കൃഷി സംസ്കാരത്തിലൂടെ ഭക്ഷ്യസുരക്ഷ സാധ്യമാണ്

Agri-Culture

രോഗ്യമുള്ള സമൂഹസൃഷ്ടിയില്‍ പോഷകസമൃദ്ധവും വിഷവിമുക്തവുമായ ആഹാര വിഭവങ്ങള്‍ക്കുള്ള പങ്ക് ഏറെ പ്രധാനപ്പെട്ടതാണ്. ഇക്കാ ലത്ത് നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പച്ചക്കറികളിലും പഴങ്ങളിലും ധാന്യങ്ങളിലും ഉയര്‍ന്നതോതില്‍ രാസമാലിന്യങ്ങളും വിഷാവശിഷ്ടങ്ങളും അടങ്ങിയിട്ടുള്ളതായും അതിന്‍റെ അളവ് നിര്‍ണയിക്കപ്പെട്ട പരിധിയേക്കാള്‍ വളരെ ഉയര്‍ന്ന നിലയിലാണെന്നും ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഉല്‍പാദന വര്‍ധനവിനും രോഗ-കീട-കള നിയന്ത്രണത്തിനും സൂക്ഷിപ്പുകാലം ദീര്‍ഘിപ്പിക്കുന്നതിനും ഉപയോഗിച്ചുവരുന്ന രാസവസ്തുക്കളും ആണവവികിരണ രീതികളും ആരെയും ഭയപ്പെടുത്തുന്നവയാണ്.

അമ്മിഞ്ഞപ്പാലില്‍ തുടങ്ങി ചെറുപ്പകാലം മുതല്‍ നമ്മുടെ ആഹാരങ്ങളിലൂടെ ശരീരത്തിലേക്കെത്തുന്ന രാസമാലിന്യങ്ങള്‍ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ നിരവധിയാണ്. ബാല്യങ്ങളില്‍ തന്നെ പ്രായപൂര്‍ത്തിയുടെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുന്നത്, ആണ്‍-പെണ്‍ അവയവ വളര്‍ച്ചയിലും ശബ്ദ രീതികളിലും രോമവളര്‍ച്ചയിലും സംഭവിക്കുന്ന താളഭംഗങ്ങള്‍, കൂടിവരുന്ന വന്ധ്യത, കാന്‍സര്‍ ഉള്‍പ്പെടെയുള്ള  രോഗങ്ങളുടെ വര്‍ധിച്ച തോതിലുള്ള കടന്നുകയറ്റം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തുടങ്ങിയവയുടെ പ്രധാന കാരണം ഇത്തരത്തിലുള്ള ആഹാരക്രമങ്ങളാണെന്നു വൈദ്യശാസ്ത്രം. ഇന്നു വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ആരോഗ്യത്തിനും ആയുസ്സിനും ഹാനികരമായ  വിഷവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. സുരക്ഷിതമായ പച്ചക്കറികളും ധാന്യങ്ങളും ലഭിക്കണമെങ്കില്‍ സ്വന്തമായി കൃഷി ചെയ്യേണ്ടിയിരിക്കുന്നു. ഇതുവഴി കീടനാശിനികള്‍ പ്രയോഗിക്കാത്ത, പോഷകം നിറഞ്ഞ, പുതുമയുള്ള വിഭവങ്ങള്‍ പുരയിടങ്ങളില്‍ നിന്നുതന്നെ ലഭ്യമാക്കാനും അതുവഴി ആരോഗ്യവും മാനസികോല്ലാസവും പണലാഭവും സ്വന്തമാക്കാനും കഴിയും.

ആരോഗ്യമുള്ള സമൂഹത്തിന്‍റെ സൃഷ്ടിക്ക് പോഷക സമൃദ്ധമായ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയും ഉപയോഗവും ഉറപ്പുവരുത്തേണ്ടതുണ്ട്. സംഘടനകളുടെ മുന്‍ഗണനാക്രമങ്ങളിലും പ്രബോധന രീതികളിലും ഭക്ഷ്യോല്‍പാദന രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാന്‍ വേണ്ട പ്രാദേശിക ഇടപെടലുകള്‍ക്ക് വലിയ പ്രസക്തിയുണ്ട്. നാട്ടിന്‍ പുറത്തെ പുരയിടങ്ങളും പാടങ്ങളും നമ്മുടെ ഇടപെടലുകള്‍ക്കായി കാത്തുനില്‍ക്കുകയാണ്. മനുഷ്യന്‍റെ ആരോഗ്യത്തിനും രോഗപ്രതിരോധ ശക്തിക്കും ഒരു ദിവസം 300 ഗ്രാം പച്ചക്കറിയെങ്കിലും ഭക്ഷിച്ചിരിക്കണമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്‍റെ നിര്‍ദേശം. എന്നാല്‍ മലയാളിയുടെ ശരാശരി പച്ചക്കറി ഉപയോഗം 50-100 ഗ്രാം മാത്രമാണ്. ഒരു കുടുംബത്തിന് ആവശ്യമായ പച്ചക്കറികള്‍ സ്ഥിരമായി ഉണ്ടാക്കിയെടുക്കാന്‍ രണ്ട് മൂന്ന് സെന്‍റ് സ്ഥലം മതിയാവും. ടെറസുകളില്‍ ഗ്രോബാഗുകള്‍ ഉപയോഗിച്ചുള്ള കൃഷി, മഴ മറ കൃഷി, അടുക്കളത്തോട്ടം തുടങ്ങിയ മാര്‍ഗങ്ങളിലൂടെയും സംഘകൃഷിയിലൂടെയും സുരക്ഷിത കാര്‍ഷികോല്‍പന്നങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയും.

ആവശ്യത്തിനുള്ള ചീരയും മുളകും വഴുതനയും വെണ്ടയും കുമ്പളങ്ങയും മത്തനും വീട്ടുവളപ്പില്‍ തന്നെ കൃഷി ചെയ്യാം. പോഷകങ്ങളുടെ കലവറയായ ചീരയില്‍ ചുവന്ന ചീര, പച്ച ചീര, പലക് ചീര, വഷള ചീര, മധുര ചീര തുടങ്ങി വിവിധ ഇനങ്ങള്‍ നമുക്കുണ്ട്. തണലില്‍ വളരാന്‍ കഴിയുന്ന ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്,കാച്ചില്‍, മധുരക്കിഴങ്ങ് എന്നിവ മറ്റു വിളകളുടെ ഇടയില്‍ കൃഷി ചെയ്യാം. ഇവയ്ക്കിടയില്‍ വീട്ടാവശ്യത്തിനുള്ള മുളക്, കാന്താരി എന്നിവ കൃഷി ചെയ്യാം.

ഒരേ പ്ലോട്ടില്‍ തന്നെ ഒരേ കുടുംബത്തില്‍പെട്ട പച്ചക്കറികള്‍ തുടര്‍ച്ചയായി കൃഷി ചെയ്യരുത്. അതായത് തക്കാളി, മുളക്, വഴുതന എന്നിവ കൃഷി ചെയ്ത സ്ഥലത്ത് അടുത്ത തവണ ചീര, പയറ്, വെള്ളരി വര്‍ഗങ്ങള്‍ എന്നിവയിലേതെങ്കിലും നടാം. രോഗകീട ബാധ കുറയാനും മണ്ണിന്‍റെ പല തലങ്ങളില്‍ നിന്നും വളം വലിച്ചെടുക്കാനും ഈ വിളപരിക്രമണം സഹായിക്കുന്നു. കാര്യമായ വിഷങ്ങള്‍ കാണപ്പെടാത്ത കുരുമുളക് ഒഴിവാക്കി മൂന്ന് മാസത്തിനിടെ മുപ്പത് തവണ കീടനാശിനി പ്രയോഗിച്ചു ആന്ധ്രയിലെ പാടങ്ങളില്‍ വിളയിച്ചെടുക്കുന്ന പച്ചമുളകും ചുവന്ന മുളകും നമ്മുടെ ഭക്ഷ്യശീലങ്ങളായത് തൊള്ളായിരങ്ങളുടെ ആരംഭത്തിലാണ്. തെക്കനമേരിക്കയില്‍ നിന്നും പോര്‍ച്ചുഗല്‍-ശ്രീലങ്ക വഴി ഗോവയിലൂടെ പതിനെട്ടാം നൂറ്റാണ്ടില്‍ ഇന്ത്യയിലെത്തിയ ചുവന്ന മുളക് സംസ്കാരം ഇന്നാട്ടില്‍ പച്ച പിടിക്കാന്‍ പ്രധാന കാരണം കുരുമുളകിന് കൂടിയ വില ലഭിച്ചിരുന്നതിനാല്‍ കുരുമുളക് വിറ്റ് മറ്റു സാധന സാമഗ്രികള്‍ വാങ്ങാനുള്ള വ്യഗ്രതയായിരുന്നു. ഫലത്തില്‍ ഒരു നാടിന്‍റെ ഭക്ഷ്യ സംസ്കൃതി തന്നെ ആ സമൂഹം അറിയാതെ മാറിമറിഞ്ഞു.

കൃഷിയും കന്നുകാലി വളര്‍ത്തലും സംയോജിപ്പിച്ചു നടപ്പിലാക്കുമ്പോള്‍ ജൈവചംക്രമണത്തിനുള്ള അനന്തസാധ്യതകളാണ് തെളിയുന്നത്. പറമ്പിലെ പച്ചപ്പുല്ലും പാടത്തെ വൈക്കോലും കന്നുകാലികളുടെ വിശപ്പ് ശമിപ്പിക്കുമ്പോള്‍ അവയില്‍  നിന്നു ലഭിക്കുന്ന ചാണകം മണ്ണിന് നല്‍കുക വഴിസസ്യങ്ങള്‍ മണ്ണില്‍ നിന്നും ഊറ്റിയെടുത്ത സസ്യമൂലകങ്ങള്‍ തിരിച്ചുനല്‍കി ഫലഭൂയിഷ്ഠി വീണ്ടെടുക്കുന്നു.

അടിസ്ഥാനപരമായ തൊഴിലുകളില്‍ മുഖ്യസ്ഥാനമാണ് കൃഷിക്ക്. മനുഷ്യചരിത്രത്തിലെ ഏറ്റവും പഴക്കം ചെന്ന തൊഴിലും ഇതുതന്നെ. ലോകത്തെ സമ്പദ് വ്യവസ്ഥകളുടെയെല്ലാം അടിസ്ഥാനമായി വര്‍ത്തിക്കുന്ന കാര്‍ഷികവൃത്തി സമകാലിക സാഹചര്യത്തില്‍ പുതിയ ഭാവവും രൂപവും ആര്‍ജിച്ചിരിക്കുന്നു. കാര്‍ഷിക വൃത്തി അത്യുല്‍കൃഷ്ടമാണെന്നും നാഥന്‍റെ പക്കല്‍ നിന്നും നിര്‍ലോഭം പുണ്യം ലഭിക്കുന്ന തൊഴില്‍ മേഖലയാണെന്നും ഇസ്ലാമികാധ്യാപനങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. നിസ്വാര്‍ത്ഥ മനസ്സോടെ കൃഷിയിറക്കുന്ന കര്‍ഷകന്‍ തന്‍റെ അധ്വാനഫലം ആര് ആസ്വദിച്ചാലും നാഥന്‍റെയടുക്കല്‍ തന്‍റെ വിയര്‍പ്പിന്‍റെ വില അമൂല്യമായി തിരികെ ലഭിക്കുമെന്ന ഉള്‍ബോധം അവനെ എപ്പോഴും കര്‍മവീഥിയില്‍ പ്രചോദിപ്പിച്ചു കൊണ്ടിരിക്കും. വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളിലും പ്രവാചക വചനങ്ങളിലും കൃഷിമേഖലയെ പ്രോത്സാഹിപ്പിക്കുന്ന വാക്യങ്ങളും ചിന്താശകലങ്ങളും നിരന്തരമായി നമുക്ക് വായിക്കാന്‍ കഴിയുന്നു.

‘നിങ്ങള്‍ക്കു വേണ്ടി ഭൂമിയെ മെത്തയായും ആകാശത്തെ മേല്‍പ്പുരയുമാക്കി സംവിധാനിച്ച, മാനത്ത് നിന്നും ജലം വര്‍ഷിച്ചു അത് മുഖേന ഭക്ഷിക്കാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു നല്‍കുകയും ചെയ്യുന്ന തമ്പുരാനെ നിങ്ങള്‍ നമിക്കുക’ (വി.ഖു). ‘ധാന്യങ്ങളും വിത്തുകളും പിളര്‍ത്തി മുള പുറത്ത് കൊണ്ടുവരുന്നവനാണല്ലാഹു. നിര്‍ജീവമായതില്‍ നിന്നു ജീവനുള്ളതിനെയും സചേതന വസ്തുക്കളില്‍ നിന്ന് അചേതന വസ്തുക്കളെയും അവന്‍ പുറത്ത് കൊണ്ടുവരുന്നു’ (വി.ഖു).

‘ഒരു വിശ്വാസി ഏതൊരു ചെടി വളര്‍ത്തിയാലും അതില്‍ നിന്നും ഉത്ഭവിച്ചത് അവന് ദാനധര്‍മമായി പരിഗണിക്കപ്പെടും. ഹിംസ്ര മൃഗം ഭക്ഷിച്ചതും പക്ഷികള്‍ ഭക്ഷിച്ചതും പുണ്യംതന്നെ. അതില്‍ നിന്ന് ആരുപയോഗിച്ചാലും അവന് സ്വദഖതന്നെ’ (ഹദീസ്).

കൃഷിയോഗ്യമായ ഭൂമിയെ തരിശിടുന്നതിനെതിരെ രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖ്(റ) സ്വീകരിച്ച കര്‍ശന നിലപാട് പ്രവാചകാധ്യാപനങ്ങള്‍ പ്രയോഗവല്‍ക്കരിക്കാനുള്ള നിശ്ചയദാര്‍ഢ്യത്തില്‍ നിന്നുത്ഭവിച്ചതാണ്. നിസ്കാരം ദീര്‍ഘിപ്പിച്ചു തോട്ടം പരിപാലകരായ കര്‍ഷകര്‍ക്ക് പ്രയാസം സൃഷ്ടിച്ച മുആദ്(റ)ന്‍റെ നടപടിയെ തിരുദൂതര്‍ ഗുണദോഷിച്ചു തിരുത്തിയതും ചരിത്രം.

നമുക്ക് ചുറ്റുമുള്ള പാടങ്ങളും പറമ്പുകളും ഒന്നു നിരീക്ഷിച്ചാലറിയാം, എത്രയെത്ര സ്ഥലങ്ങളാണ് യാതൊരു കൃഷിയുമിറക്കാതെ തരിശിട്ടിരിക്കുന്നതെന്ന്! മനുഷ്യ വിഭവങ്ങളും പ്രകൃതി വിഭവങ്ങളും ആ തരിശുഭൂമികയില്‍ നിക്ഷേപമാക്കി പൊന്ന് വിളയിക്കാനുള്ള കാലത്തിന്‍റെ വിളിക്ക് ഉത്തരം നല്‍കാനാരുണ്ട്? നിഷ്ക്രിയതക്കും അലസതക്കും പകരം സമൂഹത്തിന്‍റെ ക്രിയാശേഷി ഉല്‍പാദന മേഖലയില്‍ തിരിച്ചുവിടാനുള്ള നേതൃത്വത്തിന്‍റെ കര്‍മപരിപാടി വിജയിപ്പിച്ചെടുക്കേണ്ടത്  വിശാലമായി ചിന്തിക്കുകയും പ്രാദേശികമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സമര്‍പ്പിത യൗവനങ്ങളാണ്. പുരയിടകൃഷി ഒരുക്കിയും സംഘകൃഷിയിടങ്ങളൊരുക്കിയും ശ്രമദാന സംഘങ്ങള്‍ രൂപീകരിച്ച് വീടുകളോട് ചേര്‍ന്ന് അടുക്കളത്തോട്ടങ്ങളൊരുക്കി കൊടുത്തും നമുക്ക് സജീവമാകാം. അങ്ങനെ നമ്മുടെ നാട്ടില്‍, നമ്മുടെ അയല്‍പക്കങ്ങളില്‍, നമ്മുടെ പുരയിടങ്ങളില്‍ കൃഷി സംസ്കൃതിയുടെ ഒരു പുതിയ പാരസ്പര്യം ആഴമുള്ള വേരോടെ വളരട്ടെ. പപ്പായയും വാഴയും കറിവേപ്പിലയും കോവലും കടച്ചക്കയും മുരിങ്ങയും സപ്പോട്ടയും പേരയും പ്ലാവും… പരമാവധി കാര്‍ഷിക വിളകള്‍ അവനവന്‍റെ കൈകള്‍ കൊണ്ട് തന്നെ വളര്‍ത്തിയെടുക്കാനുള്ള തയ്യാറെടുപ്പിനായി സജ്ജരാകാം. തരിശുഭൂമി ഏറ്റെടുത്ത് നെല്‍കൃഷിയിറക്കാന്‍, സുരക്ഷിത നെല്ല് ഉല്‍പാദിപ്പിച്ചു പത്തായം നിറക്കാന്‍ നമ്മുടെ അടിസ്ഥാന ഘടകങ്ങള്‍ക്കും സ്ഥാപന വെല്‍ഫയര്‍ സംഘങ്ങള്‍ക്കും കഴിയുമെന്ന് തെളിയിക്കേണ്ട നാളുകളാണ് ഇനി വരാനുള്ളത്.

സര്‍ക്കാര്‍ തലത്തില്‍ കൃഷി വികസനത്തിനുതകുന്ന നിരവധി പദ്ധതികള്‍ നടപ്പിലാക്കിവരുന്നു. വാണിജ്യ പച്ചക്കറി കൃഷി, തരിശുഭൂമി പച്ചക്കറി കൃഷി, തരിശുഭൂമി നെല്‍ കൃഷി, പച്ചക്കറി കൃഷിക്കായി മഴ മറകളും പോളിഹൗസുകളും സ്ഥാപിക്കല്‍, സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും പച്ചക്കറി കൃഷി, സന്നദ്ധ സംഘങ്ങളുടെ പച്ചക്കറി കൃഷി, ജലസേചനത്തിനായി പമ്പ് സെറ്റുകള്‍, സസ്യസംരക്ഷണ ഉപകരണങ്ങള്‍, ബയോഗ്യാസ് പ്ലാന്‍റുകള്‍ സ്ഥാപിക്കല്‍, കൃഷി ജലസേചനത്തിന് സൗജന്യ വൈദ്യുതി തുടങ്ങി നിരവധി സര്‍ക്കാര്‍ പദ്ധതികളെ സംബന്ധിച്ച് കൂടുതലറിയാന്‍ താല്‍പര്യമുള്ളവര്‍ക്ക് ‘കാര്‍ഷിക കേരളം’ എന്ന വെബ്സൈറ്റില്‍ തിരയാവുന്നതാണ്.

Exit mobile version