ഉള്ളുണർത്തുന്ന ജ്ഞാനം

തിരുനബി(സ്വ) പറയുന്നു: അറിവുകൾ രണ്ടു തരമുണ്ട്. ഖൽബിന്റെ അറിവാണ് ഒന്ന്. അതാണ് പ്രയോജനപ്പെടുന്ന (നാഫിഅ്) വിജ്ഞാനം. രണ്ടാമത്തേത് നാവിന്മേൽ മാത്രമുള്ള അറിവാണ്. ഇതാണ് മനുഷ്യന് മേൽ അല്ലാഹുവിനുള്ള തെളിവായി മാറുന്നത് (ഇബ്‌നു അബീശൈബ).
എന്താണ് അറിവ്, എന്താണ് അതിന്റെ പ്രയോജനം, എങ്ങനെയാണ് അതിന്റെ പ്രയോഗം, എപ്പോഴാണത് വെളിച്ചമാകുന്നത്? ഇത്യാദി കാര്യങ്ങൾ വിശകലനമർഹിക്കുന്നു. അറിവ് കൊണ്ട് ആഖിറം നഷ്ടപ്പെട്ടവരുണ്ട്. എന്നാൽ ജ്ഞാനത്തിലൂടെ റബ്ബിന്റെ സാമീപ്യം ഉറപ്പിച്ചവരെയും ഇസ്‌ലാമിക പാഠങ്ങളിൽ കാണാം. ‘അല്ലാഹു അവന്റെ സൃഷ്ടികളിൽ ചിലർക്ക് വലിയ നന്മ ചെയ്യുന്നതിന്റെ തെളിവാണ് മതത്തിൽ അവർക്ക് അറിവ് നൽകുന്നത് (ബുഖാരി).
സ്രഷ്ടാവുമായി സൃഷ്ടികളെ ബന്ധിപ്പിക്കുന്നതും കൂടുതൽ അടുപ്പിക്കുന്നതുമായ അറിവുകൾക്കാണ് പരിശുദ്ധ മതം പ്രാധാന്യം നൽകുന്നത്. കണ്ണുകളും കാതുകളും ഖൽബും നൽകിയാണ് ജ്ഞാനാർജനത്തിനുള്ള വഴികൾ അല്ലാഹു നമുക്ക് തുറന്നുതന്നത്. സൃഷ്ടികളിലേക്ക് നോക്കാം, അങ്ങനെ സ്രഷ്ടാവിനെ അറിയാം! ഈ അറിവാണ് യഥാർത്ഥമായ അറിവ്.
പ്രപഞ്ചത്തിൽ അനേകം സൃഷ്ടികളുണ്ട്. പല തരത്തിലുമുള്ളവയുണ്ട്. ജീവനുള്ളതും അല്ലാത്തതും. വളരെ വലുതും സൂക്ഷ്മദർശിനിയിൽ പോലും കാണാനാവാത്തതുമുണ്ട്. ഉള്ളതാണെന്ന് അറിഞ്ഞുറപ്പിച്ച പലതും ഇനിയും നമുക്ക് കണ്ടെത്താനാവാത്തതായി ഉണ്ട്. സൃഷ്ടികളുടെ ഈ മഹാലോകം പരിചയപ്പെടാനാവുന്നതിലൂടെ നമുക്ക് സ്രഷ്ടാവിനെ അറിയാം. ഇങ്ങനെ നാം നമ്മെയും മറ്റു സൃഷ്ടികളെയും അറിയുന്നതിലൂടെ സ്രാഷ്ടാവിലേക്ക് നമുക്ക് വഴി തുറക്കും.
സൃഷ്ടികളിലൂടെ സ്രഷ്ടാവിനെ അറിയുന്നതിന് വേണ്ടിയാണല്ലോ വിശുദ്ധ ഖുർആനും തിരുവചനങ്ങളും നമുക്ക് സൃഷ്ടികളെ പരിചയപ്പെടുത്തിത്തരുന്നത്. ആ കൂട്ടത്തിൽ മഴയുണ്ട്, കാറ്റുണ്ട്, മലകളും പർവതങ്ങളും മരങ്ങളും മൃഗങ്ങളുമെല്ലാമുണ്ട്.
പുഴകളും നദികളും വിശാലമായ കടലും കരയുമെല്ലാം സൃഷ്ടികൾ തന്നെയാണ്. ഇവയെ കുറിച്ച് ചിന്തിക്കുന്നവർക്ക് നമ്മെ പടച്ച റബ്ബിനെ മനസ്സിലാക്കാനാകുന്നില്ലേ എന്നാണ് ഖുർആൻ ചോദിക്കുന്നത്.
പാല് തരുന്ന ആടുമാടുകളും കളങ്കമില്ലാത്ത മാംസമായി നാം കഴിക്കുന്ന ചെറുതും വലുതുമായ മീനുകളും ഈ സൃഷ്ടികളിലുണ്ട്. നിർജീവമായ നിലങ്ങളിൽ ചെറിയൊരു ചാറ്റൽ മഴയിൽ പുല്ലുകളും ചെടികളും മുളപൊട്ടുകയും ക്രമേണ അത് സജീവമാവുകയും ചെയ്യുന്നതിനെ പറ്റി ഖുർആൻ വിവരിക്കുന്നുണ്ട്. നിസ്സാരമായ ബീജത്തുള്ളിയിൽ നിന്നാണല്ലോ എല്ലാം തികഞ്ഞവനെന്ന് അഹങ്കരിക്കുന്ന മനുഷ്യനെ പടച്ചതെന്ന വസ്തുത നമ്മെ എത്രമേൽ ചിന്തിപ്പിക്കണം? ഇതാണ് ശരിയായ അറിവ്. ഇത്തരം ആലോചനകളും ഉണർവും നമുക്ക് നൽകുന്ന അറിവുതന്നെയാണ് നാഫിആയ ജ്ഞാനം. പരലോകത്ത് അനുകൂല സാക്ഷിയാകുന്ന അറിവ്.
ആത്മജ്ഞാനമാണത്. കണ്ണിൽ കാണുന്നതും കാതുകളിലൂടെ കേൾക്കുന്നതുമെല്ലാം നമ്മുടെ ഉള്ളിൽ പതിയുന്നു, ചിന്തകളെ സജീവമാക്കുന്നു. റബ്ബിനെ മനസ്സിലാക്കാനും അവന്റെ മാഹാത്മ്യം ഉൾകൊള്ളാനും ഇതിലൂടെ സാധിക്കുന്നു. ഉള്ളിനെ പ്രകാശിപ്പിക്കുന്ന ഈ അറിവിനാണ് റബ്ബിന്റെയടുക്കൽ സ്ഥാനം. ഇവർക്ക് വേണ്ടിയാണ് മലക്കുകൾ പ്രാർത്ഥിക്കുക. ഇവരെ കുറിച്ചാണ് ആകാശലോകമടക്കമുള്ള വിശുദ്ധ സ്ഥലങ്ങളിൽ ചർച്ച ചെയ്യുന്നത്. മഹത്ത്വമുണ്ടെന്ന് പറഞ്ഞത് ഈ അറിവിന്റെ കാര്യത്തിലാണ്.
എന്നാൽ തിരുവചനം പഠിപ്പിക്കുന്ന രണ്ടാമത്തെ അറിവ് കേവല സംസാരങ്ങളിലും തർക്കങ്ങളിലും വാഗ്വാദങ്ങളിലും തളച്ചിടപ്പെട്ട അറിവാണ്. അതിൽ പലപ്പോഴും നന്മയില്ല. അത് നല്ല ചിന്തകളും ഉണർവും നൽകുന്നുമില്ല. പാതിരാവിലും ശരീരസുഖങ്ങൾ മാറ്റിവെച്ച് നാഥനിലേക്ക് മനസ്സ് തിരിക്കാൻ ഈ അറിവ് പ്രചോദനമേകുന്നില്ല. റബ്ബിനെ ഉൾകൊള്ളാനല്ല ഈ അറിവ് അവസരമൊരുക്കുന്നത്. സ്വന്തത്തിന്റെ പെരുമയും പ്രതാപവും പ്രശസ്തികളുമാണ് ഇതിന്റെ പരിഗണനയിലുള്ളത്. രണ്ടാമത്തെ അറിവിന്റെ ലോകത്തെ ജാഗ്രതയോടെയാണ് നാം കാണേണ്ടത്.
നാവാണ് ഇവിടെ വില്ലൻ. പ്രവർത്തിക്കുന്നതേ പറയാവൂ! വിശ്വാസികളേ, നിങ്ങളെന്തിനാണ് ചെയ്യാത്തത് പറയുന്നതെന്ന് വിശുദ്ധ ഖുർആൻ ചോദിക്കുന്നു. മനസ്സ് രോഗാതുരമാണെന്നതിന്റെ തെളിവാണ് ഈ സംസാരപ്രിയം. ‘എനിക്ക് ഏറ്റവും കോപം തോന്നുന്നതും ഞാൻ അകന്നു നിൽക്കാനാഗ്രഹിക്കുന്നതും സംസാരപ്രിയരോടാണെന്നാണ് (തിർമുദി) ഹദീസിലുള്ളത്. വിത്തും കാമ്പുമൊന്നുമില്ലാത്ത, പതിരുകൾ മാത്രമുള്ള ധാന്യശേഖരത്തിന് എന്ത് ഗുണമാണുള്ളത്? അതുപോലെയാണ് ഖൈറില്ലാത്ത സംസാരങ്ങൾ. പറയുന്നവരെ മാത്രമല്ല, കേൾക്കുന്നവരെയും അത് നശിപ്പിക്കും. അറിവുകൾ അകത്തെ വെളുപ്പിക്കുന്നതാവണം. കറുപ്പിക്കുന്നതാവരുത്.
നാവിലൂടെ മാത്രം നിലനിലനിൽക്കുന്ന, പറയാൻ മാത്രം പഠിച്ചെടുക്കുന്ന, കർമങ്ങളിലും ജീവിതത്തിലും പ്രതിഫലിക്കാത്ത അറിവിന് യാതൊരു വീര്യവുമില്ല. എത്രമേൽ മധുരമുള്ളതും മനോഹരവുമാണെങ്കിലും അതിൽ നന്മയില്ല. അറിവുകൾ ആത്യന്തികമായി റബ്ബിന്റെ സാമീപ്യത്തിന്റെ വഴിയൊരുക്കണം. കുറേയേറെ ടെക്സ്റ്റുകൾ വാരിക്കൂട്ടുന്നതിലൂടെയല്ല ജ്ഞാനം ലഭിക്കുന്നതെന്നും അല്ലാഹു ഒരാളുടെ ഉള്ളിലേക്ക് പകർന്നുനൽകുന്ന വെളിച്ചമാണ് ജ്ഞാനമെന്നും ഇമാം മാലിക്(റ). ഉൾഭയവും ഒപ്പം ഉള്ളിലെ വെളിച്ചവും പകർന്നുനൽകുന്ന അറിവുകൾക്ക് പകരം നാവിലൂടെ ഒഴുകുന്ന വിദ്യക്ക് ഹൃദയത്തെ പ്രകാശിപ്പിക്കാനാവില്ലെന്ന് ജ്ഞാനികൾ. സ്വന്തത്തെ അടയാളപ്പെടുത്തുന്നതാണ് അത്തരം അറിവുകൾ. എന്നാൽ വിശ്വാസിയുടെ അറിവ് റബ്ബിനെ കണ്ടെത്താനുള്ളതാണ്.

 

എൻഎം സ്വാദിഖ് സഖാഫി

Exit mobile version