യുദ്ധക്കെടുതിക്കിടയില്‍ ആതിഫ് അബു സെയ്ഫുമായി സംസാരിച്ച്
അമീലിയ സ്മിത്ത് മിഡ്ല്‍ ഈസ്റ്റ് മോണിറ്ററിലെഴുതിയ കുറിപ്പ്
ഗസ്സയിലെ യുദ്ധത്തിന്റെ പതിനേഴാം നാള് വ്യാഴാഴ്ച. നിലക്കാത്ത ആംബുലന്‍സ് ശബ്ദത്തിന്റെയും ബോംബിംഗിന്റെയും ഷെല്ലാക്രമണത്തിന്റെയും നിലവിളിയുടെയും പരിക്കുകളുടെയും പ്രിയപ്പെട്ടവരുടെ നഷ്ടത്തിന്റെയും പതിനേഴാം ദിവസം. ആതിഫ് അബു സെയ്ഫ് അന്നു രാവിലെ എഴുന്നേല്ക്കുമ്പോള് അയല്‍ വീടുകള്‍ മുഴുവന്‍ തകര്‍ന്ന് തരിപ്പണമായിരിക്കുന്നതാണ് കണ്ടത്.
അബു സെയ്ഫ് താമസിക്കുന്ന തെരുവ് ഇസ്രായീലി പട്ടാളക്കാര്‍ നേരത്തെ ബോംബിട്ട് തകര്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്. രാവിലെ എഴുന്നേല്ക്കുമ്പോള് വീടിന്റെ ജനല്‍ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഇസ്രായീലിന്റെ ഷെല്ലാക്രമണങ്ങളായിരുന്നു ചുറ്റും. ഇന്നലെ അയല്‍വീട്ടിലെ മുതിര്‍ന്ന ഒരാളും അവിടുത്തെ പിഞ്ചുകുട്ടിയും കൊല്ലപ്പെട്ടതായി സെയ്ഫ് പറയുന്നു. നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റു. ഗസ്സയിലെ അല്‍അസ്ഹര്‍ യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം പ്രൊഫസറായ സയ്ഫ് ഇപ്പോള്‍ താമസിക്കുന്നത് അമ്മാവന്റെ വീട്ടിലാണ്. മറ്റ് പതിനേഴ് കുടുംബാംഗങ്ങളും ഈ വീട്ടിലുണ്ട്. ഐക്യരാഷ്ട്ര സഭയുടെ റിലീഫ് ആന്റ് വര്‍ക്സ് ഏജന്‍സിയുടെ സ്കൂളുകളിലാണ് ഭൂരിപക്ഷം ഫലസ്തീനികളും ഇപ്പോള്‍ അന്തിയുറങ്ങുന്നത്. ഓരോ സ്കൂളും ഫലസ്തീനികളുടെ വീടായി കഴിഞ്ഞു. ഒരു സ്കൂളില്‍ ചുരുങ്ങിയത് 4000 പേര് താമസിക്കുന്നു. ഒരു ക്ലാസ് റൂമില്‍ 40 പേരും.
ഗസ്സയിലെ ഓരോ പൗരനും ചോദിക്കുന്ന ചോദ്യം ഇതാണ്: എപ്പോഴാണ് ഈ പീഡനങ്ങള്‍ക്ക് വിരാമം? അബു സെയ്ഫ് പറയുന്നു: “ഞാനിപ്പോള്‍ നില്ക്കുന്ന ജനലരികില്‍ നിന്ന് പുറത്തേക്ക് നോക്കിയാല്‍ ജബലിയ്യ ക്യാമ്പിലെ അഭയാര്‍ത്ഥി സ്കൂള്‍ കാണാം.
ആ സ്കൂളില്‍ യുദ്ധം അവസാനിക്കുന്നതും കാത്ത് ജനങ്ങള്‍ നരകയാതനയോടെ കാത്തിരിപ്പ് തുടരുകയാണ്.
ഇസ്രായേല്‍ ആക്രമണം തുടങ്ങുന്നതിന് കേവലം പതിനൊന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് അബു സെയ്ഫിന്റെ ഠഒഋ ആഛഛഗ ഛഎ ഏഅദഅ പുറത്തിറങ്ങിയത്. കോമ പ്രസ്സാണ് പ്രസാധകര്. ചരിത്രത്തില്‍ ലോകം ഏറ്റവും കൂടുതല്‍ സംസാരിച്ച സിറ്റിയായ ഗസ്സയെക്കുറിച്ച് എഴുതിയ മനോഹരമായ പുസ്തകമാണ് അത്. അതിജീവനത്തിന്റെയും അമര്‍ഷത്തിന്റെയും കലാപത്തിന്റെയും പ്രതീക്ഷയുടെയും കഥകള്‍ കൊണ്ടൊരു പുസ്തകം. പുസ്തകത്തെക്കുറിച്ച് സെയ്ഫ് പറയുന്നതിങ്ങനെ: ” എതിര് ദിശയിലേക്കുള്ള ഒരു സഞ്ചാരമാണിത്. ഓറഞ്ച് തോട്ടങ്ങളെക്കുറിച്ചും ഈത്തപ്പഴ മരങ്ങളെക്കുറിച്ചും ചെടികളെക്കുറിച്ചും ഗസ്സയുടെ സ്വന്തം സ്വപ്നങ്ങളെക്കുറിച്ചുമുള്ള ഒരു യാത്ര’.
നെടുവീര്‍പ്പോടെ അദ്ദേഹം തുടര്‍ന്നു: “ഗസ്സയിലെ കുട്ടിക്കാലം ഓറഞ്ച്് തോട്ടങ്ങളുടേതും പൂക്കളുടേതുമാണ്. ഗസ്സാ മുനമ്പിന്റെ വടക്ക് ഭാഗത്തായിരുന്നു സെയ്ഫിന്റെ അമ്മായി താമസിച്ചിരുന്നത്. അവിടുത്തെ ഞാവല്പഴത്തിന് വല്ലാത്ത മധുരമായിരുന്നു. ഗസ്സയുടെ പൂന്തോട്ടങ്ങളെക്കുറിച്ചുള്ള ഓര്‍മകള്‍ ഏറെ വേദനിപ്പിക്കുന്നതാണ്. യഥാര്‍ത്ഥത്തില്‍ എന്നും മനോഹരമായ ഒരു പൂന്തോട്ടമാണ് ഗസ്സ.
എന്നാല്‍ യുദ്ധക്കെടുതികള്‍ തീര്‍ത്ത ദുസ്സഹമായ ജീവിത സാഹചര്യം ഗസ്സയിലെ ജനങ്ങള്‍ക്ക് ദുരന്തങ്ങള്‍ മാത്രമാണ് സമ്മാനിച്ചത്. അഭയാര്‍ത്ഥികളെ സംരക്ഷിക്കാന്‍ വേണ്ടി ഈ നഗരത്തിലെ ഓറഞ്ച് മരങ്ങളെല്ലാം ഞങ്ങള്‍ മുറിച്ചുമാറ്റി. യുദ്ധത്തില്‍ തകര്‍ന്നടിയുന്ന കെട്ടിടങ്ങള്‍ക്കിടയില്‍ രണ്ട് മില്യണ്‍ ജനങ്ങളുടെ ജീവന് രക്ഷിക്കാനുള്ള ഓട്ടത്തിന്റെ സാഹസികത ആര്‍ക്കും മനസ്സിലാകില്ല. അഭയാര്‍ത്ഥികളെക്കൊണ്ട് തിങ്ങി നിറഞ്ഞ നഗരമായിരിക്കുകയാണ് ഇതിപ്പോള്‍. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തെ അധിനിവേശം കാരണം സിറ്റി ശ്മശാനമൂകമായി മാറി.
ഗസ്സയിലെ സാധാരണ ജീവിതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണിപ്പോള്‍. മുമ്പ് ഒരു ഷകല്‍ കൊടുത്താല്‍ ഒരു കിലോ തക്കാളി കിട്ടിയിരുന്നെങ്കില്‍ ഇപ്പോള്‍ എട്ട് ഷകല്‍ കൊടുത്താല്‍ ചീഞ്ഞ തക്കാളിയേ കിട്ടൂ. പച്ചക്കറിക്കടകളില്‍ നിന്നും പലച്ചരക്ക് കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ പോലും കഴിയാത്ത അവസ്ഥ. ഏതാനും മിനിട്ടുകള്‍ മാത്രം തുറക്കുന്ന ഇത്തരം അത്യാവശ്യ കടകള്‍ ചിലപ്പോള്‍ വൈകുന്നേരമാവുമ്പോഴേക്കും ഇസ്രാഈല്‍ ബോംബേറ്റ് തകര്‍ന്നിട്ടുണ്ടാവും.
യുദ്ധം ഇങ്ങനെ തുടരുകയാണെങ്കില്‍ ഗസ്സയില്‍ പച്ചക്കറികളും അവശ്യ സാധനങ്ങളും കിട്ടാതാകും. ഗസ്സയിലെ സ്കൂളുകളില്‍ അഭയം തേടിയവരില്‍ പലരും വിദൂരഗ്രാമങ്ങളില്‍ നിന്നുള്ളവരാണ്. അവര്‍ക്കൊക്കെ സ്വന്തമായി പച്ചക്കറിത്തോട്ടങ്ങളും പഴത്തോട്ടങ്ങളും ഉണ്ട്. പക്ഷേ, ആ തോട്ടങ്ങളെക്കുറിച്ച് ആരും ഇപ്പോള്‍ സംസാരിക്കുന്നില്ല. ആതിഫ് അബു സെയ്ഫ് ദീര്‍ഘ നിശ്വാസത്തോടെ പറയുന്നു.
പത്ര പ്രവര്‍ത്തനവും ഏറെക്കുറേ ഇപ്പോള്‍ മുടങ്ങിയിട്ടുണ്ട്. രാമല്ലയില്‍ അച്ചടിക്കുന്ന പത്രങ്ങള്‍ ഗസ്സ തെരുവുകളില്‍ വിതരണം ചെയ്യാന്‍ യുദ്ധക്കെടുതികള്‍ സമ്മതിക്കുന്നില്ല. ഫലസ്തീനിലെ മുതിര്‍ന്ന ആളുകള്‍ക്ക് പത്രപാരായണം ഒരു ശീലമാണ്. ഒരു ദിവസം നാല് മണിക്കൂര്‍ മാത്രമാണ് വൈദ്യുതിയുള്ളത്. അതുകൊണ്ട് ഇന്റര്‍നെറ്റ് ഉപയോഗം തീര്‍ത്തും പരിമിതമാണ്. ഇപ്പോള്‍ ഫലസ്തീനികളുടെ ഏക ആശ്രയം റേഡിയോ ആണ്. സ്വന്തം മണ്ണില്‍ ബോംബിടുന്നതും രക്തപ്പുഴ ഒഴുകുന്നതും റേഡിയോ വാര്‍ത്തയിലൂടെ കേള്‍ക്കേണ്ട ദുരവസ്ഥ. ഓരോ ചാനല്‍ മാറ്റുമ്പോഴും ബോംബ് പൊട്ടുന്നതിന്റെയും നിലവിളികളുടെയും നിലക്കാത്ത ശബ്ദങ്ങളാണ് ഞങ്ങള്‍ നിസ്സഹായതയോടെ ശ്രവിക്കുന്നത്. ചുറ്റും എന്താണ് നടക്കുന്നതെന്ന ഏകദേശ ധാരണ ഉണ്ടാക്കാന്‍ റേഡിയോ ഏറെ സഹായകരമാണ്. പുറം ലോകവുമായി ഞങ്ങള്‍ ബന്ധപ്പെടുന്നത് ഈ മാധ്യമം വഴിയാണ്.
അത്താഴത്തിന് ശേഷം സെയ്ഫ് വീണ്ടും സംസാരിച്ചു തുടങ്ങി: എന്താണ് ഈ ക്രൂരതയുടെ ഉദ്ദ്യേം? നിങ്ങള്‍ നോക്കൂ, ഇവിടെ മരിച്ചുവീഴുന്ന കുട്ടികളും മുതിര്‍ന്നവരും സ്ത്രീകളും എന്തു തെറ്റാണ് ചെയ്തിട്ടുള്ളത്? മനുഷ്യജീവന് അത്രയും വില കുറഞ്ഞതാണോ? അല്ലാഹു ഭൂമിയുണ്ടാക്കിയത് തന്നെ മനുഷ്യവാസത്തിനാണ്. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ മനസ്സിലാക്കുന്നത് നാഥന്റെ സൃഷ്ടികളില്‍ ഏറ്റവും മൂല്യം കുറഞ്ഞത് മനുഷ്യജീവനുകളാണെന്നാണ്.
ഓരോ ദിവസത്തെയും യുദ്ധാനുഭവങ്ങള്‍ സെയ്ഫ് കടലാസില്‍ പകര്‍ത്തി വെക്കുന്നുണ്ട്. വൈദ്യുതി പിരിമിതമായതിനാല് ലാപ്ടോപ് പണിമുടക്കും. എങ്കിലും എല്ലാ ദിവസവും സെയ്ഫ് ഗസ്സയെക്കുറിച്ച് എഴുതിവെക്കുന്നു. ഇവിടുത്തെ ജീവിതവും മരണവും അക്ഷരങ്ങളില്‍ ഒളിപ്പിക്കുന്നു. ” ഈ യുദ്ധം അവസാനിച്ചേ പറ്റൂ. ഞങ്ങള്‍ക്ക് അതിജീവിക്കണംസെയ്ഫ് പറഞ്ഞു.
എഴുത്തിലൂടെയാണ് ഗസ്സയുടെ കഥ പറയാനാവുക. വരുന്ന തലമുറക്ക് ഇവിടെ കുറച്ച് മനുഷ്യര്‍ ജീവിച്ചിരുന്നു എന്ന് പറഞ്ഞു കൊടുക്കാന്‍ എഴുത്തിനേക്കാള്‍ നല്ല മാര്‍ഗമില്ല. ഈ മനുഷ്യരില്‍ ഒരു പ്രാവശ്യം ബാത്ത്റൂമില്‍ പോകുവാന്‍ വേണ്ടി ഇരുപത് സ്ത്രീകള്‍ വരി നില്‍ക്കുന്നതിനിടെ ബോംബേറ്റ് ഒരു വൃദ്ധ മരിച്ചുവെന്നും വരും തലമുറ അറിയണം. ഈ കൊടും ക്രൂരത കണ്ടിട്ടും ഉമ്മമാരുടെ മുഖത്തുണ്ടാവുന്ന നിര്‍വികാരതയും അവരറിയണം. ജനലിലൂടെ പുറത്തേക്ക് നോക്കി സെയ്ഫ് നെടുവീര്‍പ്പിട്ടു.
കുട്ടിയായിരുന്നപ്പോള്‍ അബു സെയ്ഫ് അഞ്ച് മാസം ജയിലില്‍ കിടന്നിട്ടുണ്ട്. ആദ്യത്തെ “ഇന്‍തിഫാദ’യില്‍ പങ്കെടുത്തതിനായിരുന്നു അത്. അന്ന് ഇസ്രായീല്‍ പട്ടാളക്കാര്‍ക്കെതിരെ രണ്ട് പ്രാവശ്യം കല്ലെറിഞ്ഞതിനാണ് സെയ്ഫിനെ അറസ്റ്റ് ചെയ്തത്. എട്ടാം വയസ്സില്‍ ജയിലിലേക്ക് കൊണ്ടുപോകുമ്പോള്‍ ഇസ്രായീല്‍ ക്യാപ്റ്റനോട് സെയ്ഫിന്റെ ഉമ്മ പറഞ്ഞത് അദ്ദേഹം ഇപ്പോഴും ഓര്‍ക്കുന്നു: “അവന് നിങ്ങളുടെ രാഷ്ടീയം മനസ്സിലാവില്ല. അവന് കൊച്ചു കുട്ടിയാണ്’. ഗസ്സയിലെ കഴുതകള്‍ക്ക് പോലും രാഷ്ട്രീയം അറിയും എന്നാണ് അതിന് ക്യാപ്റ്റന്‍ പ്രതികരിച്ചത്.
ആരാണ് ഗസ്സയിലെ രാഷ്ട്രീയം കളിക്കുന്നതെന്ന് “ദി ബുക്ക് ഓഫ് ഗസ്സ’യില്‍ സെയ്ഫ് വിശദീകരിക്കുന്നുണ്ട്. അറബ് ലോകത്ത് പൗരന്മാര്ക്കനുസരിച്ച് ഏറ്റവും കൂടുതല്‍ രാഷ്ട്രീയക്കാര്‍ ഫലസ്തീനിലാണുള്ളത്. ഇവിടെ പത്ത് മില്യണ്‍ ജനങ്ങള്‍ക്ക് പതിനേഴ് രാഷ്ട്രീയ പാര്‍ട്ടികളും രണ്ട് സര്‍ക്കാറുകളും ഉണ്ട്. ഇരുപതാം നൂറ്റാണ്ട് മുതല്‍ ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രശ്നവും ഇവിടെ തന്നെയാണുള്ളത്. രാഷ്ട്രീയത്തിന്റെ അഭാവമല്ല ഇവിടെയുള്ളത്, മറിച്ച് സ്വാതന്ത്ര്യമാണ് ഞങ്ങള്‍ക്ക് വേണ്ടത്. ഫലസ്തീനിലെ യൂറോപ്യന്‍ രാഷ്ട്രീയത്തെക്കുറിച്ച് വ്യക്തമായ പ്രതിഷേധവും സെയ്ഫിനുണ്ട്.
ഗസ്സയിലെ 300 കിലോമീറ്ററിനുള്ളില്‍ 8 അഭയാര്‍ത്ഥി ക്യാമ്പുകളുണ്ട്. ഈ ക്യാമ്പുകളില്‍ ജീവിതവുമുണ്ട്. ചെറുമകനെ താലോലിക്കുന്ന വല്യുപ്പയുണ്ട്. പരസ്പരം സ്നേഹിക്കുന്ന മനുഷ്യഹൃദയങ്ങളും. അതൊന്നും ആഗോള വാര്‍ത്തകളില്‍ ഒരു പക്ഷേ കാണാന്‍ കഴിയില്ല. ഞങ്ങള്‍ക്ക് വേണ്ടത് സ്വാതന്ത്ര്യമാണ്. സാമൂഹ്യ സ്വാതന്ത്രവും രാഷ്ടീയ സ്വാതന്ത്ര്യവുംആതിഫ് അബു സെയ്ഫ് പറഞ്ഞുനിര്‍ത്തി. അദ്ദേഹം ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നു, ഗസ്സയെക്കുറിച്ചും അവിടുത്തെ ജീവിതത്തെക്കുറിച്ചും.
വിവ: യാസര്‍ അറഫാത്ത് നൂറാനി