കാലിടറരുത്

മനസ്സും ശരീരവും ശുദ്ധീകരിച്ചാണ് നോമ്പുകാലം വിടപറയുന്നത്, അഥവാ പറയേണ്ടത്. പതിവു മാസങ്ങള്‍ക്കു വിരുദ്ധമായി നിരവധി പുണ്യകര്‍മങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പൊതുവെ സമൂഹം താല്‍പര്യം കാട്ടിയിട്ടുമുണ്ട്. എല്ലാം സ്വീകാര്യയോഗ്യമാവാന്‍ പ്രാര്‍ത്ഥിക്കുക. അതോടൊപ്പം തീര്‍ന്നുകൊണ്ടിരിക്കുന്ന റമളാനില്‍ ആവാഹിക്കാനായ ആത്മപ്രകാശം അണയാതെ സൂക്ഷിക്കാനുള്ള പ്രതിജ്ഞയെടുക്കുക.
ജീവിതം ഒരു പ്രവാഹമാണ്. വഴിമധ്യേ പലയനുഭവങ്ങള്‍, കാഴ്ചകള്‍, കെടുതികള്‍, വിവിധ ആകര്‍ശണങ്ങളും മോഹവലയങ്ങളും. തിന്മയുടെ വഴിയിലേക്ക് തെളിക്കാന്‍ മറഞ്ഞതും തെളിഞ്ഞതുമായ മാര്‍ഗങ്ങളേറെ. ഇതിലൊന്നും കുരുങ്ങിവീഴാതെ മറുകര പറ്റാനാവുന്നവരാണ് വിജയികള്‍. ദുര്‍ഘട പാതയിലെ ഭീതിതമായ സഞ്ചാരത്തിന് പരിശീലനം നല്‍കുകയാണ് നോമ്പുമാസം. അതിന്റെ പ്രയോഗവല്‍ക്കരണത്തിനായി അധ്വാനിക്കുക. ശേഷിക്കുന്ന പുണ്യ നിമിഷങ്ങള്‍ തിളങ്ങുന്ന വിജയാടയാളങ്ങളാക്കി മാറ്റാനാവണം. അപ്പോഴാണല്ലോ പേരിനപ്പുറം പ്രയോഗരംഗത്തും നാം മനുഷ്യരാവുന്നത്.

Exit mobile version