കവിതകൾ യുദ്ധഭൂമിയിലെ സാഹിതീയ സംഘട്ടനങ്ങൾ

യുദ്ധഭൂമിയിൽ സാഹിതീയ പ്രതിരോധങ്ങൾക്ക് കായിക പ്രതിരോധത്തിന്റേതിന് സമാനമായ പ്രാധാന്യമാണുള്ളത്. ആയുധംകൊണ്ട് മുറിപ്പെടുത്താൻ കഴിയുന്നതിനപ്പുറം ശത്രുവിന് പ്രഹരമേൽപ്പിക്കാൻ കാവ്യശകലങ്ങൾക്ക് സാധിക്കും. ജാഹിലിയ്യ കാലഘട്ടത്തിലും മുഹമ്മദ് നബി(സ്വ)യുടെ പ്രബോധനത്തിന്റെ പ്രാരംഭ ദശകളിലും ആധുനിക പോരാട്ടവീഥികളിലും കവിതകൾ പ്രതിരോധ കോട്ടകൾ കെട്ടുന്നത് കാണാൻ സാധിക്കും. ഒരേസമയം ശത്രുവിന്റെ മനോബലം തകർക്കാനും പോരാളികളുടെ വീര്യം വർധിപ്പിക്കാനും യുദ്ധമുറകളിൽ കവിതകൾ ആലപിക്കാറുണ്ടായിരുന്നു.
സാഹിത്യ കുലപതികളുടെയും കാവ്യ സാമ്രാട്ടുകളുടെയും രചനാ സംഘട്ടനങ്ങൾ കൂടിയായിരുന്നു ജാഹിലിയ്യ കാലഘത്തെ മിക്ക പോരാട്ടങ്ങളും. സ്വന്തം കുലമഹിമയെ വാഴ്ത്തുകയും എതിരാളികളെ സഭ്യത തൊട്ടുതീണ്ടാത്ത ഭാഷയിൽ എതിർക്കുകയും ചെയ്യുന്ന കവിതകൾ അക്കാലത്ത് ഏറെ പ്രചാരം നേടിയിരുന്നു. ബദ്‌റിലും ഉഹുദിലും ആലപിക്കപ്പെട്ട ഇത്തരം കവിതകൾ രേഖപ്പെടുത്തിയതു കാണാം.
പ്രതിരോധ കവിതകൾ രചിക്കാനും അത് ശത്രുക്കൾക്കെതിരെ പ്രയോഗിക്കാനും അനുയായികളോട് പ്രവാചകർ(സ്വ) കൽപ്പിക്കുന്നുണ്ട്. ഹസ്സാൻ ബിൻ സാബിത്(റ)നോട് കവിതകൾകൊണ്ട് പ്രതിരോധം തീർക്കാൻ നിർദേശിക്കുകയും അദ്ദേഹത്തിനു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തതായി ഹദീസ് ഗ്രന്ഥങ്ങളിൽ കാണാം. തുടരെത്തുടരെ കുതിച്ചുപായുന്ന വില്ലുകളെക്കാളേറെ നാശം വിതക്കാൻ ഒരു വരി കവിത കൊണ്ടാവുമെന്ന് അവിടന്ന് പറയുന്നുണ്ട്. ‘ഹസ്സാൻ, നിങ്ങൾക്ക് ജിബ്‌രീലിന്റെ സഹായമുണ്ടാകും’ എന്നായിരുന്നു റസൂൽ(സ്വ)യുടെ സുവിശേഷം. കഅ്ബ് ബ്‌നു മാലിക്(റ), അബ്ദുല്ലാഹിബ്‌നു റവാഹ(റ) തുടങ്ങിയവരും മുസ്‌ലിംകളിലെ പ്രധാന കവികളായിരുന്നു. പോരാളികളുടെ ആത്മവീര്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മിക്ക കവിതകളും പിറവി കൊള്ളാറുള്ളത്. ഖന്ദഖ് യുദ്ധത്തിനിടയിൽ പ്രവാചകർ(സ്വ) ഈ ആശയം വരുന്ന കവിത പാടുന്നുണ്ട്:
‘ഉടയോൻ ഹിദായത്തിൻ കനിവിൽ എത്തിച്ചില്ലെങ്കിൽ/
വിശ്വാസമോ നിസ്‌കാരമോ ഉണ്ടാവില്ല നമ്മിൽനിന്ന്/
ആദ്യം അക്രമം കാട്ടിയത് അവരാണ്/
അവരുടെ ഉദ്ദേശ്യം നന്നല്ലെങ്കിൽ നമ്മളത് തടയും.’

കേട്ടു നിന്ന സ്വഹാബികൾ ഉറക്കെ ‘അതേ, നമ്മളവരെ തടയുക തന്നെ ചെയ്യും’ എന്ന് ആവേശത്തോടെ ഏറ്റുചൊല്ലുകയുണ്ടായി. മറ്റൊരവസരത്തിൽ സ്വഹാബത്ത് ഒന്നടങ്കം പാടി:
‘പോരാട്ടത്തിൻ കനൽച്ചൂളകളിൽ/
നാം മുഴുവൻ മുഹമ്മദ് നബിക്ക് വിറ്റിരിക്കുന്നു.’

വിഷമതകളും സന്ദേഹങ്ങളും നിറഞ്ഞ സമയങ്ങളിൽ ഊർന്നൊലിക്കുന്ന കവിതകൾക്ക് മാനസികമായ സ്ഥൈര്യം പകരാൻ കഴിയും. സംഗീതത്തിനും കവിതക്കും ശാരീരികമായ ഭാരങ്ങളെ ഇല്ലായ്മ ചെയ്യാനാവുമെന്നതിന്റെ തെളിവുകളായി ഖലാസിപ്പാട്ടുകളും നാറ്റുവേല കാലത്തെ നാടൻപാട്ടുകളും നമുക്ക് മുന്നിലുണ്ട്. കവിതയോടുള്ള അറബികളുടെ ഭ്രമം അവരുടെ ജീവിതം മുഴുക്കെ സ്വാധീനിക്കുന്ന മാധ്യമമായി മാറിയിരുന്നുവെന്നാണ് വസ്തുത. പിറന്നുവീണ കിടാവിനെ അമ്മയൊട്ടകം വെടിയാത്ത കാലമത്രയും അറബികൾ കവിതയെ മാറ്റിനിർത്തില്ല എന്നാണ് ഉമർ ബിൻ ഖത്താബ്(റ) ഈ കവിതാ ഭ്രാന്തിനെപ്പറ്റി പറഞ്ഞത്. മുസ്‌ലിം സൈന്യത്തെ പ്രകോപിതരാക്കാൻ ഖുറൈശി കവികളും പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു. ഔസ്-ഖസ്‌റജ് ഗോത്രപ്രമുഖരുടെ ഐക്യവും മനോശക്തിയും വിറളിപൂണ്ട കവികളെ കൂടുതൽ പ്രക്ഷുബ്ധരാക്കുകയാണുണ്ടായത്. ളറാർ ബിൻ ഖത്താബ് പാടിയിതിങ്ങനെ:
‘അത്ഭുതം തന്നെ/
കാലം നാളെ കണക്ക് തീർക്കാനിരിക്കവെ/
ഈയാം പാറ്റകളെ പോലെ/
ഔസ്-ഖസ്‌റജ് കാട്ടും സമരവീര്യം/
ബനുന്നജ്ജാറിന്റെ അഹംഭാവവും./
അവരുടെ മധ്യേ ഞങ്ങളിതാ/
ഇരച്ചു കയറാനിരിക്കുന്നു/
യസ്‌രിബിലെ നിദ്രാവിഹീനരായ/
പെൺകിടാങ്ങൾ/
നാളെ അവർക്ക് വേണ്ടി കരയും.’

യുദ്ധമാരംഭിച്ച ശേഷവും കവികൾ നിർണായകമായ പങ്ക് വഹിക്കുന്നുണ്ട്. മുസ്‌ലിംകൾ പണിത ഹൗളിൽ നിന്ന് വെള്ളമെടുക്കാൻ തുനിഞ്ഞ ശത്രുസേനയെ ആക്ഷേപിച്ചുകൊണ്ട് ഹസ്സാൻ(റ) പാടി:
‘ദ്വിഗ്വിജയിയായ പ്രവാചകരാണ് നമ്മുടെ നേതാവ്/
ജലപാനം ചെയ്യാമെന്ന വ്യാമോഹം നിങ്ങളെ കബളിപ്പിക്കാതിരിക്കട്ടെ/
വേണ്ടുവോളം പാനം ചെയ്യും ഞങ്ങൾ/
നിങ്ങളുടെ ജൽപനങ്ങൾക്ക് ചെവി നൽകാതെ.’

യുദ്ധത്തിനു മുമ്പും ശേഷവും വീരകവിതകളുടെ സംഘട്ടനങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. സഭ്യേതരമായി മാത്രം സാഹിത്യത്തെ ചമൽക്കരിച്ചിരുന്ന കാലത്താണ് പ്രവാചകരും അനുയായികളും കൂടുതൽ രക്തച്ചൊരിച്ചിലുകളില്ലാതെ തന്നെ ശത്രുവിന്റെ മനോബലം തകർക്കുന്നതിനായി കവിതകളിലൂടെ ധാർമികതയുടെ പുതിയ മാനം സൃഷ്ടിച്ചു നൽകിയത്.

കവിത ആധുനിക പോരാട്ടങ്ങളിൽ

സാഹിത്യ പോരാട്ടങ്ങൾ യുദ്ധമുറകളിൽ കാലഭേദമില്ലാതെ ഉപയോഗിച്ചിട്ടുണ്ട്. മലബാർ ലഹളയിൽ വ്യാപകമായിത്തന്നെ പടപ്പാട്ടുകളും ഖിസ്സപ്പാട്ടുകളും പ്രതിരോധ കവിതകളും ഉപയോഗിക്കപ്പെട്ടു. മാപ്പിളമാരുടെ പോരാട്ടവീര്യത്തിന്റെ ഊർജ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നത് ഇത്തരം കവിതകളാണെന്ന് മനസ്സിലാക്കി ബ്രിട്ടീഷുകാർ അവ നിരോധിക്കുക പോലുമുണ്ടായി. യുദ്ധനായകനായ വാരിയൻകുന്നൻ സീറ പാരായണം, പാട്ടുപാടിപ്പറയൽ എന്നിവയിൽ അറിയപ്പെട്ട കലാകാരൻ കൂടിയായിരുന്നു. ബ്രിട്ടീഷുകാർക്കും വരേണ്യ വർഗത്തിനുമെതിരിൽ പോരാടാൻ ജനങ്ങളെ ആവേശഭരിതമാക്കുന്ന പാട്ടുകളും കഥാപ്രസംഗങ്ങളും നടത്തി അദ്ദേഹം അധികാരികൾക്ക് വലിയ വെല്ലുവിളിയായി. ബദ്ർ പടപ്പാട്ട്, ഉഹ്ദ് പടപ്പാട്ട്, മലപ്പുറം പടപ്പാട്ട്, ചേറൂർ പടപ്പാട്ട് എന്നിവ പാടിപ്പറഞ്ഞ് പാരമ്പര്യത്തെ തൊട്ടുണർത്തി. റബ്ബല്ലാത്ത മറ്റൊരു ശക്തിക്കും തങ്ങൾ കീഴ്‌പ്പെടാൻ തയ്യാറല്ല എന്ന നിലപാടിൽ നടന്ന പോരാട്ടങ്ങളാണ് ബദ്‌റും ഉഹുദുമെങ്കിൽ മലപ്പുറം, ചേറൂർ പടകൾ അയിത്തത്തിനും ജാതി വ്യവസ്ഥകൾക്കും എതിരായി നടന്നതാണ്.
മലപ്പുറം പള്ളി തകർക്കാൻ വന്ന പാറനമ്പിയെ പ്രതിരോധിക്കുന്ന ഉജ്വലമായ പോരാട്ട രംഗങ്ങളാണ് മലപ്പുറം ഖിസ്സപ്പാട്ടിൽ പ്രതിപാദിക്കുന്നത്. പൂക്കോട്ടൂർ യുദ്ധത്തിൽ ശഹീദായ പോരാളികളുടെ കൈയിൽ നിന്നും മലപ്പുറം പടപ്പാട്ടിന്റെ കോപ്പികൾ ബ്രിട്ടീഷുകാർക്ക് കിട്ടിയിട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇത്തരം പാട്ടുകൾ നിരോധിക്കുകയും ആലാപന വേദികളെ കായികമായി നേരിടാൻ ബ്രിട്ടീഷുകാർ ഏർപ്പാടാക്കുകയും ചെയ്തു. മലപ്പുറം ജില്ലയിലെ തിരൂർ സ്വദേശികളായ മുഹമ്മദ് കുട്ടി, മുഹ്‌യിദ്ദീൻ എന്നിവർ ചേർന്ന് രചിച്ച ചേറൂർ പടപ്പാട്ടും പരപ്പനങ്ങാടി സ്വദേശി ഖയ്യാത്ത് രചിച്ച ചേറൂർ ചീന്തും സാമ്രാജ്യത്വ വിരുദ്ധ കലാപങ്ങൾക്ക് വീര്യം പകരുന്നവയായിരുന്നു. വീരപുരുഷന്മാരെ പുകഴ്ത്തുന്ന, അപദാനങ്ങൾ വാഴ്ത്തുന്ന രചനകൾ അക്കാലത്ത് മാപ്പിള ജീവിതത്തിന്റെ സ്പന്ദനമായിരുന്നു. അത്ഭുത രത്‌നമാല എന്ന കുഞ്ഞിമരക്കാർ ശഹീദ് മാല പോർച്ചുഗീസുകാരിൽ നിന്നു മുസ്‌ലിം സ്ത്രീയെ രക്ഷിക്കുന്ന വീരയോദ്ധാവിന്റെ ഇതിഹാസ രംഗങ്ങളാണ് ഇതിവൃത്തമാക്കിയിട്ടുള്ളത്.
1728 മാർച്ച് ഒമ്പതിന് നടന്ന മലപ്പുറം യുദ്ധത്തിന്റെ ജ്വലിക്കുന്ന നിമിഷങ്ങൾ മോയിൻകുട്ടി വൈദ്യർ വരികളിലൂടെ അവതരിപ്പിക്കുന്നത് 1883 ജനുവരിയിലാണ്. എന്നാൽ ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തും വിധം ഈ ഖിസ്സപ്പാട്ട് മലബാറിലെ പോരാളികളുടെ ആവേശമായി മാറിയത് 1921ലും. കാലപ്രവാഹത്തിൽ വീരേതിഹാസങ്ങൾ വിസ്മരിക്കപ്പെടുകയല്ല, പുതുതലമുറയെ ആവേശം കൊള്ളിക്കുകയാണ് ചെയ്യുക എന്നതിന്റെ തെളിവാണ് ഇത്തരം ഖിസ്സപ്പാട്ടുകൾ.

ഫലസ്തീൻ പ്രതിരോധങ്ങളിൽ ഇസ്‌റാഈലിന്റെ നെഞ്ചിന് കൊള്ളുന്ന കവിതകൾ രചിച്ചത് മഹ്‌മൂദ് ദർവീശും മറ്റുമാണ്. ഇസ്‌റാഈൽ കമാന്ററായ മോശെ ഡയാൻ പലസ്തീൻ കവി ഫദ്‌വ തുഖാനെ കുറിച്ച് പറഞ്ഞത് ‘അവരുടെ ഒരു കവിതകൊണ്ട് 10 പോരാളികൾ പുതുതായി ജനിക്കുന്നു’ എന്നാണ്. സമീഹ് അൽഖസ്സാം എഴുതിയ ‘എന്റെ റൊട്ടി എനിക്ക് നഷ്ടപ്പെട്ടേക്കാം’ എന്ന കവിത പോരാട്ടത്തിലെ നിലക്കാത്ത സമർപ്പണബോധത്തെയാണ് ഉയർത്തിക്കാട്ടുന്നത്.

‘നിങ്ങളെന്റെ അവസാന ഭൂമിയും മോഷ്ടിച്ചേക്കാം/എന്റെ യൗവനത്തെ കാരാഗൃഹത്തിൽ തളച്ചിടാൻ നിങ്ങൾക്ക് സാധിച്ചേക്കാം/പൂർവ പിതാക്കന്മാർ എനിക്കായി ബാക്കിവെച്ചതെല്ലാം നിങ്ങൾക്ക് തട്ടിയെടുക്കാൻ കഴിഞ്ഞേക്കാം/എന്റെ ഇറച്ചിക്കഷണങ്ങൾ കൊണ്ട് നിങ്ങളുടെ പട്ടിയുടെ വയറു നിറക്കാനുമായേക്കാം/ എങ്കിലും, പ്രകാശത്തിന്റെ ശത്രുക്കളേ/എന്റെ ജീവന്റെ അവസാന തുടിപ്പ് വരേക്കും/നിങ്ങളോട് രാജിയാവാൻ എനിക്കാവില്ല/ഞാൻ പോരാടുക തന്നെ ചെയ്യും.’

അധിനിവേശ ശക്തികളോട് സാഭിമാനം പോരാടാൻ ഇത്തരം കവിതകൾ പോരാളികൾക്ക് ഊർജം പകർന്നുകൊണ്ടേയിരിക്കുന്നു. ഫദ്‌വയുടെ ‘എന്നും ജീവനോടെ’ എന്ന കവിതയിലെ ചില വരികൾ കാണുക:
‘എന്റെ പ്രിയപ്പെട്ട ജന്മനാടേ/അവർക്ക് ഒരിക്കലും നിന്റെ കണ്ണുകൾ ചൂഴ്‌ന്നെടുക്കാൻ സാധിക്കില്ല/നിന്റെ സ്വപ്നങ്ങളെ കുഴിച്ചുമൂടാനോ/ ഉയർന്നെഴുന്നേൽക്കാനുള്ള നിന്റെ തിടുക്കത്തെ ക്രൂശിക്കാനോ/കുരുന്നുകളുടെ പുഞ്ചിരിയെ തട്ടിയെടുക്കാനോ/നിന്നെ തകർക്കാനോ/കത്തിച്ചു ചാമ്പലാക്കാനോ സാധിക്കില്ല./ കാരണം, നമ്മുടെ അഗാധ ദുഃഖത്തിനുമപ്പുറം/ചീന്തിയ രക്തത്തിന്റെ പുതുഗന്ധത്തിനുമപ്പുറം/ജീവിതത്തിന്റെയും മരണത്തിന്റെയും നടുക്കത്തിനുമപ്പുറം/ജീവിതം നിന്നിൽ വീണ്ടും പുനർജനിക്കുക തന്നെ ചെയ്യും!’

സലിം ജിബ്രാൻ, തൗഫീഖ് സയ്യാദ്, സമീഹ് ഖസ്സാം തുടങ്ങി ഒട്ടനേകം കവികളുടെ വിപ്ലവം തുടിക്കുന്ന വരികൾ ഗസ്സയിലും ജറൂസലമിലും പുകയുന്ന ഫലസ്തീൻ വിമോചന സമരത്തിന്റെ തീജ്വാലകളായി മാറാറുണ്ട്. ‘അനർഘമായ വികാരത്തിന്റെ കുത്തൊഴുക്കാണ് കവിത’ എന്നാണ് വേർഡ്‌സ് വെത്ത് നിരൂപിച്ചത്. സ്വാതന്ത്ര്യദാഹം മനുഷ്യനെ അലട്ടുമ്പോൾ കവിതകൾ പുറത്തുചാടുന്ന ചാട്ടുളികളായി മാറുകയാണ്. സ്ഥല കാല ഭാഷ അന്തരങ്ങളില്ലാതെ എവിടെയും കവിതകൾ പോരാളികളായി മാറാറുണ്ട്.

സിറാജുദ്ദീൻ റസാഖ്

 

Exit mobile version