ജനിച്ചവര്‍ക്കെല്ലാം ഒരിക്കല്‍ മരിക്കേണ്ടിവരുമെന്ന് തീര്‍ച്ച. ജീവിത കാലത്ത് വ്യത്യസ്ത ചിന്താഗതിയുടെയും പ്രത്യയശാസ്ത്രത്തിന്റെയും വക്താക്കളും വലിയ സാമ്രാജ്യങ്ങളുടെ അധിപരായാലും മരണത്തോടെ മനുഷ്യന് മൃതദേഹമായി മാറുന്നു. മതമുള്ളവരും ഇല്ലാത്തവരും അവരവരുടെ വിശ്വാസ/താല്പര്യ പ്രകാരമുള്ള സംസ്കാരമര്ഹിക്കുന്നു. മൃതദേഹത്തോട് കാണിക്കേണ്ട ആദരവിന്റെ ഭാഗമാണത്.
ഇന്ത്യയില്‍ ആരാധനാലയങ്ങള്‍ പരിപാലിക്കുന്നവര്‍ അതോടനുബന്ധിച്ച് ശ്മശാനങ്ങള്‍ സ്ഥാപിക്കുകയും മൃതദേഹം മറമാടുകയും ചെയ്യുന്നു. മറവ് ചെയ്യുന്നതിന് കുടുംബാംഗങ്ങളുമായി വരിസംഖ്യ, അംഗത്വം, പെരുന്നാള്‍ പണം, ഖബറടക്കത്തിന്റെ ചെലവ് മുതലായ നിബന്ധനകള്‍ വെക്കുകയും ചെയ്യുന്നത് പൊതുവെ എല്ലാ നാടുകളിലും കണ്ടുവരുന്നു.
വിഭാഗീയതകള്‍ കാരണമായി പല സ്ഥലങ്ങളിലും ചിലര്‍ ശ്മാശാനം തടയുന്നതായും മൃതദേഹത്തോടു അനാദരവ് നടത്തുന്നതായും കാണാറുണ്ട്. എന്നാല്‍ ഇന്ത്യന്‍ ഭരണഘടനയും മനുഷ്യാവകാശ നിയമങ്ങളും മൃതദേഹങ്ങളോടു അനാദരവും ക്രൂരതയും കാണിക്കുന്നത് വിലക്കിയത് ധിക്കരിച്ചുകൊണ്ടാണിത്. കയ്യൂക്കുള്ളവര്‍ സാധുക്കള്‍ക്കു നേരെ പല മഹല്ലുകളിലും അത് നടപ്പാക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ഈയിടെ മലപ്പുറം ജില്ലയിലൊരിടത്ത് വിഭാഗീയതുടെ പേരില്‍ അത്തരം അനാദരവുകളും അനീതിയും സംഭവിച്ചത് വാര്‍ത്തയാവുകയുണ്ടായി. അതിനാല്‍ മൃതദേഹം ഫ്രീസറിലും മോര്‍ച്ചറിയിലും കഴിയേണ്ടി വന്നുവെന്നത് മനുഷ്യത്വം മരവിക്കാത്തവരെ അലോസരപ്പെടുത്തുന്നതാണ്. മരിച്ച ശേഷവും വീറും വാശിയും പുലര്‍ത്തുന്നത് ആര്‍ക്ക്, എന്തിനു വേണ്ടിയെന്നാണ് പൊതുസമൂഹത്തിന്റെ ചോദ്യം.
മുസ്ലിംകളുടെ ഖബര്സ്ഥാനങ്ങളെല്ലാം ലാഭേച്ഛയില്ലാതെ മയ്യിത്ത് മറവ് ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ പൂര്‍വ മഹത്തുക്കള്‍ വഖ്ഫ് ചെയ്തതാണെന്ന് വഖ്ഫാധാരം പരിശോധിച്ചാല്‍ കാണാവുന്നതാണ്. ആ ആധാരങ്ങളില്‍ വിഭാഗീയ ചിന്താഗതികളൊന്നും രേഖപ്പെടുത്തിയിട്ടുമില്ല. അവിടെ ഒരു മുസ്ലിമിന്റെ മൃതദേഹം മറവ് ചെയ്യില്ലെന്ന് ശഠിക്കുന്നത് വാഖിഫിന്റെ ഉദ്ദേശ്യ ലക്ഷ്യത്തിനെതിരായതിനാല്‍ വഖഫ് ബോര്‍ഡിന് ആ പ്രശ്നം നിയമപരമായി കൈകാര്യം ചെയ്യാവുന്നതാണ്. പുരാതന കാലങ്ങളില്‍ ശ്മശാനമായി വഖഫ് ചെയ്തതല്ലാതെ പുതിയ ശ്മശാനങ്ങള്‍ സ്ഥാപിക്കുന്നത് പലപ്പോഴും നിയമസാധുത ലഭിക്കാന്‍ പ്രയാസമായതിനാല്‍ ഇവ്വിഷയകമായ പിടിവാശികളും തര്‍ക്കങ്ങളും ഒഴിവാക്കുകയാണ് സമുദായാംഗങ്ങള്‍ ചെയ്യേണ്ടത്. മറ്റൊരു നാള് നമ്മളും മയ്യിത്തായി യാത്ര പോകേണ്ടവരാണെന്ന് ഓര്‍ക്കുന്നതും നല്ലതാണ്. എന്നാണ് പല മഹല്ലുകളിലും അധികാരം ഉറപ്പിക്കാനുള്ള അവസരവും എതിര് വിഭാഗത്തെ അടിക്കാനുള്ള വടിയുമായി ശ്മശാനം ഉപയോഗിക്കുന്നുവെന്നത് ഗുരുതരമായ മാനുഷിക വിഷയമാണ്.
ഖബര്‍സ്ഥാനുമായി ബന്ധപ്പെട്ട് മഹല്ല് അംഗത്വം, പെരുന്നാള്‍ പണം, വരിസംഖ്യ തുടങ്ങിയ കാരണങ്ങളാല്‍ കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ വിവിധ കോടതികളില്‍ ഇപ്പോഴും ഏറെ കേസുകള്‍ നിലവിലുണ്ട്. മുന്‍കാലങ്ങളില്‍ വിധി വന്ന എല്ലാ കേസുകളിലും മൃതദേഹം മറവു ചെയ്യുന്നതിന് ഇത്തരം നിബന്ധനകള്‍ വെക്കാനോ വിലപേശാനോ പാടില്ലെന്നും അത് നിയമവിരുദ്ധമാണെന്നും വിശദീകരിച്ചതു കാണാം.
അത്തരം ചില വിധികള്‍ പരിശോധിക്കുകയാണ് താഴെ:
1). CRP(WQF)520/2013 dt: 19/03/2015 നമ്പര്‍ ജഡ്ജ്മെന്റില് മുസ്ലിം പള്ളികളോടനുബന്ധിച്ചുള്ള ഖബറിസ്ഥാനില്‍ മൃതദേഹം മറവു ചെയ്യാന്‍ മുതവല്ലി(കമ്മിറ്റി)യുടെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നും മസ്ജിദിന്റെ വസ്തു വഹകളില് മുതവല്ലിക്ക് ഉടമസ്ഥാവകാശമില്ലെന്നും പരിപാലനം മാത്രമാണ് അധികാര പരിധിയിലുള്ളതെന്നും കേരള ഹൈക്കോടതി ഡിവിഷന് ബെഞ്ച് ജസ്റ്റിസ് പിഎന്‍ രവീന്ദ്രന്, ജസ്റ്റിസ് അനില്‍ കെ രവീന്ദ്രന് എന്നിവര്‍ വിധി പ്രസ്താവിച്ചിട്ടുണ്ട്.
2). 13/2012 (25/07/2015) നമ്പര്‍ വീരിമ്പ്രം ഖബറിസ്ഥാന് കേസിന്റെ വിധിയില്‍ മൃതദേഹം മറവ് ചെയ്യുന്നത് തടയാന്‍ പാടില്ലെന്ന് മാത്രമല്ല വിലപേശുന്നത് നിരോധിച്ചുകൊണ്ടും വഖഫ് ട്രൈബ്യൂണല്‍ ഉത്തരവായി.
3). മേല്‍ പറഞ്ഞ പ്രകാരം O/A/NO: 53/2016 നമ്പര്‍ വിധിയിലും ട്രൈബ്യൂണലിന്റെ ഉത്തരവുണ്ടായിട്ടുണ്ട്.
4). 1989-ല്‍ 2/KLT 136 നമ്പര്‍ കേരള ഹൈകോടതി മുകളില്‍ പറഞ്ഞ പോലെ വിശദമായി വിധി പ്രസ്താവിച്ചിട്ടുണ്ട്.
5). 1954 വഖഫ് ആക്ട് സെഷന് 3(1) പ്രകാരം സ്വതന്ത്രമായി ഖബര്‍ നിര്‍മിക്കാന്‍ അനുവാദം നല്‍കുകയും നിര്‍മാണ ചെലവ് വേണ്ടിവന്നാല്‍ നല്കാമെന്നുള്ള നിര്‍ദേശം നിലവിലുണ്ട്.
6). ഖബറിസ്ഥാനിലെ ഭൂമിയുടെ കിടപ്പനുസരിച്ച് ഗ്രേഡുകളായി തിരിച്ചു പണം വസൂലാക്കുന്നത് പ്രൊസിസിംഗ്സ് A6/2901/2000(30/04/2000) നമ്പര്‍ കല്‍പ്പന പ്രകാരം കേരള വഖഫ് ബോര്‍ഡ് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. (2001 ജനുവരി 11-ലെ മാതൃഭൂമി പത്രം ഇത് സംബന്ധമായ കേസ് പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി).
7) OP 91/2013 നമ്പര്‍ വിധിയിലൂടെ കേരള വഖഫ് ബോര്‍ഡ് ജുഡീഷ്യല്‍ ബോഡി ‘മയ്യിത്ത് നിസ്കാരം, മയ്യിത്ത് സംസ്കരണം, നിക്കാഹ്’ എന്നിവയില്‍ പള്ളി കമ്മിറ്റിയുടെ നിയന്ത്രണം പാടില്ലെന്ന് ഉത്തരവായിട്ടുണ്ട്. എതിര്‍കക്ഷികള്‍ അതിനെതിരെ കൊടുത്ത അപ്പീല്‍ തള്ളുകയും പ്രസ്തുത വിധി സ്ഥിരപ്പെടുത്തുകയുമുണ്ടായി. ഈ കേസിന് ആധാരമായ മഹല്ലില്‍ സ്വതന്ത്രമായി നിക്കാഹ്, മയ്യിത്ത് നിസ്കാരം, സംസ്കാരം മുതലായവ ഇന്നും ചെയ്തുവരുന്നു.
നിയമ വ്യവസ്ഥകള്‍ മേല്‍ പറഞ്ഞതാണെങ്കിലും പഴയ മഹത്തുക്കള്‍ വഖഫ് ചെയ്ത ഖബര്സ്ഥാനോടനുബന്ധിച്ച് നിലകൊള്ളുന്ന മസ്ജിദിനും മഹല്ലിനും അതിന്റെ നടത്തിപ്പിനാവശ്യമായ സംഭാവനകളോ വരിസംഖ്യയോ പെരുന്നാള്‍ പണമോ നല്‍കുന്നത് മഹല്ലിന്റെ യോജിപ്പിനും ഐക്യത്തിനും സൗഹാര്‍ദത്തിനും നല്ലതാണ്. അതേസമയം മൃതദേഹം മറവ് ചെയ്യുന്നതിന് അത് നിബന്ധനയാക്കുന്നത് മനുഷ്യാവകാശ ധ്വംസനവും കോടതിയലക്ഷ്യവുമാകുന്നു. സംസ്ഥാനത്തെ ഖബര്‍സ്ഥാനുകളില്‍ വിഭാഗീയതയുടെയോ സംഘടനാ വ്യത്യാസത്തിന്റെയോ പേരില്‍ മൃതദേഹം മറവ് ചെയ്യുന്നത് തടഞ്ഞതായി കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ വന്നുകണ്ടിട്ടില്ല. എന്നാലും ചില മഹല്ല് ഭാരവാഹികള്‍ മേല്‍ ഉത്തരവുകള്‍ മാനിക്കാതെ അംഗത്വം, വരിസംഖ്യ, പെരുന്നാള്‍ പണം തുടങ്ങിയവ മൃതദേഹം മറവ് ചെയ്യുന്നതിന് നിബന്ധനയാക്കുകയും പിടിവാശി കാണിക്കുകയും ചെയ്യുന്നുവെന്നത് മറക്കാവതല്ല. പ്രസ്തുത മഹല്ലുകളിലെ ജനങ്ങള്‍ക്കിടയിലുള്ള ഐക്യം ഇതു മൂലം തകരുകയും വിവിധ കോടതികളില്‍ കേസുകളെത്തുകയും ചെയ്യുന്നു.
മയ്യിത്തിനോടുള്ള അനാദരവ് മനുഷ്യാവകാശ ധ്വംസനവും കോടതിയലക്ഷ്യവുമാണെന്നതിനാല് വഖഫ്-ഭരണകൂട ഇടപെടലുകളും നിയമ പാലകരുടെ ശ്രദ്ധയും ഉണ്ടാകേണ്ടിയിരിക്കുന്നു. വല്ല മഹല്ലുകളിലും ഇത്തരം സാഹചര്യമുണ്ടാവുകയാണെങ്കില്‍ അടിയന്തരമായി ഇടപെടാന്‍ ഭരണാധികാരികള്‍ പോലീസ് സ്റ്റേഷനുകളിലേക്ക് നിര്‍ദേശം നല്കിയാല് കേസുകള്‍ കോടതികളിലേക്ക് നീട്ടാതെ മുന്‍കാല വിധികളുടെ അടിസ്ഥാനത്തില്‍ വേഗത്തില്‍ കൈകാര്യം ചെയ്യാനാകും. ഭൗതിക ലോകം വെടിഞ്ഞ് പരലോക യാത്രയായവരെ ബഹുമാനാദരങ്ങളോടെ സമീപിക്കാന്‍ സന്മനസ്സ് കാണിക്കുകയെന്നത് മനസ്സാക്ഷിയുള്ളവര്‍ ചെയ്യേണ്ടതാണെന്ന് ചുരുക്കം.