എന്തുകൊണ്ട് പ്രവാചകത്വം അനിവാര്യമാണ്?

ജനങ്ങളെ നന്മയിലേക്ക് നയിക്കാൻ ലോക സ്രഷ്ടാവ് നിയോഗിച്ചവരാണ് പ്രവാചകന്മാർ. അല്ലാഹു ഏകനാണ് എന്ന വിശ്വാസത്തിലേക്കും അവന് ആരാധനകളർപ്പിക്കണമെന്ന തത്ത്വത്തിലേക്കുമാണ് അവർ ജനങ്ങളെ ക്ഷണിച്ചത്. തങ്ങൾ പറയുന്നവ അംഗീകരിക്കുകയും വിശ്വസിക്കുകയും കർമപഥത്തിൽ കൊണ്ടുവരികയും ചെയ്താൽ അവർക്ക് അല്ലാഹു ശാശ്വത വിജയം തയ്യാറാക്കിയിട്ടുണ്ടെന്നും അവിശ്വസിച്ച് തിരിഞ്ഞുനടന്നവർക്ക് എന്നെന്നേക്കുമായി പരാജയമാണെന്നും അവർ മുന്നറിയിപ്പ് നൽകി. പ്രപഞ്ചനാഥന്റെ ദൂതന്മാരാണ് എന്നതിനെക്കാൾ ഗൗരവമേറിയ മറ്റൊരു വാദമില്ലല്ലോ.
തന്റെ സന്ദേശങ്ങൾ എത്തിക്കാൻ ദൂതന്മാരെ നിയോഗിച്ചത് അല്ലാഹു സ്ഥിരീകരിക്കുന്നുണ്ട്. വിശുദ്ധ ഖുർആൻ പറയുന്നു: നബിയേ, നൂഹി(അ)നും ശേഷമുള്ള പ്രവാചകന്മാർക്കും നാം സന്ദേശം നൽകിയത് പോലെ തന്നെ അങ്ങേക്കും നാം സന്ദേശം നൽകിയിരിക്കുന്നു. ഇബ്‌റാഹീം, ഇസ്മാഈൽ, ഇസ്ഹാഖ്, യഅ്ഖൂബ്(അ), യഅ്ഖൂബ് സന്തതികൾ, ഈസാ, അയ്യൂബ്, യൂനുസ്, ഹാറൂൻ, സുലൈമാൻ(അ) എന്നിവർക്കും നാം സന്ദേശം നൽകിയിരിക്കുന്നു. ദാവൂദി(അ)ന് നാം സബൂർ നൽകി. അങ്ങേക്ക് നാം മുമ്പ് വിവരിച്ചുതന്നിട്ടുള്ള ദൂതന്മാരെയും താങ്കൾക്ക് നാം വിവരിച്ചുതന്നിട്ടില്ലാത്ത ദൂതന്മാരെയും (നാം നിയോഗിക്കുകയുണ്ടായി.) മൂസാ(അ)യോട് അല്ലാഹു നേരിട്ട് സംസാരിക്കുകയും ചെയ്തു’ (4: 163-164).
തന്റെ സന്ദേശങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ഒരു ദൂതനെ നിയോഗിക്കുക എന്നത് അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ഭാഗമാണോ? അല്ലാഹുവിനെയും അവന്റെ മതത്തെയും മനസ്സിലാക്കാൻ ദൈവദൂതന്റെ ആവശ്യമുണ്ടോ? നമുക്ക് പരിശോധിക്കാം.
പ്രപഞ്ച സ്രഷ്ടാവിന്റെ ഉണ്മ സ്ഥിരീകരിക്കാൻ മനുഷ്യന് അവന്റെ ബുദ്ധി മാത്രം മതി. കൃത്യമായ ധൈഷണിക അപഗ്രഥനത്തിലൂടെ ദൈവാസ്തിത്വം സംശയരഹിതമായി തെളിയിക്കാമെന്നിരിക്കെ എന്തുകൊണ്ട് ദൈവനിഷേധികൾ ഉണ്ടാകുന്നു എന്നതിനുത്തരം കണ്ണിൽ കുത്തുന്ന തെളിവുകളോടുള്ള ബോധപൂർവമായ അവഗണനയും ശുദ്ധ മർക്കടമുഷ്ടിയുമാണ് എന്നതാണ്. ആർ.സി സ്പ്രൗളിന്റെ  പുസ്തകം ചർച്ച ചെയ്യുന്നതും ഇതു തന്നെ.
പ്രപഞ്ചത്തിലെ പരകോടി സൃഷ്ടികളിൽ ഏറ്റവും ഉത്തമനായ സൃഷ്ടി മനുഷ്യനാണ്. മറ്റു ജീവികളിൽ നിന്ന് അവനെ വ്യതിരിക്തനാക്കി മാറ്റുന്നത് മനുഷ്യന്റെ പ്രത്യേകതയായ വിശേഷ ബുദ്ധിയാണ്. ഭൂമിയിൽ അല്ലാഹുവിന്റെ പ്രതിനിധിയാകാൻ മനുഷ്യനെ പ്രാപ്തനാക്കിയതും അവന്റെ ബുദ്ധിതന്നെ. പക്ഷേ മനുഷ്യബുദ്ധി പരിമിതമാണ്. സ്രഷ്ടാവിനെ കുറിച്ചുള്ള വിശദാംശങ്ങൾ കൈവരിക്കാൻ ബുദ്ധിക്ക് സാധിക്കില്ല. മാത്രമല്ല ഭൗതിക പ്രപഞ്ചത്തെ കുറിച്ചുള്ള ജ്ഞാനം തന്നെ ബുദ്ധിക്ക് അപൂർണമാണ്.
വൈയക്തികവും സാമൂഹികവുമായ ജീവിതത്തിന്റെ നിയമവ്യവസ്ഥയും, നന്മ-തിന്മ വേർതിരിച്ചുള്ള അറിവും, മതകീയ ജ്ഞാനം, ദൈവത്തെ കുറിച്ചുള്ള കാര്യങ്ങൾ തുടങ്ങിയവയും ശരിയായ വിധം ഗ്രഹിക്കാൻ അപൂർണമായ മനുഷ്യബുദ്ധിക്ക് സാധ്യമല്ല. സ്രഷ്ടാവിൽ നിന്നുള്ള സന്ദേശ പ്രഭയെ ആശ്രയിക്കാതെ അവന് അത്തരം കാര്യങ്ങൾ ലഭ്യമാവുകയുമില്ല. ഇഹപര വിജയം നേടാൻ അത്യാവശ്യമായ വിവരങ്ങൾ നേടൽ നബിമാരെ ആശ്രയിച്ചേ സാധ്യമാവൂ എന്നതിനാൽ പ്രവാചക നിയോഗം മനുഷ്യരെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാൻ പറ്റാത്തതാണ്.
അപ്പോൾ പ്രവാചകന്മാരെ നിയോഗിക്കൽ, മനുഷ്യർക്ക് ഏറെ ആവശ്യമുള്ളതും സൃഷ്ടികളോടുള്ള സ്രഷ്ടാവിന്റെ കാരുണ്യത്തിന്റെ ഭാഗവുമാണ് എന്ന് വിവിധ ന്യായങ്ങൾ മുൻനിർത്തി നമുക്ക് മനസ്സിലാക്കാം.
1. ഒരു ബുദ്ധിമാനെ സംബന്ധിച്ചിടത്തോളം അവന്റെ സ്രഷ്ടാവിന്റെ സാന്നിധ്യം അംഗീകരിക്കുക എന്നത് പ്രഥമ ബാധ്യതയാണ്. സമഗ്രവും സങ്കീർണവുമായ ഈ പ്രപഞ്ചത്തിലെ ഓരോ ബിന്ദുവും അതിന്റെ സ്രഷ്ടാവിന്റെ ഉൺമ പ്രകാശിപ്പിക്കുന്നു. ഒരു പ്രവാചകന്റെ നിയോഗമുണ്ടെങ്കിലും ഇല്ലെങ്കിലും പ്രപഞ്ചമാകുന്ന തെളിവിൽ നിന്ന് സൃഷ്ടാവിന്റെ ഉൺമ ഗ്രഹിക്കൽ മനുഷ്യനു ബാധ്യതയാണെന്ന് ഒരു കൂട്ടം പണ്ഡിതന്മാർ തീർത്ത് പറയുന്നത് അതുകൊണ്ടാണ്. അല്ലാഹുവിന്റെ ഉണ്മക്ക് പുറമെ അവന് അനിവാര്യമായതും പാടില്ലാത്തതും ഉണ്ടാകാവുന്നതുമായ വിശേഷണങ്ങളും മാത്രമേ ബുദ്ധിയിലൂടെ മനുഷ്യന് ലഭ്യമാകുന്നുള്ളൂ. അതിനപ്പുറമുള്ള വിശദാംശങ്ങൾ ലഭിക്കാൻ യുക്തി പര്യാപ്തമല്ല. പൗരാണികരായ ബഹുഭൂരിഭാഗം ദാർശനികരും പ്രപഞ്ച സ്രഷ്ടാവിന്റെ ഉണ്മ അംഗീകരിച്ചുവെങ്കിലും മറ്റു വിശദാംശങ്ങൾ വിശ്വസിക്കുന്നിടത്ത് അവർ പരസ്പരം ആഴത്തിൽ ഭിന്നിക്കുകയായിരുന്നുവെന്നത് അതിന്റെ വ്യക്തമായ തെളിവാണ്. ബുദ്ധിയുടെ അപര്യാപ്തത തിരിച്ചറിഞ്ഞ് പ്രവാചകന്മാരെ അവലംബിച്ചില്ല എന്നതുകൊണ്ട് പല അബദ്ധങ്ങളും അവർക്ക് വിശ്വസിക്കേണ്ടി വന്നു. പ്രപഞ്ചാതീതമായ കാര്യങ്ങളെ (ങലമേ ുവ്യശെരമഹ) കുറിച്ച് സംസാരിച്ചപ്പോൾ വളരെ വലിയ അഭിപ്രായ ഭിന്നതയിലാണ് പൗരാണിക ദാർശനികർ എത്തിച്ചേർന്നത്. എന്നാൽ ആദിമ മനുഷ്യൻ ആദം(അ) മുതൽ ആരംഭിച്ച് നൂറ്റാണ്ടുകളിലൂടെ സഞ്ചരിച്ച് തിരുനബി(സ്വ)യിൽ അവസാനിക്കുന്ന പ്രവാചക ശൃംഖലയിൽ ലക്ഷക്കണക്കിന് നബിമാരുണ്ടെങ്കിലും അഭൗതിക കാര്യങ്ങളെ കുറിച്ചുള്ള വിവരണങ്ങൾ, നന്മതിന്മകൾ, ശരീഅത്തിന്റെ അടിസ്ഥാന ആശയങ്ങൾ എന്നിവയിൽ എല്ലാവരും ഏകാഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്. അവരുടെയെല്ലാം ആശയ സ്രോതസ്സ് അല്ലാഹുവിൽ നിന്നുള്ള വഹ്‌യാണെന്നതാണ് ഈ അഭിപ്രായ ഐക്യത്തിന് കാരണം. ശരീഅത്തിന്റെ ശാഖാപരമായ കാര്യങ്ങളിൽ വൈവിധ്യം വന്നത് അവ ഓരോ കാലഘട്ടത്തിലെയും ജനങ്ങൾക്ക് അനുയോജ്യമായ രൂപത്തിൽ ക്രമീകരിക്കപ്പെട്ടു എന്നതുകൊണ്ടാണ്.
പ്രപഞ്ചത്തെ സൃഷ്ടിച്ച് പരിപാലിക്കുന്ന നാഥനെ യഥാവിധി അറിയുകയെന്നത് മനുഷ്യന്റെ ആവശ്യമാണ് . അതിന് നബിമാരെ കൂടാതെ കഴിയില്ല എന്നതുകൊണ്ട് പ്രവാചക നിയോഗം മനുഷ്യന് അത്യാവശ്യമാണെന്ന് ബുദ്ധിയുള്ള ആർക്കും ഗ്രഹിക്കാം.
2. അല്ലാഹുവിന്റെ അസംഖ്യം അനുഗ്രഹങ്ങൾ അനുഭവിക്കുന്ന ശ്രേഷ്ഠ സൃഷ്ടിയാണ് മനുഷ്യൻ. തന്നോട് നന്മ ചെയ്തവർക്ക് തിരിച്ച് നന്ദിചെയ്യുക എന്നത് അവന്റെ സഹജമായ ഗുണമാണ്. തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ ഒരാൾ നമ്മെ സാമ്പത്തികമായി സഹായിച്ചാൽ കഴിയും പോലെ തിരിച്ച് നന്ദി ചെയ്യാൻ നാം ആഗ്രഹിക്കും. ഒന്നിനും കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന നെഗറ്റീവ് വീഡിയോക്ക് ഒരു കമന്റ് കൊണ്ടെങ്കിലും നാം പ്രതിരോധിക്കും. ഒരുപക്ഷേ അദ്ദേഹം ആ പ്രതികരണം അറിയുന്നുപോലുമുണ്ടാവില്ല. എന്നാൽ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഓരോ നിമിഷവും നാം അനുഭവിക്കുന്നു. നമ്മുടെ ഉണ്മ തന്നെയും അവനിൽ നിന്നാണ്. ആ സ്രഷ്ടാവിനോടുള്ള കടപ്പാട് നമുക്ക് തീർത്താൽ തീരില്ല. മാത്രവുമല്ല, മനോഹരമായ ഈ പ്രകൃതിയെ കുറിച്ച് ചിന്തിച്ചാൽ, ഇവയെല്ലാം മനുഷ്യന് അനുഗുണമായിട്ടാണ് സൃഷ്ടിക്കപ്പെട്ടതെന്ന് ബോധ്യപ്പെടും. നമ്മുടെ നന്മക്ക് വേണ്ടി പ്രകൃതിയെ നാം ഉപയോഗപ്പെടുത്തുന്നു. സസ്യങ്ങൾ നമുക്കാവശ്യമായ ഓക്‌സിജൻ നൽകി നാം പുറത്തുവിടുന്ന കാർബൺഡൈ ഓക്‌സൈഡ് വലിച്ചെടുത്ത് അന്തരീക്ഷം ശുദ്ധമാക്കുന്നു. കൂടാതെ അവയുടെ കായ്കനികളും മറ്റും ഭക്ഷിക്കുന്നതോടൊപ്പം നമ്മുടെ ആവശ്യത്തിന് വേണ്ടി അവയെ വെട്ടിമാറ്റുകയും ചെയ്യുന്നു. അതോടെ അവയുടെ നിയോഗദൗത്യം പൂർത്തീകരിക്കപ്പെടുന്നു. വളരെ പ്രയാസപ്പെട്ട് കോഴി ഇടുന്ന മുട്ടക്ക് അതിനേക്കാൾ അവകാശി മനുഷ്യനാകുന്നത് അതുകൊണ്ടാണ്. തനിച്ച് വേദന സഹിച്ച് പശു പ്രസവിച്ച ചോരക്കിടാവ് അമ്മയുടെ അമ്മിഞ്ഞ നുകരുമ്പോൾ പരുത്ത പരുത്ത കയറുകൊണ്ട് അതിനെ പിടിച്ചുകെട്ടി മനുഷ്യൻ പാൽ കറന്നെടുക്കുന്നത് അതിക്രമമായി വ്യാഖ്യാനിക്കപ്പെടാത്തതും അതിനാലാണ്.
അമ്മയിൽ നിന്ന് കുഞ്ഞിനെ വേർപ്പെടുത്തി പാൽ കറന്നെടുക്കുന്ന മനുഷ്യനെ പ്രതികരണ ശേഷി അൽപമെങ്കിലുമുള്ള പശു ചവിട്ടിയാൽ, ചവിട്ടുന്ന പശു എന്ന നിലക്ക് കുറ്റം മുഴുവൻ പാവം പശുവിന്! നമ്മുടെ ഭാര്യ കുഞ്ഞിന് മുലയൂട്ടുമ്പോൾ കുഞ്ഞിനെ മാറ്റി പാലെടുക്കാൻ മുതിർന്നവനെ ആഞ്ഞ് ചവിട്ടാത്തവളെ നാം എന്ത് പറയും? ഒരിടത്ത് അമ്മയുടെ പാലിന് കുഞ്ഞിനേക്കാൾ അവകാശി കറക്കാൻ വരുന്ന മനുഷ്യനെങ്കിൽ മറ്റൊരിടത്ത് അത് മഹാ അതിക്രമമാകുന്നു!
വാഴ അതിന്റെ കുല മാസങ്ങളോളം ചുമന്ന്, പഴുത്ത് പാകമാവുമ്പോൾ മനുഷ്യൻ അത് വെട്ടിയെടുക്കുന്നതോടൊപ്പം വാഴയും മുറിച്ച് കഷ്ണിക്കുന്നു. അതോടെ വാഴയുടെ ജീവിതദൗത്യം പൂർത്തീകരിക്കപ്പെടുന്നു. കടലിൽ സ്വസ്ഥമായി ജീവിക്കുന്ന മത്സ്യങ്ങളെ അവിടെ പോയി പിടിച്ചു കൊണ്ടുവന്ന് തിന്നുന്നത് മനുഷ്യനാണ്. ഭൂമിയിൽ നിന്ന് 149676000 കി.മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സൂര്യൻ അതിനെക്കാൾ അൽപമെങ്കിലും ഭൂഗോളവുമായി അടുത്തിരുന്നുവെങ്കിൽ ഭൂമിയുടെ കറക്കത്തിന്റെ വേഗത കൂടുകയും നിലവിലുള്ള കാലാവസ്ഥയിൽ കാര്യമായ മാറ്റം സംഭവിക്കുകയും അതിശക്തമായ ഉഷ്ണമനുഭവപ്പെടുകയും വൃക്ഷലതാദികൾ കരിഞ്ഞുണങ്ങുകയും ജീവജാലങ്ങൾ ചത്തൊടുങ്ങുകയും സമുദ്രജലം തിളച്ച് മറിയുകയും ചെയ്യുമെന്നും, നിലവിലുള്ളതിനെക്കാൾ സൂര്യനുമായി ഭൂമി അൽപമെങ്കിലും അകന്നാൽ അതിന്റെ കറക്കത്തിന്റെ വേഗത കുറയുകയും അതിശക്തമായ ശൈത്യം അനുഭവപ്പെടുകയും, സമുദ്രജലം ഐസ്‌കട്ടയായി മാറുകയും ചെയ്യുമെന്നും പഠനങ്ങൾ പറയുന്നു.
ചുരുക്കത്തിൽ പ്രപഞ്ചം സംവിധാനിക്കപ്പെട്ടിരിക്കുന്നത് മനുഷ്യന്റെ നന്മക്കാണ്. എങ്കിൽ അവന്റെ സൃഷ്ടിപ്പിനു പിന്നിലും ലക്ഷ്യമുണ്ടായിരിക്കുമല്ലോ? എന്താണ് മനുഷ്യന്റെ ജീവിത ദൗത്യം? അത് എങ്ങനെയാണ് നിർവഹിക്കപ്പെടേണ്ടത്? എന്റെ സ്രഷ്ടാവ് എന്നോട് എന്തെങ്കിലും പറയുന്നുണ്ടോ? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ മനുഷ്യയുക്തിക്ക് സാധ്യമല്ല.
മനുഷ്യന് തന്റെ സ്രഷ്ടാവിനോടുള്ള കടമകൾ നിറവേറ്റാനും ഇഹപര ലോകങ്ങളിൽ ജീവിത വിജയം നേടാനുമാവശ്യമായ ജീവിത ക്രമങ്ങളും നിയമങ്ങളുമായി രക്ഷിതാവായ അല്ലാഹു തന്നെ നൽകിയ സംവിധാനമാണ് ഇസ്‌ലാം. മതം മനുഷ്യന്റെ ആവശ്യമല്ല, മറിച്ച് അവന്റെ കടപ്പാടാണ്. നിയോഗത്തോട് ചേർന്ന് നിൽക്കുന്നതാണ് മനോഹരം. നിയോഗം തിരിച്ചറിയാതെ / അറിയാതെ എന്തോ ചെയ്തു തീർക്കുന്നത് / ചെയ്യാതിരിക്കുന്നത് അധർമവും അക്രമവുമാണ്. ഓഫീസിൽ ജോലിക്ക് നിയമിക്കപ്പെടുന്ന ഒരു വ്യക്തി. അദ്ദേഹത്തിനാവശ്യമായ സൗകര്യങ്ങളെല്ലാം അവിടെ സംവിധാനിച്ചിരിക്കുന്നു. തന്റെ ഡ്യൂട്ടി എന്താണെന്നും അത് എപ്രകാരം നിർവഹിക്കണമെന്നും അദ്ദേഹം തിരിച്ചറിയേണ്ടതുണ്ട്. അല്ലാതെ തനിക്ക് തോന്നിയത് എന്തെങ്കിലും ചെയ്തതുകൊണ്ടോ, വെറുതെ ഇരുന്നതുകൊണ്ടോ അയാൾ സ്വന്തം ഉത്തരവാദിത്വത്തോട് നീതി പുലർത്തിയവനാവില്ല.
എണ്ണമറ്റ അനുഗ്രഹങ്ങളുടെ ദാതാവായ അല്ലാഹുവിനോടുള്ള മനുഷ്യന്റെ കടപ്പാടിന്റെ പ്രകാശനമാണ് ഇബാദത്ത്. അല്ലാഹു താൽപര്യപ്പെടുന്ന രൂപത്തിൽ നിർവഹിച്ചാൽ മാത്രമേ ഇബാദത്ത് സ്വീകരിക്കപ്പെടൂ. മനുഷ്യന്റെ അടിസ്ഥാന ബാധ്യതകൾ നിർവഹിക്കാനാവശ്യമായ ഇത്തരം അറിവുകൾ കരസ്ഥമാക്കാൻ സ്രഷ്ടാവിൽ നിന്ന് വഹ്‌യ് ലഭിച്ച പ്രവാചകന്റെ നിയോഗം നിർബന്ധമാണ്.
3. ഭൗതിക ജീവിതത്തിനു പുറമെ ശാശ്വതമായ പരലോക ജീവിതമുണ്ടെന്ന് അല്ലാഹു അവതരിപ്പിച്ച മുഴുവൻ ഗ്രന്ഥങ്ങളിലും അവൻ അറിയിച്ചിട്ടുണ്ട്. അല്ലാഹുവിനെ യഥാവിധി അറിയുകയും ആരാധിക്കുകയും ചെയ്തവർക്ക് ശാശ്വത വിജയമുണ്ടെന്നും അവൻ അറിയിച്ചു. കേവലം ബുദ്ധി ഉപയോഗിച്ച് മാത്രം പരലോക ജീവിതത്തെ കുറിച്ച് യാതൊന്നും മനസ്സിലാക്കാൻ സാധിക്കില്ല. ശാസ്ത്രീയവും യുക്തിപരവുമായ തെളിവുകൾ വെച്ച് പരലോക ജീവിതം ഖണ്ഡിതമായി സ്ഥിരീകരിക്കാനും കഴിയില്ല. എന്നാൽ ബുദ്ധി ഉപയോഗിച്ച് പരലോകത്തെ പൂർണമായി നിഷേധിക്കാനും സാധ്യമല്ല. മരണാനന്തര ജീവിതം ഒരു വിദൂര സാധ്യത മാത്രമാണെന്നേ നിഷേധികൾക്ക് പരമാവധി പറയാൻ സാധിക്കൂ. അത്തരം നിഷേധികളുടെ വായടപ്പിച്ച് യുക്തിഭദ്രമായി ഖുർആൻ പല സ്ഥലങ്ങളിലും അവരെ ഖണ്ഡിക്കുന്നുണ്ട്. സൂറത്ത് യാസീനിൽ കാണാം: അവൻ നമുക്കൊരു ഉപമ എടുത്ത് കാണിക്കുകയും ചെയ്തിരിക്കുന്നു. താൻ സൃഷ്ടിക്കപ്പെട്ടതാണെന്നത് അവൻ മറന്നുകളയുകയും ചെയ്തു. അവൻ ചോദിക്കുന്നു: എല്ലുകൾ ദ്രവിച്ച് പോയിരിക്കെ ആരാണ് അവയ്ക്ക് ജീവൻ നൽകുന്നത്? നബിയേ അങ്ങ് പറയൂ, ആദ്യ ഘട്ടത്തിൽ അവയെ ഉണ്ടാക്കിയവനാരോ അവൻ തന്നെ അവയ്ക്ക് വീണ്ടും ജീവൻ നൽകും (36: 78-79).
പ്രവാചകന്മാർ അല്ലാഹുവിൽ നിന്ന് സന്ദേശം സ്വീകരിച്ച് കൃത്യമായ വിവരണം നൽകിയില്ലായിരുന്നുവെങ്കിൽ ബുദ്ധി കൈമലർത്തിയ ഈ വിഷയത്തിൽ മർത്യൻ നിസ്സഹായനാവുമായിരുന്നു. ‘അല്ലാഹു മനുഷ്യർക്കാർക്കും ഒരു സന്ദേശവും നൽകിയിട്ടില്ല എന്ന് പറഞ്ഞവർ അവനെ ശരിക്ക് മനസ്സിലാക്കിയിട്ടില്ല’ എന്ന് നുബുവ്വത്ത് നിഷേധികൾക്ക് അല്ലാഹു തന്നെ മറുപടി നൽകുന്നുണ്ട്.
4. നുബുവ്വത്ത് വാദിക്കുകയും വ്യക്തമായ അമാനുഷികതകൾ കൊണ്ട് അതിനെ സ്ഥിരീകരിക്കുകയും ചെയ്യുന്ന പ്രവാചകന്മാരിലൂടെ അല്ലാഹുവിലും പരലോക ജീവിതത്തിലും വിശ്വസിക്കുന്നവർക്ക് ലഭിക്കുന്നത് വലിയ ആശ്വാസമാണ്. അനുഗ്രഹങ്ങളുടെ കൂമ്പാരം അവരെ അഹങ്കാരികളാക്കുകയോ പ്രതിസന്ധികളുടെ കുത്തൊഴുക്ക് അവരെ തളർത്തുകയോ ചെയ്യില്ല. കാരണം പൂർണ വിശ്വസ്തരായ പ്രവാചകന്മാരെന്ന സുശക്ത തൂണിലാണ് അവരുടെ വിശ്വാസം ബന്ധിച്ചിരിക്കുന്നത്. യാതൊരു സംശയവും കടന്നുവരാത്ത വിധം വിശ്വാസം സംരക്ഷിക്കപ്പെടുന്നതിനാൽ മാനസികവും ശാരീരികവുമായ പൂർണ സന്നദ്ധതയോടെ വിശ്വസിക്കുകയും മതവിധികൾ ജീവിതത്തിൽ കൊണ്ടുവരികയും ചെയ്യും. ദീനീ പ്രബോധന രംഗത്ത് സ്വഹാബത്തും താബിഉകളും പ്രകടമാക്കിയ അത്ഭുതകരമായ ത്യാഗസന്നദ്ധതയുടെ രഹസ്യമിതാണ്. എണ്ണത്തിൽ കുറവായിരുന്നിട്ടും അന്നത്തെ വൻശക്തികളെ പരാജയപ്പെടുത്തി വലിയ വിപ്ലവം സൃഷ്ടിച്ചത് ഈ ആത്മീയ ഊർജത്തിന്റെ പിൻബലത്തിലായിരുന്നു.
5. നന്മ-തിന്മ വേർതിരിക്കുന്നതിലും ബുദ്ധി പരാജയപ്പെടുകയാണ്. സത്യാസത്യം തീരുമാനിക്കുന്നതിലും അവയിലേക്കുള്ള വഴി നിർണയിക്കുന്നതിലും മനുഷ്യർ അഭിപ്രായ ഭിന്നതയിലകപ്പെടുന്നത് ബുദ്ധിയുടെ പരാജയത്തിന്റെ പ്രകടമായ തെളിവാണ്. മനുഷ്യന്റെ സമാധാന ജീവിതത്തിന് അഭികാമ്യമായത് ക്യാപിറ്റലിസമാണെന്ന് ചിലർ വാദിക്കുന്നു. കമ്മ്യൂണിസമാണെന്ന് മറ്റു ചിലർ. വേറെ ചിലർ സോഷ്യലിസം, ഹ്യൂമനിറ്റേറിയനിസം… ഇങ്ങനെ അഭിപ്രായ ഐക്യം സാധ്യമാവാത്ത വിധം ഭിന്നതകൾ നമുക്ക് കാണാം. ബുദ്ധിജീവികൾക്കിടയിലെ ഈ ഭിന്നാഭിപ്രായങ്ങൾ നമ്മോട് പറയുന്ന രണ്ട് കാര്യങ്ങളുണ്ട്.
എ. മനുഷ്യന്റെ വിജയം സുനിശ്ചിതമാക്കുന്ന സത്യവും നീതിയും എന്ത് എന്ന് ഗ്രഹിക്കുന്നതിലും അതിലേക്ക് എത്തുന്ന വഴി കണ്ടെത്തുന്നതിലും ബുദ്ധിക്ക് പരിമിതിയുണ്ട്.
ബി. ആത്യന്തികമായി സത്യം, നീതി എന്നിവ കണ്ടെത്താൻ പ്രവാചകന്മാരെ ആശ്രയിക്കാതെ നിർവാഹമില്ല.
അഥവാ പ്രവാചകത്വമെന്നത് മനുഷ്യന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണെന്ന് ചുരുക്കം.
6. കൃത്യമായ നിയമങ്ങൾക്ക് വിധേയപ്പെടുന്ന രീതിയിലാണ് സ്രഷ്ടാവ് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചിട്ടുള്ളത്. തെങ്ങിൽ നിന്ന് തേങ്ങയുണ്ടാവുന്നു, മാവിൽ നിന്ന് മാങ്ങയും പ്ലാവിൽ നിന്ന് ചക്കയുമുണ്ടാകുന്നു. ഇതെല്ലാം ഒറ്റ നോട്ടത്തിൽ നമുക്ക് മനസ്സിലാക്കാൻ കഴിയുന്ന പ്രാപഞ്ചിക നിയമത്തിന്റെ ഭാഗമാണ്. ഗ്രാവിറ്റി, ഇലക്‌ട്രോമാഗ്‌നറ്റിക്, സ്‌ട്രോങ്ങ് ന്യൂക്ലിയർ, വീക്ക് ന്യൂക്ലിയർ എന്നീ നാലു ഫോഴ്‌സുകളെ അടിസ്ഥാനമാക്കിയാണ് പ്രപഞ്ചം മുന്നോട്ട് പോവുന്നതെന്ന് ഭൗതിക ശാസ്ത്രം പറയുന്നു. പ്രപഞ്ചം മൊത്തം നിയമങ്ങൾക്ക് വിധേയപ്പെടുന്ന രൂപത്തിൽ സൃഷ്ടിച്ച്, മനുഷ്യനെ മാത്രം നിയമങ്ങളും വ്യവസ്ഥകളുമില്ലാതെ അലക്ഷ്യമായി അല്ലാഹു സൃഷ്ടിക്കുക എന്നത് അചിന്ത്യമാണ്. നിയമങ്ങൾക്ക് വിധേയപ്പെടുന്ന രീതിയിൽ തന്നെയാണ് മനുഷ്യനും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. എങ്കിൽ മനുഷ്യൻ അനുവർത്തിക്കേണ്ട നിയമ വ്യവസ്ഥ ഏതെന്ന് പറയാൻ സ്രഷ്ടാവിൽനിന്ന് വഹ്‌യ് സ്വീകരിച്ച പ്രവാചകന്മാർക്കേ സാധിക്കൂ.

ആരാണ് പ്രവാചകൻ?

‘ഞാൻ താങ്കളെ നിയോഗിച്ചിരിക്കുന്നു, എന്റെ സന്ദേശം ജനങ്ങൾക്ക് എത്തിക്കൂ’ തുടങ്ങിയ നിർദേശങ്ങൾ നൽകി അല്ലാഹു അയച്ചവരാണ് പ്രവാചകന്മാർ. യോഗ്യതകൾ കൈവരിച്ചോ തയ്യാറെടുപ്പുകൾ നടത്തിയോ നേടിയെടുക്കാൻ കഴിയുന്നതല്ല പ്രവാചകത്വം. അടിമകളിൽ നിന്ന് അല്ലാഹു പ്രത്യേകം തിരഞ്ഞെടുത്തവരാണവർ. മറ്റൊരാൾക്കും മറികടക്കാൻ കഴിയാത്ത അമാനുഷിക കഴിവുകൾ നൽകി നാഥൻ അവരെ ശാക്തീകരിച്ചു. ആരാണ് പ്രവാചകനെന്നത് ഒരു ഡിഡക്റ്റീവ് ആർഗ്യുമെന്റിലൂടെ അവതരിപ്പിക്കാം.
പ്രിമൈസ് 1- എ ദൈവദൂതനാണെന്ന് വാദിക്കുകയും ദൈവം അത് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
പ്രിമൈസ് 2- അപ്രകാരമുള്ളവരെല്ലാം പ്രവാചകന്മാരാണ്.
കൺക്ലൂഷൻ- എ പ്രവാചകനാണ്.
ആർക്കും കടന്നുവന്ന് അവകാശപ്പെടാൻ കഴിയുന്നതല്ല പ്രവാചകത്വം. പ്രസ്തുത വാദം അല്ലാഹു സ്ഥിരീകരിക്കുകയും വേണം. അമാനുഷിക സിദ്ധികൾ (മുഅ്ജിസത്തുകൾ) നൽകിയാണ് അല്ലാഹുവിൽ നിന്ന് സ്ഥിരീകരണമുണ്ടാവുക. പഠിച്ചെടുത്തോ നിരന്തര പരിശീലനങ്ങളിലൂടെയോ നബിമാരല്ലാത്തവർക്ക് നേടിയെടുക്കാവുന്നതല്ല മുഅ്ജിസത്ത്.
പ്രാപഞ്ചിക നിയമം അതിന്റെ സ്രഷ്ടാവ് തന്നെ മാറ്റിയെടുക്കുന്നു എന്നതാണ് മുഅ്ജിസത്തിലൂടെ സംഭവിക്കുന്നത്. തന്റെ ദൂതനല്ലാത്ത ഒരു കള്ളവാദിക്ക് വേണ്ടി അല്ലാഹു പ്രകൃതി നിയമം മാറ്റുക എന്നത് അസംഭവ്യമാണ്. എന്നാൽ മായാജാലം പോലുള്ള അത്ഭുതങ്ങളെല്ലാം പ്രകൃതി നിയമത്തിനനുസരിച്ചാണ് നടക്കുന്നത്. കഠിനാധ്വാനത്തിലൂടെ ജനങ്ങളുടെ കണ്ണ് വെട്ടിക്കാൻ അവർ പഠിച്ചിരിക്കുമെന്ന് മാത്രം.

 

അസീസ് സഖാഫി വാളക്കുളം

Exit mobile version