കേരള സ്റ്റോറി ആരുടെ കഥയാണ്?

ഇണക്കുരുവികളിലൊന്നിനെ കൊന്ന കാട്ടാളനോട് ‘മാനിഷാദ’ എന്ന് പറയാൻ പോവുകയായിരുന്നു വാത്മീകി. കാട്ടാളൻ ചിരിച്ചു.
പിന്നെ ഗൗരവം വിടാതെ കാട്ടാളൻ പറഞ്ഞു: ‘ഇണക്കുരുവികൾ രണ്ടു മതക്കാരാണ്. പെൺ കുരുവിയെ ആൺ കുരുവി പ്രണയം നടിച്ചു തട്ടിക്കൊണ്ടു വന്നതാണ്. കോടതിക്ക് മുന്നിൽ പോലും കുറ്റക്കാരനല്ലെന്ന് ഞാൻ തെളിയിക്കും.’
വാത്മീകി രാമായണം എഴുതിയില്ല.
(കഥ- ലൗ ജിഹാദ്, പികെ പാറക്കടവ്)

നമുക്ക് സത്യം പറഞ്ഞുപറഞ്ഞു മടുത്തതാണ്. അവർക്ക് പക്ഷേ നുണ പറഞ്ഞു മടുക്കുന്നേയില്ല. ജനാധിപത്യത്തിന് വിശ്രമം അനുവദിച്ചിട്ടില്ല, സത്യത്തിനു മൗനം വിധിച്ചിട്ടുമില്ല. സത്യാനന്തര കാലമാണ്. നിർബാധം നുണയൊഴുകും. അതുകൊണ്ട് നമ്മൾ വീണ്ടും വീണ്ടും സംസാരിക്കുക. സുദീപ്‌തോ സെന്നിന്റെ കേരള സ്റ്റോറി സിനിമയാണ് ലൗ ജിഹാദിനെ വീണ്ടും വാർത്തകളിൽ നിറച്ചത്. ഈ സിനിമയെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കള്ളിയിൽ വരവുവെച്ച് മിണ്ടാതിരിക്കാനാകുമോ എന്നതാണ് നമ്മൾ അഭിമുഖീകരിക്കേണ്ട ഒന്നാമത്തെ പ്രശ്‌നം.
ഈ സിനിമ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണ്, തെളിവുകൾ കൈയിലുണ്ട്, സാങ്കൽപിക കഥ എന്ന് തുടക്കത്തിൽ എഴുതിക്കാണിക്കാൻ പോലും സന്നദ്ധമല്ല എന്നതാണ് സിനിമയുടെ അണിയറ പ്രവർത്തകർ സ്വീകരിച്ച നിലപാട്. അഥവാ ഒരു കാൽപനിക വിഭാവന എന്ന നിലക്കല്ല, റിയലിസ്റ്റിക് ഡിജിറ്റൽ ഡോക്യുമെന്റ് എന്ന നിലയിലാണ് അവർ ഈ സിനിമയെ മുന്നോട്ടുവെക്കുന്നത്. കേരളത്തിന്റെ ശരിയായ കഥയാണ് അഭ്രപാളിയിലേക്ക് അവർ കൊണ്ടുവരുന്നതെന്നാണ് അവകാശവാദം. അങ്ങനെയെങ്കിൽ അത് സത്യത്തെ പകർത്തിവെക്കുന്നതാകണം. ഈ സിനിമ പറയുന്നത് സത്യമെങ്കിൽ ആദ്യം അത് പറയേണ്ടത് സ്‌ക്രീനിലല്ല, രാജ്യത്തെ അന്വേഷണ ഏജൻസികൾക്ക് മുമ്പിലാണ്.
കാരണം 32000 മലയാളി യുവതികൾ ഐഎസിലേക്ക് നാടുകടന്നു എന്നത് സ്‌തോഭാജനകമായ വാർത്തയാണ്. രാജ്യം നടുക്കത്തോടെ കേൾക്കേണ്ട വിശേഷമാണ്. രാജ്യത്തെ തകർക്കാൻ ശേഷിയുള്ള വെടിമരുന്ന് നിറച്ചുവെച്ച വൃത്താന്തമാണത്. രാജ്യത്തോട് അൽപമെങ്കിലും കൂറുള്ളവരായിരുന്നു ഈ സിനിമയുടെ പ്രവർത്തകരെങ്കിൽ ആദ്യം ചെയ്യേണ്ടിയിരുന്നത് രാജ്യം ഭരിക്കുന്നവർക്ക് ഈ വിവരം കൈമാറുകയായിരുന്നു. അതുണ്ടായില്ല എന്നതിൽ നിന്നുതന്നെ ഈ സിനിമയുടെ ലക്ഷ്യം മറ്റു പലതുമാണെന്ന് വ്യക്തം.
സംഘ്പരിവാറാണ് സമൂഹമാധ്യമങ്ങളിൽ സിനിമയുടെ പ്രമോഷൻ ഏറ്റെടുത്തിരിക്കുന്നത് എന്നതിൽ നിന്നുതന്നെ കാര്യങ്ങൾ സ്പഷ്ടമാണ്. ലൗ ജിഹാദ് ഒരു സംഘ്പരിവാർ പ്രൊപഗണ്ടയാണ്. അവരാണ് ആ വാക്കിന്റെയും പ്രചാരത്തിന്റെയും ഉപജ്ഞാതാക്കൾ. ‘2006 മുതൽ കേരളത്തിൽ നടന്ന ജിഹാദി മതപരിവർത്തനങ്ങളുടെ കണക്കുകൾ നിരത്തി, പെൺകുട്ടികളെ പ്രണയം നടിച്ച് തീവ്രവാദ പ്രവർത്തനത്തിലേക്ക് കൊണ്ടുപോകുന്നതിനെ ‘ലൗ ജിഹാദ്’ എന്ന് പേരിട്ടത് ജന്മഭൂമിയാണ്. സംഘടിതമായ പ്രണയക്കുരുക്കാണിതെന്നും തീവ്രവാദ സംഘടനകളുടെ സാമ്പത്തിക സഹായം ഉണ്ടെന്നും വാർത്തകളിലൂടെ ജന്മഭൂമി പുറത്തുകൊണ്ടുവന്നു… തുടർന്ന് മറ്റു മാധ്യമങ്ങളും വിഷയം ഏറ്റെടുത്തു…’ (ജന്മഭൂമി ഏപ്രിൽ 14, 2021).
ജന്മഭൂമി പടച്ചുണ്ടാക്കിയ ഈ പെരുംനുണ പിന്നീട് കത്തോലിക്കാ സഭ തന്നെയും ഏറ്റെടുത്തു. അവർ മുസ്ലിം യുവാക്കളെ സംശയമുനയിൽ നിർത്തി. സംഘ്പരിവാറിന്റെ വർഗീയമായ നിക്ഷേപത്തിന് കൈത്താങ്ങ് നൽകുന്നതായിരുന്നു സഭയുടെ ഈ എടുത്തുചാട്ടം. ബിജെപിയുമായി കേരളത്തിൽ സൗഹൃദം തരപ്പെട്ടു എന്നതല്ലാതെ പ്രത്യേക ഫലമൊന്നും അതുകൊണ്ടുണ്ടായില്ല. കേരളം പിടിക്കാൻ ആരുമായും കൂട്ടുകൂടുകയെന്ന നയത്തിന്റെ ഭാഗമായാണ് ക്രൈസ്തവർക്ക് കൈകൊടുക്കാൻ ബിജെപി തയ്യാറായത്. കേരളം പിടിക്കൽ പക്ഷേ ബിജെപിയുടെ പകൽക്കിനാവായി മാറാനാണ് സാധ്യത. കാരണം കേരളത്തിന് പുറത്ത് സംഘ്പരിവാർ ക്രൈസ്തവരെ ‘ആഭ്യന്തര ഭീഷണി’ ആയി കണ്ട് തെരുവിൽ നേരിടുകയാണ്. കേരള ബിജെപി ക്രൈസ്തവ വീടുകളിൽ ചെന്ന് ഈസ്റ്റർ ആശംസ നേരുകയും അരമനകളിൽ ചെന്ന് പുരോഹിതരുടെ കൈ മുത്തുകയും ചെയ്യുന്ന അതേ നാളുകളിലാണ് ആർഎസ്എസ് മേധാവി ക്രൈസ്തവ മിഷനറിക്കെതിരെ രംഗത്തുവന്നത്. ഗോവിന്ദ് മഹാരാജിന്റെ സമാധി ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തിൽ ഹിന്ദുക്കളുടെ ദയനീയതയെ ചൂഷണം ചെയ്താണ് ക്രൈസ്തവ മിഷനറിമാർ ഹൈന്ദവരെ മതം മാറ്റുന്നതെന്നായിരുന്നു ആർഎസ്എസ് തലവന്റെ പ്രസ്താവന. ക്രൈസ്തവ സഭകൾ ഹിന്ദുക്കളെ മതം മാറ്റുന്നില്ലെന്ന് കെ സുരേന്ദ്രൻ തിരുത്തിപ്പറഞ്ഞാലും ആർഎസ്എസ് നിലപാട് മാറ്റില്ല എന്നുതന്നെയാണ് മോഹൻ ഭാഗവതിന്റെ പ്രസംഗം അടിവരയിടുന്നത്.
2022ലെ ക്രിസ്തുമസ് നാളിൽ രാജ്യമൊട്ടുക്കും ക്രൈസ്തവ ചർച്ചുകൾ ആക്രമിക്കാനിറങ്ങിയതും ഹിന്ദുത്വയുടെ ഭൂതഗണങ്ങളായിരുന്നു. നാളെയൊരിക്കൽ കേരളത്തിൽ അധികാരം കിട്ടിയാൽ/ അതിന്റെ അരികെയെങ്ങാനും എത്തിയാൽ സംഭവിക്കാനിരിക്കുന്നതിന്റെ ടീസറാണ് ഇപ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നത് എന്നറിയാത്തവരല്ല സംസ്ഥാനത്തെ ക്രൈസ്തവ ജനത. അവർ പിതാക്കന്മാർ പറയുന്നിടത്ത് വോട്ട് കുത്തിയിരുന്ന ശീലം 1960ൽ തന്നെ അവസാനിപ്പിച്ചതാണ്. ബിജെപിക്കും അതറിയാം. എന്നിട്ടും എന്തുകൊണ്ടാണ് അവർ അരമനകൾ കയറിയിറങ്ങുന്നത്? അതിന് ഒരൊറ്റ ലക്ഷ്യമേയുള്ളൂ, കോൺഗ്രസിനെ അന്തരാ ദുർബലപ്പെടുത്തുക. കോൺഗ്രസ് ദുർബലമായി എന്ന പ്രതീതി ജനിപ്പിക്കാനെങ്കിലും കഴിഞ്ഞാൽ ‘മിഷൻ അരമന’ ലക്ഷ്യം കാണും. പൊളിയുന്ന കോൺഗ്രസിൽ നിന്ന് നേതാക്കൾ (പിന്നാലെ അണികളും) ബിജെപിയിലേക്കൊഴുകും! ഇപ്പോഴത്തെ രാഷ്ട്രീയ സമവാക്യം എൽഡിഎഫ് – യുഡിഎഫ് അല്ലെങ്കിൽ സിപിഎം – കോൺഗ്രസ് എന്നതാണ്. ആ സമവാക്യം പൊളിക്കാൻ ബിജെപി കുറെ കാലമായി പരിശ്രമിക്കുന്നു. സിപിഎം- ബിജെപി എന്ന ദ്വന്ദ്വത്തിലേക്ക് കേരള രാഷ്ട്രീയത്തെ പുന:ക്രമീകരിക്കാൻ അവർ മുന്നിൽ കാണുന്ന ഉപായം കോൺഗ്രസിനെ തകർക്കുക എന്നതാണ്. ക്രൈസ്തവ സഭകൾ കാലങ്ങളായി കോൺഗ്രസിനെയോ കേരള കോൺഗ്രസിനെയോ പിന്തുണക്കുന്നവരാണ്. ആ വോട്ടുബേങ്കിൽ വിള്ളൽ വീഴ്ത്താൻ കഴിയുമോ എന്ന ‘സത്യാനന്തര’ പരീക്ഷണത്തിലാണ് ബിജെപി. അതിന്റെ കൈക്കോടാലികളായി ജോണി നെല്ലൂരിനെ പോലെ ചിലരെ ബിജെപി ഉപയോഗപ്പെടുത്തുന്നതാണ് റിയൽ കേരള സ്റ്റോറി.
ബിജെപിയുടെ കേരള മോഹങ്ങൾക്ക് ചൂട്ടു കത്തിക്കുകയാണ് ഹിന്ദി ഭാഷയിലുള്ള കേരള സ്റ്റോറി സിനിമ എന്ന് നിരീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും അങ്ങനെയല്ല കാര്യങ്ങൾ. ബിജെപിയുടെ മോഹങ്ങൾ മറ്റു പലതുമാണ്. അവരുടെ ലക്ഷ്യം കേരളത്തിൽ ഐഎസിന്റെ സ്ലീപ്പിങ് സെൽ പ്രവർത്തിക്കുന്നുണ്ട് എന്ന് വരുത്തുകയാണ്. കേരളത്തിനുമേൽ നാളെയൊരിക്കൽ കേന്ദ്ര ഇടപെടൽ ഉണ്ടാക്കുന്നതിനു നിലമൊരുക്കുകയാണിവർ.
സിനിമ പ്രദർശിപ്പിക്കുന്നതിനെതിരെ കോൺഗ്രസ് രംഗത്തുവന്നല്ലോ. ഇത് എങ്ങനെയാണു മറ്റു സംസ്ഥാനങ്ങളിൽ ബിജെപി ഉപയോഗിക്കുക എന്നത് ചിന്ത്യമാണ്. ഭീകരവാദികളോട് കോൺഗ്രസിന് മൃദുസമീപനം, ഐഎസ് വിരുദ്ധ സിനിമ പ്രദർശിപ്പിക്കുന്നതിന് അവർ എതിരുനിൽക്കുന്നു! കർണാടകയിൽ സംഘ്പരിവാർ ആ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. 2024ൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാനുണ്ട്. അന്നും കോൺഗ്രസിന്റെ ഭീകരതയോടുള്ള ചങ്ങാത്തമായി അവരുടെ കേരള സ്റ്റോറി വിരുദ്ധ നിലപാട് ഉയർത്തിക്കാണിക്കും ബിജെപി! അത്രയൊക്കെയേ ബിജെപിക്കും വേണ്ടൂ. കേരളം ഇസ്‌ലാമിക തീവ്രവാദത്തിന്റെ ഹബ്ബായി മാറിയെന്ന പ്രചാരണം ഉണ്ടാക്കുന്ന പ്രത്യാഘാതം ചെറുതാകില്ല. രാജ്യവ്യാപകമായി മലയാളികൾ, വിശിഷ്യ മുസ്‌ലിം യുവാക്കൾ സംശയ നിഴലിലാകും. അവർക്ക് കേരളത്തിന് പുറത്ത് ഒരു ജോലി എന്നത് അപ്രാപ്യമാകും. കമ്പനികൾ അവരെ തിരസ്‌കരിക്കും. മലയാളി മുസ്‌ലിംകൾ ഈ പോസ്റ്റിലേക്ക് അപേക്ഷിക്കേണ്ടതില്ല എന്ന് നോട്ടിഫിക്കേഷനിൽ കമ്പനികൾ ചേർക്കുന്ന കാലം വിദൂരമല്ല. അതുകൊണ്ടാണ് പറയുന്നത്, ഈ സിനിമ ഒരു പ്രൊപഗണ്ടയുടെ ഭാഗമായി നിർമിക്കപ്പെട്ടതാണ് എന്ന്.
32000 മലയാളി യുവതികൾ ലൗ ജിഹാദിലൂടെ ഐഎസ് കേന്ദ്രത്തിലേക്ക് കടന്നുവെന്നാണ് സിനിമയുടെ ടീസർ പറഞ്ഞുവെച്ചത്. അപ്പറഞ്ഞതിനു വ്യക്തമായ തെളിവുണ്ടെന്നാണ് നിർമാതാവും സംവിധായകനും ആണയിട്ടത്. സ്വാഭാവികമായും ചില ചോദ്യങ്ങൾ ഉയർന്നു.
1. എന്നിട്ടെന്തുകൊണ്ട് ആ തെളിവുകൾ അന്വേഷണസംഘത്തിന് കൈമാറിയില്ല?
2. കേന്ദ്ര സർക്കാരിന് പോലും കിട്ടിയിട്ടില്ലാത്ത തെളിവുകൾ സിനിമക്കാർക്ക് എങ്ങനെ ലഭിച്ചു?
3. ഇത്രയും പേർ പ്രണയക്കെണിയിൽ പെട്ട് നാടുകടന്നിട്ട് കേന്ദ്ര ഗവൺമെന്റിന് എന്തുകൊണ്ട് അതിനെക്കുറിച്ച് അറിവുണ്ടായില്ല?
4. ഇതൊന്നും തടയാൻ കഴിയാത്തവരാണോ രാജ്യം ഭരിക്കുന്നത്? 32000 പേരുടെ കാര്യം നോക്കാൻ പ്രാപ്തിയില്ലാത്തവർ 130 കോടി ജനങ്ങളുടെ കാര്യം നോക്കുമെന്ന് വിശ്വസിക്കുന്നതെങ്ങനെ?
ഈ ചോദ്യങ്ങൾ പല മട്ടിൽ അന്തരീക്ഷത്തിൽ നിലനിൽക്കുമ്പോഴാണ് പൊടുന്നനെ 32000 സ്ത്രീകൾ എന്നത് ട്രെയിലറിന്റെ യൂട്യൂബ് ഡിസ്‌ക്രിപ്ഷനിൽ 3 പേരായി ചുരുങ്ങിയത്! നോക്കണേ, ഒറ്റയടിക്ക് 31997 പേർ ഔട്ടായി. 32000 യുവതികൾ മതം മാറി ഐഎസിൽ ചേർന്നുവെന്ന വാർത്തക്ക് പരമാവധി പ്രചാരം കിട്ടിയ ശേഷം മലക്കം മറിയുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. അവർ ലക്ഷ്യം കണ്ട ശേഷം പിൻവാങ്ങി എന്നുതന്നെ. ആദ്യം നുണഭൂതങ്ങളെ കെട്ടഴിച്ചുവിടും. അവ എത്തേണ്ടിടത്ത് എത്തിയെന്ന് ബോധ്യപ്പെട്ടാൽ പറഞ്ഞത് വിഴുങ്ങും. ഗോൾവാൾക്കറുടെ വിചാരധാരയിലെ ക്രൈസ്തവ വിരുദ്ധ പരാമർശങ്ങളെ ബിജെപി നേതാവ് എംടി രമേഷ് തള്ളിപ്പറഞ്ഞു, ക്രൈസ്തവ മിഷനറിമാർ ഹിന്ദുക്കളെ മതം മാറ്റുന്നുവെന്ന പഴയ ആരോപണം കെ സുരേന്ദ്രനും വിഴുങ്ങി. അതുപോലൊരു വളയത്തിൽചാട്ടമാണ് യുവതികളുടെ എണ്ണത്തിലെ തിരുത്ത്. എണ്ണം എത്രയായാലും അത് പ്രശ്‌നം തന്നെയല്ലേ എന്ന് ചോദിക്കുന്നു സംവിധായകൻ സുദീപ്‌തോ സെൻ. വളരെ ശരിയാണ്. പക്ഷേ 32000 പേർ ഐഎസ് കേന്ദ്രത്തിലേക്ക് കടന്നുവെന്ന പച്ചക്കള്ളം നാടൊട്ടുക്കും പ്രചരിപ്പിച്ചിട്ട് ഇപ്പോൾ എണ്ണമല്ല പ്രശ്‌നമെന്ന് വഴുക്കുന്നത് മിതമായി പറഞ്ഞാൽ ശുദ്ധ തെമ്മാടിത്തമാണ്. നിങ്ങൾ ഗോസായികൾക്ക് വന്നു കൊട്ടാനുള്ള തെരുവു ചെണ്ടയല്ല ഞങ്ങൾ മലയാളികളെന്ന് ഉറക്കെ പറയേണ്ട സന്ദർഭമാണ്. ഈ നുണകൾ മലയാളികൾ വകവെച്ചുതരുമെന്ന് ചിന്തിക്കുകയുമരുത്.
ഇനി ഈ മൂന്നു പേർ ആരൊക്കെയാണ് എന്നുകൂടി അറിയണ്ടേ? നിമിഷപ്രിയ, മെറിൻ ജേക്കബ്, സോണിയ സെബാസ്റ്റ്യൻ- ഇതാണ് എന്റെ അന്വേഷണത്തിൽ കിട്ടിയ പേരുകൾ. ഈ മൂന്നുപേരും മുസ്‌ലിം സമുദായത്തിൽ പിറന്നവരല്ല. ഇതിൽ ആദ്യത്തെ രണ്ടുപേരെ വിവാഹം ചെയ്തവരും പിറന്നത് മുസ്‌ലിം കുടുംബത്തിലല്ല. അപ്പോൾ പിന്നെ, പിൽകാലത്ത് ഇവർ മതം മാറിയെന്ന് വന്നാൽപോലും ഇസ്‌ലാം പഠിച്ചിട്ടാണ് ഇവർ തീവ്രവാദ പ്രവർത്തനത്തിലേക്ക് ആകർഷിക്കപ്പെട്ടതെന്ന വാദം നിലനിൽക്കില്ല. മതം പഠിച്ച ഒരാളും ഹിംസയുടെ വഴിയിൽ സഞ്ചരിക്കില്ല. ഇസ്‌ലാം അതനുവദിക്കുന്നുമില്ല.
കേരള സ്റ്റോറി പ്രവർത്തകരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി നിലകൊണ്ടത് സംഘ്പരിവാറാണ്. ഏത് സംഘ്പരിവാർ? ഒരു ഷാരൂഖ് ഖാൻ സിനിമയിൽ നായികയുടെ അടിവസ്ത്രത്തിന്റെ നിറം കാവിയായതിന്റെ പേരിൽ കലഹിച്ചവർ, ഷാരൂഖിനെതിരെ വിഷം തുപ്പിയവർ. 2002ലെ ഗുജറാത്ത് മുസ്‌ലിം വംശഹത്യ പ്രമേയമായ ബിബിസി ഡോക്യുമെന്ററിക്കെതിരെ ആക്രോശിച്ചവർ, അതിന്റെ പ്രദർശനം തടഞ്ഞവർ. അവർക്കിപ്പോൾ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച് പറഞ്ഞിട്ടും പറഞ്ഞിട്ടും മതിവരുന്നില്ല. നുണയെ ഉപാസിക്കുന്നതാണ് ഫാഷിസത്തിന്റെ ശീലം. അതിന്റെ തനിയാവർത്തനമാണ് കേരള സ്റ്റോറിയോടുള്ള അവരുടെ പ്രണയം.
ഇത് കേരളത്തിന്റെ കഥയല്ല, ഹിന്ദുത്വയുടെ സ്വപ്നാവിഷ്‌കാരമാണ്. അത് തിരിച്ചറിയുന്നതിൽ കേരളം വിജയിച്ചു. പക്ഷേ കേരള സർക്കാർ ഇക്കാര്യത്തിൽ എന്ത് ചെയ്തു? മുഖ്യമന്ത്രി ശക്തമായി തന്നെ പ്രതികരിച്ചിട്ടുണ്ട്. എല്ലാവരും സിനിമ ബഹിഷ്‌കരിക്കണമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പ്രസ്താവിച്ചിട്ടുമുണ്ട്. ശരി തന്നെ. പക്ഷേ അതുമതിയോ? ഈ വർഗീയ പ്രചാരകരെ നിലയ്ക്ക് നിർത്താൻ സർക്കാർ എന്തു ചെയ്തു?
കോഴിക്കോട് ഒരു ഹാളിനു മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബിന്റെ പേര് നൽകിയതിന്റെ പേരിൽ ജനങ്ങളെ സാമുദായികമായി പിളർത്താനിറങ്ങിയ ഹിന്ദുത്വ തീവ്രവാദികൾക്കെതിരെ സർക്കാർ ചെറുവിരലനക്കിയിട്ടില്ല. പ്രസ്താവനകൾ കൊണ്ടുമാത്രം ഒരു വർഗീയതയെയും തോൽപിക്കാനാകില്ല. സർക്കാർ നിയമം പ്രയോഗിക്കണം.അതിനാണ് ജനം അധികാരം കയ്യേൽപിച്ചത്. നിയമനിർവഹണമില്ലാതിരുന്നാൽ ആർക്കും എന്തുമാകാമെന്ന നിലയാകും. തമിഴ്‌നാട്ടിൽ കേരള സ്റ്റോറി പ്രദർശിപ്പിക്കില്ല എന്ന് സ്റ്റാലിൻ പറഞ്ഞതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. കേരളത്തിൽ അതിന്റെ സാധ്യതകളാരായാതെ സർക്കാർ കേവലം പ്രസ്താവനകളിൽ അഭിരമിച്ചാൽ നമ്മൾ മലയാളികൾ അതിനു വലിയ വില കൊടുക്കേണ്ടിവരും.

 

മുഹമ്മദലി കിനാലൂർ

Exit mobile version