എംഎ ഉസ്താദ് ; വേർപാടിന്റെ ഒന്നാംവർഷം

വിശുദ്ധ ഖുർആനിന്റെ ഭാഷയിൽ മരണം പൊതുവെ മുസ്വീബത്താണ് (5/106). മാതാപിതാക്കൾ, ഭർത്താവ്, ഭാര്യ, സന്താനങ്ങൾ, അടുത്ത സുഹൃത്തുക്കൾ തുടങ്ങി പ്രിയപ്പെട്ടവരുടെ വേർപാട് മനസ്സിന് വലിയ നോവേൽപ്പിക്കും. ഇതെല്ലാം മറക്കാനും യഥാർത്ഥ്യത്തോട് സമരസപ്പെടാനും പാകപ്പെട്ട പ്രകൃതിയിലാണ് മനുഷ്യന്റെ സൃഷ്ടിപ്പ്.

സമൂഹത്തിലെ സമ്പന്നർ മരിച്ചാൽ സമ്പത്ത് കൂടെ കൊണ്ടുപോകുന്നില്ല. അതയാൾ ഉപേക്ഷിച്ചു പോകുന്നു. ഒരു പണ്ഡിതൻ മരിച്ചാൽ അദ്ദേഹത്തിന്റെ വിജ്ഞാനവും സമൂഹത്തിന് നഷ്ടമാവുന്നു. അറിവ് ദീനിന്റെ ജീവനാണല്ലോ.

വിജ്ഞാനത്തെ ഒറ്റയടിക്ക് ഊരിയെടുക്കുകയല്ല, പ്രത്യുത പണ്ഡിതരുടെ വേർപാട്മൂലം ക്രമേണ ഉയർത്തപ്പെടുകയാണ് ചെയ്യുക. വഹ്‌യ് ആണല്ലോ വിജ്ഞാനത്തിന്റെ പ്രഭവകേന്ദ്രം. നബി(സ്വ)യുടെ വിയോഗത്തോടെ അത് നിലച്ചു.

ഒരിക്കൽ ഒന്നാം ഖലീഫ അബൂബക്കർ(റ) സഹചാരികളോടൊന്നിച്ച് നബി(സ്വ)യുടെ പോറ്റുമ്മയായ ഉമ്മു അയ്മൻ എന്ന ബറക(റ)യെ സന്ദർശിക്കാൻ ചെന്നു. അപ്പോൾ അവർ കരയുകയാണ്. ദീനിന്റെ ജീവനായ വിജ്ഞാനം ലഭിച്ചിരുന്ന വഹ്‌യ് നബി(സ്വ)യുടെ വിയോഗത്തോടെ സമൂഹത്തിന് നഷ്ടമായല്ലോ എന്നോർത്തായിരുന്നു വിലാപമെന്ന് ചോദ്യത്തിനുത്തരമായി അവർ വെളിപ്പെടുത്തുകയുണ്ടായി.

ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ ദീനിനേൽക്കുന്ന മുസ്വീബത്താണ് വലിയ ദുരന്തം. കൊലമൂലം ഒരാളുടെ ശാരീരിക വിയോഗം വരുത്തി വെക്കുന്നതിനെക്കാൻ ഗൗരവമാണ് ദീനിലും ആദർശത്തിലും ഉടലെടുക്കുന്ന ഫിത്‌ന എന്ന് വിശുദ്ധ ഖുർആൻ പ്രഖ്യാപിച്ചതും അത്‌കൊണ്ടാണ്. ഞങ്ങൾക്ക് വല്ല മുസ്വീബത്തും വരികയാണെങ്കിൽ തന്നെ അത് ഞങ്ങളുടെ ദീനിലാവരുതേ എന്ന് നബി(സ്വ)യുടെ പ്രാർത്ഥനകളിൽ കാണാം.

എന്ത് ഭൗതിക ദുരന്തങ്ങൾ സംഭവിച്ചാലും രണ്ടാം ഖലീഫ ഉമർ(റ) പറഞ്ഞു സമാധാനിക്കുന്ന ഒരു വാചകമുണ്ട്; ‘ഈ മുസ്വീബത്ത് എന്റെ ദീനിൽ അല്ലാതാക്കിയ അല്ലാഹുവിന് സ്തുതി’ എന്നാണത്. ദീനിൽ ഫിത്‌നയോ ഫസാദോ വന്നാൽ അവിശ്വാസിയോ, പുത്തൻവാദിയോ, ബഹുദൈവ വിശ്വാസിയോ ആകട്ടെ, നരകമാണവരുടെ വാസസ്ഥലം; അതെത്ര ഭയാനകം!

നരക കവാടങ്ങളെ കൊട്ടിയടച്ച് സ്വർഗ വാതായനങ്ങളിലേക്ക് ജനങ്ങളെ വഴിനടത്തിയ വൈജ്ഞാനിക പ്രകാശ ഗോപുരം തന്നെയായിരുന്നല്ലോ തിരുനബി(സ്വ). അവിടുത്തെ വിയോഗത്തോടെ ശൈഥില്യങ്ങൾ ഉടലെടുത്തു. ഫിത്‌നകളും ഫിത്‌നക്കാരും ഫണം വിടർത്തി. സകാത് നിഷേധികൾ, സ്വഹാബികളെ കാഫിറാക്കിയവർ, ഖദ്ർ നിഷേധികൾ, വിശ്വാസ രംഗത്ത് സർവത്ര രോഗം പിടിപെട്ടവർ. നബി(സ്വ)യുടെ പ്രവചനം പുലരുകയായിരുന്നു; എന്റെ വിയോഗം വിശ്വാസികൾക്ക് വലിയ മുസ്വീബത്താണ് (ത്വബ്‌റാനി, ഇബ്‌നു സഅദ്).

എന്റെ വിയോഗാനന്തരം ആദർശ രംഗത്ത് കുഴപ്പക്കാരുടെ തള്ളിക്കയറ്റമുണ്ടാകും. സമുദ്രത്തിലെ തിരമാലകൾ കണക്കെ ഒന്നിനു പിറകെ മറ്റൊന്നായി അതു പ്രതീക്ഷിക്കാം. എന്റെയും സച്ചരിതരായ എന്റെ ഖലീഫമാരുടെയും ചര്യ നിങ്ങൾ മുറുകെ പിടിക്കണം. അല്ല, അണപ്പല്ല് കൊണ്ട് കടിച്ചുപിടിക്കണം. എഴുപതിലധികം ചിന്താധാരകൾ ആദർശ രംഗത്ത് മുളപൊട്ടും. എന്റേയും സ്വഹാബാക്കളാവുന്ന സംഘത്തിന്റേയും മാർഗം പിൻപറ്റുന്നവർ മാത്രമേ സ്വർഗം പ്രാപിക്കൂ എന്നും പ്രവാചകർ(സ്വ) പഠിപ്പിച്ചു (തിർമുദി, അബൂദാവൂദ്, ഹാകിം, ഇബ്‌നുമാജ). ഇതെല്ലാം തിരുനബിയുടെ മുന്നറിയിപ്പുകളാണ്.

ഖലീഫമാർ ഫിത്‌നക്കാരെ ശക്തമായി നേരിട്ടു. അതോടൊപ്പം സമുദായത്തിന്റെ ദീനീ സംരക്ഷണാർത്ഥം വൈജ്ഞാനിക സംരക്ഷണത്തിന് പദ്ധതികളാവിഷ്‌കരിക്കുകയും ചെയ്തു. വിശുദ്ധ ഖുർആൻ ക്രോഡീകരണവും പകർപ്പുകളും എല്ലാം അതിന്റെ ഭാഗമായിരുന്നു. ഖുഫ്‌ലുൽ ഫിത്‌ന (ഫിത്‌ന തളച്ചിടുന്ന പൂട്ട്) എന്ന അപരനാമം തന്നെയുണ്ട് ഉമർ(റ)വിന്. നബികരീം(സ്വ) തന്നെയാണ് ആ പേരിട്ടത് (ബസ്സാർ).

‘ഇദ്ദേഹം നിങ്ങളിൽ ജീവിച്ചിരിക്കുന്ന കാലത്തോളം നിങ്ങളുടെ ദീനിൽ നാശം ഭയപ്പെടേണ്ടതില്ല.’ ഉമർ(റ)വിനെ ചൂണ്ടിക്കൊണ്ട് അബൂദർറ്(റ) പറഞ്ഞ ഈ ഹദീസ് ഇമാം ത്വബ്‌റാനി(റ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

എംഎ ഉസ്താദിനെ അനുസ്മരിക്കുമ്പോൾ വിജ്ഞാനത്തിനും മുസ്‌ലിം പൈതൃകത്തിന്റെ പ്രഭാവം ഉയർത്താനും ദാർശനികമായി അദ്ദേഹം ചെയ്ത സംഭാവനകൾക്ക് ആമുഖമായി ഇക്കാര്യങ്ങൾ പരാമർശിക്കാതെ വയ്യ. ഉസ്താദിന്റെ വിയോഗം വൈജ്ഞാനിക ലോകത്തിനും ചരിത്ര വിദ്യാർത്ഥികൾക്കും ഏൽപിച്ച നഷ്ടം വിലയിരുത്താവുന്നതിലപ്പുറമാണ്.

ദീനും ആദർശവും സംരക്ഷിക്കുക, കളങ്കമില്ലാതെ പുതുതലമുറക്ക് അത് കൈമാറുക ഓരോ ശ്വാസ നിശ്വാസത്തിലും എംഎ ഉസ്താദെന്ന മുക്രിക്കാന്റകത്ത് അബ്ദുൽ ഖാദിർ മുസ്‌ലിയാരുടെ ചിന്ത അതായിരുന്നു. കാലവും പ്രായവും അതിന് തടസ്സമായിരുന്നില്ല. രൂപീകരണ ലക്ഷ്യത്തിൽ നിന്ന് മാറി, രാഷ്ട്രീയ പ്രേരിതമായി ചിലർ സമസ്തയെ ദുരുപയോഗപ്പെടുത്താൻ മുതിർന്നപ്പോൾ എഴുപതാം വയസ്സിൽ അതിനെതിരെ ഇറങ്ങിത്തിരിച്ചതും ഈ ധീരത കാരണമാണ്. മറുഭാഗത്ത് ആരെന്നു നോക്കിയല്ല, സത്യം എവിടെയെന്നു നോക്കിയാണ് താജുൽ ഉലമക്കും എപി ഉസ്താദിനുമൊപ്പം അദ്ദേഹം സമസ്തയുടെ യഥാർത്ഥ ആശയങ്ങൾ ഉയർത്തിപ്പിടിച്ചത്.

തൊണ്ണൂറുകളുടെ തുടക്കത്തിൽ സഅദിയ്യ ശരീഅത്ത് കോളേജിൽ പഠിക്കുന്ന കാലം. മെയിൻ ഓഫീസിൽ നിന്നും ഒരനൗൺസ്‌മെന്റ്. വിദ്യാർത്ഥികൾ എല്ലാവരും മുത്വവ്വൽ ഹാളിൽ ഒരുമിച്ച് കൂടണം. എന്താകും കാര്യം? ആകാംക്ഷയുടെ നിമിഷങ്ങൾ.

എംഎ ഉസ്താദ് വരുന്നു. കയ്യിൽ ഒരു പത്രവുമുണ്ട്. അത് ഉറക്കെ വായിക്കുന്നു. ശരീഅത്ത് വിരുദ്ധമായ ഒരു റിപ്പോർട്ടായിരുന്നു ഉള്ളടക്കം. ബിദ്അത്തുകാരനായ ഒരു വകീലിന്റെ പ്രസ്താവനയാണ്. ആരെല്ലാം ഇതിനെതിരെ പ്രതികരിച്ചുവെന്ന് ഗൗരവത്തോടെ ചോദിച്ചു. സദസ്സ് മൗനം. അപ്പോൾ എംഎ ഉസ്താദ് ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു. ദീനിനെതിരെ ഒരാരോപണം വന്നിട്ട് പ്രതികരിക്കാതിരിക്കുകയോ എന്നു താക്കീത്. ഭാവി പണ്ഡിതരായ നിങ്ങളെ പോലുള്ളവർ പ്രതികരിക്കാതിരുന്നാൽ ദീനിന് ആര് സേവനം ചെയ്യും? വിദ്യാർത്ഥികളിലെ ഉറങ്ങിക്കിടന്ന പ്രബോധകരെയും പ്രതികരണ ശേഷിയെയും വിളിച്ചുണർത്തി ഭാവിയിലെ മതനേതൃത്വത്തെ രൂപപ്പെടുത്തുകയായിരുന്നു ഉസ്താദ്.

ദീനിനും ആദർശത്തിനും സംരക്ഷണം നൽകുന്ന ഇത്തരം ആലിമുകളുടെ വിയോഗം സമുദായത്തിന് കനത്ത നഷ്ടമാണ്. ദീനിന്റെ കോട്ടകളും കാവലാളുകളുമായ ആലിമീങ്ങളുടെ അഭാവം വിശ്വാസരംഗത്ത് മാരക വൈറസുകൾ പടർന്ന് പിടിക്കാൻ ഹേതുവാകും. കർമം കൊണ്ടും ജീവിത സന്ദേശങ്ങൾ കൊണ്ടും ഉസ്താദ് അതു നമ്മെ ബോധ്യപ്പെടുത്തി.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപക നേതാക്കളോടൊന്നിച്ചുള്ള പ്രവർത്തനം മുതൽ മദ്‌റസാ പ്രസ്ഥാനം, വിദ്യാഭ്യാസ ബോർഡ്, റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ, സുന്നി യുവജന സംഘം, ബോർഡിങ് മദ്‌റസ, ദഅ്‌വാ കോളേജടക്കമുള്ള സമന്വയ വിദ്യാഭ്യാസ പദ്ധതികളെല്ലാം പ്രതിരോധത്തിന്റെയും പ്രബോധനത്തിന്റെയും ഭാഗമായി ആ വലിയ മനസ്സിലുടലെടുത്ത ആശയങ്ങളാണ്. അമ്പിയാക്കളുടെ അനന്തരാവകാശികളെന്ന് തിരുനബി(സ്വ) പറഞ്ഞ പണ്ഡിതരുടെ ഉത്തമ മാതൃക തന്നെയായിരുന്നു എംഎ ഉസ്താദ്.

കമ്മ്യൂണിസം, വഹാബിസം, മൗദൂദിസം, തബ്‌ലീഗിസം തുടങ്ങിയ വിശ്വാസ രംഗത്തെ പുഴുക്കുത്തുകളെ തുറന്ന് കാണിക്കുന്ന അൻപതിലധികം ബൃഹത്തായ ഗ്രന്ഥങ്ങൾ (സംയുക്ത കൃതികൾ എന്ന പേരിൽ റീഡ് പ്രസ് ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്), ഉത്തര കേരളത്തിൽ സഅദിയ്യ ഉൾപ്പെടെയുള്ള നിരവധി സ്ഥാപന സമുച്ചയങ്ങൾ, മദ്‌റസകൾ, പതിനായിരത്തിലധികം ശിഷ്യന്മാർ… ഇങ്ങനെ പ്രവാചകാനന്തരാവകാശം സമുദായത്തിന് കൈമാറിയാണ് മഹാൻ വിട വാങ്ങിയത്.

വിയോഗത്തിന്റെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് സന്ദർശനത്തിനായി ഉസ്താദിന്റെ വീട്ടിലെത്തിയപ്പോൾ ഉയർത്താൻ പ്രയാസപ്പെടുന്ന കൈ പൂമുഖത്തെ ചാരുകസേരയുടെ നീണ്ട പലകയിൽ താങ്ങി വെച്ച് മദ്‌റസാ പുസ്തകം പരിശോധിക്കുന്നതാണു കണ്ടത്. അപ്പോഴും പറഞ്ഞത് സുന്നീ പ്രസ്ഥാനത്തിന്റെയും സ്ഥാപനങ്ങളുടെയും പ്രത്യേകിച്ച് ശരീഅത്ത് കോളേജുകളുടെ പുരോഗതിയിലും ഉയർച്ചയിലും ഭാഗഭാക്കാവുന്നതിനെ കുറിച്ചായിരുന്നു. അറിവിനായുള്ള തപസ്യയാണ് എംഎ ഉസ്താദിനെ ശ്രദ്ധേയനാക്കിയത്. രചനകളുടെ ശൃംഖല ബാക്കിവെച്ചതിനാൽ ഭാവി തലമുറക്കും ആ വിജ്ഞാനം വെളിച്ചം കാട്ടും. അല്ലാഹു അദ്ദേഹത്തിന്റെ പദവി ഉയർത്തട്ടെ.

മുഹ്‌യിദ്ദീൻ സഅദി കൊട്ടുക്കര

Exit mobile version