തിരുനബി(സ്വ) പറഞ്ഞു: ചെറിയവരോട് കാരുണ്യം കാണിക്കാത്തവൻ നമ്മിൽ പെട്ടവനല്ല (തുർമുദി).
ചെറിയവരോട് സ്‌നേഹമുണ്ടാകുന്നതും അവരോട് കാരുണ്യം തോന്നുന്നതും മനുഷ്യനിലെ പ്രകൃതിദത്തമായ ഒരു ഗുണമാണ്. പ്രായത്തിലെന്ന പോലെ പലതിലും വലിയവനോളം താഴെയുള്ളവർ എത്തില്ല. ഈ കുറവ് ആരെങ്കിലും ക്ഷണിച്ചുവരുത്തിയതോ സ്വയം കൃതാനർഥമോ അല്ലതാനും. സ്രഷ്ടാവായ നാഥന്റെ യുക്തിഭദ്രമായ ക്രമീകരണത്തിന്റെ ഭാഗമാണത്. അതിന്റെ അസ്വാഭാവികതകൾ തരണം ചെയ്യാനുള്ള സാഹചര്യവും നാഥൻ തന്നെ ഒരുക്കിയിട്ടുണ്ട്. അവന്റെ നീതിയുടെ ഭാഗമാണത്. വലിയവൻ ചെറിയവനോട് ദയാപരമായും സ്‌നേഹ വാത്സല്യത്തോടെയും പെരുമാറണമെന്നത് അല്ലാഹുവിന്റെ നിശ്ചയമാണ്. അതംഗീകരിച്ച് പ്രവർത്തിക്കുക എന്ന സ്വഭാവമാണ് എല്ലാവർക്കുമുണ്ടാകേണ്ടത്. അതിന്റെ പ്രാധാന്യം എടുത്തുകാട്ടുകയാണ് നബി(സ്വ) ഉപര്യുക്ത ഹദീസിലൂടെ.
ചെറിയവരോട് കരുണ കാണിക്കാത്തവൻ നമ്മിൽ പെട്ടവനല്ല എന്നതിന് അതിവാദത്തിന്റെ ഒരു ആശയതലമുണ്ട്. അഥവാ ചെറിയവരോട് കരുണ കാണിക്കാത്തവൻ വിശ്വാസികളിൽ തന്നെ പെട്ടവനല്ല എന്ന തെറ്റിദ്ധാരണയാണത്. യഥാർഥത്തിൽ അതിന്റെ ആശയം അതല്ല. ചെറിയവർ കരുണ അർഹിക്കുന്നു, അത് അവരുടെ അവകാശമാണ്, വലിയവർ അത് വകവെച്ചു കൊടുത്തേ മതിയാകൂ എന്നാണ് ഹദീസിന്റെ പൊരുൾ. നാം ഉൾക്കൊള്ളേണ്ടതും അനുവർത്തിക്കേണ്ടതും ഈ സന്ദേശമാണ്. എല്ലാറ്റിനെയും ദുരുപദിഷ്ടമായി സമീപിക്കുന്ന ദോഷൈകദൃക്കുകൾ ഏറെയുള്ള ഈ കാലത്ത് ഈ ഹദീസിന് അത്തരമൊരാശയം ആരെങ്കിലും ഉയർത്തിക്കാട്ടുന്നുവെങ്കിൽ അത് ശരിയെല്ലന്നർഥം.
ചെറിയവരോട് സ്‌നേഹ കാരുണ്യങ്ങൾ ഉണ്ടാവുന്നതിൽ നിന്ന് വ്യതിചലിക്കാതിരിക്കുക എന്നതാണ് വിശ്വാസിയുടെ ശീലം. സ്‌നേഹവാത്സല്യങ്ങളും കാരുണ്യവും പ്രകടിപ്പിക്കുക എന്നത് റസൂൽ(സ്വ)യുടെ വ്യക്തിവിശേഷത്തിന്റെ ഭാഗമാണെന്നു കൂടി ഈ ഹദീസ് പഠിപ്പിക്കുന്നു. റഹ്‌മത്തുൻ ലിൽ ആലമീൻ എന്നു വിശേഷണമുള്ള നബി(സ്വ) എല്ലാറ്റിനോടും എല്ലാവരോടും കാരുണ്യം കാണിക്കുന്നവരായിരുന്നു. ചെറിയവരോടുള്ള കാരുണ്യവും ഇതിന്റെ ഭാഗമാണ്. വിശ്വാസികൾ തിരുദൂതരെ അനുധാവനം ചെയ്യാൻ കടപ്പെട്ടവരാണ്. അതുകൊണ്ടുതന്നെ സാഹചര്യപരമായ കാരണങ്ങൾ ഉണ്ടായാൽ പോലും നിങ്ങൾ എന്റെ മാതൃകയെ മറികടക്കാതിരിക്കണം എന്ന ഓർമപ്പെടുത്തൽ ഈ ഹദീസിന്റെ പ്രധാന സന്ദേശമാണ്. മനുഷ്യന്റെ സ്വാഭാവിക ഗുണമായ സ്‌നേഹം ജീവിതത്തിൽ അനുവർത്തിക്കുമ്പോൾ നബി(സ്വ)യെ പിന്തുടരുക എന്ന ലക്ഷ്യം കൂടി നേടാനാവും. ഒരാളിൽ കാരുണ്യത്തിന്റെ പ്രസരണവും പ്രകാശനവുമില്ലെങ്കിൽ പ്രവാചകർ(സ്വ)യെ പിന്തുടരുക എന്ന ബാധ്യത നിർവഹിക്കുന്നതിലാണ് വിഗ്നം സംഭവിക്കുക. വിശ്വാസികളുടെ ഒരു ഗുണം സ്വന്തം ജീവിതത്തിൽ പുലർത്തുന്നതിൽ വരുന്ന വീഴ്ചയാണിത്.
സ്‌നേഹത്തിലും വാത്സല്യത്തിലും മൃദുലമായും മുതിർന്നവർ കുട്ടികളോട് പെരുമാറണമെന്നത് അവരുടെ അവകാശമാണ് (ഫൈളുൽ ഖദീർ) എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഭൗതികമായ സൗകര്യങ്ങളും ആവശ്യങ്ങളും നിർവഹിച്ചു കൊടുക്കുന്നതിൽ മാത്രം പരിമിതപ്പെടുന്നതല്ല കാരുണ്യം. പ്രായം കുറഞ്ഞവരുടെ ദൗർബല്യവും അറിവിന്റെയും അനുഭവത്തിന്റെയും അപര്യാപ്തതയും കണക്കിലെടുത്ത് ആവശ്യമായ ഭൗതിക സാഹചര്യങ്ങളൊരുക്കിക്കൊടുക്കണം.
ആത്മീയമായ പരിചരണവും പരിശീലനവും അറിവും അവന് ലഭിക്കേണ്ടതുണ്ട്. അതും അടിസ്ഥാനപരമായ അവകാശമാണ്. ബുദ്ധിപരമായോ അറിവിലോ കുറവുണ്ടെങ്കിൽ പ്രായം പരിഗണിക്കാതെ തന്നെ ചില അവകാശങ്ങളുണ്ട് എന്നു കൂടി ഇസ്‌ലാം പഠിപ്പിച്ചു. അറിവും അനുഭവവുമുള്ളവർ അവരെ അപേക്ഷിച്ച് പ്രായത്തിൽ കുറഞ്ഞവരായാലും ചില ബാധ്യതകളുള്ളവരാണ്. ഇമാം മുനാവീ(റ) എഴുതുന്നു: ചിലപ്പോൾ പ്രായമുണ്ടെങ്കിലും അറിവില്ലായ്മ, മന്ദബുദ്ധി, അച്ചടക്കമില്ലായ്മ, അശ്രദ്ധ തുടങ്ങിയ കാരണങ്ങളാൽ ഫലത്തിൽ ചെറിയവനായിരിക്കാം. അങ്ങനെയെങ്കിൽ അറിവ് നൽകിയും മാർഗദർശനം ചെയ്തും അനുകമ്പകൊണ്ടും കാരുണ്യം കാണിക്കേണ്ടതാണ് (ഫൈളുൽ ഖദീർ).
ഇസ്‌ലാമിക ദൃഷ്ട്യാ ചെറിയവൻ കാരുണ്യം ലഭിക്കേണ്ടവനാണ്. വലിയവൻ അത് നൽകാൻ ബാധ്യസ്ഥനും. റസൂൽ(സ്വ)യാണ് നമുക്കിതിൽ മാതൃക. ഭൗതികമായി സ്‌നേഹവും വാത്സല്യവും പകരുന്നത് ആത്മീയമായ നാശത്തിന് കാരണമാകരുത്. തെറ്റുകളിൽ നിന്നും ദുർഗുണങ്ങളിൽ നിന്നും അകറ്റിനിർത്തുന്നത് കാരുണ്യത്തിന്റെ പ്രധാന രൂപമാണ്. കുട്ടികളോടുള്ള പ്രവാചക സ്‌നേഹത്തിന്റെ കഥകളും അവരെ ദുർഗുണങ്ങളിൽ നിന്ന് സംരക്ഷിച്ചതിന്റെ ഉദാഹരണങ്ങളും ഹദീസിൽ വന്നിട്ടുണ്ട്. മക്കളോടും പേരമക്കളോടും മാത്രമല്ല, മറ്റു കുട്ടികളോടും നബി(സ്വ)യുടെ സ്‌നേഹത്തിന്റെ കഥകൾ ചരിത്രത്തിൽ കാണാം. നബി(സ്വ) ഒരിക്കൽ ഹസൻ(റ)വിനെ ചുംബിക്കുന്നത് കണ്ട അഖ്‌റഅ് ബ്‌നു ഹാബിസ്(റ) പറഞ്ഞു: എനിക്ക് പത്ത് മക്കളുണ്ട്. ഞാൻ അവരിൽ ഒരാളെയും ഇതുവരെ ചുംബിച്ചിട്ടില്ല. അപ്പോൾ അവിടന്നു പ്രതിവചിച്ചു: കരുണ ചെയ്യാത്തവന് കരുണ ലഭിക്കുകയില്ല (ബുഖാരി).
മറ്റുള്ളവരോട് നാം ചെയ്യുന്ന കാരുണ്യത്തിന്റെ ഫലം അല്ലാഹുവിൽ നിന്നുള്ള കാരുണ്യമായി നമുക്ക് ലഭിക്കുമെന്നാണ് ഇസ്‌ലാമിക പാഠം. അതുകൊണ്ടുതന്നെ സ്വന്തം മക്കളാണെങ്കിലും അല്ലെങ്കിലും ചെറിയവരോട് കരുണയോടെ പെരുമാറാൻ വിശ്വാസി ബാധ്യസ്ഥനാണ്. സ്വന്തം മക്കളോ പേരമക്കളോ ആകുമ്പോൾ കാരുണ്യം ചുരത്താനുള്ള പ്രചോദനം കൂടുതലായിരിക്കുമല്ലോ. പക്ഷേ മൃഗസമാന മനസ്സുള്ളവർ അവരോട് പരുക്കനായേ പെരുമാറൂ. ഒരു സംഘം നബി(സ്വ)യോട് ചോദിച്ചു: നിങ്ങൾ കുട്ടികളെ ചുംബിക്കാറുണ്ടോ? അതേ എന്ന് റസൂൽ(സ്വ) മറുപടി നൽകിയപ്പോൾ അവർ പറഞ്ഞു: ഞങ്ങൾ ചുംബിക്കാറില്ല. നബി(സ്വ)യുടെ പ്രതികരണം ഇങ്ങനെയായിരുന്നു: അല്ലാഹു നിങ്ങളുടെ ഹൃദയത്തിൽ നിന്ന് കാരുണ്യത്തെ നിഷ്‌കാസനം ചെയ്തിട്ടുണ്ടെങ്കിൽ അത് തിരികെ നൽകാൻ എനിക്കാവില്ല (ഫത്ഹുൽബാരി).
ഹൃദയത്തിൽ കാരുണ്യമില്ലാതിരുന്നാലാണ് മക്കളെ ചുംബിക്കാതിരിക്കുക. പൊതുവായ സ്‌നേഹവാത്സല്യ പ്രകടനങ്ങൾ തന്നെ കരുണയാണ്. കാരണം അത് കുഞ്ഞുങ്ങളിൽ സൃഷ്ടിക്കുന്ന സന്തോഷം ചെറുതല്ല. കുട്ടികളോടുള്ള കാരുണ്യത്തിന്റെ പ്രാധാന്യം അറിയിച്ച നബി(സ്വ) അവർക്ക് ആത്മീയ നാശമുണ്ടാക്കുന്ന കാര്യങ്ങളിൽ ഗൗരവത്തോടെ ഇടപെട്ടത് കാണാം. ആത്മീയതയെ അപകടപ്പെടുത്തുന്ന കാര്യങ്ങളിൽ പ്രവാചകർ(സ്വ) ഒരു ഇളവും നൽകിയിരുന്നില്ല. ഒരിക്കൽ പേരമകൻ ഹസൻ(റ) സകാത്ത് സമ്പത്തിൽ പെട്ട ഒരു കാരക്കയെടുത്ത് വായിലിട്ടു. അതുകണ്ട് അവിടന്ന് പറഞ്ഞു: അരുത്, അത് തുപ്പിക്കളയുക. സകാത്ത് ധനം നമുക്ക് ഭക്ഷ്യയോഗ്യമല്ലെന്നറിയില്ലേ?! (ബുഖാരി).
സന്താനങ്ങളുടെ സുഖസൗകര്യങ്ങളിലും അവരുടെ ശീലങ്ങളിലും ഇസ്‌ലാം അനുവദിക്കാത്ത വല്ലതും നാം അംഗീകരിച്ചു കൊടുക്കുന്നത് അവരോടുള്ള സ്‌നേഹത്തിന്റെ ലക്ഷണമല്ല. മറിച്ച്, അവരുടെ ആത്മീയനാശം ഉറപ്പാക്കുകയും തെറ്റായ ശീലങ്ങൾ ജീവിതത്തിൽ തുടരാൻ പ്രചോദനമേകുകയുമാണ്. അതു പാടില്ല. അരുതായ്മകളിൽ നിന്ന് സ്‌നേഹപുരസ്സരം അവരെ പിന്തിരിപ്പിക്കുകയും ആവർത്തിക്കാതിരിക്കാൻ ഉണർത്തുകയുമാണ് വേണ്ടത്. കഠിനശിക്ഷ നൽകി പിന്തിരിപ്പിക്കാമെന്ന് കരുതുന്നത് മൗഢ്യമാണ്. ഇളം മനസ്സുകളുടെ വാശിയെ തട്ടിയുണർത്തി തെറ്റുകൾ ആവർത്തിക്കാൻ ഒരുപക്ഷേ അത് കാരണമായേക്കും. മക്കളുടെ മനസ്സ് സന്തുഷ്ടവും വിശാലവുമാകണം. അതിനിണങ്ങിയ സാഹചര്യമാണ് നാം അവർക്ക് സൃഷ്ടിച്ചു കൊടുക്കേണ്ടത്. നമ്മുടെ വാക്കും നോക്കും പ്രവർത്തിയും അവർക്ക് പ്രതീക്ഷ നൽകുന്ന വിധത്തിലാകണം. ശിക്ഷിക്കുന്നതിനെക്കാൾ ഗൗരവമാണ് ശാപവാക്കുകൾ ചൊരിയുന്നത്. മക്കളെ ശപിച്ചു പറയരുതെന്ന് തിരുദൂതർ പഠിപ്പിച്ചിട്ടുണ്ട്.
സ്വന്തം മക്കൾ മാത്രമല്ല, എല്ലാ ചെറിയവരും കുറവുള്ളവരും കാരുണ്യത്തിനവകാശികളാണ്. മറ്റുള്ളവരുടെ സന്താനങ്ങളോടും സകാരുണ്യം പെരുമാറാൻ നമ്മുടെ മനസ്സ് വിശാലമാകണം. തന്റേതെന്നതിലുപരി ചെറിയവർ എന്നതാണ് പരിഗണനീയം. പിശുക്കില്ലാത്ത കാരുണ്യം പ്രവഹിപ്പിക്കാൻ നാം തയ്യാറാവുക.
അലവിക്കുട്ടി ഫൈസി എടക്കര