ഔലാദുന്നബി

തിരുനബി(സ്വ)ക്ക് ഏഴു മക്കളാണുണ്ടായിരുന്നത്; മൂന്ന് ആൺമക്കളും നാല് പെൺമക്കളും. ഖാസിം(റ), സൈനബ് (റ), റുഖയ്യ(റ), ഫാത്വിമ(റ), ഉമ്മു കുൽസൂം(റ), അബ്ദുല്ല(റ), ഇബ്‌റാഹീം(റ) എന്നിവരാണവർ.  ഇവരിൽ ആദ്യത്തെ ആറു പേർ ഖദീജ ബീവി(റ)യിൽ നിന്നും ഇബ്‌റാഹീം(റ) മാരിയ്യതുൽ ഖിബ്ത്വിയ്യ(റ)യിൽ നിന്നുമാണ് ജനിച്ചത്. മക്കളിൽ അബ്ദുല്ല, ഇബ്‌റാഹീം എന്നിവരല്ലാത്തവരെല്ലാം പ്രവാചകത്വ നിയുക്തിക്കു മുമ്പ് മക്കയിൽ ജനിച്ചു. അബ്ദുല്ല(റ) പ്രവാചകത്വ നിയോഗത്തിനു ശേഷം മക്കയിലും ഇബ്‌റാഹിം(റ) ഹിജ്‌റക്കു ശേഷം മദീനയിലുമാണ് ജനിച്ചത്.

ഖാസിം(റ)

തിരുനബിയും ഖദീജ ബീവിയും തമ്മിലുള്ള വിവാഹത്തിന്റെ രണ്ടാം വർഷമാണ് അവർക്കൊരു കുഞ്ഞ് ജനിക്കുന്നത്. ഖാസിം(റ) എന്ന ഈ കുട്ടിയിലേക്ക് ചേർത്തുകൊണ്ടാണ് നബി(സ്വ) അബുൽഖാസിം എന്നറിയപ്പെട്ടത്. ആദ്യ സന്താനമായ ഖാസിം(റ) തന്നെയാണ് ആദ്യം വഫാത്താവുന്നതും. ഏറെ ഓമനിച്ചു വളർത്തിയ ഏക പുത്രന്റെ വിയോഗം ഇരുവരെയും ദുഃഖത്തിലാഴ്ത്തി. അല്ലാഹുവിന്റെ അലംഘനീയമായ വിധിയിൽ അവർ ക്ഷമിക്കുകയും പരസ്പരം സമാധാനിപ്പിച്ച് ജീവിതം മുന്നോട്ട് നീക്കുകയും ചെയ്തു.

ഫാത്വിമ ബിൻത് ഹുസൈനി(റ)ൽ നിന്ന് നിവേദനം. ബീവി ഖദീജ(റ) പറയുന്നു: ‘തിരുദൂതരേ, ഖാസിമിനുള്ള മുലപ്പാൽ വല്ലാതെ വർധിക്കുന്നു. മുലകുടി പൂർത്തിയാകുന്നതു വരെയെങ്കിലും അല്ലാഹു അവന് ആയുസ്സ് നൽകിയിരുന്നെങ്കിലെന്ന് ഞാൻ ആശിച്ചുപോയി’.

ഉടൻ നബി(സ്വ) പറഞ്ഞു: ‘അവന്റെ മുല കുടിയുടെ പൂർത്തീകരണം സ്വർഗത്തിൽ വെച്ചാണ് നടക്കുക. ഒരു സ്വർഗീയ വനിത അവനെ മുലയൂട്ടാനുണ്ടാകും.’

ഇതു കേട്ടപ്പോൾ ഖദീജ(റ)ക്ക് സമാധാനമായി. അവർ പറഞ്ഞു: ‘അതു മതി. അത് ഞാനറിഞ്ഞിരുന്നുവെങ്കിൽ ഇതിനു മുമ്പു തന്നെ ആശ്വാസം കൊള്ളുമായിരുന്നു’.

തിരുനബി(സ്വ) കൂട്ടിച്ചേർത്തു: ‘ഇനി നിനക്ക് വേണമെങ്കിൽ അല്ലാഹുവിനോട് ഞാൻ പ്രാർത്ഥിക്കാം. അതു നിമിത്തം അവന്റെ ശബ്ദം നിനക്ക് കേൾപ്പിക്കുകയും ചെയ്യാം’. ഉടനെ ബീവി ഭർത്താവിനെ തടഞ്ഞു കൊണ്ട് പറഞ്ഞു: അതു വേണ്ടാ, അല്ലാഹുവിനെയും അവന്റെ റസൂലിനെയും ഞാൻ പൂർണമായി അംഗീകരിക്കുന്നു (അൽ മവാഹിബ്).

സൈനബ്(റ)

നബി(സ്വ)യുടെ പെൺമക്കളിൽ  വലുതാണ് സൈനബ്. റസൂൽ(സ്വ)യുടെ മുപ്പതാം വയസ്സിലായിരുന്നു മഹതിയുടെ ജനനം. ഇസ്‌ലാമിന്റെ പേരിൽ കനത്ത പരീക്ഷണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് സൈനബിന്. മദീനയിലുള്ള പിതാവിന്റെ സമീപത്തേക്ക് സൈനബ്(റ) യാത്രതിരിച്ച വിവരമറിഞ്ഞ ഖുറൈശികൾക്ക് കലി കയറി. അവരിൽ ചിലർ അക്രമത്തിനൊരുങ്ങി. മഹതിയെ അന്വേഷിച്ചു പുറപ്പെട്ട ശത്രുക്കൾ വഴിമധ്യേ അവരെ കണ്ടുമുട്ടുകയും കുന്തം കൊണ്ട് ആക്രമിക്കുകയും ചെയ്തു. തിരുനബി(സ്വ) ഒരിക്കൽ പറഞ്ഞു: ‘സൈനബ് എന്റെ പെൺമക്കളിൽ അത്യുൽകൃഷ്ടയാണ്. എന്റെ പേരിൽ ഉപദ്രവമേൽക്കേണ്ടി വന്നവളാണവൾ.’

അബുൽ ആസ്വ്ബ്‌നു റബീആണ് സൈനബ്(റ)നെ വിവാഹം ചെയ്തത്. എന്നാൽ ഇസ്‌ലാമിന്റെ വെളിച്ചം വ്യാപിച്ചപ്പോഴും സത്യമതം പുൽകാൻ അദ്ദേഹം വിസമ്മതിച്ചു. എങ്കിലും റസൂലിന്റെ പുത്രിയെ പിരിയാൻ മടിച്ചു. പിന്നീട് ബദ്‌റിൽ ബന്ധിയാക്കപ്പെട്ടവരിൽ അബുൽ ആസ്വും ഉൾപ്പെട്ടപ്പോൾ സൈനബ്(റ)ന്  മദീനയിലേക്ക് ഹിജ്‌റ വരാൻ സമ്മതം നൽകുമെന്ന കരാറിൽ അദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു. ശേഷം അബുൽ ആസ്വ് ഇസ്‌ലാം സ്വീകരിക്കുകയും മദീനയിലേക്ക് ഹിജ്‌റ പോവുകയും ചെയ്തു. അപ്പോൾ നബി(സ്വ) സൈനബ്(റ)വിനെ അദ്ദേഹത്തിന് മടക്കി നൽകി. അവരുടെ ദാമ്പത്യത്തിൽ രണ്ട് കുഞ്ഞുങ്ങൾ പിറന്നു. ഒരാണും ഒരു പെണ്ണും. അലി(റ), ഉമാമ(റ). ഇവരിൽ അലി(റ) ചെറുപ്പത്തിൽ തന്നെ പരലോകം പ്രാപിച്ചു. ഉമാമ(റ)യെ ഫാത്തിമ ബീവിയുടെ വഫാത്തിനു ശേഷം അലിയ്യു ബ്‌നു അബീത്വാലിബ്(റ) വിവാഹം കഴിച്ചു. ഹിജ്‌റ എട്ടാം വർഷത്തിലാണ് മഹതിയുടെ വിയോഗം.

റുഖയ്യ (റ)

പ്രവാചകർ(സ്വ)യുടെ രണ്ടാമത്തെ മകളാണ് റുഖയ്യ(റ). നബി(സ്വ)ക്ക് മുപ്പത്തിമൂന്നും ഖദീജാ ബീവിക്ക് നാൽപ്പത്തിയെട്ടും വയസ്സുള്ളപ്പോഴാണ് മഹതിയുടെ ജനനം. മാതാവായ ഖദീജാ ബീവിയോടാണ് ഇവർക്ക് കൂടുതൽ മുഖ സാദൃശ്യമുണ്ടായിരുന്നത്. അബൂ ലഹബിന്റെ പുത്രനായ ഉത്ബതായിരുന്നു റുഖയ്യ ബീവിയെ കല്യാണം കഴിച്ചത്. പിന്നീട് ഇസ്‌ലാമിക പ്രബോധനം ശക്തി പ്രാപിക്കുകയും ശത്രു വ്യൂഹം പ്രവാചകർക്കെതിരെ ശക്തമായി നിലകൊള്ളുകയും ചെയ്തപ്പോൾ അവരിൽ പ്രധാനിയായ അബൂലഹബിനെ അധിക്ഷേപിച്ചു കൊണ്ട് വിശുദ്ധ ഖുർആനിലെ ‘അബൂലഹബിന്റെ ഇരുകരങ്ങളും നശിച്ചു പോകട്ടെ, അവൻ നശിക്കുക തന്നെ ചെയ്തിരിക്കുന്നു, അവന്റെ സ്വത്തും അവൻ സമ്പാദിച്ചുണ്ടാക്കിയതുമൊന്നും അവന് പ്രയോജനപ്പെടില്ല, ജ്വാലയുള്ള അഗ്നിയിൽ പിന്നീട് അവൻ പ്രവേശിക്കുന്നതാണ്’ എന്നു തുടങ്ങുന്ന അധ്യായം (സൂറത്തുൽ മസദ്) അവതീർണമായതിനെ തുടർന്ന് അബൂലഹബിന്റെ കൽപ്പന പ്രകാരം ഉത്ബ റുഖയ്യ(റ)യെ വിവാഹ മോചനം നടത്തുകയായിരുന്നു.

ഉസ്മാനുബ്‌നു അഫ്ഫാൻ(റ)വാണ് പിന്നീട് മഹതിയെ വിവാഹം ചെയ്തത്. ഹിജ്‌റ രണ്ടാം വർഷം ഇരുപതാമത്തെ വയസ്സിൽ ബദ്ർ ദിനത്തിലാണ് അവരുടെ വഫാത്ത്. ബദ്‌റിൽ മുസ്‌ലിംകൾ വിജയശ്രീലാളിതരായെന്ന സുവിശേഷവുമായി സൈദുബ്‌നു ഹാരിസ(റ) മദീനയിലെത്തിയ ദിവസമാണ് മഹതിയുടെ ജനാസ മറവു ചെയ്തത് (അൽ ഇസ്തീആബ് 2/94). ഈ ദാമ്പത്യ വല്ലരിയിൽ വിരിഞ്ഞ അബ്ദുല്ല എന്നു പേരുള്ള മകൻ ഹിജ്‌റ നാലാം വർഷം  ആറാമത്തെ വയസ്സിലാണ് മരണപ്പെട്ടത്. നബി(സ്വ) കുട്ടിയുടെ ജനാസ നിസ്‌കരിക്കുകയും പിതാവായ ഉസ്മാൻ(റ) ഖബറിലേക്കിറങ്ങുകയും ചെയ്തു.

ഫാത്വിമ(റ)

നബി(സ്വ)യുടെ 35-ാം വയസ്സിലാണ് ഫാത്വിമ(റ)യുടെ ജനനം. രൂപത്തിലും ഭാവത്തിലും സ്വഭാവ മഹാത്മ്യത്തിലും മഹതിക്ക് നബി(സ്വ)യോട് ഏറെ സാദൃശ്യമുണ്ടായിരുന്നു. തിരുനബിക്കൊപ്പം അവസാന നാളുകൾ വരെ ജീവിച്ച ഏക പുത്രിയുമാണവർ. ഖദീജ ബീവിയും നബി(സ്വ)യും തമ്മിലുള്ള വിവാഹത്തിന്റെ പത്താം വർഷത്തിലാണ് മഹതിയുടെ ജനനമുണ്ടാകുന്നത്.

റസൂലിന് ഫാത്വിമ(റ)യോട് ഏറെ ഇഷ്ടമുണ്ടായിരുന്നു. ഒരിക്കൽ നബി(സ്വ)യോട് ചോദ്യമുണ്ടായി: മനുഷ്യരുടെ കൂട്ടത്തിൽ അങ്ങ് ഏറ്റവും കൂടുതൽ സ്‌നേഹിക്കുന്നത് ആരെയാണ്? ഉടനെ വന്നു മറുപടി: ‘ഫാത്വിമയെ.’ ദഹബി രേഖപ്പെടുത്തുന്നു: ‘സ്ത്രീകളിൽ നിന്ന് നബി(സ്വ)ക്ക് ഏറ്റവും ഇഷ്ടം ഫാത്വിമ (റ)യോടായിരുന്നു. പുരുഷന്മാരിൽ നിന്ന് അലി (റ)വിനോടും.’

നബി(സ്വ) യുദ്ധം കഴിഞ്ഞ് മടങ്ങി വന്നാൽ പള്ളിയിൽ കയറി രണ്ട് റക്അത്ത് നിസ്‌കരിക്കുകയും ശേഷം ഫാത്വിമ ബീവി(റ)യെ സന്ദർശിക്കുകയും ചെയ്യും. അതിനു ശേഷമാണ് ഭാര്യമാരെ സന്ദർശിക്കുക. ഒരിക്കൽ അവിടുന്ന് പറഞ്ഞു: ‘ഫാത്വിമാ, നീ ദേഷ്യപ്പെടുന്നിടത്ത് നിന്റെ റബ്ബും ദേഷ്യപ്പെടും. നീ തൃപ്തിപ്പെടുന്നിടത്ത് നിന്റെ റബ്ബും തൃപ്തിപ്പെടും’.

അനസ്(റ)വിൽ നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: ‘ലോകത്തുള്ള സ്ത്രീകളിൽ നിന്ന് ഇംറാനിന്റെ പുത്രി മർയമും(റ) ഖുവൈലിദിന്റെ പുത്രി ഖദീജ(റ)യും മുഹമ്മദിന്റെ പുത്രി ഫാത്വിമ (റ)യും ഫിർഔനിന്റെ ഭാര്യ ആസിയ(റ)യും (ശ്രേഷ്ഠതയറിയാൻ) താങ്കൾക്കു ധാരാളം മതി (തുർമുദി/3813).

ഫാത്വിമ ബീവിയുടെ സുഖവും ദുഃഖവും നബി(സ്വ)യുടേതു കൂടിയായിരുന്നു. കഠിനമായ വിശപ്പു മൂലം തിരു സവിധത്തിലെത്തിയ മഹതിയുടെ കാര്യത്തിൽ നബി(സ്വ) പെട്ടെന്ന് തീരുമാനമുണ്ടാക്കിയ രംഗം ചരിത്രത്തിൽ കാണാം. ഇംറാനുബ്‌നു ഹുസൈ്വനി(റ)വിൽ നിന്നു നിവേദനം. അദ്ദേഹം പറയുന്നു: ഞാൻ നബി(സ്വ)യുടെ കൂടെയുള്ളപ്പോൾ ഫാത്വിമ(റ) തിരുദൂതരുടെ മുന്നിൽ വന്നുനിന്നു. വിശപ്പിന്റെ   കാഠിന്യം നിമിത്തം മഹതിയുടെ മുഖത്ത് നിന്നും രക്തത്തിന്റെ നിറം മാറി  മഞ്ഞവർണമായിരുന്നു. അതുകണ്ട നബി(സ്വ) മഹതിയെ നോക്കി പറഞ്ഞു: ഫാത്വിമാ, ഇങ്ങോട്ടു വരൂ. മഹതി അടുത്ത് വന്ന് മുന്നിൽ നിന്നു. ശേഷം തൃക്കരം ഉയർത്തി നെഞ്ചത്തു വെച്ച് ഇപ്രകാരം പ്രാർത്ഥിച്ചു: വിശക്കുന്നവരുടെ വയറു നിറക്കുന്നവനും താഴ്ന്നവരെ ഉയർത്തുന്നവനുമായ നാഥാ, മുഹമ്മദിന്റെ മകൾ ഫാത്വിമ(റ)യെ നീ ഉയർത്തേണമേ! ഇംറാൻ(റ) പറയുന്നു: ‘അപ്പോൾ ഞാൻ മഹതിയുടെ മുഖത്ത് നോക്കി. മുഖത്തു നിന്നും മഞ്ഞവർണം മാറി രക്തത്തിന്റെ നിറം വന്നിരിക്കുന്നു!. ഇംറാൻ(റ) പറയുന്നു: ‘പിന്നീട് മഹതിയെ ഞാൻ കണ്ടപ്പോൾ അതിനെക്കുറിച്ച് അന്വേഷിച്ചു. അപ്പോൾ മഹതി പറഞ്ഞു: ‘ഇംറാനേ, അതിനുശേഷം എനിക്ക് വിശപ്പുണ്ടായിട്ടില്ല’. ഹിജാബിന്റെ സൂക്തം അവതീർണമാകുന്നതിന്റെ മുമ്പാണ് ഇംറാൻ(റ) ഫാത്വിമ(റ)യെ കണ്ടത് (ദലാഇലുന്നുബുവ്വ 6/266).

ഹിജ്‌റ രണ്ടാം വർഷമായിരുന്നു അലി(റ) വും ഫാത്വിമ ബീവിയും തമ്മിലുള്ള വിവാഹം.  ഫാത്വിമ ബീവി(റ)ക്ക് പതിനഞ്ചര വയസ്സും അലി(റ)വിന് ഇരുപത്തൊന്ന് വയസ്സുമായിരുന്നു പ്രായം. വിവാഹമൂല്യം പോലും നൽകാനുള്ള സാമ്പത്തിക ശേഷിയില്ലാത്ത പരമ ദരിദ്രനായിരുന്നു അലി(റ). ഒരു കുതിരയും കവചവുമായിരുന്നു അപ്പോൾ അലി(റ)വിനുണ്ടായിരുന്ന സമ്പാദ്യം. ആ കവചമാകട്ടെ തിരുനബി(സ്വ) തന്നെ മുമ്പ് നൽകിയതുമാണ്. പ്രസ്തുത കവചം അഞ്ഞൂറ് ദിർഹമിന് ഉസ്മാൻ(റ)വിന് വിൽക്കുകയും അതിൽ നാനൂറ് ദിർഹം മഹ്‌റ് നൽകുകയും ബാക്കിയുള്ള നൂറ് ദിർഹം കൊണ്ട് വധുവിനുള്ള പുതുവസ്ത്രങ്ങളും സുഗന്ധ ദ്രവ്യങ്ങളും വാങ്ങുകയുമാണുണ്ടായത്. അബൂബക്കർ(റ), ഉമർ(റ), ഉസ്മാൻ(റ), ത്വൽഹത്(റ), സുബൈർ(റ) തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. നവദമ്പതികൾക്കു വേണ്ടി പ്രാർത്ഥിച്ച പ്രവാചകർ(സ്വ) ഭർതൃഗൃഹത്തിലേക്കു തിരിക്കുന്ന മകൾക്ക് കട്ടിൽ, വിരിപ്പ്, ആട്ടുകല്ല്, തോൽപാത്രം എന്നിവ നൽകുകയുമുണ്ടായി.

തിരുനബി(സ്വ) മരണ ശയ്യയിലായിരുന്നപ്പോൾ അവിടുന്ന് ഫാത്വിമ(റ)യെ അടുത്ത് വിളിച്ച് വലതു ഭാഗത്തിരുത്തി രഹസ്യം പറഞ്ഞതു പ്രസിദ്ധം. തന്റെ വഫാത്ത് അടുത്തെന്നും കുടുംബത്തിൽ നിന്ന് ആദ്യം തന്നോട് ചേരുക സ്വർഗീയ സ്ത്രീകളുടെ നേതാവായ നീയാണെന്നുമാണ് പിതാവ് പറഞ്ഞതെന്ന് അവർ പിന്നീട് വെളിപ്പെടുത്തുകയുണ്ടായി.

ഹിജ്‌റ പതിനൊന്നാം വർഷം റമളാൻ മാസത്തിലാണ് മഹതി വഫാത്തായത്. ഇരുപത്തിനാല് വയസ്സായിരുന്നു പ്രായം. അലി(റ)വും ഉമൈസിന്റെ പുത്രിയായ അസ്മാഅ് ബീവിയുമാണ് മയ്യിത്ത് കുളിപ്പിച്ചത്. ഭർത്താവായ അലി(റ) മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നൽകി. അബ്ബാസ്(റ), അലി(റ), ഫള്‌ലുബ്‌നു അബ്ബാസ്(റ) എന്നിവർ ചേർന്ന് മയ്യിത്ത് ഖബറിലേക്ക് ഇറക്കി.

അഞ്ച് സന്താനങ്ങളാണ് അലി-ഫാത്വിമ ദമ്പതികൾക്കുണ്ടായിരുന്നത്. ഹസൻ, ഹുസൈൻ, മുഹസ്സിൻ, ഉമ്മു കുൽസൂം, സൈനബ്. ഇവരിൽ മുഹസ്സിൻ ചെറുപ്പത്തിൽ തന്നെ വഫാത്തായി. നബി(സ്വ)ക്ക് ഫാത്വിമ ബീവിയിലൂടെയാണ് വംശ പരമ്പരയുള്ളത്. അവിടുത്തെ പേരമക്കളായ ഹസൻ, ഹുസൈൻ(റ)വിലൂടെയാണ് ആ പരമ്പര വളർന്നു വ്യാപിച്ചത്. സൈനബ്(റ)യെ അബ്ദുല്ലാഹിബ്‌നു ജഅ്ഫർ(റ)വും ഉമ്മുകുൽസൂമി(റ)നെ ഉമറുബ്‌നു ഖത്വാബ്(റ)വും വിവാഹം കഴിച്ചു. അലി, ഔന് എന്നീ രണ്ട് ആൺ മക്കൾ സൈനബ്(റ)വിനും സൈദ് എന്ന് പേരുള്ള ഒരു ആൺകുട്ടി ഉമ്മുകുൽസൂമിനും പിറന്നു. ഉമർ(റ)വിന്റെ വഫാത്തിനു ശേഷം ഔനു ബ്‌നു ജഅ്ഫർ(റ)വും അദ്ദേഹത്തിന്റെ വഫാത്തിനു ശേഷം മുഹമ്മദു ബ്‌നു ജഅ്ഫർ(റ)വും പിന്നീട് അബ്ദുല്ലാഹിബ്‌നു ജഅ്ഫർ(റ)വും ഉമ്മുകുൽസൂമി(റ)നെ വിവാഹം കഴിച്ചു.

(തുടരും)

സൈനുദ്ദീൻ ഇർഫാനി മാണൂർ

Exit mobile version