ഖുർആനിലെ ഭ്രൂണശാസ്ത്രം കോപ്പിയടിയോ?

? ആറാം നൂറ്റാണ്ടിലെ അറബികൾക്ക് അറിയാത്ത ഭ്രൂണശാസ്ത്രപരമായ ധാരാളം കാര്യങ്ങൾ ഖുർആനിലുണ്ടെന്ന് മുസ്‌ലിം പണ്ഡിതർ പറയാറുണ്ട്. അന്ന് ജനങ്ങൾക്ക് അറിയാത്ത എന്ത് കാര്യമാണ് ഖുർആൻ പറഞ്ഞത്?

ധാരാളം കാര്യങ്ങളുണ്ട്. സ്രവിക്കുന്ന ശുക്ലത്തിലെ (കോടിക്കണക്കിന് ബീജാണുക്കളിലെ) ഒരു ബീജകണം മാത്രമായിരുന്നുമനുഷ്യൻ. വിശുദ്ധ ഖുർആനിലെ ‘നുത്വ്ഫതൻ’ (75:37) എന്ന പ്രയോഗം ഇവിടെ ശ്രദ്ധേയമാണ്. മറ്റൊരു സൂക്തത്തിൽ പറഞ്ഞത് ‘സുലാല’ (32:8) എന്നാണ്. നിസ്സാരമായ ദ്രാവകത്തിലെ പ്രത്യേകം തിരഞ്ഞടുക്കപ്പെട്ട ഒരു സത്ത് എന്നർഥം.

? അതിലെന്താണിത്ര അത്ഭുതം? ബീജത്തിൽനിന്നാണ് മനുഷ്യൻ ഉരുവം കൊണ്ടതെന്ന് ആർക്കാണ് അറിയാത്തത്?

??? ഭ്രൂണശാസ്ത്ര വികസനത്തിന്റെ ചരിത്രം അറിയാത്തതുകൊണ്ടാണ് നിങ്ങൾ ഇങ്ങനെയൊക്കെ പറയുന്നത്. മനുഷ്യൻ പിറവിയെടുക്കുന്നത് ആർത്തവ രക്തം കട്ടപിടിച്ചിട്ടാണെന്ന് വിശ്വസിച്ച കാലമുണ്ടായിരുന്നു. പുരുഷ ശുക്ലമാണ്/ ബീജമാണ് കുഞ്ഞിന്റെ മൂലഹേതു എന്ന് സിദ്ധാന്തിച്ചവർ തന്നെ അതു മുഴുവനും കുഞ്ഞായി മാറുന്നുവെന്ന വിശ്വാസമാണ് വെച്ചുപുലർത്തിയിരുന്നത്. എന്നാൽ സ്രവിക്കുന്ന ശുക്ലത്തിൽ നിന്ന് ഒരു കണം മാത്രമാണ് സ്ത്രീ അണ്ഡവുമായി ചേർന്ന് കുഞ്ഞായിത്തീരുന്നത് എന്ന വിവരം ആറാം നൂറ്റാണ്ടിലെ അറേബ്യയിൽ ആർക്കും ഇല്ലായിരുന്നു. എന്നാൽ 40 വയസ്സു വരെ പള്ളിക്കൂടത്തിൽ പോയിട്ടില്ലാത്ത, നിരക്ഷരനായ ഒരാൾ ജബലുന്നൂർ എന്ന മല ഇറങ്ങി വന്നു ലോകത്തോട് പറയുന്ന വാക്യങ്ങളിൽ പിൽക്കാലത്ത് മാത്രം ശാസ്ത്രം എത്തിപ്പെട്ട ഈ കണ്ടുപിടുത്തം ഉൾചേർന്നത് അത്ഭുതമല്ലാതെ മറ്റെന്താണ്?

? ഇവിടെ രണ്ടു കാര്യങ്ങൾ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് തോന്നുന്നു. ഖുർആനിൽ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ടോ എന്നതാണ് ഒന്നാമത്തെ കാര്യം. മുഹമ്മദ് നബിക്ക് മുമ്പ് ആർക്കും ഇതൊന്നും അറിയില്ലേ എന്നതാണ് രണ്ടാമത്തെ കാര്യം. നുത്വ്ഫത്, സുലാലത്ത് എന്നീ പദങ്ങളിൽ തൂങ്ങി നിങ്ങൾ നടത്തുന്ന വ്യാഖ്യാന കസർത്തുകളാണ് ഇതെന്നാണ് എനിക്ക് തോന്നുന്നത്.

???
പുരുഷന്റെ ശുക്ലത്തിൽ നിന്നുള്ള ഒരു കണം എന്നത് ആയത്തിന്റെ നേർക്കുനേരെയുള്ള വിവർത്തനമാണ്. അതിൽ സ്വന്തമായ ഒരു വ്യാഖ്യാനവും ചേർന്നിട്ടില്ല. സുലാലത്ത് എന്ന വാക്ക് അർഥമാക്കുന്നത് ഖുലാസ
എന്നാണ്. ഒരു വസ്തുവിലെ അനാവശ്യമായ / അധികമായ എല്ലാം ഒഴിവാക്കി ലഭിക്കുന്ന സത്ത്(എസെൻസ്) ആണ് ഖുലാസ. അറബി ഭാഷാ നിഘണ്ടുകൾ ഇക്കാര്യം വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അപ്പോൾ സ്രവിക്കപ്പെടുന്ന ദ്രാവകത്തിലെ പല മൂലകങ്ങളിൽ നിന്ന് അണ്ഡവുമായി യോജിക്കാൻ കരുത്തും ശേഷിയുമുള്ള ലക്ഷണമൊത്ത ഒരേയൊരു കണം എന്നത് അതിന്റെ കൃത്യമായ അർഥം തന്നെയാണെന്ന് ചുരുക്കം. സ്രവിക്കപ്പെടുന്ന ദ്രാവകത്തിൽ നിന്നും മുഴുവനുമായിട്ടല്ല കുഞ്ഞുണ്ടാകുന്നതെന്ന് തിരുനബി(സ്വ) തന്നെ ഒരു ജൂതന്റെ ചോദ്യത്തിന് മറുപടിയായി കൃത്യമായി വിശദീകരിച്ചിട്ടുണ്ടെന്ന് കൂടി ഇതിനോട് ചേർത്ത് വായിക്കണം. പുതിയ കാലത്തിനു വേണ്ടി ഉണ്ടാക്കിയ ഒരു വ്യാഖ്യാനമല്ല ഇതെന്നുംമറിച്ച്, തിരുനബി(സ്വ)യുടെ തന്നെ വിശദീകരണമാണെന്നും ഈ ഹദീസ് ബോധ്യപ്പെടുത്തുന്നു.
കോടിക്കണക്കിന് ബീജങ്ങളിൽനിന്ന് അതിജയിക്കുന്ന ലക്ഷണമൊത്ത ഒന്നാണ് അണ്ഡവുമായി ചേരുന്നത് എന്ന് നമുക്ക് ശരിക്കും കാണാൻ പറ്റുന്ന രൂപത്തിൽ വീഡിയോകൾ ലഭ്യമാണ്(https://youtu.be/Z1df56mtAQo.

ശരി, ഖുർആനിൽ അങ്ങനെയുണ്ടെന്ന് സമ്മതിക്കാം. അതുകൊണ്ട് അത് ദൈവികമാണ് കിട്ടുമോ? ഇതാണ് ഞാൻ സൂചിപ്പിച്ച രണ്ടാമത്തെ കാര്യം.
മുൻകാലത്ത് ആർക്കും ഇതൊന്നും അറിയില്ലായിരുന്നു എന്ന് വാദിച്ചുവല്ലോ. ഗർഭോപനിഷത്ത് മുതൽ ജൂത-ക്രൈസ്തവ പുസ്തകങ്ങളും ഗ്രീക്ക് തത്ത്വചിന്തകരുടെ പഠനങ്ങൾ അടക്കം ഇവ്വിഷയകമായി ധാരാളം അറിവുകൾ മുഹമ്മദ് നബിക്ക് മുമ്പേ ഉണ്ടായിട്ടുണ്ട്. അവയിൽ നിന്നെടുത്തു പറഞ്ഞതായിക്കൂടേ ഇതൊക്കെ?

??? മുഹമ്മദ് നബി(സ്വ)ക്ക് മുമ്പ് ഭ്രൂണശാസ്ത്രവുമായി ബന്ധപ്പെട്ട് ലോകത്ത് ഒരു പഠനവും നടന്നിട്ടില്ല എന്ന് ആരും പറഞ്ഞിട്ടില്ല. പക്ഷേ അവയിൽ പലതും ശുദ്ധ അസംബന്ധമായിരുന്നു എന്ന് പിന്നീട് തെളിയിക്കപ്പെട്ടിട്ടുണ്ട്. പുരുഷന്റെ കോടിക്കണക്കിന്ബീജങ്ങളിൽ നിന്ന്ഒരെണ്ണമാണ് സ്ത്രീകളുടെ അണ്ഡവുമായി സംയോജിച്ച് കുഞ്ഞുണ്ടാകുന്നത് എന്ന് മുഹമ്മദ് നബി(സ്വ)ക്ക് ശേഷം കുറെ കാലങ്ങൾ കഴിഞ്ഞ് 20ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ശാസ്ത്രലോകത്തിനു തന്നെ കൃത്യമായി ബോധ്യപ്പെട്ടത്.
ഉപനിഷത്ത് സൂക്തങ്ങളിലുള്ളത് പ്രകാരം മജ്ജയിൽ നിന്നാണ് ശുക്ലമുണ്ടാകുന്നത്. പുരുഷന്റെ ശുക്ലവും സ്ത്രീയുടെ ആർത്തവരക്തവും (ശോണിതം) ചേർന്നാണ് ഗർഭമുണ്ടാകുന്നത് എന്ന് പണ്ട് പലരും വിശ്വസിച്ചു! ഇതാണോ ഖുർആൻ കോപ്പിയടിച്ചത്?
ബൈബിൾ പ്രകാരം പുരുഷ ശുക്ലം ഗർഭാശയത്തിലെത്തിയ ശേഷം, പാലിൽ നിന്ന് തൈരുണ്ടാകുന്നതു പോലെ കട്ടിയായിത്തീർന്നാണ് ഭ്രൂണമുണ്ടാകുന്നത്. ശുക്ലത്തിൽ നിന്നുണ്ടാകുന്ന ഭ്രൂണം വളരുമ്പോൾ ആർത്തവരക്തം അതിനെ പരിപോഷിപ്പിക്കുന്നു. പിതാവിൽ നിന്നുണ്ടാകുന്ന വെളുത്ത ശുക്ലത്തിൽ നിന്നാണ് അസ്ഥികൾ, സ്‌നായുക്കൾ, നഖങ്ങൾ, മസ്തിഷ്‌കം എന്നിവയുണ്ടാകുന്നത്! മാതാവിൽ നിന്നുള്ള ചുവന്ന ശുക്ലത്തിൽ നിന്നാണ് തൊലി, മാംസം, മുടി, രക്തം, കണ്ണിന്റെ കറുപ്പ് എന്നിവയുണ്ടാകുന്നത്. ഇതാണോ ഖുർആൻ കോപ്പിടിയച്ചത്?
അരിസ്റ്റോട്ടിൽ പറഞ്ഞത്, മാതൃസ്രവമാണ് യഥാർഥത്തിൽ അടിസ്ഥാനമെന്നും അവയെ കട്ടിയാക്കുകയാണ് പുരുഷശരീരത്തിൽ നിന്ന് സ്രവിക്കപ്പെടുന്ന ശുക്ലത്തിന്റെ ധർമം എന്നുമാണ്. ഇങ്ങനെ കട്ടിയായിത്തീർന്ന് ഭ്രൂണം വിത്ത് വളരുന്നതു പോലെ വളർന്നുവരികയാണത്രെ! ഇതാണോ ഖുർആൻ പകർത്തിയത്?
ഗാലൻ പറഞ്ഞത് കേൾക്കൂ. ഗർഭാശയത്തിലെത്തുന്ന ശുക്ലമാണ് ജന്തുവിന്റെ രൂപീകരണത്തിന് നിമിത്തമാകുന്ന അടിസ്ഥാന വസ്തു. ആറാം ദിവസം ശുക്ലം ഇല്ലാതാവുകയും പകരം ഭ്രൂണം വളരാനാരംഭിക്കുകയും ചെയ്യും. ഭ്രൂണവളർച്ച നടക്കുന്നത് മാതൃശരീരത്തിൽ രൂപപ്പെടുന്ന ആർത്തവരക്തം ശുക്ലത്തെ പോഷിപ്പിക്കുമ്പോഴാണ്. ശുക്ലത്തെ രക്തം പരിപോഷിപ്പിക്കുമ്പോൾ അതൊരു മാംസപിണ്ഡമായിത്തീരുന്നു. ഹൃദയമോ കരളോ മസ്തിഷ്‌കമോ ഇല്ലാതെ തന്നെ ഈ മാംസപിണ്ഡം നിലനിൽക്കുകയും വളരുകയും ചെയ്യുന്നു! ഇതാണോ മുഹമ്മദ് നബി(സ്വ) പകർത്തിയത്?
ശുക്ലത്തിന്റെ സ്വല്ലം/കണം എന്ന പരാമർശം ഇവയിൽ എവിടെയും വരുന്നില്ല. എല്ലാവരും ആർത്തവ രക്തത്തെയാണ് അടിസ്ഥാന വസ്തുവായോ പോഷക ഘടകമായോ എണ്ണുന്നത്. ഈ ജാതി അന്ധവിശ്വാസങ്ങളൊന്നും തൊട്ടുതീണ്ടാത്ത ഖുർആനിനെ കോപ്പിയെന്ന് വാദിക്കാൻ ഹൃദയത്തിന് അന്ധത ബാധിച്ചവർക്കേ കഴിയൂ.
ഇനി അങ്ങനെ ആരെങ്കിലും പറഞ്ഞു എന്ന് തന്നെ വെക്കുക. ഏത് പുസ്തകം വായിച്ചാണ്/ഏത് ശാസ്ത്രകുതുകിയിൽ നിന്നാണ് ശാസ്ത്ര മേഖലയിൽ ഒരു പുരോഗതിയും കൈവരിച്ചിട്ടില്ലാത്ത ആ നാട്ടിലെ, അക്ഷരം പോലും പഠിച്ചിട്ടില്ലാത്ത തിരുനബി(സ്വ) ഈ ജ്ഞാനമെല്ലാം ആർജിച്ചത്?

? ഖുർആൻ 14 നൂറ്റാണ്ട് മുമ്പ് പറഞ്ഞ ഈ യാഥാർഥ്യം എന്നാണ് ശാസ്ത്രം മനസ്സിലാക്കിയത്?
???
മൈക്രോബയോളജിയുടെ പിതാവായ Antonie van Leeuwenhoek (1632-1723) ആണ് ശുക്ലത്തെ സൂക്ഷ്മദർശിനിയിലൂടെ നിരീക്ഷിച്ച പ്രഥമ ശാസ്ത്രജ്ഞൻ. ശതകോടി ബീജകണങ്ങളെ സൂക്ഷ്മദർശനിയിലൂടെ കണ്ടപ്പോൾ അവയെല്ലാം മനുഷ്യ ശരീരത്തിലെ ചെറുതും വലുതമായ അനേകം നാഡീവ്യൂഹങ്ങളുടെയും അവയവങ്ങളുടെയും സൂക്ഷ്മ രൂപമാണെന്ന് അദ്ദേഹം ധരിച്ചു. അങ്ങനെ അണ്ഡത്തിലല്ല; പ്രത്യുത ബീജത്തിൽ തന്നെയാണ് കുഞ്ഞ് ഒളിഞ്ഞിരിക്കുന്നതെന്ന് അദ്ദേഹം വാദിച്ചു.
1694ൽ Nicholas Hartsocker (1656-1725) താൻ നിർമിച്ച മൈക്രോസ്‌കോപ്പിലൂടെ ശുക്ലദ്രാവകത്തെ പഠനവിധേയമാക്കി. മനുഷ്യശുക്ലത്തിനകത്ത് സ്ഥിതി ചെയ്യുന്നുവെന്ന് അദ്ദേഹം കരുതിയ സൂക്ഷ്മശിശുവിന്റെ ചിത്രം(homenculus) വരച്ചു.
കോശസിദ്ധാന്തത്തിന്റെ വെളിച്ചത്തിൽ ജർമൻ ശരീര ശാസ്ത്രജ്ഞനായ കാസ്പാർ ഫ്രീഡ്‌റിച്ച് വോൾഫ് (Caspar Friedrich Wolff 1733-1794) സ്വയം ഉൽപാദന സിദ്ധാന്തത്തിനാണ് (ആർത്തവ രക്തമാണ് അടിസ്ഥാന വസ്തുവെന്നും പുരുഷ ശുക്ലം അതിനെ ഘനീഭവിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമുള്ള സിദ്ധാന്തം) തെളിവുകളുടെ പിൻബലമുള്ളത് എന്ന് വാദിച്ചു.
പരീക്ഷണാത്മക ഭ്രൂണശാസ്ത്രത്തിന്റെ പിതാക്കളിലൊരാളായി അറിയപ്പെടുന്ന വിൽഹം റോക്‌സ് (1850-1925) തവളമുട്ടകളിൽ നടത്തിയ പരീക്ഷണങ്ങളും ജർമൻ ജീവശാസ്ത്രജ്ഞനായ Hans Adolf Eduard Driesch (1867 -1941) Sea Urchins ക്കളുടെ (നിറയെ മുള്ളുകളുള്ള ഒരു കടൽജീവി) ഭ്രൂണത്തിൽ നടത്തിയ ഗവേഷണങ്ങളും അണ്ഡമോ ബീജമോ ഒറ്റക്കല്ല കുഞ്ഞിന്റെ രൂപീകരണത്തിന് കാരണമാകുന്നതെന്ന് വ്യക്തമാക്കി. പുരുഷശുക്ലത്തിലുള്ള കോടിക്കണക്കിന് ബീജങ്ങളിലൊന്ന് സ്ത്രീശരീരത്തിലെ അണ്ഡവുമായി ചേർന്നാണ് ഭ്രൂണമുണ്ടാകുന്നതെന്ന വസ്തുതയിലേക്ക് ജീവശാസ്ത്രലോകം എത്തിപ്പെടുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മാത്രമാണന്നർഥം!
(തുടരും)

ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി

 

Exit mobile version