സമാനമായത് കൊണ്ടുവരാൻ പറ്റാത്ത വിധം എന്താണ് ഖുർആൻ സാഹിത്യത്തെ ഇതര ഗ്രന്ഥങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്നത് എന്നത് ശ്രദ്ധേയമായ ഒരു അന്വേഷണമാണ്. ഈ അന്വേഷണത്തിനൊടുവിൽ പ്രധാനമായും അഞ്ച് ഉത്തരങ്ങളിൽ നാം എത്തും.
1. അക്ഷരജ്ഞാനമില്ലാത്ത ഗ്രന്ഥകാരൻ
2. സാമൂഹ്യ സൃഷ്ടിയല്ലാത്ത ഗ്രന്ഥം
3. അനനുകരണീയ സാഹിത്യം
4. അതുല്യ വിപ്ലവം സാധിച്ച സാഹിത്യം
5. അതിഭൗതിക ഗുണങ്ങളുള്ള ഗ്രന്ഥം
നിരക്ഷരതയുടെ അക്ഷര വിസ്മയങ്ങൾ
ഖുർആൻ കൊണ്ടുവന്നത് ഭൗതിക സ്രോതസ്സുകളിൽ നിന്ന് അക്ഷരജ്ഞാനം ആർജിച്ചിട്ടില്ലാത്ത ഒരാളാണ് എന്നത് തന്നെയാണ് അതിന്റെ പ്രധാന സവിശേഷത. ഖുർആൻ തന്നെയും ഒരു തെളിവായി അക്കാര്യം ഉയർത്തിക്കാണിച്ചിട്ടുണ്ട്. ‘നബിയേ, അങ്ങ് മുമ്പ് വായിക്കുകയോ വലത് കൈ കൊണ്ട് എഴുതുകയോ ചെയ്യാറുണ്ടായിരുന്നില്ല. അങ്ങനെയായിരുന്നെങ്കിൽ പ്രശ്‌നക്കാർക്ക് സംശയിക്കാമായിരുന്നു’ (അൻകബൂത്: 48).
അക്ഷരജ്ഞാനമില്ലാത്ത ഒരാൾക്ക് ഒരു ഗ്രന്ഥം കൊണ്ടുവന്നു കൂടേ? അത് ഇത്ര അത്ഭുതമുള്ള കാര്യമാണോ എന്ന് ചിലരെങ്കിലും ചോദിച്ചേക്കാം. കാരണം മനസ്സിൽ തോന്നുന്ന കാര്യങ്ങൾ എല്ലാം പറയുകയും അത് മറ്റൊരാളെക്കൊണ്ട് എഴുതിക്കുകയും ചെയ്യാമല്ലോ. ഇന്ന് അറിയപ്പെടുന്ന പല ക്ലാസിക് ഗ്രന്ഥങ്ങളും അതിന്റെ കർത്താക്കൾ അവരുടെ സ്വന്തം കൈകൊണ്ട് എഴുതിയതാണോ? പലതും അവരുടെ സെക്രട്ടറിമാർ എഴുതുന്നതല്ലേ? എന്നൊക്കെ ചിലർ ചോദിക്കാനിടയുണ്ട്.
തോന്നുന്നതെല്ലാം പറയുന്ന ഒരു ഫിക്ഷനോ കവിതയോ ഉട്ടോപ്യൻ ആശയങ്ങളോ അല്ല ഖുർആനെന്ന് അത് ഒരാവർത്തി വായിക്കുന്ന ആർക്കും മനസ്സിലാകും. അറിവിന്റെ ഭൗതിക സ്രോതസ്സുകൾ മുന്നിലില്ലാതെ നിരക്ഷരൻ ഒരു ഗ്രന്ഥം കൊണ്ടുവരിക എന്നത് മഹാത്ഭുതം തന്നെയാണ്. എന്നാൽ ആശയങ്ങൾ മാത്രമല്ല അക്ഷരങ്ങൾ തന്നെ പറയുന്നു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ മറ്റൊരു സവിശേഷത! അക്ഷരജ്ഞാനമില്ലാത്ത ഒരു വ്യക്തി അക്ഷരം പറയുമോ? തന്റെ മാതൃഭാഷയിലെ പദങ്ങൾ പറയുന്ന ഒരു നിരക്ഷരന് അവയുടെ സ്‌പെല്ലിംഗ് പറയാനറിയുമോ? അക്ഷരമാല പറയുമോ?
എന്നാൽ ഖുർആനിലെ ചില സൂറതുകൾ തുടങ്ങുന്നത് തന്നെ ചില അക്ഷരങ്ങൾ മാത്രം പറഞ്ഞുകൊണ്ടാണ്. കേവലാക്ഷരങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ടുള്ള സൂക്തങ്ങൾ! അതിനായി മുമ്പ് അറിയപ്പെടാത്ത പുതിയ ഒരു വായനാ ശൈലിയും സ്വീകരിച്ചിട്ടുണ്ട്!
ഒരാൾ കുറച്ച് അക്ഷരങ്ങൾ പറയുകയും അവ ഭാഷയുടെ പുതിയൊരു ആവിഷ്‌കരണ രീതി ആസൂത്രണം ചെയ്യുകയും ചെയ്യുക എന്നതിൽ ഒരു വിസ്മയവുമില്ല എന്ന് യുക്തന്മാർ വാദിച്ചേക്കാം. എന്നാൽ കാര്യം അവിടെയും അവസാനിക്കുന്നില്ല. ഈ അക്ഷരങ്ങൾ അറബി അക്ഷരമാലയുടെ വളരെ കൃത്യമായ പ്രതിനിധാനങ്ങളാണ് എന്നത് അതിശയകരമാണ്.
ആകെ അക്ഷരങ്ങളുടെ എണ്ണമായ 28/29 (അഭിപ്രായ വ്യത്യാസമുണ്ട്)ന്റെ പകുതിയായ 14 അക്ഷരങ്ങൾ 14 ക്രമത്തിൽ (14+14=28) 29 സൂറതുകളിൽ (ഒരു അഭിപ്രായ പ്രകാരം മൊത്തം അക്ഷരങ്ങൾ 29 ആണല്ലോ) വിന്യസിച്ചിരിക്കുന്നു. അറബി അക്ഷരങ്ങളുടെ വിവിധ ഇനങ്ങളുടെ പകുതി അക്ഷരങ്ങളാണ് ഇവയിൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഹംസ്, ജഹ്ർ, ഇത്ബാഖ്, ഇൻഫിതാഹ്, ഇസ്തിഅ്‌ലാ, ഖൽഖല, ലീൻ എന്നിവയൊക്കെ ഉദാഹരണം. വ്യത്യസ്ത സ്വഭാവങ്ങളുള്ള ഈ അക്ഷര കുടുംബങ്ങളിൽ നിന്നെല്ലാം പകുതി! ഒറ്റ അക്കങ്ങളുള്ളതിൽ ചിലത് വലിയ പകുതിയും മറ്റ് ചിലത് ചെറിയ പകുതിയുമാണ്. അതിനും കാരണങ്ങളുണ്ട്.
ഇവക്ക് പുറമെയാണ് അവയിൽ ഒളിഞ്ഞ് കിടക്കുന്ന ഗണിത വിസ്മയങ്ങൾ! ഒരു അധ്യാപകനിൽ നിന്നും അക്ഷരജ്ഞാനം നേടിയിട്ടില്ലാത്ത മുഹമ്മദ് നബി(സ്വ) എങ്ങനെയാണ് അക്ഷരമാലയിൽ നാം ഇനിയും പഠിച്ച് തീർന്നിട്ടില്ലാത്ത അത്ഭുതങ്ങൾ അടക്കം ചെയ്തത്?
എന്നാൽ അക്ഷരങ്ങൾ കൊണ്ടുള്ള കേവല അഭ്യാസമാണോ ഖുർആനിലുള്ളത്? വൈവിധ്യങ്ങളായ വിവരങ്ങളുടെ പാരാവാരമാണത്.
കാലങ്ങളെ അതിജീവിച്ച, തലമുറകളെ സംസ്‌കരിച്ച, എതിരാളികളെ നിഷ്പ്രഭരാക്കിയ, അത്യുജ്വല ഗ്രന്ഥം നിരക്ഷരനായിരുന്ന ഒരാൾ കൊണ്ടുവരികയോ? യുഗാന്തരങ്ങൾക്ക് അറിവിന്റെ വിളക്കുമാടമായി ഖുർആൻ പ്രശോഭിച്ചു നിൽക്കുന്നത് അതിന്റെ ദൈവികമായ ഉറവിടത്തെ തന്നെയാണ് ഉദ്‌ഘോഷിക്കുന്നത്.
സാമൂഹ്യ സൃഷ്ടിയല്ല
അക്ഷരങ്ങൾ അജ്ഞാതമായിരുന്ന ഒരാൾക്ക് ഈ അറിവുകളുടെ സ്രോതസ്സ് എവിടെ നിന്നാണ് എന്നത് ഏറെ പ്രസക്തമായ ഒരു ചോദ്യമാണ്. ഒരു കവിയുടെ ഭാവനകളോ ഒരു തത്ത്വജ്ഞാനിയുടെ ചിന്തകളോ അല്ല ഖുർആൻ മുന്നോട്ടുവെക്കുന്നത്. ഒരു ജീവിത പദ്ധതിയാണത്. ഒപ്പം കൃത്യമായ ചില വിജ്ഞാനങ്ങൾ അത് കൈമാറുന്നുണ്ട്. തെറ്റാണെന്ന് ഒരാളും നാളിത് വരെ തെളിയിച്ചിട്ടില്ലാത്ത/ഇനി തെളിയിക്കാൻ കഴിയാത്ത വിവരങ്ങൾ. അതാണ് ഖുർആനിക സാഹിത്യത്തിന്റെ മറ്റൊരു വിസ്മയം. ഏതൊരു സാഹിത്യവും ഒരു സോഷ്യൽ പ്രൊഡക്ട് ആയിരിക്കും. തന്റെ സാമൂഹിക പരിസരത്തുനിന്ന് പറിച്ചെടുക്കാൻ പറ്റുന്ന ബിംബങ്ങളും പരികൽപനകളും ആശയങ്ങളും അറിവുകളും മാത്രമേ ഏതൊരു മനുഷ്യ രചനയിലും ഉണ്ടാവുകയുള്ളൂ. എന്നാൽ അന്നത്തെ സാമൂഹിക പരിസരത്ത് നിന്ന് മനസ്സിലാക്കാൻ പറ്റാത്ത ഒട്ടേറെ കാര്യങ്ങൾ വിശുദ്ധ ഖുർആനിൽ കാണാം. ചില ഉദാഹരണങ്ങൾ:
ഒന്ന്: ചരിത്രപരമായ അറിവുകൾ
രണ്ട്: ശാസ്ത്രീയമായ അറിവുകൾ
മൂന്ന്: പ്രവചനങ്ങൾ
ചരിത്രപരമായ അറിവുകൾ
അന്നത്തെ അറേബ്യയുടെ സാമൂഹിക സ്ഥിതിയനുസരിച്ച് അപ്രാപ്യമായിരുന്ന ധാരാളം ചരിത്രപരമായ അറിവുകൾ ഖുർആനിൽ കാണാം. ഈജിപ്തിനെ കുറിച്ചുള്ള വിവരണങ്ങൾ ശ്രദ്ധേയമാണ്. ആദ്, സമൂദ് സമൂഹങ്ങളെക്കുറിച്ചുള്ള അറിവ്, ദുൽഖർ നൈൻ(അ), ലുഖ്മാനുൽ ഹകീം(അ), ശുഐബ് (അ), ഖിള്ർ(അ) എന്നിവരെക്കുറിച്ചുള്ള വിവരണം എന്നിവ ഉദാഹരണം.
ഈജിപ്‌റ്റോളജി
ഇതര വേദങ്ങളിൽ പരാമർശിച്ച കാര്യങ്ങൾ ഖുർആനിൽ ഉണ്ടാവുക എന്നത് ഖുർആന്റെ ഒരു ന്യൂനതയല്ല; പൂർണതയാണ്. കാരണം ഖുർആൻ അല്ലാഹുവിന്റെ വചനമാണല്ലോ. പൂർവ വേദങ്ങളും അല്ലാഹുവിന്റെ വചനങ്ങൾ. അപ്പോൾ അവയിലുള്ള പലതും ഇതിലും ഉണ്ടാവുക സ്വാഭാവികം. എന്നാൽ അവയിലില്ലാത്ത പല കാര്യങ്ങളും ഖുർആനിലുണ്ട്. സ്രോതസ്സുകളിൽ നിന്നും ഒന്നും ലഭിക്കാൻ ഭൗതികമായ സാഹചര്യങ്ങളില്ലാത്ത ഈ കാര്യങ്ങൾ ഖുർആനിൽ എങ്ങനെ വന്നു? മറ്റു വേദങ്ങളിൽ കൈകടത്തലുകൾ വന്നത് മുഖേന ഉണ്ടായ അബദ്ധങ്ങൾ ഖുർആൻ തിരുത്തുന്നതും കാണാം. ഇക്കാലത്തെ ശാസ്ത്ര അന്വേഷണങ്ങൾ ഖുർആനിക ചരിത്ര വിവരണങ്ങൾ ശരിവെക്കുമ്പോൾ നാം എന്താണ് മനസ്സിലാക്കേണ്ടത്? അപ്പോൾ ഇത്തരം ചരിത്ര വിവരണങ്ങൾ ഖുർആന്റെ അമാനുഷികതക്ക് തെളിവായി മാറുന്നു. ഈജിപ്തിനെ കുറിച്ച് തന്നെ മറ്റു സ്രോതസ്സുകളിൽ നിന്ന് ലഭിക്കാത്ത ധാരാളം അറിവുകൾ ഖുർആനിൽ നമുക്ക് കാണാൻ സാധിക്കും.
ഒരു സൂക്തം; അഞ്ച് അറിവുകൾ
ഖുർആൻ പറയുന്നു: ‘ഫറോവ പറഞ്ഞു: ‘ജനങ്ങളേ, നിങ്ങൾക്ക് ഞാനല്ലാതെ മറ്റൊരു ദൈവത്തെയും എനിക്കറിയില്ല. ഹാമാൻ, മണ്ണ് ചുട്ടെടുത്ത് എനിക്കായി നീ ഗോപുരമുണ്ടാക്കൂ. മൂസയുടെ ദൈവത്തിലേക്ക് ഞാനൊന്ന് എത്തി നോക്കട്ടേ’ (അൽഖസ്വസ്: 38).
ഈ സൂക്തം പ്രധാനമായും അഞ്ച് അറിവുകൾ പങ്ക് വെക്കുന്നു.
1. മൂസാ നബിയുടെ കാലത്ത് ഈജിപ്ഷ്യൻ രാജാവ് ഫറോവ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് .
2. ഫറോവ ദൈവികത വാദിച്ചിരുന്നു.
3. ആ കാലത്ത് ഹാമാൻ എന്ന പേരിൽ ഒരു ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നു.
4. കളിമണ്ണു ചുട്ടെടുത്ത് ഗോപുരമുണ്ടാക്കുന്ന വിദ്യ ആ കാലത്ത് ഈജിപ്തുകാർക്ക് അറിയാമായിരുന്നു.
5. മുകളിലേക്ക് കയറിപ്പോകാൻ ഗോപുരങ്ങളുണ്ടാക്കുന്ന രീതി ഫറോവക്ക് ഉണ്ടായിരുന്നു.
ഈജിപ്‌തോളജിയിലെ ആധുനിക പഠനങ്ങൾ ശരിവെച്ച/വെക്കുന്ന ഈ കാര്യങ്ങൾ ഖുർആനിൽ എങ്ങനെ വന്നു?
ഈജിപ്ഷ്യൻ രാജാക്കൾ
ഫറോവമാരായത് എന്നു മുതൽ?
ഈജിപ്ഷ്യൻ രാജാക്കൻമാർ ഫറോവ എന്ന് വിളിക്കപ്പെടാൻ തുടങ്ങിയത് ഈജിപ്തിന്റെ പുതിയ രാജത്വത്തിൽ പതിനെട്ടാം രാജവംശത്തിന്റെ കാലത്താണെന്ന് ഈജിപ്‌തോളജിയെ കുറിച്ചുള്ള ആധുനിക പഠനങ്ങൾ വ്യക്തമാക്കുന്നു.
അബ്രഹാമിന്റെ കാലം മധ്യരാജത്വ കാലത്തായിരിക്കണമെന്നാണ് ബൈബിൾ പണ്ഡിതരുടെ തന്നെ നിഗമനം. എന്നാൽ പുതിയ ഗവേഷണങ്ങൾ പറയുന്നത് പുരാതന രാജത്വ കാലത്താണ് അബ്രഹാം ജീവിച്ചിരുന്നത് എന്നാണ്. രണ്ട് വീക്ഷണ പ്രകാരവും പുതിയ രാജത്വ കാലത്ത് ജീവിച്ചയാളല്ല അബ്രഹാം.
അബ്രഹാമിന്റെ കാലത്ത് ഈജിപ്ഷ്യൻ രാജാവിനെ ബൈബിൾ ഫറോവ എന്ന് ആറു തവണ വിളിക്കുന്നുണ്ട് (ഉൽപത്തി). അപ്പോൾ അബ്രഹാമിന്റെ കാലത്തെ രാജാവിനെ കുറിച്ച് ഫറോവ എന്ന് ബൈബിൾ പുസ്തകങ്ങളിൽ എങ്ങനെ കടന്നുകൂടി? ഈ ചരിത്ര യാഥാർത്ഥത്തെ കുറിച്ച് അവബോധമില്ലാത്ത ആളുകളാണ് ബൈബിൾ രചിച്ചത് എന്നത് കൊണ്ടുതന്നെ. യോസഫിന്റെ കാര്യത്തിലും ബൈബിളിൽ ഈ അബദ്ധം ആവർത്തിച്ചിട്ടുണ്ട്. യോസഫിന്റെ കാലത്തെ ഈജിപ്ഷ്യൻ രാജാവിനെ ഉൽപത്തി പുസ്തകം (39-50) 90 തവണ ഫറോവ എന്ന് വിളിച്ചിരിക്കുന്നു! മധ്യരാജത്വ കാലത്താണ് യോസഫിന്റെ കാലമെന്നതിൽ പ്രമുഖരായ ബൈബിൾ പണ്ഡിതർക്കിടയിൽ അഭിപ്രായാന്തരമേ ഇല്ല.
എന്നാൽ ഖുർആനിൽ ഇബ്‌റാഹീം നബിയുടേയോ യൂസുഫ് നബിയുടേയോ കാലഘട്ടത്തിൽ ഈജിപ്ഷ്യൻ രാജാവിനെ കുറിച്ച് ഫറോവ (ഫിർഔൻ) എന്ന് പറഞ്ഞിട്ടില്ല. മറിച്ച് പുതിയ രാജത്വ കാലത്ത് ജീവിച്ച മൂസാ നബിയുടെ ശത്രുവായ ഈജിപ്ഷ്യൻ രാജാവിനെ മാത്രമേ ഫിർഔൻ (ഫറോവ) എന്ന് വിളിച്ചിട്ടുള്ളൂ. അത് ചരിത്രപരമായി ശരിയാണുതാനും. യോസഫിന്റെ കാലത്തെ രാജാവിനെ കുറിച്ച് ഖുർആൻ പല സൂക്തങ്ങളിലും(യൂസുഫ് 43,50,54,72,79) പരാമർശിച്ചിട്ടുണ്ട്. അവിടെയെല്ലാം ഖുർആൻ ഫിർഔൻ (ഫറോവ) എന്ന് പ്രയോഗിക്കാതെ കേവലം മലിക് (രാജാവ്) എന്ന് മാത്രമാണ് പ്രയോഗിച്ചത്. ഇത് ഒരു ഉദാഹരണം മാത്രമാണ്. പുതിയ രാജത്വ കാലത്താണ് ഈജിപ്ഷ്യൻ രാജാക്കന്മാരെ ഫറോവ എന്ന് വിളിക്കാൻ തുടങ്ങിയതെന്ന അറിവ് മുഹമ്മദ് നബി(സ്വ)ക്ക് എവിടെ നിന്ന് കിട്ടി?
ഹീറോ ഗ്ലിഫ് ലിപികൾ വായിക്കാൻ സാധിച്ചതോടെ ഇങ്ങനെ കുറേ ചരിത്രങ്ങൾ അനാവൃതമായി.
ഹാമാൻ എന്ന ഒരാൾ തന്നെ പുരാതന ഈജിപ്തിൽ ജീവിച്ചിരുന്നില്ലെന്നും അഹശ്‌റോശ് രാജാവിന്റെ മന്ത്രിയായ ഹാമാനെ മുഹമ്മദ് നബി ഈജിപ്തിലേക്ക് തിരുകിക്കയറ്റിയതാണെന്നും അതിനാൽ ഹാമാൻ ഖുർആനിലെ ഒരു ചരിത്രാബദ്ധമാണെന്നും മിഷണറിമാർ കാലങ്ങളായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. മോറിസ് ബുക്കായി തന്റെ ഗവേഷണത്തിലൂടെ അക്കാലത്ത് ഈ പേരുള്ള ഒരാൾ ജീവിച്ചിരുന്നുവെന്നും നിർമാണ പ്രവർത്തനങ്ങളുടെ തലവനായിരുന്നു അദ്ദേഹമെന്നും തെളിയിച്ചിട്ടുണ്ട്. ഇതുപോലെ ഓരോ കാര്യവും വിശദീകരിക്കാനാവും. പ്രവചനങ്ങളും ശാസ്ത്ര സത്യങ്ങളും തഥൈവ. ചുരുക്കത്തിൽ ഖുർആൻ ഒരു സാമൂഹിക സൃഷ്ടി (Social Product) അല്ല എന്ന് വ്യക്തം.
യഹ്‌യയും യോഹന്നാനും
ഖുർആനിലെ ചരിത്ര വിസ്മയങ്ങളെ കുറിച്ച് പറയുമ്പോൾ ഖുർആനിൽ ചരിത്രാബദ്ധങ്ങൾ ഉണ്ടെന്ന് തെളിയിക്കാൻ ചിലർ ശ്രമിക്കുന്നത് കാണാം. പക്ഷേ അവയുടെ കുരുക്കഴിക്കുമ്പോൾ ഖുർആന്റെ അമാനുഷികത കൂടുതൽ ബോധ്യപ്പെടുന്നുവെന്നതാണ് രസകരം. ചോദ്യമിതാണ്;
ഖുർആനിൽ മൂസ മോസസും നൂഹ് നോഹും ഇബ്‌റാഹീം അബ്‌റഹാമും (അതായത് മൂസ എന്നതിന്റെ വകഭേദമാണ് മോസസ്, അങ്ങനെ ഓരോന്നും) എന്നുമാണെങ്കിൽ യഹ്‌യ കൊണ്ടുദ്ദേശ്യം ‘യോഹന്നാൻ’ എന്നാവണമല്ലോ. ഖുർആൻ യഹ്‌യ (യോഹന്നാൻ) നബിയെ കുറിച്ച് പറയുന്നു: ‘ഇതേ പേരുള്ള ആൾ കഴിഞ്ഞ കാലത്ത് ഉണ്ടായിട്ടില്ല.’
സകരിയ്യാവിന്റെയും എലിസബത്തിന്റെയും പുത്രനായ ബൈബിളിലെ യോഹന്നാൻ തന്നെയാണ് ഖുർആനിലെ യഹ്‌യയും. അപ്പോൾ യോഹന്നാൻ എന്ന് പേരുള്ളവർ മുമ്പ് കഴിഞ്ഞു പോയിട്ടില്ല എന്ന് വരില്ലേ? എന്നാൽ ഇത് ചരിത്രാ ബദ്ധമല്ലേ? യോഹന്നാൻമാർ ധാരാളം കഴിഞ്ഞു പോയിട്ടുണ്ടല്ലോ.
യഹ്‌യ യോഹന്നാൻ എന്നതിന്റെ വകഭേദമാണ് എന്നത് തെറ്റിദ്ധാരണയാണ്. കാരണം അറബിക് ബൈബിളിൽ തന്നെ ‘യോഹന്നാ’നെന്നു കാണാം.
ظهر نبي اسمه يوحنا
വകഭേദമാണെങ്കിൽ ഇവിടെ യഹ്‌യ എന്നായിരുന്നു കൊടുക്കേണ്ടിയിരുന്നത്.
മാത്രമല്ല യോഹന്നാൻ സുവിശേഷത്തിന് അറബിയിൽ
بشارة يوحنا എന്നാണ് പ്രയോഗം. ഇതിൽ നിന്നും യഹ്‌യയുടെ വകഭേദമല്ല യോഹന്നാൻ എന്ന് മനസ്സിലായി. അപ്പോൾ ക്രിസ്ത്യാനികൾ യോഹന്നാൻ എന്നും മുസ്‌ലിംകൾ യഹ്‌യാ എന്നും വിളിക്കുന്ന പ്രവാചകന്റെ യഥാർത്ഥ പേരെന്താണ്?
സ്‌നാപക യോഹന്നാ(യഹ്‌യ നബി)ന്റെ അനുയായികളായി അറിയപ്പെടുന്ന മാൻഡിയൻസിന്റെ രേഖകൾ ഈ അന്വേഷണത്തിൽ ഏറെ പ്രസക്തമാണ്. അവരുടെ പുണ്യഗ്രന്ഥമായ Drasha d yahia (The book of yahia )യിൽ തങ്ങളുടെ പ്രവാചകനെ യഹ്‌യാ യോഹന്നാൻ എന്നാണ് വിളിക്കുന്നത്! അപ്പോൾ ഇദ്ദേഹത്തിന് രണ്ട് പേരുമുണ്ട് എന്ന് വരുന്നു. യഥാർത്ഥ പേരേത് എന്നതാണ് ഇനി തീരുമാനമാകേണ്ടത്.
മാൻഡിയൻസ് സ്‌പെഷ്യലിസ്റ്റ് ആയ ES ഡ്രോവർ എഴുതിയ ‘മാൻഡിയൻസ്’ (Christians of john the bapist) എന്ന വിഭാഗത്തിന്റെ ഡിക്ഷ്ണറിയിൽ യഹ്‌യയെ കുറിച്ച് അത് ‘മാൽവാഷാ നാമ ‘ (യഥാർത്ഥ പേര്) ആണെന്ന് പറയുന്നു. യോഹന്നാൻ എന്നത് ലഖബ് (സ്ഥാനപ്പേര്) ആണത്രെ! ദൈവത്തിന്റെ വാത്സല്യം ലഭിച്ചയാളായതിനാൽ ആളുകൾ അദ്ദേഹത്തെ യോഹന്നാൻ എന്ന് വിളിച്ചു. ഇപ്പേരിലാണ് യഹ്‌യ നബി പ്രസിദ്ധനായത്. യഹ്‌യാ നബിയെ കേട്ടറിഞ്ഞവർ ഈ സ്ഥാനപ്പേര് കൊണ്ട് പരിചയപ്പെടുത്തി. മനുഷ്യരായ സുവിശേഷ എഴുത്തുകാരും തഥൈവ! എന്നാൽ പേര് നൽകിയവൻ (അല്ലാഹു) യഥാർത്ഥ പേര് കൊണ്ട് പരിചയപ്പെടുത്തി-യഹ്‌യാ!
അപ്പോൾ ഒരു പ്രശ്‌നം: എന്തുകൊണ്ട് ഖുർആനിൽ യോഹന്നാൻ എന്ന സ്ഥാനപേര് പ്രതിപാദിച്ചില്ല?
യോഹന്നാൻ (യൂ ഹനാൻ) എന്നാൽ ‘യഹോവ (അതിന്റെ ചുരുക്കമാണ് യൂ) ഹനാൻ ( വാത്സല്യം) ചെയ്തു’ എന്നാണ് അർത്ഥം. ഈ പേരിലേക്ക് ഖുർആനിൽ സൂചനയുണ്ട്. മർയം സൂറതിൽ തന്നെ യഹ്‌യാ നബിയെ പരിചയപ്പെടുത്തുമ്പോൾ
وحنانا من لدنا
എന്ന് കാണാം. നമ്മുടെ വത്സല്യം ലഭിച്ചവൻ എന്നാണ് അതിനർത്ഥം. എന്നാൽ യൂ എന്നത് യഹോവയെയാണ് സൂചിപ്പിക്കുന്നത്. ഇത് ദൈവത്തിന്റെ യഥാർത്ഥ നാമമല്ല. അത് കൊണ്ടായിരിക്കാം ആ വാക്ക് ഖുർആനിൽ കൊണ്ടുവരാതിരുന്നത്!
അപ്പോൾ ഖുർആനിക പ്രസ്താവം വീണ്ടും ഒരു വെല്ലുവിളിയായി നിലനിൽക്കുന്നു: യഹ്‌യാ നബിക്ക് മുമ്പ് യഹ്‌യാ എന്ന് പേരുള്ള ഒരാൾ ജീവിച്ചിരുന്നു എന്ന് കൃത്യമായ ചരിത്രരേഖകൾ കൊണ്ട് തെളിയിക്കാമോ എന്ന്.
അനനുകരണീയ സാഹിത്യം
ഖുർആൻ അനനുകരണീയ സാഹിത്യമാണ്. ഇത് മനസ്സിലാക്കാൻ എല്ലാവർക്കും സാധിച്ചു കൊള്ളണമെന്നില്ല. അറബി സാഹിത്യത്തിന്റെ ആഴം അറിയുന്നവർക്കേ അത് മനസ്സിലാവൂ. വലീദിനെപ്പോലെയുള്ള സാഹിത്യ സാമ്രാട്ടുകളായ സത്യനിഷേധികൾ തന്നെ ഖുർആനിക സാഹിത്യ സൗന്ദര്യത്തിന് മുമ്പിൽ പകച്ചുപോയിട്ടുണ്ട്. കൊച്ചു കുഞ്ഞുങ്ങളോട് രതിമൂർച്ചയുടെ ആനന്ദത്തെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ലാത്ത പോലെ/ വായിലെ രസമുകുളങ്ങൾ നശിച്ചവനോട് മധുവിന്റെ മധുരത്തെക്കുറിച്ച് പറഞ്ഞാൽ ഉൾക്കൊള്ളാനാവാത്ത പോലെ ഖുർആനിക സാഹിത്യ സൗന്ദര്യത്തിന്റെ അദ്വിതീയതയെ കുറിച്ച് ഭാഷയും സാഹിത്യവും അറിയാത്തവർക്ക് ബോധ്യപ്പെടുത്തി കൊടുക്കുക എന്നത് ഏറെ പ്രയാസകരമാണ്. തേനും കഷായവും എന്ത് വ്യത്യാസം എന്നവൻ ചോദിച്ചുകൊണ്ടിരിക്കും. രുചിഭേദങ്ങളറിയാത്തവന് എന്ത് മധുരം? എന്ത് കയ്പ്പ്?
അതിനാൽ സാഹിത്യവുമായി ബന്ധപ്പെട്ട ഖുർആനിക സൗന്ദര്യങ്ങളുടെ ചില ബാഹ്യമായ പ്രത്യേകകൾ മാത്രം പറയാം. ലിപി, പാരായണം, ആശയ പ്രകാശനം, ക്രമം, ശൈലി എന്നിവയിലെല്ലാം ഖുർആനിക സാഹിത്യം വ്യതിരക്തത പുലർത്തുന്നതായി കാണാം. കൃത്യമായ പദപ്രയോഗങ്ങൾ, അത്ഭുതകരമായ പാരസ്പര്യം, ശബ്ദസംവേദനം, ആശയ ബഹുലത, വൈരുധ്യങ്ങളുടെ അഭാവം, തെറ്റുകളിൽ നിന്ന് മുക്തം, സംഗീതാത്മകത, വിഷയ വൈവിധ്യം, പുത്തൻ ആവിഷ്‌കാരങ്ങൾ, ഉപമാലങ്കാരങ്ങളുടെ അനന്യത, ആവർത്തനങ്ങളുടെ സൗന്ദര്യം, മൗനഭാഷണം, മാസ്മരികമായ വശ്യത… ഖുർആനിക സാഹിത്യത്തിന്റെ ഇത്തരം സൗന്ദര്യങ്ങൾ വിശദീകരിച്ചു തീർക്കുക സാധ്യമല്ല.
വെല്ലുവിളിച്ച ഗ്രന്ഥം
ഖുർആൻ സാധിച്ച വിപ്ലവവും ഖുർആന്റെ അതിഭൗതിക പരിസരവും നമ്മുടെ ചർച്ചയിൽ കടന്നുവന്നിട്ടില്ല. അതെല്ലാം വിശദീകരിക്കുക ഒരു ലേഖനത്തിൽ സാധ്യവുമല്ല. ഒരു അനന്ത വിസ്മയമായി ഖുർആൻ എന്നും നിലനിൽക്കുന്നു എന്നു തന്നെയാണ് ഖുർആന്റെ തീരത്തുനിന്ന് അതിന്റെ വിശാലതയിലേക്ക് നോക്കുന്ന ആർക്കും ബോധ്യപ്പെടുന്നത്. വെറുതെയാണോ അത് കാലാതിവർത്തിയായി നിലനിൽക്കുന്നത്? അത് ഏറ്റവും കൂടുതലായി പാരായണം ചെയ്യപ്പെടുന്നത്? ഏറ്റവും കൂടുതലായി മന:പാഠമാക്കപ്പെടുന്നത്? വെറുതെയാണോ എല്ലാ ശാസ്ത്ര അന്വേഷണങ്ങൾക്കും കണ്ടുപിടുത്തങ്ങൾക്കും ശേഷവും അത് പുതുപുത്തനായി അതിജയിച്ചു നിൽക്കുന്നത്?
ഇനി ഈ വെല്ലുവിളി വായിക്കൂ: ‘നാം നമ്മുടെ അടിമയുടെ മേൽ ഇറക്കിയ ഗ്രന്ഥത്തിൽ നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ അതിനോട് തതുല്യമായ ഒരു അധ്യായമെങ്കിലും കൊണ്ടുവരൂ. അല്ലാഹുവിന് പുറമെയുള്ള നിങ്ങളുടെ സഹായികളെയും വിളിച്ചേക്ക്; നിങ്ങൾ സത്യവാന്മാരെങ്കിൽ! നിങ്ങൾക്ക് സാധിച്ചിട്ടില്ലെങ്കിൽ- ഇനി സാധിക്കുകയുമില്ല- ജനങ്ങളും കല്ലുകളും കത്തിക്കപ്പെടുന്ന നരകാഗ്‌നിയെ നിങ്ങൾ ഭയന്നുകൊള്ളൂ. അത് സത്യനിഷേധികൾക്കായി തയ്യാറാക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു’ (അൽബഖറ: 23,24).
ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി