന ഭൗമോപരി തലം പോലും അവശേഷിക്കാതെ ഒഴുകിപ്പോയി. ഭാഗികമായി തകർന്നതും താമസയോഗ്യമല്ലെന്ന് അധികൃതർ വിധിയെഴുതിയതുമായ വീടുകൾ നൂറിലധികം വരും. വീടെന്നൊരു കെട്ടിടം മാത്രമായിരുന്നില്ല അന്നവർക്ക് ഇല്ലാതെയായത്, അത്രയും കാലത്തെ സമ്പാദ്യങ്ങളും കൃഷിയടക്കമുള്ള വരുമാന മാർഗങ്ങൾ കൂടിയായിരുന്നു.
ഏഴാം തിയ്യതി ബുധനാഴ്ച പച്ചക്കാടിന് സമീപം മറ്റൊരു സ്ഥലത്ത് ചെറിയ ഉരുൾപൊട്ടലുണ്ടായതു കൊണ്ടും നിലക്കാത്ത മഴയായതുകൊണ്ടും പുത്തുമലയിലുള്ളവരെയാകെ അന്നുതന്നെ പഞ്ചായത്ത് അധികൃതർ പുത്തുമല ജിഎൽപി സ്‌കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. ഇനി പ്രശ്‌നമൊന്നും ഉണ്ടാകില്ലെന്ന് കരുതി സാധനങ്ങളെടുക്കാൻ വീട്ടിലേക്ക് പോയവരാണ് അടുത്ത ദിവസം വൈകുന്നേരമുണ്ടായ മഹാദുരിതത്തിൽ അകപ്പെടുന്നത്. തലേദിവസം മാറ്റിപ്പാർപ്പിച്ചിരുന്നില്ലെങ്കിൽ മരണസംഖ്യ ഊഹിക്കാവുന്നതിലും അപ്പുറമായേനേ.

പുതുജീവിതത്തിലേക്ക്

പുത്തുമല ജിഎൽപി സ്‌കൂളും അത്ര സുരക്ഷിതമല്ലെന്ന് തോന്നിയപ്പോഴാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ ജനങ്ങളെയെല്ലാം അടുത്തുള്ള ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റുന്നത്. നാടും വീടും ഒലിച്ചുപോയ അന്നു രാത്രിയിലെ നിലക്കാത്ത മഴയിൽ, ഫോറസ്റ്റ് ഓഫീസിന്റെ പരിമിതികളിൽ ഇനിയെന്തെന്ന് നിശ്ചയമില്ലാതെ ഉള്ളുരുകിക്കഴിയുകയായിരുന്നു എല്ലാവരും. ദുരിതത്തിൽ അകപ്പെട്ടത് ആരെല്ലാം, നഷ്ടമായത് എന്തെല്ലാം, തങ്ങളുടെ വീടുകൾക്ക് എന്ത് സംഭവിച്ചു എന്നൊന്നും ആർക്കും അപ്പോൾ ഊഹം പോലുമുണ്ടായിരുന്നില്ല. അവ്യക്തതയും മൂടിക്കെട്ടും അങ്കലാപ്പും മനസ്സിനെയാകെ തളർത്തിയ ആ രാത്രി ആരുറങ്ങാൻ! ദിവസങ്ങൾ വേണ്ടിവന്നു ദുരിതത്തിന്റെ പൂർണചിത്രം തെളിയാൻ. എല്ലാം നഷ്ടമായിരിക്കുന്നുവെന്ന് ഭീതിയോടെ തിരിച്ചറിഞ്ഞ നിമിഷം എന്തു ചെയ്യണമെന്ന് നിശ്ചയമില്ലാതെ തളർന്നിരുന്നു പോയി. ഭാവി ജീവിതം ഇരുളായിരിക്കുമെന്നു നിനച്ചു.

ദുരന്തത്തിന്റെ ആദ്യ നാളുകളിൽ മേപ്പാടി ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു എല്ലാവരും. 12 ദിവസം അവിടെയാണ് കഴിഞ്ഞത്. ആ ദിവസങ്ങളിലാണ് ഇനിയെന്ത് എന്ന ചോദ്യം ഉള്ളിലേക്ക് കയറിവരുന്നത്, എല്ലാവരും എല്ലാം പരസ്പരം ചോദിച്ചറിയുന്നത്. സ്‌കൂൾ പ്രവർത്തിക്കേണ്ടതിനാൽ ആ ആശ്വാസ കേന്ദ്രത്തിന് അൽപായുസ്സല്ലേ ഉണ്ടാവൂ. പതിയെപ്പതിയെ ഓരോരുത്തരും ബന്ധുവീടുകളും വാടകവീടുകളും തേടിപ്പോയി, എല്ലാം ഒന്നിൽ നിന്ന് തുടങ്ങി, പുതിയ ജീവിതം കെട്ടിപ്പടുക്കുന്നതിന് ഓരോ വഴികളും തേടി…

മേപ്പാടി ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞിരുന്ന സമയത്ത് സുന്നി പ്രാസ്ഥാനിക കുടുംബം ദുരിതത്തിൽപെട്ട ഓരോ കുടുംബത്തിനും സമ്മാനിച്ച 10000 രൂപക്ക് ലക്ഷങ്ങളുടെ വിലയുണ്ടായിരുന്നു എന്നാണ് ഗുണഭോക്താക്കളിലൊരാൾ പറഞ്ഞത്. അതവർക്ക് വലിയ ആശ്വാസമായി. ഒരുപാട് ആവശ്യങ്ങളുണ്ടാവുകയും കൈയിൽ ഒന്നുമില്ലാതിരിക്കുകയും ചെയ്യുന്ന സമയത്ത് കിട്ടുന്ന ചില്ലിക്കാശിനും മൂല്യം വലുതാണല്ലോ.

ആധിയുടെ വാടക വീടുകൾ

‘മദ്‌റസയിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ വേതനം അഞ്ചംഗ കുടുംബത്തിന്റെ ചെലവുകൾക്ക് പോലും മതിയാവില്ലല്ലോ. പിന്നെയല്ലേ കറന്റ്ബില്ലും വീട്ടുവാടകയും മറ്റ് ചെലവുകളും. പരിചയത്തിലുള്ള ഒരാളാണ് താത്കാലിക അഭയം തന്നത്. അതിനാൽ വാടകയിനത്തിൽ എനിക്ക് വലിയ ഇളവുണ്ട്. പക്ഷേ, മറ്റുള്ളവരുടെ അവസ്ഥ അതല്ല. ഒന്നുമില്ലായ്മയിൽ നിന്ന് വാടകവീട്ടിലേക്ക് വന്നവരല്ലേ എല്ലാവരും. അത് ദുരിതം കൂട്ടുകയേ ചെയ്തിട്ടുള്ളൂ’- ഇതു പറയുമ്പോൾ ഉള്ളതു കൊണ്ടു തൃപ്തിപ്പെടുമ്പോൾ തന്നെ ചുറ്റുമുള്ളവരുടെ ദുരിതം നേരിലറിയുന്നതിന്റെ എല്ലാ വേദനകളും അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നു; വാക്കുകളിൽ പ്രകടമായതിനേക്കാൾ കൂടുതൽ. നിത്യവൃത്തിയെക്കുറിച്ചുള്ള പരിഭവത്തോളം വരില്ലല്ലോ ജീവിതത്തിലെ മറ്റ് ആധികളൊന്നും.
മേപ്പാടി പോലീസ് സ്റ്റേഷന് സമീപമുള്ള ബദറുസ്താദ് എന്ന മദ്‌സാധ്യാപകൻ താമസിക്കുന്ന വാടക വീട്ടിലെത്തുമ്പോൾ പരിമിതികൾക്കിടയിലും അദ്ദേഹമെന്നെ സത്കരിക്കാൻ ഉത്സാഹിക്കുന്നുണ്ടായിരുന്നു. ചെന്നുകയറുന്നിടത്തുതന്നെ കാണുന്ന കട്ടിലും കിടക്കയും സമീപത്തായി അടുക്കിവെച്ച മറ്റ് ജംഗമ വസ്തുക്കളും ആ വീട്ടിലെ സ്ഥലപരിമിതിയും വീർപ്പുമുട്ടലും നന്നായി അനുഭവിപ്പിക്കുന്നു. ചെറുതെങ്കിലും സ്വന്തമായുണ്ടായിരുന്ന വീട്ടിൽ നിന്ന് പെട്ടെന്നൊരുനാൾ ഉരുൾപൊട്ടലിന്റെ രൂപത്തിൽ വന്ന ദുരന്തം കുടിയിറക്കിയതു മുതൽ ഈ വാടകവീട്ടിലാണ് അദ്ദേഹവും 3 മക്കളും ഭാര്യയും. ഉള്ള സൗകര്യങ്ങളുടെ തണലിന് നാഥന് നന്ദിയോതി തന്റെയും മറ്റനേകം അയൽക്കാരുടെയും കിടപ്പാടമില്ലാതാക്കിയ ആ കറുത്ത പകലിനെക്കുറിച്ച് ആ മുഅല്ലിം പറഞ്ഞുതുടങ്ങി. ദുരിത നാളുകളെ വീണ്ടും വീണ്ടും ഓർമിപ്പിക്കരുതെന്ന ബോധ്യം ഉള്ളിൽ തികട്ടിയതിനാൽ തന്നെ ഞാൻ പതിയെ വിഷയം മാറ്റി. ദുരന്താനന്തര ജീവിതത്തെ കുറിച്ചും ഇപ്പോൾ വലിയ സൗഭാഗ്യമായി ലഭിച്ച വീടിനെ പറ്റിയും അതിലേക്ക് താമസം മാറാനുള്ള ഒരുക്കങ്ങളും അദ്ദേഹം പങ്കുവെച്ചു. ആ പറച്ചിലിൽ അകം നിറഞ്ഞ സന്തോഷവും ഉള്ളറിഞ്ഞ പ്രാർഥനയുമുണ്ടായിരുന്നു. സഹജീവിയോട് സുന്നി കേരളം കാണിച്ച കരുതലിനോടുള്ള നന്ദിയും…
ദുരിതം നടന്ന് രണ്ടു വർഷമായിട്ടും തൊണ്ണൂറ് ശതമാനം പേരും ഇപ്പോഴും വാടക വീടുകളിൽ തന്നെയാണ്. പലർക്കും സർക്കാരും സന്നദ്ധ സംഘടനകളും സഹകരിച്ച് വീടുകൾ നിർമിക്കുന്നുണ്ട്. കേരള മുസ്‌ലിം ജമാഅത്ത് നിർമിച്ച 13 വീടുകളും മറ്റു ചില സംഘടനകൾ നിർമിച്ച ഏതാനും വീടുകളും മാത്രമേ പണി പൂർണമായും കഴിഞ്ഞിട്ടുള്ളൂ. ചിലർക്ക് വെള്ളവും കറന്റും ലഭിക്കാനുണ്ട്. എന്നാലേ താമസം മാറ്റാൻ കഴിയൂ. പല വീടുകളും നിർമാണത്തിലാണ്. ചിലർക്ക് ഇപ്പോഴും സ്ഥലമോ സ്‌പോൺസർമാരേയോ ലഭിച്ചിട്ടില്ല.

പുതുവീട് നൽകുന്ന പൊലിവുകൾ

നാളിതുവരെ താമസിച്ചിരുന്ന വീട് വാസയോഗ്യമല്ലാതായ അനുഭവവും വാടക വീടിൽ കഴിയേണ്ടി വന്ന കാലത്തെ ദുരിതവും എല്ലാവരിലും ഏകദേശം ഒരുപോലെയാണെങ്കിലും പുതുവീട് നൽകുന്ന സാമ്പത്തിക സുരക്ഷിതത്വവും സംതൃപ്തിയും ഓരോരുത്തരിലും വ്യത്യസ്തമാണ്. കുടുംബാംഗങ്ങളുടെ വേതനവും വീട്ടിലെ നിത്യ ചെലവുകളും എല്ലാമായി അതിന് വലിയ ബന്ധമുണ്ട്. ഒട്ടും വരുമാനമില്ലാതിരിക്കുകയും അതോടൊപ്പം ഒട്ടേറെ ചെലവുകൾ ഉണ്ടാവുകയും ചെയ്തിരുന്നവരാണ് ഗുണഭോക്താക്കളിൽ പലരും. എങ്ങനെയെങ്കിലും വാടക വീടൊഴിയാനായാൽ ആ പണം നിത്യച്ചെലവിന് കിട്ടുമല്ലോ എന്ന് പറയുന്നവർ ധാരാളം. അധ്വാനിച്ച് കിട്ടുന്നതെല്ലാം വാടകയായി കൊടുക്കേണ്ടിവരുന്നവരുടേത് വല്ലാത്തൊരവസ്ഥയാണ്.
കോവിഡ് മൂലം നേരാവണ്ണം ജോലിയില്ലാത്തവരാണ് മിക്കപേരും. മേപ്പാടി പച്ചക്കാട് ഉണ്ടായിരുന്ന വീട് നഷ്ടപ്പെട്ട നാലു പെൺമക്കളുടെ മാതാവും വിധവയുമായ ഖദീജ പങ്കുവെച്ചതും വാടക നൽകാൻ സാധിക്കുന്നില്ലെന്ന പരിഭവം തന്നെ. ‘ചെലവിനുള്ളത് ആരെങ്കിലുമൊക്കെ തന്നിട്ടും വിധവാ പെൻഷൻ കൊണ്ടും കഴിയും. പക്ഷേ 4000 രൂപ വാടക ഞാൻ എവിടെന്ന് ഒപ്പിക്കാൻ’- ആ ഉമ്മ കൈ മലർത്തുന്നു. ‘തമിഴ്‌നാട് അടക്കം ദൂരത്ത്ക്കാണെങ്കിലും 4 മക്കളെയും കെട്ടിച്ചയച്ചല്ലോ എന്നാണൊരു സമാധാനള്ളത്. നമ്മളെ മക്കള് വിരുന്ന് വരുമ്പോ അന്തിയുറങ്ങാനും എനിക്ക് നേരത്തിന് സ്വസ്ഥായി നിസ്‌കരിക്കാനുമൊക്കെ നമ്മൾത്ന്ന് പറയാനൊരു ഒരു സ്ഥലായല്ലോ, അതിനേക്കാൾ വല്യ റാഹത്ത് വേറെ എന്താ? അൽഹംദുലില്ലാഹ്!’ വീട് ലഭിച്ച നിർവൃതിയിൽ അവർ പറഞ്ഞു.

ഇപ്പോൾ മേപ്പാടിക്കടുത്ത കൊട്ടത്തറ വയലിൽ താമസിക്കുന്ന ബിന്ദു ദുരിതത്തിന് ഏഴ് മാസം മുമ്പു മാത്രമാണ് പച്ചക്കാടുള്ള വീട്ടിലേക്ക് താമസം മാറിയത്. അൽപം സർക്കാർ ഫണ്ടും മക്കളുടെയും തന്റെയും സ്വർണാഭരണങ്ങളും വിറ്റും അൽപകാലം ഗൾഫിൽ ജോലിചെയ്തും ഒക്കെ സ്വരുക്കൂട്ടിയാണ് 650 സ്‌ക്വയർ ഫീറ്റ് വീടുണ്ടാക്കിയത്. 11 കൊല്ലമെടുത്തു പണി പൂർത്തിയാവാൻ! ആറ്റുനോറ്റുണ്ടായ ആ സ്വപ്നക്കൂടാണ് ഏഴാം മാസത്തിൽ പ്രളയം നക്കിത്തുടച്ചത്. രോഗിയായ അച്ഛനും അമ്മക്കും രണ്ടു പെൺമക്കൾക്കുമൊപ്പം താമസിക്കുന്ന ബിന്ദുവിന് കാര്യമായ വരുമാനമൊന്നുമില്ല. അമ്മയെ നോക്കേണ്ടതിനാൽ മുമ്പത്തെ പോലെ ജോലിക്ക് പോകാനുമാവില്ല. ഭർത്താവ് എന്നോ ഉപേക്ഷിച്ച് പോയതാണ്. പെൻഷൻ തുകയാണ് ഏക ആശ്രയം. ‘ഞങ്ങളെ സംബന്ധിച്ച് ഇനിയൊരു വീട് സ്വപ്നത്തിൽ പോലും അസാധ്യമായിരുന്നു, അതാണ് നിങ്ങൾ ഉണ്ടാക്കിത്തന്നത്. സഹായിച്ചവരോടെല്ലാം തീർത്താൽ തീരാത്ത നന്ദിയുണ്ട്’- അതു പറയുമ്പോൾ ബിന്ദുവിന്റെ മുഖത്ത് ആശ്വാസത്തിന്റെ തെളിച്ചമായിരുന്നു.

ഇങ്ങനെ, കേരള മുസ്‌ലിം ജമാഅത്ത് നിർമിച്ചു നൽകിയ വീടുകൾ ലഭിച്ച ഓരോരുത്തർക്കും പറയാനുള്ളത് ഹൃദയത്തോട് ചേർത്തുവെച്ച നന്ദിയുടെയും പ്രാർഥനയുടെയും ഒട്ടേറെ കഥകൾ. തീർച്ചയായും അർഹമായ കരങ്ങളിലേക്കാണ് സുന്നി പ്രസ്ഥാനത്തിന്റെയും സഹകാരികളുടെയും സഹായ ഹസ്തമെത്തിയിരിക്കുന്നതെന്ന് ഈ ജീവിതങ്ങൾ ബോധ്യപ്പെടുത്തുന്നു. മേപ്പാടി ഹർഷം പദ്ധതിയിലെയും പുത്തൂർ വയൽ പദ്ധതിയിലെയും ഗുണഭോക്താക്കൾക്കുള്ള കുടിവെള്ള പദ്ധതികൾ ഒരുക്കുന്നത് മർകസാണ്. 10 ലക്ഷം രൂപ ചെലവിൽ നിർമിച്ച ഹർഷം പദ്ധതിയിലെ കുടിവെള്ള പദ്ധതി ഇതിനകം സമർപ്പിച്ചുകഴിഞ്ഞു.

27 സന്തോഷ ഭവനങ്ങൾ

ജനങ്ങൾക്ക് ഉപകാരം ചെയ്യുന്നവരാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടവർ, സഹജീവിക്ക് സന്തോഷമെത്തിക്കലാണ് കർമങ്ങളിൽ മികച്ചത്- ഇസ്‌ലാമികാധ്യാപനങ്ങളിൽ പ്രധാനമായ ഈ ആശയത്തിൽ നിന്നാണ് സുന്നി പ്രസ്ഥാനം പ്രചോദനമുൾക്കൊണ്ടത്. മനുഷ്യനെ ചേർത്തുപിടിക്കണമെന്ന മഹോന്നതമായ മൂല്യബോധമാണ് പ്രസ്ഥാന കുടുംബത്തിലെ ഓരോ അംഗവും അനുധാവനം ചെയ്യാൻ ശ്രമിക്കുന്നത്. അതിന്റെ ഫലമാണ് 2021 നവംബർ 10, 12 തിയ്യതികളിൽ പുത്തുമലയിലും കവളപ്പാറയിലുമായി കേരള മുസ്‌ലിം ജമാഅത്ത് ദുരിതബാധിതർക്കായി സമർപ്പിച്ച 27 ഭവനങ്ങളിൽ ഓരോന്നും. ഒരു മഴക്കാലത്ത് വീണുടഞ്ഞുപോയ അനേകം മനുഷ്യരുടെ സ്വപ്നങ്ങളാണ് ദുരിതം കഴിഞ്ഞ് രണ്ടുവർഷം പിന്നിടുമ്പോൾ സുന്നി പ്രസ്ഥാനം കൂടുതൽ മികവോടെ സാക്ഷാത്കരിച്ചുനൽകുന്നത്. ദുരിതത്തിന്റെ ആദ്യനാളുകളിലും ഇടക്കാലത്തും ചെയ്ത ധനസഹായമടക്കമുള്ള ചേർത്തുപിടിക്കലുകൾ വേറെയും.
ഓരോ ദുരിതവും ഓരോ പാഠമാണെന്ന് പറയുന്നത് പോലെ തന്നെ ഓരോ അതിജീവനവും നമുക്ക് നൽകുന്നത് വലിയ മാതൃകകളാണ്. ഒത്തൊരുമയുടെയും കൂട്ടായ്മകളുടെയും വലിയ വിജയമാണ് ഈ വീടുകളോരോന്നും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കോവിഡ് കാലത്തും ഈ ദൗത്യം ഭംഗിയായി പൂർത്തിയാക്കിയതിന് പിന്നിൽ നേതൃത്വത്തിന്റെയും പ്രവർത്തകരുടെയും ചേർത്തുപിടിക്കലുകൾക്ക് വലിയ പങ്കുണ്ട്. നിങ്ങൾ നൽകുന്ന ഓരോ നാണയത്തുട്ടും ഈ പ്രസ്ഥാനം കൃത്യമായി വിനിയോഗിക്കുന്നുണ്ടെന്ന് സാക്ഷ്യപ്പെടുത്തുക കൂടിയാണ് ഈ വീടുകളും മറ്റനേകം പദ്ധതികളും. എല്ലാം നഷ്ടപ്പെട്ട ദിനങ്ങളിൽ നിന്ന്, വീടെന്ന കേവല സ്വപ്നങ്ങളിൽ നിന്ന് കേരള മുസ്‌ലിം ജമാഅത്ത് തന്റെ കുടുംബത്തിന് അടച്ചുറപ്പുള്ളൊരു ഭവനം നിർമിച്ചു തരുന്നെന്ന് അറിഞ്ഞതു മുതൽ അത് സാക്ഷാത്കൃതമായ ഈ ദിനം വരെയുമുള്ള ഗുണഭോക്താക്കളിലോരോരുത്തരുടേയും പ്രാർഥനകളിൽ ഈ പ്രസ്ഥാനവും അതിനൊപ്പം നിൽക്കുന്ന അനേകം മനുഷ്യരുമുണ്ട്. അതു പോരേ നമുക്ക് കൂടുതൽ കരുത്താർജിക്കാനും അനേകായിരം മനുഷ്യരെ വീണ്ടും ചേർത്തുപിടിക്കാനും.

മുബശ്ശിർ മുഹമ്മദ്

Exit mobile version