‘ആടിനെ പട്ടിയാക്കുക. പട്ടിയെ പേപ്പട്ടിയെന്നു മുദ്രകുത്തി എറിഞ്ഞുകൊല്ലുക’ – ഇസ്‌ലാമുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇപ്പോൾ ലോകത്ത് പൊതുവെ നിലനിൽക്കുന്ന രീതിയിതാണ്. ആഗോളവ്യാപകമായ ഇസ്‌ലാമോഫോബിയയിലടക്കം ഇക്കാര്യം സുവ്യക്തം. ഇതിനാവശ്യമായ വിഭവങ്ങൾ സൃഷ്ടിക്കാനും മതശത്രുക്കൾ ഏറെ പ്രാവീണ്യം നേടിക്കഴിഞ്ഞിരിക്കുന്നു. ഇസ്‌ലാം ഭീകരമാണെന്ന് ആണിയിട്ടുറപ്പിക്കാൻ ഇടയ്ക്കിടെ ഭീകരരെ സൃഷ്ടിക്കുന്ന വ്യാപക പ്രവണത ഉദാഹരണം. ഐസിസ് ഭീകരന്മാരുടെ ഖലീഫ അബൂബക്കർ ബഗ്ദാദിയെ ഇസ്‌റാഈലും അമേരിക്കയും ചേർന്ന് പരിശീലിപ്പിച്ചിറക്കിയതാണെന്ന സത്യം വിക്കിലീക്‌സ് സ്ഥാപകൻ സ്‌നോഡൻ വെളിപ്പെടുത്തിയതോർക്കുക. സമാനമാണ് ഇന്ത്യൻ അനുഭവവും. ഇതിൽ കൂടുതൽ പ്രാധാന്യമർഹിക്കുന്നതാണ് ഈയിടെ വിവാദമായ പെൺചേലാകർമം.
ഏതാനും ഊഹങ്ങളും സങ്കൽപങ്ങളും കൂട്ടിച്ചേർത്ത് കഥ നിർമിക്കുന്നത് ചിലരുടെ സ്വഭാവമാണ്. ഇസ്‌ലാമിനെതിരാണെങ്കിൽ അത്തരം സാഹിത്യ മാധ്യമപടുക്കളുടെ കലാവൈഭവം പതഞ്ഞുപൊങ്ങുകതന്നെചെയ്യും. നിരവധി മുസ്‌ലിം യുവതികളെ പ്രണയിച്ച് മതം മാറ്റുന്നത് ആഘോഷമാക്കുമ്പോൾ തന്നെ കാമകുരുക്ഷേത്രമല്ലല്ലോ ചർച്ചയാകുന്നത്, ലൗജിഹാദുമാത്രം. അന്യസ്ത്രീയെ നോക്കുന്നതും സംസാരിക്കുന്നതും ഒന്നിച്ചിരിക്കുന്നതും യാത്ര ചെയ്യുന്നതുമൊക്കെ കഠിനമായി വിലക്കിയ ഒരു മതത്തെയാണ് ഇങ്ങനെ ആക്രമിക്കുന്നതെന്ന് ശ്രദ്ധേയം. പെൺചേലാകർമത്തെയും ഇങ്ങനെയാണ് വിമർശകർ കൈകാര്യം ചെയ്തത്. സ്ത്രീകൾ അനുഭവിക്കുന്ന നിരവധി പ്രശ്‌നങ്ങൾ വൃണമായി തന്നെ നിൽക്കുമ്പോഴാണ് മുസ്‌ലിം സ്ത്രീകളുടെ കൃസരിസംരക്ഷണ സാഹസങ്ങൾ എന്നതാണ് ഏറെ കൗതുകകരം. അല്ലെങ്കിലും പർദ്ദ ധരിക്കുന്ന പെണ്ണനുഭവിക്കുന്ന ‘കൊടുംചൂടു’കാരണം ഉറക്ക് നഷ്ടപ്പെടുന്നവർക്കാർക്കും ക്രൂരമായി ബലാൽസംഗത്തിനുവിധേയരാവുന്ന മ്യാൻമറിലെ മുസ്‌ലിം സ്ത്രീകളെക്കുറിച്ച് ഒരു വ്യഥയുമില്ല. ചുംബന സമരം പറഞ്ഞ് മതംമാനിക്കുന്ന മുസ്‌ലിം സ്ത്രീകൾ കൂത്താടാനിറങ്ങാത്തത് പാരതന്ത്ര്യമായി പർവതീകരിക്കുന്ന ഒരു വിമോചന പ്രസ്ഥാനവും ഒരു വിധ ഫെമിനിസ്റ്റുകളും ചുംബനനേതാക്കളുമൊന്നും അതിക്രൂരമായ തടങ്കലനുഭവിക്കുന്ന ഹാദിയ, ആയിശ പോലുള്ള യുവതികളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ഒന്നും ചെയ്യുന്നില്ല. ഇതൊക്കെയാണ് നേരത്തെ പറഞ്ഞ പട്ടിക്കഥയുടെ പ്രയോഗവൽക്കരണങ്ങൾ.
സ്ത്രീ സുന്നത്തിന്റെ മതവിധികളും രീതികളും അന്യത്ര വിശദീകരിക്കപ്പെട്ടിട്ടുണ്ട്. അതെക്കുറിച്ച് ക്രൂരം, പ്രാകൃതം എന്നൊക്കെ പൊതുധാരണ രൂപപ്പെട്ടതെന്തുകൊണ്ട് എന്ന അന്വേഷണം പ്രസക്തമാണ്.
ഇസ്‌ലാം പറയുന്ന പെൺചേലാകർമം ലളിതമായൊരു പ്രക്രിയയാണ്. പ്രസവാനന്തര ശിശുശുശ്രൂഷചെയ്യുന്ന സ്ത്രീകൾക്ക് തന്നെ എളുപ്പം ചെയ്യാവുന്നതാണിത്. ആശുപത്രി വാസമോ മരുന്നോ വെച്ചുകെട്ടലോ ആവശ്യമില്ലാത്തവിധം നേരിയഭാഗം (ഖദ്‌റുൻ യസീർ) ഛേദിക്കുന്നത് ക്രൂരവും പ്രാകൃതവുമല്ല. അതിലേറെ വേദനാപൂർണമായ കുഞ്ഞുങ്ങളുടെ കാതു തുളക്കാൻ മത-പരിഷ്‌കാരഭേദമന്യേ എല്ലാവരും തയ്യാറാവാറുമുണ്ട്. പെൺസുന്നത്ത് എന്ന് കേട്ടപ്പോഴേക്ക് എടുത്തുചാടിയവർ അവർക്കറിയാവുന്ന സോഴ്‌സുകൾ പരിശോധിക്കുക സ്വാഭാവികം. ഇന്റർനെറ്റിൽ നിന്ന് പെൺസുന്നത്തിന്റെതായി ഭീകരവും ബീഭത്സവുമായ ചിത്രങ്ങളും വീഡിയോകളും ലഭ്യവുമാണ്. ഇതാണ് ഇസ്‌ലാം പറയുന്നത് എന്ന് ബോധപൂർവം തെറ്റിദ്ധരിച്ചിടത്താണ് വിമർശകർക്ക് അബദ്ധം പിണഞ്ഞത്.
ഇംഗ്ലണ്ടിലെ പ്രശസ്ത നരവംശശാസ്ത്രജ്ഞൻ ഡെസ്മണ്ട് മോറിസിന്റെ നഗ്നനാരി എന്ന പുസ്തകം (പരിഭാഷ: കെ. കുഞ്ഞികൃഷ്ണൻ) മാതൃഭൂമി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്തുത പുസ്തകത്തിൽ സ്ത്രീ പരിച്ഛേദനയെക്കുറിച്ച് പറയുന്നത് സ്‌ത്രൈണ പ്രജനനാവയവങ്ങളുടെ ബാഹ്യഭാഗങ്ങൾ മുഴുവനായോ ഭാഗികമായോ ഛേദിച്ചുകളയുന്ന സമ്പ്രദായം (പുറം. 218) എന്നാണ്. സ്ത്രീ ലൈംഗികാവയവങ്ങളുടെ ബാഹ്യഭാഗം മുഴുവനായോ ഭാഗികമായോ മുറിച്ചുകളയൽ തീർച്ചയായും ക്രൂരം തന്നെയാണല്ലോ. ഇതിന്റെ രീതി വിശദീകരിക്കുന്നതിങ്ങനെ:
‘ഏറ്റവും മോശമായ അവസ്ഥയിൽ പെൺകുട്ടികളുടെ ഭഗാധരങ്ങളും ഭഗശിശ്‌നികയും മുറിച്ചുകളയുകയോ ചീകിക്കളയുകയോ ചെയ്ത് യോനിദ്വാരം, മൂത്രമൊഴിക്കാനും ആർത്തവമൊഴിക്കാനുമുള്ള സ്ഥലമൊഴിച്ച്, സിൽക്കുകൊണ്ടോ പൂച്ചക്കുടൽ കൊണ്ടോ മുള്ളുകൾകൊണ്ടോ തുന്നിക്കൂട്ടും. ശസ്ത്രക്രിയക്കു ശേഷം പെൺകുട്ടികളുടെ കാലുകൾ അടുപ്പിച്ച് കെട്ടിവെക്കും. മുറിവുകളുടെ കലകൾ സ്ഥിരമാവുന്നതിനുവേണ്ടിയാണിത്. പിന്നീട് ഈ പെൺകുട്ടികൾ വിവാഹിതരാവുമ്പോൾ ഇവരുടെ കൃത്രിമമായി തുന്നിച്ചേർത്ത് ചെറുതാക്കിയ യോനീദ്വാരം പൊട്ടുമ്പോഴുള്ള വേദന സഹിക്കേണ്ടിവരുന്നു. ഇതുപോരാഞ്ഞ്, ഭർത്താവ് ദീർഘയാത്ര പോകുമ്പോൾ ഈ ദ്വാരം പിന്നെയും തുന്നിക്കൂട്ടിയേക്കാം (നഗ്നനാരി. പുറം. 218).
ഈ ക്രൂരമായ, പ്രാകൃതമായ ഭഗശിശ്‌നികാഛേദം മുന്നിൽ കണ്ട് മതംപറയുന്ന ലളിത കർമത്തെ അടച്ചാക്ഷേപിക്കുന്നതാണ് പ്രശ്‌നം. മുഴുവനായി പിഴുത് മാറ്റുമെന്ന് ഡെസ്മണ്ട് മോറീസ് പറയുന്ന ഭഗശിശ്‌നിക യോനീമുഖത്ത് കാണുന്ന ചെറിയൊരു മാംസഭാഗം മാത്രമല്ലെന്നു കൂടി മനസ്സിലാക്കുക. പ്രത്യുത, അതിന്റെ അധികഭാഗവും ഉള്ളിലാണ്. പുറത്ത് കാണുന്നത് അഗ്രം മാത്രം. ബാക്കിഭാഗം ഉപരിതലത്തിനുള്ളിൽ യോനീനാളത്തിന്റെ ചുറ്റുവരെ നീണ്ടുകിടക്കുന്നു (നഗ്നനാരി. പുറം. 213). ഇതുമുഴുവനായി പിഴുതെടുക്കുക നിസ്സാര കാര്യമാണോ?
ഇങ്ങനെയൊക്കെയാണെങ്കിലും സ്ത്രീശരീരത്തിൽ രക്ഷിതാക്കൾ ഏൽപിക്കുന്നതും സ്വയം ഏറ്റെടുക്കുന്നതുമായ മറ്റനവധി ക്രൂരതകൾ സൗകര്യപൂർവം ആസ്വദിക്കാനാണ് ഏറെ ലളിതമായ സുന്നത്ത് കർമത്തെ പരിഹസിക്കുന്നവർ തയ്യാറാവുന്നതെന്ന ഇരട്ടത്താപ്പുകൂടി നാം ഉൾകൊള്ളേണ്ടതുണ്ട്. കാതുകുത്തൽ, മൂക്ക് തുളക്കൽ, പൊക്കിൾ തുളച്ച് ആഭരണം ധരിക്കൽ തുടങ്ങി ലൈഗിംകാവയവയം തന്നെയും തലങ്ങും വിലങ്ങും കുത്തിത്തുളച്ച് ആഭരണം അണിയുന്നവർപോലുമുണ്ട്. ഇതിന്റെ അഞ്ച് രീതികൾ ഡെസ്മണ്ട് മോറീസ് തന്നെ വിശദീകരിക്കുന്നത് കാണുക.
1) കുത്തനെയുള്ള ഭഗപടം തുളയ്ക്കൽ
ഏറ്റവും പ്രചാരത്തിലുള്ള തുളയ്ക്കലാണിത്. ഭഗശിശ്‌നികയ്ക്ക് തൊട്ടുമുകളിലുള്ള ചർമപടത്തിൽ കുത്തനെയായി ഒരു വേർത്ത് വളഞ്ഞ ദണ്ഡിനോട് ഒരു വൃത്താകൃതിയിലുള്ള സ്റ്റഡ് ഇരുവശങ്ങളിലും ഘടിപ്പിച്ചിരിക്കും.
2) ഭഗശിശ്‌നികാപടം തിരശ്ചീനമായി തുളയ്ക്കൽ
ഭഗശിശ്‌നികാപടത്തിന്റെ ഒരു ഭാഗത്തുനിന്ന് മറ്റേ വശത്തേക്കുള്ള തുളയ്ക്കലാണിത്. ദണ്ഡുകളോ വളയങ്ങളോ തൂക്കിയിടാം. ഫലം വികാരോത്തേജനത്തേക്കാൾ ആലങ്കാരികമാണ്.
3) ഭഗശിശ്‌നിക തുളയ്ക്കൽ
പ്രത്യക്ഷമായ കാരണങ്ങളാൽ വളരെ അപൂർവമാണ്. ഭഗശിശ്‌നിക വളരെ സംവേദനത്വമുള്ളതും ഫലപ്രദമായി തുളയ്ക്കാൻ വളരെ ബുദ്ധിമുട്ടുള്ളതുമാണ്.
4) ത്രികോണ തുളയ്ക്കൽ
ഭഗശിശ്‌നികാപടത്തിന്റെ താഴെയുള്ള ഭാഗത്ത് തുളയ്ക്കുന്നു. പടത്തിൽ കുത്തനെയുള്ള തുളയ്ക്കൽ ഭഗശിശ്‌നികയുടെ മുൻഭാഗത്തെ ഉത്തേജിപ്പിക്കും. എന്നാൽ ത്രികോണത്തുളയ്ക്കൽ അതിന്റെ പിൻഭാഗത്തെ ഉദ്ദീപിപ്പിക്കും.
5) ഭഗാധരങ്ങൾ തുളയ്ക്കൽ
വലയങ്ങളോ സ്റ്റഡുകളോ യോനീദ്വാരത്തിന്റെയോ ഭഗശിശ്‌നികയുടെയോ ഇരുഭാഗങ്ങളിലും തൂക്കിയിടാൻ ഭഗാധരങ്ങൾ തുളയ്ക്കുന്നതാണിത്.
(നഗ്നനാരി. പുറം 221)
സൗന്ദര്യത്തിന് ആഭരണങ്ങൾ തൂക്കിയിടാനാണത്രെ ഈ സാഹസങ്ങൾ! കാതുകുത്ത് കഴിഞ്ഞാൽ ലോകത്ത് കൂടുതൽ നടക്കുന്നത് മേൽപറഞ്ഞ യോനീ തുളക്കലാണെന്ന് അദ്ദേഹം പറയുന്നുണ്ട്.
ആരോഗ്യകരമായി ഏറെ ഗുണപ്രദമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ആൺസുന്നത്തിലും ഇത്തരം ക്രൂരതകൾ ലോകത്ത് പലയിടങ്ങളിലുമുണ്ട്. ആസ്‌ട്രേലിയയിലെ ഗോത്രവർഗങ്ങൡ വ്യാപകമായ ചില രീതികൾ ഡെസ്മണ്ട് മോറീസ് തന്നെ വിശദീകരിക്കുന്നത് കാണാം. ലിംഗത്തിന്റെ തൊലിമുഴുവൻ നീക്കുക, മുരട് വരെ രണ്ടായി പൊളിക്കുക, താഴ്ഭാഗം പൂർണമായി കീറി പരത്തുക തുടങ്ങി അനേകം ക്രൂരതകൾ. ഇവർ സ്ത്രീകളെപ്പോലെയാണത്രെ മൂത്രമൊഴിക്കുക. (നഗ്നപുരുഷൻ. പുറം. 208 – 210)
ഇത് വിലയിരുത്തി പുരുഷ സുന്നത്തിനെയും എതിർക്കാൻ ഇദ്ദേഹത്തെ പോലുള്ളവർ തയ്യാറാകും. അപ്പോഴൊക്കെ ദീനറിയാതെ നാടകം കളിക്കാതിരിക്കാനെങ്കിലും മുസ്‌ലിം നാമധാരികൾ ശ്രദ്ധിക്കേണ്ടതുണ്ട്.