കൊളസ്ട്രം കുഞ്ഞിന്റെ അവകാശമാണ്

മനുഷ്യസൃഷ്ടിപ്പിന്റെയും ജീവിതത്തിന്റെയും വ്യത്യസ്ത ഘട്ടങ്ങളെ മതവും ശാസ്ത്രവും പരിചയപ്പെടുത്തുന്നുണ്ട്. ആദിമമനുഷ്യൻ മണ്ണിൽനിന്നു നേരിട്ടും രണ്ടാമത്തെയാളെ ആദിമനുഷ്യന്റെ ശരീരത്തിൽനിന്നും സൃഷ്ടിക്കപ്പെട്ടു. തുടർന്നുള്ള മനുഷ്യരുടെ സൃഷ്ടിപ്പിന്റെ ഘട്ടങ്ങൾ ഇവർ രണ്ടുപേരിൽനിന്നും തികച്ചും വ്യത്യസ്തമാണ്. അടിസ്ഥാനപരമായി പ്രാപഞ്ചിക മൂലകങ്ങളിൽനിന്നും ഏതാനും എണ്ണം അടങ്ങിയതാണ് ശരീരമെന്ന് ഭൗതിക ശാസ്ത്രം നിരീക്ഷിക്കുന്നുണ്ട്. കാർബൺ, നൈട്രജൻ, ഓക്‌സിജൻ, ഹൈഡ്രജൻ, കാൽസ്യം, സൽഫർ തുടങ്ങിയവയാണവ. അതിനാൽ തന്നെ മനുഷ്യൻ പ്രപഞ്ചത്തിന്റെ ഭാഗമാണ്.

മനുഷ്യ സൃഷ്ടിപ്പിന്റെ വഴിയിലെ വ്യത്യസ്തഘട്ടങ്ങളും അവസ്ഥകളുമെന്തെന്ന് ഖുർആൻ പറഞ്ഞിട്ടുണ്ട്. മണ്ണിന്റെ സത്തകളിൽനിന്നു നാം മനുഷ്യനെ സൃഷ്ടിച്ചു. പിന്നീട് അവനെ ഒരു  രേതസ്‌കരണമായി ഭദ്രമായ ഒരിടത്ത് നാം സ്ഥാപിച്ചു. ശേഷം ആ ബീജത്തെ നാം ഭ്രൂണമാക്കി.പിന്നീട് ഭ്രൂണത്തെ മാംസപിണ്ഡമാക്കി. തുടർന്ന് അതിനെ അസ്ഥികൂടമാക്കി പരിവർത്തിപ്പിച്ചു. അസ്ഥികൂടത്തെ പിന്നെ നാം മാംസത്താൽ പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി അതിനെ നാം വളർത്തിയെടുത്തു. അതിനാൽതന്നെ ഏറ്റവും ഉന്നത സ്രഷ്ടാവായ അല്ലാഹു ഏറെ അനുഗ്രഹപൂർണ്ണനായിരിക്കുന്നു (അൽ മുഅ്മിനൂൻ 12-14).

മനുഷ്യനെ രൂപീകരിക്കുന്നതിലെ ഘട്ടങ്ങളിൽ ആവശ്യമായ സംരക്ഷണം അല്ലാഹുവാണ് നിർവഹിച്ചത്. അത് അലങ്കോലപ്പെടുത്താൻ മനുഷ്യൻ ശ്രമിക്കാത്തിടത്തോളം അല്ലാഹുവിന്റെ പരിചരണവും സംരക്ഷണവും അവന് സിദ്ധിക്കും. ഗർഭാശയത്തിലായിരിക്കുമ്പോൾ ശിശുവിനാവശ്യമായ ഭക്ഷ്യവിഭവങ്ങൾ പാകം ചെയ്ത് നൽകാൻ മനുഷ്യന് ചുമതലയില്ല. അല്ലാഹുവിന്റെ നിശ്ചയം പോലെ ഗർഭാശയത്തിൽ വെച്ച് വേണ്ടതെല്ലാം അവന് ലഭിക്കുന്നു. പ്രസവം നടക്കുന്നതോട് കൂടി അതുവരെ നിലവിലുണ്ടായിരുന്ന സംവിധാനങ്ങൾ അവസാനിപ്പിക്കുന്നു. പുതിയ ലോകത്തേക്ക് കടന്നുവന്ന നവജാതനെ പുതിയ പ്രകൃതിയോടിണങ്ങുന്നവനാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന കൊളസ്ട്രം എന്നറിയപ്പെടുന്ന മഞ്ഞ നിറമുള്ള പാൽ മാതാവിൽ അല്ലാഹു സൃഷ്ടിക്കുന്നു. പ്രസവാനന്തരം വളരെ കുറഞ്ഞ അളവിൽ മൂന്ന് നാല് ദിവസങ്ങളിലായി കൊഴുത്ത ഈ പാൽ കുട്ടിക്ക് ലഭിച്ചിരിക്കണമെന്നാണ് പ്രപഞ്ചനാഥന്റെ ക്രമീകരണം.

മുലപ്പാലുൽപാദനം താരതമ്യേന കുറഞ്ഞതും കുട്ടിക്ക് കൂടുതൽ കുടിക്കുന്നതിന് സാധിക്കാഞ്ഞതുമായ കാലത്ത് കുറഞ്ഞ അളവിലാണെങ്കിലും ലഭിക്കുന്ന ഈ പാലിനു വലിയ പ്രാധാന്യമുണ്ടെന്നത് ശാസ്ത്രവും വ്യക്തമാക്കിയതാണ്. കുഞ്ഞിന്റെ മാതാവിൽ നിന്നാണിത് ലഭിക്കേണ്ടത്. പ്രസവിച്ച സ്ത്രീയിൽനിന്നുതന്നെയാവുമ്പോഴാണ് അളവും സമയവും കൃത്യമായി പൊരുത്തപ്പെടുക. അതിനാൽ ഇത് നൽകൽ മാതാവിന് നിർബന്ധമാണെന്ന് ഇസ്‌ലാമിക കർമശാസ്ത്രം പഠിപ്പിക്കുന്നു. മാതാവും കുഞ്ഞും തമ്മിലുള്ള ജൈവികമായ ബന്ധം സുവ്യക്തം. അതുകൊണ്ട് തന്നെ ഈ പാൽ നൽകാൻ മറ്റൊരാൾ തയ്യാറായാൽപോലും മാതാവ് ഇത് നൽകിയേ പറ്റൂ.കേവലമായ പോഷകഗുണങ്ങൾമാത്രമല്ല ഈ പാലിനുള്ളത്. പ്രതിരോധ ശേഷി പ്രദാനം ചെയ്യുന്ന ഔഷധമൂല്യം കൂടി അതിനുണ്ട്. അതിനാൽതന്നെ ഇസ്‌ലാമിക ശരീഅത്ത് കുഞ്ഞിന് ഈ പാൽ ലഭിക്കാതെ പോകുന്നത് തടയുന്നു.

കുഞ്ഞിന് ലിബഅ് അഥവാ കൊളസ്ട്രം നൽകൽ മാതാവിന് നിർബന്ധമാണ്. പ്രസവാനന്തരം ആദ്യം ഉണ്ടാവുന്ന മുലപ്പാലാണിത്. പൊതുവെ ഈ പാൽ കൂടാതെ കുഞ്ഞ് ജീവിച്ചേക്കില്ല. ഇമാം റാഫിഈ(റ) പറയുന്നു: കൂടുതലും അതില്ലാതെ കുഞ്ഞ് ജീവിക്കില്ലെന്നോ, അവൻ ശക്തനും ദൃഢഗാത്രനുമായിത്തീരില്ലെന്നുമാണിതിന്റെ ഉദ്ദേശ്യം. കുട്ടിക്കാവശ്യമായത്ര ഈ പാൽ കുടിപ്പിക്കൽ നിർബന്ധമാണ്. (മുഗ്‌നി).

കുഞ്ഞിന് ഈ പാൽ ലഭിച്ചിരിക്കണമെന്ന നിർബന്ധ നിർദ്ദേശമാണിസ്‌ലാമിന്റേത്. കർമ ശാസ്ത്രപരമായി സ്വന്തം ഉമ്മക്കുപോലും കുഞ്ഞിന് മുലനൽകിയതിന്റെ പേരിൽ പിതാവിൽനിന്ന് പ്രതിഫലം വാങ്ങാനവകാശമുണ്ട്. എന്നാൽ കൊളസ്ട്രത്തിന്റെ കാര്യത്തിൽ ഇതില്ല.കുഞ്ഞിന്റെ ആരോഗ്യസുസ്ഥിതിയിൽ ഉമ്മയുടെ അന്നപാനാദികളുടെ പങ്ക് മനസ്സിലാക്കാൻ, മുലയൂട്ടുന്നവൾക്കും ഗർഭിണിക്കും ഇസ്‌ലാം നൽകുന്ന ഇളവും ആനുകൂല്യങ്ങളും സഹായകമാണ്. ഗർഭസ്ഥ ശിശുവിനോ മുലകുടിക്കുന്ന കുഞ്ഞിനോ പ്രയാസം വരുമെന്നുണ്ടെങ്കിൽ നോമ്പനുഷ്ഠാനം നീട്ടിവെക്കാം. ശാരീരിക നാശം ഉറപ്പുണ്ടെങ്കിൽ നോമ്പനുഷ്ഠിക്കാതിരിക്കണമെന്നാണു വ്യവസ്ഥ. റമളാൻ മാസത്തിന്റെ പുണ്യവും പ്രാധാന്യവും മറ്റൊന്നുകൊണ്ട് പരിഹരിക്കാനാവില്ലല്ലോ. എന്നിട്ടും നോമ്പുപേക്ഷിക്കാനനുവദിച്ചത് കുഞ്ഞിന്റെയും മാതാവിന്റെയും ആരോഗ്യത്തിന് മതം മുന്തിയ പരിഗണന നൽകിയതുകൊണ്ടാണ്.

കുഞ്ഞിന്റെ സംരക്ഷണകാര്യത്തിൽ അല്ലാഹു നിശ്ചയിച്ച ക്രമങ്ങളെയും രീതിയെയും എങ്ങനെയായിരിക്കണം വിശ്വാസി സമീപിക്കേണ്ടതെന്ന് ശരീഅത്ത് കൃത്യമായി പഠിപ്പിച്ചിട്ടുണ്ട്. അതിൽ വീഴ്ചയും വിലോപവും വരുത്താൻ, ഉത്തരവാദപ്പെട്ടവർക്കാർക്കും അവകാശമില്ല. മാതാവ് മുലപ്പാൽ നൽകണമെന്നതും പിതാവ് അതിനാവശ്യമായതൊക്കെ ചെയ്യണമെന്നതും അതിൽപെട്ടതാണ്.

മുലകുടിപ്പിക്കാനുള്ള അടിസ്ഥാന ബാധ്യത മാതാവിനാണെങ്കിലും അതിന്റെ പേരിൽ അവൾക്ക് പ്രതിഫലം ചോദിക്കാം. കുഞ്ഞിന്റെ അവകാശത്തെ ഹനിക്കുകയല്ല ഇതിലൂടെ. മറിച്ച് ഉമ്മ എന്ന സ്ത്രീയുടെ അവകാശാധികാരങ്ങളെ ഉയർത്തിക്കാണിക്കുകയാണ്. ഇതുവഴി കുഞ്ഞിന് സംരക്ഷണവും മാതാവിന് പരിഗണനയും ഒന്നിച്ച് ലഭിക്കുന്നു. പ്രതിഫലം വാങ്ങാവുന്ന ഒരു കൃത്യമാണ് നിർവഹിക്കുന്നതെങ്കിലും മാതൃസ്‌നേഹം മൂലം അത് സൗജന്യമായി ചെയ്യാനാണു പൊതുവെ സ്ത്രീകൾ തയ്യാറാവാറുള്ളത്. ഇതുവഴി അവൾ വലിയ പുണ്യമാണ് നേടുന്നത്. ദാമ്പത്യജീവിതത്തിൽ അനവധി അവസരങ്ങൾ ഇങ്ങനെ സ്ത്രീകൾക്ക് പ്രത്യേകം ലഭിക്കുന്നു.

ആദ്യത്തെ മുലപ്പാൽ നൽകിയതിന് ശേഷമുള്ള മുലപ്പാലും ഉമ്മയെ സംബന്ധിച്ചിടത്തോളം നിർബന്ധമാണ്. മറ്റു വഴികളിലൂടെ ഇത് പരിഹരിക്കുമെങ്കിൽ സ്ത്രീയുടെ വ്യക്തിത്വത്തിന് ഇസ്‌ലാം മുന്തിയ പരിഗണന പ്രഖ്യാപിക്കുന്നുവെന്നുമാത്രം. പ്രതിഫലത്തിനോ സൗജന്യമായോ മുലയൂട്ടാൻ മറ്റൊരാളെ ലഭിക്കുകയെന്നതാണിവിടത്തെ ബദൽ സംവിധാനം. ഇക്കാര്യത്തിൽ മാതാവിനെ നിർബന്ധിക്കേണ്ടതില്ല. കുഞ്ഞിന്റെ സംരക്ഷണം ദമ്പതികളുടെ സംയുക്ത ബാധ്യതയായതിനാൽ ഇക്കാര്യത്തിൽ തടസ്സം നിൽക്കാൻ അവൾക്ക് അനുവാദമുണ്ട്. എന്നാൽ മറ്റൊരാളെ ലഭിക്കാത്ത ഘട്ടത്തിൽ മാതാവ് മുലയൂട്ടൽ ബാധ്യതയിൽനിന്ന് ഒഴിവാകില്ല. ഇത്തരം സന്ദർഭങ്ങളിൽ കുഞ്ഞിന്റെ അവകാശത്തിന് മതം മുൻതൂക്കം നൽകുന്നു.

പ്രതിഫലം നൽകേണ്ടിവരുമ്പോൾ തന്നെ, ആ ബാധ്യത നേരെ പിതാവിൽ വരുന്നില്ല, കുട്ടിയുടെ സ്വത്തിൽ നിന്നാണ് എടുക്കേണ്ടത്. അവന് സ്വന്തമായി സമ്പത്തിെല്ലങ്കിലേ പിതാവിലേക്ക് അത് നീങ്ങൂ. മുലപ്പാലിന് പ്രതിഫലം വേണമെന്ന് അവൾ ആവശ്യപ്പെട്ടാൽ നൽകണം. മാതാവ് സ്വമേധയാ നൽകാമെന്നുവെച്ചാൽ അത് തടയാൻ പിതാവിനവകാശവുമില്ല. കാരണം മാതാവിനോളം കുഞ്ഞിനോട് സ്‌നേഹവാത്സല്യങ്ങൾ കാണിക്കാൻ മറ്റൊരാൾക്ക് കഴിയില്ലല്ലോ. ഉമ്മയാണെങ്കിലും മറ്റൊരാളാണെങ്കിലും പ്രതിഫലം നൽകണം. എങ്കിൽ പിന്നെ മറ്റൊരാളായിക്കൊള്ളട്ടെ എന്ന് തീരുമാനമെടുക്കാനും പിതാവിന് അവകാശമില്ല. കാരണം കുഞ്ഞിനെ അപേക്ഷിച്ച് മാതാവിൽനിന്ന് ലഭ്യമാവുന്ന ഗുണങ്ങൾ മറ്റൊരാളിൽനിന്നും ലഭ്യമാവില്ല. മാത്രമല്ല അവളുടെ മുലപ്പാൽ ഈ കുഞ്ഞിനുവേണ്ടി സമീകൃതമായി നാഥൻ ലഭ്യമാക്കുന്നതാണ്. അതാണ് കുഞ്ഞിന് ഏറ്റവും ഉത്തമവും. മറ്റൊരാളുടേതാവുമ്പോൾ അത് ഈ കുഞ്ഞിന് എല്ലാനിലയിലും അനുയോജ്യമാകണമെന്നില്ല.

വിശുദ്ധ ഖുർആൻ മുലയൂട്ടൽ നിയമത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ വ്യക്തമാക്കിയതുകാണാം. മാതാവും പിതാവും തമ്മിൽ വൈവാഹികബന്ധം വേർപ്പെടുത്തപ്പെടുന്ന സാഹചര്യത്തിൽ കുഞ്ഞിന്റെ കാര്യം പ്രത്യേകം ഉണർത്തുന്ന ഘട്ടത്തിലവതരിച്ച സൂക്തഭാഗങ്ങളിലാണിതുള്ളത്. വിവാഹമോചനത്തിന്റെ പശ്ചാത്തലത്തിലുണ്ടാവാറുള്ള പ്രാതികൂല്യങ്ങളൊന്നും കുഞ്ഞിനെ ബാധിക്കരുത്. കുഞ്ഞിന്റെ സംരക്ഷണ വിഷയത്തിൽ ഇരുവർക്കും സ്വീകാര്യമായ നിർദേശങ്ങൾ സമർപ്പിക്കുകയാണതിലൂടെ.

‘മാതാക്കൾ തങ്ങളുടെ കുഞ്ഞുങ്ങളെ രണ്ട് വർഷം പൂർണമായും മുലയൂട്ടണം. മുലകുടിക്കാലം പൂർണമായും മുല നൽകണമെന്നുദ്ദേശിക്കുന്നവർക്കാണിത്. മുലയൂട്ടുന്നവൾക്ക് ന്യായമായ നിലയിൽ ഭക്ഷണവും വസ്ത്രവും നൽകേണ്ട ബാധ്യത പിതാവിനാണ്. എന്നാൽ ആരെയും അവരുടെ കഴിവിൽപ്പെടാത്തതിനായി നിർബന്ധിക്കപ്പെടുന്നതല്ല. മാതാവ് തന്റെ കുഞ്ഞിന്റെ കാരണത്താൽ വിഷമിക്കുന്ന സാഹചര്യമുണ്ടാവരുത്. കുഞ്ഞ് കാരണമായി പിതാവും വിഷമിപ്പിക്കപ്പെടരുത്. പിതാവില്ലെങ്കിൽ അനന്തരാവകാശികൾക്ക് തത്തുല്യമായ ബാധ്യതയുണ്ട്. പരസ്പരം ആലോചിച്ചും സംതൃപ്തിയിലും മുലയൂട്ടൽ അവസാനിപ്പിക്കാൻ മാതാപിതാക്കൾ തീരുമാനിക്കുന്നുവെങ്കിൽ അവർക്ക് കുറ്റമില്ല. മറ്റുള്ളവരെക്കൊണ്ടു മുലയൂട്ടിക്കാൻ തീരുമാനിക്കുന്നുവെങ്കിലും നിങ്ങൾക്ക് കുറ്റമില്ല. അവർക്കുള്ള പ്രതിഫലം മാന്യമായി നൽകുന്നുവെങ്കിലത്രെ ഇത്. നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കണം. നിശ്ചയം നിങ്ങൾ ചെയ്യുന്നതെല്ലാം അവൻ കാണുന്നുണ്ടെന്ന് നിങ്ങളറിയുക (അൽബഖറ 233).

മുലയൂട്ടലുമായി ബന്ധപ്പെട്ട നിയമങ്ങളുടെയെല്ലാം അടിസ്ഥാനമാണിത്. മാതാപിതാക്കളുടെ ബാധ്യതകൾ, അവകാശങ്ങൾ, അവർക്കുള്ള ആനുകൂല്യങ്ങൾ, കുഞ്ഞിന്റെ അവകാശങ്ങൾ തുടങ്ങിയവ ഇതിൽനിന്നു ഗ്രഹിക്കാനാവും.കുഞ്ഞിന്റെ അവകാശങ്ങൾ മത പ്രമാണങ്ങൾ വിശദീകരിച്ചതിനാൽ വിശ്വാസികൾ അതിൽനിന്ന് വ്യതിചലിച്ചുകൂടാ. ഒരായുഷ്‌കാലത്തെ ആരോഗ്യജീവിതത്തിന്റെ അടിസ്ഥാന സ്വഭാവമുള്ള കൊളസ്ട്രം കുഞ്ഞിന് സമയത്ത് തന്നെ ലഭ്യമാവണമെന്നത് പ്രകൃതിപരമായ ഒരാവശ്യമാണെന്നതിൽ തർക്കമില്ല. മതപരമായും അത് ബാധ്യതയാണ്. അത് കുഞ്ഞിനു നിഷേധിക്കാൻ പാടില്ല.

ആദ്യ മുലപ്പാൽ സമയത്ത് ലഭിച്ചില്ലെങ്കിലും കുഞ്ഞിനു നാശമുണ്ടാവില്ലെന്ന് വാദിച്ചാൽതന്നെ അങ്ങനെ ചെയ്യുന്നതിന് ന്യായമില്ല. ഒരു അവകാശം നിഷേധിക്കുക എന്നത് മാത്രമല്ല ഇവിടെയുള്ളത്. ഒരു മനുഷ്യ ജീവിതത്തെ ബലിക്ക് വെക്കുക എന്നതാണ്.

അങ്ങനെയൊരു പരീക്ഷണം മതത്തിന്റെ നിയമങ്ങളുമായി ബന്ധപ്പെടുത്തിപോലും സംഗതമല്ല. അരോഗദൃഢഗാത്രനായ ഒരു യുവാവ് നോമ്പെടുക്കുകയാണെങ്കിൽപോലും അതിന് പരിധി നിശ്ചയിക്കപ്പെട്ടതാണ്. വല്ലതും കഴിച്ച് സമയത്ത് നോമ്പ് തുറക്കണമെന്നതാണ് നിയമം. ഒരുപകലിനപ്പുറത്തേക്ക് ദൈർഘ്യമുള്ള നോമ്പ് ഇസ്‌ലാമിലില്ല. ഇതെല്ലാം മതം മനുഷ്യനെയാണ് അഭിസംബോധന ചെയ്യുന്നത് എന്ന് കാണിക്കുന്നു. ഈ ജൈവികതക്ക് വിരുദ്ധമായി നവജാതശിശുവിന്റെ അവകാശങ്ങൾ അഞ്ച് വാങ്ക് വരെ നീട്ടിവെക്കാൻ ആരു നിർദേശിച്ചാലും അനുസരിക്കാൻ വിശ്വാസിക്കു പാടില്ല. അങ്ങനെ ഒരു നിർദ്ദേശം വെക്കാൻ ആരും മുതിർന്നുകൂടാ.

Exit mobile version