ഖാദിരിയ്യ ത്വരീഖത്തിന്റെ വഴിയും രീതിയും

ഇസ്‌ലാമിക ശരീഅത്തിനെ സൂക്ഷ്മതയോടെ സമീപിക്കുകയും നിർവഹണം നടത്തുകയും ചെയ്യുന്ന സരണിയാണ് ത്വരീഖത്ത്. ശരീഅത്തിന്റെ സസൂക്ഷ്മ പരിപൂർത്തി എന്ന് ത്വരീഖത്തിനെ ഭാഷാന്തരം ചെയ്യാം. മനസ്സിന്റെ ശുദ്ധിയും ആത്മാർത്ഥയും പൂർണ സാന്നിധ്യവും സമ്മേളിച്ച കർമങ്ങളെയാണ് ത്വരീഖത്ത് പ്രതിനിധാനം ചെയ്യുന്നത്. ഈ ആന്തരിക സരണിയിൽ മഹനീയ മാതൃകകൾ അടയാളപ്പെടുത്തിയ നിരവധി ആത്മീയ മഹത്തുക്കളും അവരുടെ ധന്യമാർഗങ്ങളും ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്. അക്കൂട്ടത്തിൽ പ്രചുരപ്രചാരവും പ്രസിദ്ധിയും നേടിയിട്ടുള്ള ആത്മീയ സരണിയാണ് ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ)യുടെ ഖാദിരിയ്യ ത്വരീഖത്ത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഖാദിരിയ്യ ത്വരീഖത്തിന്റെ വ്യത്യസ്ത ശാഖകളും ഉപശാഖകളും കാണാം. തുർക്കി, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ഇന്ത്യ, റഷ്യ, ഇസ്‌റാഈൽ, ഫലസ്ഥീൻ, ചൈന, മലേഷ്യ, ഇറാഖ് തുടങ്ങിയ രാഷ്ട്രങ്ങളിലും അറേബ്യൻ രാജ്യങ്ങളിലുമെല്ലാം ഖാദിരിയ്യ ത്വരീഖത്തിന്റ ശാഖകളുണ്ട്.
ഖാദിരിയ്യ ത്വരീഖത്തിന് ലോകത്ത് വലിയ സ്വീകാര്യതയും അംഗീകാരവും നേടാനായത് അതിന്റെ ഉപജ്ഞാതാവായ ശൈഖ് ജീലാനി(റ)യുടെ മികവുതന്നെയാണ്. നിരവധി കറാമത്തുകളും ധന്യതയാർന്ന ജീവിതവും മാതൃകാ പ്രബോധനവും കൊണ്ട് വിശ്വം കീഴടക്കിയ ശൈഖിന്റെ വ്യക്തിത്വത്തെ ആത്മജ്ഞാനികൾ മാത്രമല്ല മറ്റ് പണ്ഡിത തേജസ്വികളും ഭൗതികവാദികളും നിരീശ്വരർ പോലും ആദരങ്ങളോടെയാണ് കാണുന്നത്. അബ്ദുൽ ഖാദിർ(റ)വിന്റെ വ്യക്തിത്വത്തെ പരിചയപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്തവരാണ് കർമശാസ്ത്ര പണ്ഡിതരും സൂഫികളും. ആ വ്യക്തിപ്രഭാവം രേഖപ്പെടുത്തിയ ഗ്രന്ഥങ്ങൾ അനേകം.
പൂർണമായി ഇലാഹീ സ്മരണയിൽ കഴിഞ്ഞുകൂടാനും അകവും പുറവും വിശുദ്ധി നേടാനുമുള്ള കൃത്യമാണ് ത്വരീഖത്തിലൂടെ നിർവഹിക്കപ്പെടുന്നത്. തങ്ങളുടെ പർണശാലയിലെത്തിയ ആധ്യാത്മികാന്വേഷകർ(മുരീദുമാർ)ക്ക് മഹാഗുരുക്കന്മാർ നൽകുന്ന അദ്കാറിലൂടെ, ഔറാദുകളിലൂടെ, റാതീബുകളിലൂടെ ലഭ്യമാവുന്നത് നടേ സൂചിപ്പിച്ച വിശുദ്ധിയാണ്. ഓരോ ദിക്‌റിനും അതിന്റെ ചൂടും ചൂരുമുണ്ട്, ചൈതന്യവും സ്വാധീനവുമുണ്ട്, ഉഷ്ണവും ശൈത്യവുമുണ്ട്. അതിനാൽ മുരീദിന്റെ ആത്മബലത്തിനനുസരിച്ചാണ് ഗുരുക്കന്മാർ അദ്കാറുകളും ഔറാദുകളും നൽകുക. എല്ലാവർക്കും ഒരേ പോലെയാകില്ല ആത്മീയ ചികിത്സ എന്നർത്ഥം. ദിക്‌റുകളുടെയും ഔറാദുകളുടെയും എണ്ണത്തിലും സമയത്തിലുമൊക്കെ ചിലപ്പോൾ വ്യത്യാസമുണ്ടാകും. ഭൗതിക ഭിഷ്വഗരന്മാരുടെ ചികിത്സാരീതിയും അങ്ങനെയാണല്ലോ. രോഗിയുടെ ആരോഗ്യവും രോഗാവസ്ഥയും പരിഗണിച്ചാണ് ഡോക്ടർമാർ മരുന്ന് കുറിച്ചു കൊടുക്കുക.
ഖാദിരിയ്യ സരണിയിലെ മുരീദുമാർക്കെല്ലാം തങ്ങളുടെ ആത്മീയ ഘട്ടങ്ങൾക്കനുസരിച്ചുള്ള ചികിത്സ ക്രമമാണ് ശൈഖ് ജീലാനി(റ)യുടെ രീതി. ശിഷ്യന്മാർക്കെല്ലാം കരുതലും കാവലുമായി അദ്ദേഹം നിരവധി ആത്മീയ സുരക്ഷകൾ തയ്യാറാക്കിയിട്ടുണ്ട്. ഓരോന്നും വലിയ ധന്യതയാണ് മനസ്സിന് നൽകുക. ആത്മനിർവൃതിയും ആത്മസായൂജ്യവും നൽകുന്നവയാണ് ശൈഖ് നിഷ്‌കർഷിക്കുന്ന രക്ഷൗഷധങ്ങൾ.
തന്റെ ശ്രദ്ധേയ പ്രഭാഷണങ്ങളുടെ തുടക്കത്തിലും ഒടുക്കത്തിലുമുള്ള തവസ്സുൽ പ്രാർത്ഥനയിലും പൊതുപ്രാർത്ഥനകളിലുമൊക്കെ ജീലാനി(റ) ഉപയോഗിക്കുന്ന പദക്രമങ്ങളും സംയോജനകളും വളരെ ആശ്ചര്യത്തോടെയാണ് ആത്മജ്ഞാനികൾ നിരീക്ഷിച്ചിട്ടുള്ളത്. അകം തുറക്കുന്ന, ഉള്ളിലേക്ക് തുളച്ചുകയറുന്ന വാചകങ്ങളാണ് ശൈഖിന്റെ പ്രാർത്ഥനകളിലെല്ലാം കാണാനാവുക. ഈ പാടവവും മികവും അദ്ദേഹം ക്രോഡീകരിച്ച ആത്മീയ കവചങ്ങളായ ഹിസ്ബുകളിലും ഔറാദുകളിലുമൊക്കെ കാണാം. ഹിസ്ബുൽ മുബാറക്, ഹിസ്ബുൽ ഹിഫ്‌ള്, ഹിസ്ബുത്തവദ്ദുദ്, ഹിസ്ബുന്നസ്വ്ർ, ഹിസ്ബുൽ ജലാലത്ത്, ഹിസ്ബുൽ ഫത്ഹ്, ഹിസ്ബുൽ അഅ്‌ളം, സ്വലാത്തു കിബ്‌രീത്തുൽ അഹ്‌മർ, സ്വലാത്തുശ്ശരീഫ, ഹിസ്ബുർറജാഅ്, ഹിസ്ബുൽ കബീർ തുടങ്ങി നിരവധി പ്രാർത്ഥനാ ക്രോഡീകരണങ്ങൾ ശൈഖവർകൾ നടത്തിയിട്ടുണ്ട്.
ഹിസ്ബ്, വിർദ് എന്നീ പദങ്ങൾ സൂഫിഗുരുക്കളുടെ ആത്മീയ മന്ത്രങ്ങളുടെ നാമമായി ഉപയോഗിക്കുന്നത് ഹിജ്‌റ ആറാം നൂറ്റാണ്ടിലാണ്. വിശുദ്ധ ഖുർആനിലെ നിശ്ചിത ഭാഗത്തെ കുറിച്ചാണ്ആദ്യം ഹിസ്‌ബെന്ന് പ്രയോഗിച്ചിരുന്നത്. അറിയപ്പെട്ട ആദ്യത്തെ ഹിസ്ബ് ശൈഖ് ജീലാനി(റ)യുടേതാണ്. പിൽക്കാലത്ത് ശൈഖ് ശാദുലി(റ)യുടെ ഹിസ്ബുൽ ബഹ്ർ അടക്കമുള്ള പല ഹിസ്ബുകളും വിർദുകളും ക്രോഡീകൃതമായി.
ആഴ്ചയിൽ എല്ലാ ദിവസവും പതിവാക്കേണ്ട ഔറാദുകൾ ഖാദിരിയ്യ സരണിയിൽ കാണാം. ഞായറാഴ്ചയാണ് തുടക്കം. അല്ലാഹുവിന്റെ തിരുനാമങ്ങൾ ചേർന്ന ആശയഗാംഭീര്യവും മനോഹാരിതയുമുള്ളവയാണ് ഈ ഔറാദുകൾ. ഇമാം മുസ്‌ലിം അസ്സ്വയ്യാദീ(റ)യിൽ നിന്ന് ശൈഖ് ജീലാനി(റ)യിലേക്ക് ചേരുന്ന പരമ്പരയിലെ ഔറാദുകൾ നിരവധി ഗ്രന്ഥങ്ങൾ ഉദ്ധരിച്ചിട്ടുണ്ട് (അൽഫുയൂളാത്തുറബ്ബാനിയ്യ 147-148).
എല്ലാ നിർബന്ധ നിസ്‌കാരത്തിന് ശേഷവും ഓരോ പ്രാവശ്യം പതിവാക്കേണ്ട ഹിസ്ബുകളും ഖാദിരിയ്യാ സരണിയിലുണ്ട്. ഓരോന്നും വിവിധ പേരുകളിൽ അറിയപ്പെടുന്നു. വ്യത്യസ്ത പരമ്പരയിലൂടെ ശൈഖ് ജീലാനി(റ)യിൽ നിന്ന് ഇവ ഉദ്ധരിക്കപ്പെടുന്നുണ്ട്. ഖുർആൻ ആയത്തുകളും ഉള്ളുരുക്കുന്ന പ്രാർത്ഥനകളും ഫാതിഹയുടെ ആന്തരികാർത്ഥങ്ങളും അകംപൊരുളുകളും അല്ലാഹുവിന്റെ തിരുനാമങ്ങളുമൊക്കെ ചേർത്താണ് ഇവ ക്രോഡീകരിച്ചിട്ടുള്ളത്.
തിരുനബി(സ്വ)യുടെ സ്വലാത്തുകളും ദുആകളും കോർത്തിണക്കിയ ഹിസ്ബുകൾ ശൈഖിന്റെ ആധ്യാത്മിക സരണിയിൽ ഏറ്റവും ശ്രദ്ധേയമായവയാണ്. തിരുമഹത്ത്വങ്ങൾ ചേർത്തുവെച്ച ഹിസ്ബുകളിൽ വിർദു സ്വലാത്തിൽ കുബ്‌റയാണ് ഏറ്റവും വലുത്. സൂറത്തുത്തൗബയുടെ അവസാന വചനം കൊണ്ടാണ് പ്രസ്തുത സ്വലാത്തിന്റെ ആരംഭം. ഈ ഹിസ്ബിന് പുറമെ സ്വലാത്തുസ്സുഗ്‌റ, സ്വലാത്തുത്തിസ്അ തുടങ്ങിയ സ്വലാത്ത് ഹിസ്ബുകളും ശൈഖിനുണ്ട്. ഖാദിരിയ്യാ ത്വരീഖത്തുകാർക്കിടയിൽ ഏറെ പ്രചാരമുള്ളതാണ് ഹിസ്ബുൽ വസ്വീലത്ത്. പേർഷ്യൻ, തുർക്കി അടക്കമുള്ള ഭാഷകളിൽ പരിഭാഷകൾ വിരചിതമായ ഹിസ്ബുൽ വസ്വീലത്തിന് പ്രസിദ്ധ പണ്ഡിതനായ അസ്സയ്യിദ് മുഹമ്മദ് അമീൻ കൈലാനി പ്രൗഢമായ ഒരു വ്യാഖ്യാനമെഴുതിയിട്ടുണ്ട് (അബ്ദുൽ ഖാദിർ ജീലാനി ബാസുല്ലാഹിൽ അശ്ഹബ്-ഡോ. മുഹമ്മദ് ത്വാഹാ സൈദാൻ).
പ്രാർത്ഥനയുടെ വിവിധ രീതികൾ സമ്മേളിപ്പിക്കുന്നവയാണ് ഖാദിരിയ്യത്തിലെ ഹിസ്ബുകളെല്ലാം. വ്യക്തവും സൂചനാപരവും വ്യംഗാർത്ഥമുള്ളതുമായ മൂന്ന് പ്രാർത്ഥനാ രീതികൾ അവയിൽ കാണാം. ശൈഖിന്റെ ഹിസ്ബുകൾക്കും സ്വലാത്തുകൾക്കും പ്രാർത്ഥനകൾക്കുമെല്ലാം പ്രഗത്ഭരായ പലരും വ്യഖ്യാനങ്ങൾ രചിച്ചിട്ടുണ്ട്. ശൈഖ് അബ്ദുൽ ഗനിയ്യൂന്നാബൽസി അടക്കമുള്ളവരുടെ വിശദീകരണങ്ങൾ ശ്രദ്ധേയം.

മുഹ്‌യിദ്ദീൻ റാതിബ്

പതിവാക്കുന്നത് എന്നാണ് റാതിബിന്റെ ഭാഷാന്തരം. റാത്തീബ് എന്ന മലയാള പ്രയോഗം ഇതിന്റെ വകഭേദമാണ്. ആത്മീയ ശ്രേണിയിലെ മഹാഗുരുക്കന്മാർ തങ്ങളുടെ സരണിയിൽ സഞ്ചരിക്കുന്നവർക്ക് നൽകുന്നവയിൽ മുഹ്‌യിദ്ദീൻ റാതിബിന് വലിയ സാന്നിധ്യവും സ്വാധീനവുമുണ്ട്. ഒരു സമൂഹത്തെ സ്ഫുടം ചെയ്ത് പാകപ്പെടുത്തുന്നതിൽ റാതിബുകൾ വഹിച്ച പങ്ക് ചെറുതല്ല. കൃത്യമായും ശുദ്ധിയിലും വൃത്തിയിലും മാനസിക ഒരുക്കത്തിലും മുഹ്‌യിദ്ദീൻ റാതിബ് പതിവാക്കി വരുന്ന വ്യക്തികളും സദസ്സുകളും ഇന്നും സജീവമാണ്.
ഇസ്തിഗ്ഫാർ കൊണ്ട് തുടങ്ങി തസ്ബീഹ്, തഹ്‌മീദ്, തഹ്‌ലീൽ, തക്ബീർ, ഹൗഖലത്തിലൂടെ കടന്നുപോകുന്ന മുഹ്‌യിദ്ദീൻ റാതിബ് അല്ലാഹുവിന്റെ തിരുനാമങ്ങൾ ചേർത്തുവെച്ചാണ് ക്രോഡീകരിച്ചിട്ടുള്ളത്. അല്ലാഹുവിന്റെ ഗുപ്തനാമമായ ‘ഹൂ, ഹൂ’ പോലുള്ള വിശുദ്ധ ദിക്‌റുകളും കൂട്ടത്തിൽ കാണാം. ഈ ദിക്‌റിന് നിരവധി ദാർശനിക പൊരുളുകൾ ഇമാം ഗസാലി(റ)യും ഇമാം റാഫിഈ(റ)യുമൊക്കെ പരാമർശിച്ചിട്ടുണ്ട്.

മുഹ്‌യിദ്ദീൻ മാല

പ്രമുഖ പണ്ഡിതനായ കോഴിക്കോട് കുറ്റിച്ചിറ ഖാളി മുഹമ്മദ്(ന.മ) രചിച്ച മുഹ്‌യിദ്ദീൻ മാല ആത്മീയധാരയോട് ചേർന്നുനിൽക്കുന്നവരെ പൊതുവിലും ജീലാനി സരണിയിൽ സഞ്ചരിക്കുന്നവരെ പ്രത്യേകിച്ചും കീഴടക്കിയ രചനയാണ്. 156 വരികളിൽ ശൈഖ് ജീലാനി(റ)യുടെ വ്യക്തിത്വവും പ്രഭാവവും കറാമത്തുകളും കോർത്തിണക്കിയ മുഹ്‌യിദ്ദീൻ മാലയും വലിയൊരു സമൂഹത്തിന്റെ പതിവ് മന്ത്രവും അനുഭവവുമാണ്. ശേഷം പതിനാറ് വരികളുള്ള പ്രാർത്ഥനകൊണ്ടാണ് മുഹ്‌യിദ്ദീൻ മാല സമാപിക്കുന്നത്. ഉള്ളിൽ തട്ടിയ വരികളാണോരോന്നും. അകം നിറയുന്ന പ്രാർത്ഥനാ വരികൾ കണ്ണ് നനയിപ്പിക്കും. ഉള്ളം പിടക്കും. കപട നവോത്ഥാനത്തിന്റെ അപ്പോസ്തലന്മാരുടെ കടന്നാക്രമണം വളരെ കൂടുതൽ ഏൽക്കേണ്ടിവന്ന മുഹ്‌യിദ്ദീൻ മാല ആദർശക്കരുത്തിന്റെ വാഹകരിൽ ഇന്നും ശക്തമായ സാന്നിധ്യമാണ്.

ഖാദിരിയ്യത്തിന്റെ വഴി

ആഗോള തലത്തിൽ മറ്റൊരു ത്വരീഖത്തിനും ലഭിക്കാത്ത സ്വീകാര്യതയാണ് ഖാദിരിയ്യ സരണിക്ക് ലഭ്യമായത്. അസംഖ്യം അനുയായികൾ ഈ മാർഗം ആത്മീയ വിജയത്തിനായി തിരഞ്ഞെടുക്കുകയുണ്ടായി. ഖാദിരിയ്യ ത്വരീഖത്തിന്റെ എൺപത് പരമ്പരകൾ ഖലാഇദുൽ ജവാഹിർ പോലുള്ള ഗ്രന്ഥങ്ങൾ ഉദ്ധരിച്ചിട്ടുണ്ട്. ശൈഖിൽ നിന്ന് ത്വരീഖത്ത് സമ്പാദിച്ച് മറ്റുള്ളവരിലേക്ക് പകർന്നുനൽകിയവർ അതിപ്രധാനികളും ആത്മീയ സ്രോതസ്സുകളുമായിരുന്നു. അബൂബക്കർ ഉസ്മാനുബ്‌നു മർസൂഖ്, ശൈഖ് അബൂമദ്‌യൻ, മുഹമ്മദുബ്‌നു കീസാൻ, അഹ്‌മദുൽ ഹറമി, അബൂബക്കർ ഉസ്മാൻ, അബ്ദുൽ മാലികുബ്‌നു ഇബ്‌നു ഈസാ, സഹോദരൻ ഉസ്മാൻ, പുത്രൻ അബ്ദുറഹ്‌മാൻ, അബ്ദുല്ലാഹിബ്‌നു നസ്ർ, അബ്ദുൽ ഗനി അൽമഖ്ദസി, ഇബ്‌റാഹീമുൽ മഖ്ദസീ തുടങ്ങിയവർ അവരിൽ പ്രധാനികളാണ്. ഇവർ മുഖേനയാണ് ലോകത്തിന്റെ പല ഭാഗങ്ങളിലും ഖാദിരിയ്യത്തിന്റെ വ്യാപനമുണ്ടായത്.
കേരളത്തിലും ഖാദിരിയ്യ ത്വരീഖത്തിന് നൂറ്റാണ്ടുകളുടെ പ്രായമുണ്ട്. വളപട്ടണം സയ്യിദ് അഹ്‌മദ് ജലാലുദ്ദീൻ ബുഖാരിയുടെ സന്താന പരമ്പരയിലൂടെ ഖാദിരിയ്യത്തിന്റെ വൻപ്രചാരമാണ് ഉണ്ടായത്. സയ്യിദ് അഹ്‌മദ് ജലാലുദ്ദീൻ ബുഖാരിയുടെ ആത്മീയഗുരു സ്വലാഹുദ്ദീനുബ്‌നു ജുമുഅ(റ)ന്റെ മശാഇഖുമാരുടെ പരമ്പര ശൈഖ് ജീലാനി(റ)യുടെ പുത്രൻ അബ്ദുറസാഖി(റ)ൽ സന്ധിക്കുന്നു. സയ്യിദ് അഹ്‌മദ് ജലാലുദ്ദീൻ(റ)ന്റെ സന്താന പരമ്പരയിൽപെട്ട പാടൂർ സയ്യിദ് ഫഖ്‌റുദ്ദീൻ തങ്ങളുടെ സഹോദര പുത്രൻ സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ മകനാണ് ഖാദിരിയ്യത്തിന്റെ ശൈഖും നിരവധി ശിഷ്യന്മാരുടെ ഗുരുവുമായിരുന്ന മർഹൂം ചാവക്കാട് ഹിബത്തുല്ലാഹ് തങ്ങൾ. കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന പലരുടേയും ഗുരുവാണ് അദ്ദേഹം.
അല്ലാമാ ശാലിയാത്തി(ന.മ)യുടെ വഴിയിലും കേരളത്തിൽ ഖാദിരിയ്യത്തിന് വികാസമുണ്ടായിട്ടുണ്ട്. തന്റെ ഗുരുവായ അഹ്‌മദ് റസാഖാൻ ബറേൽവി(റ) മുഖേനയോ ബുഖാരി സാദാത്തീങ്ങൾ വഴിയോ ആണ് പ്രസ്തുത പരമ്പര ശൈഖ് ജീലാനി(റ)യിലെത്തുന്നത്. ഇകെ ഉമർ ഹാജി, താജുൽ ഉലമ ഉള്ളാൾ തങ്ങൾ, എംഎ അബ്ദുൽ ഖാദിർ മുസ്‌ലിയാർ, സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദ് അടക്കം നിരവധി മഹത്തുക്കൾ വഴി ഖാദിരിയ്യ സരണി ഇന്നും കേരളത്തിൽ നിലനിൽക്കുന്നു.

 

അബ്ദുറഹ്‌മാൻ ദാരിമി സീഫോർത്ത്

Exit mobile version