എന്താണ് മതത്തിന്റെ തത്ത്വശാസ്ത്രം?

മതത്തിന്റെ തത്ത്വശാസ്ത്രം മതത്തിനകത്തെ ചർച്ചയല്ല എന്നുറപ്പാണ്. ഏതെങ്കിലും ഒരു മതത്തിന്റെ പരിപ്രേക്ഷ്യമല്ല ഈ തത്ത്വശാസ്ത്രം. മതവാദിക്കും നാസ്തികനും അജ്ഞേയവാദിക്കും സ്വതന്ത്രമായും നിഷ്പക്ഷമായും ഈ തത്ത്വചിന്തയിൽ ഏർപ്പെടാം. ഒരു തിയോളജിയുടെ ഭാഗമല്ല മതത്തിന്റെ തത്ത്വശാസ്ത്രം, മറിച്ച് തത്ത്വശാസ്ത്രത്തിന്റെ ഒരു ശാഖയാണിത്. ഏത് മതങ്ങളുടെ തത്ത്വങ്ങളെ കുറിച്ചും മൂല്യങ്ങളെ കുറിച്ചും ദൈവശാസ്ത്രത്തെ കുറിച്ചും യുക്തിഭദ്രമായും ധൈഷണികമായും വിശകലനം നടത്തുകയാണ് ഈ തത്ത്വശാസ്ത്ര വിഭാഗത്തിന്റെ ധർമം.
ഓരോ മതത്തിനും അതിന്റേതായ തത്ത്വങ്ങളും വിശ്വാസങ്ങളുമുണ്ടാവും. മതത്തിലെ ദൈവവിശ്വാസത്തെ കുറിച്ചും പ്രാർത്ഥനയെ കുറിച്ചും മതം മുന്നോട്ടുവെക്കുന്ന ധാർമിക ജീവിതത്തെ കുറിച്ചും അതിന്റെ സമഗ്രതയെ കുറിച്ചുമെല്ലാം മതത്തിന്റെ തത്ത്വശാസ്ത്രത്തിൽ വിഷയീഭവിക്കും. എന്നാൽ അതൊക്കെ എന്തുമാത്രം വസ്തുതാപരമായി ശരിയാണ് എന്ന പരിശോധന നടത്തുന്നത് മതതത്ത്വശാസ്ത്രമാണ്. വിവിധ മതപാരമ്പര്യങ്ങളുടെ ചരിത്രപരവും സാമൂഹികവുമായ ഉൽപത്തിയുടെയും വളർച്ചയുടെയും സ്വാധീനത്തിന്റെയും പഠനങ്ങൾ ഇതിൽ വരും.
മതവിശ്വാസങ്ങളെ വിശദീകരിക്കുന്നതിലേറെ അതിന്റെ യുക്തിഭദ്രമായ വിശകലനവും അവയുടെ ന്യായങ്ങളുടെ മൂല്യനിർണയവുമാണതിൽ. ബുദ്ധിപരവും യുക്തിഭദ്രവുമായ സമീപനമാണ് ഇതിലുണ്ടാവുക. ഹൃദയ വികാരങ്ങളെക്കാൾ ധൈഷണിക സംവാദാത്മകതയാണ് അതിൽ പരിശോധിക്കുക. മതാനുഭവങ്ങളുടെ കാര്യക്ഷമതയും ക്രിയാത്മകതയും അത് വിലയിരുത്തും. ഹിന്ദുമതം, ക്രിസ്തുമതം, ജൂതമതം, ഇസ്‌ലാം തുടങ്ങിയ പ്രധാനപ്പെട്ട എല്ലാ മതങ്ങളെയും അത് താരതമ്യത്തിന് വിധേയമാക്കും.

ഈ തത്ത്വശാസ്ത്രം വിവിധ മതങ്ങൾ പ്രപഞ്ചോൽപത്തി, മനുഷ്യോൽപത്തി, മനുഷ്യ ധർമം, ജീവിതം, സ്വാതന്ത്ര്യം, ധാർമിക മൂല്യങ്ങൾ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് എന്ത് വീക്ഷണം മുന്നോട്ടുവെക്കുന്നു എന്ന് കൃത്യമായി പരിശോധിക്കും.

അതോടൊപ്പം മതേതരമായ കാഴ്ചപ്പാടുകൾ എങ്ങനെയാണ് ഉദ്ധൃത വിഷയങ്ങളിൽ ആശയ രൂപീകരണം നടത്തുന്നത് എന്നും ഈ തത്ത്വശാസ്ത്രത്തിനു പരിശോധിക്കാം. കാരണം ഇത് മതത്തിനു വേണ്ടി മുറവിളി കൂട്ടാനുള്ള തത്ത്വശാസ്ത്രമല്ല, മറിച്ച് അതിഭൗതിക കാര്യങ്ങളെ കുറിച്ചുള്ള ആശയങ്ങളെ വസ്തുതാപരമായി വിലയിരുത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ട് നാസ്തികത മുന്നോട്ടുവെക്കുന്ന ദൈവശാസ്ത്ര വീക്ഷണത്തെയും ഇഴകീറി പരിശോധിക്കാൻ ബൗദ്ധിക ഏകകങ്ങൾ ഉണ്ട് അതിൽ.
എത്തീയിസം അഥവാ നാസ്തികത മുന്നോട്ട് വെക്കുന്ന തിയോളജി ദൈവ നിഷേധത്തിന്റേതാണ്. അതുകൊണ്ട് തന്നെ ഫിലോസഫി ഓഫ് റിലീജിയൻ അവരുടെ തത്ത്വങ്ങളെ കൂടി പരിശോധിക്കും. സാമ്പ്രദായിക വ്യവഹാരങ്ങളിൽ നാസ്തികത ഒരു മതമല്ലെങ്കിലും മതത്തിന്റെ നേർ എതിർ ചേരിയിൽ ഒരു തിയോളജിക്കൽ ഡിവിഷനായി നാസ്തികത നില നിൽക്കുന്നു. ഈ പ്രപഞ്ചത്തിന്റെ വ്യവസ്ഥാപിതമായ ഉന്മയ്ക്ക് പിന്നിൽ ഒരു സ്രഷ്ടാവിന്റെ ആവശ്യവുമില്ലെന്ന് സിദ്ധാന്തിക്കാൻ ധൈര്യം കാണിക്കുന്നവരാണ് നാസ്തികർ. എമ്പെരിസത്തിന്റെയും സൈന്റിസത്തിന്റെയും വക്താക്കളായത് കൊണ്ട് തന്നെ വളരെ വിചിത്രമായ തെളിവാണ് ദൈവനിഷേധത്തിനു വേണ്ടി നാസ്തികർ സമർപ്പിക്കാറുള്ളത്.
Absenece of Evidence Is Evidence of Absence (തെളിവിന്റെ അഭാവം അഭാവത്തിന്റെ തെളിവാണ്). ഒരു വസ്തുവിനോ വസ്തുതയ്‌ക്കോ തെളിവ് ലഭ്യമായിട്ടില്ലെങ്കിൽ അതില്ല എന്ന് വിശ്വസിക്കുന്ന യുക്തിയാണ് ഇവർക്കുള്ളത്. ഈ ലോകത്ത് ആദ്യമേ നിലനിൽക്കുകയും പിന്നീട് ഉണ്മ തെളിയിക്കപ്പെടുകയും ചെയ്ത നിരവധി കാര്യങ്ങളുണ്ട്. ഇതറിയിക്കുന്നത് തന്നെ ദൈവനിഷേധത്തിനുള്ള നാസ്തിക യുക്തി അപര്യാപ്തമാണെന്നാണ്. അത് ദൈവത്തിനും ഒരു മൂർത്തമായ/ഫിസിക്കലായ തെളിവാണ് അന്വേഷിക്കുന്നത്. അഥവാ ദൈവശാസ്ത്രപരമായി നിലനിൽപില്ലാത്ത ഒരു ദൈവാസ്തിത്വത്തെ അന്വേഷിക്കുകയോ തള്ളിപ്പറയുകയോ ആണ് നാസ്തികത.
ശരിയായ ദൈവവിശ്വാസത്തിന്റെ വിശകലനത്തിന് പോലും ചിന്ത വളരാത്തവരുടെ സ്വാഭാവിക ലോകവീക്ഷണം ഈ പ്രപഞ്ചം അതിന്റെ സങ്കീർണവും വ്യവസ്ഥാപിതവുമായ രൂപത്തിൽ ആകസ്മികമായി നിലവിൽവന്നു എന്നായിരിക്കും. ഒരു മൊട്ടുസൂചി പോലും ആകസ്മികതക്ക് വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത മനുഷ്യ ബുദ്ധിയെ നാസ്തികതയുടെ ലോകവീക്ഷണം ബോധ്യപ്പെടുത്താൻ കഴിയില്ല. അതുകൊണ്ട് തന്നെ നാസ്തികതയിൽ ധൈഷണികതയെക്കാൾ കൂടുതൽ നിലനിൽക്കുന്നത് അന്ധമായ ദൈവനിഷേധവും ചില മനങ്ങളിലെ ആശയ സംവിധാനങ്ങളോടുള്ള പ്രതിഷേധവും അതിലെ ചൂഷണങ്ങളോടുള്ള നിഷേധാത്മക രാഷ്ട്രീയവുമാണുള്ളത്. കണ്ണടച്ചിരുട്ടാക്കും പോലെയുള്ള ദൈവനിഷേധത്തിന് അനിവാര്യമാകുന്ന മറ്റു വീക്ഷണങ്ങളിൽ മനുഷ്യനെന്നാൽ കേവലം മാംസവും അസ്ഥിയുമാണ്, ശരീരം മാത്രമാണ്. മനസ്സും ആത്മാവും ശരീരത്തിന്റെ കേവല ഉൽപന്നങ്ങളാണ്. മനുഷ്യർക്ക് പ്രത്യേക ജീവിത ലക്ഷ്യങ്ങളില്ല, ഇതര ജീവികളെയെന്ന പോലെ വംശാവലി നിലനിർത്തിയും അതിജീവനത്തിനു വേണ്ടി മാത്രം ജീവിച്ചും മരിച്ച് മണ്ണാവേണ്ടവനാണ് മനുഷ്യനും. നാസ്തികതയിൽ ബുദ്ധിപരമായ സത്യസന്ധത തീരെ കുറഞ്ഞുപോയത് കൊണ്ടാവാം ബുദ്ധിമാന്മാർക്കും ചിന്തകന്മാർക്കും ജൻമം കൊടുക്കാൻ കഴിയാത്ത, ചിന്താപരമായി ദാരിദ്ര്യം പിടിച്ച ഒരു പ്രസ്ഥാനമായി എന്നും നില നിന്നിരുന്നത്. പ്രാചീന ഇന്ത്യയിൽ പരിഹാസ്യരായി കഴിഞ്ഞുകൂടിയ നാസ്തികരായ ചാർവാകന്മാരുടെ അതേ നിലവാരത്തിൽ നിന്നും ചിന്താപരമായും അംഗബലത്തിലും നവനാസ്തികരും ഉയർന്നിട്ടില്ല.
മനുഷ്യനെ ഇതര ജീവികളിൽ നിന്നും വ്യത്യസ്തനാക്കി ഒരു സാംസ്‌കാരിക സമൂഹമായി വളർത്തുകയും നിലനിർത്തുകയും ചെയ്യുന്നതിൽ മതത്തിന്റെ പങ്ക് വളരെ വലുതാണ്. നാഗരികതയ്ക്ക് ശാസ്ത്രം എത്രത്തോളം അനിവാര്യമാണോ അത്രത്തോളം മനുഷ്യന്റെ സാംസ്‌കാരിക ജീവിതത്തിനു അനിവാര്യമാണ് മതം. ബുദ്ധിയുള്ള മനുഷ്യന്റെ സ്വത്വം ആത്മീയ ജീവിത്തിന്റെ അനിവാര്യതയിലെത്തും. സവിശേഷ ബുദ്ധിയാണ് മനുഷ്യന്റെ നാഗരികതയും സംസ്‌കാരവും അവനു സമ്മാനിച്ചത്. വിശേഷബുദ്ധി മനുഷ്യനെ ക്ഷേമ, മോക്ഷ ചിന്തയിലേക്ക് കൊണ്ടുപോകും. ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിനു പിന്നിലെ അനിവാര്യ ശക്തിയെ അനുസരിച്ചേ തീരൂ എന്നവന്റെ ബോധ്യം വിളിച്ചു പറയും.
മനുഷ്യൻ അറിവ് ഇഷ്ടപ്പെട്ടപ്പോൾ ഫിലോസഫി വന്നു. അറിവിനോടുള്ള അടങ്ങാത്ത ദാഹം വിവിധ ഫിലോസഫിക്കൽ സ്ട്രീമുകളുണ്ടാക്കി. മനുഷ്യചിന്ത നഗരികത വളർത്താൻ ലക്ഷ്യം വെച്ചപ്പോൾ അവന്റെ ഫിലോസഫി അവനെ സയൻസിലേക്ക് കൂട്ടിക്കൊണ്ടുപോയി. അതേ ഫിലോസഫി തന്നെ ദൈവവിശ്വാസത്തിലൂന്നിയ മതത്തിലേക്കു മനുഷ്യനെ എത്തിച്ചുവെന്ന പരമാർത്ഥം ശാസ്ത്രമാത്ര വാദികൾ മാത്രമാണ് എതിർക്കുന്നത്. സയൻസും മതവും മനുഷ്യ ജീവിതത്തിന്റെ രണ്ടനുഭവങ്ങളാണ്. രണ്ടും അവന്റെ ജീവിതത്തിന്റെ പൂരണം നടത്തുന്നു.

മതവും ധാർമികതയും

മതത്തിൽ നിന്നു ധാർമികതയെയും ധാർമികതയിൽ നിന്നു മതത്തെയും അടർത്തിമാറ്റാൻ കഴിയില്ല. ഏതു മതത്തിന്റെ കാര്യത്തിലും ധാർമിക മൂല്യങ്ങൾ നിശ്ചയിക്കുന്നത് ദൈവമാണ്. അഥവാ സ്ഥിരതയുള്ള ധാർമികത വ്യക്തിനിഷ്ഠമല്ല, വസ്തുനിഷ്ഠമാണ്. ദൈവ ദത്തമാണ്.
മനുഷ്യനെ മൃഗത്തിൽ നിന്നും വ്യത്യസ്തപ്പെടുത്തി മനുഷ്യനായിത്തന്നെ നിലകൊള്ളാനുള്ള പ്രേരകം മതം മാത്രമാണ്. അതിനെ തള്ളിപ്പറയുന്നത് ആത്മവഞ്ചനയും. മനുഷ്യനെ ഇതര ജീവികളിൽ നിന്നു വ്യത്യസ്തപ്പെടുത്തുന്നത് അവനിൽ ഉണ്ടാകേണ്ട മാനവികതയാണെന്നതിൽ തർക്കമില്ല.
മാനവികതയെ, അതിന്റെ സ്വച്ഛന്ദമായ, നിഷ്‌കളങ്കമായ, സഹജമായ നിലനിൽപ്പിനു സഹായിക്കുന്ന ഒന്നാണ് മതം. സർവകാല ജ്ഞാനിയായ പടച്ചവനാണത് നിശ്ചയിച്ചു തരേണ്ടത്. അല്ലാത്തപക്ഷം അതിജീവനത്തിനു വേണ്ടി കൊന്നും മരിച്ചും ജീവിതം ദുസ്സഹമായ അവസ്ഥയിൽ ആയിപ്പോയേനെ. അർഹർക്കുള്ള അതിജീവനമാണ് മൃഗങ്ങളിലുള്ളത്. മനുഷ്യർ മൃഗമല്ലെന്ന് സിദ്ധാന്തിക്കാൻ മതത്തിനേ സാധിക്കുന്നുള്ളൂ. അർഹതയുള്ളവർക്ക് മാത്രം അതിജീവനം, അതല്ലേ നിരീശ്വരവാദികൾ സിദ്ധാന്തിക്കുന്നത്.
വിഷയത്തിലേക്ക് തന്നെ വരാം. മനുഷ്യനെ മനുഷ്യനാക്കി നിലനിർത്തുന്നത് മാനവികതയാണെന്ന് പറഞ്ഞു. മാനവികതയെ നിർണയിക്കുന്നത് കൃത്യമായി നിർണയിക്കപ്പെട്ട ശരി തെറ്റുകളുടെ അതിർവരമ്പുകളാണ്.
മതമില്ലെങ്കിൽ ശരിയുടെയും തെറ്റിന്റെയും നന്മയുടെയും തിന്മയുടെയും മാനണ്ഡങ്ങൾ കൂടി അവ്യക്തമാവും. സമ്പൂർണ അരാജകത്വമായിരിക്കും ഫലം. പിന്നെങ്ങനെ മാനവികത സംരക്ഷിക്കപ്പെടും. മതങ്ങളിൽ നിന്നും മാനദണ്ഡങ്ങൾ ഒളിച്ചുകടത്തി മതത്തിന്റെ ലേബൽ വേണമെങ്കിൽ തള്ളിപ്പറയാം. ഈ ഒരു തന്ത്രമാണ് മതം ഉപേക്ഷിച്ചുകൊണ്ട് മനുഷ്യനാവാനുള്ള ആഹ്വാനം നടത്തുന്ന കേരളത്തിലെ ആത്മവഞ്ചകരായ ഭൗതികവാദികൾ ചെയ്തുകൊണ്ടിരിക്കുന്നത്. മതത്തിന്റെ സ്വാധീനം കുറഞ്ഞ് വരുന്നിടത്ത് വിചിത്രമായ വാദഗതികളാണ് ഭൗതികവാദികൾ മുന്നോട്ടു വെക്കുന്നത്. അവരുടെ നേതാവ് ലോറൻസ് ക്രോസ് ഒരു സംവാദത്തിൽ സമർത്ഥിച്ചത്, ഇൻസസ്റ്റ് സെക്‌സിൽ(മാതാവ്, മകൾ, സഹോദരി പോലുള്ള രക്ത ബന്ധുക്കളുമായുള്ള ലൈംഗിക ബന്ധം) കുട്ടികളുടെ ജനിതക തകരാറു മാത്രമല്ലാതെ മറ്റൊരു പ്രശ്‌നവുമില്ല എന്നാണ്. കേവലം ഗർഭനിരോധന മാർഗങ്ങളിലൂടെ അതിനെ മറികടന്നാൽ ഉഭയകക്ഷി സമ്മതത്തോടെ അത്തരം പ്രവൃത്തികൾ ആകാവുന്നതാണ് എന്നാണദ്ദേഹത്തിന്റെ വാദം. മതത്തിന്റെ തണൽ മാത്രമാണ് നമ്മുടെ നാടുകളിലെ ധാർമികതക്കുള്ളൂ.

മതവും തിയോളജിയും

ആരാണ് ദൈവം, എന്താണ് ദൈവത്തിന്റെ സവിശേഷതകൾ, എങ്ങനെയാണ് അതിന്റെ തെളിവുകൾ മനനം ചെയ്യേണ്ടത് എന്നൊക്കെ ഒന്ന് മനസ്സിലാക്കിയാൽ നാസ്തികത ചരിത്രം കണ്ട ഏറ്റവും വലിയ വിഡ്ഢിത്തമായി മാറുന്നത് കാണാം.
ആദ്യമായി മനസ്സിലാക്കേണ്ടത് ഈ പ്രപഞ്ചം സനാദിയാണ് എന്നാണ്. രണ്ടാമതായി അറിയേണ്ടത് സനാദിയായ ഏതു വസ്തുവിനും ബാഹ്യ സ്രഷ്ടാവ് ഉണ്ടായിരിക്കും എന്ന ബുദ്ധിയുടെ തീർപ്പാണ്. ഇത് രണ്ടും ബോധ്യമായാൽ നമുക്കു കിട്ടുന്ന തീർപ്പ് ഇതായിരിക്കും: പ്രപഞ്ചത്തിന് ഒരു ബാഹ്യ സ്രഷ്ടാവ് ഉണ്ടായിരിക്കും. ആ സ്രഷ്ടാവ് അനാദിയായിരിക്കും. പ്രാപഞ്ചിക ഗുണങ്ങൾ ഉണ്ടാവാൻ പാടില്ലാത്തവനാകും അവൻ. സൃഷ്ടിയുടെ സ്വഭാവങ്ങൾ തിരിച്ചറിഞ്ഞാൽ പിന്നെ ദൈവത്തിന്റെ അനിവാര്യ ഗുണങ്ങൾ തിരിച്ചറിയാൻ ഒരു പ്രയാസവും കാണില്ല.
പ്രപഞ്ചത്തിന്റെ സനാദിത്വം തെളിയിക്കാനാകുമ്പോൾ നാസ്തികത തകർന്നു തരിപ്പണമാകുന്നു. ആസ്തികർക്കാണെങ്കിൽ പ്രപഞ്ചത്തിന്റെ സനാദിത്വവും ദൈവത്തിന്റെ അനാദിത്വവും നിഷ്പ്രയാസം തെളിയിക്കാനാവുകയും ചെയ്യും. ദൈവം പ്രാപഞ്ചികമാവാൻ പാടില്ല എന്ന ബുദ്ധിയുടെ ബോധ്യം പോളിതീയിസം, ഡെയിസം, പാന്തീയിസം പയ്ന്തിന്തിയിസം തുടങ്ങിയ ദൈവ വിശ്വാസ സങ്കൽപ്പങ്ങളെ നിരാകരിക്കുന്നു.
നാഗരികതക്ക് വേണ്ടി പ്രകൃതിശാസ്ത്രത്തെ പടുത്തുയർത്തിയ അതേ ബുദ്ധിമാനായ മനുഷ്യൻ കാര്യകാരണ ബന്ധിതമായ ലോകത്തെ വിശകലന വിധേയമാക്കി സ്രഷ്ടാവിനെ കണ്ടെത്തി. മോക്ഷം അവന്റ തൃഷ്ണയായി മാറി. മതബോധമവനെ മോക്ഷത്തിന് പ്രാപ്തമാക്കുമെന്ന് മനസ്സിലാക്കി.
ജീവിതത്തിന്റെ ദൈവദത്തമായ സമ്പൂർണ മാർഗരേഖയായിട്ടാണ് മനുഷ്യൻ മതത്തെ കാണുന്നത്. എന്നാൽ ഒരു മതത്തിനു പകരം, അടിസ്ഥാന തത്ത്വങ്ങളിൽ തന്നെ വൈരുധ്യങ്ങൾ ഉൾവഹിക്കുന്ന പല മതങ്ങളായി മതത്തെ കുറിച്ചുള്ള അവകാശ വാദങ്ങൾ വികസിച്ചപ്പോൾ യഥാർത്ഥ ദൈവദത്തമായ ജീവിത പദ്ധതി തിരഞ്ഞെടുക്കുക എന്നത് ഒരു നിഷ്പക്ഷകന് മുന്നിൽ ശ്രമകരമായ ദൗത്യമായി മാറി. അവിടെ സത്യവും മിഥ്യയും തിരിച്ചറിയാൻ നമ്മെ പാപ്തരാക്കുന്നത് മതത്തെ കുറിച്ചുള്ള തത്ത്വശാസ്ത്രം തന്നെയാണ്.

ഫിലോസഫി ഓഫ് റിലീജിയൻ

വിവിധ മതങ്ങളെ ശാസ്ത്രീയമായി പഠിക്കാനാണ് ഫിലോസഫി ഓഫ് റിലീജിയൻ. ഫോർമൽ സയൻസ്, അഥവാ ലോജിക്കിന്റെ തത്ത്വങ്ങൾ അടിസ്ഥാനപ്പെടുത്തി മതത്തിന്റെ സത്യതയെ അനിഷേധ്യമായ ജ്ഞാനമാർഗ രീതികൾ കൊണ്ട് അളന്നു തിട്ടപ്പെടുത്തുമ്പോൾ നിലനിൽക്കുന്ന മതമാണ് യഥാർത്ഥ മതം എന്ന് നിഷ്പ്രയാസം പറയാൻ സാധിക്കുന്നു. അവിടെയാണ് ഇസ്‌ലാം പ്രസക്തമാകുന്നത്. ഏറ്റവും ധൈഷണിക ശേഷിയുള്ള തിയോളജി ഇസ്‌ലാമിന് സ്വന്തമാണ്.
യൂറോപ്പിൽ ക്രിസ്ത്യൻ തിയോളജിക്കെതിരെ യുക്തിവാദികളും നാസ്തികരും ആഞ്ഞടിച്ചപ്പോൾ അവർക്ക് പിടിച്ചു നിൽക്കാനായില്ല. യൂറോപ്പാകമാനം ക്രിസ്ത്യൻ മതപരത തകർന്നടിഞ്ഞു. പകരം കാനേഷുമാരി ക്രിസ്ത്യാനികൾ നിലവിൽവന്നു. ചർച്ചുകൾ കാലിയായി. പക്ഷേ ഭൗതികവാദികൾക്ക് സന്തോഷിക്കാൻ കഴിഞ്ഞില്ല. വ്യാപകമായി ക്രിസ്ത്യൻ പള്ളികൾ പിന്നീട് മുസ്‌ലിം മോസ്‌കുകളായി മാറി. മസ്ജിദുകൾ എങ്ങും സജീവമാണ്. മതകാര്യങ്ങളിൽ മുസ്‌ലിംകൾ എന്നും അത്യുത്സാഹം കാണിക്കുന്നുണ്ട്. അതിനാൽ ഇസ്‌ലാമിന്റെ വിശ്വാസ്യത വളരെ കൂടുതലാണ്. അതുകൊണ്ടു മാത്രമാണ് ഇത്രമേൽ മതപരത മുസ്‌ലിംകൾ വെച്ചുപുലർത്തുന്നത്. ഈ വിശ്വാസ്യതയും മതപരതയും എപ്പോഴാണെന്നോർക്കണം. ഒന്നാം ലോക രാജ്യങ്ങൾ നടത്തുന്ന ഭരണകൂട ഭീകരത മുഴുവൻ ഇസ്‌ലാമിനെതിരെയാണ്. മുതലാളിത്തം ഇസ്‌ലാമിനെതിരെയാണ്. ലിബറലിസ്റ്റുകൾ ഇസ്‌ലാമിനെതിരെയാണ്. നവനാസ്തികർ, ആന്റി തീസ്റ്റുകൾ ഇസ്‌ലാമിനെ നിർദാക്ഷിണ്യം ആക്രമിച്ചു കൊണ്ടിരിക്കുന്നു. എന്നിട്ടും ഇസ്‌ലാമിനെ കുറിച്ചു പഠിതാക്കൾക്കിടയിൽ അങ്കലാപ്പ് സൃഷ്ടിക്കാൻ ഇവർക്ക് വളരെയധികമൊന്നും കഴിയുന്നില്ല. ഇതിലെ തമാശ, മത വിമർശനം കൊണ്ട് യൂറോപ്പിൽ ക്രിസ്ത്യാനിസം തകർന്നടിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ വിലപിച്ചത് ഏറ്റവും വലിയ ആന്റി തീസ്റ്റ് നവനാസ്തികൻ റിച്ചാർഡ് ഡോക്കിൻസായിരുന്നുവെന്നതാണ്. കാരണമെന്താണെന്ന് ഊഹിക്കാവുന്നതാണ്. മത വിമർശനം കൊണ്ട് നാസ്തികത വളർത്താൻ കഴിയുന്നില്ല. പകരം, ഇസ്‌ലാമിന്റെ തിയോളജിയിൽ ആകൃഷ്ടരാവുകയാണ് ക്രിസ്ത്യൻ യൂറോപ്പ്, ചർച്ചിനു പകരം മുസ്‌ലിം പള്ളികൾ സജീവമാകുന്ന കാഴ്ചയാണ് റിച്ചാർഡിനെ വിഷമിപ്പിക്കുന്നത്.

അബ്ദുല്ല ബുഖാരി

 

Exit mobile version