ഖില്ലയുടെ നാള്‍വഴികള്‍

ഖില്ലയുടെ നാള്‍വഴികള്‍

യമന്‍ ഭരണാധികാരികളിലെ അസ്അദുല്‍ ഹിംയരി എന്ന തുബ്ബഅ് മൂന്നാമന്‍ വിശുദ്ധ കഅ്ബ തകര്‍ക്കാനായി പുറപ്പെട്ടു. കഅ്ബ പോലുള്ള ഒരു വിശുദ്ധ ഗേഹം പരിപാലിക്കാന്‍ കൂടുതല്‍ അര്‍ഹന്‍ താങ്കളാണെന്നും അതിനാല്‍ ഖുറൈശികള്‍ പരിപാലിക്കുന്ന കഅ്ബ തകര്‍ത്ത ശേഷം യമനില്‍ മറ്റൊരു വിശുദ്ധ ഭവനം പണിത് ഹജ്ജിനും മറ്റ് ആരാധനകള്‍ക്കും അവിടെ സൗകര്യമൊരുക്കുകയും അവിടം സന്ദര്‍ശിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും വേണമെന്ന് ഹുദൈല്‍ ഗോത്രപ്രതിനിധികള്‍ തുബ്ബഅ് മൂന്നാമനെ സമീപിച്ച് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം കഅ്ബ തകര്‍ക്കാനായി സൈനിക സന്നാഹത്തോടെ മക്കയിലേക്ക് പുറപ്പെട്ടത്. വിശുദ്ധ കഅ്ബ പരിപാലനത്തിന്‍റെ പേരില്‍ ഹുദൈല്‍ വംശജര്‍ക്ക് ഖുറൈശികളോടുണ്ടായിരുന്ന അസൂയ നിമിത്തമായിരുന്നു അവര്‍ തുബ്ബഅ് രാജാവിനോട് ഇങ്ങനെയൊരു നിര്‍ദേശം വച്ചത്.

തുബ്ബഉം സൈന്യവും വിശുദ്ധ മക്കയില്‍ നിന്ന് ഏകദേശം അറുപത് കിലോമീറ്റര്‍ അകലെയുള്ള കുറഉല്‍ ഗമീം എന്ന സ്ഥലത്തെത്തിയപ്പോള്‍ ശക്തമായ കാറ്റ് വീശാന്‍ തുടങ്ങി. മുന്നോട്ടുപോകാന്‍ കഴിയാതെ അവര്‍ പ്രയാസപ്പെട്ടു. വാഹനങ്ങളായിരുന്ന അവരുടെ മൃഗങ്ങള്‍ വിരണ്ടു. സൈനികരില്‍ പലരും ബോധരഹിതരായി. അതിനെ തുടര്‍ന്ന് തുബ്ബഅ് രണ്ട് വേദപണ്ഡിതരെ വിളിച്ചുവരുത്തി വിവരം ധരിപ്പിച്ചു. പരിഹാരം അന്വേഷിച്ചു: ‘അല്ലാഹു സംരക്ഷണമേറ്റെടുത്തിട്ടുള്ള വിശുദ്ധ ഭവനത്തെ അപകടപ്പെടുത്താനാണ് താങ്കള്‍ പുറപ്പെട്ടിരിക്കുന്നത്. അതിനാല്‍ താങ്കള്‍ക്ക് മുന്നോട്ടുള്ള യാത്ര അസാധ്യമാണ്. ഈ കാറ്റും കോളുമെല്ലാം കഅ്ബയുടെ സംരക്ഷണാര്‍ത്ഥം അല്ലാഹുവിന്‍റെ ഭാഗത്ത് നിന്ന് ഉള്ളതാണ്. അതിനാല്‍ താങ്കള്‍ പശ്ചാത്തപിക്കുക. രണ്ട് വസ്ത്രങ്ങള്‍ മാത്രം ധരിച്ച് ലബ്ബൈക ചൊല്ലി കഅ്ബാലയത്തില്‍ പോയി ത്വവാഫ് ചെയ്ത് മടങ്ങുക. മക്കാ നിവാസികളില്‍ ആരെയും ഉപദ്രവിക്കുകയുമരുത്’- വേദപണ്ഡിതര്‍ നിര്‍ദേശിച്ചു.

അപകടം മനസ്സിലാക്കിയ തുബ്ബഅ് പശ്ചാത്തപിക്കാന്‍ തീരുമാനിച്ചു. കാറ്റും കോളും ഇരുട്ടും മറ്റ് പ്രയാസങ്ങളും നീങ്ങിക്കിട്ടിയാല്‍ വിശുദ്ധ കഅ്ബയിലെത്തി ആദരസൂചകമായുള്ള കര്‍മങ്ങള്‍ നിര്‍വഹിക്കാമെന്നും കഅ്ബാലയത്തെ വസ്ത്രം കൊണ്ട് പുതപ്പിക്കാമെന്നും അദ്ദേഹം അല്ലാഹുവിനോടായി പ്രതിജ്ഞയെടുത്തു. ഉടന്‍തന്നെ കാറ്റ് നിലച്ചു, അന്തരീക്ഷം ശാന്തമായി, വെളിച്ചം തെളിഞ്ഞു.

പ്രതിജ്ഞ പൂര്‍ത്തിയാക്കാനായി വിശുദ്ധ ഹറം അതിര്‍ത്തിയിലെത്തിയ തുബ്ബഅ് വാഹനപ്പുറത്ത് നിന്നിറങ്ങി രണ്ടു വസ്ത്രങ്ങള്‍ മാത്രം ധരിച്ച് ചെരുപ്പഴിച്ച് നഗ്നപാദനായി ലബ്ബൈക ചൊല്ലി നടന്ന് വിശുദ്ധ കഅ്ബയിലെത്തി. കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം യമന്‍ നിര്‍മിതമായ പ്രത്യേക വസ്ത്രം കൊണ്ട് കഅ്ബയെ പുതപ്പിച്ചു. കഅ്ബയുടെ കിഴക്കായി തുറന്നുകിടന്നിരുന്ന ഭാഗത്ത് ആദ്യമായി വാതില്‍ ഘടിപ്പിക്കുകയും ചെയ്തു. മാത്രമല്ല, തനിക്കും സൈന്യത്തിനും അപകടം വരുത്തുന്ന നിര്‍ദേശം മുന്നോട്ടുവച്ച ഹുദൈല്‍ ഗോത്രനേതാക്കളെ വധിക്കുകയും കുരിശില്‍ തറയ്ക്കുകയും ചെയ്തു.

വിശുദ്ധ കഅ്ബക്ക് ആദ്യമായി ഖില്ല(ഖില്‍അ) പുതപ്പിച്ചതിന്‍റെ പശ്ചാത്തലമാണ് ഈ ചരിത്രം. തുബ്ബഅ് മൂന്നാമന്‍ ചെയ്ത കഠിനപാപത്തിന്‍റെ പ്രതിവിധിയുടെ ഭാഗമായാണ് കഅ്ബക്ക് വസ്ത്രമണിയിക്കുന്ന പതിവ് ആരംഭിച്ചത്. വിശുദ്ധ കഅ്ബയുടെ ചുമര്‍ നിര്‍മാണാനന്തരം ഇബ്റാഹീം(അ) കഅ്ബക്ക് വസ്ത്രമണിയിച്ചിട്ടുണ്ടെന്ന അഭിപ്രായവും ഇസ്മാഈല്‍(അ) ഭാര്യയുടെ നിര്‍ദേശ പ്രകാരമാണ് ആദ്യമായി കഅ്ബക്ക് ഖില്ല ധരിപ്പിച്ചതെന്ന അഭിപ്രായവും തിരുനബി(സ്വ)യുടെ പൂര്‍വിക പിതാമഹന്‍ അദ്നാനാണ് ഈ കര്‍മം ആരംഭിച്ചതെന്ന അഭിപ്രായവും ചരിത്രത്തിലുണ്ട്. ആദ്യമായി വസ്ത്രം ധരിപ്പിച്ചതല്ല, യമന്‍ നിര്‍മിതവും ഉന്നതവുമായ പ്രത്യേക വസ്ത്രം ധരിപ്പിച്ചു എന്ന മഹത്ത്വമാണ് തുബ്ബഅ് രാജാവിനുള്ളത് എന്ന വിശദീകരണം നല്‍കിയ ചരിത്രകാരന്മാരുമുണ്ട്.

തുബ്ബഅ് രാജാവ് കഅ്ബ മൂടല്‍ കര്‍മം നടത്തിയതിനെ തുടര്‍ന്ന് ഖുറൈശികളും അല്ലാത്തവരും തങ്ങളുടെ ആവശ്യപൂര്‍ത്തീകരണത്തിനും അല്ലാഹുവിന്‍റെ പ്രീതിക്കുമായി കഅ്ബക്ക് ഖില്ല സമ്മാനിക്കുന്ന ആചാരം ഉടലെടുത്തു. ജുര്‍ഹൂം, ഖുസാഅത് വംശജരായ കഅ്ബയുടെ പരിപാലകര്‍ ഈ ഖില്ലകള്‍ ഏറ്റുവാങ്ങി സംരക്ഷിച്ചുപോന്നു. കഅ്ബയെ ധരിപ്പിച്ച ഖില്ല പഴകുമ്പോള്‍ അതിന്‍റെ പുറത്ത് മറ്റൊന്ന് ധരിപ്പിക്കും. അതും പഴകുമ്പോള്‍ അതിനു മുകളില്‍ മറ്റൊന്ന്. ഇങ്ങനെ ഒന്നിന് മുകളില്‍ മറ്റൊന്ന് എന്ന രീതിയിലായിരുന്നു പൂര്‍വകാലത്ത് ഖില്ല ധരിപ്പിച്ചിരുന്നത്.

തിരുനബി(സ്വ)യുടെ നാലാം പിതാമഹന്‍ ഖുസ്വയ്യ് വിശുദ്ധ കഅ്ബയുടെ പരിപാലനം ഏറ്റെടുത്തപ്പോള്‍ ഖുറൈശികള്‍ക്ക് പുറമേ മറ്റ് ഗോത്രക്കാര്‍ക്ക് കൂടി ഖില്ല നിര്‍മാണത്തില്‍ ഭാഗഭാക്കാകാനുള്ള അവസരം നല്‍കുകയുണ്ടായി. ഖാലിദുബ്നു ജഅ്ഫര്‍, അബൂറബീഅത് പോലുള്ളവര്‍ ജാഹിലിയ്യാ കാലത്ത് സ്വന്തം സ്വത്തില്‍ നിന്ന് കഅ്ബക്ക് ഖില്ല അണിയിച്ച പ്രധാനികളാണ്. തിരുനബി(സ്വ), അബൂബക്ര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവര്‍ക്ക് പുറമെ അബ്ദുല്ലാഹിബ്നു ഉമര്‍(റ), അബ്ദുല്ലാഹിബ്നു സുബൈര്‍(റ), മുആവിയ(റ), യസീദുബ്നു മുആവിയ, അഹ്മദുല്‍ മലിക് ഇബ്നു മര്‍വാന്‍, ഹജ്ജാജുബ്നു യൂസുഫ് എന്നിവരൊക്കെ കഅ്ബക്ക് ഖില്ല അണിയിച്ച പ്രമുഖരാണ്. ഇവരില്‍ ആരാണ് പട്ട് കൊണ്ട് നിര്‍മിച്ച ഖില്ല ധരിപ്പിച്ചത് എന്നതില്‍ അഭിപ്രായ ഭിന്നതയുണ്ട്.

ചെറുപ്പത്തില്‍ അബ്ബാസ്(റ)നെ കാണാതായി. മാതാവ് നുതൈലത് വല്ലാതെ വിഷമിച്ചു. മറ്റൊരിക്കല്‍ വേറെയൊരു മകനെയും കാണാതായി. രണ്ട് സന്ദര്‍ഭങ്ങളിലും മക്കളെ കണ്ടുകിട്ടുന്നതിന് വേണ്ടി കഅ്ബക്ക് ഖില്ല അണിയിക്കാന്‍ നേര്‍ച്ചനേര്‍ന്നു അവര്‍. തല്‍ഫലമായി മക്കളെ തിരികെ ലഭിക്കുകയും മഹതി നേര്‍ച്ച നിറവേറ്റി ഖില്ല ധരിപ്പിക്കുകയും ചെയ്തു. ഖില്ലക്ക് ആവശ്യമായ സമ്പത്ത് മുസ്ലിം ഭരണകൂടത്തിന്‍റെ പൊതുസ്വത്തില്‍ (ബൈതുല്‍ മാലില്‍) നിന്നും ചെലവഴിക്കുന്ന പതിവ് ഉമര്‍(റ)ന്‍റെ ഭരണകാലത്താണ് തുടങ്ങിയത്.

മക്കാ വിജയദിവസം കഅ്ബ ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും ജാഹിലിയ്യത്തിലെ അമുസ്ലിംകള്‍ ധരിപ്പിച്ചിരുന്ന ഖില്ല മാറ്റി പുതിയത് ധരിപ്പിച്ചിരുന്നില്ല എന്നാണ് ചരിത്രപക്ഷം. കഅ്ബയില്‍ പുകപ്പിക്കാനുള്ള സുഗന്ധദ്രവ്യങ്ങള്‍ നേര്‍ച്ചയായി നല്‍കുന്ന പതിവ് ഇസ്ലാമിന് മുമ്പ് തന്നെ ഉണ്ടായിരുന്നു. ഈ സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിച്ച് ഖില്ല പുകപ്പിക്കും. ഇതിന്‍റെ തുടര്‍ച്ചയെന്നോണം മക്കാ വിജയത്തിന് ശേഷം ഒരു സ്ത്രീ സുഗന്ധദ്രവ്യങ്ങള്‍ പുകച്ചട്ടിയിലിട്ട് കത്തിച്ചുകൊണ്ട് കഅ്ബയുടെ അടുത്തെത്തി. അബദ്ധത്തില്‍ ചട്ടിയില്‍ നിന്ന് തീപ്പൊരി പാറി ഖില്ലക്ക് തീ പിടിച്ചു. അന്ന് വരെ മുശ്രിക്കുകള്‍ ഒന്നിന് പുറത്ത് മറ്റൊന്നായി ധരിപ്പിച്ചതിനാല്‍ കഅ്ബയുടെ മേല്‍ കുന്ന് കൂടിക്കിടന്നിരുന്ന ഖില്ലകള്‍ മുഴുവന്‍ കത്തി നശിച്ചു. ഈ സംഭവത്തെ തുടര്‍ന്ന് തിരുനബി(സ്വ) നേരിട്ടോ അല്ലെങ്കില്‍ അവിടുത്തെ നിര്‍ദേശ പ്രകാരം മുസ്ലിംകളോ കഅ്ബക്ക് ഖില്ല പുതപ്പിച്ചു.

വര്‍ഷം തോറും പുതിയ ഖില്ല അണിയിക്കുന്ന പതിവ് ഇസ്ലാമിനു മുമ്പ് തന്നെ ഉണ്ടായിരുന്നു. പഴയ ഖില്ല അഴിച്ചുമാറ്റി പുതിയത് ധരിപ്പിക്കുന്ന പതിവ് ഉമര്‍(റ) തുടങ്ങിയതാണ്. അഴിച്ച പഴയ ഖില്ല ഹാജിമാര്‍ക്കിടയില്‍ വിതരണം ചെയ്യും. വര്‍ഷത്തില്‍ രണ്ടു തവണ ഖില്ല അണിയിക്കാന്‍ തുടങ്ങിയത് ഉസ്മാന്‍(റ)വാണ്. റമളാന്‍ ഇരുപത്തിയേഴ്, ദുല്‍ഹിജ്ജ എട്ട് എന്നീ ദിവസങ്ങളിലായിരുന്നു അത്. എന്നാല്‍ മുഹര്‍റം പത്ത്, റമളാനിലെ അവസാന ദിവസം എന്നീ തിയ്യതികളിലാണ് മുആവിയ(റ) ഖില്ല ധരിപ്പിച്ചിരുന്നത്.

‘ഇന്ന് അല്ലാഹു കഅ്ബയുടെ മഹത്ത്വം പ്രകടമാക്കുകയും ഖില്ല അണിയിപ്പിക്കുകയും ചെയ്യുന്ന ദിനമാണെ’ന്ന മക്കാ വിജയ ദിനത്തെക്കുറിച്ചുള്ള തിരുനബി(സ്വ)യുടെ പരാമര്‍ശം കഅ്ബക്ക് ഖില്ല അണിയിപ്പിക്കുന്നത് അതിനോടുള്ള ആദരവാണെന്ന് ബോധ്യപ്പെടുത്തുന്നതാണ്.

യമനില്‍ നിര്‍മിക്കുന്ന വിവിധയിനം മുന്തിയ വസ്ത്രങ്ങളായിരുന്നു ഖില്ലക്ക് വേണ്ടി പൊതുവെ ഉപയോഗിച്ചിരുന്നത്. ഉമര്‍(റ)ന്‍റെ ഭരണകാലത്ത് ഈജിപ്ത് ഇസ്ലാമിക സാമ്രാജ്യത്തിന്‍റെ ഭാഗമായിത്തീര്‍ന്നപ്പോള്‍ കഅ്ബയുടെ ഖില്ല മിസ്റിലെ മുന്തിയ ഇനം വസ്ത്രം കൊണ്ട് തയ്യാറാക്കി കൊടുത്തയക്കാന്‍ ഖലീഫ ഈജിപ്ത് ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കി. അന്ന് മുതല്‍ ഈജിപ്തിലായിരുന്നു ഖില്ല നിര്‍മിച്ചിരുന്നത്. അബ്ദുല്ലാഹിബ്നു സുബൈര്‍(റ), യസീദുബ്നു മുആവിയ എന്നിവര്‍ ഈജിപ്തിന് പുറമെ ഖുറാസാനില്‍ നിന്നും ഖില്ല നിര്‍മിച്ചിട്ടുണ്ട്.

സിറിയന്‍ നിര്‍മിത ഖില്ലയായിരുന്നു അബ്ദുല്‍ മലികുബ്നുല്‍ മര്‍വാന്‍ കഅ്ബക്ക് അണിയിച്ചിരുന്നത്. സിറിയയില്‍ നിന്ന് മക്കയിലേക്കുള്ള വഴിമധ്യേ ഖില്ല മദീനയിലെ മസ്ജിദുന്നബവിയില്‍ കൊണ്ടുവന്ന് അവിടെ പല സ്ഥലങ്ങളിലായി മാറിമാറി വിരിക്കുകയും ശേഷം വിശുദ്ധ മക്കയില്‍ കൊണ്ടുവന്ന് അണിയിക്കുകയുമാണ് ചെയ്തിരുന്നത്. അബ്ബാസിയ്യാ ഭരണകാലത്ത് ലോകത്തിലെ ഏറ്റവും നിപുണരും പ്രസിദ്ധരുമായ നെയ്ത്ത് തൊഴിലാളികള്‍ ഈജിപ്തിലെ തിന്നീസ് പട്ടണനിവാസികളായിരുന്നു. അക്കാലത്ത് അവരായിരുന്നു ഖില്ല നെയ്തിരുന്നത്.

റജബ് ഒന്ന്, റമളാന്‍ ഇരുപത്തിയേഴ്, ദുല്‍ഹിജ്ജ എട്ട് എന്നിങ്ങനെ വര്‍ഷത്തില്‍ മൂന്ന് പ്രാവശ്യം മഅ്മൂന്‍ രാജാവ് ഖില്ല അണിയിക്കാറുണ്ടായിരുന്നു. ഹിജ്റ ഇരുന്നൂറ് മുതല്‍ ഇരുന്നൂറ്റി നാല്‍പത്തിനാല് വരെയുള്ള കാലയളവിനുള്ളില്‍ നൂറ്റി എഴുപത് ഖില്ലകള്‍ അണിയിച്ചതായി ചരിത്ര രേഖകളിലുണ്ട്. അബ്ബാസിയ്യാ ഭരണത്തിന്‍റെ അവസാന നാളുകളിലുണ്ടായ രാഷ്ട്രീയ സംഭവ വികാസങ്ങളും അനിശ്ചിതത്വവും നിമിത്തം ഔദ്യോഗികമായ ഖില്ല അണിയിക്കല്‍ ചടങ്ങിന് മുടക്കം വന്നു. ഈ അവസരങ്ങളില്‍ ഏതാനും മുസ്ലിം പ്രമാണിമാരാണ് കഅ്ബക്ക് ഖില്ല ധരിപ്പിച്ചത്.

അടിമ രാജവംശ ഭരണാധികാരികളും വിശുദ്ധ കഅ്ബയെ ഖില്ല അണിയിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു. ശേഷം ഇസ്തംബൂള്‍ ആസ്ഥാനമായി നിലവില്‍വന്ന ഉസ്മാനിയ്യാ ഭരണാധികാരികളും ഖില്ല അണിയിച്ചു. കഅ്ബയുടെ പുറം ഭാഗത്ത് അണിയിക്കാനുള്ള ഖില്ല ഉസ്മാനിയ്യാ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്ന ഈജിപ്തില്‍ നിന്നു നിര്‍മിച്ചപ്പോള്‍ കഅ്ബയുടെ ഉള്‍ഭാഗം അലങ്കരിക്കാനും മദീനയിലെ തിരുനബി(സ്വ)യുടെ ഖബ്ര്‍ ശരീഫ് ഉള്‍ക്കൊള്ളുന്ന ഭവനം അലങ്കരിക്കാനും ഖബ്ര്‍ ശരീഫ് മൂടാനുമുള്ള വസ്ത്രങ്ങള്‍ ഭരണ സിരാകേന്ദ്രമായ ഇസ്തംബൂളില്‍ നിന്ന് കൊടുത്തയക്കുകയായിരുന്നു ചെയ്തിരുന്നത്. കഅ്ബയുടെ ഉള്‍ഭാഗം വസ്ത്രം കൊണ്ട് അലങ്കരിക്കാന്‍ തുടങ്ങിയത് എന്ന് മുതലാണെന്ന് ചരിത്രത്തില്‍ അവ്യക്തമാണ്.

യമന്‍, ഇസ്തംബൂള്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഖില്ല കൊണ്ടുവന്നിരുന്നത് ആഘോഷത്തോടെയായിരുന്നു. അണിയിച്ചൊരുക്കിയ ഒട്ടകപ്പുറത്ത് പ്രത്യേകം തയ്യാറാക്കിയ പെട്ടിയിലാണ് ഖില്ല കൊണ്ടുവരിക. നിരവധി ഒട്ടകങ്ങളുടെയും ഹാജിമാരുടെയും അകമ്പടിയുമുണ്ടാകും. സാധാരണക്കാര്‍ക്ക് പുറമേ പണ്ഡിതന്മാരും ഭരണാധികാരികളും ചേര്‍ന്ന് ഈജിപ്തില്‍ നിന്ന് ഖില്ല വാഹക സംഘത്തിന് യാത്രയയപ്പ് നല്‍കും. ജിദ്ദയിലും വഴിമധ്യേയുള്ള മറ്റ് പട്ടണങ്ങളിലും മുസ്ലിംകള്‍ ഒരുമിച്ചുകൂടി സംഘത്തെ സ്വീകരിച്ച് ആനയിക്കും. ഖില്ലയോടുള്ള ആദരവിന്‍റെ ഭാഗമായി അത് ചുമന്ന ഒട്ടകത്തിന്‍റെ കാലുകള്‍ ചുംബിക്കുന്നവരുമുണ്ടായിരുന്നു. വിശുദ്ധ മക്കയിലെ അമീറുമാര്‍ മക്കാ പട്ടണത്തിന്‍റെ അതിര്‍ത്തിയില്‍ വന്ന് ഖില്ല വാഹകസംഘത്തെ സ്വീകരിക്കും. സ്വീകരണ വേളകളില്‍ ഉച്ചത്തില്‍ ജനങ്ങള്‍ തക്ബീര്‍ ചൊല്ലും.

ഈജിപ്ത്, സൗദി ഭരണകൂടങ്ങള്‍ക്കിടയിലുണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്ന് അബ്ദുല്‍ അസീസ് രാജാവ് മക്കയില്‍ തന്നെ ഖില്ല നിര്‍മിക്കാന്‍ നിര്‍ദേശിച്ചു. ഹിജ്റ 1345-ല്‍ മക്കയില്‍ വച്ച് ആദ്യ ഖില്ല നിര്‍മിക്കുകയും 1346-ല്‍ ഇത് നിര്‍മിക്കാനായി മാത്രം ഫാക്ടറി സ്ഥാപിക്കുകയുമുണ്ടായി. നെയ്ത്തില്‍ നിപുണരായ ഇന്ത്യക്കാരായ തൊഴിലാളികളെയാണ് ഖില്ല നിര്‍മാണം ഏല്‍പിച്ചിരുന്നത്. ഇവിടെ നിര്‍മിക്കുന്ന ഖില്ല ഫാക്ടറി അധികാരികള്‍ പണ്ഡിത സമക്ഷത്തില്‍ വച്ച് കഅ്ബ പരിപാലകരെ ഏല്‍പ്പിക്കും. ദുല്‍ഹിജ്ജ പത്ത് വരെ സ്വഫാ പര്‍വതത്തിന്‍റെ പരിസരത്തുള്ള വീട്ടില്‍ സൂക്ഷിക്കും. മുന്തിയ ഇനം പട്ട് കൊണ്ടായിരുന്നു നിര്‍മാണം.നിരവധി ദിക്റുകളും ഉല്ലേഖനം ചെയ്തിരിക്കും. ഖില്ലയുടെ അരപ്പട്ട (ബെല്‍റ്റ്) എന്ന് അറിയപ്പെടുന്ന ഭാഗത്ത് വിശുദ്ധ ഖുര്‍ആനിലെ നിശ്ചിത വചനങ്ങള്‍ സ്വര്‍ണമുപയോഗിച്ച് ഉല്ലേഖനം ചെയ്യാറുണ്ട്.

ഹാജിമാര്‍ മിനയില്‍ തങ്ങുന്ന ദുല്‍ഹിജ്ജ പത്തിനാണ് ഇപ്പോള്‍ കഅ്ബക്ക് ഖില്ല അണിയിക്കുന്നത്. ഖില്ലക്ക് പുറമെ കഅ്ബയുടെ വാതിലില്‍ തൂക്കിയിടുന്ന വിരിയും അന്നണിയിക്കും. ഹജ്ജ് വേളയില്‍ ജനങ്ങള്‍ ഖില്ല തൊട്ട് അഴുക്കാക്കുകയോ കീറുകയോ ചെയ്യാതിരിക്കാനായി ഖില്ല ഉയര്‍ത്തിക്കെട്ടാറുണ്ട്. രണ്ട് കഷ്ണമായി നിര്‍മിക്കുന്ന ഖില്ലയുടെ ഒരു ഭാഗം കഅ്ബയുടെ മുകള്‍ വശത്ത് ധരിപ്പിക്കുകയും ഹാജിമാരുടെ തിരക്ക് ഒഴിഞ്ഞ ശേഷം താഴ്ഭാഗത്ത് ഖില്ലയുടെ രണ്ടാം കഷ്ണം ധരിപ്പിക്കുകയും ചെയ്യുന്ന പതിവ് ഇടക്കാലത്തുണ്ടായിരുന്നു. അടിഭാഗത്ത് വെളുത്ത തുണി ചേര്‍ത്ത് തുന്നിയതിനാല്‍ ഖില്ല മടക്കി ഉയര്‍ത്തിക്കെട്ടുമ്പോള്‍ വെളുത്തഭാഗം പുറത്ത് കാണുമായിരുന്നു. ഖില്ലയുടെ അറ്റം ചുരുട്ടി ഉയര്‍ത്തിക്കെട്ടിയ ശേഷം താഴ്ഭാഗത്ത് ഒരു വെളുത്ത തുണി അണിയിക്കുന്ന പതിവ് ഇപ്പോള്‍ നിലവിലുണ്ട്. കഅ്ബാ ശരീഫിന് ഇഹ്റാം ചെയ്യിപ്പിക്കുക എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.

Exit mobile version