ഒരു റമളാന്‍ കൂടി അനുഭവിക്കാനായതിന്റെ സന്തോഷത്തിലാണ് വിശ്വാസികള്‍. ഏതര്‍ത്ഥത്തിലും ചെറിയൊരു സംഭവമല്ല ഇത്. അതുകൊണ്ടുതന്നെ ആനന്ദമുണ്ടാവണം. വലിയ ആവേശം കാണിക്കണം. കൂടെ ഈ ആഹ്ലാദാരവങ്ങളില്‍ പരിമിതമാവാതിരിക്കാന്‍ കഠിനമായി ശ്രമിക്കുകയും വേണം. അതാണ് വിജയത്തിന്റെ ശരിയായ മാര്‍ഗം.
ആലോചിച്ചു നോക്കുക, ഓരോ നിമിഷവും അനുഗ്രഹങ്ങളുടെ കുത്തൊഴുക്കാണല്ലോ റമളാന്‍. ഐഛികാരാധനകള്ക്ക് ഫര്‍ളിന്റെ പ്രതിഫലവും നിര്‍ബന്ധങ്ങള്‍ക്ക് നിരവധി ഇരട്ടി പുണ്യവും ലഭിക്കുന്നു. പാപമോചനത്തിന് അസുലഭ അവസരങ്ങള്‍. ഖുര്‍ആനിനെ പ്രണയിക്കാനായാല് നമ്മുടെ പരലോക രക്ഷ അത് ഉറപ്പുനല്‍കുന്നു. ഇങ്ങനെ വര്‍ണിക്കാനാവാത്ത മഹാഭാഗ്യം. ഇതിനുമുമ്പ് ഇത്രതന്നെ പുണ്യം നിറഞ്ഞ റമളാനനുഭവം പലയാവര്‍ത്തി ലഭ്യമായിട്ടും അതു വേണ്ടവിധം മുതലെടുത്തിട്ടുണ്ടോ നാം? വിശുദ്ധ മാസം സമാഗതമാവുകയും അര്‍ഹമായ വിധം യാത്രയാക്കാനാവാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് റബ്ബിന്റെയും സര്‍വ പടപ്പുകളുടെയും ശാപമുണ്ടാവട്ടെ എന്ന ജിബ്രീല്‍(അ)ന്റെ പ്രാര്‍ത്ഥനക്ക് തിരുനബി(സ്വ)യാണ് ആമീന്‍ പറഞ്ഞത്. സ്വീകരിക്കാതിരിക്കാന്‍ ലോലമായൊരു ന്യായം പോലും കാണാത്ത ദുആയാണിത്. മുന്നനുഭവങ്ങളില്‍ ഈ അര്‍ത്ഥന നമ്മെ എങ്ങനെയാണ് ബാധിക്കുക എന്നാലോചിക്കാന്‍ ഏറ്റവും നല്ല സന്ദര്‍ഭമാണിപ്പോള്‍.
ഉണര്‍ന്നെഴുന്നേല്‍ക്കുകയാണ് നാം ചെയ്യേണ്ടത്. ഭൗതിക ബന്ധനങ്ങളില്‍ നിന്ന് പുറത്തുകടന്ന് ആത്മീയ സായൂജ്യത്തിന്റെ ഗിരിശൃംഗത്തിലേറാന് ബോധപൂര്‍വം ശ്രമിക്കുക. അധികം ഉറങ്ങരുത്, ഉണര്‍വിന്റെ ഓരോ നിമിഷവും നിസ്കാരം, ദിക്ര്, ഖുര്‍ആന്‍ പാരായണം, സ്വദഖ പോലുള്ള ഏതെങ്കിലുമൊരു ആരാധനയിലല്ലാതെ എരിഞ്ഞടങ്ങാന്‍ അനുവദിക്കുകയുമരുത്. വേണ്ടവിധം റമളാന്‍ കൈകാര്യം ചെയ്യാന്‍ നാഥന് തുണക്കട്ടെ.