കാലിക്കറ്റ് യൂണിവേഴ്സിറ്റി കൊണ്ട് തേഞ്ഞിപ്പലത്തുകാര്‍ക്കെന്തു കിട്ടി എന്ന ശീര്‍ഷകത്തില്‍ പ്രമുഖനായ ഒരു സാമൂഹ്യ വിമര്ശകന് മുമ്പെഴുതിയ ലേഖനം ഓര്‍ത്തു പോകുന്നു. നീലഗിരി ജില്ലയിലെത്തി ഈ ചോദ്യം ഇത്തിരി രൂപമാറ്റം വരുത്തി ‘പാടന്തറ മര്‍കസുകൊണ്ട് അവിടുത്തുകാര്‍ക്കെന്തു’ ലഭിച്ചുവെന്ന് അന്വേഷിച്ചാല്‍ നൂറു നാക്കില്‍ അവര്‍ വിളിച്ചുപറയും-ആത്മാഭിമാനം തിരിച്ചു കിട്ടിയെന്ന്! അത്രക്കുമേല്‍ ഗുണാത്മക പ്രവര്‍ത്തനങ്ങളാണ് ആ സ്ഥാപനവും പ്രിന്‍സിപ്പാള്‍ ദേവര്‍ഷോല അബ്ദുസ്സലാം മുസ്ലിയാരുടെ നേതൃത്വത്തില്‍ സ്ഥാപന പ്രവര്‍ത്തകരും നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്. പാവപ്പെട്ടവര്‍ക്കു വേണ്ടിയുള്ള അവരുടെ നിരവധി പ്രവര്‍ത്തനങ്ങളില്‍ സവിശേഷശ്രദ്ധ നേടി ഈയിടെ നടന്ന സമൂഹ വിവാഹം.
ദാരിദ്ര്യം മതനിരാസത്തിലേക്കെത്തിക്കുമെന്ന ഹദീസ് വാക്യത്തിന്റെ നേര്‍ക്കാഴ്ചയാണ് രാജ്യത്തെ പല മേഖലകളും. ബിപിഎല്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, കക്കൂസ്, വീടുകള്‍ ഇത്യാദി പാഴ്വാഗ്ദാനങ്ങള്‍ നല്‍കിയായിരുന്നല്ലോ ഒരു പറ്റം ദരിദ്ര മുസ്ലിംകളെ സംഘപരിവാര്‍ പൂജക്കിരുത്തിയത്. അതാണ് ഘര്‍വാപസിയായി പ്രചരിപ്പിക്കപ്പെട്ടത്. തൊപ്പി ധരിച്ച് പൂജക്കിരുന്ന പാവങ്ങള്‍ക്ക് പട്ടിണി മാറല്‍ മാത്രമായിരുന്നു ലക്ഷ്യം-പക്ഷേ, അത് മതം മാറല്‍ ചടങ്ങാണെന്നും അവരൊക്കെയും ഹിന്ദുക്കളായെന്നും അവര്‍ തന്നെയും തിരിച്ചറിഞ്ഞത് നടത്തിപ്പുകാര്‍ നല്കിയ പത്ര വാര്‍ത്ത കണ്ടപ്പോഴായിരുന്നു. ദാരിദ്ര്യം ചൂഷണം ചെയ്ത് പലയിടങ്ങളില്‍ പെണ്‍കുട്ടികളെ ഇറക്കിക്കൊണ്ടു പോവുകയുണ്ടായി. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഏറെ ആവശ്യമാണ് പാവപ്പെട്ടവര്‍ക്കുള്ള വിവാഹാവസരങ്ങള്‍. അതിനു സൗകര്യം ചെയ്യുക എന്നത് മഹാപുണ്യമാവുന്നതിങ്ങനെ കൂടിയാണ്.
കഴിഞ്ഞവര്‍ഷം 40 പെണ്‍കുട്ടികളുടെ വിവാഹമായിരുന്നു സംഘാടകര്‍ തീരുമാനിച്ചത്. കേട്ടറിഞ്ഞ് കരച്ചിലും പിഴിച്ചിലുമായി രക്ഷിതാക്കള്‍ കുത്തി ഒഴുകിയപ്പോള്‍ 57 തരുണികളുടെ മംഗല്യത്തിലാണത് അവസാനിപ്പിക്കാനായത്. തീര്ന്നിട്ടല്ല, അര്‍ധവിരാമം മാത്രം. ഈ വര്‍ഷം ദര്‍സിന്റെ 20-ാം വാര്‍ഷികം കൂടി പ്രമാണിച്ച് 80-പേരെ സുമംഗലികളാക്കാനാണ് ആദ്യം തീരുമാനിച്ചത്. പിന്നീടത് നൂറിലെത്തി.
അതിലുമൊതുങ്ങാതെ 130-യുവതികളെ അതും ഏതാനും അമുസ്ലിം കുട്ടികളുടേതടക്കം കല്യാണം നടത്താന്‍ സംഘാടകര്‍ക്ക് സാധിച്ചു -അല്ല, നിര്‍ബന്ധിതരായി. മഹല്ല് കമ്മറ്റികളുമായും സുന്നീ സംഘടനാ നേതാക്കളുമായും ബന്ധപ്പെട്ട് അര്‍ഹത മനസ്സിലാക്കി തന്നെയായിരുന്നു വധൂ-വരന്മാരെ തിരഞ്ഞെടുത്തത്. ഓരോ വധുവിനും 5 പവന് വീതം സ്വര്‍ണവും 25000 രൂപയും വധൂ-വരന്മാര്ക്ക് മൂന്നു കൂട്ട് വീതം വസ്ത്രങ്ങളും നല്‍കിയായിരുന്നു ചടങ്ങ്. എപി ഉസ്താദ്, പൊന്മള ഉസ്താദ് പോലുള്ള നമ്മുടെ പണ്ഡിതകേസരികള്‍ നികാഹിനു നേതൃത്വം നല്കി- ആഗോള പ്രശസ്തരായ ഇത്തരം മഹാത്മാക്കള്‍ നികാഹ് നടത്തുക സ്വപ്നത്തില്‍ പോലും കാണാന്‍ കഴിയാതിരുന്ന നീലഗിരിയിലെ സാധു മനുഷ്യര്‍ അത് ശരിക്കും അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്തു.
തനിക്ക് വിവാഹമോ എന്ന് അത്ഭുതപ്പെടും വിധം പ്രതീക്ഷ നശിച്ചിരുന്ന ഒരു സമൂഹത്തിന് മധുര സ്വപ്നങ്ങളുടെ വാതില്‍ തുറന്ന് കൊടുക്കുന്നത് ചില്ലറ കാര്യമാണോ. കഴിഞ്ഞ വര്‍ഷം നടന്ന 57 പേരുടെ കല്യാണത്തിനു ശേഷം ആ മേഖലയില്‍ ചാടിപ്പോക്കും മതം മാറ്റവും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടില്ലെന്നത് ഇതിന്റെ സദ്ഫലം തെളിയിക്കുന്നു. വിവിധ സ്ഥാപനങ്ങള്‍ തുല്യമായതോ വ്യത്യസ്തമായതോ ആയ നിരവധി ദഅ്വാ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. കൂട്ടത്തില്‍ പാവങ്ങളുടെ സമൂഹ വിവാഹം ഏറെ ശ്രദ്ധേയമാകുന്നത് അത് നിരവധി യുവതികള്‍ക്ക് ജീവിതം പ്രദാനം ചെയ്യുന്നിടത്താണ്. നൂറ്റി മുപ്പതില്ലെങ്കിലും കഴിയുന്നത്ര ഓരോ സ്ഥാപനങ്ങളും, സ്വന്തം മക്കളുടെ കല്ല്യാണത്തിന്റെ അനാവശ്യ ചെലവുകള്‍ വെട്ടിക്കുറച്ച് തങ്ങള്‍ക്കാവും വിധം വ്യക്തികളും ഈ രംഗത്ത് ശ്രദ്ധ വെച്ചാല്‍ തട്ടമിട്ട യുവതികളുടെയും കുറിതൊട്ട യുവാക്കളുടെയും വിവാഹ രജിസ്ട്രേഷന് പരസ്യ നോട്ടീസുകള്‍ നവ മാധ്യ മങ്ങളില് പ്രചരിക്കുന്നതിന് വലിയ കുറവ്വരും. കെറുവും പകയും മാറ്റിവെച്ച് ഈ രംഗത്ത് ശ്രദ്ധിക്കാനും സഹകരിക്കാനും എല്ലാവര്ക്കുമായെങ്കില്…