ഖുർആന്റെ സാഹിത്യ സൗന്ദര്യം

അത്ഭുതങ്ങളുടെ വലിയ കലവറയാണ് വിശുദ്ധ ഖുർആൻ. വിവിധ ഭാവങ്ങളിലൂടെ, മനുഷ്യേതരമായ ഒരുപാട് വിശേഷങ്ങൾ വേദഗ്രന്ഥം പങ്കുവെക്കുന്നു. തിരുനബി(സ്വ)യുടെ നിയോഗം മുതൽ അന്ത്യനാൾ വരെയുള്ള സർവരും അവിടത്തെ പ്രബോധിതരാണെന്നതിനാൽ നിഷ്പക്ഷ ബുദ്ധിയോടെ ഖുർആനിനെ സമീപിക്കുന്ന സർവർക്കും സത്യം തിരിച്ചറിയാവുന്ന വിധമാണ് അതിന്റെ ക്രമീകരണം. ദൈവികതയെ അടയാളപ്പെടുത്തുന്ന നിരവധി സവിശേഷതകൾ ഖുർആനിനുണ്ടെങ്കിലും നിസ്തുലമായ സാഹിത്യ മഹിമയാണ് അതിലേറ്റവും പ്രധാനം. ‘തത്തുല്യമായത് കൊണ്ടുവരിക’ എന്ന് ഖുർആൻ വെല്ലുവിളിച്ചതും സാഹിത്യ ഭംഗിയിൽ അതിനോട് കിടപിടിക്കുന്നത് എന്ന അർത്ഥത്തിലാണ്. അതിനാൽ ഖുർആൻ മുഅ്ജിസത്താണെന്നതിന്റെ പരമ പ്രധാനമായ തെളിവ് അതിന്റെ സാഹിതീയതയാണ്.

ഖുർആനിന്റെ സാഹിത്യം

എന്തുകൊണ്ടാണ് ഖുർആൻ അജയ്യമായ സാഹിത്യരൂപമാകുന്നത്? അറബ് സാഹിത്യത്തിന്റെ സുവർണ കാലഘട്ടത്തിൽ പോലും അതിനെ എതിരിടാൻ ആർക്കും കഴിയാതിരുന്നത് എന്തുകൊണ്ടാണ്?
സാഹിത്യം എന്ന പദത്തിൽ നിന്ന് തന്നെ തുടങ്ങാം. ഉദ്ദേശ്യാർത്ഥത്തെ സുന്ദരമായി ധ്വനിപ്പിക്കുന്നതും വ്യാകരണ പിശകുകളോ ഉച്ചാരണ പ്രയാസങ്ങളോ ഇല്ലാത്തതുമായ പദങ്ങളാൽ രൂപംകൊള്ളുന്ന വാചകം, സാഹചര്യത്തിനൊത്ത് അവതരിപ്പിക്കപ്പെടുക എന്നതാണ് സാഹിത്യത്തിന്റെ പണ്ഡിതഭാഷ്യം. ഈ അടിസ്ഥാനത്തിൽ ഖുർആനിലെ അക്ഷരങ്ങളും പദങ്ങളും അവ ഒത്തുചേരുന്നതിലെ കോർവയും അവകൾക്കിടയിലെ ഒഴുക്കുമുൾപ്പെടെ ഖുർആനിന്റെ ബാഹ്യഭംഗി തന്നെ ഒരുപാട് വിശദീകരിക്കാവുന്നതാണ്. അതോടൊപ്പം, ആഖ്യാനങ്ങളുടെ ഉൾപൊരുളുകളും സാന്ദർഭിക ഔചിത്യവും കാലിക പ്രസക്തിയും പരിഗണിക്കുമ്പോൾ ഖുർആൻ അമാനുഷികമാണെന്ന് സുവ്യക്തമാകുന്നു.
വേദഗ്രന്ഥത്തിലെ അക്ഷര പ്രയോഗങ്ങൾ മാത്രമെടുത്താൽ തന്നെ വലിയ അത്ഭുതങ്ങൾ കാണാനാകും. ഏറ്റവും അനുയോജ്യമായ രൂപത്തിൽ, സൂക്ഷ്മമായ പരിഗണനകളോടു കൂടി അവകൾ പ്രയോഗിക്കപ്പെട്ടുവെന്നത് പ്രധാനമാണ്. ചിലയിടങ്ങളിൽ ഒരക്ഷരം കൊണ്ട് മാത്രം വലിയ അർത്ഥ സാധ്യതകൾ തീർക്കുന്നതും സമാന സംഭവങ്ങളിലെ നേരിയ വ്യത്യാസത്തെ പോലും അടയാളപ്പെടുത്തുന്നതും നമ്മെ വിസ്മയിപ്പിക്കുന്നു. ഒരു ഗുരുവിന്റെ അടുത്തുനിന്ന് വിദ്യ അഭ്യസിച്ചിട്ടില്ലാത്തയാളെന്ന അർത്ഥത്തിൽ തിരുനബി(സ്വ)യെ ഉമ്മിയ്യ് അഥവാ നിരക്ഷരൻ എന്ന് വിശേഷിപ്പിക്കാറുണ്ട്. എന്നിട്ട് കൂടി, ചില അധ്യായങ്ങളുടെ ആരംഭത്തിൽ അറബി അക്ഷരങ്ങൾ അങ്ങനെ തന്നെ പ്രയോഗിക്കപ്പെട്ടത് ആശ്ചര്യകരമാണ്. കാരണം ഒരു നിരക്ഷരൻ ഭാഷ സംസാരിക്കാമെങ്കിലും അതിലെ അക്ഷരങ്ങളെ വേർതിരിച്ചു പറയാനാവണമെന്നില്ല. മാത്രമല്ല, ഇങ്ങനെ പ്രയോഗിക്കപ്പെട്ട അക്ഷരങ്ങളുടെ എണ്ണം കൊണ്ടും ഖുർആൻ വലിയ അത്ഭുതം കാണിച്ചിട്ടുണ്ട്. അറബി അക്ഷരങ്ങളുടെ എണ്ണവും ഗണിതവും കൂട്ടിച്ചേർത്ത ഈ വിസ്മയത്തെ പിന്നീട് വിശദീകരിക്കാം.
വിശുദ്ധ ഗ്രന്ഥത്തിലെ പദപ്രയോഗങ്ങളും വിസ്മയം കൊള്ളിക്കുന്നവയാണ്. സമാനമെന്ന് തോന്നുന്ന രണ്ട് വാചകങ്ങളിൽ ഒന്നിൽ മാത്രം ഒരു പദം അധികമായി ചേർക്കുകയും അതിലൂടെ ഒരായിരം ആശയങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നത് കാണാം. ഉദ്ദേശ്യാർത്ഥം കുറിക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ട പദത്തെ അതിന്റെ പര്യായങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അവകൾക്കിടയിലെ നേരിയ വ്യത്യാസം പോലും ഖുർആൻ പരിഗണിക്കുന്നത് കാണാം. ഉപയോഗിക്കുന്ന പദം ഏത് രൂപത്തിൽ കൊണ്ടുവരണമെന്ന് തീരുമാനിക്കുന്നിടത്തും വാചകത്തിലെ പദങ്ങളെ ക്രമീകരിക്കുന്നിടത്തും വലിയ വിസ്മയങ്ങളുണ്ട്.
വിശുദ്ധ ഖുർആനിലെ പദങ്ങൾ കൂടിച്ചേർന്നുണ്ടായ വാചകങ്ങൾ, അല്ലെങ്കിൽ ആയത്തുകൾ പരിശോധിക്കുമ്പോൾ സവിശേഷമായ പ്രത്യേകതകൾ അവിടെയുമുണ്ട്. അറബി സാഹിത്യമോ ഭാഷ പോലുമോ അഭ്യസിച്ചു പഠിച്ചിട്ടില്ലാത്ത നബി(സ്വ) അവതരിപ്പിച്ച വിശുദ്ധ ഖുർആനിൽ അറബ് സാഹിത്യത്തിന്റെ സർവ അലങ്കാരങ്ങളും നിറഞ്ഞുകിടക്കുന്നു. വിശുദ്ധ ഖുർആനെ മുൻനിർത്തി ഭാഷാസാഹിത്യം വിശദീകരിക്കുന്ന നിരവധി ഗ്രന്ഥങ്ങൾ വിരചിതമായി എന്നത് ശ്രദ്ധേയമാണ്.
ആയത്തുകൾക്കും സൂറത്തുകൾക്കുമിടയിലെ പാരസ്പര്യവും വളരെ പ്രധാനമാണ്. 23 വർഷങ്ങൾ കൊണ്ട്, നാം ഇന്ന് കാണുന്ന മുസ്വ്ഹഫിന്റെ രൂപത്തിൽ നിന്ന് വിഭിന്നമായി, ക്രമരഹിതമായാണല്ലോ വിശുദ്ധ ഗ്രന്ഥം അവതരിച്ചത്. ഖുർആനിൽ നിന്ന് ആദ്യമവതരിച്ചത് മുസ്വ്ഹഫിന്റെ അവസാന ഭാഗത്തും അവസാനമവതരിച്ചത് ആദ്യ ഭാഗത്തുമാണെന്ന് ഓർക്കണം. അതുതന്നെ, റസൂൽ(സ്വ)യുടെ ജീവിത സാഹചര്യങ്ങളും സ്വഹാബത്തിന്റെ സംശയങ്ങളും ശത്രുപക്ഷത്തിന്റെ നിലപാടുകളുമെല്ലാം പരിഗണിച്ചുകൊണ്ടായിരുന്നു. അന്ത്യനാൾ വരെയുള്ള മനുഷ്യസമൂഹത്തെയും ചുറ്റുപാടുമുള്ള ജീവജാലങ്ങളെയും ആകാശഭൂമികൾക്കപ്പുറത്തുള്ള വിശാല ലോകത്തെയും ഖുർആൻ പരാമർശിക്കുന്നു. എന്നാൽ ഇവകളെല്ലാം ഒത്തുചേരുമ്പോൾ മുമ്പേ എഴുതിത്തയ്യാറാക്കിയ ഒരു പൂർണ ഗ്രന്ഥം പോലെയാണ് നമുക്ക് അനുഭവപ്പെടുക. ഓരോ ആയത്തും തൊട്ടടുത്തുള്ളതിനോട് ബന്ധിക്കുമ്പോഴും അടുത്തടുത്ത സൂറത്തുകൾക്കിടയിലും വലിയ പാരസ്പര്യം കാണാം. ഇവിടെ ശ്രദ്ധേയമായ മറ്റൊരു കാര്യം, ഓരോ ആയത്ത് ഇറങ്ങുമ്പോഴും അത് ഏത് അധ്യായത്തിലെ, എത്രാമത്തേതാണെന്ന് തിരുനബി(സ്വ) പഠിപ്പിച്ചിരുന്നുവെന്നതാണ്. അങ്ങനെ വിശുദ്ധ ഖുർആനിന്റെ അവതരണം പൂർണമാകുമ്പോഴേക്കും വ്യത്യസ്ത സാഹചര്യങ്ങളിൽ അവതരിച്ച ആയത്തുകൾ ഒത്തുചേർന്ന് ഒരുപാട് അധ്യായങ്ങൾ രൂപം കൊണ്ടു, അവകൾക്കിടയിൽ വലിയ പാരസ്പര്യവും ദൃശ്യമായി. എന്നാൽ, സാഹചര്യങ്ങൾക്കൊത്തുകൊണ്ടാണ് ഖുർആൻ അവതരിക്കുന്നതെന്നതിനാൽ തിരുനബി(സ്വ) ആദ്യമേ ഖുർആൻ എഴുതിത്തയ്യാറാക്കിയതാണ് എന്ന് പറയാനാവില്ല. എങ്കിൽ ഇതൊക്കെയും ദൈവിക ബോധനങ്ങളാണെന്ന് അംഗീകരിക്കുകയേ വഴിയുള്ളൂ.
ഖുർആനിന്റെ ഘടനയും പ്രത്യേകം പരിഗണിക്കേണ്ടതാണ്. സൂറത്തുകളുടെ ആദ്യാവസാനങ്ങളും ഉള്ളടക്കവും അവയുടെ ക്രമീകരണവും പഠിതാവിനെ വിസ്മയം കൊള്ളിക്കുന്നു. അധ്യായങ്ങളുടെ സമമിതി ഘടന , ആശയങ്ങൾക്കൊത്ത് സൂക്തങ്ങൾ ക്രമീകരിച്ചതിലെ കൃത്യത തുടങ്ങിയവയെ സംബന്ധിച്ച പഠനങ്ങൾ ഇന്ന് ശക്തിയാർജിച്ചു കൊണ്ടിരിക്കുകയാണ്. നുഅ്മാൻ അലിയുടെ ‘ഡിവൈൻ സ്പീച്ച്’ ഈ വിഷയത്തിലെ മികച്ച അവലംബങ്ങളിലൊന്നാണ്. ഇമാം സുയൂത്വി(റ)യുടെ അസ്‌റാറു തർതീബിൽ ഖുർആൻ, മറാസ്വിദുൽ മത്വാലിഅ് തുടങ്ങി പ്രസ്തുത വിഷയകമായി രചിക്കപ്പെട്ട ഗ്രന്ഥങ്ങൾ വേറെയുമുണ്ട്. മുമ്പ് സൂചിപ്പിച്ചതു പോലെ രണ്ടര പതിറ്റാണ്ടുകൊണ്ട് വിശുദ്ധ ഖുർആൻ അവതരിച്ചു കഴിയുമ്പോൾ അമാനുഷികമായ ഒരു ഘടനാ വിസ്മയം തന്നെ ഖുർആൻ ഒരുക്കിയിരുന്നു.
വിശുദ്ധ ഖുർആനിന്റെ പാരായണഭംഗി പോലും വളരെ ആശ്ചര്യകരമാണ്. ഗദ്യമോ പദ്യമോ അല്ലെങ്കിലും ഗദ്യത്തിന്റെ ഗാംഭീര്യതയും പദ്യത്തിന്റെ ആകർഷണീയതയും അതിനുണ്ട്. സ്വന്തമായി പാരായണ നിയമങ്ങൾ വരെയുള്ള ഫുർഖാനുൽ അളീം ഇക്കാലത്തും അവിശ്വാസികളെ പോലും ആനന്ദിപ്പിക്കുന്നുവെന്നത് അത്ഭുതാവഹമാണ്. അക്ഷരങ്ങളെയോ പദങ്ങളെയോ വേർതിരിച്ചു മനസ്സിലാക്കാൻ കഴിയാത്തത്ര വിദൂരതയിൽ നിന്നായാലും നിയമങ്ങളെല്ലാം പാലിച്ചുകൊണ്ടുള്ള പാരായണം വളരെ ഹൃദ്യമാണ്. മനുഷ്യ ഹൃദയങ്ങളെ വലിയ അളവിൽ സ്വാധീനിക്കാൻ വിശുദ്ധ ഗ്രന്ഥത്തിനാവുന്നുവെന്നത് കൂടി ഇതോടൊപ്പം ചേർത്തുവായിക്കണം.
ഖുർആൻ പാരായണം കേട്ട മാത്രയിൽ ഇസ്‌ലാം പുൽകിയ തുഫൈലുബ്‌നു അംറ്(റ), സഅ്ദുബ്ൻ മുആദ്(റ) തുടങ്ങിയവരെയും വേദം വായിച്ചറിഞ്ഞ് ഇസ്‌ലാമിലെത്തിയ ഉമറുൽ ഫാറൂഖ്(റ) അടക്കമുള്ളവരെയും ശത്രുസവിധം ഖുർആൻ അജയ്യമാണെന്ന് സാക്ഷ്യംപറഞ്ഞ വലീദ് ബ്ൻ മുഗീറയെ പോലുള്ളവരെയും ചരിത്രം അടയാളപ്പെടുത്തുന്നു.
വ്യത്യസ്ത ബൗദ്ധിക തലങ്ങളിലുള്ള സർവരെയും പരിഗണിക്കുന്നുവെന്നതാണ് ഖുർആന്റെ മറ്റൊരു പ്രത്യേകത. അല്ലാമ ശഅ്‌റാവിയുടെ മുഅ്ജിസതുൽ ഖുർആൻ ഈ വിഷയം സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. സംബോധിതരുടെ നിലവാരം പരിഗണിക്കുക എന്നത് പ്രധാനമാണല്ലോ. ഖുർആനാട്ടെ ലോകാവസാനം വരെയുള്ള ഓരോ മനുഷ്യനുമുള്ളതാണ്. അതുകൊണ്ടു തന്നെ എല്ലാവർക്കും തങ്ങളുടെ നിലവാരത്തിനൊത്ത് ഖുർആൻ വായിച്ചെടുക്കാൻ കഴിയും. സാധാരണക്കാരനും പണ്ഡിതനും തങ്ങളുടെ അറിവും വിവേകവും വെച്ച് വിശുദ്ധ ഗ്രന്ഥത്തെ മനസ്സിലാക്കുന്നു. സാധാരണക്കാരനാണെങ്കിലും അടിസ്ഥാനപരമായ ചില യോഗ്യതകൾ ഉണ്ടായിരിക്കണമെന്ന് പറയേണ്ടതില്ലല്ലോ. ആറാം നൂറ്റാണ്ടിലെ അറേബ്യൻ സമൂഹത്തിലവതരിച്ച ഗ്രന്ഥം വായിച്ച്, അതിൽ നിന്ന് പാഠമുൾക്കൊണ്ട്, ഇസ്‌ലാം പുൽകിയ നിരവധി പണ്ഡിതരെയും ശാസ്ത്രജ്ഞരെയും നമുക്ക് കാണാൻ കഴിയുന്നു.
വൈവിധ്യമാർന്ന പ്രയോഗങ്ങളാണ് മറ്റൊരു സവിശേഷത. ഖുർആൻ സമ്പൂർണമായ ജീവിത പദ്ധതിയാണ്. അതിനാൽ, ജീവിതത്തിൽ പാലിക്കേണ്ട അനുഷ്ഠാന കർമങ്ങളും ജീവിത മര്യാദകളും വർജിക്കേണ്ട സ്വഭാവ ദൂഷ്യങ്ങളും തുടങ്ങി അനേകം കാര്യങ്ങളെ വിശുദ്ധ ഗ്രന്ഥം പരാമർശിക്കുന്നു. എന്നാൽ വ്യത്യസ്ത രൂപങ്ങളിലാണ് ഖുർആൻ ഇതൊക്കെ അവതരിപ്പിക്കുന്നത്. അതിനാൽ ഒരു നിയമാവലി വായിക്കും പോലെയുള്ള മുഷിപ്പ് ഖുർആനിൽ നിന്ന് അനുഭവപ്പെടുകയില്ല. അതേസമയം, വിശുദ്ധ ഗ്രന്ഥത്തിലെ ഓരോ വാചകവും വലിയ അധ്യാപനങ്ങളാണുതാനും.
സാഹിത്യത്തെയും വിജ്ഞാനത്തെയും കോർത്തിണക്കുന്ന ശൈലി ഖുർആനെ മറ്റുള്ളവയിൽ നിന്നും വ്യതിരിക്തമാക്കുന്നതായി ഇമാം സുർഖാനി(റ) നിരീക്ഷിക്കുന്നു (മനാഹിലുൽ ഇർഫാൻ 2/225). സാധാരണ ഗതിയിൽ സാഹിത്യ രചനകൾ ഭാവനകൾ കൊണ്ടും സങ്കൽപങ്ങൾ കൊണ്ടും നിറഞ്ഞതായിരിക്കും. വൈജ്ഞാനികമാണ് ഉള്ളടക്കമെങ്കിൽ കൂടുതൽ സാഹിത്യ പ്രയോഗങ്ങളോ അലങ്കാരങ്ങളോ ചേർക്കാതെ അവതരിപ്പിക്കുന്ന ശൈലിയായിരിക്കും കാണാനാവുക. മറിച്ച്, ഇവ രണ്ടിനെയും കൂട്ടിയിണക്കാൻ ശ്രമിച്ചാൽ അലങ്കോലമാവുകയായിരിക്കും ഫലം. പ്രപഞ്ച സത്യങ്ങളെ വിവരിക്കുന്ന നോവലോ സാഹിത്യം വിളമ്പുന്ന അക്കാദമിക് രചനകളോ സങ്കൽപിച്ചു നോക്കൂ. എന്നാൽ വിശുദ്ധ ഖുർആൻ ഇവയെല്ലാം ഒരുമിച്ചവതരിപ്പിക്കുന്നുണ്ട്. വസ്തുതകൾ പരാമർശിക്കുമ്പോഴും സാഹിത്യത്തനിമ കൈവിടാത്ത ഖുർആൻ, സാഹിത്യ പ്രയോഗങ്ങൾ നടത്തുമ്പോൾ തന്നെ അതിനിടയിൽ ഒരുപാട് പ്രപഞ്ചസത്യങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നു. അവയിൽ പലതും പിൽകാലത്ത് സാഹചര്യങ്ങൾക്കൊത്ത് വെളിച്ചം കാണുന്നു.

 

അംജദ് അലി ഓമശ്ശേരി

Exit mobile version