ഖുർആൻ പരാമർശിക്കുന്നതിന്റെ മാഹാത്മ്യം

ആനന്ദം പകരുന്ന തണുത്ത കണ്ണുനീർ ഉബയ്യി(റ)ന്റെ കവിളിലൂടെ വാർന്നൊഴുകുന്നു. സന്തോഷവേളയിലെ കണ്ണുനീരിന് സുഖകരമായ തണുപ്പായിരിക്കുമല്ലോ. സ്വഹാബികളിലെ വലിയ ഖുർആൻ പണ്ഡിതരിൽപെട്ട ഉബയ്യ് ബിൻ കഅ്ബ്(റ)ന് എന്താണ് ഇത്ര വലിയ ഹർഷോന്മാദം നൽകിയത്. അല്ലാഹു അദ്ദേഹത്തിന്റെ പേരെടുത്തു പറഞ്ഞു എന്നത് തന്നെ. ആ സാഹചര്യം പറയാം. ഒരിക്കൽ നബി(സ്വ) ഉബയ്യ്(റ)വിനോട് പറഞ്ഞു: സൂറത്തുൽ ബയ്യിന താങ്കളുടെ മുന്നിൽ ഓതിക്കേൾപ്പിക്കാൻ അല്ലാഹു എന്നോട് കൽപ്പിച്ചിരിക്കുന്നു.
ഉടൻ ഉബയ്യ്(റ) ചോദിച്ചു: അല്ലാഹു അങ്ങയോട് എന്റെ പേരെടുത്തു പറഞ്ഞുവോ?
നബി(സ്വ)പറഞ്ഞു: അതേ. അതു കേട്ട് അദ്ദേഹം കരഞ്ഞുപോയി (സ്വഹീഹുൽ ബുഖാരി4959, മുസ്‌ലിം 799).
ഒരു വിശ്വാസിയെ അല്ലാഹു പേരെടുത്തു പറഞ്ഞാൽ തന്നെ അതെന്തു വലിയ അംഗീകാരമാണ്! എത്രമേൽ സന്തോഷ ദായകമാണ്! എങ്കിൽ അല്ലാഹു അവന്റെ വിശുദ്ധ വചനമായ ഖുർആനിൽ ഒരു മഹാത്മാവിനെ പേരെടുത്തു പറഞ്ഞാൽ ആ അംഗീകാരം എത്ര മേൽ ഉത്തുംഗമാണ്. അനേകം വചനങ്ങളിലൂടെ പരാമർശിക്കുകയാണെങ്കിലോ? വർണനാതീതമായ മഹത്ത്വപൂർണതയാണത്. നബി(സ്വ)ക്ക് ഈ ശ്രേഷ്ഠത ലഭ്യമായിരിക്കുന്നു.
ഖുർആൻ നൂറോളം സ്ഥലങ്ങളിലാണ് തിരുനബി(സ്വ)യെ പരാമർശിക്കുന്നത്. കേവല പരാമർശങ്ങളല്ല. അത്യുദാത്ത മാഹാത്മ്യങ്ങൾ പതിച്ചുനൽകുന്ന പരാമർശങ്ങൾ. അലി(റ) പറഞ്ഞു: നബി(സ്വ) പ്രസ്താവിച്ചു: തീർച്ചയായും അല്ലാഹു ഖുർആനിൽ എനിക്ക് ഏഴു നാമങ്ങൾ നൽകിയിട്ടുണ്ട്. മുഹമ്മദ്, അഹ്‌മദ്, ത്വാഹാ, യാസീൻ, അൽമുസ്സമ്മിൽ, അൽമുദ്ദസിർ, അബ്ദുല്ല (തഫ്‌സീർ ഖുർതുബി, തഹ്ദീബുൽ അസ്മാഅ്).
മുഹമ്മദ് എന്ന നാമം ഖുർആനിൽ നാലിടങ്ങളിൽ പരാമർശിക്കപ്പെടുന്നു (സൂറത്ത് ആലു ഇംറാൻ 144, സൂറത്തുൽ അഹ്‌സാബ് 40, സൂറത്ത് മുഹമ്മദ് 2, സൂറത്തുൽ ഫത്ഹ് 29). അഹ്‌മദ് എന്ന പേര് ഒരിടത്താണ് ഖുർആൻ പറയുന്നത് (സൂറത്തു സ്സ്വഫ്ഫ് 6).
മുഹമ്മദ് എന്നാൽ വാഴ്ത്തപ്പെടുന്നവൻ എന്നാണ് ആശയം. അല്ലാഹുവിനെ ഏറ്റവും നന്നായി, ഏറ്റവും കൂടുതൽ വാഴ്ത്തുന്നയാൾ നബി(സ്വ)യായത് പോലെ ലോകരിൽ ഏറ്റവും കൂടുതൽ വാഴ്ത്തപ്പെടുന്ന വ്യക്തിത്വവും റസൂൽ(സ്വ)യാണ്. ഹസ്സാൻ ബിൻ സാബിത്(റ) ആലപിച്ചു: അല്ലാഹു തന്റെ നാമധേയത്തിൽ നിന്ന് തന്നെ നബി(സ്വ)ക്ക് ഒരു നാമം തയ്യാറാക്കിയിരിക്കുന്നു. അതായത് അർശിന്റെ അധിപൻ മഹ്‌മൂദ്, ഇത് മുഹമ്മദ് (അൽബിദായതു വന്നിഹായ).
താങ്കളുടെ നാഥൻ സ്തുതിക്കപ്പെടുന്ന ഒരു സ്ഥാനത്ത് താങ്കളെ നിയോഗിക്കുന്നതാണ് (സൂറത്തുൽ ഇസ്‌റാഅ്79) എന്ന വചനം ഇവിടെ പ്രസക്തമാണ്. ആ പ്രത്യേക സന്ദർഭത്തിൽ മഹ്ശറയിലെ മുഴുവൻ ജനങ്ങളും നബി(സ്വ)യെ പുകഴ്ത്തുന്നതാണ് (സ്വഹീഹുൽ ബുഖാരി 1475). ഖുർആനിൽ നൂറിലധികം സ്ഥലങ്ങളിൽ ഉപയോഗിച്ച അല്ലാഹുവിന്റെ നാമമാണ് റഹീം എന്നത്. ഇതേ നാമം നബി(സ്വ)ക്ക് അല്ലാഹു ചാർത്തിക്കൊടുക്കുന്നു.
അല്ലാഹുവിന്റെ മറ്റൊരു നാമമാണ് റഊഫ്. ഖുർആൻ പതിനൊന്നിടങ്ങളിൽ ഈ വിശിഷ്ട നാമം പരാമർശിക്കുന്നുണ്ട്. അതിൽ ഒന്ന് നബി(സ്വ)യെ സൂചിപ്പിച്ചാണ്. ‘തീർച്ച, നിങ്ങളിലേക്ക് നിങ്ങളിൽ നിന്ന് തന്നെയുള്ള ഒരു മഹാദൂതൻ സമാഗതനായിരിക്കുന്നു. നിങ്ങൾ പ്രയാസപ്പെടുന്നത് നബിക്ക് അസഹ്യമാണ്. നിങ്ങളുടെ കാര്യത്തിൽ ഏറെ താൽപര്യമുള്ളവരാണ്. സത്യവിശ്വാസികൾക്ക് റഊഫാണ്, റഹീമുമാണ് (സൂറത്തുത്തൗബ128). അല്ലാഹുവിന്റെ എഴുപതോളം നാമങ്ങൾ കൊണ്ട് അല്ലാഹു നബി(സ്വ)ക്ക് നാമകരണം ചെയ്തിട്ടുണ്ട് (ഇമാം മുനാവി-ഫൈളുൽ ഖദീർ).
നബി(സ്വ)യെ അല്ലാഹുവോ വിശ്വാസികളോ ഇത്രയേറെ പുകഴ്ത്തുന്നതുകൊണ്ട് അതിരുകടന്ന് പ്രവാചകരെ ഇലാഹാക്കലോ മറ്റു ആദർശ ധൂർത്തോ നടക്കുന്നില്ല. മറിച്ച്, ആദരണീയത തിരിച്ചറിയുകയാണ്. അല്ലാഹുവിനെ ആരാധിക്കുക, നബി(സ്വ)യെ ആദരിക്കുക എന്ന കൽപ്പന ശിരസ്സാവഹിക്കലാകുന്നു. ആഇശ(റ) നിവേദനം. തിരുനബി(സ്വ) പറഞ്ഞു: നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുക, നിങ്ങളുടെ പ്രവാചകനെ ആദരിക്കുക (മുസ്‌നദു ഇമാം അഹ്‌മദ് 24515, അബൂയഅ്‌ലാ).

 

സുലൈമാൻ മദനി ചുണ്ടേൽ

Exit mobile version